പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ആരോഗ്യം > കൃതി

ധാർമ്മികബോധവും മാനസികാരോഗ്യവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോൺ മുഴുത്തേറ്റ്‌

ലോകപ്രശസ്‌ത ശാസ്‌ത്രജ്ഞനായിരുന്ന ആൽബർട്ട്‌ ഐസ്‌റ്റിൻ ഒരിക്കൽ പറഞ്ഞു “ നിങ്ങൾ ഒരു വിജയിയാവാൻ ശ്രമിക്കുന്നതിനു പകരം മൂല്യബോധമുള്ള ഒരു വ്യക്തിയാവാൻ ശ്രമിക്കുകയാണ്‌ വേണ്ടത്‌.

ധാർമ്മികബോധത്തിന്റെ അഭാവം മനുഷ്യന്‌ മാരകമായിരിക്കുമെന്ന്‌ മഹാത്മഗാന്ധി മുന്നറിയിപ്പ്‌ നല്‌കി.

ജോലി ചെയ്യാതെയുള്ള ധനം

മനഃസാക്ഷിയില്ലാത്ത ആനന്ദം

സ്വഭാവമില്ലാത്ത അറിവ്‌

ധാർമ്മികതയില്ലാത്ത ബിസിനസ്‌

മനുഷ്യത്വമില്ലാത്ത ശാസ്‌ത്രം

തത്ത്വാധിഷ്‌ഠിതമല്ലാത്ത രാഷ്‌ട്രീയം

അർപ്പണമില്ലാത്ത മതം.

ഇവയാണ്‌ ഗാന്ധിജി ചൂണ്ടിക്കാട്ടിയ ഏഴു മാരകപാപങ്ങൾ.

ഗാന്ധിജിയുടെയും ഐൻസ്‌റ്റീന്റെയും ഉപദേശങ്ങൾ ധാർമ്മികതയ്‌ക്കും മൂല്യങ്ങൾക്കും ജീവിതത്തിലുള്ള പ്രാധാന്യം വ്യക്തമാക്കുന്നു. ധാർമ്മികത ഇന്ന്‌ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്‌. ബിസിനസ്‌ മാനേജ്‌മെന്റ്‌ വിദ്യാഭ്യാസത്തിൽ ധാർമ്മികത അല്ലെങ്കിൽ എത്തിക്‌സ്‌ (Ethics) ഒരു പ്രധാന പഠനവിഷയമാണ്‌. നമ്മുടെ ജീവിതത്തിലും ബിസിനസിലും ഇതിനുള്ള പ്രാധാന്യം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്‌. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റുകൾ ഉൾപ്പെടെയുള്ള ഇന്ത്യയിലെയും വിദേശത്തേയും ബിസിനസ്‌-വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ്‌ ഈ വിഷയം പഠിപ്പിക്കുന്നത്‌. ധാരാളം ബിസിനസ്‌ സ്‌ഥാപനങ്ങളും ധാർമ്മിക ബോധത്തോടുകൂടിയ പ്രവർത്തനമാണ്‌ കാഴ്‌ച വയ്‌ക്കുന്നത്‌.

എന്നാൽ ഇന്ന്‌ ഭൂരിഭാഗം മേഖലകളിലും രംഗങ്ങളിലും എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌? ധാർമ്മികതയും മൂല്യങ്ങളും കാറ്റിൽ പറത്തുന്ന രാഷ്‌ട്രീയവും മനുഷ്യനെ തമ്മിലടിപ്പിക്കുന്ന മതങ്ങളും വിദ്യയെ കച്ചവടമാക്കുന്ന വിദ്യാഭ്യാസസ്‌ഥാപനങ്ങളും, മനുഷ്യത്വത്തിന്‌ ഊന്നൽ നൽകാത്ത വിദ്യാഭ്യാസവും കലാപശാലകളായി മാറിയ കലാലയങ്ങളും, ചതിയും കിടമത്സരങ്ങളും നിറഞ്ഞ വ്യവസായ മേഖലയും പ്രകൃതിയെ വികൃതമാക്കുന്ന വികസനവും, മനുഷ്യരാശിക്കു ഭീഷണി ഉയർത്തുന്ന രാജ്യാന്തര ആയുധ മത്സരങ്ങളും.... എല്ലാം നമ്മെ എവിടെ വരെ എത്തിക്കുമെന്ന്‌ കാണേണ്ടിയിരിക്കുന്നു!

