പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ആറാം തീവ്രവാദി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീമൂലനഗരം പൊന്നൻ

കഥ

ഈ രാജ്യത്തെ രക്ഷിക്കാൻ ഞങ്ങൾ ഒടുവിൽ കണ്ടെത്തിയത്‌ ആ ഒരൊറ്റവഴി മാത്രമായിരുന്നു. ഞങ്ങൾ എന്നുപറഞ്ഞാൽ ഞങ്ങൾ അഞ്ചുപേർ. “വയം പഞ്ചോത്തരം ശതം” പഴയ ക്ലാസ്സിലെങ്ങോ പഠിച്ച സംസ്‌കൃത പാഠത്തിന്റെ തലക്കെട്ട്‌ ഓർമ്മവരുന്നു. പാഞ്ചാലിയില്ല. പുതുനാമ്പിന്‌ എന്നും കൃഷിയിടമാണെങ്കിലും സ്‌ത്രീ അബലയും ചപലയുമാണെന്ന പഴയ തത്വം മുറുകെപ്പിടിച്ച്‌ അവളെ മാറ്റി നിർത്തിയിരുന്നു ഞങ്ങൾ.

ഞങ്ങൾ മദ്യപിക്കാറില്ലായിരുന്നു. മത്സ്യമാംസാദികൾ ഭക്ഷിക്കാറില്ലായിരുന്നു. നഗരത്തിന്റെ ഓടകളുടെ ഗന്ധം കുറച്ചു കുറവുളള ചെറിയ പ്രസ്സിന്റെ രണ്ടാം മുറിയിലിരുന്നാണ്‌ ഞാനും ഇബ്രാഹിമും സുബ്രഹ്‌മണ്യനും തോമസും പിന്നെ ഞങ്ങൾക്കായിടെ കിട്ടിയ വരുത്തനായ കൂട്ടുകാരനും തീരുമാനങ്ങൾ എടുത്തത്‌. കൂട്ടുകാരന്റെ പേര്‌, നാട്‌, ജാതി, മതം, വയസ്സ്‌ എന്നിവ ഞങ്ങൾക്കജ്ഞാതമായിരുന്നു എന്നത്‌ ഒരുപക്ഷേ നിങ്ങളെ അമ്പരപ്പിച്ചേക്കാം. തൽക്കാലം ഒരു കൂട്ടുകാരൻ എന്നുമാത്രം അറിയുക. ഞങ്ങളും അവനോട്‌ കൂടുതലൊന്നും ചോദിച്ചിട്ടില്ല. ചോദിച്ചാലും അവൻ പറയുമായിരുന്നില്ല. ഭൂതകാലം അവനും അവ്യക്തമാണ്‌ എന്നെനിക്കു തോന്നിയിട്ടുണ്ട്‌.

സായംസന്ധ്യയിൽ നഗരത്തിന്റെ ചന്തം, കാര്യം കാണാൻ വേശ്യയോടടുക്കുന്ന പകൽ മാന്യന്റെ ചിരിയോടുപമിച്ചാൽ തെറ്റാവില്ല. അതുകൊണ്ടുതന്നെ നഗരസന്ധ്യയെ ഞങ്ങൾ വെറുത്തു. ഒറ്റ മനസ്സോടെ വെറുത്തു. പ്രസ്സിന്റെ രണ്ടാം മുറിയിലിരുന്നു ഞങ്ങൾ കൂട്ടായി ദിവസങ്ങളോളം ചർച്ച നടത്തി. ആ ചർച്ചകൾക്കൊടുവിലാണ്‌ രാജ്യരക്ഷയ്‌ക്ക്‌ ഉതകുന്ന ഒരു പുതിയ മാർഗ്ഗം ഞങ്ങൾക്കു മുന്നിൽ തെളിഞ്ഞു വന്നത്‌. ഇടയ്‌ക്ക്‌ പറഞ്ഞോട്ടെ; രാജ്യം ദുഷിച്ചിരുന്നു.

