പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ബാല്യം, യൗവ്വനം, മരണം പിന്നെ ഉയിർപ്പും > കൃതി

ഒമ്പത്‌-മരണം (ഭാഗം-1)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുരേഷ്‌ എം.ജി

ബാല്യം, യൗവ്വനം, മരണം പിന്നെ ഉയിർപ്പും

അരീമഥ്യക്കാരൻ ജോസഫിന്‌ തന്റെ കാതുകളെ വിശ്വസിക്കുവാൻ പ്രയാസം. അപകടം അയാൾ പ്രതീക്ഷിച്ചതായിരുന്നു. എങ്കിലും അതുണ്ടാകില്ലെന്നൊരു പ്രതീക്ഷയും എവിടേയോ ഓളിച്ചു കിടന്നു. പല തവണ മുന്നറിയിപ്പു നൽകിയതുമാണ്‌. സഭയിലെ മുതിർന്നവർ ആരും തന്നെ റബ്ബിയെ ഒറ്റക്കാക്കില്ലെന്ന്‌ ഉറപ്പു തന്നതാണ്‌. വാളുമായി എപ്പോഴും കൂടെയുണ്ടാകുമെന്നു കരുതിയ പത്രോസുപോലും.................... എതിർക്കാമായിരുന്നു. ഒന്നെതിർത്തു നോക്കാമായിരുന്നു. ഒരു പക്ഷേ ആ കോലാഹലത്തിന്നിടയിൽ അവർക്ക്‌ റബ്ബിയെ മറ്റൊരു താവളത്തിലേക്കു മാറ്റാനാകുമായിരുന്നു. പിടികൊടുക്കുവാൻ അദ്ദേഹം നിശ്ചയിച്ചിരുന്നുവെന്നത്‌ സത്യം. എന്നാൽ ഇത്‌ അദ്ദേഹത്തിന്റെ കണക്കു കൂട്ടലുകളെ തെറ്റിക്കും. കയ്യഫായെ, അയാളുടെ കുബുദ്ധിയെ, റബ്ബി കുറച്ചു കാണുകയായിരുന്നു.

അരീമഥ്യക്കരൻ ജോസഫ്‌ തന്റെ പദ്ധതികൾ മെനയുകയാണ്‌. വരാനിരിക്കുന്നതൊക്കെ മുൻകൂട്ടി കാണുകയാണ്‌. ഈ രാത്രിയിൽ സഭ കൂടുന്നത്‌ യഹൂദ നിയമങ്ങളുടെ ലംഘനമാണ്‌. അതുകൊണ്ടു തന്നെ അതിനെ എതിർക്കണം.

