പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ആരോഗ്യം > കൃതി

സന്തുഷ്‌ടിയുടെ സുവിശേഷം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോൺ മുഴുത്തേറ്റ്‌

സന്തുഷ്‌ടിയെപ്പറ്റിയും സന്തുഷ്‌ടി കൈവരിക്കുവാനുള്ള മാർഗ്ഗങ്ങളെപ്പറ്റിയും ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്‌, ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. ഈ ശാസ്‌ത്രീയ പഠനഫലങ്ങൾ സന്തുഷ്‌ടി തേടുന്നവർക്ക്‌ ഒരു വഴികാട്ടിയായിരിക്കും.

സന്തുഷ്‌ടി നേടാൻ ഉപകാരസ്‌മരണ

കാലിഫോർണിയാ യൂണിവെഴ്‌സിറ്റിയിലെ മനഃശാസ്‌ത്രജ്ഞനായ സോൻജാ ല്യൂബോമിർസ്‌കി നടത്തിയ ഒരു പഠനത്തിൽ ഉപകാരസ്‌മരണ ഉദാത്തമായ സന്തുഷ്‌ടി നേടാൻ നമ്മെ സഹായിക്കുമെന്ന്‌ തെളിയുകയുണ്ടായി. തങ്ങൾക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങൾ ആഴ്‌ചയിലൊരിക്കൽ, ഒന്നൊന്നായി നന്ദിപൂർവം സ്‌മരിക്കുകയും ഡയറിയിൽ രേഖപ്പെടുത്താൻ സമയം കണ്ടെത്തുകയും ചെയ്‌തവർക്ക്‌ ജീവിതത്തിൽ സന്തോഷവും സംതൃപ്‌തിയും കാര്യമായി വർദ്ധിച്ചതായി അനുഭവപ്പെടുകയുണ്ടായി. അതു ആറാഴ്‌ചയോളം അവരിൽ നിലനിൽക്കുകയും ചെയ്യും. ഇപ്രകാരം ചെയ്യാത്ത ഗ്രൂപ്പിലുണ്ടായിരുന്നവർക്ക്‌ അതുപോലുള്ള യാതൊരു നേട്ടവും ലഭിക്കുകയുണ്ടായില്ല.

കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ മറ്റൊരു സൈക്കോളജിസ്‌റ്റായ റോബർട്ട്‌ എമേഴ്‌സൺ നടത്തിയ പഠനത്തിൽ ഉപകാരസ്‌മരണ ശരീരികാരോഗ്യവും ഊർജ്ജസ്വലതയും പ്രധാനം ചെയ്യുകയും വേദനയും ക്ഷീണവും അകറ്റുകയും ചെയ്യുമെന്ന്‌ കണ്ടെത്തുകയുണ്ടായി.

അതുകൊണ്ട്‌ ‘ദി പവർ ഓഫ്‌ ഇന്റൻഷൻസ്‌ (The Power of Intentions) എന്ന പ്രശസ്‌ത ഗ്രന്ഥത്തിന്റെ കർത്താവായ ഡോ. വെയ്‌ൻ ഡയർ (Wayne Dyer) ഇപ്രകാരം ആഹ്വാനം ചെയ്യുന്നത്‌. “നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലും ഉപകാരസ്‌മരണയുള്ളവനാകുക.”

ദയയും കാരുണ്യവും സന്തുഷ്‌ടി നല്‌കുന്നു.

ല്യൂബോമിർസ്‌കി നടത്തിയ മറ്റൊരു പഠനത്തിൽ ആഴ്‌ചയിൽ അഞ്ച്‌ കാരുണ്യപ്രവൃത്തികൾ വീതം, പ്രത്യേകിച്ച്‌ അഞ്ചും ഒരു ദിവസം തന്നെ, ചെയ്യുന്നവർക്ക്‌ കൂടുതൽ സന്തോഷം കൈവരിക്കാൻ കഴിയുന്നതായി കാണുകയുണ്ടായി. ആശുപത്രിയിൽ രോഗികളെ സന്ദർശിക്കുക. സുഹൃത്തിനെ സഹായിക്കുക. അയൽക്കാരനെ ജോലിയിൽ സഹായിക്കുക, മുത്തശ്ശിക്കോ മുത്തശ്ശനോ കത്തെഴുതാൻ സമയം കണ്ടെത്തുക തുടങ്ങിയ പ്രവൃത്തികളും സന്തോഷദായകമത്രേ.

