പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ബാല്യം, യൗവ്വനം, മരണം പിന്നെ ഉയിർപ്പും > കൃതി

നാല്‌ - സത്യം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുരേഷ്‌ എം.ജി

ബാല്യം, യൗവ്വനം, മരണം പിന്നെ ഉയിർപ്പും

യൂദാ ഇസ്‌കറിയാത്ത്‌ വിഷണ്ണനായിരുന്നു. തോമസ്‌ അതു ശ്രദ്ധിച്ചു. കാരണമാരാഞ്ഞു.

റബ്ബി കാഹളമൂതിക്കഴിഞ്ഞു. എന്നാൽ സഭ ഒരു പോരിനു തയ്യാറായിക്കഴിഞ്ഞുവോ എന്നതിൽ എനിക്കിനിയും സംശയമുണ്ട്‌. നമ്മളാദ്യം പാളയത്തിനകത്തെ പട നിറുത്തണം. ഇന്നും സ്ഥാനമാനങ്ങളെചൊല്ലി വഴക്കുണ്ടായത്‌ നീയറിഞ്ഞില്ലേ?

ഇസ്‌കറിയാത്തിന്റെ ദുഃഖം സ്വരത്തിലലിഞ്ഞു. തോമസ്‌ അതറിഞ്ഞു. ഒന്നു നിറുത്തി ഇസ്‌കറിയാത്ത്‌ തുടർന്നു. അവർക്കു രണ്ടാമനാരെന്നറിയണം. പണപെട്ടിയുടെ താക്കോൽ എന്റെ കയ്യിലിരിക്കുന്നതിലും ചിലർക്കമർഷമുണ്ടത്രെ. സഭയുടെ നിയമാവലി നമ്മൾ പന്ത്രണ്ടു പേരെങ്കിലും അനുസരിക്കേണ്ടേ? വാചക കസർത്തുക്കളാൽ ജനക്കൂട്ടങ്ങളെ കൈയ്യിലെടുക്കുവാൻ മാത്രമല്ല നമ്മൾ പഠിക്കേണ്ടത്‌. സ്ഥാനം ലഭിക്കുവാനുള്ള ഒരു യുദ്ധത്തിനല്ല നമ്മൾ തയ്യാറെടുക്കുന്നത്‌. റബ്ബി പറഞ്ഞത്‌ ഓർമ്മയില്ലേ? സീസറിനുള്ളത്‌ സീസറിനു കൊടുക്കാം. നമ്മുടേതു മാത്രം നമുക്കു മതി. യുദ്ധം ജയിച്ചുകഴിഞ്ഞാൽ ആര്‌ ഏതു സ്ഥാനമേറ്റെടുക്കും എന്നതിനെ ചൊല്ലിയാണിപ്പോൾ തർക്കം. വാളെടുക്കരുതെന്ന്‌ പലവട്ടം വിലക്കിയിട്ടും പത്രോസ്‌ അതിനു തയ്യാറാകുന്നില്ല. അവന്റേയും മത്തായിയുടേയും സെബിദി പുത്രരുടേയും അനുയായികൾ സഭയെ തന്നെ വെട്ടി മുറിക്കുമോ എന്നാണ്‌ എനിക്കു സംശയം. അങ്ങിനെയെങ്കിൽ ആദ്യം അപകടത്തിലാകുക റബ്ബിയുടെ ജീവനായിരിക്കും. അതനുവദിക്കരുത്‌. റോമക്കാരുടെ സ്തുതി പാടകർ തക്കം പാർത്തിരിക്കുകയാണ്‌. യോഹന്നാന്റെ ശിരസു ഛേദിച്ചപ്പോൾ നസ്രായേരുടെ കഥയവസാനിച്ചു എന്നു കരുതിയതാണവർ. റബ്ബിയുടെ നേത്യത്വം അപ്രതീക്ഷിതമായിരുന്നു. റബ്ബിയുടെ ജ്ഞാനം ജറുസലേം പുത്രരെ ജ്വലിപ്പിക്കുന്നതു കണ്ട്‌ അവർ അമ്പരന്നിരിക്കുന്നു. യോഹന്നാനെപ്പോലെ അവനേയും ഇല്ലാതാക്കുവാൻ തക്കം പാർത്തിരിക്കുകയാണവർ. ആട്ടിൻ തോലിട്ട ചെന്നായ്‌ക്കളെക്കുറിച്ച്‌ ഒരു ദിവസം റബ്ബി പറഞ്ഞത്‌ നിനക്കോർമ്മയില്ലേ? സഭക്കകത്തു പ്രവേശിച്ചിരിക്കുന്ന ചാരന്മാരെക്കുറിച്ചാണദ്ദേഹം പറഞ്ഞത്‌. എവിടേയോ എന്തോ പാകപ്പിഴകളുണ്ടെന്ന്‌ അദ്ദേഹത്തിനും തോന്നിത്തുടങ്ങിയിരിക്കുന്നതായി എനിക്കു സംശയമുണ്ട്‌. അല്ലെങ്കിൽ കാലം പാകമാകും മുൻപ്‌ അന്തിമ യുദ്ധത്തിന്‌, ജറുസലേം ദേവാലായാക്രമണത്തിന്‌ അദ്ദേഹം കാഹളമൂതുകയില്ല.

“നിന്റെ തെറ്റിദ്ധാരണകളായിരിക്കണം. അദ്ദേഹം നല്ലവണ്ണം ആലോച്ചിചുറപ്പിച്ചതാണീ നീക്കം. സഭാംഗങ്ങളുടെ മനോധൈര്യവും, സഭയുടെ തയ്യാറെടുപ്പും അളക്കുവാനാണ്‌ അന്നദ്ദേഹം എഴുപത്തിരണ്ടു സുനഗോഗുകൾ പിടിച്ചെടുക്കുവാൻ കൽപിച്ചത്‌. അതിൽ നമ്മൾ വിജയിക്കുകയും ചെയ്തു. സഭാംഗങ്ങൾ തയ്യാറായിരിക്കുന്നു എന്നതിന്‌ ഇതിലും വലിയ തെളിവെന്തു വേണം?” തോമസിന്‌ തന്റെ റബ്ബിയുടെ കഴിവുകളിൽ പരിപൂർണ വിശ്വാസം.

