പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ആരോഗ്യം > കൃതി

സന്തുഷ്‌ടിയുടെ ശാസ്‌ത്രം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോൺ മുഴുത്തേറ്റ്‌

സന്തുഷ്‌ടി (happiness) മനുഷ്യന്റെ ജന്മാവകാശമാണ്‌. ജീവിതത്തിനും സ്വാതന്ത്ര്യത്തിനും സന്തുഷ്‌ടി തേടുന്നതിനും ഓരോ മനുഷ്യനും അവകാശമുണ്ട്‌ എന്ന്‌ അമേരിക്കൻ ഭരണഘടന വ്യക്തമാക്കുന്നുണ്ട്‌. മനുഷ്യന്റെ അറിഞ്ഞും അറിയാതെയുമുള്ള എല്ലാ പ്രവർത്തനങ്ങളും സന്തുഷ്‌ടിതേടി സന്തുഷ്‌ടി തേടിയുള്ള പ്രയാണമാണ്‌. പണം സമ്പാദിക്കുന്നതും ആരോഗ്യം കാംക്ഷിക്കുന്നതും പദവി നേടുന്നതും പ്രസിദ്ധി തേടുന്നതും, അധികാരം കയ്യാളുന്നതും ബന്ധങ്ങൾ സ്‌ഥാപിക്കുന്നതും എല്ലാം അടിസ്‌ഥാനപരമായി സന്തുഷ്‌ടി നേടുന്നതിനാണ്‌. അതു മനുഷ്യന്റെ ജന്മവാസനയാണ്‌. നിരന്തരം അതിനുവേണ്ടി അവൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

പക്ഷേ ആധുനിക മനുഷ്യൻ യഥാർത്ഥത്തിൽ സന്തുഷ്‌ടനാണോ? ആധുനികതയുടെ കണ്ണഞ്ചിപ്പിക്കുന്ന ആഢംബരങ്ങൾക്കോ അത്‌ഭുതകരമായ ശാസ്‌ത്രീയ നേട്ടങ്ങൾക്കോ, അനന്തമായ സുഖസൗകര്യങ്ങൾക്കോ അവന്‌ സന്തുഷ്‌ടിയേകാൻ കഴിയുന്നുണ്ടോ? മനുഷ്യൻ ഇന്ന്‌ തികഞ്ഞ അസന്തുഷ്‌ടിയിലാണ്‌. ചിലപ്പോഴൊക്കെ സന്തുഷ്‌ടി മിന്നിമറഞ്ഞേക്കാം. പരീക്ഷയിൽ അപ്രതീക്ഷിതമായി ഉന്നതവിജയം നേടുമ്പോൾ, കടുത്ത മത്സരത്തിനൊടുവിൽ വിജയം വരുമ്പോൾ, ലോട്ടറിയടിക്കുമ്പോൾ, പുതിയതായി ജോലി ലഭിക്കുമ്പോൾ നിങ്ങൾ സന്തുഷ്‌ടനാവുന്നു. പക്ഷേ ഏറെ കഴിയുന്നതിനു മുൻപ്‌ ആ സന്തോഷം അപ്രത്യക്ഷമാകുന്നു. അസന്തുഷ്‌ടിയുടെ ആശ്ലേഷത്തിൽ വീർപ്പുമുട്ടുന്നു.

മനുഷ്യ ജീവിതം സുഖദുഃഖസമ്മിശ്രമാണ്‌. എന്നാൽ ചിലർ ജീവിതത്തിലേറെയും ദുഃഖത്തിലും നൈരാശ്യത്തിലും പെട്ടുഴലുന്നു. ചിലർ സദാ സന്തുഷ്‌ടരും സംതൃപ്‌തരുമായി കാണപ്പെടുന്നു. സുഖദുഃഖാനുപാതം പലർക്കും പലതരത്തിലാകുന്നു. സന്തുഷ്‌ടിയുടെ നൈരന്തര്യം അനുഭവിക്കുവാൻ മനുഷ്യനു കഴിയുമോ? സുഖദുഃഖങ്ങളെ അതിജീവിച്ച്‌ നിരന്തരം ഉദാത്തമായ ആത്മാനന്ദം അനുഭവിക്കുവാൻ കഴിയുമോ?

സന്തുഷ്‌ടിയുടെ ശാസ്‌ത്രം.