പ്രശസ്‌ത മന;ശാസ്‌ത്രജ്ഞനായ സെലിമ്‌ഗാ ന്റെ അഭിപ്രായത്തിൽ നിങ്ങളുടെ സന്തുഷ്‌ടിയുടെ തീവ്രത വർദ്ധിപ്പിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഉപകാരസ്‌മരണാസന്ദർശനമാണ്‌. നമുക്ക്‌ കടപ്പാടുള്ള, നമ്മെ സഹായിച്ചിട്ടുള്ള വ്യക്തികളെ നന്ദിപൂർവ്വം ഓർക്കുകയും, അവരെ സന്ദർശിച്ച്‌ ഉപകാരസ്‌മരണ അറിയിക്കുകയും ചെയ്യുന്നത്‌ അത്ഭുതകരമായ ആനന്ദാനുഭവം ലഭിക്കുന്നതിന്‌ കാരണമാകുന്നു. മറ്റുള്ളവരുമായി ബന്ധപ്പെടുന്നതും അടുത്ത്‌ ഇടപഴകുന്നതും തികച്ചും ഉന്മേഷദായകമാണ്‌. മിക്കവാറും എല്ലാവരും മറ്റുള്ളവരോടൊപ്പം സമയം ചെലവിടുമ്പോൾ കൂടുതൽ സന്തുഷ്‌ടരായിരിക്കും. മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന ’സാമൂഹ്യബോധമാവാം‘ അതിനു കാരണം.

ഫിലിപ്പൈൻസ്‌ സന്തുഷ്‌ടരുടെ നാട്‌

യൂണിവേഴ്‌സിറ്റി ഓഫ്‌ മിച്ചിഗൺ (University of Michigun) പുറത്തിറക്കിയ ’ദി വേൾഡ്‌ വാല്യൂസ്‌ സർവേ‘ പ്രകാരം ഫിലിപ്പൈൻസ്‌ ആണ്‌ സന്തുഷ്‌ടിയിലും ജീവിതസംതൃപ്‌തിയിലും ഉയർന്ന സ്‌കോർ നേടിയ ഏഷ്യൻ രാജ്യം. അതൊരു വിരോധാഭാസമായി തോന്നാം. കാരണം അവരുടെ പ്രതികൂലമായ ജീവിതസാഹചര്യങ്ങൾ തികച്ചും നിരാശാജനകമാണ്‌. അതികഠിനമായ ദാരിദ്ര്യം, രാഷ്‌ട്രീയസംഘർഷങ്ങൾ, അഴിമതി, ദാരുണമായ പ്രകൃതിദുരന്തങ്ങൾ തുടങ്ങിയവയ്‌ക്ക്‌ ഏറെ പേരുകേട്ട രാജ്യമാണ്‌ ഫിലിപ്പൈൻസ്‌. ലോകത്തിലെ ഏറ്റവും കൂടുതൽ ദുരന്തസാദ്ധ്യതയുള്ള രാജ്യമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്‌ ഫിലിപ്പൈൻസ്‌ ആണ്‌.

