പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മുറിവ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിജി വൈലോപ്പിളളി

കഥ

മീരയ്‌ക്ക്‌ അത്ഭുതം തോന്നി.

‘വലിച്ചു നോക്കിക്കോളൂ മീരാ.’ നരേന്ദ്രൻ പറഞ്ഞു.

അവൾ അയാളുടെ കയ്യിൽ നിന്ന്‌ സിഗരറ്റു വാങ്ങി തിരിച്ചും മറിച്ചും നോക്കി. പിന്നീട്‌ ഒന്നു മണത്തു നോക്കിയതിനുശേഷം തിരിച്ചെറിഞ്ഞു.

‘ആദ്യ പുകയെടുപ്പിനൊരു നിഗൂഢതയുണ്ട്‌. ആദ്യമായൊരു പെണ്ണിനെ അറിയുന്നതുപോലെ.“

അയാൾ അർത്ഥം വച്ചു ചിരിച്ചു. അവൾ അതു ശ്രദ്ധിക്കാതെ പുറത്തേയ്‌ക്ക്‌ നോക്കിയിരുന്നു. കാറിൽ ഗസൽ നിറഞ്ഞു. ജീവിതത്തെക്കുറിച്ചുളള അർത്ഥം നിറഞ്ഞ വരികൾ, ബാല്യത്തിന്റേയും, പ്രണയത്തിന്റേയും, വിരഹത്തിന്റേയും ഗന്ധം നിറഞ്ഞ പാട്ടുകൾ...

നരേന്ദ്രൻ ആക്സിലേറ്ററിൽ കാലമർത്തി കാറിന്റെ ഗതിയിൽ മാത്രം ശ്രദ്ധിച്ചു.

”നിനക്കിപ്പോൾ എത്ര വയസ്സായി?“

”ഇരുപത്തിയേഴ്‌.“

ഭാര്യയുടെ വയസ്സറിയാത്ത ഭർത്താവല്ല താനെന്നു വരുത്തുംവിധം അയാൾ പാട്ടിലെ ഒരു വരി മൂളി വിളറിയ മുഖം ശരിയാക്കി.

കല്ലുകളിൽ തട്ടി കുലുങ്ങിയും, ചെമ്മണ്ണിനെ ആകാശത്തേയ്‌ക്ക്‌ പറപ്പിച്ചും കാറ്‌ ഓടിക്കൊണ്ടിരുന്നു.

രണ്ട്‌

നരേന്ദ്രനപ്പോൾ ടെലസ്‌കോപ്പിലൂടെ ആകാശം നോക്കുകയായിരുന്നു. വാൽനക്ഷത്രത്തിന്റെ വരവ്‌, മറ്റു നക്ഷത്രങ്ങളുടെ സഞ്ചാരങ്ങൾ...അയാളുടെ കണ്ണുകൾ അവളെ മറ്റൊരു നക്ഷത്രമാക്കി ടെലസ്‌കോപ്പിനു മുന്നിലേയ്‌ക്കു കൊണ്ടുപോയി.

വളവുകൾ, ഒടിവുകൾ, മിനുസം....

നരേന്ദ്രൻ മുരണ്ട്‌ പുകതുപ്പിക്കൊണ്ടൊരു ഗുഡ്‌സ്‌ ട്രെയിനായി അവളുടെ മുകളിലൂടെ കടന്നുപോയി. അവളപ്പോൾ ദിശയറിയാത്ത പാളത്തെപ്പോലെ വളവുകളും തിരിവുകളുമില്ലാതെ കിടന്നു.