അരീമഥ്യക്കാരൻ ജോസഫ്‌ നിലവിളിക്കുകയല്ല. അവന്‌ അമ്പരപ്പില്ല. അത്ഭുതമില്ല. ദുഃഖം മരവിച്ചിരിക്കുന്നു. പല തവണ സൂചന നൽകിയതാണ്‌. ഇതു സംഭവിക്കുമെന്നതും അവനുറപ്പായിരുന്നു. അന്തിമ വിജയത്തിലേക്കുള്ള പാത സുഗമമായിരിക്കില്ലെന്ന്‌ അവനും അറിയാമായിരുന്നു. സഭയുടെ കെട്ടുറപ്പിൽ ഭിന്നിപ്പുണ്ടാകുന്നുണ്ടെന്നും അവനറിഞ്ഞിരുന്നു. അതിൽ തനിക്കുള്ള ദുഃഖം യൂദാ ഇസ്‌കറിയാത്ത്‌ പല തവണ അവനെ അറിയിച്ചിരുന്നു. സഭാംഗങ്ങളെങ്കിലും, റബ്ബിയുടെ വലം കൈയ്യുകളെങ്കിലും, പലർക്കും വന്ന വഴി മറക്കുക വിഷമമായിരുന്നു. പണക്കൂമ്പാരത്തിനു മുകളിൽ യ്യൗവ്വനം കഴിച്ചവരാണവർ. ഒരാവേശത്തിന്‌, ഒന്നാളാകുവാൻ, സഭാംഗങ്ങളായവരുമുണ്ട്‌. അവരുടെ വാക്കുകൾക്കന്ന്‌ എതിർവാക്കില്ലായിരുന്നു. റബ്ബിയുടെ നേത്യത്വം ഇസ്രയേലിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന്‌ അവർ ഗണിച്ചു. ആ വിജയത്തിനുശേഷം തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുവാനുള്ള വ്യഗ്രതയായിരുന്നു അവർക്ക്‌. അതിനുള്ള ഏക മാർഗം റബ്ബിയുടെ ഇടം വലം നിൽക്കുക മാത്രമെന്ന്‌ അവർ അനുമാനിച്ചു. സഭ അവരുടേതും കൂടിയാണെന്നവർ പ്രഖ്യാപിച്ചു. ഇസ്രായേലി ഭരണം തങ്ങളുടെ കയ്യിലമരുന്നത്‌ അവർ സ്വപ്നം കണ്ടു. റബ്ബിയുടെ ഇടതും വലതുമിരിക്കുവാൻ അവർ ശണ്‌ഠ കൂടി. എന്നാൽ, തന്റെയഭാവത്തിൽ സഭയെ നയിക്കുക യൂദാ ഇസ്‌കറിയാത്തായിരിക്കുമെന്ന റബ്ബിയുടെ തീരുമാനം അവരെ നടുക്കി. അവനൊരു യഹൂദൻ. ഒരു വെറും യഹൂദൻ. പണപ്പെട്ടിയുടെ താക്കോൽ അവനെ ഏൽപിച്ചതേ അബദ്ധം. സഭക്കു വേണ്ടി ഉഴിഞ്ഞു വച്ചവനത്രെ. സഭക്കു വേണ്ടി മാത്രം ജീവിക്കുന്നവനത്രെ. സ്ഥാനമോഹങ്ങളേതുമില്ലാത്തവനത്രെ. ചടുല നേത്യത്വ പാടവങ്ങളുള്ളവനത്രെ. പാവങ്ങളുടെ സഹചാരിയത്രെ. വർണ്ണിക്കുവാൻ എത്രയെത്ര വാക്കുകൾ. ഞങ്ങളും അങ്ങിനെയൊക്കെയല്ലേ. അവനേക്കാൾ മുതിർന്നവരല്ലേ. എന്നിട്ടും എന്തേ റബ്ബി അവനെ തിരഞ്ഞെടുത്തു. അതു നമ്മളെ അവഹേളിക്കുന്നതിനു തുല്യമല്ലേ. അവർ പരസ്പരം മന്ത്രിച്ചു. ആ അനാദരവ്‌ അനൈക്യമായി. അസൂയായി. പകയായി. ഉറക്കച്ചടവായി. ധൈര്യക്ഷയമായി. സഭയുടെ കാവൽ ഭടന്മാർ ഉണർന്നിരിക്കേണ്ടപ്പോൾ ഉറങ്ങിപ്പോയി. റബ്ബിയെ കാക്കേണ്ടപ്പോൾ ഉറങ്ങിപ്പോയി. അപകടം അടുത്തെത്തും വരെ കാണാതെപോയി. സ്വയരക്ഷക്കായി മാത്രം വാളോങ്ങി. ഞാനക്കൂട്ടത്തിലുള്ളവനല്ലെന്നു പറഞ്ഞ്‌ ഓടിയൊളിച്ചു.