എനിക്കറിയില്ല. എന്തോ, സമയം പക്വമല്ലെന്ന്‌ എന്റെ മനസ്സു പറയുന്നു. മാത്രമല്ല ചുറ്റിലും അപകടം പതിയിരിക്കുന്നുവെന്ന്‌ ഇപ്പോഴാദ്യമായി എന്റെ മനസ്സു മന്ത്രിക്കുവാൻ തുടങ്ങിയിരിക്കുന്നു. സഭക്കകത്തെ വഴക്ക്‌ കണ്ടില്ലെന്നു നടിക്കരുത്‌ നീ. നമ്മളെ റബ്ബിയിൽ നിന്നും ആകാവുന്നത്ര അകറ്റി നിറുത്തുന്നുണ്ടവർ. ഖജാൻജിയുടെ സ്ഥാനം ഞാൻ ചോദിച്ചു വാങ്ങിയതല്ല. റബ്ബി എന്നെ ഏൽപിച്ചതാണ്‌. റബ്ബി എന്തുകൊണ്ടാണ്‌ എന്നെ ആ സ്ഥാനമേൽപിച്ചത്‌ എന്നെനിക്കുമറിയില്ല. പക്ഷേ അപ്പോസ്തല സഭയിൽ ചിലർക്ക്‌ അതിൽ അമർഷമുണ്ടെന്ന്‌ എനിക്കറിയാം. അവരിൽ ചിലർക്ക്‌ ഇപ്പോഴും സ്ഥാനവും പണവുമാണ്‌ പ്രധാനം. ഇന്നത്തെ നിലയിൽ സഭക്കകത്ത്‌ വിടവുകളുണ്ടായാൽ, അതിലൂടെ നുഴഞ്ഞു കയറുവാൻ തക്കം പാർത്തിരിക്കുകയാണ്‌ അധികാരി വർഗ്ഗം. റബ്ബിയെ പിടികൂടുവാൻ അവർ മുമ്പും പല തവണ ശ്രമിച്ചതല്ലേ? സഭയുടെ അന്നത്തെ കെട്ടുറപ്പ്‌ ഇന്നില്ല തോമസ്‌. നിന്റെ ശുദ്ധഗതി കാരണമാണ്‌ നീ അപകടം വരുന്നത്‌ കാണാത്തത്‌.“

യൂദാ ഇസ്‌കറിയാത്ത്‌ കൂടുതൽ പരവശനാകുകയാണ്‌. തോമസിന്‌ അതു മനസ്സിലാകുന്നു. അവന്റെ മനസ്സ്‌ ശാന്തമല്ല. അനെന്തൊക്കെയോ പറയുവാനാഗ്രഹിക്കുന്നു. നീ ശാന്തനാകുക. പറയുവാനുള്ളത്‌ എന്തായാലും എന്നോട്‌ നിനക്കു തുറന്നു പറയാം. സഭക്കുവേണ്ടി, സഭക്കുവേണ്ടിമാത്രം ജീവിതം ഉഴിഞ്ഞു വച്ചവരാണു നമ്മൾ. നമ്മുടെ സഖാക്കളും അങ്ങിനെയെന്നു ഞാൻ കരുതുന്നു. എന്റെ ധാരണകൾ തെറ്റാണെന്ന്‌ ഇതുവരേക്കും എനിക്കു തോന്നിയിട്ടില്ല. സഭാംഗങ്ങളുടെ ഇടയിലേക്ക്‌ എന്നേക്കാൾ കൂടുതൽ നീ ഇറങ്ങിച്ചെന്നിട്ടുണ്ട്‌. നേത്യത്വ നിരയിലുള്ളവരുമായെല്ലാം നിനക്ക്‌ നല്ല അടുപ്പമുണ്ട്‌. കാര്യങ്ങൾ വകതിരിവോടെ കാണുവാനും, അതിനനുസരിച്ച്‌ പ്രവർത്തിക്കുവാനും നിനക്കാകുന്നു. അതുകൊണ്ടു തന്നെയാണ്‌ റബ്ബി പണപെട്ടിയുടെ താക്കോൽ നിന്നെ ഏൽപിക്കുവാൻ കൽപിച്ചത്‌. നീ ആ ചുമതല ഏറ്റെടുത്തതിനു ശേഷം വരവു ചിലവു കണക്കുകൾക്ക്‌ ഒരച്ചടക്കം വന്നു. വരവുള്ളതിലധികം ചിലവില്ലാതിരിക്കുവാൻ നീ ശ്രദ്ധിച്ചു. ചിലവിനനുസരിച്ച്‌ വരവുണ്ടായിരിക്കുവാനും നീ ശ്രദ്ധിച്ചു. അപ്പോഴും സഭാംഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ നീ മറന്നില്ല. തിബെര്യാസ്‌ കടൽ തീരത്ത്‌ ചുരുങ്ങിയ സമയത്തിനുള്ളിൽ റബ്ബിയുടെ പ്രസംഗം കേൾക്കുവാൻ വന്നവർക്കെല്ലാം നീ ഭക്ഷണം ഏർപ്പാടാക്കിയത്‌ പലരേയും അത്ഭുതപ്പെടുത്തി. ഇവർക്കൊക്കെ ഭക്ഷണം നമ്മൾ എവിടെ നിന്നു കൊടുക്കും എന്ന്‌ റബ്ബിപോലും ആശ്ചര്യപ്പെട്ടിരിക്കുകയായിരുന്നു. റബ്ബി അത്‌ ഫിലിപ്പോസിനോട്‌ ചോദിക്കുകയും ചെയ്തു. അന്നത്തെ ചിലവിനു മാത്രം ഇരുന്നൂറു ദിനാറയായിട്ടുണ്ടാകും. എവിടെ നിന്നാണ്‌ ഇത്രയും പണം വന്നു ചേർന്നതെന്ന്‌ എന്നാരും അറിഞ്ഞതുപോലുമില്ല. പിറ്റേന്ന്‌ വരവു ചിലവു കണക്കുകൾ അവതരിച്ചപ്പോൾ റബ്ബിപോലും അതിശയിച്ചു. അത്രയുംപേർക്ക്‌ അന്നം കൊടുത്തു കഴിഞ്ഞിട്ടും നീ അന്നത്തെ വരുമാനത്തിൽ കുറച്ചു മിച്ചം പിടിച്ചു. അതു പോലെ എത്ര തവണ. യോഹന്നാന്റെ കാലത്ത്‌, പലപ്പോഴും ഭക്ഷണം തികയാതെ സഭാംഗങ്ങൾക്ക്‌ വെട്ടുകിളികളെ തിന്നേണ്ടി വന്നിട്ടുണ്ട്‌. സഭയുടെ ധനസ്ഥിതിയോർത്തിട്ടാണ്‌ യോഹന്നാൻ തന്റെ ഭക്ഷണ രീതി തന്നെ മാറ്റിയത്‌. ഞാൻ പറഞ്ഞു വരുന്നത്‌, ഇന്നത്തെ നിലയിലേക്കു വളർത്തികൊണ്ടു വന്നതിൽ നിനക്കുള്ള സ്ഥാനം ആർക്കും അവഗണിക്കുവാനാകില്ലയെന്നാണ്‌. അങ്ങിനെയുള്ള ഈ മനസ്സിനെ എന്തെങ്കിലും നൊമ്പരപ്പെടുത്തുന്നുവെങ്കിൽ അതെന്താണെന്നറിയുവാൻ എനിക്കും ആഗ്രഹമുണ്ട്‌. നമുക്ക്‌ കൂടിയാലോചിച്ച്‌ അതിനുള്ള പരിഹാരങ്ങൾ ആരായാം.”