അയാൾ വീണ്ടും നക്ഷത്രങ്ങളിലേയ്‌ക്ക്‌ തിരിച്ചുപോയി. അവൾ പുറത്ത്‌ കനത്തു നിൽക്കുന്ന രാത്രിയെ നോക്കി കുറച്ചുനേരം നിന്നു. അപ്പോഴാണ്‌ കഴുകിയിടാനുളള അയാളുടെ ഷർട്ടിനെപ്പറ്റി ഓർത്തത്‌, ഹാംഗറിൽ കിടന്ന്‌ ഷർട്ട്‌ ആടുമ്പോൾ അവളൊരു പപ്പടമെടുത്ത്‌ കനലിലേയ്‌ക്കിട്ടു, കരിയെല്ലാം അടുപ്പിന്റെ വക്കത്തിട്ട്‌ തല്ലിക്കളഞ്ഞു. രണ്ടു ദിവസത്തിനുമുമ്പ്‌ മൊട്ടിട്ടു കണ്ട ചെമ്പകത്തിന്റെ മൊട്ടുകളെ ടോർച്ചടിച്ച്‌ ഒന്നുകൂടെ നോക്കി. ടി.വിയിൽ നമസ്‌കാരം പറഞ്ഞ്‌ പെൺകുട്ടി ചിരിച്ചു നില്‌ക്കെതന്നെ നീലനിറത്തിലുളള കമ്പിളിപ്പുതപ്പ്‌ പുതച്ചവൾ ഉറങ്ങാൻ കിടന്നു. നരേന്ദ്രനപ്പോൾ ടെറസ്സിൽ വാൽനക്ഷത്രത്തെ കാത്തിരിക്കുകയായിരുന്നു.

മൂന്ന്‌

അക്കൊല്ലം കത്തുന്ന വേനലായിരുന്നു. ചെമ്പകമൊട്ടുകൾ കരിഞ്ഞ്‌ താഴെ വീണു. വെയിലേറ്റ്‌ അവളുടെ ഉടുപ്പുകളുടെ നിറമെല്ലാം മങ്ങിത്തുടങ്ങി.

ഒരു ദിവസം ചോറുണ്ണുമ്പോഴാണ്‌ വയറിനുളളിൽ വളരുന്ന മുകുളത്തിന്റെ അനക്കമവൾ കേട്ടത്‌. വലിയൊരു ഞെട്ടലോടെ അന്നു കഴിച്ച ചോറു മുഴുവൻ മണ്ണിലേയ്‌ക്ക്‌ ഛർദ്ദിച്ചു.

”നീ ഈ ഭൂമിയിലേക്കുളള വഴിയറിയേണ്ട, കാലുകൾ തളരും, തൊണ്ട വരളും, കണ്ണുകൾ യുദ്ധഭൂമി കണ്ടു നനയും.“

അവൾ ഛർദ്ദിയുടെ ഭൂപടത്തെ ദയനീയതയോടെ നോക്കി മനസ്സിൽ പറഞ്ഞു. പിന്നെ ഒരു തളർച്ചയോടെ ചുമർ ചാരിയിരുന്നു.

മുറിയിലേക്ക്‌ നടന്ന്‌ വളരെക്കാലങ്ങളായി അടച്ചുവെച്ചിരുന്ന ഡയറി പൊടി തട്ടിയെടുത്തു.

പേജുകൾ ഒന്നൊന്നായി മറിച്ചു.

ഒന്നാം പേജിൽ വസന്തം.

രണ്ടാം പേജിൽ ശിശിരം.

മൂന്നാം പേജോടെ വരൾച്ച.

നാലാം പേജിൽ കാമുകനോടൊപ്പം ഒളിച്ചോടിയ അമ്മയുടെ പകുതി ഭാഗം വെട്ടി മാറ്റിയ ഫോട്ടോ. പകുതിയിൽ അവൾക്കായി നല്‌കിയ സ്‌നേഹവും. വെട്ടിനീക്കിയ പകുതിയിൽ വേദനയും, അപമാനവും.

’കാഴ്‌ചയ്‌ക്ക്‌ ഇഷ്‌ടമില്ലാത്തത്‌ വെട്ടിനീക്കണം.‘ അച്ഛന്റെ ക്ഷീണിച്ച സ്വരം.

അതൊന്നും വായിക്കാനോ, കാണാനോ അല്ല അവൾ ഡയറിയെടുത്തത്‌.

