പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

സോദോം നഗരത്തിലെ ആദാം.....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രഘുനായർ

കഥ

ചാറ്റ്‌റൂമിന്റെ ജാലകം തുറന്നപ്പോൾ അന്നും നീലപ്പക്ഷി ഓൺലൈനിലുണ്ടായിരുന്നു. ഇന്നലെ ഏറെ നേരം സംസാരിച്ചതാണ്‌. തമ്മിൽ കാണാതെ, പരിചയപ്പെട്ട ഈ നീലപ്പക്ഷി വിരസമായ പകലുകളിലെ പതിവു രസമായി മാറിയിരിക്കുന്നു. ഏതു വിഷയത്തിലും ഹ്യൂമർ കണ്ടെത്തുന്നയാൾ. പരസ്‌പരം ചോദ്യങ്ങൾ ചോദിച്ച്‌ അറിയാതെ ആത്‌മാവിലലിഞ്ഞ സുഹൃത്ത്‌.

എന്നെ ഓൺലൈനിൽ കണ്ടതോടെ പതിവുപോലെ നർമ്മത്തിൽ പൊതിഞ്ഞ്‌ ചോദ്യം തുടങ്ങിയിരിക്കുന്നു.

“ആദ്യത്തെ മനുഷ്യനായ ആദാമിനില്ലാതിരുന്നതെന്ത്‌?” ഞാൻ ഉത്തരത്തിനു പരതുകയായിരുന്നു. ദൈവം സ്വന്തമായുണ്ടായിരുന്നവന്‌ ഇല്ലാതിരുന്നതെന്തായിരിക്കാം. ആദമിനു സ്വപ്‌നങ്ങളുണ്ടായിരുന്നോ? മോഹങ്ങൾ എന്നു പറഞ്ഞാലോ? സുല്ലിട്ടു പിൻമാറി.

“പൊക്കിൾ”. ഗർഭപാത്രമെന്ന തടവറയിൽ കിടക്കാതെ നേരിട്ടു തോട്ടത്തിലെത്തിയ ആദത്തിന്‌ പൊക്കിളുണ്ടായിരുന്നില്ല. വിശദീകരണവും തൊട്ടുപിന്നാലെയെത്തി.

“ആദമിന്റെ ബാല്യത്തെക്കുറിച്ചു വിശദീകരിക്കാമോ?” എന്റെ മറുചോദ്യത്തിനു മറുപടി വന്നില്ല. വളർന്നുയർന്ന മനുഷ്യനായി ജനിച്ചവൻ, വാരിയെല്ലു കൊടുത്തു ഇണയെ നേടിയവർ, വിലക്കപ്പെട്ട കനി ഭക്ഷിച്ചു നാണമറിഞ്ഞവൻ, ദൈവശാപമേറ്റവൻ. ഇതിനപ്പുറത്തൊന്നും നീലപ്പക്ഷിക്കറിവില്ലെന്നു സമ്മതിച്ചു. നീലപ്പക്ഷിയുടെ ഹ്യൂമറിന്റെ തൂവൽസ്പർശം എന്നിൽ ചിരിയുടെ കുളിരു പകർന്നു. ചോദ്യങ്ങൾ വീണ്ടും വന്നുകൊണ്ടേയിരുന്നു.

“സ്വർഗ്ഗസമാനമായ ഏദൻതോട്ടത്തിൽ ആദമും ഹവ്വയും പ്രകൃതിയുടെ വിളിക്ക്‌ ഉത്തരം കൊടുത്തിരുന്നതെവിടെ? അവിടെ ടോയ്‌ലറ്റുണ്ടായിരുന്നോ?”

“അയ്യേ നാസ്‌റ്റി.... എന്നെ വെറുതെ വിട്ടേര്‌.” അപേക്ഷയോടെ ഞാൻ പിൻമാറി. ഇതുപറയുമ്പോൾ ഇന്നലത്തെ അവസാന ചോദ്യമായിരുന്നു മനസ്സിൽ. അജ്‌ഞ്ഞാനവാസകാലത്ത്‌ അർജുനൻ ബൃഹന്ദളയായപ്പോൾ “സെക്ഷ്വൽ ഓറിയന്റേഷൻ” എന്തായിരുന്നു? മാംസാനുരാഗ വിവശനായാൽ ഏതെങ്കിലും പുരുഷനെ പ്രാപിക്കുമായിരുന്നോ?“ അങ്ങേ വൻകരയിലെങ്ങോയിരുന്നു ചിറകു ചിക്കുന്ന ഈ നീലപ്പക്ഷിക്ക്‌ മഹാഭാരതത്തിലെ കഥാപാത്രങ്ങൾ ഇത്രകണ്ടു പരിചിതമോ? അത്ഭുതവും ചിരിയും എന്നെ തോൽപ്പിച്ചു.