തോമസ്‌, ഈ സഭ എന്റെ മജ്ജയും മാംസവുമാണ്‌. സഭയില്ലെങ്കിൽ ഞാനില്ല. ഒരു സാധാരണ ജൂതന്റെ, ഇസ്രയേലിയുടെ, ദുഃഖം നമ്മളെല്ലാം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്‌. ഒരു പക്ഷേ എന്നെക്കാൾ കൂടുതൽ നിനക്കതറിയാം. നമ്മുടെ അടുത്ത തലമുറയെങ്കിലും അങ്ങിനെ ജീവിച്ചുകൂടാ. റബ്ബിയുടെ ചില തീരുമാനങ്ങളോട്‌ എനിക്കും പൂർണമായും യോജിക്കുവാൻ ബുദ്ധിമുട്ടുണ്ട്‌. നമ്മുടെ ഭരണം നമ്മുടെ കയ്യിലാകണം. ഭരിക്കുന്നവർ ഉടയോരാകരുത്‌. അതിനനുവദിക്കരുത്‌. ഭരണത്തിന്റെ എല്ലാ സ്ഥാനങ്ങളിലേക്കും കയറിച്ചെല്ലുവാൻ ഏതൊരു ജൂതനും, ഏതൊരു ഇസ്രായേലിക്കും കഴിയണം. അപ്പമില്ലാതെ, അത്താഴമില്ലാതെ ഒരു ഇസ്രായേലിയും ഉറങ്ങരുത്‌. ഉടുതുണിക്ക്‌ മറുതുണിയില്ലാതെ നമ്മുടെ പെണ്ണുങ്ങൾ കരയരുത്‌​‍്‌. റബ്ബി പറയുന്നത്‌ നമുക്ക്‌ നീണ്ട അങ്കികളും, സഭയിൽ ഉയർന്ന സ്ഥാനവും വേണ്ടെന്നാണ്‌. നമ്മൾ അവഹേളിക്കപ്പെടാതിരുന്നാൽ മാത്രം മതിയെന്നാണ്‌. നമുക്ക്‌ നമ്മുടെ വിയർപ്പിന്റെ വില ലഭിച്ചാൽ മാത്രം മതിയെന്നാണ്‌. ശരിയാണ്‌...... നമ്മൾ അവഹേളിക്കപ്പെടരുത്‌. സഭകളിലും വിരുന്നുകളിലും ആരുടേയും ഒപ്പമിരിക്കുവാനുള്ള അവകാശം നമുക്കു വേണം. അതുകൊണ്ടു മാത്രമായില്ല. അധികാരത്തിന്റെ ഉന്മത്തതയിൽ പേക്കൂത്താടുന്ന യഹൂദ പ്രമാണിമാരേയും, റോമാ സാമ്രാജ്യത്തിന്റെ ഉച്ചിഷ്‌ട്ടം മൃഷ്‌ട്ടാന്നമാക്കിയവരേയും അടിച്ചിറക്കണം. വിയർപ്പിന്റെ വിലയറിയുന്നവനായിരിക്കണം ഭരണാധികാരി. നമ്മെ ആരു ഭരിക്കണമെന്ന്‌ നാം തീരുമാനിക്കും. ഒരു പക്ഷേ റബ്ബിയുടേത്‌ അതിലേക്കുള്ള ആദ്യ ചുവടായിരിക്കാം. എന്നാൽ ആ അദ്ദ്യ ചുവടാണെല്ലാമെന്ന്‌, അവിടംകൊണ്ട്‌ അവസാനിപ്പിക്കണമെന്നു പറഞ്ഞാൽ എനിക്കതിനാവില്ല.“

”ഇത്‌ ആദ്യ ചുവടാണ്‌. ആയിരിക്കാമെന്നല്ല. ആണ്‌. നീ ശ്രദ്ധിച്ചില്ലേ ഇസ്‌കറിയാത്ത്‌, അവസാന യുദ്ധത്തിനാണ്‌ അദ്ദേഹം കാഹളമൂതിയിരിക്കുന്നത്‌. അതിൽ നിനക്കു സംശയം വേണ്ട. എഴുപത്തി രണ്ടു സുനഗോഗുകൾ ഇത്രയും ചുരുങ്ങിയ നാളുകൾക്കുള്ളിൽ സഭക്കു കീഴിൽ വന്നത്‌ അതിന്റെ തെളിവാണ്‌. അതിൽ നിന്നുള്ള ആത്മ വിശ്വാസമാണ്‌ അദ്ദേഹത്തെ ജറുസലേം ദേവാലയത്തിലേക്കു നയിക്കുന്നത്‌. ജറുസലേം ദേവാലയവും കൂടി പിടിച്ചെടുത്താൽ നീ പറഞ്ഞ ഈ അധികാരി വർഗ്ഗം അടിമുടി വിറക്കും. സഭയുടെ ജനപിന്തുണ ഇതുവരേക്കും അവർ കുറച്ചു കണ്ടു. ജറുസലേം ദേവാലയവും നമ്മുടെ കയ്യിൽ വന്നാൽ അതിനർത്ഥം യഹൂദരുടെ ഇടയിൽ സഭക്കുള്ള സ്ഥാനം അസന്നിഗ്‌ദമായി ഉറപ്പിച്ചുവെന്നാണ്‌. രണ്ടു വർഷങ്ങൾക്കു മുമ്പ്‌, ഞാൻ സഭയിൽ വന്നപ്പോൾ ഉണ്ടായിരുന്ന സഭയല്ല ഇന്നുള്ളത്‌. റബ്ബി തന്റെ രാവും പകലും ഉഴിഞ്ഞുവച്ച്‌ പടുത്തുയർത്തിയ സഭയാണിത്‌. റബ്ബിയുടെ കൂടെ നിന്ന്‌ നമ്മളെല്ലാവരും ആത്മാർത്ഥമായി തന്നെ പ്രവർത്തിച്ചു. നമുക്കിന്ന്‌ ഒരേ ഒരു ലക്ഷ്യം മാത്രമേയുള്ളു. ഇസ്രയേലിന്റെ വിമോചനം. അതു നമ്മൾ നേടിയെടുക്കും. ചൂഷിതരായ നമ്മുടെ സഹോദരങ്ങൾ അധികാരി വർഗ്ഗത്തിന്റെ ചൂഷണങ്ങളിൽ നിന്നും വിമോചിതരാകും. നമുക്ക്‌ നമ്മുടെ തൊഴിലുകൾ തിരിച്ചുകിട്ടും. തൊഴിലിനൊത്ത കൂലി കിട്ടും. ഇന്നു നമ്മൾ അധികാരി വർഗ്ഗത്തിന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കുവാനായി മാത്രം പണിയെടുക്കുന്നവരാണ്‌. നമ്മുടെ കൂലി എത്രയെന്നു തീരുമാനിക്കുന്നത്‌ അവരാണ്‌. അവരെറിഞ്ഞു തരുന്ന അപ്പക്കഷ്ണങ്ങളിൽ ആനന്ദം കണ്ടെത്തുന്നവരാണ്‌. അധികാരി വർഗ്ഗത്തിന്‌ മറ്റു വ്യാപാര വസ്തുക്കൾപോലെ തന്നെ ഒരു ഉരുപ്പടി മാത്രമായിരിക്കുന്നു നമ്മളെന്ന്‌ റബ്ബി പറഞ്ഞത്‌ എത്ര ശരിയാണ്‌. ഇസ്‌കറിയാത്ത്‌, നീ പറയുക... നിന്റെ മനമെന്തിനു ശങ്കിക്കണം? സഭയുടെ നെടും തൂണാണു നീ. സഭ അതിന്റെ അന്തിമ ലക്ഷ്യത്തിന്‌ വളരെ അടുത്തെത്തിയിരിക്കുന്നു. അന്നേരം നിന്നെപ്പോലെയുള്ളവരുടെ ആത്മവിശ്വാസം നഷ്‌ടപ്പെടരുത്‌. അത്‌ അപകടമാകും.“

