പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ബാല്യം, യൗവ്വനം, മരണം പിന്നെ ഉയിർപ്പും > കൃതി

പതിനൊന്ന്‌ - ഉയിർപ്പ്‌ (ഭാഗം-1)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുരേഷ്‌. എം.ജി

ബാല്യം, യൗവ്വനം, മരണം പിന്നെ ഉയിർപ്പും

അരീമഥ്യക്കാരൻ യോസേഫ്‌ ധൈര്യപൂർവം പിലാത്തോസിനെ സമീപിച്ച്‌ അവന്റെ ശരീരം ആവശ്യപ്പെട്ടു. അവൻ മരിച്ചു കഴിഞ്ഞോ എന്ന്‌ പിലാത്തോസ്‌ വിസ്മയിച്ചു. അയാൾ ശതാധിപനെ വിളിച്ച്‌ അവൻ മരിച്ചു കഴിഞ്ഞോ എന്നു ചോദിച്ചു. അവൻ മരിച്ചു കഴിഞ്ഞു എന്ന്‌ ശതാധിപനിൽ നിന്നും മനസ്സിലാക്കിയ പിലാത്തോസ്‌ ശരീരം യോസേഫിനു വിട്ടുകൊടുത്തു. അയാൾ ഒരു ലിനൻ കച്ച വാങ്ങി, അവന്റെ ശരീരം താഴെയിറക്കി ആ കച്ചയിൽ പൊതിഞ്ഞു.

നിക്കോദേമസ്‌ നിനക്കു സ്തുതി. റബ്ബിയുടെ നാഡികൾ മന്ദഗതിയിലെങ്കിലും, ഇപ്പോഴും മിടിക്കുന്നത്‌ ഞാനറിയുന്നു. നിക്കോദേമസ്‌ നിന്റെ പദ്ധതികൾക്കു സ്തുതി. റബ്ബിയുടെ ശരീരത്തിൽ മരണ കാരണമായേക്കാവുന്ന മുറിവുകളൊന്നുമില്ല. അരീമഥ്യക്കാരൻ ജോസഫിന്റെ കണ്ണു നിറഞ്ഞു. ഒരു ജനതയെ ആവേശം കൊള്ളിച്ചിരുന്ന, ഒരു ജനതയുടെ ആശയായിരുന്ന റബ്ബീ, നിനക്കു വേണ്ടി എനിക്കിത്രയെങ്കിലും ചെയ്യുവാനായല്ലോ.

അവൻ അവന്റെ വേലക്കാരനെ നിക്കോദേമസിന്റെ അടുക്കലേക്കയച്ചു. ശരീരം കുരിശിൽ നിന്നിറക്കി. കല്ലറയിലേക്കെടുക്കുകയാണെന്നറിയിച്ചു. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. നിക്കോദേമസ്‌ തയ്യാറായിരുന്നു. മീറയും അകിലും ചേർത്ത മിശ്രിതം അവൻ കല്ലറയിലെത്തിച്ചിരുന്നു. റബ്ബിയുടെ ശരീരം കല്ലറക്കുള്ളിലാക്കിയ ശേഷം ജോലിക്കാരോട്‌ കല്ലറ വാതിലടച്ച്‌ പിരിഞ്ഞു പോയ്‌ക്കൊള്ളുവാൻ അവരുത്തരവിട്ടു.