കഠിനമായ പ്രതികൂല സാഹചര്യങ്ങളിൽപ്പോലും ഫിലിപ്പൈൻസിലെ ജനങ്ങൾക്ക്‌ ലോകത്തിലെ ഏറ്റവും ’ഹാപ്പി‘യായ ജനവിഭാഗമായിത്തീരാൻ കഴിയുന്നുവെന്നതിന്റെ രഹസ്യമെന്താണ്‌? സമ്പന്ന രാഷ്‌ട്രങ്ങൾ പലതും ഇവരുടെ പിന്നിലാണ്‌ സന്തുഷ്‌ടിയുടെ കാര്യത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ബർലിനിലെ ’ഇന്റർനാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ ജർണലിസം ലക്‌ചററും എഴുത്തുകാരനും ഫിലിപ്പൈൻസ്‌ സ്വദേശിയുമായ അലൻ സി. റോബിൾസിന്റെ അഭിപ്രായത്തിൽ അവരുടെ സന്തുഷ്‌ടി ഭൗതികമല്ല, അത്‌ സാമൂഹികമാണ്‌. “ഞങ്ങൾ ഒരു ഗ്രൂപ്പിലൊ, കുടുംബത്തിലോ, സുഹൃത്തുക്കളോടൊത്തോ, സമൂഹത്തിലോ ആയിരിക്കുമ്പോഴാണ്‌ ഏറ്റവും സന്തുഷ്‌ടരായിരിക്കുന്നത്‌.” അപരിചിതരുടെ കമ്പനിയിൽപ്പോലും അവർക്ക്‌ സന്തുഷ്‌ടരായിത്തീരാൻ കഴിയുമെന്ന്‌ അലൻ സാക്ഷ്യപ്പെടുത്തുന്നു. തമാശകൾ പറഞ്ഞും മൊബൈൽ ഫോൺ നമ്പരുകൾ കൈമാറിയും അവർ അപരിചിതരോടു പോലും സൗഹൃദം സ്‌ഥാപിക്കുന്നു. അവർ സ്വയം പര്യാപ്‌തതയിലും, വീഴ്‌ചയിൽ നിന്ന്‌ ഉയിർത്തെഴുന്നേൽക്കുന്നതിലും പ്രത്യേക മിടുക്കുകാട്ടുന്നവരാണ്‌. അവർ പ്രതിസന്ധികളിൽ പരസ്‌പരം സഹായിക്കുന്നു. സർക്കാരിന്റെ സഹായം കാത്തിരിക്കാൻ മെനക്കെടാറില്ല. ഇതൊക്കെയാവണം ദുരന്തങ്ങളുടെ നടുവിലും ഏറ്റവും സന്തുഷ്‌ടരും സംതൃപ്‌തരുമായ ജനവിഭാഗമായി വർത്തിക്കുവാൻ അവർക്ക്‌ കഴിയുന്നതിന്റെ കാരണം. സമ്പന്നസമൂഹങ്ങൾ സന്തുഷ്‌ടിതേടി അലയുമ്പോൾ, പാവപ്പെട്ട ഫിലിപ്പൈനികൾ സന്തുഷ്‌ടി അവരുടെ ജിവിതമാർഗ്ഗമാക്കിയിരിക്കുന്നു!

പണവും പദവിയും സന്തുഷ്‌ടിനല്‌കുമോ?

പണത്തിന്റെയും സമ്പത്തിന്റെയും ആധിക്യം മനുഷ്യന്‌ സംതൃപ്‌തിയും സന്തുഷ്‌ടിയും പ്രദാനം ചെയ്യുന്നില്ല. മറിച്ച്‌ അസംതൃപ്‌തിക്ക്‌ കാരണമാവുകയാണ്‌ പതിവ്‌. കൂടുതൽ പണം കൂടുതൽ മോഹങ്ങൾക്ക്‌ കാരണമായിത്തീരുന്നു. ഭൗതികമോഹങ്ങൾ പെരുകുമ്പോൾ അവൻ കൂടുതൽ കൂടുതൽ അസ്വസ്‌ഥനും അസംതൃപ്‌തനുമായിത്തീരുന്നു.

ഇല്ലിനോയ്‌സ്‌ യൂണിവേഴ്‌സിറ്റിയിലെ എഡ്വേർഡ്‌ ഡൈനർ വ്യക്തമാക്കുന്നതുപോലെ മനുഷ്യൻ കൂടുതൽ കൂടുതൽ പണത്തിന്റെ പടവുകൾ കയറുമ്പോൾ താൻ വളർന്നുവന്ന ഉന്നത സാഹചര്യങ്ങൾ പോലും വിസ്‌മരിക്കുകയും അവയോടുള്ള ബഹുമാനവും കടപ്പാടും അസ്‌തമിക്കുകയും ചെയ്യുന്നു. അവന്റെ ശ്രദ്ധ ‘ഇനിയും ഇല്ലാത്ത’തിലേക്കു തിരിയുകയും, ഈ ഇല്ലായ്‌മാബോധം അവനിൽ അസംതൃപ്‌തി ജനിപ്പിക്കുകയും ചെയ്യുന്നു.

ഉദാഹരണമായി സ്വന്തമായി ഒരു വാഹനമില്ലാത്ത വ്യക്തി ഒരു സ്‌കൂട്ടറെങ്കിലും വാങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്‌ മോഹിക്കുന്നു. സ്‌കൂട്ടർ ലഭിച്ചു കഴിയുമ്പോൾ ഒരു കാറില്ലാത്തതിനെപ്പറ്റിയാവും ദുഃഖം. തന്റെ സുഹൃത്തുക്കൾക്കും അയൽക്കാർക്കും ഒക്കെ കാറുള്ളപ്പോൾ തനിക്ക്‌ വെറും സ്‌കൂട്ടർ മാത്രം! പിന്നീട്‌ അയാൾ മാരുതി 800 ന്റെ ഉടമയായിക്കഴിയുമ്പോൾ, കൂടുതൽ സൗകര്യങ്ങളുള്ള, കൂടുതൽ വിലയുള്ള കാറില്ലാത്തതിലാവും ദുഃഖം. ഈ രീതിയിൽ അവൻ ആഡംബരത്തിന്റെയും പണത്തിന്റെയും പ്രൗഢിയിൽപ്പോലും സംതൃപ്‌തിയും സന്തുഷ്‌ടിയും അല്‌പം പോലും അനുഭവിക്കാൻ കഴിയാതെ ജീവിതം തള്ളിനീക്കുന്നു!