അരീമഥ്യക്കാരൻ ജോസഫിന്‌ തന്റെ കാതുകളെ വിശ്വസിക്കാം. അവനിതും പ്രതീക്ഷിച്ചതാണ്‌. അപക്വമായ ഫലം അപക്വമായ രുചിയേ തരൂ. എന്നാൽ ഇപ്പോൾ വിട്ടുപോയ കണ്ണികൾ, അവ നല്ലതോ ചീത്തയോ ആകട്ടെ, പൊട്ടിയതോ പൊട്ടാത്തതോ ആകട്ടെ, വിളക്കിച്ചേർക്കേണ്ടത്‌ ഒരാവശ്യമാണ്‌. ഒരു മുത്തുമാലയുടെ ശോഭ ചൊരിഞ്ഞിരുന്ന സഭയായിരുന്നു ഇന്നലെവരെ ഇത്‌. കിഴക്കുനിന്നും ഇത്തിരി വെളിച്ചവുമായി എത്തിയ റബ്ബി, രണ്ടര രാവുകൊണ്ട്‌ കോർത്തിണക്കിയ മുത്തുമാല. റബ്ബി കിഴക്കിന്റെ വേദാന്തമോതി. കൊല്ലരുത്‌. ക്ഷോഭിക്കരുത്‌. പിടിച്ചുപറിക്കരുത്‌. ക്ഷമിക്കുക. ദൈവത്തിന്നരികിലെത്തുവാൻ മനസ്സിനേയോ ശരീരത്തേയോ ക്ലേശിപ്പിക്കേണ്ടതില്ല. ഉള്ളവർ ഇല്ലാത്തവനു കൊടുക്കട്ടെ. പാപം ചെയ്യാത്തവർ മാത്രം കല്ലെറിയട്ടെ. സ്വന്തം കണ്ണിലെ കരടാദ്യമെടുക്കുക. റബ്ബിയുടെ അത്താഴത്തിന്ന്‌ മാംസം വിളമ്പിയില്ല. അവനാരേയും ഭയന്നില്ല. തന്റെയപ്പം തന്റെ വിയർപ്പിൽ നിന്നുണ്ടാകണമെന്ന്‌, തന്റെ വിയർപ്പിൽ നിന്നുണ്ടാകുന്ന അപ്പം തന്റെ അവകാശമാണെന്ന്‌ അവൻ പഠിപ്പിച്ചു. തനിക്കാവശ്യമുള്ള അപ്പത്തിൽ കവിഞ്ഞ്‌ മണിമാളികകൾ സ്വപ്നം കാണരുതെന്നവർ പഠിപ്പിച്ചു. യോഹന്നാന്റെ ചുടുചോര തളികയിലൊലിക്കുന്നതു കണ്ട്‌ പകച്ചു പോയ സഭ അവന്റെ സ്വരങ്ങളിൽ തളിർത്തു. പൂത്തു. ആ തളിർമണം യഹൂദ പ്രമാണികളുടെ ഉറക്കം കെടുത്തി. മനസ്സിൽ വിമ്മിഷ്ടമുണ്ടാക്കി. ആ വിമ്മിഷ്ടം കടൽ കടന്ന്‌ റോമാ സാമൃ​‍ാജ്യത്തിലെത്തി. ഇത്‌ വിഷമരമാണെന്നും, മൂടോടെ പിഴുതെറിയണമെന്നും അവർ ആവശ്യമുന്നയിച്ചു. അവരുടെ ആവശ്യങ്ങൾ മഹാരാജാവു തിരുമനസ്സനുവദിച്ചുത്തരവായി. അരീമഥ്യക്കാരൻ ജോസഫ്‌ ഇതെല്ലാമറിയുന്നു.

ഇന്നു രാത്രി സൻഹേദ്രീൻ കൂടരുത്‌. യഹൂദ നിയമങ്ങൾക്കെതിരാണത്‌. കൂടിയാൽ യഹൂദ നിയമങ്ങൾ സാക്ഷിയായി ഞാനതിനെ എതിർക്കും. ജന മദ്ധ്യത്തിൽ വച്ച്‌ യഹൂദ മര്യാദകൾ ലംഘിക്കുന്ന വൈദികർക്കെതിരെ, പ്രമാണികൾക്കെതിരെ ഞാൻ വിളിച്ചു കൂവും. അവൻ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുകയാണ്‌.

