പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

നമ്മുടെ ‘ദിശാ’ബോധങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിജു കെ.

ലേഖനം

“ഒറ്റയടിക്ക്‌ ഈ കാണുന്നതെല്ലാം-തെറ്റുകളും അസമത്വങ്ങളും ഉച്ചനീചത്വങ്ങളും ക്രൗര്യങ്ങളും അനീതികളും തുടച്ചുമാറ്റാൻ കഴിയില്ല, പരിഹാരങ്ങൾ കണ്ടെത്താനുമാകില്ല. ഇന്നതു ചെയ്യൂ ഞാൻ നിങ്ങൾക്കൊരു സ്വർഗ്ഗരാജ്യം തരാം എന്നുപറയുന്ന മതപ്രഭാഷകനല്ല കലാകാരൻ. ഈ മരുന്നു കഴിച്ചോളൂ നിങ്ങളുടെ എല്ലാ രോഗവും മാറും എന്നു പറയുന്ന സിദ്ധവൈദ്യനുമല്ല. നേരെമറിച്ച്‌ ഇതാ ഇങ്ങനെയൊക്കെയുളള മഹാവിപത്തിന്റെ നടുവിലാണ്‌ നാം നിൽക്കുന്നത്‌, അനേകം രോഗാണുക്കൾ ഈ സമൂഹമാകുന്ന ശരീരത്തിലേയ്‌ക്ക്‌ കയറിപ്പറ്റിയിട്ടുണ്ട്‌ എന്നതിനെപ്പറ്റി ബോധ്യപ്പെടുക, അതേക്കുറിച്ച്‌ ഒരു ഉത്‌ക്കണ്‌ഠയുണ്ടാവുക, അത്‌ മറ്റുളളവരുമായി പങ്കിടുക. ഇതാണ്‌ ഒരു ചലച്ചിത്രകാരന്റെ, കലാകാരന്റെ, എഴുത്തുകാരന്റെ പ്രതിബദ്ധതയായി ഞാൻ സങ്കൽപ്പിക്കുന്നത്‌.” (എം.ടി. വാസുദേവൻനായർ, ശബ്‌ദരേഖ, ഹരിതം ബുക്‌സ്‌)

അത്തരം ഉത്‌ക്കണ്‌ഠകളും തിരിച്ചറിവുമാണ്‌ സി.വി. ബാലകൃഷ്‌ണൻ ‘ദിശ’ എന്ന നോവലിലൂടെ വായനക്കാരുമായി പങ്കുവയ്‌ക്കാൻ ശ്രമിക്കുന്നത്‌. ആസുരമായ പുതിയ കാലത്തിന്റെ, ഇന്റർനെറ്റ്‌ യുഗത്തിന്റെ സാമൂഹ്യ മനഃശാസ്‌ത്രം സൂക്ഷ്‌മതയോടെ നിരീക്ഷിക്കുകയാണ്‌ ‘ദിശ’യിൽ.

എല്ലാത്തരം സാമൂഹികവ്യാപാരങ്ങളെയും ഉൾക്കൊളളുന്ന വ്യാപകവും ആഴത്തിലുളളതുമായ അർത്ഥത്തിലാണ്‌ രാഷ്‌ട്രീയം എന്ന പദംകൊണ്ട്‌ വായനക്കാർ അർത്ഥമാക്കുന്നതെങ്കിൽ ‘ദിശ’യുടെ രാഷ്‌ട്രീയമാനങ്ങൾ പഠനവിധേയമാക്കേണ്ടതുണ്ട്‌. കാലിക യാഥാർത്ഥ്യങ്ങളെ മുൻനിർത്തി ‘ദിശ’ എന്ന നോവലിനെ നിരീക്ഷിക്കാനുളള ഒരു ശ്രമമാണിത്‌. ചീത്തക്കാലങ്ങളിൽ ചീത്തക്കാലത്തിന്റെ കവിതയുണ്ടാകുമെന്നാണല്ലോ കവിവചനം. ‘ദിശ’ ചീത്തക്കാലത്തിന്റെ സ്‌പന്ദനങ്ങളെ തിരിച്ചറിയുന്നുണ്ട്‌.