സമ്പന്നരാഷ്‌ട്രങ്ങളുടെ കാര്യത്തിലും ഈ പ്രവണത വ്യക്തമായി ദർശിക്കുവാൻ കഴിയും. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരാഷ്‌ട്രമായ അമേരിക്കയിലെ സ്‌ഥിതിതന്നെയെടുക്കാം. അമേരിക്കക്കാരനെ സംബന്ധിച്ചിടത്തോളം എന്തുമാത്രം വരുമാനമുണ്ടെങ്കിലും കൂടുതൽ നന്നായി ജീവിക്കുവാൻ കൂടുതൽ കൂടുതൽ വരുമാനം ആവശ്യമാണെന്ന്‌ തോന്നുന്നു. അമേരിക്കയിൽ സമ്പന്നരേക്കാൾ കുറച്ച്‌ അസന്തുഷ്‌ടി അനുഭവിക്കുന്നത്‌ നിർദ്ധനരാണ്‌ എന്ന്‌ തെളിയുകയുണ്ടായി. അവർ ഒരിക്കൽ സമ്പന്നരായിത്തീരുമെന്ന്‌ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷ അവർക്ക്‌ ആശ്വാസം നല്‌കുന്നു.

ശുഭചിന്തയുടെ ശക്തി

ഒരു വ്യക്തിയുടെ സന്തുഷ്‌ടിയിൽ, ശുഭാപ്‌തി വിശ്വാസവും ശുഭചിന്തകളും വളരെ പ്രധാനഘടകങ്ങളാണ്‌ എന്ന്‌ ധാരാളം പഠനങ്ങളും അനുഭവങ്ങളും വ്യക്തമാക്കുന്നു. വാഷിംങ്ങ്‌ടൺ ഡി.സിയിലെ ബ്രുക്കിങ്ങ്‌സ്‌ ഇൻസ്‌റ്റിറ്റ്യൂഷ (Brookings Institution) നിലെ കരോൾ ഗ്രഹാം (Carol Graham) ആളുകളുടെ ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷകളാണ്‌, ഇപ്പോഴത്തെ യഥാർത്ഥ നിലയേക്കാൾ കൂടുതൽ, മാനസിക സന്തുഷ്‌ടിയെ സ്വാധീനിച്ചിരിക്കുന്നത്‌ എന്ന്‌ കണ്ടെത്തുകയായി. ഇപ്പോൾ താഴ്‌ന്നനിലയിൽ ജീവിക്കുകയും നല്ല ഭാവി ഇതിനേക്കാൾ മെച്ചപ്പെടുമെന്ന്‌ വിശ്വാസമില്ലാതിരിക്കുകയും ചെയ്യുന്നവരേക്കാൾ സന്തുഷ്‌ടരായിരിക്കുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കുന്നു.

ഉദാഹരണമായി ഒരാൾ ആണ്ടിൽ 50,000 രൂപ ഇപ്പോൾ സമ്പാദിക്കുകയും ഭാവിയിൽ പത്തുശതമാനം വർദ്ധനവ്‌ ലഭിക്കുമെന്ന്‌ വിശ്വസിക്കുകയും ചെയ്യുന്നുവെന്നു കരുതുക. രണ്ടാമൻ ഇപ്പോൾ ആണ്ടിൽ 1,50,000 രൂപ സമ്പാദിക്കുന്നു. ഒന്നാമന്റെ വരുമാനത്തിന്റെ മൂന്നിരട്ടി! പക്ഷേ ഭാവിയിൽ ശമ്പളവർദ്ധനവ്‌ പ്രതീക്ഷിക്കുന്നില്ല. ഒന്നാമൻ ഇപ്പോൾ സാമ്പത്തികവരുമാനത്തിൽ രണ്ടാമനേക്കാൾ വളരെ താഴെയാണെങ്കിലും, ഒന്നാമനായിരിക്കും മാനസികമായി ജീവിതസംതൃപ്‌തി അനുഭവിക്കുന്നത്‌. കാരണം അവൻ ഭാവിയെപ്പറ്റി ശുഭ പ്രതീക്ഷ വച്ചുപുലർത്തുന്നു.