അഴിമതിയിൽ മുങ്ങുന്ന ഭാരതം

ലോകബാങ്കിന്റെ കീഴിൽ ട്രാസ്‌പെരൻസി ഇന്റർനാഷണൽ (Transperancy International) നടത്തിയ ഒരു പഠനത്തിൽ ഇന്ത്യ അഴിമതിയിൽ ലോകത്തിൽ മൂന്നാം സ്‌ഥാനത്താണ്‌ എന്നു കാണുകയുണ്ടായി. പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിനും എം.പി. ഫണ്ട്‌ വിനയോഗിക്കുന്നതിനുമായി ജനങ്ങളിൽ നിന്നും കൈക്കൂലി വാങ്ങിയ എം.പിമാരെ അയോഗ്യരാക്കിയത്‌ നാം മറന്നിട്ടില്ല. കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട്‌ ജയിലിലായ മന്ത്രിമാർ രാജി വയ്‌ക്കേണ്ടി വന്നതും അടുത്ത നാളിലാണല്ലോ, ക്രിമിനലുകൾ രാജ്യഭരണം നടത്തുന്ന ദയനീയ കാഴ്‌ച നിസഹായരായി നമുക്കു നോക്കി നില്‌ക്കേണ്ടി വരുന്നു. അഴിമതിയും അധാർമ്മികതയും നമ്മെ ഗ്രസിച്ചിരിക്കുന്ന മഹാമാരിയാണ്‌.

ധാർമ്മികബോധത്തിന്റെ പ്രസക്തി

എന്താണ്‌ ധാർമ്മികബോധം അഥവാ എത്തിക്‌സ്‌ (Ethics)? ഒരു വ്യക്തിയുടെ പ്രവൃത്തിയുടെ ശരി-തെറ്റുകളെപ്പറ്റിയുള്ള, നന്മ-തിന്മകളെപ്പറ്റിയുള്ള, ന്യായാന്യായങ്ങളെപ്പറ്റിയുള്ള പഠനമാണ്‌ എത്തിക്‌സ്‌. ‘സ്വഭാവം’ എന്നർത്ഥമുള്ള എത്തിക്കോസ്‌ (Ethikos) എന്ന ഗ്രീക്ക്‌ വാക്കിൽ നിന്നാണ്‌ എത്തിക്‌സ്‌ ഒരു പഠനവിഷയമാക്കേണ്ടതാണ്‌ എന്നാണ്‌ വിദ്യാഭ്യാസവിദഗ്‌ധരുടെ അഭിപ്രായം.

നമ്മുടെ മതം, സംസ്‌കാരം, നിയമസംവിധാനങ്ങൾ തുടങ്ങിയ ഘടകങ്ങൾ ധാർമ്മികതയെ സ്വാധീനിച്ചിരിക്കുന്നു. നമ്മുടെ മൂല്യങ്ങൾ അവകാശങ്ങൾ, കമടമകൾ, ധാർമ്മിക നിയമങ്ങൾ, വ്യക്തിബന്ധങ്ങൾ തുടങ്ങിയവയൊക്കെയാണ്‌ യഥാർത്ഥത്തിൽ എത്തിക്‌സിന്റെ അടിത്തറ. ഓരോ രാജ്യത്തും, ഓരോ സംസ്‌കാരത്തിലും ധാർമ്മിക വ്യത്യസ്‌തമാണെങ്കിലും സാർവ്വലൈകികമായി ചില പൊതുതത്ത്വങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. മോഷണം, കള്ളം പറയുക, വഞ്ചന, കളവ്‌, പരദ്രോഹം, നിയമലംഘനങ്ങൾ, വാഗ്‌ദാനലംഘനം തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ എല്ലാ സംസ്‌കാരത്തിലും എല്ലാ രാജ്യത്തും അധാർമ്മികമായി (Unethical) കണക്കാക്കപ്പെടുന്നവയാണ്‌.