പ്രത്യയശാസ്‌ത്രത്തിന്റെ പുതിയ ‘സാധ്യത’കൾ

1. “ഒരു താണയിനം സിഗരറ്റ്‌ പുകച്ചുകൊണ്ട്‌ ഇടതുപക്ഷത്തിന്‌ നിർണ്ണായക സ്വാധീനം കൈവരിയ്‌ക്കാനായ വൃത്തിഹീനമായ ഒരു തെരുവിലൂടെ അവൻ നടന്നു. പാതയോരങ്ങളിൽ നിറം മങ്ങിയ ചുവപ്പുകൊടികൾ. അവയിലൊന്നിന്‌ ചുവട്ടിൽ നിന്നു നഗ്‌നയായി ഒരു പെൺകുട്ടി കരഞ്ഞു. മറ്റൊന്നിന്‌ കീഴെയിരുന്ന്‌ ഒറ്റക്കാൽ മാത്രമുളള ഒരു വൃദ്ധൻ വഴിപോക്കരുടെ നേർക്ക്‌ രണ്ടു കൈയ്യും നീട്ടി. ദീപക്‌ മുന്നോട്ടുപോയി. തെരുവിന്റെ അറ്റത്ത്‌ കോൺക്രീറ്റിൽ നിർമ്മിച്ച അരിവാളും ചുറ്റികയും.”

2. “സവിശേഷമായ കൗതുകത്തോടെ ശിവസ്വാമി റഷ്യൻ പെൺകുട്ടികളുടെ ചടുലചലനങ്ങൾ നിരീക്ഷിച്ചു. അരങ്ങിനുമുമ്പിൽ ഹർഷാരവം മുഴങ്ങി. അരങ്ങ്‌ ധൂമിലമായി. റഷ്യൻ പെൺകുട്ടികൾ പ്രേക്ഷകർക്ക്‌ പുറംതിരിഞ്ഞു നിന്ന്‌ തങ്ങളുടെ മേൽവസ്‌ത്രം ഉയർത്തിക്കാട്ടി.” (ദിശ, സി.വി.ബാലകൃഷ്‌ണൻ)

‘ദിശ’ എന്ന നോവൽ സംഭവിക്കുന്ന കസബയിലെ ചുവപ്പുകൊടികളുടെ നിറം മങ്ങിയിരിക്കുന്നു. അവയ്‌ക്കുകീഴെ പെൺകുട്ടിയുടെ ചാരിത്രവും മുടന്തന്റെ ദാരിദ്ര്യവും നിലവിളിക്കുന്നു. മറ്റൊരു ദൃശ്യം, കമ്മ്യൂണിസ്‌റ്റ്‌ ‘നേതാവ്‌’ ശിവസ്വാമിയ്‌ക്ക്‌ ഏറെയിഷ്‌ടം റഷ്യൻ സുന്ദരികളുടെ അംഗവടിവും ചടുലചലനങ്ങളുമാകുന്നു എന്നതാണ്‌. അധികാരികൾക്ക്‌ പെണ്ണു കൂട്ടികൊടുക്കുന്ന റോസ്‌ലിൻ മാത്യുവിന്റെ ബ്യൂട്ടിപാർലർ ഉദ്‌ഘാടനം ചെയ്യാൻ ശിവസ്വാമി എത്തുമ്പോൾ നോവലിസ്‌റ്റ്‌ ഇങ്ങനെ എഴുതുന്നു.