”ശരിയാണ്‌ തോമസ്‌. നീ പറഞ്ഞത്‌ വളരെ ശരിയണ്‌. സഭയുടെ കാര്യോപദേശകരായ നമ്മൾ പന്ത്രണ്ടു പേരുടെ ആത്മവിശ്വാസവും പ്രവർത്തനവും അനുസരിച്ചിരിക്കും ഇനി വിജയം. റബ്ബിയുടെ നേത്യത്ത്വത്തിൽ എനിക്കുറച്ച വിശ്വാസമുണ്ട്‌. സഭക്ക്‌ യഹൂദ പ്രമാണിമാരേയും അധികാരികളേയും വെല്ലുവിളിക്കുവാനുള്ള കരുത്തേകിയത്‌ അദ്ദേഹമാണ്‌. അദ്ദേഹം മാത്രമാണ്‌. പതിറ്റാണ്ടുകളായി പലരും പരിശ്രമിച്ചു നടക്കാത്തതാണ്‌ റബ്ബി മൂന്നു വർഷത്തിനുള്ളിൽ പ്രാവർത്തികമാക്കിയിരിക്കുന്നത്‌. അദ്ദേഹത്തിന്റെ ജീവിതോദ്ദേശ്യം തന്നെ ചൂഷിതരായ നമ്മുടെ ജനതയുടെ മോചനമാണെന്നു തോന്നും. അത്രക്കുണ്ട്‌ ആ ഇച്ചാശക്തി. പക്ഷേ, ഇന്ന്‌, എന്റെ മനസ്സെന്തോ അപകട സൂചനകൾ നൽകുന്നു. അധികാരി വർഗ്ഗത്തേയും വരാനിരിക്കുന്ന സമരത്തേയും കുറിച്ച്‌ എനിക്കു ഭയമില്ല. റബ്ബിയുടെ നേത്യത്വം നമ്മെ വിജയത്തിലേക്കു നയിക്കുമെന്നത്‌ എനിക്കുറപ്പാണ്‌. എന്നാൽ ആട്ടിൻ തോലിട്ട ചെന്നായ്‌ക്കൾ സഭക്കകത്തു തന്നെയുണ്ടോ എന്നണ്‌ എനിക്കു സംശയം. അതാണെന്റെ ഭയം. സഭക്കകത്തെ രഹസ്യങ്ങൾ എതിരാളികളുടെ ചെവിയിലെത്തിപ്പെടുന്നുവെന്ന സത്യം റബ്ബിയും മനസ്സിലാക്കിയിരിക്കുന്നു. ഒരുപക്ഷേ പക്വമാകുന്നതിനു മുമ്പു തന്നെ കാഹളമൂതുവാനുള്ള കാരണവും അതായിരിക്കും. പലയിടത്തും അദ്ദേഹം സമവായത്തിന്റെ സ്വരത്തിൽ സംസാരിക്കുന്നു. നീണ്ട അങ്കിയും സുനഗോഗുകളിൽ ഉയർന്ന സ്ഥാനവും നമുക്കുവേണ്ടെന്നദ്ദേഹം പറയുവാൻ തുടങ്ങിയത്‌ ഈ സമവായത്തിന്റെ സ്വരമല്ലേ. അതു കേട്ട്‌ ഞാനൊന്നമ്പരന്നു. പിന്നീടാണ്‌ അതിനുള്ള കാരണങ്ങൾ ഞാനറിയുന്നത്‌. ശുദ്ധഹൃദയനായ നിനക്ക്‌ അതു കാണുവാനോ കേൾക്കുവാനോ ആകുന്നില്ലല്ലോ തോമസ്‌. നിന്നെ അവർ റബ്ബിയിൽ നിന്നും ആകാവുന്നത്ര അകറ്റി നിറുത്തുന്നത്‌ നീയറിയുന്നില്ലേ? ഒരു പക്ഷേ, ഞങ്ങൾ പതിനൊന്നു പേരേക്കാൾ അധികം റബ്ബിയുടെ അടുത്തിരിക്കുവാൻ യോഗ്യൻ നീയാണ്‌. റബ്ബിയുടെ കുംബവും, പ്രത്യേകിച്ച്‌ അദ്ദേഹത്തിന്റെ അമ്മയും നീയുമായുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്‌. റബ്ബിയുമായി നീ കൂടുതലടുക്കുന്നത്‌ തടയുവാൻ മറ്റുള്ളവർ ശ്രമിക്കുന്നതുപോലും നീ അറിയുന്നില്ല. നീ റബ്ബിയുമായി കൂടുതലടുത്താൽ അവർക്ക്‌ സഭയിലുള്ള സ്ഥാനം നഷ്‌ടപ്പെടുമോ എന്നാണവരുടെ ഭയം. നീയാണ്‌ രണ്ടാമനെന്ന്‌ റബ്ബിയെങ്ങാൻ പറയുമോ എന്നവർ ഭയക്കുന്നു. രണ്ടാം സ്ഥനത്തിനുള്ള അവരുടെ യുദ്ധം മുറുകിയിരിക്കുന്ന ഇന്ന്‌ ആ സ്ഥാനത്തിന്നവകാശവുമായി മറ്റൊരുത്തൻ കൂടി വരുന്നത്‌ അവർക്ക്‌ സഹിക്കില്ല.“

