പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ആരോഗ്യം > കൃതി

അതീന്ദ്രീയ ധ്യാനം - തുടര്‍ച്ച

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോൺ മുഴുത്തേറ്റ്‌

ചിന്തകള്‍ അലട്ടാത്ത മാനസികാവസ്ഥ കൈവരിക്കുകയാണ് ഈ ധ്യാനത്തിന്റെ ലക്ഷ്യം. ചിന്തകള്‍ നിശ്ചലമാകുമ്പോള്‍ മനസ് ആന്തരമൗനത്തില്‍ മുഴുകുന്നു. പൂര്‍ണമായ ശാന്തിയില്‍ ലയിക്കുന്നു. സമ്പൂര്‍ണ വിശ്രാന്തി പ്രാപിക്കുന്നു.

ധ്യാനത്തിന്റെ പ്രാരംഭകാലങ്ങളില്‍ ഈ അവസ്ഥ ഏതാനും നിമിഷങ്ങള്‍ മാത്രമേ അനുഭവപ്പെട്ടെന്നു വരുകയുള്ളൂ. നിരന്തരമായ പരിശീലനം കൊണ്ട് ഈ ആനന്ദഭാവം കൂടുതല്‍ നേരം പ്രാപിക്കാന്‍ കഴിയുന്നു. മനസ് അതീന്ദ്രീയബോധത്തില്‍ എത്തുമ്പോള്‍ നാം ഉള്ളില്‍ അഗാധമായ ആനന്ദാനുഭവത്തില്‍ ലയിക്കുന്നു. നമ്മുടെ ഉള്ളില്‍ കുടികൊള്ളുന്ന അനന്തമായ ഊര്‍ജവും സര്‍ഗാത്മകതയും ബുദ്ധിയും ഉപയോഗിക്കാന്‍ നാം തുടങ്ങുന്നത് ഈ അവസ്ഥയിലാണ്.

അതീന്ദ്രീയ ധ്യാനം വളരെ ലളിതമാണെങ്കിലും അത് പുസ്തകം നോക്കി സ്വയം പരിശീലിക്കാന്‍ പാടില്ല എന്നാണ് നിര്‍ദേശം. ഒരു ഗുരുവില്‍ നിന്നോ അംഗീകൃത അധ്യാപകനില്‍ നിന്നോ വേണം ഇതു പഠിക്കുവാന്‍.

ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ മെഡിസിന്‍ പ്രൊഫസര്‍ ആയിരുന്ന ഹെര്‍ബര്‍ട്ട് ബെന്‍സനാണ് അതീന്ദ്രീയധ്യാനത്തെപ്പറ്റി ഏറ്റവും കൂടുതല്‍ ശാസ്ത്രീയ പഠനങ്ങളും പരീക്ഷണങ്ങളും നടത്തിയിട്ടുള്ളത്. ഓരോരുത്തരും ഒരു ഗുരുവില്‍ നിന്ന് വ്യക്തിപരമായി മന്ത്രം സ്വീകരിച്ചെങ്കില്‍ മാത്രമേ ഫലപ്രാപ്തിയുണ്ടാവുകയുള്ളൂ എന്ന വാദം അദ്ദേഹം തള്ളിക്കളഞ്ഞു. നിരര്‍ഥകമായ ഏതു മന്ത്രവും ഉപയോഗിച്ച് ധ്യാനിച്ചാലും അതേഫലപ്രാപ്തി തന്നെ ലഭിക്കുമെന്ന് അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തിന്റെ ' റിലാക്‌സേഷന്‍ റെസ്‌പോണ്‍സ്' എന്ന പ്രശസ്തമായ ഗ്രന്ഥത്തില്‍ അതീന്ദ്രീയ ധ്യാനത്തിന്റെ രീതി അവലംബിച്ചുകൊണ്ട് ആര്‍ക്കും ഗുരുവിന്റെ സഹായമില്ലാതെ ചെയ്യാവുന്ന ഒരു പരിഷ്‌കരിച്ച ധ്യാനരീതി നിര്‍ദേശിക്കുന്നുണ്ട്. ബെന്‍സണ്‍ നിര്‍ദേശിക്കുന്ന ആ ധ്യാനരീതി താഴെ വിവരിക്കുന്നു.

ചെയ്യേണ്ട വിധം

ഉച്ചാരണസുഖമുള്ള ഒരു ലളിത മന്ത്രം തെരഞ്ഞെടുക്കുക. വണ്‍, ലൗ, പീസ് തുടങ്ങിയ ഏതു വാക്കും തെരഞ്ഞെടുക്കാം. ഒരിക്കല്‍ സ്വീകരിച്ചാല്‍ അതുതന്നെ പതിവായി ഉപയോഗിക്കുന്നതാണ് നല്ലത്.

* സുഖകരമായി നിശ്ചലനായി നിവര്‍ന്നിരിക്കുക. കൈകള്‍ മടിയില്‍ വിശ്രമിക്കട്ടെ. (കസേരയിലോ നിലത്ത് പായ് വിരിച്ചോ ഇരിക്കാം)

* സാവധാനം കണ്ണുകള്‍ അടയ്ക്കുക, മസിലുകള്‍ അയയ്ക്കുക.

* സ്വാഭാവികമായി ശ്വാസോച്ഛ്വോസം ചെയ്യുക

* ഓരോ പ്രാവശ്യം ശ്വാസം വെളിയിലേക്ക് വിടുമ്പോള്‍ത്തന്നെ തെരഞ്ഞെടുത്ത മന്ത്രം മനസില്‍ ഉരുവിടുക. തുടര്‍ച്ചയായി ഉരുവിട്ടുകൊണ്ടിരിക്കുക.

* മന്ത്രത്തില്‍ നിന്ന് മനസ് അകന്നുപോയാല്‍ അതറിയുന്ന മാത്രയില്‍ തിരിച്ചുവരിക.

* ഇപ്രകാരം 10 മുതല്‍ 20 മിനിറ്റുവരെ തുടരുക. സമയമറിയാന്‍ ആലാറമോ ടൈമറോ ഉപയോഗിക്കാതിരിക്കുക. പകരം വാച്ചിലേക്കു നോക്കാം.

* അവസാനം നിശബ്ദനായി ഏതാനും മിനിറ്റുകള്‍ കണ്ണടച്ച് തന്നെയിരിക്കുക. നിങ്ങളുടെ ചിന്തകള്‍ ബോധാവസ്ഥയിലേക്ക് വരട്ടെ.

* സാവധാനം കണ്ണു തുറക്കുക. വളരെ സാവധാനം ധ്യാനം അവസാനിപ്പിച്ച് എഴുന്നേല്‍ക്കുക.

ഇങ്ങനെ ദിവസം രണ്ടുപ്രാവശ്യം ചെയ്യാം. രാവിലെ പ്രഭാതഭക്ഷണത്തിനു മുമ്പും വൈകുന്നേരം അത്താഴത്തിനു മുന്‍പും നല്ല സമയമാണ്. പതിവായി ഒരേ സ്ഥലത്തിരുന്ന് ഒരേ സമയത്ത് ധ്യാനിക്കുന്നതാണ് ഉത്തമം.

Previous Next

ജോൺ മുഴുത്തേറ്റ്‌

മുഴുത്തേറ്റ്‌ വീട്‌,

വടക്കുംമുറി റോഡ്‌,

തൊടുപുഴ ഈസറ്റ്‌ പി.ഒ,

ഇടുക്കി ജില്ല,

പിൻ - 685 585.


Phone: 9447314309
E-Mail: john_muzhuthettu@rediffmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.