പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > നോവൽ ബാല്യം, യൗവ്വനം, മരണം പിന്നെ ഉയിർപ്പും > കൃതി

ഒമ്പത്‌ - മരണം(ഭാഗം-2)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുരേഷ്‌ എം.ജി

നോവൽ ബാല്യം, യൗവ്വനം, മരണം പിന്നെ ഉയിർപ്പും

അവന്റെ വാക്കുകൾ നിക്കോദേമസിന്റെ മസ്തിഷ്‌കത്തിൽ വെളിച്ചം വിതറി. അവൻ രൂപ രേഖയവതരിപ്പിച്ചു. അരീമഥ്യക്കാരൻ ജോസഫ്‌ അതംഗീകരിച്ചു. ലോജിനിസിനെ ശതാധിപനായി നിയമിച്ചു കിട്ടുവാനുള്ള ചരടു വലികൾ അവനാദ്യം മുഴുവനാക്കി. ഗോൽഗൊഥാ മലയിലേക്കുള്ള മാർഗ്ഗത്തിൽ അവൻ അവന്റെ വിശ്വസ്ഥരായ പടയാളികളെ നിരത്തി. പണം കൈവിട്ടൊഴുക്കി. കയ്യഫായുടെ പടയാളികൾ അതിക്രമങ്ങൾക്കു മുതിരുന്നുവെങ്കിൽ തടയുവാനായി ആവശ്യമെങ്കിൽ കൂടുതൽ ചിലവാക്കുവാൻ തയ്യാറെന്ന്‌ അവൻ അവന്റെ പടയാളികളെ അറിയിച്ചു. അവനവരോട്‌ ഒന്നുമാത്രം അഭ്യർത്ഥിച്ചു. അനാവശ്യമായി, ഒരു സാധാരണ കുറ്റവാളിയെപ്പോലെ, റബ്ബിയെ ഉപദ്രവിക്കരുത്‌. നിക്കോദേമസും ഉണർന്നു. തന്റെ പാണ്ടികശാലയിൽ നൂറു റാത്തൽ അകിലും, നൂറു റാത്തൽ മീറയും സൂക്ഷിക്കുവാൻ ശട്ടം കെട്ടി. മുറിവുകളുണങ്ങുവാൻ മീറയും അകിലും ചേർത്തരച്ച ലേപനം നാട്ടുവൈദ്യന്മാർ ഉപയോഗിക്കുന്നുണ്ടെന്ന്‌ അവനറിയാമായിരുന്നു.