”ഇസ്‌കറിയാത്ത്‌... ഇതെല്ലാം നിന്റെ തെറ്റിദ്ധാരണകളാണ്‌. ആർ സ്ഥാനങ്ങൾക്കു വേണ്ടി അങ്കം വെട്ടുന്നുവെന്നാണ്‌ നീ പറയുന്നത്‌. റബ്ബിയുടെ മാതാപിതാക്കൾ എന്നെ അവരുടെ മകനായി കണക്കാക്കിയിരുന്നുവെന്നത്‌ സത്യം. അതവരുടെ നല്ല മനസ്സ്‌. എന്റെ ഭാഗ്യം. അക്കാലത്തൊന്നും റബ്ബി അവരുടെ കൂടെയില്ലായിരുന്നുവല്ലോ. അതുകൊണ്ടു തന്നെ റബ്ബിക്ക്‌ ഞാൻ നിങ്ങളിൽ നിന്നും വ്യത്യസ്ഥനല്ല. എന്നേക്കാൾ കൂടുതൽ അടുപ്പവും പരിചയവുമുണ്ട്‌ അദ്ദേഹത്തിന്‌ നിങ്ങളോടെല്ലാം. എന്നേക്കാൾ കഴിവും നിങ്ങൾക്കെല്ലാമുണ്ട്‌. എന്റെ സംശയങ്ങൾ ഒരു കാലത്തും തീരുന്നില്ലല്ലോ. ഒരു സ്ഥാനവും മോഹിച്ചല്ല ഞാൻ സഭയിൽ ചേർന്നത്‌. എന്നെപ്പോലെ അശരണരായവർക്ക്‌ എന്തെങ്കിലും ചെയ്യുവാനായെങ്കിൽ എന്നു മാത്രമേ കരുതിയിട്ടുള്ളു. കരുതുന്നുള്ളു. റബ്ബിയുടെ ശൈലിയും ജ്ഞാനവും എന്നെയാകർഷിച്ചിട്ടുണ്ട്‌ എന്നുള്ളതും സത്യം. റബ്ബിയുടെ മാതാവിന്റേയും കൂടെപ്പിറപ്പുകളുടേയും അഭ്യർത്ഥന എനിക്കുപേക്ഷിക്കാനായില്ലെന്നുള്ളതും സത്യം. എന്നാൽ സഭയിൽ ചേർന്നതിനു ശേഷം എനിക്കു വലിയത്‌ സഭയായിരുന്നു. സഭയുടെ ലക്ഷ്യമായിരുന്നു. ആയിരുന്നുവെന്നല്ല. ആണ്‌. സ്ഥാനമാനങ്ങൾക്കു വേണ്ടി ഞാനൊരിക്കലും പടവെട്ടിയില്ല. വെട്ടില്ല. അങ്ങിനെ സഭക്കകത്ത്‌ ആരെങ്കിലും ചെയ്യുമെന്ന്‌ എനിക്കു വിശ്വസിക്കാനുമാകില്ല.“

”നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ തോമസ്‌​‍്‌. ഞാൻ പറഞ്ഞുവല്ലോ, നിന്റെ ശുദ്ധഗതി ഒന്നുമാത്രമാണ്‌ നീ പലതും കാണാതെപോകുന്നതിനു കാരണം. ഗ്രാമങ്ങളിലും സുനഗോഗുകളിലും പഠിപ്പിച്ച്‌ സഭക്കു കരുത്തു നൽകിയിരുന്ന അവനിന്ന്‌ യഹൂദ പ്രമാണിമാരെ ഭയന്ന്‌ ഈ മരുഭൂമിയിലെ എഫ്രായീം പട്ടണത്തിൽ വസിക്കേണ്ടി വന്നിരിക്കുന്നത്‌ നീയ്യറിയുന്നില്ലേ. ഇസ്രായേലികൾ കൂട്ടമായി സഭയിൽ ചേരുന്നതു ഭയന്ന്‌ റോമക്കാർ കൂടുതൽ പട്ടാളക്കാരെ അയക്കുന്നത്‌ നീ കാണുന്നില്ലേ. റോമൻ പടയാളികൾ നമ്മുടെ വിശുദ്ധ സ്ഥലങ്ങളേയും ജനത്തേയും നശിപ്പിക്കുന്നത്‌ നീ അറിയുന്നില്ലേ. അതിനു കാരണക്കാരൻ റബ്ബിയാണെന്നും അവനെ നശിപ്പിക്കുക മാത്രമാണ്‌ രക്ഷാമാർഗ്ഗമെന്നും കയ്യഫാ വിളിച്ചു പറയുന്നത്‌ നീ കേൾക്കുന്നില്ലേ.