കുരിശിൽ നിന്നും റബ്ബിയുടെ ശരീരമിറക്കുന്നുവെന്നറിഞ്ഞ്‌ മഗ്ദലനക്കാരി മറിയമും കൂട്ടരുമെത്തി. അവൾ എന്നും അവന്റെ സഹചാരിണിയായിരുന്നു. അവൾക്ക്‌ അവനോടുള്ള ആരാധനയും സഭയിലറിവുള്ളതാണ്‌. എന്നാൽ ഈ അവസരത്തിൽ സ്ര്തീകളുടെ സാമീപ്യം അപകടമായേക്കുമെന്ന്‌ അരീമഥ്യക്കാരൻ ജോസഫ്‌ ഊഹിച്ചു. അതുകൊണ്ടു തന്നെ, നേരം അസ്തമിച്ചതിനാൽ, ജൂത വിധി പ്രകാരമുള്ള സംസ്‌കാരച്ചടങ്ങുകൾ സാബത്തു കഴിഞ്ഞേയുള്ളുവെന്ന്‌ അവൻ എല്ലാവരേയും അറിയിച്ചു. അവർ പിരിഞ്ഞപ്പോൾ അരീമഥ്യക്കാരൻ ജോസഫിന്റെ നിർദ്ദേശപ്രകാരം നസ്രായേരെത്തി. അവർ കല്ലറ വാതിൽ തുറന്നു. മൂന്നുപേർക്കെങ്കിലും സൗകര്യമായി ഇരിക്കാവുന്നത്ര വലുതായിരുന്നു ജോസഫ്‌ വെട്ടിയുണ്ടാക്കിയ ആ കല്ലറ. നിക്കോദേമസ്‌ കല്ലറയിലെത്തിച്ചിരുന്ന മീറയുടേയും അകിലിന്റേയും കൂട്ടെടുത്തു. നസ്രായേരോട്‌ റബ്ബിയുടെ മേലാസകലം അതു പുരട്ടുവാൻ ആവശ്യപ്പെട്ടു. അവരനുസരിച്ചു. ശരീരത്തിൽ കട്ടപിടിച്ചിരുന്ന രക്തം ഇളകാതിരിക്കുവാൻ പ്രത്യേക നിർദ്ദേശമുണ്ടായിരുന്നു. കൂടുതൽ രക്തം വാർന്നു പോകാതിരിക്കുവാനായിരുന്നു ഇത്‌.

നിക്കോദേമസ്‌ ചികിൽസക്കു നേത്യത്വം നൽകി. നസ്രായേർ അവൻ പറഞ്ഞതെല്ലാം അക്ഷരം പ്രതി അനുസരിച്ചു. രാത്രിയൊട്ടു വൈകിയപ്പോൾ റബ്ബിക്കു കാവലിനായി രണ്ടു നസ്രായേരെ ഇരുത്തി നിക്കോദേമസും ജോസഫും തിരിച്ചു പോന്നു. അവനെ മാറ്റിപ്പാർപ്പിക്കുവാനായി ഒരിടം തയ്യാറാക്കി തിരിച്ചെത്താമെന്നവർ നസ്രായേർക്ക്‌ വാക്കു കൊടുത്തു.