എത്തിക്‌സിന്റെ അടിസ്‌ഥാനതത്ത്വങ്ങൾ

സാർവ്വലൗകികമായി അംഗീകാരം നേടിയ, ഏതു സംസ്‌കാരത്തിലും പ്രസക്തമായ ധാർമ്മികതയുടെ അടിസ്‌ഥാനതത്ത്വങ്ങൾ താഴെപ്പറയുന്നവയാണ്‌.

1. വാഗ്‌ദാനപാലനം

2. പരദ്രോഹം ചെയ്യാതിരിക്കുക

3. പരസ്‌പരസഹായം

4. വ്യക്തികളോടും അവരുടെ വസ്‌തുക്കളോടുമുള്ള ബഹുമാനം.

മനുഷ്യൻ പ്രകൃതിയുടെ ഒരു ഭാഗമാണ്‌, ഒരു സാമൂഹ്യജീവിയാണ്‌. പ്രകൃതിയോടിണങ്ങി, പരസ്‌പരം സഹായിച്ചും സ്‌നേഹിച്ചും, സന്തോഷത്തോടെ ജീവിക്കുന്നതിനു വേണ്ടിയാണ്‌ മനുഷ്യൻ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌. അവന്റെ മസ്‌തിഷ്‌കവും ഞരമ്പുകളും ആന്തരിക സംവിധാനങ്ങളും ചിന്താശക്തിയും പ്രവർത്തനരീതികളും എല്ലാം ഇതിന്‌ അനുഗുണമാണ്‌. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന വ്യക്തി ഈ സമഗ്രസംവിധാനത്തിന്‌ തകരാറുവരുത്തുകയാണ്‌ ചെയ്യുന്നത്‌.

മനുഷ്യൻ സൃഷ്‌ടിച്ച ഉപകരണങ്ങൾക്ക്‌ ഓപ്പറേഷൻ മാന്വൽ (operation mannuel) അതിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. മുൻകരുതലുകളും വ്യക്തമാക്കിയിട്ടുണ്ടാവും. എന്നാൽ മനുഷ്യന്റെ പ്രവർത്തനരീതിയിൽ നിയതമായ ഒരു ഓപ്പറേഷൻ മാന്വൽ ലഭ്യമല്ലല്ലോ. എന്നാൽ മനുഷ്യനിൽ തന്നെ പ്രകൃതിദത്തമായ ഒരു സെൽഫ്‌ കറക്‌ടിംഗ്‌ (Self Correcting) സംവിധാനം നിലനില്‌ക്കുന്നുവെന്നതാണ്‌ സത്യം. സ്വന്തം അനുഭവത്തിലൂടെ, സ്വയം തെറ്റ്‌ തിരുത്തി മുന്നേറാനുള്ള ശേഷി അവനിൽ നിലനിൽക്കുന്നു.