തോമസ്‌, നമ്മുടെ പട്ടികയിൽ, അതായത്‌ സഭയുടെ കാര്യ സമിതിയായ അപ്പോസ്തലന്മാരുടെ ഇടയിൽ ഇന്നയാൾ വലിയവനെന്നും ഇന്നയാൾ ചെറിയവനെന്നും ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ എല്ലാ സഭകളിലും അലിഘിതമായ ചില നിയമങ്ങളുണ്ട്‌. സഭാപതി കഴിഞ്ഞാൽ സഭയിൽ സ്ഥാനം കാര്യദർശിയായ ഖജാൻജിക്കാണ്‌. സഭയുടെ കണക്കുകൾ നോക്കി നടത്തുന്നത്‌ അവനാണ്‌. ആരൊക്കെ എപ്പോഴൊക്കെ എങ്ങിനെയൊക്കെ സഭയെ സഹായിക്കുന്നുവെന്നത്‌ അവൻ ക്യത്യമായി അറിയുന്നു. രണ്ടാമൻ. ആ സ്ഥാനം ഞാൻ ചോദിച്ചു വാങ്ങിയതല്ല. റബ്ബി എന്നെ ഏൽപിച്ചതാണ്‌. അന്നു തുടങ്ങിയതാണ്‌ ഈ രണ്ടാമനാര്‌ എന്ന തർക്കം. നീയ്യും ഞാനും തർക്കങ്ങൾക്കില്ല. എന്നിട്ടും നമ്മുടെ പേരുകൾ പലപ്പോഴും ചർച്ചകളിൽ ഇടം കണ്ടെത്തുന്നു. നല്ലതല്ലാത്ത ഇടങ്ങളിലാണ്‌ അത്‌ എന്നത്‌ നമുക്കിരുവർക്കും അറിയാം. നീ അതു കണ്ട്‌ കണ്ണടക്കുന്നു. കേട്ടില്ലെന്നു നടിക്കുന്നു. കൂടുതൽ കേൾക്കാതിരിക്കുവാൻ ചെവി പൊത്തുന്നു. എന്നാൽ എനിക്കു പലപ്പോഴും അതിനാകുന്നില്ല. അതെന്റെ കഴിവുകേട്‌. റബ്ബിയുടെ പത്തിലൊന്ന്‌ ക്ഷമാ ശക്തി എനിക്കുണ്ടായിരുന്നുവെങ്കിൽ എന്ന്‌ ഞാൻ പല തവണ ചിന്തിച്ചിട്ടുണ്ട്‌. ആകുന്നില്ല. സ്ഥാനമാനങ്ങൾ മോഹിക്കുന്നവരേയും സഭയുടെ അലിഘിത നിയമങ്ങൾ ലംഘിക്കുന്നവരേയും കാണുമ്പോൾ എനിക്കറപ്പുളവുണ്ടാകുന്നു. കൂടെ നിൽക്കുന്നവരെന്നു നടിക്കുന്നവരാണതു ചെയ്യുന്നതെന്നായിരിക്കണം എന്റെയീ അമർഷത്തിനു കാരണം. വെറുക്കരുത്‌ എന്നു റബ്ബിയുടെ വചനം പല തവണ എന്റെ മനസ്സിൽ ഞാൻ ആവർത്തിച്ചു. ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. എന്നാലും മാനുഷികമായ എന്തോ ഒരു കഴിവുകേട്‌ എന്നെ കീഴ്‌പ്പെടുത്തുന്നു. സ്ഥാനമാനങ്ങൾക്കായുള്ള വഴക്കിൽ ഞാനിടപെട്ടത്‌ അങ്ങിനെയൊരു നിമിഷത്തിലാണ്‌. അതിനെ അവർ ദുർവ്യാഖ്യാനം ചെയ്തു. രണ്ടാമനാകാനുള്ള എന്റെ ആർത്തിയായി ചിത്രീകരിച്ചു. പത്രോസിന്റെ ഉറയിലെ വാൾ സഭക്കും റബ്ബിയുടെ നയങ്ങൾക്കും എതിരാണെന്ന എന്റെ വാക്കുകൾക്കും മറ്റർത്ഥങ്ങളാണവർ നൽകിയത്‌. പണപെട്ടിയുടെ താക്കോൽ കൈമോശം വരുമോ എന്ന എന്റെ ഭയമാണത്രെ കാരണം. ഒരു തുണ്ട്‌ അപ്പത്തിനായി ഒത്തിരി കരഞ്ഞിട്ടുള്ളവനാണ്‌ ഞാൻ. വിയർപ്പിന്റെ വിലയാണ്‌ നമുക്കപ്പം. വിയർക്കാതെ തന്നെ അപ്പം ലഭിച്ചിരുന്നവർക്കാണ്‌ നഷ്‌ടഭീതിയുണ്ടാകുക. നമ്മുടെ അപ്പോസ്തലരിൽ പലരിലും ഞാൻ കാണുന്നത്‌ ആ ഭയമാണ്‌. സമ്പന്നതയുടേയും അധികാരത്തിന്റേയും ഉത്തുംഗങ്ങളിൽ നിന്നും സഭയിലെത്തിയവരാണവർ. സാധാരണ പ്രവർത്തകരെ മറികടന്നാണവർ അപ്പോസ്തലന്മാരായത്‌. കുഷ്‌ഠം പിടിച്ച്‌ ഈ സമൂഹത്തിൽ അവർക്ക്‌ ഉന്നതങ്ങളായ സ്ഥാനങ്ങളുണ്ടായിരുന്നു. അധികാരമുണ്ടായിരുന്നു. ഇന്നവർ തലചായ്‌ക്കുവാനിടം കണ്ടെത്താനാകാതെ ഈ മരുഭൂമിയിലലയുന്നു. ഇരുട്ടിന്റെ മറവു പറ്റി മാത്രം അവർക്കു സഞ്ചരിക്കുവാനാകുന്നു. നഷ്‌ടപെട്ട അധികാരങ്ങൾ ഒരു പക്ഷേ അവരെ വേട്ടയാടുന്നുണ്ടാകും. തിരിച്ചുപോകുവാൻ അവർക്കു ബുദ്ധിമുട്ടു കാണും. കാരണം തിരിച്ചു ചെന്നാൽ അവർ അധികാരികളുടെ വിചാരണയെ നേരിടേണ്ടിവരും. അതു തീർച്ച. അപ്പോൾ നഷ്‌ടപെട്ട അധികാരം തിരിച്ചുപിടിക്കുവാനുള്ള ഏക മാർഗ്ഗം സഭയുടെ വിജയം മാത്രമാണ്‌. സഭയുടെ വിജയമെന്നാൽ ഇസ്രയേലിന്റെ വിമോചനം. ഇസ്രയേലിയുടെ അധികാരത്തിൽ, ഇസ്രയേലി മാത്രം ഭരിക്കുന്ന ഇസ്രായേൽ. നമ്മൾ നസ്രായേരുടെ സ്വപ്നമാണിത്‌. തലമുറ പലതായി നമ്മൾ കണ്ട സ്വപ്നം. നമ്മുടെ സ്വർഗ്ഗരാജ്യം കിഴക്കിന്റെ അറിവും റബ്ബിയുടെ ഇഛാശക്തിയും നമ്മെ അതിനോടടുപ്പിക്കുന്നു. അതിനോട്‌ നമ്മളടുക്കും തോറും ആട്ടിൻ തോലിട്ട ചെന്നായ്‌ക്കൾക്ക്‌ പരിഭ്രമം വർദ്ധിക്കുന്നു. ഇതിനായി ഞാൻ പല വലിയ കാര്യങ്ങളും ചെയ്തില്ലയോ എന്ന തർക്കം നമ്മളിലെ അധികാര മോഹികളിൽ വർദ്ധിക്കുന്നു. അല്ലെങ്കിൽ ഉള്ളിലുറങ്ങിക്കിടക്കുന്ന പ്രഭു വ്യവസ്ഥിതിയുടെ കരിയാത്ത കനൽ. അതവരെ അലട്ടുന്നു. അധികാരവും സ്ഥാനമാനങ്ങളുമാണ്‌ അവർക്കെല്ലാം. സഭ പോലും അവർക്കവരുടെ അധികാരം ഊട്ടിയുറപ്പിക്കുവാനുള്ള ഒരു ഉപാധി മാത്രമാണ്‌​‍്‌.“