റബ്ബിയെ കുരിശിലേറ്റുവാനുള്ള സമയമടുത്തു. അരീമഥ്യക്കാരൻ ജോസഫും നിക്കോദേമസും അവരുടെ തയ്യാറെടുപ്പുകൾ ഒന്നു കൂടി പരിശോധിച്ചു. “മൂന്നു മണിക്കൂറിൽ കൂടുതൽ അവൻ കുരിശിൽ കിടക്കരുത്‌.” നിക്കോദേമസ്‌ ആത്മഗതമുയിർത്തു. ഇന്ന്‌ വെള്ളിയാഴ്‌ച. നാളെ പെരുന്നാൾ. സാബത്തു ദിനത്തിൽ ആരും കുരിശിൽ കിടന്നു മരിക്കരുതെന്ന്‌ യഹൂദ വിശ്വാസം. “നിയമം ലംഘിക്കാതിരിക്കുവാനായി വെള്ളിയാഴ്‌ച കുരിശിലേറ്റുന്നവരുടെ കാൽ മുട്ടുകൾ അസ്തമയത്തിന്നേതാനും മണിക്കൂറുകൾക്കു മുമ്പ്‌ അടിച്ചു തകർക്കും.” നിക്കോദേമസ്‌ തുടർന്നു. ജോസഫ്‌ ശ്രദ്ധിച്ചു. “കുരിശിൽ കിടന്നൊരുവൻ ശ്വാസം മുട്ടി മരിക്കുവാൻ പത്തു പന്ത്രണ്ടു മണിക്കൂറെങ്കിലുമെടുക്കും. നിനക്കറിയാവുന്നതാണെങ്കിലും ഞാൻ പറയട്ടെ. ” നിക്കോദേമസ്‌ അവന്റെ പദ്ധതികൾ പുനരവലോകനം ചെയ്യുകയാണ്‌. “കുരിശിലേറ്റിയവൻ ഏറ്റവും കൂടുതൽ നേരം കുരിശിൽ കിടന്നു നരകിക്കണമെന്നാണ്‌ ശിക്ഷ നടപ്പാക്കുന്നവർ ആഗ്രഹിക്കുന്നത്‌. അതുകൊണ്ടു തന്നെ പെട്ടെന്ന്‌ ജീവൻ നഷ്ടപ്പെടുവാതിരിക്കാൻ വേണ്ടതെല്ലാം അവർ ചെയ്യും. അതവർക്കൊരു ആനന്ദമാണ്‌. വലിഞ്ഞു വീഴുന്ന കാലുകൾ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ മരത്തിന്റെ ഒരാണിയടിക്കും. കൂടുതൽ നേരം വേദനയിൽ കുതിർന്ന്‌ കുറ്റവാളി കിടക്കുവാനാണത്‌. ചിലർ കുറ്റവാളിക്കൊന്നിരിക്കുവാൻ പാകത്തിൽ, എന്നാൽ ഇരിക്കുവാനാകാത്ത വിധത്തിലാകും അങ്ങിനെ ആണിയടിക്കുന്നത്‌. അങ്ങിനെ ആണിയിൽ തങ്ങി ചിലർ രണ്ടും മൂന്നും ദിനം കിടക്കും. റബ്ബിയുടെ കുരിശിൽ ആണിയടിക്കുന്നത്‌ നമ്മുടെ പടയാളികളിൽ ആരെങ്കിലുമായിരിക്കണം. കാൽ പാദങ്ങൾക്കു നല്ലവണ്ണം വിശ്രമിക്കുവാനുതകുന്ന വിധത്തിൽ തന്നെ ആണിയടിക്കണം. എന്നാൽ ഇവിടെ ഒരു ചെറിയ പ്രശ്നമുണ്ട്‌. ഇന്ന്‌ വെള്ളിയാഴ്‌ചയാണ്‌. നാളെ പെരുന്നാളും. അതുകൊണ്ടു തന്നെ, വെള്ളിയാഴ്‌ചകളിൽ കുരിശിലേറ്റുന്നവർക്ക്‌ ഇങ്ങിനെയൊരു സൗകര്യം അല്ലെങ്കിൽ ശിക്ഷ ശതാധിപൻ അനുവദിക്കാറില്ല. അവരുടെ ജീവൻ വേഗം പൊയ്‌പ്പോകാൻ വേണ്ടി അവരുടെ കാൽമുട്ടുകൾ അടിച്ചുടക്കുകയും ചെയ്യും. വലിഞ്ഞു മുറുകിയ ശരീരത്തിൽ പ്രാണവായു നിറയാതെ ജീവൻ പെട്ടെന്നു വേർപെടുവാനാണിത്‌.” അവനൊന്നു നിറുത്തി. അരീമഥ്യക്കാരൻ ജോസഫിനെ നോക്കി. അവൻ ജോസഫിൽ നിന്നും എന്തോ ഉത്തരം പ്രതീക്ഷിക്കുന്നു.

“ശതാധിപൻ തടയില്ല. ആണിയടിക്കുന്നത്‌ എന്റെയാളുകളായിരിക്കും. വെള്ളിയാഴ്‌ചയെന്നതോർമ്മയില്ലാത്തവണ്ണം അവരതു ചെയ്യും. ശതാധിപനാകട്ടെ ആണിയടിച്ചതറിയുകപോലുമില്ല. താങ്കൾ തുടർന്നു പറഞ്ഞാലും.” അരീമഥ്യക്കാരൻ ജോസഫ്‌ ഉറപ്പു കൊടുത്തു.

“ലോൻജിനിസ്‌, അവന്റെ കയ്യിലാണിപ്പോൾ റബ്ബിയുടെ ജീവൻ. അവന്റെ സമയോചിതമായ ഇടപെടലുകൾക്ക്‌ അല്ലെങ്കിൽ വേണ്ട സമയങ്ങളിൽ ഇടപെടാതിരിക്കലുകൾക്ക്‌, മാത്രമേ റബ്ബിയുടെ ജീവൻ രക്ഷിക്കുവാനാകുകയുള്ളു.”

“ലോൻജിനിസ്‌ അവന്റെ ക്യത്യം നിർവഹിച്ചു കഴിഞ്ഞാൽ പിന്നെ നമ്മളെന്തു ചെയ്യും?” അരീമഥ്യക്കാരൻ ജോസഫ്‌ ആരാഞ്ഞു.