എവിടേയും ഈച്ചയെപ്പോലെ ആർത്തു പറക്കുന്ന അഴിമതിക്കഥകൾ, മതകലഹങ്ങൾ, സ്‌ത്രീപീഡനങ്ങൾ, കുട്ടികളോടുളള പലവിധ ക്രൂരതകൾ, അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും നില മറന്നുളള പ്രവർത്തനങ്ങൾ, ആത്മഹത്യാ പ്രവണതകൾ, പ്രതികളില്ലാത്ത കൊലപാതകങ്ങൾ, ‘ദയാവധ’ത്തിനനുകൂലിച്ചും പ്രതികൂലിച്ചുമുളള പ്രസംഗങ്ങൾ, വീടുകളിലെ സിനിമാപ്പെട്ടിയിൽ കയറികൂടിയ രതി വൈകൃതങ്ങൾ, മനുഷ്യനെ തിരിച്ചറിയാനാവാത്ത സമൂഹാന്ധത, കപടഭക്തിയുടെ കുഷ്‌ഠം പിടിച്ച വിരലുകൾ, അഹങ്കാരത്തിന്റെ ക്ലോണിംഗ്‌.. സമൂഹം എയിഡ്‌സ്‌ രോഗിയെപ്പോലെ... നാശത്തിലേക്കായിരുന്നു. ഞങ്ങളത്‌ തിരിച്ചറിഞ്ഞു. ഞങ്ങളൊന്നിച്ചല്ല. ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം തിരിച്ചറിവിന്റെ പ്രകാശം വീണുകിട്ടുകയായിരുന്നു. പിന്നീടെപ്പോഴോ ഞങ്ങളൊത്തുകൂടി. സ്വന്തം ജീവിതത്തിന്റെ പുറമ്പോക്കിൽ നിന്നു നേടിയ അനുഭവത്തിന്റെ എല്ലിൻകഷ്‌ണങ്ങൾ, വിശക്കുന്ന പട്ടികളെപ്പോലെ മാറിമാറിക്കരണ്ടു തിന്നുകൊണ്ട്‌ ഇബ്രാഹിമിന്റെ പ്രസ്സിൽ ഞങ്ങളെത്തിപ്പെട്ടു. മഷിപുരണ്ട അക്ഷരക്കട്ടകളുടെ ആ ചെറിയലോകത്ത്‌ ഞങ്ങൾ സുരക്ഷിതത്വം നുകർന്നു. ഇബ്രാഹിമിന്‌ പണ്ടേ സംശയങ്ങളായിരുന്നു. ഖുർ-ആനിൽ നിന്ന്‌, ഗീതയിൽ നിന്ന്‌, ബൈബിളിൽനിന്ന്‌ ‘ഇബിലീസിന്റെ ശർറ്‌’പോലെ ചോദ്യങ്ങൾ അവനെ കുത്തിമുറിവേൽപ്പിച്ചുകൊണ്ടിരുന്നു. യോഗക്ലാസ്സുകളും, വായനശാലകളും ഞങ്ങൾക്ക്‌ സ്വസ്ഥത സമ്മാനിച്ചില്ല; ഒടുവിൽ ഞങ്ങളാ തീരുമാനം തീവ്രവാദികളെപ്പോലെ തെരഞ്ഞെടുക്കുകയായിരുന്നു.

സമൂഹത്തെ മലീമസമാക്കുന്നവരെ തിരഞ്ഞു പിടിച്ചു കൊല്ലുക! നടപ്പുളള കാര്യമാണോ? ഉത്തരം വ്യക്തമാണ്‌-അല്ല. മുൻകാല ചരിത്രപരമായ ഉദാഹരണങ്ങളും ഏറെ. പിന്നെ? ചിന്തകൾ ഉച്ചത്തിലാവാതിരിക്കാൻ ഞങ്ങൾ വളരെ ശ്രദ്ധിച്ചിരുന്നു.

ആയിടക്കാണ്‌ ഒരു അത്ഭുത ഡോക്‌ടറെക്കുറിച്ചുളള വാർത്തകൾ നഗരത്തിൽ പരന്നത്‌. അദ്ദേഹം പ്ലാസ്‌റ്റിക്‌ സർജറിയിലൂടെ നഗരത്തിലെ കൊച്ചമ്മമാരെ ‘മിസ്സ്‌ വേൾഡു’കളാക്കുന്നുവത്രേ. മുലപ്പാലിന്റെ മണം മാറാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ നിഷ്‌ക്കപടമായ ചിരി പ്ലാസ്‌റ്റിക്‌ സർജറിയിലൂടെ അദ്ദേഹം സമ്പന്നരുടെ ഭാര്യമാർക്ക്‌ വിളമ്പുന്നു. ഭാര്യമാരുടെ താല്പര്യപ്രകാരം അവരാവശ്യപ്പെടുന്ന മുഖച്ഛായകൾ ഭർത്താക്കൻമാർക്ക്‌ വിൽക്കുന്നു. കുടവയറനായ നാല്‌പതു പിന്നിട്ട ഭർത്താവിന്റെ മുഖമെങ്കിലും തന്റെ ആരാധനാമൂർത്തിയായ ഒരു ക്രിക്കറ്റ്‌ താരത്തിന്റേതായിക്കിട്ടിയതിൽ സന്തോഷിക്കുന്ന ഒരു കുലീനയായ വീട്ടമ്മയുടെ നന്ദിപ്രകടനവും ഫോട്ടോ സഹിതം പത്രത്തിലുണ്ടായിരുന്നു. ഞങ്ങളാ വാർത്തകൾ ഒരു നൂറുതവണയെങ്കിലും വായിച്ചു. അതിലെറെത്തവണ ചർച്ച ചെയ്‌തു. ഒടുവിൽ മഴവീണ്‌ നനഞ്ഞ ഒരു പാതിരാവിൽ ഞങ്ങൾ ഡോക്‌ടർ അഷ്‌ടമൂർത്തിയെ തട്ടിയെടുത്തു. എന്തിനെന്നോ? രാജ്യത്തെ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന്‌ രക്ഷപ്പെടുത്താൻ. അഷ്‌ടമൂർത്തിയുടെ പ്ലാസ്‌റ്റിക്‌ സർജറിയ്‌ക്ക്‌ അതിനുളള കഴിവുണ്ടെന്ന്‌ ഞങ്ങളാണ്‌ കണ്ടെത്തിയത്‌. ‘പേറ്റന്റി’നായി ഞങ്ങളലഞ്ഞില്ലെന്നത്‌ മറ്റൊരു കാര്യം. നഗരത്തിൽ ഭാര്യമാർ സ്വന്തം ഭർത്താക്കൻമാർക്ക്‌ ഓഷോ രജനീഷിന്റേയും ഷാരൂഖ്‌ഖാന്റേയും സച്ചിൻ തെണ്ടുൽക്കറുടേയും മമ്മൂട്ടിയുടേയും മറ്റും മുഖങ്ങൾ നേടാൻ മത്സരിക്കുന്നതിനിടയ്‌ക്കാണ്‌ ഞങ്ങളീ കിഡ്‌നാപ്പിംഗ്‌ നടത്തിയത്‌. അവർ വെറുതേയിരിയ്‌ക്കുമോ? മഹിളാ സമ്മേളനവും ധർണ്ണകളും ബസ്സിനു ചാണകമെറിയലുമൊക്കെയായി അവർ സംഘടിച്ചു. കേബിൽ ടി.വി.യിലൂടെയും രാജ്യാന്തര ചാനലുകളിലൂടെയും കണ്ണീരൊഴുക്കി, തെറിവിളിച്ചു, മോണിക്കാ ലെവൻസ്‌കിയോട്‌ സഹായമഭ്യർത്ഥിച്ചു. പാർലമെന്റിൽ ചില വനിതാ മെമ്പർമാർ തുണിപൊക്കിക്കാണിച്ച്‌ ചരിത്രപുസ്‌തത്തിലും സ്ഥാനംനേടി. അരുന്ധതീ റോയിയോട്‌ ഇതേക്കുറിച്ച്‌ നോവലോ സിനിമയോ തയ്യാറാക്കാൻവരെ പലരും പറഞ്ഞു. രാജ്യത്ത്‌ ഒറ്റപ്പെട്ട ആത്മഹൂതിവരെ ഇതേച്ചൊല്ലി കാണേണ്ടിവന്നുവെങ്കിലും ഞങ്ങൾ സംതൃപ്‌തരായിരുന്നു. കാരണം അഷ്‌ടമൂർത്തിയെ അല്പംപോലും നോവിക്കാതെ തന്നെ അയാൾ ഞങ്ങളോട്‌ സഹകരിക്കാൻ തയ്യാറായി.