എന്താണ്‌ ഒരു വ്യക്തിയെ സന്തുഷ്‌ടിയുടെ പാരമ്യത്തിൽ എത്തിക്കുന്നത്‌? പണമാണോ? വിദ്യാഭ്യാസമാണോ? പ്രസിദ്ധിയാണോ? ആഡംബരങ്ങളാണോ? ഇവയൊന്നും സ്‌ഥായിയായ സന്തുഷ്‌ടി നൽകുന്നില്ല എന്ന്‌ ശാസ്‌ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു. ആരാണ്‌ ഹാപ്പി ആയിട്ടുള്ളത്‌ എന്ന ചോദ്യത്തിനുത്തരം തേടി നടത്തിയ ശാസ്‌ത്രീയ അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമായി കണ്ടെത്തിയ ചില വസ്‌തുതകൾ രസകരവും ശ്രദ്ധേയവുമാണ്‌.

പ്രായമായവരാണ്‌ യുവാക്കളേക്കാൾ കൂടുതൽ സന്തുഷ്‌ടരായി കാണപ്പെടുന്നത്‌. യു.എസ്‌. സെന്റർ ഫോർ ഡിസിസസ്‌ കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ (U.S. Centre for Diseases Control and preventoin) നടത്തിയ ഒരു പഠനത്തിൽ 20-24 വയസുകാർ ശരാശരി ഒരു മാസത്തിൽ 3,4 ദിവസങ്ങൾ ദുഃഖിതരായി കാണപ്പെടുമ്പോൾ 65 - 75 വയസുകാരിൽ രണ്ടു മൂന്നു ദിവസങ്ങൾ മാത്രമേ ദുഖിതരായി കാണപ്പെടി​‍ുന്നുള്ളു.

മതവിശ്വാസികൾ വിശ്വാസികളല്ലാത്തവരേക്കാൾ കൂടുതൽ സന്തുഷ്‌ടരായി കാണപ്പെടുന്നു. ഈശ്വരവിശ്വാസവും മതാനുഷ്‌ഠാനങ്ങളും, മതാധിഷ്‌ഠിതസാമൂഹ്യബന്ധങ്ങളും പ്രവർത്തനങ്ങളും സന്തുഷ്‌ടി പ്രദാനം ചെയ്യുമെന്ന്‌ വിവിധ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്‌.

സൗഹൃദങ്ങൾ വളരെയേറെ സന്തുഷ്‌ടി പ്രദാനം ചെയ്യുന്നു. 2002-ൽ ഇല്ലിനോയ്‌സ്‌ യൂണിവേഴ്‌സിറ്റിയിൽ (University of Illinois) മനഃശാസ്‌ത്രജ്ഞരായ എഡ്‌വേർഡ്‌ ഡൈനറും, സെലിഗ്‌മാനും നടത്തിയ ഒരു പഠനത്തിൽ ഏറ്റവും ഉന്നതമായ സന്തുഷ്‌ടിയനുഭവിച്ച വിദ്യാർത്ഥികളുടെ പൊതുവായ സവിശേഷതകൾ കണ്ടെത്തുകയുണ്ടായി. സുഹൃത്തുക്കളും കുടുംബവുമായിട്ടുള്ള ഊഷ്‌മളമായ ബന്ധങ്ങളും അവരോടൊത്തു സമയം ചെലവിടാനുള്ള അർപ്പണബോധവുമായിരുന്നു അവയിൽ ഏറ്റവും പ്രധാനമായവ.

നല്ല സാമൂഹ്യസൗഹൃദങ്ങളും, അടുത്ത വ്യക്തി ബന്ധങ്ങളും സാമൂഹ്യപിന്തുണയും വളർത്തിയെടുക്കുകയാണ്‌ ഹാപ്പി ആകാൻ ആഗ്രഹിക്കുന്നവർ പ്രധാനമായും ചെയ്യേണ്ടത്‌ എന്ന്‌ ഡൈനൽ അഭിപ്രായപ്പെടുന്നു.

ഏറെ സ്വാതന്ത്ര്യവും തീരുമാനമെടുക്കാൻ അധികാരവുമുള്ള ജോലികളിൽ ഏർപ്പെടുന്നവരാണ്‌ ഏറ്റവും സന്തുഷ്‌ടരായി കാണപ്പെടുന്നത്‌ എന്ന്‌ റോട്ടർഡാമിലെ എറാസ്‌മസ്‌ യൂണിവേഴ്‌സിറ്റി (Eramas University) പ്രൊഫസറായ വിൻഹോവൻ (Prof. Veenhoven) നടത്തിയ പഠനത്തിൽ വ്യക്തമാകുകയുണ്ടായി.