അവൾ ഒരു പൂ വരയ്‌ക്കാൻ തുടങ്ങി.

കാറ്റിനൊത്ത്‌ തലയിളക്കുന്ന ഒരു നാട്ടുപൂവ്‌. വർണ്ണങ്ങൾ കോരിച്ചൊരിയാൻ ചായക്കൂട്ടുകളില്ലായിരുന്നു. അതിനടിയിലായി അവൾ എഴുതി തുടങ്ങി.

’അമ്മയുടെ മകൻ ഒരു ദിവസം ഗർഭപാത്രത്തിൽ നിന്നും പുറത്തുവരും. ഞാൻ നിനക്ക്‌ വസന്തത്തിലെ ഏറ്റവും മണമുളള പൂവിന്റെ പേരു നല്‌കും. കാറ്റേറ്റ്‌ നീ തല കുണുക്കുമ്പോൾ ആരും പറിച്ചെടുക്കാതിരിക്കാൻ സ്‌നേഹത്തിന്റെ ഇരുമ്പുവേലി കെട്ടും...‘

കുറച്ചുനേരം ആ പൂവിനെ നോക്കിയിരുന്ന്‌ പിന്നീടവൾ പൊട്ടിക്കരയാൻ തുടങ്ങി. ഒരു നിമിഷം ബോധം വീണ്ടെടുത്തുകൊണ്ട്‌ അവൾ ആ പേജു മുഴുവൻ കുത്തിവരയിട്ടു. കണ്ണുനീരും, മഷിയുംകൊണ്ട്‌ ആ പേജ്‌ കീറി തുടങ്ങി.

”അമ്മയോട്‌ ക്ഷമിക്കൂ മകനെ“ വയറിനെ നോക്കി അവൾ പറഞ്ഞു. പെയ്‌തുതീർത്ത കണ്ണുനീരിന്റെ തളർച്ചയിൽ അവൾ ഡയറിയെ കെട്ടിപ്പിടിച്ചു കിടന്നു.

കോളിങ്ങ്‌ ബെല്ലിന്റെ തുരുതുരായുളള ബെല്ലടി കേട്ടാണ്‌ ഞെട്ടി ഉണർന്ന്‌ വാതിൽ തുറന്നത്‌.

ഒരു ചിരിയോടെ നരേന്ദ്രൻ. അയാളുടെ ഷർട്ടിന്‌ പെൺ പെർഫ്യൂമിന്റെ മണം. അവൾ പുറം വെളിച്ചത്തിലേയ്‌ക്ക്‌ നോക്കാതെ വേഗം വാതിലടച്ചു.

’എന്റെ വയറ്റിൽ നമ്മുടെ കുഞ്ഞു വളരുന്നു.‘ കുറച്ചു ദിവസങ്ങളായി ഒളിപ്പിച്ചു വച്ചിരുന്ന രഹസ്യം പ്രത്യാശയോടെ അവൾ അയാളോടു പറഞ്ഞു. ഒന്നും മിണ്ടാതെ ഒരുമ്മ കൊടുത്ത്‌ വീണ്ടും അയാൾ അവാർഡിനുവേണ്ടി തീസിസ്‌ എഴുതാൻ കോണിപ്പടികൾ കയറി.

മൂന്ന്‌

ആശുപത്രിക്കിടക്കയിൽ കിടന്ന്‌ അവൾ വയർ തലോടിപ്പറഞ്ഞു. ”ഇനി നിനക്ക്‌ പുറത്തേയ്‌ക്കുളള വാതിൽ നോക്കി കാത്തു കിടക്കേണ്ട.“

നേഴ്‌സ്‌ അവളോടു പറഞ്ഞു.

”എന്തിനേ ഇതു ചെയ്‌തത്‌, ഒരു കുഞ്ഞിനെ നശിപ്പിച്ചു കളയാൻ മാത്രം പ്രാരാബ്‌ധമാണോ വീട്ടിൽ.“

അവൾ ചിരിച്ചു.