“കസബയുടെ ചരിത്രത്തിലെ ഏറ്റവും രസകരമായ ഒരു ഘട്ടമാണത്‌.” അധികാര മോഹത്താൽ, ദിശാബോധം നഷ്‌ടപ്പെട്ട ‘പ്രത്യയശാസ്‌ത്ര സംരക്ഷകരെ’ ഒട്ടൊന്നുമല്ല ‘ദിശ’ എന്ന സൃഷ്‌ടി വേദനിപ്പിക്കുന്നത്‌. അടിസ്ഥാനവർഗ്ഗത്തിന്‌ പ്രത്യാശയുടെ കടുംവർണ്ണങ്ങൾ നൽകിയ പ്രത്യയശാസ്‌ത്രത്തിന്‌ കാലിക സമൂഹത്തിൽ നേരിട്ട ദുരന്തങ്ങളും മൂല്യത്തകർച്ചയും തിരിച്ചറിയുകയും അതിനെക്കുറിച്ച്‌ ഉത്‌​‍്‌ക്കണ്‌ഠപ്പെടുകയും ചെയ്യുകയാണ്‌ നോവലിസ്‌റ്റ്‌. കമ്മ്യൂണിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രങ്ങൾ അതാതുകാലത്തെ അധികാര-ഭരണവർഗ്ഗത്തിന്റെ താത്‌പര്യങ്ങൾക്ക്‌ അനുസൃതമായി വ്യാഖ്യാനിക്കപ്പെടുകയും അടിസ്ഥാനവർഗ്ഗത്തിന്‌ മുമ്പിലേക്ക്‌ യാഥാർത്ഥ്യങ്ങൾക്ക്‌ പകരം ചീഞ്ഞുനാറുന്ന ന്യായീകരണങ്ങളോടെ വികലീകരിക്കപ്പെട്ട പ്രത്യയശാസ്‌ത്രബോധം വച്ചു നീട്ടുകയും ചെയ്യുമ്പോൾ മാർക്‌സിനും ഏഗംൽസിനും സംഭവിച്ചുകൊണ്ടിരിക്കുന്ന കൊടിയ ദുരന്തത്തിലേക്ക്‌ ‘ദിശ’യുടെ ആദ്യഭാഗം വിരൽ ചൂണ്ടുന്നുണ്ട്‌. വേലുണ്ണിയുടെ നിരാശ ഒരു ജനതയുടെ ആകെ നിരാശയാകുന്നു. ‘വലിഞ്ഞു മുറുകുന്നലോകം’ എന്ന അധ്യായത്തിൽ കക്ഷിരാഷ്‌ട്രീയത്തിലെ അവസരവാദികളെ ചക്കിലിയന്മാരോട്‌ ഉപമിക്കുന്നുണ്ട്‌. (കന്നുകാലികളും മറ്റും മരിച്ചാൽ ഓടിയെത്തി അവയുടെ മൃതശരീരം ഭക്ഷിക്കാനായി ആഘോഷത്തോടെ എഴുന്നളളിച്ചു കൊണ്ടുപോകുന്നവരാണ്‌ ചക്കിലിയന്മാർ). ക്യാമ്പസിലുളളപ്പോൾ വേശ്യകളോടും ദരിദ്രരോടും അനുകമ്പ പ്രകടിപ്പിച്ചിരുന്ന യുവാവ്‌ ഏറെക്കാലത്തിനുശേഷം തന്റെ ‘തെറ്റ്‌’ തിരിച്ചറിയുകയും തന്റെ അച്‌ഛന്റെ വഴി പിന്തുടർന്ന്‌ ബിസിനസ്സുകാരനാവുകയും ചെയ്യുന്നു. ദീപക്‌ എന്ന കഥാപാത്രം അയാളോട്‌ ചോദിക്കുന്ന ചോദ്യം വളരെ പ്രസക്തമാകുന്നു.

“നീ വിപ്ലവം സ്‌പോൺസർ ചെയ്യുമോ?” എന്ന ചോദ്യത്തിലൂടെ വ്യക്തമാകുന്നത്‌ വിപ്ലവത്തിന്റെ എല്ലാ സമരായുധങ്ങളും മെരുക്കിയെടുത്ത്‌ തങ്ങൾക്കനുകൂലമാകുന്ന സാമ്രാജ്യത്വ ശക്തികൾക്ക്‌ ഇവിടുത്തെ എല്ലാ വിപ്ലവകാരികളും വഴങ്ങിയിരിക്കുന്നു എന്ന യാഥാർത്ഥ്യമാണ്‌.

സ്‌ത്രീ, അധികാരം, മാധ്യമങ്ങൾ

1. “ആൻമേരിയുടെ കഥയാകട്ടെ വേലുണ്ണിയുടെയോ ദീപക്കിന്റെയോ കഥയാകട്ടെ; അവയൊന്നും സരളവും ഋജുവുമല്ല. അവയിൽ തെളിനീരരുവികളും ഇളവെയിലും മഴവില്ലുകളുമില്ല. അവയിലൂടെ ബാഹ്യശക്തികൾ ധാർഷ്‌ട്യത്തോടെ കയറിയിറങ്ങുന്നത്‌ നമ്മൾ കാണുന്നു. അധികാരത്തിന്റെ വന്യമായ മുഴക്കം നമ്മൾ കേൾക്കുന്നു.” (ദിശ, സി.വി.ബാലകൃഷ്‌ണൻ)

അധികാരവും മതവും രാഷ്‌ട്രീയവും തമ്മിലുളള ജുഗുപ്‌ത്‌സാവഹമായ വേഴ്‌ചയിൽ ഞെരിഞ്ഞമരുന്ന സാധാരണ ജനതയുടെ ദാരുണചിത്രം ‘ദിശ’യിൽ നമുക്ക്‌ കാണാം. ആഗോളീകരണവും മറ്റും നമ്മെ നിരന്തരം ഭയാനകമായ ഒരു സാഹചര്യത്തിലേക്ക്‌ തളളിനീക്കിക്കൊണ്ടിരിക്കുന്നു. നോവലിലെ നാടകപ്രവർത്തകനായ കഥാപാത്രം ദർവേശ്‌ പറയുന്നത്‌ ശ്രദ്ധിക്കുക.