“നിന്റെ ദൗത്യം അവിടെയാരംഭിക്കുന്നു. അവൻ മരിച്ചുവെന്ന്‌ ശതാധിപൻ സാക്ഷ്യപ്പെടുത്തിയാലുടൻ അവന്റെ ഭൗതിക ശരീരം യഹൂദ വിധിപ്രകാരം അടക്കം ചെയ്യുവാൻ അനുവദിക്കണമെന്നു പറഞ്ഞ്‌ നീ പിലാത്തോസിനെ സമീപിക്കണം. എഴുപത്തി രണ്ടു യഹൂദപ്രമാണിമാരിൽ ഒരുവനായ അരീമഥ്യക്കാരൻ ജോസഫിന്‌ അതിനുള്ള അനുവാദം ലഭിക്കുവാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നെനിക്കറിയാം. അതിനു മുമ്പ്‌ നീ മറ്റൊന്നു ചെയ്യേണ്ടതുണ്ട്‌. ഗോൽഗൊഥ മലയടിവാരത്തിലെ നിന്റെ തോട്ടത്തിൽ, പാറക്കെട്ടുകൾക്കിടയിൽ നല്ലൊരു സ്ഥലം കണ്ടുപിടിക്കണം. അവിടെ മൂന്നുപേർക്കെങ്കിലും നിവർന്നു കിടക്കുകയും ഇരിക്കുകയും ചെയ്യാവുന്നയത്ര വലിപ്പത്തിൽ ഒരു അറ വെട്ടിയുണ്ടാക്കണം. ആരെങ്കിലും ചോദിച്ചാൽ അത്‌ നിന്റെ കുടുംബ കല്ലറയാണെന്നു പറയുക. കുരിശിൽ നിന്നിറക്കിയാലുടൻ ഒരു പുതിയ ലിനൻ കച്ചയിൽ നീ അവനെ പൊതിയണം. പിന്നെ എത്രയും വേഗം നീ വെട്ടിയുണ്ടാക്കിയ ആ പുതിയ കല്ലറയിൽ അവനെ എത്തിക്കണം. അവിടെ വച്ച്‌ അവന്റെ ശരീരത്തിൽ നമ്മൾ മീറയും അകിലും ചേർന്ന ലേപനം പുരട്ടും. പിന്നെ അവനു ബോധം തിരിച്ചു കിട്ടുന്നതു വരെ കാക്കും. പിന്നെ രാത്രിയേറെ ചെന്നിട്ടാണെങ്കിലും നമ്മളവനെ കല്ലറയിൽ നിന്നും മറ്റെവിടേക്കെങ്കിലും മാറ്റണം. അതിന്‌​‍്‌ നസ്രായേൻ സഭാംഗങ്ങൾക്കല്ലാതെ മറ്റാർക്കും നമ്മെ സഹായിക്കുവാനാകില്ല. ഒളിത്തവളങ്ങളെക്കുറിച്ചറിവുള്ള ഏതെങ്കിലും രണ്ടോ മൂന്നോ സഭാംഗങ്ങളെ അതിനായി കണ്ടെത്തണം. അവനെ കല്ലറയിലെത്തിച്ചു കഴിഞ്ഞാൽ, നമ്മൾ തിരഞ്ഞെടുക്കുന്ന ഏതാനും പേരല്ലാതെ മറ്റാരും കല്ലറക്കടുത്തേക്കു വരരുത്‌. അവിടെ നടക്കുന്നത്‌ മറ്റാരും അറിയാതിരിക്കുവാൻ ഇതാവശ്യമാണ്‌. മാത്രമല്ല, അവനെ കല്ലറയിലെത്തിച്ചു കഴിഞ്ഞാലുടൻ കല്ലറയുടെ വാതിൽ ഒരു വലിയ കല്ലു വച്ച്‌ അടക്കുകയും വേണം.”