ഞങ്ങളുടെ ആവശ്യങ്ങൾ കേട്ട്‌ അഷ്‌ടമൂർത്തി ഉളളാലെ ചിരിച്ചിട്ടുണ്ടാകണം. ‘വിഡ്‌ഢികൾ’ എന്ന്‌ സഹതപിച്ചിട്ടുണ്ടാവണം. അഷ്‌ടമൂർത്തി ഞങ്ങളെ പ്ലാസ്‌റ്റിക്‌ സർജറിക്ക്‌ വിധേയരാക്കാമെന്ന്‌ സമ്മതിച്ചു.

നീണ്ട ഒമ്പതു ദിനങ്ങൾ. നഗരത്തിൽ നിന്നകന്ന്‌ ഒരൊളിസങ്കേതത്തിൽ ഞങ്ങൾ അയാൾക്ക്‌ കാവൽ നിന്നു. അഷ്‌ടമൂർത്തി ധ്യാനത്തിലായിരുന്നു. ഒടുവിൽ മഴതോർന്ന തെളിഞ്ഞ ഒരു പ്രഭാതത്തിൽ ഓരോരുത്തരെയായി അഷ്‌ടമൂർത്തി പരിശോധിച്ചു. ഇളം വെയിലിലേക്ക്‌ നീക്കി നിർത്തി പരിപൂർണ്ണനഗ്നരാക്കി പരിശോധിച്ചു. ഞങ്ങളുടെ നഗ്നതയിൽ അഷ്‌ടമൂർത്തിയ്‌ക്ക്‌ ചിരിക്കാനുളള എന്തോ ഒന്ന്‌ ഒളിഞ്ഞു കിടന്നിരിയ്‌ക്കണം. പൊട്ടിച്ചിരിക്കുന്ന അഷ്‌ടമൂർത്തിയോട്‌ ഞങ്ങൾ ചോദിച്ചു.

ങേ....?

അഷ്‌ടമൂർത്തി ഒന്നുമില്ലെന്ന്‌ തലകുലുക്കിക്കാണിയ്‌ക്കുകയും തുറന്നു പിടിച്ച ഡയറിയിൽ എന്തോ കുത്തിക്കുറിയ്‌ക്കുകയും അമർത്തിച്ചിരിക്കുകയും ചെയ്‌തു. ഞങ്ങളിൽ അഞ്ചാമനായ കൂട്ടുകാരനെ പരിശോധിച്ചു കഴിഞ്ഞപ്പോൾ അഷ്‌ടമൂർത്തിയുടെ ചിരി എങ്ങോ പോയൊളിച്ചു. അയാൾ അഗാധമായ ചിന്തകളാൽ പുളഞ്ഞു. അതറിഞ്ഞ്‌ ഞങ്ങൾ ഖേദിച്ചു. അയാൾ തന്റെ മാന്ത്രികമായ പ്ലാസ്‌റ്റിക്‌ സർജറിയുടെ നിഗൂഢവിശദാംശങ്ങൾ വല്ലതും മറന്നുപോയോ എന്നുവരെ ഞങ്ങൾ സംശയിച്ചു. എന്നാൽ അഷ്‌ടമൂർത്തി ഞങ്ങളെ തെല്ലു ഭീതിയോടെ നോക്കിയിട്ട്‌ ചോദിച്ചു.