“നിങ്ങൾ ചിരിക്കുന്നു. പുറന്തോടില്ലാതെ ഉൾവലിയാനാവാതെ സർവ്വവിധ ആപത്തുകൾക്കും വിധേയമാകാൻ വിധിക്കപ്പെട്ട ആ പാവം ജീവി നിങ്ങളെ ചിരിപ്പിക്കുന്നു. നല്ലതുതന്നെ. ആ ജീവിയെക്കാൾ മെച്ചമായ അവസ്ഥയിലല്ല നമ്മളാരും.”

ദർവേശിന്റെ വാക്കുകൾക്കൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊന്നുണ്ട്‌-ദീപക്കിന്റെ ആത്‌മഗതങ്ങൾ. ഭീതിദമായ ഒരു കാലത്തിൽ ഒരു സാധാരണ മനുഷ്യനുണ്ടാകുന്ന വിഹ്വലതകളാണ്‌ ഇവയിൽ രണ്ടും.

ആരൊക്കെയോ നമ്മെ ഭയപ്പെടുത്തുന്നുവെന്നും വഞ്ചിക്കുന്നുവെന്നും നമ്മുടെ ചെറിയ ഹൃദയങ്ങൾ പുറത്തേയ്‌ക്കിറങ്ങുമ്പോൾ തിരിച്ചെത്തുമെന്ന്‌ നമുക്കുറപ്പില്ലാതെയാകുന്നു എന്നുമൊക്കെയുളള ഭീതി നമ്മുടെയൊക്കെ ഉളളിൽ നിറയുന്നുണ്ട്‌. 20-​‍ാം അധ്യായത്തിൽ നോവലിസ്‌റ്റ്‌ വായനക്കാരോട്‌ എന്നപോലെ ചോദിക്കുന്നു.

“നമ്മൾ ഇത്രയേറെ നിസ്സഹായരായിത്തീർന്നതെങ്ങനെയാണ്‌? നമ്മുടെ വ്യസനം ആരാണ്‌ തൂക്കിനോക്കുക?”

സക്കറിയ ഒരിക്കൽ മാധ്യമങ്ങളെക്കുറിച്ച്‌ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി.

“മാധ്യമങ്ങൾ എപ്പോഴും മധ്യ-ഉന്നതവർഗ്ഗ പ്രസ്ഥാനങ്ങളാണ്‌. ആ വർഗ്ഗത്തോടനുബന്ധിച്ച പരിഗണനകൾക്കും ആവശ്യങ്ങൾക്കും പുറത്തു കിടക്കുന്ന മേഖലകൾ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം വിദൂരങ്ങളായ ഒരുതരം വാർത്താപുഷ്‌ടി പ്രദേശങ്ങൾ മാത്രമാണ്‌.” (ശബ്‌ദരേഖ, ഹരിതം ബുക്‌സ്‌)

‘ദിശ’യിലെ ജേക്കബ്‌ ചെറിയാൻ എന്ന ‘മാധ്യമ മുതലാളി’ ഈ പ്രസ്താവന അന്വർത്ഥമാക്കുന്നുണ്ട്‌. സ്‌ത്രീകളെ മാത്രം അഭിസംബോധന ചെയ്യുന്ന തന്റെ പ്രസിദ്ധീകരണത്തിൽ ജേക്കബ്‌ ചെറിയാൻ ഒരിക്കലും ദുഃഖം അനുവദിക്കുകയില്ല.

ഉന്മാദം പിടിപ്പെട്ട ശുഷ്‌ക ശരീരങ്ങളുളള സ്‌ത്രീകളെ അയാൾക്ക്‌ വേണ്ട. അനാകർഷകമായ സ്‌ത്രീ ശരീരത്തിന്‌ അയാൾ തരിമ്പും വില കൽപ്പിക്കുന്നില്ല. ശിവസ്വാമി കവർന്നെടുത്ത തന്റെ ചാരിത്രത്തെക്കുറിച്ചോർത്ത്‌ റോസ്‌ലിൻ മാത്യുവിന്റെ മുറിയിൽ മൗനമായി കരയുന്ന റോസ എന്ന യുവതിയോട്‌ റോസ്‌ലിൻ പറയുന്നത്‌ ശ്രദ്ധിക്കുക.

“സാരമില്ല, ഒന്നു കുളിച്ചോളൂ. സോപ്പും ബാത്‌ടവ്വലും ഒക്കെ അവിടെയുണ്ട്‌.”