കറുപ്പും വെളുപ്പും നിറമുളള കാപ്‌സ്യൂളുകൾ ജീവിതവും മരണവും പോലെ കുപ്പികളിലിരുന്നു പല്ലിളിച്ചു.

”കറുത്ത കാപ്‌സ്യൂൾ ആണ്‌ കഴിക്കേണ്ടത്‌, വെളുത്തത്‌ ഒരു കാരണവശാലും തെറ്റി കഴിച്ചുകൂടാ. ഏഴു ദിവസം കഴിഞ്ഞു മാത്രം കേട്ടോ.“ നേഴ്‌സ്‌ ഓർമ്മിപ്പിച്ചു.

”അപ്പോൾ വെളുപ്പ്‌ നിറം കാണിച്ചു പറ്റിക്കുകയാണ്‌ അല്ലെ. കറുപ്പ്‌ നിറം കാണിച്ച്‌ അത്ഭുതപ്പെടുത്തുകയും... ഇന്ദ്രജാലക്കാരൻ!“

നേഴ്‌സ്‌ രോഗിയുടെ മാനസിക നിലയറിഞ്ഞുകൊണ്ട്‌ ദുഃഖഭാവത്തോടെ ചിരിച്ചു.

ആശുപത്രിയിൽ വലിയൊരു തുക ബില്ലടച്ചുകൊണ്ട്‌ അവൾ പുറത്തിറങ്ങവെ ലിപ്‌സ്‌റ്റിക്കിട്ട സുന്ദരി ഒരു പായ്‌ക്കറ്റും ഒരു കുല പൂവും സമ്മാനിച്ചു.

”ഇനിയും വരാം കേട്ടോ.“

അവൾ അതു വാങ്ങി ചിരിച്ചു കൊണ്ടു പറഞ്ഞു.

പെൺകുട്ടി അവൾക്ക്‌ ശുഭദിനമാശംസിച്ചു. പടികളിറങ്ങുമ്പോൾ തന്നെ അവൾക്കു ചിരി പൊട്ടിത്തുടങ്ങി.

ആദ്യം കണ്ട ഓട്ടോറിക്ഷയെ കൈകാണിച്ചു നിർത്തി. പിന്നെ ചിരിച്ചു കൊണ്ട്‌ അയാളോട്‌ പോയ്‌ക്കോളാൻ പറഞ്ഞു. അയാൾ അവളെ ക്രൂരമായൊന്നു നോക്കി.

അവൾ ചിരിച്ചു.

പിന്നീടവൾ ചിരിച്ച്‌, ചിരിച്ച്‌ റോഡു മുറിച്ച്‌ കടന്ന്‌ എല്ലാ പരസ്യ ബോർഡുകളേയും താണ്ടി കടൽപോലെ ഇരമ്പുന്ന നഗരമദ്ധ്യത്തിലേക്ക്‌ ഒരു മത്സ്യകന്യകയെപ്പോലെയിറങ്ങിപ്പോയി.

പിന്നെ ആരും അവളെ കണ്ടിട്ടേയില്ല.

സിജി വൈലോപ്പിളളി

1977-ൽ തൃപ്രയാറിനടുത്ത്‌ കഴിമ്പ്രം ഗ്രാമത്തിൽ ജനിച്ചു. അച്‌ഛൻഃ മോഹനൻ മാസ്‌റ്റർ. അമ്മഃ അനഘ ടീച്ചർ.

മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. വിദ്യാർത്ഥിയായിരിക്കുമ്പോൾ ‘വനിത കഥാ അവാർഡ്‌’, രാജലക്ഷ്‌മി സ്‌മാരക കഥാപുരസ്‌കാരം, വി.വി.ശിവകുമാർ കഥാസമ്മാനം തുടങ്ങി നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്‌.

ഇപ്പോൾ ഭർത്താവ്‌ ജോയ്‌ വൈലോപ്പിളളിയുമൊത്ത്‌ അമേരിക്കയിലെ ‘സിൻസിനാറ്റി’യിൽ താമസം.


E-Mail: sijivyloppully@hotmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.