“ഒന്നിച്ചുവേണോ.... അതോ?”

“ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ മതി...” ബുദ്ധിമാനായ സുബ്രഹ്‌മണ്യൻ പറഞ്ഞു.

“ആദ്യം എന്നെ.” അഞ്ചാം കൂട്ടുകാരൻ പറഞ്ഞു.

അഷ്‌ടമൂർത്തിയുടെ കണ്ണുകൾ തുറിച്ചുവന്നു. മൂക്കും ചുണ്ടുകളും വിറച്ചു. നെറ്റിയും കഷണ്ടിയും വിയർത്തു. അഷ്‌ടമൂർത്തി പറഞ്ഞുഃ “നിങ്ങളെ വേണ്ട. പകരം ഇവരെ നാലുപേരേയും മതി.”

കൂട്ടുകാരൻ ഞങ്ങളേയും ഞങ്ങൾ അവനേയും നോക്കി. അഷ്‌ടമൂർത്തി വിവരിച്ചുഃ “നിങ്ങളെപ്പോലെ ഇവരെയൊക്കെ മാറ്റിയാൽ മതിയാകും. എല്ലാം കഴിയുംവരെ എനിയ്‌ക്ക്‌ കാവലായി നിങ്ങൾക്ക്‌ നിൽക്കാനുമാവും.”

കാര്യം ലളിതം. ഞങ്ങളഞ്ചുപേരും സമ്മതിച്ചു. അടുത്ത രണ്ടുമാസക്കാലം ഞങ്ങൾക്ക്‌ പ്യൂപ്പ ദശയായിരുന്നു. തേനും ചില പച്ചിലകളും കുറേപ്പഴങ്ങളും മാത്രമായിരുന്നു ഭക്ഷണം. ആ രണ്ടുമാസക്കാലവും അഷ്‌ടമൂർത്തിയും അഞ്ചാംകൂട്ടുകാരനും ഞങ്ങളോട്‌ സംസാരിച്ചിരുന്നില്ല. ഞങ്ങൾ അവരോടും. പക്ഷേ അവർ തമ്മിൽ സംസാരിച്ചിരുന്നു. ചൂടുപിടിച്ച ചർച്ചകളും വാഗ്വാദങ്ങളും പൊട്ടിച്ചിരിയെന്നു തോന്നിപ്പോകുന്ന കനത്ത ചുമയും സാന്ത്വനങ്ങളും ഞങ്ങൾ അറിയുന്നുണ്ടായിരുന്നു. അറുപത്തിയൊന്നാം ദിനം ഞങ്ങൾ വാത്മീകങ്ങൾ തകർത്ത്‌ പുറത്തുവന്നു. ഞങ്ങൾ പരസ്‌പരം നോക്കി. എന്തത്ഭുതം! അഷ്‌ടമൂർത്തി ഞങ്ങളുടെ മുഖച്ഛായകൾ മാറ്റിയിരിയ്‌ക്കുന്നു. എല്ലാർക്കും ഒരേ മുഖം. എല്ലാവരും അഞ്ചാമനായിരിക്കുന്നു. ഞങ്ങൾ നാലുപേർക്കും അഞ്ചാം കൂട്ടുകാരന്റെ മുഖം. അഞ്ചുപേർക്കും ഒരേച്ഛായ!

“വയം പഞ്ചോത്തരം ശതം” വീണ്ടും സംസ്‌കൃതസ്മരണകൾ. ഇനിയാണ്‌ കളി കാണാൻ പോകുന്നത്‌. ഞങ്ങൾ സന്തോഷത്താൽ തുളളിച്ചാടി. അഷ്‌ടമൂർത്തിയെ പൊക്കിയെടുത്ത്‌ അടുത്തുകണ്ട കുളത്തിലെ കണ്ണീരുപോലുളള വെളളത്തിലിട്ടു. ഞങ്ങൾ ഒന്നിച്ചു പുറകേ ചാടി. നീരാട്ടു കഴിഞ്ഞപ്പോൾ തലയ്‌ക്കുമേൽ ചന്ദ്രനുദിച്ചിരുന്നു. താവളത്തിൽ ഞങ്ങൾ സംഭരിച്ചുവച്ചിരുന്ന കൈത്തോക്കുകൾ ഓരോരുത്തരും പുറത്തെടുത്തു. ചാണകം മെഴുകിയ തറയിൽ നിന്ന്‌ ‘കാശുക്കുടുക്ക’ മാന്തിപ്പൊളിച്ചെടുക്കുന്ന കൊച്ചുകുട്ടിയുടെ ചുറുചുറുക്കായിരുന്നു ഞങ്ങൾക്ക്‌. അഷ്‌ടമൂർത്തിക്ക്‌ അമ്പരപ്പില്ലായിരുന്നു. പക്ഷേ ഞങ്ങൾ അഞ്ചുപേരും അയാൾക്കു നേരെ തോക്കു ചൂണ്ടിയപ്പോൾ അഷ്‌ടമൂർത്തി ഞെട്ടി.