”സഭയിൽ, സഭയുടെ നേത്യത്വത്തിൽ, അതുവഴി റബ്ബിയിൽ നിനക്കുണ്ടായിരുന്ന അചഞ്ചലമായ വിശ്വാസത്തിന്‌ ഇളക്കം തട്ടുകയാണോ ഇസ്‌കറിയാത്ത്‌. തെറ്റുകൾ ഒരു പക്ഷേ നമ്മുടെ ഭാഗത്തു നിന്നും സംഭവിച്ചുകാണും. സ്വന്തം കണ്ണിലെ കരടു കാണുക എളുപ്പമല്ല. അധവാ സ്വന്തം കണ്ണിൽ കരടുണ്ടെന്നറിഞ്ഞാൽപോലും നമുക്കു താല്‌പര്യം കൂടെയുള്ളവന്റെ കണ്ണിലെ കരടിനെക്കുറിച്ചായിരിക്കും. അവന്റെ കണ്ണിലെ കരടെടുക്കുവാനായിരിക്കും നമുക്കു താല്‌ര്യം. നമുക്കു തിടുക്കം.“

”അല്ല. തോമസ്‌ അല്ല. ഒരിക്കലുമല്ല. എന്റെ വിശ്വാസം ദ്യഢമാണ്‌. ഇപ്പോഴും അചഞ്ചലമാണ്‌. റബ്ബി നമുക്കായി നൽകിയ കൽപനളൊന്നും ഞാൻ മറന്നിട്ടില്ല. അധികാരികളുമായി ഞാൻ കൂട്ടു കൂടിയിട്ടില്ല. എനിക്കു ലഭിച്ചതെല്ലാം സൗജന്യമായിട്ടാണ്‌. എനിക്കതറിയാം. ഞാനൊന്നും പാഴാക്കിയിട്ടില്ല. ഞാൻ നൽകിയതും സൗജന്യമായിട്ടാണ്‌. എന്റെ പക്കൽ എനിക്കായി പൊന്നോ വെള്ളിയോ ഞാൻ സൂക്ഷിച്ചിട്ടില്ല. സഭയുടെ പണ സൂക്ഷിപ്പുകാരനെന്ന നിലയിൽ സഭയുടെ നടത്തിപ്പിന്നായി ലഭിച്ച്‌, ചിലവു കഴിച്ച്‌ ശേഷിച്ചതല്ലാതെ മറ്റൊന്നും എന്റെ പക്കലില്ല. അതിനാകട്ടെ ക്യത്യമായ കണക്കുകളുണ്ട്‌. സഭയുടെ കാര്യദർശികളായ നമ്മൾ ഒന്നിച്ചിരിക്കുമ്പോഴും സഭയുടെ സൻഹേദ്രീൻ കൂടുമ്പോഴും ഞാൻ വരവു ചിലവു കണക്കുകൾ ക്യത്യമായി വെളിവാക്കിയിട്ടുണ്ട്‌. സഭാവിശ്വാസികളല്ലാത്ത ഒരുവന്റെ വീട്ടിലും ഞാൻ അന്തിയുറങ്ങിയിട്ടില്ല. സഭയുടെ രഹസ്യങ്ങൾ സഭവിട്ട്‌ പുറത്തു പോകരുതെന്ന റബ്ബിയുടെ തീരുമാനം കാത്തു സൂക്ഷിക്കുവാനാണത്‌ എന്നു നമുക്കെല്ലാം അറിയാം. എന്നേയും സഭയേയും സ്വീകരിക്കാത്തവരുടെയും, എന്റേയും സഭയുടേയും വാക്കുകൾ കേൾക്കാത്തവരേയും ഞാൻ വെറുക്കുന്നില്ല. എനിക്കു പറയുവാനുള്ളത്‌ ഞാൻ സധൈര്യം പറയുന്നു. ഞാനാരുടേയും കണ്ണിലെ കരടെടുക്കുകയല്ല. റബ്ബിയുടെ കൽപന അനുസരിക്കുക മാത്രമാണ്‌. ജാഗ്രത പാലിക്കുക എന്നതാണ്‌ അവന്റെ കൽപന. ദേശാധികാരികളുടേയും രാജാക്കന്മാരുടേയും മുന്നിൽ എങ്ങിനെ എന്തു പറയണമെന്ന വേവലാതി എനിക്കില്ല. ഇത്‌ ഒരു രാവു കൊണ്ട്‌ പടുത്തുയർത്തിയ സഭയല്ലെന്ന്‌ എനിക്കറിയാം. അടിമത്വം ഒരു ഭാരമാണെന്നുപോലും മറന്നുപോയ, വേലക്കു കൂലിയുണ്ടെന്നും അതൊരവകാശമാണെന്നും മറന്നുപോയ നമ്മുടെ ജനതയെ വെളിച്ചത്തിന്റെ തുണ്ടു കാണിച്ചത്‌ സഭയാണ്‌. ആ വെളിച്ചം അകലെ, അങ്ങകലെ, ഒട്ടു ദൂരെയാണെന്നും, അതെത്തിപ്പിടിക്കുവാൻ ഒരുമ്പെടുന്നതിലും നല്ലത്‌, അധികാരികൾക്ക്‌ റാൻ മൂളുകയും, അതിനാൽ കിട്ടുന്ന ഉച്ചിഷ്‌ട്ടത്തിൽ ആനന്ദിക്കുകയുമാണെന്ന്‌ നമ്മളിലൊരു കൂട്ടരും ധരിക്കുന്നു. അലക്സാൻഡ്രിയായിലെ എഴുത്തു ശാലയിൽ നിന്നും ഈ വെളിച്ചമെത്തിപ്പിടിക്കുവാനിറങ്ങിയവരെ നസ്രായേരെന്നധിക്ഷേപിച്ചു. അവരെ ആവുന്നതും ഒറ്റപ്പെടുത്തുവാൻ ശ്രമിച്ചു. അവർ പറയുന്നത്‌ നമ്മുടെ നാടിന്റെ സംസ്‌കാരമല്ലെന്നും കിഴക്കിന്റെ സംസ്‌കാരമാണെന്നും പറഞ്ഞു പരത്തി. ആയുധംകൊണ്ട്‌ കിഴക്കിനെ വെട്ടിപ്പിടിക്കുവാൻ ഇറങ്ങിത്തിരിച്ച പാശ്ചാത്യരിൽ പലരും കിഴക്കിന്റെ വെളിച്ചം കണ്ടമ്പരന്നു. ഒരു തുണ്ട്‌ അപ്പത്തിനായി പോർ വിളികൂട്ടുന്നത്‌ അവിവേകമെന്നവർ മനസ്സിലാക്കി. കാറ്റിലും മഴയിലും മരത്തിലും മാനിലും സ്വസഹോദരനുണ്ടെന്ന്‌ അവർ പാശ്ചാത്യരെ പഠിപ്പിച്ചു. അവിടെ കൂടപ്പിറപ്പ്‌ നുകക്കാളല്ല. അവിടെ അടിമകളില്ല. നൂറുമേനി വിളയുന്ന വയലിൽ വിയർപ്പു തുള്ളിയൊഴുക്കുന്നവന്‌ നൂറുവയറു നിറച്ചുണ്ണുവാൻ കിട്ടുന്നു. രാജ സന്നിധിയിൽ കയറി സധൈര്യം സ്വന്തം കാര്യം പറയുവാനാകുന്നു. രാജാവ്‌ പ്രജക്കു വേണ്ടിയും, പ്രജ രാജാവിനു വേണ്ടിയും ജീവിക്കുന്നു. അവിടെ നിന്നും വീണു കിട്ടിയ ഇത്തിരി അറിവിന്റെ ശകലങ്ങൾ അൽക്സാൻഡ്രിയായിലെ തെരുവുകൾക്ക്‌ ശോഭ കൂട്ടി. ഇസ്രായേലിയെന്നാൽ റോമക്കാരന്റെ അടിമകളെന്നത്‌ ഒരു ശാശ്വത സത്യമായി അംഗീകരിച്ചിരുന്ന ജൂതന്‌ അവർ ഈ മണ്ണിൽ ഇസ്രയേലിയുടെ അവകാശമെന്തെന്ന്‌ പറഞ്ഞുകൊടുത്തു. നിറഞ്ഞ തെരുവുകളിൽ വച്ചവർ അതുറക്കെ വിളിച്ചു പറഞ്ഞു. അങ്ങിനെ നിറഞ്ഞ തെരുവുകളിൽ ഉറക്കെ വിളിച്ചു പറഞ്ഞ നസ്രായേരെ അധികാരികളുടെ വാൾത്തുമ്പുകൾ തേടിയെത്തി. അവർ പറയുന്നത്‌ വിഡ്‌ഢിത്തമെന്ന്‌ അധികാരികളുടെ വാലാട്ടിപട്ടികൾ സുനഗോഗുകളിൽ വിളിച്ചു പറഞ്ഞു. സീസറാണ്‌ ദൈവമെന്നും, സീസറാണ്‌ ഉലകമെന്നു ഇസ്രായേലിയെ ധരിപ്പിച്ചു. അവരോട്‌ നേരിട്ടെതിരുടുവാനാകാതെയാണ്‌ യോഹന്നാൻ മരുഭൂമിയിലേക്കു പാലായനം ചെയ്തത്‌. അവിടേയും അധികാരികൾ അവനെ വേട്ടയാടി. റബ്ബിയും ആദ്യമാദ്യം നിറഞ്ഞ സദസ്സുകളിൽ പകൽ വെളിച്ചത്തിൽ തന്നെയാണിതെല്ലാം വിളിച്ചു പറഞ്ഞിരുന്നത്‌. എന്നാൽ ലക്ഷ്യം ദൂരെയാണെന്നും അതിലെത്തുവാൻ കഷ്‌ടതകളേറെയുണ്ടെന്നും അദ്ദേഹത്തിനും മനസ്സിലായി. അതിനായി തയ്യാറെടുക്കുവാൻ അദ്ദേഹത്തിന്‌ അധിക സമയം വേണ്ടിവന്നില്ല. അതിനായാണ്‌ അദ്ദേഹം ഈ മരുഭൂമിയിൽ തമ്പടിച്ചത്‌. സഭയുടെ ആവേശം വാനോളമുയർത്തിയത്‌ റബ്ബിയാണ്‌. ഇസ്രയേലിന്റെ വിമോചനമിന്ന്‌ റബ്ബിയുടെ കൈകളിലാണ്‌. അദ്ദേഹത്തിന്റെ ജീവന്‌ അതുകൊണ്ടു തന്നെ മറ്റെന്തിനേക്കാളും ഏറെ വിലയുണ്ട്‌. സഭയുടെ പുറം തോടിൽ ചെറിയൊരു വിള്ളൽ, അതു മതി അവർക്ക്‌ റബ്ബിയെ പിടികൂടുവാൻ. അതുകൊണ്ടു തന്നെ ആരു രണ്ടാമൻ എന്നതല്ല പ്രധാനം. എന്റെ സുഹ്യത്തുക്കൾ അതു മനസ്സിലാക്കുന്നുണ്ടോ എന്നതു മാത്രമാണെനിക്കു സംശയം. രണ്ടാം സ്ഥാനത്തിനു വേണ്ടി, ലക്ഷ്യ പ്രാപ്തിക്കു ശേഷം അവർ പടവെട്ടട്ടെ. തോമസ്‌ നീ പറഞ്ഞതു ശരിയാണ്‌. കാഹളം കേട്ടുകഴിഞ്ഞാൽ പിന്നെ ഭടന്റെ മനം പതറരുത്‌. അതപകടമാണ്‌. ഭടന്റെ മനസ്ഥൈര്യമാണ്‌ യുദ്ധത്തിന്റെ പാതി വിജയം. റബ്ബി നാളെ ബഥേനിയായിലേക്കു പോകുന്നു. ജറുസലേം ദേവാലയം നമ്മുടെ ആസ്ഥാനമാകുവാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. പതിനായിരക്കണക്കിനു ഇസ്രായേലി അടിമകളുടെ വിലാപത്തിന്‌ അറുതി വരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. തുറന്ന യുദ്ധം ആരംഭിക്കുവാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ലോകം കീഴടക്കിയെന്നവകാശപ്പെടുന്ന റോമാ സാമ്രാജ്യത്തിന്റെ അടിമപ്പണിയിൽ നിന്നും ഇസ്രയേലി ജനതക്കു മോചനം. ദൈവമേ.... ഞാനെത്ര ഭാഗ്യവാനാണ്‌. ഈ അടിമകൾക്ക്‌ മോചനം നൽകുന്നതിൽ ഒരെളിയ പങ്കുവഹിക്കുവാൻ എനിക്കുമായല്ലോ.......“

Previous Next

സുരേഷ്‌ എം.ജി

B2/504, Jamnotri,

Safal Complex,

Sector 19A,

NERUL, NAVI MUMBAI-400706

Maharashtra.


Phone: 9320615277
E-Mail: suresh_m_g@rediffmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.