മഗ്ദലനക്കാരി മറിയയുടെ കരച്ചിൽ നിലക്കുന്നില്ല. മറ്റു സ്ര്തീകൾ ദു;ഖവും ക്ഷീണവും മൂലം ഉറങ്ങിപ്പോയിരിക്കുന്നു. അവൾക്ക്‌ കഴിഞ്ഞ നാലു ദിവസങ്ങളിൽ സംഭവിച്ചതെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ഇന്നലെ വരെ അവൾ അവളുടെ എല്ലാമെന്നു കരുതിയ, ഒരു നാടിന്റെ തന്നെ ആവേശമായ റബ്ബി, ഇന്ന്‌ ക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നു. വിമോചനമെന്നും, റോമക്കാരിൽ നിന്നും, അത്യാഗ്രഹികളായ ജൂത പ്രഭുക്കന്മാരിൽ നിന്നും, മോചനം അകലെയല്ലെന്നു പാടി നടന്ന സഭാ തലവന്മാർ അപ്രത്യക്ഷരായിരിക്കുന്നു. അവന്റെ ഇടവും വലവും സ്ഥാനങ്ങൾ ചോദിച്ചു വാങ്ങിയ സെബിദി പുത്രരുടെ വിവരങ്ങളില്ല. അവന്റെ സുരക്ഷക്കെന്ന മട്ടിൽ, അവന്റെയെതിർപ്പിനെപ്പോലും അവഗണിച്ച്‌, കയ്യിലെപ്പോഴും വാളുമായി നടന്നിരുന്ന പത്രോസിനെ കാണാനില്ല. ജനക്കൂട്ടത്തിൽ അവനെ ആരൊക്കെയോ തിരിച്ചറിഞ്ഞപ്പോൾ സ്വരക്ഷാർത്തം അവൻ റബ്ബിയേയും സഭയേയും തള്ളിപ്പറഞ്ഞുവത്രെ. സഭയിൽ ചേരുംവരേക്കും പണക്കൂമ്പാരത്തിനു മുകളിൽ മാത്രം അന്തിയുറങ്ങി ശീലിച്ച, താനില്ലെങ്കിൽ സഭയില്ലെന്ന്‌ വീമ്പിളക്കിയിരുന്ന ചുങ്കക്കാരൻ മത്തായി എവിടെയെന്നാർക്കുമറിയില്ല. സഭയുടെ കാര്യദർശിയും റബ്ബിയുടെ വിശ്വസ്തരിൽ വിശ്വസ്തനുമായിരുന്ന യൂദാ ഇസ്‌കറിയാത്ത്‌, അവനെ അവസാന നിമിഷത്തിൽ കായ്യൊഴിഞ്ഞുവെന്നും, അവനാണ്‌ റബ്ബിയെ കയ്യഫായുടെ പടയാളികൾക്കു ഏൽപിച്ചുകൊടുത്തതെന്നും ആരൊക്കെയോ പാടി നടക്കുന്നു. റബ്ബിയെത്തേടി അവൻ മാത്രം സൻഹേദ്രീനിൽ, കയ്യഫാക്കു മുന്നിൽ, ധൈര്യപൂർവം കയറിച്ചെന്നുവെന്ന്‌ അരീമഥ്യക്കാരൻ ജോസഫ്‌ പറഞ്ഞു. ഞാനൊരു നസ്രായേനാണെന്നും, സഭയുടെ പണപ്പെട്ടി സൂക്ഷിപ്പുകാരനാണെന്നും, ധൈര്യപൂർവ്വം അവൻ അവിടെ വിളിച്ചു പറഞ്ഞത്രെ. റബ്ബിക്കു പകരം എന്നെ ശിക്ഷിക്കുകയെന്നവൻ സഭയോടാവശ്യപ്പെട്ടുവത്രെ. അവിടെ നിന്നിറങ്ങിയ അവനെ സഭാവിശ്വാസികളെന്നു സ്വയം പ്രഖ്യാപിച്ച ഒരു കൂട്ടം കല്ലെറിഞ്ഞു കൊന്നുവത്രെ. പിടികൊടുക്കുകയെന്നതും, അതിന്റെ മറവിൽ ജനരോഷമിളക്കുകയെന്നതും റബ്ബിയുടെ പദ്ധതിയായിരുന്നു. കയ്യഫായുടെ പടയാളികൾക്ക്‌ തന്നെ കണ്ടുത്തുവാൻ ബുദ്ധിമുട്ടായാൽ തന്റെ അപ്പോസ്തല സഭയിൽ നിന്നു തന്നെയൊരാൾ തന്നെ അവർക്ക്‌ ചൂണ്ടിക്കാണിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. നസ്രായേൻ സഭയിൽ ഒരേ വസ്ര്തധാരണ രീതിയും ഒരേ തരത്തിലുള്ള മുടിയും താടിയും