ചിരിച്ചുകൊണ്ടു തോറ്റുകൊടുക്കുന്നത്‌ ഒരു രസമായി തോന്നി. വീണ്ടും വീണ്ടും ആ തോൽവി ആഗ്രഹിക്കുന്നതുപോലെ. നീലപ്പക്ഷി ചോദ്യങ്ങൾ തുടരുന്നു.

”സോദോം നഗരത്തിലെ ആദാമുകൾക്ക്‌ ശാപമേറ്റതെന്തിന്‌?“

ബൈബിളിലെനിക്കുളള പരിമിതജ്‌ഞ്ഞാനം തുറന്നു സമ്മതിച്ചു. പുരുഷനെ കാമിക്കുന്ന പുരുഷൻമാരുടെ പറുദീസയായിരുന്ന സോദോം നഗരവാസികളുടെമേൽ അശനിപാതമുണ്ടായ കഥ നീലപ്പക്ഷി നർമ്മത്തിൽ വിവരിച്ചു. ആ കഥകൾ കേട്ട ശേഷം ഞാൻ ലോഗ്‌ ഔട്ടായി.

അടുത്ത ദിവസം ചോദ്യങ്ങളും കഥകളും കാടുകയറുന്ന വേളയിലെങ്ങോ നീലപ്പക്ഷി ചോദിച്ചു.

”നമ്മൾക്കു തമ്മിൽ കണ്ടുകൂടേ... തമ്മിൽ കാണാതെ എന്നുമിങ്ങനെ..“

നീലപ്പക്ഷി നർമ്മം വിട്ടു സംസാരിക്കുന്നതുപോലെ. ചാറ്റ്‌ റൂമിലൂടെ നിർത്താതെ ചിലയ്‌ക്കുന്ന പക്ഷിയെ നേരിൽ കാണുവാൻ ഞാനും ആഗ്രഹിക്കുന്നു. വലിയ രണ്ടു വൻകരകളിലിരുന്ന്‌ ഹൃദയം കൊണ്ടു സംസാരിക്കുന്നവർ. ഭൂമിശാസ്‌ത്രത്തിന്റെ അതിരുകൾ അറിയാതെ ആത്മാവു തൊട്ടറിഞ്ഞവർ.

”എനിക്കു വെബ്‌ക്യാമറയുണ്ട്‌. താങ്കൾക്കോ?“

”ഉണ്ട്‌.“ വെബ്‌ക്യം വഴി നീലപ്പക്ഷിയെ കാണാമെന്ന്‌ ഉറപ്പു കൊടുത്തിട്ടു ഞാൻ ക്യാമറ കമ്പ്യൂട്ടറിൽ ഘടിപ്പിച്ചു പക്ഷിയെ ക്ഷണിച്ചു. നീലപ്പക്ഷി ക്യാമറയ്‌ക്കുമുൻപിൽ വർണ്ണത്തൂവൽ വിരിച്ചുനിന്നു.

ഉറച്ച ശരീരവും കുറ്റിത്താടിയും ഉളള മധ്യവയസ്‌കനാണ്‌ ഈ നീലപ്പക്ഷി. ഞാൻ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട ആകാരം. ക്യാമറയിലൂടെ ഭാവങ്ങൾ കൈമാറി ഞങ്ങൾ മണിക്കൂറുകളോളം സൗഹൃദം ഊട്ടിയുറപ്പിച്ചുകൊണ്ടേയിരുന്നു. ക്രമേണ നീലപ്പക്ഷിയുടെ ഹാസ്യരസം ശൃംഗാരത്തിലേക്കു വഴുതാൻ തുടങ്ങിയ നിമിഷത്തിനിടെ തീവ്രഭാവത്തോടെ നീലപ്പക്ഷി അപേക്ഷിച്ചു.

”താങ്കൾ എനിക്കുവേണ്ടി ക്യാമറയുടെ മുൻപിൽ നഗ്‌നനാകാമോ?“

അപ്രതീക്ഷിതമായ ചോദ്യം എന്നെ സ്‌തബ്‌ധനാക്കി. ഉന്മാദഭാവത്തോടെ നീലപ്പക്ഷി അപേക്ഷിക്കുന്നതു എനിക്കു മോണിട്ടറിൽ കാണാമായിരുന്നു.

”ഇതൊരു അപേക്ഷയാണ്‌, ഒരുതവണ മാത്രം. പ്ലീസ്‌“ ഞാൻ വൈക്ലബ്യം ഉളളിലൊതുക്കി വിരലുകൾ ചലിപ്പിച്ചു.

”അപ്പോൾ താങ്കളും സോദോം നഗരത്തിലെ ആദമാണോ“ ഉത്‌കണ്‌ഠയ്‌ക്കുടനെ ”അതെ“യെന്ന മറുപടിയും വന്നു.