എന്നാൽ, അരീമഥ്യക്കാരൻ ജോസഫിനു തെറ്റി. രാത്രിയിൽ സൻഹേദ്രീൻ സമ്മേളിച്ചില്ല. സൻഹേദ്രീൻ സമ്മേളിച്ചാൽ അതു നിയമലംഘനമായി കണക്കാക്കുമെന്നും, ആ വികാരം തനിക്കെതിരാകുമെന്നും കയ്യഫാക്കറിയാം. കിഴക്ക്‌ വെള്ള കീറിയപ്പോൾ എഴുപത്തിരണ്ടു സൻഹേദ്രീൻ അംഗങ്ങളോടും സഭാതലത്തിൽ സമ്മേളിക്കുവാൻ അറിയിപ്പു വന്നു. സഭയിപ്പോൾ വിളിച്ചതെന്തിനെന്ന്‌ എഴുപത്തിരണ്ടു പേർക്കുമറിയാം. തങ്ങളുടെ വർഗ്ഗശത്രു പിടിക്കപെട്ടിരിക്കുന്നു. രണ്ടര വർഷം തങ്ങൾക്കെതിരെ, മണലാരണ്യങ്ങളിലൊളിച്ചും, ഇരുട്ടിന്റെ മറവു പിടിച്ചും, ഒളിയമ്പുകളെയ്തവൻ വലക്കകത്തായിരിക്കുന്നു. ഇന്നലെ, കത്തിയെരിയുന്ന സൂര്യ രശ്മികളെ സാക്ഷിയാക്കി അവൻ, “ഇതാ ഞാൻ, പുതിയ നാട്ടധിപനെന്നു” വിളിച്ചുകൂവി, ദേവാലയമാക്രമിച്ചപ്പോൾ പടയാളികൾക്കു പോലും കണ്ടു നിൽക്കുവാനേ കഴിഞ്ഞുള്ളു. അവന്റെ വാക്‌ ചാതുര്യം അക്ഷരഭ്യാസമില്ലാത്ത ഒരു ജനതയെ മുഴുക്കെ കയ്യിലെടുത്തിരിക്കുന്നു. അവനെ പിടികൂടേണ്ടത്‌ നാടിന്റെ കെട്ടുറപ്പിന്നാവശ്യമായി വന്നിരുന്നു.

“ഇവൻ ഇസ്രായേലിന്റെ രാജാവെന്ന്‌ സ്വയം അവകാശപ്പെടുന്നു.” കയ്യഫാ സഭയെ അറിയിച്ചു. “പൊക്കിൾക്കൊടി ബന്ധത്തേക്കാൾ നമ്മൾ വലുതായി കണക്കാക്കുന്ന റോമാ സാമ്രാജ്യത്തേയും ചക്രവർത്തി തിരുമനസ്സിനേയും ഇവനെതിർക്കുന്നു. നാടൊട്ടുക്കുള്ള എഴുപത്തി രണ്ടു സുനഗോഗുകളിൽ ഇവന്റെയാളുകൾ ചെന്ന്‌, ഷചാരിതും, മിൻചയും അർവീതും ചൊല്ലിയിരുന്ന റബ്ബിമാരെ പുറത്താക്കി അവരുടെ ആധിപത്യം സ്ഥാപിച്ചു. ഇന്നലെയിവൻ സ്വന്തം നേത്യത്വത്തിൽ ജറുസലേമിലെ പുണ്യ ദേവാലയത്തിൽ അക്രമം അഴിച്ചു വിട്ടു. തികച്ചും ശാന്തരായി തന്താങ്ങളുടെ കർത്തവ്യങ്ങളിലേർപ്പെട്ടിരുന്ന ദേവാലയ വാസികളെ ഇവനും കൂട്ടരും അടിച്ചു പുറത്താക്കി. ദേവാലയത്തിനു ചുറ്റിലുമുണ്ടായിരുന്ന കൊച്ചു കൊച്ചു കച്ചവടക്കാരെ ഇവൻ ഭീഷണിപ്പെടുത്തുകയും അവരുടെ പണപ്പെട്ടികൾ കൈക്കലാക്കുകയും ചെയ്തു.”