റോസയുടെയും ആൻമേരിയുടെയും ശ്രീബാലയുടെയും ജീവിതാവസ്ഥകളിലൂടെ വരച്ചിടുന്ന പുതിയ കാലത്തിലെ സ്‌ത്രീയുടെ ചിത്രം ഇതുവരെ നാം കൈവരിച്ച(?) സാംസ്‌കാരികവും ചിന്താപരവുമായ നമ്മുടെ എല്ലാ ‘വളർച്ച(?)’കളെയും ഒഴുക്കിക്കളയുന്നു.

ജീവിതം, ഇന്റർനെറ്റ്‌, സ്വകാര്യതഃ

വിവര സാങ്കേതികവിദ്യയുടെ അഭൂതപൂർവ്വമായ വളർച്ച മലയാളി ജീവിതത്തിന്‌ സമ്മാനിച്ചതെന്താണ്‌? അർദ്ധരാത്രിയിൽ ഉറക്കം തൂങ്ങിയിരുന്ന്‌ വെബ്‌സെറ്റുകളിലൂടെ സഞ്ചരിക്കുന്ന ഭർത്താവ്‌ തൊട്ടടുത്തിരിക്കുന്ന ഭാര്യയെ കാണുന്നതേ ഇല്ല. വെബ്‌സെറ്റിലൂടെ സഞ്ചരിക്കുമ്പോൾ അയാളുടെ മുഖം ഏതോ ഒരു ആഭിചാരക്രിയ ചെയ്യുന്നതുപോലെയുണ്ടെന്ന്‌ നോവലിസ്‌റ്റ്‌ കണ്ടെത്തുന്നുണ്ട്‌.

നമ്മുടെ ജീവിതത്തിന്റെ സ്വകാര്യത എവിടെയോ കൈമോശം വന്നുപോയിരിക്കുന്നു.

“നമുക്ക്‌ ഈ നൂതന യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാതെ വയ്യ. ഒരാൾ മറഞ്ഞിരുന്ന്‌ നമ്മെ വീക്ഷിക്കുന്നു. കട്ടിലിന്‌ കീഴെയാവാം, തിരശ്ശീലയ്‌ക്കും ഭിത്തിയ്‌ക്കും ഇടയിലാവാം, തട്ടിൻപുറത്തോ സ്‌റ്റോർമുറിയിലോ ഗോവണി ചുവട്ടിലോ ആവാം.” (225-​‍ാം പുറം)

അനിഷ്‌ടകരമായ ഒരു സത്യമാണ്‌ നോവലിസ്‌റ്റ്‌ പറഞ്ഞുവയ്‌ക്കുന്നത്‌. നമ്മുടെ സ്വകാര്യതകളിൽ ആരുടെയൊക്കെയോ ഇടപെടലുകൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്‌. ബൈക്ക്‌ വാങ്ങിക്കുവാൻ സമ്മതിക്കാത്തതിനാൽ ചെറുമകൻ, അമ്മൂമ്മയെ കൊലചെയ്യുക (നോവലിൽ ഇത്‌ സംഭവിക്കുന്നുണ്ട്‌), ചാനൽ മാറ്റുന്നതിൽ ദേഷ്യപ്പെട്ട്‌ ചേച്ചിയെ കുത്തിക്കൊല്ലുന്ന അനുജത്തി (നോവലിലില്ല)... പിന്നേയും നമ്മുടെ ഒരുപാട്‌ ‘കഴിവു’കൾ നമ്മെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു.

ജീവിതത്തിന്റെ പൊളളുന്ന ഷോട്ടുകളിലൂടെയാണ്‌ നോവൽ വികസിക്കുന്നത്‌. ആരെയും ചിന്താകുലരാക്കുന്ന ഒരു തിരിച്ചറിവിലാണ്‌ നോവൽ അവസാനിക്കുന്നത്‌.

“എല്ലായിടത്തും തീപോലെ വെയിൽ ആളുന്നുണ്ടായിരുന്നു. ഇവിടെ ജീവിക്കുക എന്നത്‌ എളുപ്പമല്ല.” ആൻമേരിയുടെ ഈ ആത്മഗതത്തോട്‌ വായനക്കാർക്ക്‌ യോജിക്കാതിരിക്കാൻ കഴിയില്ല. സ്‌നേഹരാഹിത്യത്തിന്റെ വെയിൽ നമുക്കിടയിൽ തീപോലെ പടരുന്നുണ്ട്‌.

ബിജു കെ.

കുന്നോത്ത്‌, ചുഴലി. പി.ഒ., തളിപ്പറമ്പ്‌ വഴി, കണ്ണൂർ - 670141


Phone: 04602260800
E-Mail: biju_tempest@yahoo.co.in
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.