ഞാൻ പറഞ്ഞുഃ “തെളിവുകൾ നശിപ്പിക്കേണ്ടത്‌ ഞങ്ങളുടെ തീരുമാനങ്ങളുടെ ആദ്യപടിയാണ്‌. എന്നാലേ മുന്നോട്ടുളള ഗതി സുരക്ഷിതമാകൂ.”

അഷ്‌ടമൂർത്തി പറഞ്ഞുഃ “ഞാൻ സൃഷ്‌ടികർത്താവാണ്‌. നിങ്ങൾക്ക്‌ ഒരേപോലുളള മുഖച്ഛായകൾ പകർന്നു തന്നവൻ. ഒരു സൃഷ്‌ടി കർത്താവിനും സ്വന്തം സൃഷ്‌ടികളോട്‌ ക്രൂരനാവാൻ കഴിയില്ല. ഞാൻ നിങ്ങളെ ചതിക്കില്ല. എന്നെ കൊല്ലാതിരുന്നാൽ ഞാനിവിടെ കഴിഞ്ഞോളാം നിങ്ങൾ തിരിച്ചെത്തുംവരെ. വിശ്വസിയ്‌ക്കൂ. നിങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ ഞാൻ ആദരിക്കുന്നു.” അഷ്‌ടമൂർത്തിയെ ഞങ്ങൾ വിശ്വസിച്ചു. ആ സ്വരത്തിൽ ആത്മാത്ഥതയും ആ കണ്ണുകളിലെ സാന്ത്വനവും ആ കൈവിരലുകളിലെ ഈശ്വരചൈതന്യത്തേയും ഞങ്ങൾ വിശ്വസിച്ചു. തുടർന്ന്‌ ഞങ്ങൾ നഗരത്തിലേയ്‌ക്ക്‌ മാർച്ചുചെയ്‌തു.

ഒളിപ്പോരാളികളുടെ മനസ്സും ഒരുങ്ങലിന്റെ കുതിപ്പും ചുവടുകളിൽ മാർജ്ജാരന്റെ ജാഗ്രതയും തെളിഞ്ഞു. രാത്രിയോടെ ഞങ്ങൾ നഗരകവാടം പിന്നിട്ടും വീണ്ടും ഇബ്രാഹിമിന്റെ പ്രസ്സിലെ മാറാലപിടിച്ച രണ്ടാംമുറിയിലേക്ക്‌ കളളൻമാരെപ്പോലെ നുഴഞ്ഞുകയറി... ചർച്ചകൾ! ചൂടുപിടിച്ച ചർച്ചകൾ..! ഒടുവിൽ ഒന്നാംദിവസം സൂര്യനുദിച്ചു. ആദ്യദിവസം തന്നെ ഒരേ മുഖമുളള ഞങ്ങൾ അഞ്ചുപേർ അഞ്ചിടങ്ങളിലായി അഞ്ചുഭരണാധികാരികളെ വെടിവെച്ചു കൊന്നു.

അഞ്ചു തലമൂത്ത ഭരണാധികാരികൾ മരിച്ചതിനേക്കാൾ ജനങ്ങൾ നടുങ്ങിയത്‌ കൊലയാളിയെപ്പറ്റിപ്പറഞ്ഞുകേട്ട വാർത്തകൾ അറിഞ്ഞാണ്‌. അതു തന്നെയാണല്ലോ ഞങ്ങൾ ഉദ്ദേശിച്ചതും. മൂന്നു സ്ഥലങ്ങളിലും കൊലയാളിയെ കണ്ടവർ പോലീസിനു പറഞ്ഞുകൊടുത്ത അടയാളങ്ങൾ ഒന്നുതന്നെയാണ്‌. അതെങ്ങനെ ശരിയാവും?

പോലീസ്‌ മേധാവികൾ കൂട്ടമായിരുന്നു ചർച്ചനടത്തി. ചർച്ചകൾ ഫലം തരാതെ നീണ്ടുനീണ്ടുപോയി. ഞങ്ങളും വിശ്രമത്തിലായിരുന്നു.

കുറേനാൾ കഴിഞ്ഞ്‌ തീരുമാനിക്കപ്പെട്ട രണ്ടാം ദിവസം ആഗതമായി. ഒരേ മുഖമുളള ഞങ്ങൾ അഞ്ചുപേർ അഞ്ചിടങ്ങളിലായി അഴിമതിക്കാരായ അഞ്ചുപേരെക്കൂടി വെടിവെച്ചുകൊന്നു. ഇത്തവണ രാജ്യം ഒന്നിച്ചു ഞെട്ടി. അഞ്ചിടങ്ങളിലും വന്ന ഘാതകൻ ഒരേയാൾ..! ഒരേ സമയം! അതെങ്ങനെ? പട്ടാളം രംഗത്തിറങ്ങേണ്ടിവന്നു. നഗരത്തിന്റെ മുക്കും മൂലയും അവർ പരിശോധിച്ചുകൊണ്ടിരുന്നു. പിടിക്കപ്പെടാനുളള സാദ്ധ്യത കൂടുതലായിരുന്നതുകൊണ്ട്‌ ഞങ്ങൾ ആദ്യമേ പ്ലാൻ ചെയ്‌തതനുസരിച്ച്‌ അഷ്‌ടമൂർത്തിയുടെ അടുത്ത്‌ ഒളിത്താവളത്തിൽ മടങ്ങിയെത്തി. പച്ചക്കറികൾ മാത്രം തിന്ന്‌ അഷ്‌ടമൂർത്തി കണ്ടാലറിയാത്തവിധം പ്രാകൃതനായിപ്പോയിരുന്നു. എങ്കിലും അയാൾ വിശ്വസ്തനാണല്ലോയെന്നറിഞ്ഞ്‌ ഞങ്ങൾ ആശ്വസിച്ചു. ആഹ്ലാദിച്ചു. ഒളിത്താവളത്തിൽ സൂക്ഷിച്ചിരുന്ന ഞങ്ങളുടെ പുസ്‌തകങ്ങൾ വായിച്ചുതീർക്കുന്ന തിരക്കിലായിരുന്ന അയാൾ ഞങ്ങളെ കണ്ടപാടെ സല്യൂട്ട്‌ ചെയ്‌തു. ഒരു മിലിട്ടറി ഡോക്‌ടറായിരുന്നിരിക്കണം അഷ്‌ടമൂർത്തിയെന്ന്‌ ഞാൻ തീരുമാനിച്ചു. പക്ഷേ ചോദിച്ചില്ല. പോലീസെന്നും പട്ടാളമെന്നുമൊക്കെയുളള പദങ്ങൾ കേൾക്കാനും ഉരുവിടാനും എനിക്കത്ര താല്‌പര്യമില്ലായിരുന്നു അപ്പോൾ.

