പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ആരോഗ്യം > കൃതി

അതീന്ദ്രീയ ധ്യാനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോൺ മുഴുത്തേറ്റ്‌

ധ്യാനത്തിന്റെ അത്ഭുതകരവും അസാധാരണവുമായ പ്രയോജനങ്ങള്‍ നാം സംശയലേശമന്യേ മനസിലാക്കികഴിഞ്ഞു. ഇന്നു പലതരത്തിലുള്ള ധ്യാനരീതികള്‍ പ്രചാരത്തിലുണ്ട്. വിവിധ മതവിഭാഗങ്ങളും വ്യത്യസ്തമായ ധ്യാനരീതികള്‍ ശീലിച്ചുവരുന്നു. ധ്യാനത്തിന്റെ ഈറ്റില്ലമായ ഭാരതത്തില്‍ എത്രപേര്‍ ധ്യാനം പരിശീലിക്കുന്നുണ്ട്? എന്നാല്‍ ഇതിനേക്കാള്‍ എത്രയോ അധികം ആളുകള്‍ പതിവായി പശ്ചാത്യനാടുകളില്‍ ധ്യാനപരിശീലനം നടത്തുന്നു. പക്ഷെ പശ്ചാത്യര്‍ മടുത്തുപേക്ഷിച്ചു കൊണ്ടിരിക്കുന്ന ജീവിത ശൈലി നാം അഭിമാനപൂര്‍വം അനുകരിക്കുന്നു. നമ്മുടെ വിലയേറിയ മൂല്യങ്ങളും ശൈലികളും നാം അവഗണിക്കുന്നു. ഇതിനു നാം നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.

മഹര്‍ഷി മഹേഷ് യോഗി പശ്ചാത്യനാടുകളില്‍ പ്രചാരം നല്‍കിയ അതീന്ദ്രീയ ധ്യാനം ഒരു തരത്തിലുള്ള മന്ത്രധ്യാനമാണ്. വളരെ ലളിതമായി അവതരിപ്പിക്കപ്പെട്ട ഈ ധ്യാനരീതി പശ്ചാത്യരെ ഹഠാദാകര്‍ഷിച്ചു. 1960കളില്‍ ധാരളം പ്രശസ്ത വ്യക്തികള്‍ മഹേഷ് യോഗിയുടെ ശിഷ്യത്വം സ്വീകരിച്ചു ധ്യാനം പരിശീലിക്കാന്‍ തുടങ്ങി. ബീറ്റില്‍സിനെപ്പോലെ പ്രശസ്തകരായ ഗായകര്‍, സിനിമാതാരങ്ങള്‍, രാഷ്ട്രീയപ്രമുഖര്‍ തുടങ്ങിയവരുടെ അനുഭവങ്ങള്‍ അതീന്ദ്രീയ ധ്യാനത്തിന്റെ പ്രശസ്തി ലോകമെങ്ങും വ്യാപിപ്പിക്കുന്നതിന് കാരണമായി.

വളരെയധികം ശാസ്ത്രീയ പഠനങ്ങളും പരീക്ഷണങ്ങളും ഈ വിഷയത്തില്‍ നടത്തപ്പെട്ടു. ശാസ്ത്രലോകം അതീന്ദ്രീയ ധ്യാനത്തിന്റെ അത്ഭുത ശക്തി അംഗീകരിച്ചു തുടങ്ങി. ഡോക്റ്റര്‍മാര്‍ തങ്ങളുടെ രോഗികള്‍ക്ക് ധ്യാനരീതി നിര്‍ദേശിക്കുവാനും തുടങ്ങി.

ഒരാള്‍ ധ്യാനിക്കുമ്പോള്‍ അയാള്‍ക്ക് അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നുവെന്നതിനു പുറമെ അയാള്‍ക്കു ചുറ്റുമുള്ളവരിലേക്കും അതിന്റെ നന്മ പ്രസരിക്കുന്നുവെന്നാണ് യാഥാര്‍ഥ്യം. ഇത് പരീക്ഷണങ്ങളിലൂടെ തെളിയിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. ഐയോവോയിലെ മാഹാറിഷി യൂണിവേഴ്‌സിറ്റി ഓഫ് മാനെജ്‌മെന്റിലെ ഡോ. ജോണ്‍ ഹാഗലിന്റെ നേതൃത്വത്തില്‍ 1993ല്‍ നടത്തിയ ഒരു പഠനത്തില്‍ ധ്യാനം സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ സാരമായി കുറയ്ക്കാന്‍ സഹായിക്കുമെന്നു തെളിയിക്കുകയുണ്ടായി. വാഷിങ്ടണ്‍ ഡിസിയില്‍ എണ്‍പത്തിയൊന്നു രാജ്യങ്ങളില്‍ നിന്നെത്തിയ നാലായിരം ആളുകള്‍ എട്ട് ആഴ്ചക്കാലം ധ്യാനത്തില്‍ മുഴുകി. ഈ കാലയളവില്‍ വാഷിങ്ടണ്‍ ഡിസിയിലെ കുറ്റകൃത്യങ്ങള്‍ 23ശതമാനം കുറയുകയുണ്ടായി.