ലാറ്റിൻ അമേരിക്കക്കാർ ലോകത്തിലെ ഏറ്റവും സന്തുഷ്‌ടരായ വിഭാഗത്തിൽപ്പെട്ടവരാണ്‌ എന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്‌. അതിന്റെ കാരണം അവർ ജീവിതത്തിന്റെ നല്ലവശം മാത്രമേ നോക്കുന്നുള്ളൂ എന്നതാണ്‌. എന്നാൽ ഈസ്‌റ്റ്‌ റഷ്യയിൽ ഇത്‌ നേരെ മറിച്ചാണ്‌. ജപ്പാനും, ചൈനയും സൗത്ത്‌ കൊറിയയും ആണ്‌ ശുഭപ്രതീക്ഷയിലും സന്തുഷ്‌ടിയിലും ഏറ്റവും പിന്നിൽ എന്ന്‌ പഠനങ്ങൾ കാണിക്കുന്നു. അവർ ജീവിതത്തിന്റെ ഏറ്റവും ഇരുണ്ടവശത്തേക്കാണ്‌ നോക്കുന്നത്‌ എന്ന്‌ എഡ്വോർഡ്‌ ഡൈനർ (Edward Diener) വ്യക്തമാക്കുന്നു.

ഒരാളുടെ സന്തുഷ്‌ടി അയാളുടെ മാനസികാവസ്‌ഥയെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ പോസറ്റീവ്‌ തിങ്കിംഗ്‌ (Positive Thinking) വളരെ ഫലപ്രദമാണ്‌. മനസ്സിൽ ശുഭചിന്തകൾ നിറയുമ്പോൾ സന്തുഷ്‌ടിയുടെ മഴവില്ല്‌ വിരിയുന്നു. അതുകൊണ്ടാണ്‌ എമേഴ്‌സൺ ഇപ്രകാരം പറഞ്ഞത്‌ “ഒരു ദിവസം മുഴുവൻ മനുഷ്യൻ എന്തു ചിന്തിക്കുന്നുവോ അതാണ്‌ അവൻ.” (A man is what he thinks about all day long). പക്ഷേ ഇതേ ആശയം തന്നെയാണ്‌ ബൈബിളിലും വ്യക്തമാക്കുന്നത്‌. “ഒരു മനുഷ്യൻ അവന്റെ ഹൃദയത്തിലെ ചിന്തകൾ പോലെയായിരിക്കും.”

പക്ഷേ ഇതെങ്ങനെ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കും? ഇതാണ്‌ പലരേയും അലട്ടുന്ന പ്രശ്‌നം. ചിന്തകൾ നമ്മുടെ സ്വാധീനത്തിലാക്കുന്നതെങ്ങനെ? ഇതിനു പ്രഥമപടി ചിന്തകളെ നിർവികാരനായി നിരീക്ഷിക്കുക എന്നതാണ്‌. നമ്മുടെ മനസ്സിൽ ക്ഷണിക്കപ്പെടാതെ തള്ളിക്കയറുന്ന എല്ലാ ചിന്തകളേയും നിരന്തരം നിരീക്ഷിക്കുക, അശുഭചിന്തകളും ശുഭചിന്തകളും മാറി മാറി വരുന്നതായി കാണാം. അശുഭചിന്തകളെ ബോധപൂർവ്വം ശുഭചിന്തകളാക്കി മാറ്റുക, അശുഭചിന്തകളുടെ നിരർത്ഥകത മനസ്സിലാക്കുക, അവയെ ചോദ്യം ചെയ്യുക, മനസ്സിൽ ശുഭചിന്തകൾബോധപൂർവം നിറയ്‌ക്കുക, അശുഭചിന്തകളെ നിഷ്‌കാസനം ചെയ്യുക. ഇതൊരു ശീലമാക്കി മാറ്റുക. ചിന്തകളെ നിരീക്ഷിക്കാൻ തുനിയുമ്പോൾത്തന്നെ നിങ്ങളിൽ അത്ഭുതകരമായ മാറ്റത്തിനു തുടക്കം കുറിക്കപ്പെടും.

Previous Next

ജോൺ മുഴുത്തേറ്റ്‌

മുഴുത്തേറ്റ്‌ വീട്‌,

വടക്കുംമുറി റോഡ്‌,

തൊടുപുഴ ഈസറ്റ്‌ പി.ഒ,

ഇടുക്കി ജില്ല,

പിൻ - 685 585.


Phone: 9447314309
E-Mail: john_muzhuthettu@rediffmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.