തുടർന്നുളള രണ്ടാഴ്‌ച ഞങ്ങൾ പട്ടിണിയിലായിരുന്നു. സംഭരിച്ചിരുന്ന ആഹാരം മതിയാകാതെ വന്നു. മാത്രമല്ല. ഒരു തമാശ പറയാനോ അതാസ്വദിക്കാനോ ഉളള മനക്കരുത്തുപോലും ഞങ്ങൾക്ക്‌ നഷ്‌ടപ്പെട്ടിരുന്നു. വിശപ്പിന്‌ ഏതു ശക്‌തിയേയും തളർത്താനുളള കഴിവ്‌ അപാരമാണെന്ന്‌ ഞാൻ സുബ്രഹ്‌മണ്യനോട്‌ ഒരു തത്വം പറഞ്ഞു. അതോ തോമസിനോടോ? ചിലപ്പോൾ ഇബ്രാഹിമിനോടായിരിയ്‌ക്കും. ആവോ?

ഞങ്ങൾക്കെല്ലാം ഒരേ മുഖച്ഛായകളായിരുന്നതുകൊണ്ട്‌ ഞങ്ങൾക്ക്‌ പരസ്‌പരം തിരിച്ചറിയാനാകാതെയും വന്നു. കഷ്‌ടം! ഒരേ പുഞ്ചിരി കണ്ട്‌ ഞങ്ങൾക്ക്‌ മടുത്തു തുടങ്ങിയോ എന്നുപോലും സംശയിക്കേണ്ടി വന്നു. പക്ഷേ ഞാൻ ശ്രദ്ധിച്ചത്‌ മറ്റൊരു കാര്യമാണ്‌. അഷ്‌ടമൂർത്തി ധ്യാനത്തിലെന്നോണം പുസ്‌തകങ്ങൾക്കു മുന്നിൽത്തന്നെയാണ്‌. തലേന്നു കൊടുത്ത ശുഷ്‌ക്കമായ ആഹാരംപോലും അയാൾക്കു മുന്നിൽ തണുത്ത്‌ ഉറുമ്പരിച്ചിരിയ്‌ക്കുന്നു.

അഷ്‌ടമൂർത്തി വായന തുടർന്നു. പുറത്ത്‌ മഴയ്‌ക്കു പുറകേ വെയിൽ പരന്നതും മഴയും വെയിലും കളളനും പോലീസും കളിച്ചിരിയ്‌ക്കേ.. ഓർക്കാപ്പുറത്ത്‌ കാറ്റടിച്ചതും ചുഴലിക്കാറ്റ്‌ മരങ്ങളെ തകർത്തുകൊണ്ട്‌ താവളത്തിനു മുകളിലൂടെ പക്ഷിക്കുഞ്ഞുങ്ങളുടെ നീണ്ട കരച്ചിലുകളും പേറി ദൂരേയ്‌ക്കകന്നു പോയതും അയാൾ അറിഞ്ഞില്ല.

കൊടുംപട്ടിണികൊണ്ട്‌ ഞങ്ങളുടെ കുടലുകളിൽ അൾസറിന്റെ വൃണങ്ങൾ പൂത്തുലഞ്ഞു. വൃണങ്ങളിൽ പുഴുക്കൾ സാമ്രാജ്യത്വമോഹങ്ങളാൽ നുരച്ചുകൊണ്ടിരുന്നു.