“അവനെ കല്ലറയിലെത്തിച്ചു കഴിഞ്ഞാലുള്ള കാര്യങ്ങളെക്കുറിച്ചു മാത്രമാണ്‌ നീ പറയുന്നത്‌. അതിനു മുമ്പുണ്ടായേക്കാവുന്ന അപകടങ്ങൾ? അതിനെക്കുറിച്ച്‌ നീ ഓർത്തോ. വഴി നീളെ നമ്മോടു കൂറുള്ള പട്ടാളക്കാരുണ്ടെങ്കിലും, കയ്യഫായുടെ പടയാളികൾ അവനെ ഒരു കുറ്റവാളിയെപ്പോലെ ഉപദ്രവിക്കും. തലയിൽ മുള്ളുകൾ തറക്കും. ഭാരമേറിയ കുരിശു ചുമന്ന്‌ അവന്‌ഗോൽഗോഥാ മലയിലെത്തേണ്ടി വരും. അതിനിടെ കുരിശിലേറ്റുവാൻ വിധിച്ചവർക്കയുള്ള ചാട്ടയടിയുമുണ്ടാകും. മുപ്പതെന്നാണ്‌ കണക്കെങ്കിലും ഒരിക്കലും എണ്ണം പാലിക്കപ്പെടാറില്ല.”

“മറ്റു പട്ടാളക്കാർക്ക്‌ അവനൊരു കുറ്റവാളി മാത്രമാണ്‌. കുരിശിലേറ്റപ്പെടേണ്ട ഒരു കുറ്റവാളി. അവരവനോട്‌ അങ്ങിനേയേ പെരുമാറുകയുള്ളു. അതിനെ പൂർണമായും നമുക്ക്‌ തടുക്കുവാനാകില്ല. എന്നാൽ ഒന്നു നമുക്കു ചെയ്യാം. കുരിശിലേറ്റിയവർ മലകയറുന്നതു കാണുവാൻ കൂടുന്ന ജനക്കൂട്ടത്തിലൊരുവനെ കുരിശേൽപ്പിക്കാം. ഇതും നാട്ടു നടപ്പു മാത്രമാണ്‌. പടയാളികളുടെ മറ്റൊരു വിനോദം. അതിനായി ആരെയെങ്കിലും നീ തയ്യാറാക്കി വഴിയരികിൽ നിറുത്തുക. കുരിശുമേറ്റിയുള്ള യാത്ര അധികം താണ്ടുന്നതിനു മുമ്പ്‌ കുരിശ്‌ മറ്റവന്റെ ചുമലിലെത്തണം.”

“നിക്കോദേമസ്‌, എന്റെ മനസ്സിലെ ശങ്ക തീരുന്നില്ല. മൂന്നു മണിക്കൂറുകൾക്കകം അവനെ നമ്മളെങ്ങിനെ കുരിശിൽ നിന്നിറക്കും.”

“പച്ച മരുന്നുകളെകുറിച്ചുള്ള എന്റെ അറിവ്‌ ഗഹനമല്ല. എന്നാൽ ഒരു പൊതു ജ്ഞാനം എനിക്കുണ്ട്‌. കിഴക്കുനിന്നും പച്ച മരുന്നുകൾ വരുത്തി ഞാനിവിടെ വിൽക്കാറുണ്ട്‌. അതു കൊണ്ടു തന്നെ പൂർവ്വ ദിക്കുകളിൽ നടപ്പുള്ള നാട്ടു മരുന്നുകളെക്കുറിച്ചും ഒരേകദേശ ജ്ഞാനം എനിക്കുണ്ട്‌. പച്ച മരുന്നുകളുടെ കൂട്ടത്തിൽ എനിക്ക്‌ കറുപ്പിന്റേയും വ്യാപാരമുണ്ട്‌. കിഴക്ക്‌, വേദന ശമിപ്പിക്കുവാനായി സുരയിൽ കറുപ്പു ചേർത്തു കഴിക്കാറുണ്ടത്രെ. കറുപ്പ്‌, അമിതമായാൽ ബോധക്ഷയമുണ്ടാകും. ശ്വാസ ഗതി മന്ദീഭവിപ്പിക്കും. പലപ്പോഴും, ഒറ്റനോട്ടത്തിൽ, അമിതമായി കറുപ്പകത്തു ചെന്നവനെക്കണ്ടാൽ മൃതനെന്നു തോന്നുമത്രെ. ഈ അറിവ്‌ നമ്മളുപയോഗപ്പെടുത്തുന്നു. ഒന്നേ കുഴപ്പമുള്ളു. നമ്മൾ സുരയെങ്ങിനെ മലമുകളിലെത്തിക്കും. സുരയെന്നറിഞ്ഞാൽ പട്ടാളക്കാർ ഒരു തുള്ളി കളയാതെ അകത്താക്കും. മലമുകളിലെത്തുവാനുണ്ടാകില്ല. അമിതമായി കറുപ്പ്‌ കലർത്തിയ സുരയെങ്ങാൻ അവരകത്താക്കിയാൽ നമ്മുടെ പദ്ധതികൾ പൂർണമായും പാളും.”