ഒരു ഓട്ടോറിക്ഷയിൽ ഇന്ധനം പെട്രോൾ ആണെങ്കിൽ മണ്ണെണ്ണ ഒഴിച്ച്‌ ഓടിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടില്ല. എന്നാൽ ചിലർ താല്‌ക്കാലിക ലാഭത്തിനായി മണ്ണെണ്ണ ഒഴിച്ച്‌ അല്ലെങ്കിൽ മണ്ണെണ്ണ കലർത്തിയ പെട്രോൾ ഒഴിച്ച്‌ ഓടിച്ചെന്നിരിക്കും. ഇത്‌ അതിന്റെ പെട്രോൾ എൻജിൻ തകരാറ്‌ വരുത്തുന്നു. ആദ്യമൊക്കെ ഓടുമെങ്കിലും ക്രമേണ എൻജിൻ പ്രവർത്തനക്ഷമമല്ലാതാകുന്നു. ഇതുപോലെ തന്നെയാണ്‌ മനുഷ്യന്റെ പ്രവർത്തനവും. മനുഷ്യൻ നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രവർത്തന രീതിയിൽ നിന്ന്‌ ജീവിതപന്ഥാവിൽ നിന്ന്‌, ജീവിതശൈലിയിൽ നിന്ന്‌ ഭക്ഷണക്രമത്തിൽ നിന്ന്‌ വ്യതിചലിക്കുമ്പോൾ അത്‌ അവന്റെ ആന്തരിക സംവിധാനങ്ങളെ ബാധിക്കുന്നു. അവനെ അസ്വസ്‌ഥനാക്കുന്നു. ഇത്‌ ആവർത്തിക്കപ്പെടുമ്പോൾ അവന്റെ ആന്തരിക സംവിധാനങ്ങൾ തകരാറിലാവുകയും ചെയ്യുന്നു.

അധാർമ്മികതയുടെ പ്രത്യാഘാതങ്ങൾ

അധാർമ്മിക പ്രവൃത്തികൾ ചെയ്യുന്ന വ്യക്തി, തെറ്റായി പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന വ്യക്തി മനുഷ്യൻ നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രവർത്തനശൈലിയിൽ നിന്നും ജീവിതപന്ഥാവിൽ നിന്നും വ്യതിചലിക്കുകയാണ്‌ ചെയ്യുന്നത്‌. അതവന്റെ ആന്തരിക സംവിധാനങ്ങളുടെ സുഗമമായ പ്രവർത്തനങ്ങളെ ബാധിക്കുകയും ക്രമേണ തകരാറിലാക്കുകയും ചെയ്യുന്നു. തെറ്റു ചെയ്യുമ്പോൾ മനുഷ്യനിലുണ്ടാവുന്ന കുറ്റബോധവും സംഘർഷങ്ങളും അവനിൽ അസന്തുലിതാവസ്‌ഥ സൃഷ്‌ടിക്കുന്നു. ശാരീര-മനസുകളുടെ സുഗമമായ സംയോജിത പ്രവർത്തനങ്ങളെ തകരാറിലാക്കുന്നു. അവന്റെ ചിന്തയുടെയും ശാരീരിക പ്രവർത്തനങ്ങളുടെയും താളം തെറ്റിക്കുന്നു.

ഇതൊരു ഉദാഹരണത്തിലൂടെ വിശദമാക്കാം. കുറ്റവാളികളെന്ന്‌ സംശയിക്കപ്പെടുന്നവർ വെളിപ്പെടുത്തുന്ന കാര്യങ്ങൾ സത്യമാണോ എന്നറിയുവാൻ അവരെ പോളിഗ്രാഫ്‌ ടെസ്‌റ്റിന്‌ വിധേയരാക്കാറുണ്ടല്ലോ. ചോദ്യങ്ങൾക്ക്‌ മറുപടി പറയുമ്പോൾ ലൈഡിറ്റക്‌ടർ (Lie Detector) ഉപയോഗിച്ച്‌ അവരുടെ ശാരീരിക പ്രതികരണങ്ങൾ സൂക്ഷമമായി രേഖപ്പെടുത്തുന്നു. കള്ളം പറയുമ്പോൾ വ്യക്തിയുടെ ശരീരത്തിൽ ഉണ്ടാകുന്ന രാസമാറ്റങ്ങളും സത്യം പറയുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളും തികച്ചും വ്യത്യസ്‌തമായിരിക്കും. കളവ്‌ പറയുന്നതിന്റെ ഫലമായി ഒരു വ്യക്തി അനുഭവിക്കുന്ന കുറ്റബോധവും സംഘർഷവുമൊക്കെ മറയ്‌ക്കാൾ മനഃപൂർവ്വം ശ്രമിച്ചാൽപ്പോലും അയാൾക്കതിന്‌ കഴിയുകയില്ല. കാരണം ശരീരത്തിലെ രാസമാറ്റങ്ങളും ശരീരഭാഷയുമെല്ലാം അയാളുടെ നിയന്ത്രണങ്ങൾക്കതീതവും സ്വയം വെളിപ്പെടുത്തുന്നവയുമാണ്‌.