ഇടയ്‌ക്കെപ്പോഴോ അഷ്‌ടമൂർത്തി പുറത്തിറങ്ങി. അയാൾ വിശ്വസ്തനായതുകൊണ്ട്‌, ഞങ്ങൾ, അയാളെവിടെപ്പോയെന്ന്‌ പരസ്പരം തിരക്കിയില്ല. ഉച്ചച്ചൂട്‌ കുറഞ്ഞപ്പോൾ അഷ്‌ടമൂർത്തി തിരികെവന്നു. തോളിൽ കുറേ പച്ചക്കരിമ്പിന്റെ തണ്ടുകൾ.. ഇടതുകൈയ്യിൽ നാലഞ്ചു കാട്ടുകോഴികൾ. ദിവസങ്ങൾക്കുശേഷം അന്നു ഞങ്ങൾ വിശപ്പുതീർത്തു. ആ തൃപ്‌തിയിൽ നന്നായ്‌ ഉറങ്ങി. ഇടയ്‌ക്ക്‌ പറയട്ടെ, വർഷങ്ങൾക്കുശേഷം ഞങ്ങൾ മാംസം ചവച്ചുതിന്നു. സ്വതവേ റൊമാന്റിക്കുകളായ പാവം കാട്ടുകോഴികളുടെ മൃദുവായ മാംസം. ഞങ്ങളുടെ ആന്തരാവയവങ്ങളിൽ ചെന്ന്‌, അൾസറിന്റെ വൃണങ്ങളിൽ നിന്നും കാട്ടുകോഴികൾ, സാമ്രാജ്യ മോഹികളായ പുഴുക്കളെ ശേഖരിച്ചു തിന്നുതീർക്കുന്നത്‌ ഉറക്കത്തിൽ ഞങ്ങൾ സ്വപ്‌നം കണ്ടു.

പുതിയ ഒരൂർജ്ജവുമായി പറന്നുയർന്ന ഫീനിക്സിനെപ്പോലെ ഞങ്ങൾ കണ്ണീരു നിറഞ്ഞ കുളത്തിൽ നിന്നും കുളിച്ചുകയറി. വീണ്ടും നഗരത്തിലേയ്‌ക്ക്‌. കണ്ണുകളിൽ ‘മാർജ്ജാരന്റെ സൗമ്യത’ ഇത്തവണയും തീഷ്‌ണമായി ഉറങ്ങിക്കിടപ്പുണ്ടായിരുന്നു. അഷ്‌ടമൂർത്തി ഞങ്ങളെ ഒരു ഗൃഹനാഥനെപ്പോലെ അനുഗ്രഹിച്ചയച്ചു.

നഗരം അപരിചിതനായ വഴിപോക്കനെപ്പോലെ ഞങ്ങളെ വിസ്‌മയിച്ചുനോക്കി. നഗരകവാടത്തിൽ ഞങ്ങൾ നടത്തിയ കൊലപാതക പരമ്പരയെക്കുറിച്ച്‌ പരസ്യങ്ങളുണ്ടായിരുന്നു. കൊലയാളിയെ പിടിച്ചുകൊടുക്കുന്നവർക്കുളള ഭാരിച്ച പാരിതോഷികങ്ങളുടെ വർണ്ണനകളും. ഇതിനിടയിൽ ഇബ്രാഹിമിന്റെ പ്രസ്സിനുമുന്നിൽ ഒരുകൂട്ടം പോലീസിനെക്കണ്ട്‌ ഞങ്ങൾ പിൻവാങ്ങി. ഒരോടയിൽ ഇറങ്ങിയിരുന്ന്‌ രൂക്ഷമായി ചർച്ചചെയ്‌തു. നാളെ രാത്രി ചെയ്യേണ്ട കൃത്യങ്ങൾ ഈ രാത്രിപുലരുംമുമ്പ്‌ ചെയ്‌തു തീർത്തേ പറ്റൂ. ഒളിയ്‌ക്കാൻ ഈ രാത്രിയിൽ ഒരിടമില്ല.

പ്ലാനുകളിൽ വരുത്തിയ ഈ പെട്ടെന്നുളള മാറ്റം പക്ഷേ, ഞങ്ങളെ അമ്പരപ്പിച്ചില്ല. സധൈര്യം ഞങ്ങൾ നിയമ നിഷേധികളെത്തേടി കൈത്തോക്കുമായി അഞ്ചിടത്തേക്ക്‌ അലഞ്ഞു. നേരം പുലർന്നപ്പോൾ വീണ്ടും അഞ്ചു മൃതദേഹങ്ങൾകണ്ട്‌ രാജ്യം നടുങ്ങി. പക്ഷേ ഇത്തവണ ഒളിത്താവളത്തിൽ മടങ്ങിയെത്തുമ്പോൾ ഞങ്ങൾ അഞ്ചുപേരിൽ ഒരാൾ കുറഞ്ഞിരുന്നു. ആരാണത്‌? തോമസ്സ്‌ നഷ്‌ടപ്പെട്ടുവെന്ന്‌ നടുക്കത്തോടെ ഞങ്ങൾ അറിഞ്ഞു. അഷ്‌ടമൂർത്തി മാത്രം ഏങ്ങലടിച്ചു കരഞ്ഞു. തീവ്രമായ ദുഃഖം മറ്റുളളവരുടെ കണ്ണുനീരുപോലും അപഹരിച്ചിരുന്നു. മരണം എന്ന വസ്‌തുതയെക്കുറിച്ച്‌ ആധികാരികമായി ഞങ്ങൾ മനസ്സിലാക്കിത്തുടങ്ങിയതും സത്യത്തിൽ ആ നിമിഷം മുതലായിരിയ്‌ക്കണം.