ദീർഘനേരം ടി.വി. കാണുന്ന സ്വഭാവം ഒരിക്കലും സന്തുഷ്‌ടി പ്രദാനം ചെയ്യുന്നില്ല എന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു. മൂന്നു മണിക്കൂറിൽ കൂടുതൽ ടി.വി. കാണുന്നവർ, പ്രത്യേകിച്ച്‌ സീരിയലുകൾ പതിവായി കാണുന്നവർ, ടിവിയുടെ മുന്നിൽ കുറഞ്ഞ സമയം ചെലവഴിക്കുന്നവരെ അപേക്ഷിച്ച്‌ വളരെ അസന്തുഷ്‌ടരാണ്‌ എന്ന്‌ കാണാൻ കഴിഞ്ഞു.

ഹാപ്പിനസ്‌ ഒരു സ്‌ഥിരാവസ്‌ഥയല്ല. ഏറ്റവും സന്തുഷ്‌ടരായ 10% പേർ ചിലപ്പോൾ മാനസിക വ്യഥകൾ അനുഭവിക്കുന്നവരാണ്‌. അതുപോലെ തന്നെ ഏറ്റവും അസന്തുഷ്‌ടരായവർക്കും ചിലപ്പോഴൊക്കെ സന്തോഷത്തിന്റെ ചില നിമിഷങ്ങൾ അനുഭവിക്കാൻ കഴിയാറുമുണ്ട്‌.

സന്തുഷ്‌ടിയും പാരമ്പര്യവും

‘ഹാപ്പി’ ആയിരിക്കാനുള്ള കഴിവ്‌ ജന്മസിദ്ധമാണ്‌ എന്ന്‌ പഠനങ്ങൾ കാണിക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ്‌ മിന്നസോട്ടയിലെ ഗവേഷകനായിരുന്ന ഡേവിഡ്‌ ലൈക്കൻ (David Lykdken) 4000 ഇരട്ടകളിൽ 1936 മുതൽ 1955 വരെ നടത്തിയ പഠനത്തിൽ ജീവിത സന്തുഷ്‌ടി 50 ശതമാനവും ജനിതകഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌ എന്ന്‌ വ്യക്തമാവുകയുണ്ടായി. സന്തുഷ്‌ടനായിരിക്കാനുള്ള കഴിവ്‌ ഒരു ജനറ്റിക്‌ പ്രോഗ്രാമിലൂടെ (Genetic Programming) ലഭിക്കുന്നതാണ്‌.

ഒരു വ്യക്തിയുടെ വളരെ പ്രസന്നവും കൂസലില്ലാത്തതുമായ വ്യക്തിത്വത്തിലും സംഘർഷത്തെ അതിജീവിക്കാനുള്ള ശേഷിയിലും ഒക്കെ ജീനിന്റെ സ്വാധീനം വ്യക്തമായി കാണുവാൻ കഴിയും. എന്നാൽ വരുമാനം, വിവാഹം, മതം, വിദ്യാഭ്യാസം തുടങ്ങിയ സാഹചര്യഘടകങ്ങൾ പൊതുവേ ജീവിതസന്തുഷ്‌ടിയുടെ കാര്യത്തിൽ 8 ശതമാനം സ്വാധീനം മാത്രമേ ചെലുത്തുന്നുള്ളു. എന്ന്‌ ലൈക്കൻ വ്യക്തമാക്കുന്നു.

ബ്രിസ്‌ട്രാളിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ വെസ്‌റ്റ്‌ ഇംഗ്ലണ്ടിലെ ഡൈലൻ ഇവാൻസി (Dylan Evanes) ന്റെ അഭിപ്രായത്തിൽ നമ്മുടെ സന്തുഷ്‌ടി പരിണാമത്തിന്റെ അനിവാര്യഅവസ്‌ഥകളാൽ നിർണ്ണയിക്കപ്പെടുന്നതാണ്‌. ജനിതക സ്വാധീനം മൂലം ഓരോ വ്യക്തിയുടെയും ജീവിതസന്തുഷ്‌ടിക്ക്‌ ഒരു നിശ്ചിത പരിധി നിർണ്ണയിക്കപ്പെടുന്നു. ജീവിതത്തിൽ നല്ലതോ ചീത്തയോ ആയ എന്തെല്ലാം സംഭവിച്ചാലും നാം ആ പരിധിയിലേക്ക്‌ ക്രമേണ തിരിയെവരുമെന്ന്‌ ലൈക്കൻ വ്യക്തമാക്കുന്നു. സുനാമി ദുരന്തത്തിനു ശേഷം ധാരാളം കുട്ടികൾക്ക്‌ പഴയ സന്തോഷാവസ്‌ഥ താമസിയാതെ കൈവരിക്കാൻ കഴിഞ്ഞതും ഇതുകൊണ്ടാണ്‌.