“എന്തിനു നമ്മൾ സുര കൊണ്ടുപോകണം. മറ്റെന്തെങ്കിലും പാനീയം കയ്യിൽ വയ്‌ക്കണം. സാധാരണ ആരും പെട്ടെന്നെടുത്തു കുടിക്കാത്തത്‌. അതിൽ മതിയാവോളം കറുപ്പു ചേർക്കണം. കുരിശുയർത്തി കുറച്ചു കഴിയുമ്പോൾ അവന്റെ ചുണ്ടുകൾ വരണ്ടൊട്ടും. അപ്പോൾ അവനെ കളിയാക്കുവാനെന്ന മട്ടിൽ ഈ പാനീയം അവനു നൽകുവാനുള്ള ഏർപ്പാടുണ്ടാക്കാം.”

“മതി. അതു മതി. വിനാഗിരിയാണതിനേറ്റവും പറ്റിയത്‌. അതാകുമ്പോൾ ആരും പെട്ടെന്നെടുത്തു കുടിക്കുകയുമില്ല, ചുണ്ടുകൾ വരണ്ട അവനെ കളിയാക്കുവാനായി രൂക്ഷ ഗന്ധമുള്ള ഒരു പാനീയം നൽകുകയാണെന്ന്‌ മറ്റുള്ളവർ കരുതുകയും ചെയ്യും. ലോൻജിനിസിനെ കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കണം. അവൻ നമ്മോടൊത്തു നിൽക്കും. അതെനിക്കും ഉറപ്പാണ്‌. അവന്റെ വാക്കുകൾ പടയാളികൾക്കെതിർക്കുവാനുമാകില്ല. നമുക്കിനി സമയമില്ല. നിന്റെ വേഗത പ്രധാനമാണ്‌. പണപ്പെട്ടി തുറന്നു വയ്‌ക്കുക. നിന്റെ ആളുകളോട്‌ കൈകാലുകൾക്ക്‌ വേഗത കൂട്ടുവാനും ശ്രദ്ധ എപ്പോഴും വേണ്ടിടത്തുണ്ടാകുവാനും പറയുക.”

പുറത്ത്‌ ആരവം തുടങ്ങി. കുറ്റവാളികളുടെ ചുമലിൽ കുരിശേറി. അവർ നടത്തം തുടങ്ങിയിരിക്കുന്നു. അവരിരുവരും ഒന്നിച്ച്‌ പുറത്തേക്കു നോക്കി. മദ്യപിച്ചു ലക്കു കെട്ട പടയാളികൾ യമകിങ്കരന്മാരെ ഓർമിപ്പിച്ചു. അവർക്കു പിന്തുണക്കായി ഈ യാത്രയിൽ നാട്ടു പ്രമാണിമാരുടെ കിങ്കരന്മാരുമുണ്ട്‌. അവർ ജോഷ്വായുടെ തലയിൽ മുൾച്ചെടികൾ കൊണ്ട്‌ ഒരു കിരീടമണിയിച്ചിരിക്കുന്നു. അവരവനെ നോക്കി ആർത്തട്ടഹസിക്കുന്നു. അരീമഥ്യക്കരൻ ജോസഫ്‌ ധ്യതിയിൽ പുറത്തിറങ്ങുന്നത്‌ നിക്കോദേമസ്‌ നോക്കി നിന്നു.