അറിയാതെ സ്‌നേഹിച്ചുപോയ നീലപ്പക്ഷിയുടെ ആഗ്രഹം യാചനയിൽ മുങ്ങിയ നിർബന്ധമായി മാറാൻ തുടങ്ങിയപ്പോൾ വെറുപ്പിക്കാൻ മനസ്സു തോന്നിയില്ല. എന്റെ വിരലുകൾ കുപ്പായക്കുടുക്കുകളിലേക്കു വളർന്നു. നേരിയ ഇരുട്ടുപരന്ന മുറിയിൽ മോണിട്ടറിന്റെ വെളിച്ചത്തിൽ ഞാൻ നീലപ്പക്ഷിയുടെ മോഹത്തിനായി ക്യാമറക്കു മുന്നിൽ നിന്നുകൊടുത്തു. വെബ്‌ക്യം ആ പ്രതിരൂപങ്ങൾ അങ്ങേക്കരയിലെ നീലപ്പക്ഷിയുടെ മോണിട്ടറിലേക്കു സന്നിവേശിപ്പിക്കുമ്പോൾ പക്ഷിയിലുണരുന്ന അവാച്യാനുഭൂതി എനിക്ക്‌ സ്‌ക്രീനിൽ കാണാമായിരുന്നു.

”താങ്കൾ എന്നെ ഇതുപോലെ കാണാൻ ആഗ്രഹിക്കുന്നുവോ?“

”വേണ്ട, ഞാൻ താങ്കളിലെ നർമ്മത്തെയാണിഷ്‌ടപ്പെട്ടത്‌“ എന്റെ ഉത്തരം വൻകരയിലേക്കെത്തും മുൻപേ അയാൾ ക്യാമറക്കുമുൻപിൽ നഗ്‌നനാകുന്നതു ഞാൻ കണ്ടു.

അയാൾ വീണ്ടുമെഴുതി.

”ദൈവശാപമേറ്റ സോദോം നഗരവാസിയാണു ഞാൻ.“

സത്യമാണു പറയുന്നത്‌ എന്നു ബോദ്ധ്യപ്പെടുത്താനായി നീലപ്പക്ഷി ക്യാമറ തന്റെ ശരീരഭാഗത്തെ മുഴകളിലേക്കും മുറിവുകളിലേക്കും മാറ്റി മാറ്റി കാണിക്കവേ ചാറ്റ്‌ ജാലകത്തിൽ അയാളുടെ സന്ദേശം വീണ്ടും തെളിഞ്ഞുകൊണ്ടേയിരുന്നു.

”ഞാൻ പോസിറ്റീവ്‌ ആണ്‌. വിലക്കപ്പെട്ട കനി ഭക്ഷിച്ചവൻ.“

”സോദോമിലെ പറുദീസയിലലിഞ്ഞു ചേർന്നവൻ.“

വിരലുകൾ പെട്ടെന്നു ചലിക്കാൻ മറന്നുപോയതുപോലെ സ്‌തബ്‌ധനായി. മുറിയിൽ നിന്നും ഇരുട്ട്‌ എന്റെ കണ്ണുകളിലേക്കു പടർന്നു. നീലപ്പക്ഷി അപ്പോഴും ചിലക്കുകയായിരുന്നു.

”എന്നെ ഭയക്കാതിരിക്കുക, ഈ വൈറസുകൾ കമ്പ്യൂട്ടറിലൂടെ പകരുകയില്ല.“

”ശാപമേറ്റവനെ ശപിക്കാതിരിക്കുക“ വേദനയുടെ വിങ്ങൽ വാക്കുകളിൽ മുഴച്ചുനിൽക്കുന്നു.

ഒരു മറുവാക്കു പറയാനുളള മാന്യതപോലും കാട്ടാതെ ഞാൻ ക്യാമറയുടെ ബന്ധം വിച്ഛേദിച്ച്‌ ചാറ്റ്‌ റൂമിൽ നിന്നും ലോഗ്‌ ഓഫായി. കമ്പ്യൂട്ടർ ഷട്ട്‌ ഡൗൺ ചെയ്‌തു. മരവിച്ച വിരലുകളാൽ എന്റെ കുപ്പായക്കുടുക്കുകൾ നേരെയാക്കി ഇരുട്ടിലേക്കിറങ്ങി. അങ്ങേക്കരയിലെങ്ങോ ഇരുട്ടിലെവിടെയോ നിന്ന്‌ ഒരു വിലാപം പോലെ നീലപ്പക്ഷി എനിക്ക്‌ ഓഫ്‌ലൈൻ മെസേജ്‌ അയയ്‌ക്കുന്നുണ്ടാകാം.

രഘുനായർ

ആലപ്പുഴ ജില്ലയിലെ കാരിച്ചാലിൽ ജനനം. ഇപ്പോൾ കുവൈറ്റിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി പ്രവർത്തിക്കുന്നു.

വിലാസം

വൈഷ്‌ണവം,

ആനാരി, ചെറുതന,

ഹരിപ്പാട്‌, ആലപ്പുഴ.


E-Mail: nairraghu@hotmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.