ജോസഫ്‌ കൈയ്യഫാക്ക്‌ ഒരായിരം നാക്ക്‌. അവനായി ഒരായിരം സാക്ഷികൾ. ജോസഫ്‌ കൈയ്യഫാ കണക്കു കൂട്ടി. ഇന്നു ബുധൻ. നാളെയെങ്കിലും സൻഹേദ്രീനിൽ വിധി പ്രഖ്യാപിക്കണം. പൊതു മര്യാദകൾ പാലിച്ചില്ലെന്ന കുറവു വരുത്തരുത്‌. വിധിയുടെ അംഗീകാരത്തിനായി നാളെയിവനെ, പിലാത്തോസിന്റെ മുന്നിൽ ഹാജരാക്കണം. വിധി നാളെത്തന്നെ അംഗീകരിക്കപ്പെടണം. എന്നാൽ, മറ്റെന്നാൾ, അതായത്‌ വെള്ളിയാഴ്‌ച വിധി നടപ്പാക്കാം. അതായത്‌ സാബത്തിനു മുമ്പ്‌. പെരുന്നാളിനു മുമ്പ്‌. എന്നു വച്ചാൽ, പടയാളികളെ നിരത്തിൽ നിന്നും പിൻവലിക്കുന്നതിനു മുമ്പ്‌.

ജോസഫ്‌ കൈയ്യഫായുടെ കണക്കുകൂട്ടലുകൾ തെറ്റിയില്ല. നിരത്തിലിറങ്ങുവാൻ ജനം വിസ്സമ്മതിച്ചു. വിസ്സമതം കാണിക്കാത്തവരെ കയ്യഫായുടെ പടയാളികൾ വിസ്സമ്മതിപ്പിച്ചു.

സൻഹേദ്രീനിലേക്ക്‌ അവന്റെ സഭാംഗങ്ങളാരും എത്തി നോക്കിയില്ല. അവനെ സൻഹേദ്രീനിൽ എത്തിക്കും മുമ്പേ അവന്റെ ഭൂതഗണത്തെ കയ്യഫായുടെ പടയാളികൽ പരതി. പടയാളികളുടെ മുന്നിലകപ്പെട്ടപ്പോഴൊക്കെയവർ താനൊരു നസ്രായേനേ അല്ലെന്ന്‌ ആണയിട്ടു. തന്റെ മുന്നിൽ നിൽക്കുന്നവൻ അവന്റെ അരുമയായ പത്രോസാണെന്നറിഞ്ഞ ഒരു പടയാളിയോട്‌, അവനെ അറിയുകപോലുമില്ലെന്ന്‌ പത്രോസ്‌ വീണ്ടും വീണ്ടും ആണയിട്ടു രക്ഷപ്പെട്ടു. എന്നാലവർ പരസ്പരം കണ്ടപ്പോൾ യൂദാ ഇസ്‌കറിയാത്തിനെ പഴിചാരി. റബ്ബിയെ അവൻ പട്ടാളക്കാർക്കേൽപ്പിച്ചുവെന്ന്‌ കഥയുണ്ടാക്കി. അവന്‌ ഒന്നാമനാകുവാൻ തിടുക്കമായിരുന്നുവെന്ന്‌ കഥക്കു പൊലിപ്പുണ്ടാക്കി. റബ്ബിയെ തിരിച്ചറിയാതെ ഉഴന്നിരുന്ന പട്ടാളക്കാരോട്‌ ഇതാ ഞങ്ങളുടെ റബ്ബിയെന്നു പറഞ്ഞ്‌ അവൻ ആലിംഗനം ചെയ്തു എന്നവർ മൂളിപാട്ടു പാടി. അതൊരു ചെവിയിൽ നിന്നും മറു ചെവിയിലേക്കു പറന്നു. റബ്ബിയെ അന്വേഷിച്ചിറങ്ങിയ യൂദായെ അവർ കണ്ടു. ഇവനാണ്‌ റബ്ബിയെ ഒറ്റിയതെന്നവർ വിളിച്ചു കൂവി. അവനെ കണ്ടപ്പോൾ ഒരറക്കുന്ന ജീവിയെ കണ്ടതുപോലെ അവർ കാർക്കിച്ചു തുപ്പി.

എന്റെ റബ്ബിയെ എനിക്കു വിട്ടു തരിക. അവൻ വഴിയിൽ കണ്ട പട്ടാളക്കാരോടെല്ലാം ഇരന്നു. അവരാർത്തു ചിരിച്ചു. ഞാൻ യൂദാ ഇസ്‌കറിയാത്താണ്‌. സഭയുടെ പണപ്പെട്ടി സൂക്ഷിപ്പുകാരൻ. അവനു പകരം എന്നെ വിചാരണ ചെയ്തുകൊൾക. എന്റെ റബ്ബിയെ എനിക്കു വിട്ടു തരിക. അവൻ യഹൂദ സഭയിൽ കയറിച്ചെന്നു. സഭംഗങ്ങൾ അവനു ഭ്രാന്തായെന്നു പറഞ്ഞ്‌ തലതല്ലി ചിരിച്ചു. ഇവനെ പിടികൂടുവാൻ നീ ഞങ്ങൾക്കു കൂട്ടു നിന്നുവെന്നാണ്‌ നാട്ടു സംസാരം. അവർ ഒരേ സ്വരത്തിൽ പറഞ്ഞു. ഇവനെ പിടികൂടുന്നവർക്ക്‌ മുപ്പതു വെള്ളിക്കാശ്‌ സമ്മാനമുണ്ടായിരുന്നു. അതു നിനക്കിരിക്കട്ടെ. അവർ കളിയാക്കി. മുപ്പതു വെള്ളിക്കാശിനെന്തു കിട്ടും? കുശവന്റെ മൊട്ടക്കുന്നു കിട്ടും. ഇവന്റെ ഓർമ്മക്കായി നമുക്കാ മണ്ണു വാങ്ങാം. സഭയാർത്തു ചിരിച്ചു. പടയാളികൾ അവനെ പിടിച്ചു പുറത്താക്കി. അവർ വഴിയിൽ പേപ്പട്ടിയെപോലെ അലഞ്ഞു. അവനെ തിരിച്ചറിഞ്ഞവർ, കേട്ട കഥകൾ വിശ്വസിച്ച്‌, അവരുടെ രോഷം അവനു നേരെ തിരിച്ചു.

കയ്യഫായുടെ കണക്കുകൂട്ടലുകൾ തെറ്റിയില്ല. ആദ്യ ദിനം സഭാ നടപടികൾ സൂര്യനസ്തമിച്ചപ്പോൾ നിറുത്തി വച്ചു. പിറ്റേന്നു കാലത്ത്‌ വിധി പ്രഖ്യാപിക്കപ്പെട്ടു. അവിടെ മാത്രം കയ്യഫായുടെ കണക്കുകൂട്ടലിലൊന്നു പാളി. സൻഹേദ്രീനിലെ എഴുപത്തിരണ്ടിൽ എഴുപത്തിയൊന്നുപേർ മാത്രം വിധിയെ അനുകൂലിച്ചു. എഴുപത്തിരണ്ടാമൻ അരീമഥ്യക്കാരൻ ജോസഫായിരുന്നു.