നിക്കോദേമസിന്റെ ദ്യഷ്ടി വീണ്ടും പുറത്തേക്കു പാഞ്ഞു. അവന്റേയും അരീമഥ്യക്കാരൻ ജോസഫിന്റേയും പണം പടയാളികളായി നിരത്തിലുലാത്തുന്നത്‌ അവനസ്വദിച്ചു. പെട്ടെന്ന്‌ മറ്റൊരാരവം ഉയർന്നു. അവന്റെ ശ്രദ്ധ അവിടേക്കു മാറി. റബ്ബിയെ അവർ തെറി വിളിക്കുകയാണ്‌. അവന്റെ മേലങ്കി അഴിച്ചു മാറ്റിയിരിക്കുന്നു. നടുക്കു നിന്നു പകുത്ത്‌ ഇരുവശത്തേക്കും കോതിയൊത്തീയവൻ നിറുത്താറുള്ള നീണ്ട തലമുടിക്കു മുകളിൽ പൊടിഞ്ഞ ചോര കട്ടപിടിക്കുവാൻ തുടങ്ങിയിരിക്കുന്നു. തലയിൽ അവർ പരിഹാസപൂർവം അണിയിച്ചിരുന്ന കാട്ടു മുൾച്ചെടിയുടെ തൊപ്പിക്കു കീഴിൽ ആറടിയിലധികം ഉയരവും നൂറ്റിയറുപതു റാത്തൽ തൂക്കവുമുണ്ടായേക്കാവുന്ന അവന്റെ ശരീരം അപ്പോഴും നിവർന്നു തന്നെ നിന്നു. അവന്റെ കണ്ണുകളിലപ്പോഴും ഭയമോ ദുഃഖമോ ഇല്ല. ഏതൊരു സാധാരണ മനുഷ്യനുമാകാത്ത ശാന്തത ആ കണ്ണുകളിൽ അപ്പോഴും തളം കെട്ടി നിൽക്കുന്നു. എന്ന്‌, എപ്പോൾ എവിടെവച്ചു കണ്ടാലും ആ കണ്ണുകൾ കരുണാർദ്രങ്ങളാണ്‌. അതേ സമയം ഗംഭീരവും. ഇപ്പോഴും അങ്ങിനെ തന്നെ. അതിമഹത്തായ മനശക്തി സംഭരിച്ചവനു മാത്രമേ മരണമിങ്ങനെ മുന്നിൽ വന്നു നിൽക്കുമ്പോഴും ശാന്തനായിരിക്കുവാനാകൂ. ഒരു പക്ഷേ വർഷങ്ങൾ പൂർവ്വദിക്കുകളിൽ വേദപഠനം നടത്തിയതിന്റെ ഗുണങ്ങളിൽ ഒന്നുമാത്രമായിരിക്കാമിത്‌. മരണം ഒരു മാറ്റം മാത്രമാണെന്ന്‌ അവൻ എന്നും വിശ്വസിച്ചു പോന്നു. അങ്ങിനെ പഠിപ്പിക്കുകയും ചെയ്തു. എന്നാൽ ഒന്നിന്റേയും ജീവനെടുക്കരുതെന്നും അവൻ പഠിപ്പിച്ചു. ജീവൻ നൽകുവാനാകാത്ത നമുക്ക്‌ ജീവനെടുക്കുവാൻ എന്തധികാരം എന്നവൻ ചോദിച്ചു. കിഴക്കിന്റെ വെളിച്ചമെന്ന്‌ അവൻ എപ്പോഴും പറയുന്ന ശാക്യമുനി മാനുഷ കുലത്തിനായി എട്ട്‌ നേർവഴികളാണുപദേശിച്ചതത്രെ. നസ്രായേൻ സഭയുടെ അടിത്തറയും ആ എട്ടു നേർവഴികൾ തന്നെ. ഗലീലി ഗ്രാമത്തിന്റെ കണ്ണിൽ കരടായിരുന്ന ഒരു ബാലൻ, എങ്ങിനേയോ ആ വിചാരധാരയുടെ വക്താവായതും, അതിനെക്കുറിച്ച്‌ കൂടുതലറിയുവാൻ ഗൗതമന്റെ തന്നെ ദേശത്തിലേക്കു തീർത്ഥയാത്ര നടത്തിയതും, പതിനെട്ടു വർഷങ്ങൾക്കു ശേഷം തിരിച്ചു വന്ന്‌ അതിനെ അതിന്റെ എല്ലാ പൊലിമയോടും കൂടി പാടി നടന്നതും ഗന്ധർവ്വ കഥകളല്ല. എന്റെ കൺമുന്നിൽ ഞാൻ കണ്ട കാശ്ചകളാണ്‌. ഇസ്രായേലിന്റെ മോചനം കുട്ടിക്കാലം തൊട്ടുള്ള ഒരു സ്വപ്നമായിരുന്നു. അതിന്റെ പരിശ്രമങ്ങൾക്ക്‌ പുതിയ നേർവഴി കാണിച്ചത്‌ അവനായിരുന്നു. അവന്റെ ചെയ്തികളിൽ, വാക്കുകളിൽ, പേയിളകിയ കയ്യഫായുടേയും യഹൂദ പ്രമുഖരെന്നു സ്വയം വിശേഷിപ്പിക്കുന്ന റോമൻ കാവൽ നായ്‌ക്കളുടേയും രോഷമാണിപ്പോൾ അവനു മേൽ ആഞ്ഞടിക്കുന്നത്‌. അവരുടെ ദ്യഷ്ടംങ്ങളിൽ നിന്നും അവനെ രക്ഷിക്കേണ്ടത്‌ സഭാ വിശ്വാസിയെന്ന നിലയിൽ എന്റെ കടമയാണ്‌.