നിർബന്ധമായിരുന്നതുകൊണ്ട്‌, ഒരപരിചിതന്‌ എല്ലാ നസ്രായേരും ഒരു പോലെയെന്നു തോന്നിക്കുമായിരുന്നു. ആ വ്യവസ്തകളെ പൂർണമായും അംഗീകരിക്കാതിരുന്നത്‌ പത്രോസു മാത്രമായിരുന്നു. അതുകൊണ്ടു തന്നെയായിരിക്കണം പടയാളികൾക്കു തിരിച്ചറിയുവാനായില്ലെങ്കിൽ തന്നെ ചൂണ്ടിക്കാണിക്കണമെന്ന്‌ അദ്ദേഹം സഭാ നേതാക്കളോട്‌ അഭ്യർത്ഥിച്ചത്‌. അവരുടെ വൈമനസ്യം മനസ്സിലാക്കിയായിരിക്കണം ആ ചുമതല അദ്ദേഹം തന്റെ ഏറ്റവും വിശ്വസ്തനായ ഇസ്‌കറിയാത്തിനെ ഏൽപിച്ചത്‌. തന്റെയഭാവത്തിൽ സഭയെ യൂദാ ഇസ്‌കറിയാത്ത്‌ നയിക്കുമെന്ന്‌ അദ്ദേഹം തീരുമാനിച്ചു. ഇത്‌ അപ്പോസ്തലന്മാരിൽ ഒട്ടൊരു അപ്രിയത്തിനു കാരണമായെന്നും പറഞ്ഞു കേട്ടു. ചിലർ സഭയുപേക്ഷിച്ച്‌ പഴയ തൊഴിലിലേക്കും, പഴയ ജീവിതത്തിലേക്കും മടങ്ങുവാനും തീരുമാനിച്ചിരുന്നുവത്രെ. റബ്ബി പിടികൂടപ്പെട്ടയന്നു രാത്രി തന്നെ, റബ്ബിക്കു കാവലിന്നായി നിയോഗിക്കപ്പെട്ടവർ സ്വന്തം കടമ മറന്ന്‌ ഉറങ്ങുകയായിരുന്നു വത്രെ. പടയാളികൾ അടുത്തെത്തി റബ്ബിയെ തിരിച്ചറിഞ്ഞപ്പോൾ പത്രോസ്‌ സ്വരക്ഷക്കു വേണ്ടി മാത്രം വാളെടുത്തുവത്രെ. റബ്ബിയുടെ രക്ഷക്കായി ഓടിയെത്തിയത്‌ യൂദാ ഇസ്‌കറിയാത്ത്‌ മാത്രമത്രെ. അവനെയാണു പിന്നീട്‌ ചാരനും ഒറ്റുകാരനുമായി സഭാതലവന്മാർ ജനക്കൂട്ടത്തിനും മുന്നിൽ ചൂണ്ടിക്കാണിച്ചത്‌. റബ്ബിയെ പിടികൂടിയതിനുശേഷവും ഒളിവിൽ പോകാതെ, റബ്ബിയെ തള്ളിപ്പറയാതെ അവൻ നടന്നു. അങ്ങിനെ അകെ രണ്ടു അപ്പോസ്തലന്മാരെയേ നഗരം കണ്ടുള്ളൂ. സൻഹേദ്രീനിൽ കയ്യഫാക്കു മുന്നിൽ കയറിച്ചെന്ന യൂദാ ഇസ്‌കറിയാത്തും, റബ്ബിയുടെ കുടുംബത്തിന്റെ പഴയ അടിമ തോമസും. തോമസ്‌ റബ്ബിയുടെ അമ്മയുടേയും, സഹോദരങ്ങളുടേയും, ഇടക്കൊക്കെ എന്റേയും അടുത്തെത്തി സമാധാനത്തിന്റെ വാക്കുകളുതിർക്കുകയായിരുന്നു. അവന്റെ കണ്ണുകൾ സ്വയം തുടക്കുകയും.

മഗ്ദലനക്കാരി മറിയത്തിന്നുറക്കം വരുന്നില്ല. സ്വന്തം പ്രാണനോളം, അല്ല, അതിനേക്കാളേറെ സ്നേഹിച്ച റബ്ബി, അവരെ വിട്ടു പോയിരിക്കുന്നു. ഇനിയൊരിക്കലും ആ വിടർന്ന, കരുണയാർന്ന കണ്ണുകൾ കാണാനാകില്ല. ഇനിയൊരിക്കലുമാ അധരങ്ങളിൽ നിന്നും സ്നേഹം തുളുമ്പുന്ന വാക്കുകളുതിരില്ല. ആയിരക്കണക്കിനു ജനങ്ങളെ ആവേശം കൊള്ളിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഇനിയൊരിക്കലും തനിക്ക്‌ കേൾക്കാനാകില്ല.

Previous Next

സുരേഷ്‌. എം.ജി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.