പിലാത്തോസിന്റെ സന്നിധിയിലും കയ്യഫായുടെ കണക്കുകൂട്ടലുകളൊന്നും തെറ്റിയില്ല. അടി തെറ്റിയ നസ്രായേൻ സഭാദ്യക്ഷന്റെ വാക്കുകൾ പുറത്തുവരാതിരിക്കുവാൻ കയ്യഫായുടെ കയ്യാളുകൾക്കായി. കയ്യഫായുടെ ഭൂതഗണം അവന്‌ മരണ ശിക്ഷ തന്നെ നൽകണമെന്ന്‌ പിലാത്തോസിനെ നിർബന്ധിച്ചു. തന്റെ കാൽക്കീഴിലെ മണ്ണൊലിച്ചു പോകുന്നത്‌ അരീമഥ്യക്കാരൻ ജോസഫറിഞ്ഞു.

പിലാത്തോസ്‌ ശിക്ഷ ശരി വച്ചു. കയ്യഫായുടെ ഭൂതഗണം ആർപ്പുവിളിച്ചു. പെരുന്നാളിന്റെ സൂര്യനുദിക്കും മുമ്പ്‌ ഇവന്റെ ശരീരം കുരിശിൽ കിടന്നു പിടക്കണം. അവസാനത്തെ പിടപ്പ്‌. അവർ ആവേശം കൊണ്ടു.

അരീമഥ്യക്കാരൻ ജോശഫ്‌ സഭാംഗങ്ങളെ തിരഞ്ഞു. സഭയുടെ മേൽത്തട്ടായ അപ്പോസ്തലന്മാരെ തിരഞ്ഞു. റബ്ബിയുടെ എല്ലാമായിരുന്ന മഗ്ദലനക്കാരിയേയും അവന്റെ അമ്മയേയും സമാധാനിപ്പിക്കുന്ന തോമസിനെ മാത്രമവൻ കണ്ടു. ഇത്‌ യുദ്ധത്തിന്റെ അവസാനമാകരുതെന്ന്‌ അവൻ അവരെ ഓർമിപ്പിച്ചു. നിന്റെ കൂട്ടുകാരെ വിളിച്ചു കൂട്ടുക. ഞാനാണതിനു പിന്നിലെന്ന്‌ കയ്യഫാ അറിഞ്ഞുകൊള്ളട്ടെ. ജനരോഷം തെരുവു നിറയണമെന്ന അവന്റെ ഇംഗിതം പൂർത്തീകരിക്കുക. നമ്മുടെ പക്കൽ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്‌. ഉണർന്നു പ്രവർത്തിച്ചാൽ വിജയം ഇനിയും നമ്മുടേതാക്കാം. അരീമഥ്യക്കരൻ ജോസഫ്‌ അവർക്ക്‌ ഉണർവേറ്റി. എന്നാൽ അവന്റെ വാക്കുകളിൽ അവർക്ക്‌ വിശ്വാസം ജനിച്ചില്ല.

അവൻ വീണ്ടും അന്വേഷിച്ചു. പിലാത്തോസിന്റെ വിചാരണക്കു മുമ്പ്‌, നഗര മദ്ധ്യത്തിൽ വച്ചു തന്നെ ആരോ പത്രോസിനെ കണ്ടിരുന്നുവെന്ന്‌ അവനറിഞ്ഞു. യഹൂദ പ്രമാണിമാരിലൊരുവന്റെ വീട്ടുവേലക്കാരിയാണവനെ തിരിച്ചറിഞ്ഞതത്രെ. അപ്പോഴും താൻ ഒരു നസ്രായേൻ സഭാംഗമല്ലെന്ന്‌ പത്രോസ്‌ ആണയിട്ടുവത്രെ. സഭക്കുവേണ്ടി ജീവനുഴിഞ്ഞുവച്ചവനെന്ന്‌ സ്വയം വീമ്പിളക്കിയിരുന്ന റബ്ബിയുടെ പ്രിയ ശിഷ്യനെക്കുറിച്ചോർത്ത്‌ അവന്‌ അറപ്പു തോന്നി.