ലോട്ടറി അടിച്ചവരിൽ 1978-ൽ നടത്തിയ ഒരു പഠനത്തിൽ ഇതു കൂടുതൽ വ്യക്തമാവുകയുണ്ടായി. ലോട്ടറി ഭാഗ്യത്തിൽ സന്തോഷിച്ച ഇവർ നാളുകൾക്കു ശേഷം മറ്റുള്ളവരേക്കാൾ ഒട്ടും കൂടുതൽ സന്തുഷ്‌ടി അനുഭവിക്കുന്നവരായിരുന്നില്ല. അതുപോലെ അപകടത്തിൽപ്പെട്ട്‌ കൈകാലുകൾ നഷ്‌ടപ്പെട്ടവർക്ക്‌ പഴയ സന്തോഷകരമായ അവസ്‌ഥയിലേക്ക്‌ അധികം കഴിയാതെ തിരിച്ചെത്തുവാൻ കഴിയുന്നുണ്ട്‌ എന്നും കാണുകയുണ്ടായി. അപകടത്തിനു ശേഷം ഒരാഴ്‌ച പിന്നിട്ട ഇവർ കഠിനമായ കോപത്തിലും ഉൽക്കണ്‌ഠയിലുമായിരുന്നുവെങ്കിലും എട്ടാഴ്‌ചയ്‌ക്കു ശേഷം അവരുടെ പ്രബലവികാരം സന്തോഷം തന്നെയായിരുന്നു.

എഡ്വേർഡ്‌ ഡൈനറുടെ പഠനത്തിൽ രണ്ടു ജീവിത സംഭവങ്ങൾ അഥവാ ദുരന്തങ്ങൾ ആളുകളെ സ്‌ഥിരമായി ഹാപ്പിനസ്‌ പോയിന്റിനു താഴെ നിലനിർത്തുന്നതായി കാണുകയുണ്ടായി. ഒന്ന്‌ഃ ജീവിതപങ്കാളിയുടെ വേർപാട്‌, രണ്ട്‌ഃ ജോലി നഷ്‌ടപ്പെടൽ. അഞ്ചു വർഷത്തിനു ശേഷമേ ഭർത്താവു നഷ്‌ടപ്പെട്ട ദുഃഖത്തിൽ നിന്ന്‌ വിധവകൾക്ക്‌ സാധാരണ മാനസികാവസ്‌ഥയിൽ തിരിച്ചെത്താൻ കഴിയുന്നുള്ളു. അതും പഴയ സന്തോഷാവസ്‌ഥയിൽ എത്താൻ കഴിഞ്ഞെന്നും വരില്ല.

ലൈക്കനും മറ്റു ഗവേഷകരും ചേർന്ന്‌ സന്തുഷ്‌ടിക്ക്‌ (happiness) താഴെപ്പറയുന്ന മൂന്നു ഘടകങ്ങൾ ഉണ്ടെന്ന്‌ വ്യക്തമാക്കുന്നു.

1. ജീവിതത്തിൽ നിന്ന്‌ കൂടുതൽ സന്തോഷം നേടുക. പഞ്ചേന്ദ്രിയങ്ങളുടെ ശരിയായ, ബോധപൂർവ്വമായ ഉപയോഗത്തിലൂടെ ജീവിതത്തിലെ സന്തോഷകരമായ കൊച്ചു കൊച്ച്‌ അനുഭവങ്ങൾ ആസ്വദിക്കുക.

2. നിങ്ങൾ ചെയ്യുന്ന പ്രവൃത്തികളിൽ പൂർണ്ണമായി മുഴുകുക.

3. ജീവിതം അർത്ഥപൂർണമാക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക.

ഇവയെല്ലാം പ്രാവർത്തികമാക്കുന്നതിന്‌ വിവിധ മാർഗ്ഗങ്ങൾ ശാസ്‌ത്രീയപഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്‌.

Previous Next

ജോൺ മുഴുത്തേറ്റ്‌

മുഴുത്തേറ്റ്‌ വീട്‌,

വടക്കുംമുറി റോഡ്‌,

തൊടുപുഴ ഈസറ്റ്‌ പി.ഒ,

ഇടുക്കി ജില്ല,

പിൻ - 685 585.


Phone: 9447314309
E-Mail: john_muzhuthettu@rediffmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.