നിക്കോദേമസ്‌ പുറത്തിറങ്ങി. അരീമഥ്യക്കാരൻ ജോസഫ്‌ കർത്തവ്യ നിരതനായിരിക്കുന്നുവെന്ന്‌ അവനറിഞ്ഞു. സൻഹേദ്രീനിൽ ജോസഫിനെ ബഹുമാനിക്കാത്തവർ കുറവാണ്‌. മറ്റുള്ള പലർക്കും നേടുവാനാകാത്ത ആദരവു നേടുവാൻ അവനായിട്ടുണ്ട്‌. അല്ലെങ്കിൽ അവന്റെ പണത്തിനായിട്ടുണ്ട്‌. ലോൻജിനിസിനെ ശതാധിപനായി നിയമിച്ചുത്തരവു വന്നിരിക്കുന്നതായി പടയാളികളിൽ ഒരുവൻ നിക്കോദേമസിനെ അറിയിച്ചു. അവൻ മനസ്സിൽ ജോസഫിനു നന്ദി പറഞ്ഞു. പദ്ധതികളുടെ വിജയത്തിന്റെ അടിസ്ഥാനം ഈ ഉത്തരവിലായിരുന്നു. അതവൻ നടത്തിയിരിക്കുന്നു. അവൻ ലോൻജിനിസിനെ അന്വേഷിച്ചു.

ശതാധിപന്റെ കടമ കുറ്റവാളിയെ കുരിശിലേറ്റുന്നിടത്താണ്‌. അവിടെ തുടങ്ങി, അവിടെ അവസാനിക്കുന്നു. കുരിശുമായി കുറ്റവാളി യാത്ര തിരിക്കുമ്പോൾ അവനൊരിക്കലും പടയാളികളെ നിയന്ത്രിക്കുവാൻ ശ്രമിക്കാറില്ല. നിയന്ത്രിക്കാറുമില്ല. കുറ്റവാളിയെ അപ്പോൾ വേട്ടനായ്‌ക്കൾ കടിച്ചുകീറും പോലെ കടിച്ചുകീറുവാൻ പടയാളികൾക്ക്‌ അധികാരമുണ്ട്‌. അതവർക്കൊരു ആനന്ദവുമാണ്‌. മറ്റൊരുത്തന്റെ ദുഃഖം കാണുമ്പൊഴുണ്ടാകുന്ന ആനന്ദം. ഈ നാട്ടു നടപ്പിനെ ലംഘിക്കുക പ്രയാസമാണ്‌. ലോൻജിനിസ്‌ അറിയിച്ചു. വേട്ടനായ്‌ക്കളുടെ അക്രമങ്ങൾ കുറക്കുവാൻ വേണ്ടതു ചെയ്തു വച്ചിട്ടുണ്ട്‌. നിക്കോദേമസ്‌ അവനെ അറിയിച്ചു. നിന്നിൽ നിന്ന്‌ എനിക്കും, അരീമഥ്യക്കാരൻ ജോസഫിനും, സഭക്കും ഉള്ള പ്രതീക്ഷ അതിലും വലുതാണ്‌. അവന്റെ ജീവൻ പൊയ്‌പ്പോകും മുൻപ്‌ അവനെ കുരിശിൽ നിന്നിറക്കണം. ഇറക്കിയേ തീരൂ. ഞങ്ങളുടെ പദ്ധതികൾ വിശദമായി തന്നെ ജോസഫ്‌ നിന്നോടു പറഞ്ഞിരിക്കുമല്ലോ?

ലോൻജിനിസ്‌ തലയാട്ടി. നിക്കോദേമസ്‌ നടന്നകന്നു.

Previous Next

സുരേഷ്‌ എം.ജി

B2/504, Jamnotri,

Safal Complex,

Sector 19A,

NERUL, NAVI MUMBAI-400706

Maharashtra.


Phone: 9320615277
E-Mail: suresh_m_g@rediffmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.