കാന്തം ഒരു കാന്തികമേഖല അതിനു ചുറ്റും ഉണ്ടാക്കുന്നതു പോലെ ധ്യാനിക്കുന്നവരുടെ ബോധമണ്ഡലം വികസിക്കുകയും ചുറ്റുപാടും വ്യാപിക്കുകയും അതു ധ്യാനത്തിലേര്‍പ്പെടാത്തവരെക്കൂടി സ്വാധീനിക്കുകയും ചെയ്യുന്നു. ഈ പ്രതിഭാസത്തെ ഫീല്‍ഡ് ഇഫക്റ്റ് ഓഫ് കോണ്‍ഷ്യസ്‌നസ് എന്നാണ് ഹാഗെലിന്‍ വിശേഷിപ്പിച്ചത്.

ചുരുക്കിപ്പറഞ്ഞാല്‍ സമൂഹത്തില്‍ കുറെപ്പേരെയെങ്കിലും പതിവായി ധ്യാനം പരിശീലിപ്പിച്ചാല്‍ അതിന്റെ ഗുണഫലങ്ങള്‍ അവര്‍ക്കും സമൂഹത്തിനും പൊതുവായും അനുഭവിക്കാന്‍ കഴിയുന്നു. ഒരു കുടുംബത്തിലെ ഒരാളെങ്കിലും ധ്യാനം പരിശീലിക്കുമ്പോള്‍ ആ കുടുംബം മുഴുവന്‍ അതിന്റെ പ്രയോജനം കൈവരിക്കുന്നു. ധ്യാനത്തിന്റെ ഈ സാമൂഹികമാനം അതിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.

വളരെ ലളിതമായ ഒരു ധ്യാനരീതിയാണ് അതീന്ദ്രീയ ധ്യാനം. തിരക്കേറിയ ജീവിതം നയിക്കുന്ന ആധുനിക മനുഷ്യന് വളരെ എളുപ്പത്തില്‍ പരിശീലിക്കാവുന്ന ഒന്നാണിത്. അതുകൊണ്ടാണ് അമെരിക്കയിലും മറ്റു പശ്ചാത്യ രാജ്യങ്ങളിലും ഇതിന് ഇത്രയേറെ അംഗീകാരം ലഭിച്ചത്.

അതീന്ദ്രീയ ധ്യാനം ഒരു ഗുരുവില്‍ നിന്നോ ധ്യാന അധ്യാപകനില്‍ നിന്നോ വേണം പഠിക്കാന്‍. ഗുരു ഒരു മന്ത്രം രഹസ്യമായി ഓതിക്കൊടുക്കുന്നു. അത് ധ്യാനപരിശീലകന്‍ രഹസ്യമായി സൂക്ഷിക്കുകയും വേണം. ഒരു സംസ്‌കൃതവാക്കാണ് മന്ത്രമായി നല്‍കുന്നത്. ഓരോ വ്യക്തിക്കും അനുയോജ്യമായ മന്ത്രമാണ് നിര്‍ദേശിക്കുക. ധ്യാനിക്കുന്ന വ്യക്തി സൗകര്യപ്രദമായി നിശബ്ദനായി നിശ്ചലനായി കണ്ണടച്ചിരിക്കുന്നു. ഈ മന്ത്രം മനസില്‍ തുടര്‍ച്ചയായി ആവര്‍ത്തിച്ച് ഉരുവിടുക. ചുണ്ടുംനാവും ചലിക്കാത്ത വിധത്തില്‍ മനസില്‍ ഉരുവിട്ടാല്‍ മതി. ചിന്തയില്‍ നിന്നും ക്രമേണ മനസിനെ മുക്തമാക്കുന്നതിനു വേണ്ടിയാണ് ഈ മന്ത്രം ഉപയോഗിക്കുന്നത്. ചിന്തയാണ് മനുഷ്യന്റെ പ്രശ്‌നങ്ങളുടെ ഉറവിടം. പ്രശ്‌നങ്ങള്‍ അവസാനിക്കണമെങ്കില്‍ നല്ലതും ചീത്തയായതുമായ എല്ലാത്തരം ചിന്തകളും അപ്രത്യക്ഷമാകണം. വളരെ സ്വാഭാവികമായി വേണം ഈ ധ്യാനം ശീലിക്കുവാന്‍. ശ്രദ്ധയെ ഉള്ളിലേക്കു തിരിക്കണം. ഒരിക്കലും ഒന്നും ബലമായി ചെയ്യാന്‍ പാടില്ല. ചിന്തകള്‍ കടന്നുവന്നാല്‍ അസ്വസ്ഥനാവേണ്ടതില്ല. മറിച്ച് നിര്‍വികാരനായി അവയെ നിരീക്ഷിക്കുക. സാക്ഷ്യം വഹിക്കുക. വീണ്ടും മന്ത്രത്തിലേക്കു തിരിച്ചു പോകുക..

(തുടരും)

Previous Next

ജോൺ മുഴുത്തേറ്റ്‌

മുഴുത്തേറ്റ്‌ വീട്‌,

വടക്കുംമുറി റോഡ്‌,

തൊടുപുഴ ഈസറ്റ്‌ പി.ഒ,

ഇടുക്കി ജില്ല,

പിൻ - 685 585.


Phone: 9447314309
E-Mail: john_muzhuthettu@rediffmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.