കള്ളം പറയുമ്പോൾ ഒരു വ്യക്തിയിൽ ഇത്രയധികം രാസമാറ്റം സംഭവിക്കുമെങ്കിൽ കള്ളം പ്രവർത്തിക്കുന്ന വ്യക്തിയുടെ ഗതിയെന്തായിരിക്കും? അധാർമ്മിക പ്രവൃത്തികളിൽ മുഴുകുന്നവന്റെ സ്‌ഥിതി എന്താവും? തെറ്റു ചെയ്യുമ്പോഴുള്ള കുറ്റബോധവും അനുബന്ധ ചിന്തകളും മസ്‌തിഷ്‌കത്തിലും രക്തത്തിലും വിഷം കലർത്തുന്നു. അശുഭചിന്തയിൽ നിന്നുദ്‌ഭവിക്കുന്ന ഈ വിഷം (Thought Toxin) അപകടകാരിയും സംഘർഷഹേതുവുമാകുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി നശിപ്പിക്കുന്നു. ക്രമേണ മാരകരോഗത്തിലേക്ക്‌ നയിക്കുന്നു. അതുകൊണ്ടാണ്‌ ജോൺ മാറ്റ്‌വെൻ ഇങ്ങനെ പറഞ്ഞത്‌. ”എന്തു വിതയ്‌ക്കുന്നുവോ അതാണ്‌ നാം കൊയ്യുന്നത്‌.“

”ഒരു ചീത്ത മനുഷ്യൻ, അവന്റെ തന്നെ നരകമാണ്‌“ എന്ന്‌ തോമസ്‌ ഫുള്ളർ എഴുതിയതും അധാർമികതയുടെ പ്രത്യാഘാതങ്ങൾ വ്യക്താമക്കാനാണ്‌.

ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ഓരോ അധാർമ്മിക പ്രവൃത്തിയിലും അത്യന്തികമായി ഒരു ശിക്ഷയുടെ വിഷബീജം ഒളിഞ്ഞു കിടപ്പുണ്ട്‌. ഓരോ അധാർമ്മിക വിജയത്തിലും ഒരു ദയനീയ പരാജയത്തിന്റെ ബീജം ഒളിഞ്ഞിരിപ്പുണ്ട്‌. ഓരോ അസാന്മാർഗിക ആനന്ദത്തിലും ഒരു ദുരന്തത്തിന്റെ അസുരവിത്ത്‌ കുടികൊള്ളുന്നുണ്ട്‌. ഓരോ അധാർമ്മിക സമ്പാദ്യത്തിലും വമ്പൻ വിപത്തിന്റെ വിത്തുകൾ കുടികൊള്ളുന്നുണ്ട്‌.... ഇത്‌ പ്രകൃതിയുടെ ഒരു വികൃതിയാണ്‌. പ്രകൃതി സത്യമാണ്‌. ഇതു നാം മനസ്സിലാക്കുകയാണ്‌ ആദ്യം വേണ്ടത്‌. ഇത്‌ ഇളം മനസ്സിൽ, നമ്മുടെ കുട്ടികളിൽ നിറയ്‌ക്കണം. എങ്കിൽ മാത്രമേ ധാർമ്മിക ചിന്തയും മൂല്യബോധവുമുള്ള, അന്തഃസഘർഷങ്ങളില്ലാത്ത മാനസികാരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ കഴിയൂ.

Previous Next

ജോൺ മുഴുത്തേറ്റ്‌

മുഴുത്തേറ്റ്‌ വീട്‌,

വടക്കുംമുറി റോഡ്‌,

തൊടുപുഴ ഈസറ്റ്‌ പി.ഒ,

ഇടുക്കി ജില്ല,

പിൻ - 685 585.


Phone: 9447314309
E-Mail: john_muzhuthettu@rediffmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.