ശിക്ഷ നടപ്പാക്കുവാൻ പോകുകയാണെന്ന്‌ ഒരു കയ്യാളൻ വന്നു പറഞ്ഞു. അരീമഥ്യക്കാരൻ ജോസഫ്‌ കണ്ണീർ വിഴ്‌ത്തിയില്ല. ആശയുടെ ഒരു കിരണം അവന്റെ മനസ്സിലപ്പോഴും അണയാതെ കിടന്നു. അവൻ തന്റെ ദൗത്യത്തിൽ മുഴുകുവാൻ തീരുമാനിച്ചു. ശിക്ഷ നടപ്പാക്കുന്ന പടയാളികളുടെ കൂട്ടത്തിൽ തനിക്കു വഴങ്ങുന്നവരുമുണ്ടാകണം. അവൻ മനസ്സിൽ കരുതി. ശതാധിപനായി ലോൻജിനിസ്‌ നിയമിക്കപ്പെടണം. തന്റെ ഉറ്റ സുഹ്യത്ത്‌ നിക്കോദമസിനെ കാണണം. സഭയോട്‌ കൂറുള്ളവനാണവൻ. വ്യാപാരിയാണ്‌. നസ്രായേൻ സഭയിൽ, സഭയോട്‌ ആത്മാർത്ഥതയുള്ളവരെ കണ്ടുപിടിക്കണം. എങ്ങിനെയെങ്കിലും അവനെ മരണത്തിനു മുമ്പ്‌ കുരിശിൽ നിന്നിറക്കണം. അങ്ങിനെ ഇറക്കുവാനായാൽ അവനെ മാറ്റി പാർപ്പിക്കുവാൻ ഒരിടം വേണം. അതിന്‌ നസ്രായേരുടെ സഹായം കൂടിയേ തീരൂ. നസ്രായേരെ ഏകോപ്പിക്കുവാനുള്ള ദൗത്യവുമായി അവൻ വീണ്ടും മഗ്ദലനക്കാരി മറിയത്തെ കണ്ടു. നഗരത്തിൽ നിന്നും പുറത്തു കടന്നിട്ടില്ലാത്ത പത്രോസിനേയും കൂട്ടരേയും എങ്ങിനെയെങ്കിലും അന്വേഷിച്ചു കണ്ടെത്താമെന്ന്‌ അവൾ സമ്മതിച്ചു.

നിക്കോദേമസിന്റെ മസ്തിഷ്‌കത്തിലേക്ക്‌ അവൻ വെളിച്ചം വിതറി. നീ എന്റെയൊപ്പം നിൽക്കണം. റബ്ബിയെ രക്ഷിച്ചേ പറ്റൂ. ലോൻജിനിസിനെ ശതാധിപനായി നിയമിച്ചുത്തരവു കിട്ടുവാൻ വേണ്ടതു ഞാൻ ചെയ്യാം. പച്ച മരുന്നുകളുടേയും മൊത്ത വ്യാപാരമുള്ള നീ കുരിശിൽ നിന്നിറക്കിയ അവന്റെ ശരീരത്തിൽ നിന്നും ശേഷിച്ച ജീവൻ വേർപെടാതിരിക്കുവാനുള്ളതു ചെയ്യണം. അതിനു പറ്റിയവരെ കണ്ടെത്തണം.

Previous Next

സുരേഷ്‌ എം.ജി

B2/504, Jamnotri,

Safal Complex,

Sector 19A,

NERUL, NAVI MUMBAI-400706

Maharashtra.


Phone: 9320615277
E-Mail: suresh_m_g@rediffmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.