തോമസ്‌ മരിച്ചിരിക്കുമോ? അതോ പട്ടാളത്തിന്റെ ഉരുക്കുമുഷ്‌ടിയിൽ പിടയുന്നുണ്ടാവുമോ? ഞങ്ങളുടെ അൾസർ വൃണങ്ങളിൽ കാട്ടുകോഴികൾ ചിക്കിച്ചികഞ്ഞു. അവയുടെ ശാപവചനങ്ങൾ ഞങ്ങൾ കേട്ടില്ലെന്നും നടിച്ചു.

ഈ സമയം നഗരത്തിൽ കൊലയാളിയെ പിടികൂടിയതിന്റെ ആഘോഷമായിരുന്നു. രാജ്യം മുഴുവൻ അതു കൊണ്ടാടപ്പെട്ടു. പിടികൂടിയ തോമസിനോട്‌ പട്ടാളം സൗമ്യമായിപ്പെരുമാറി. അവർക്കറിയേണ്ടത്‌ അതിമാനുഷികമായി തോമസ്‌ നടത്തിയ നരഹത്യകളെപ്പറ്റിയാണ്‌. അതിലെ അമ്പരപ്പിക്കുന്ന സത്യത്തെക്കുറിച്ചാണ്‌. പത്രക്കാരും ഇന്റർനെറ്റ്‌-ടി.വി.മാധ്യമക്കാരും തോമസിനു ചുറ്റും തിരക്കുകൂട്ടിക്കൊണ്ടിരുന്നു. വിദേശത്തുനിന്നുപോലും ജനപ്രതിനിധികൾ അയാളെക്കാണാനെത്തി.

‘ഹാരിഹൂഡിനി’ എന്ന മാന്ത്രികനെപ്പോലും കവച്ചുവയ്‌ക്കുന്ന ഈ മാന്ത്രികനായ കൊലയാളിയോട്‌ അയാൾ സത്യം പറയുംവരെ കോപിയ്‌ക്കരുതെന്ന്‌ ഗവർണ്ണറും പ്രധാനമന്ത്രിയും പ്രത്യേകം പ്രത്യേകം പട്ടാളമേധാവിയെ ഓർമ്മിപ്പിച്ചിരുന്നു. പക്ഷേ തോമസ്‌ സംസാരിച്ചില്ല. ഒരു ഊമയെപ്പോലെ നടിച്ച്‌ തോമസ്‌ ജനത്തെ വിഡ്‌ഢിയാക്കി. അയാളെ പട്ടാളം കനത്ത സുരക്ഷയിൽ പാർപ്പിച്ചു. പക്ഷേ അത്‌ നീണ്ടുനിൽക്കുന്ന ഒരു രക്ഷപ്പെടലായിരുന്നില്ല. ഒളിത്താവളത്തിനുമുകളിലൂടെ നഗരത്തിലേയ്‌ക്കു പറന്നെത്തുന്ന ചുഴലിക്കാറ്റിൽ കാട്ടുകോഴികളുടെ ശാപവചസ്സുകളും കരിഞ്ഞ തൂവലിന്റെ മണവുമുണ്ടെന്ന്‌ നഗരത്തിലെ കാലാവസ്ഥാ നിരീക്ഷകർ പട്ടാളത്തിന്‌ മുന്നറിയിപ്പുകൊടുത്തു.

അവർ, നിനച്ചിരിയ്‌ക്കാതെ താവളം വളഞ്ഞു. ഇബ്രാഹിമിന്റെ പൂട്ടിയിട്ട പ്രസ്സും അഷ്‌ടമൂർത്തിയുടെ നിരോധാനവും രാഷ്‌ട്രീയ കൊലപാതകങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന്‌ കൂർമ്മബുദ്ധിയായ ഒരു രാഷ്‌ട്രീയ നിരീക്ഷകൻ അല്പദിവസംമുമ്പ്‌ പ്രവചിച്ചിരുന്നത്രേ. അഷ്‌ടമൂർത്തിയടക്കം ഞങ്ങളെല്ലാവരും പട്ടാളമേധാവിയുടെ മുന്നിൽ നിരത്തപ്പെട്ടു.

ഒരേ മുഖമുളള ഞങ്ങളഞ്ചുപേരെയും കാണാൻ വനിതാമെമ്പർമാരും സൗന്ദര്യമത്സരറാണികളും സിനിമാതാരങ്ങളും ആണ്‌ ആദ്യം വന്നത്‌. പിന്നീട്‌ സമൂഹത്തിലെ വിവിധതട്ടിലുളളവർ. ഇടയ്‌ക്ക്‌ ലോക രാഷ്‌ട്രത്തലവൻമാരും അംബാസിഡർമാരും.

താടിയെല്ലുകളും മൂക്കിന്റെ പാലവും മോണയും ഒരേയളവിൽ പണിതു തീർത്താണ്‌ ഞങ്ങളെ ഒരേച്ഛായയുളളവരാക്കിയതെന്ന്‌ വിദേശ ഡോക്‌ടർമാരുടെ ഒരു സംഘം പ്രഖ്യാപിച്ചതുകേട്ട്‌ അഷ്‌ടമൂർത്തി ഊറിച്ചിരിയ്‌ക്കുന്നത്‌ ഞങ്ങൾ കണ്ടു. പക്ഷേ, അയാൾ കുറേക്കൂടി ക്ഷീണിതനും ചിന്താമഗ്നനുമായിരുന്നു.

ഞങ്ങളുടെ പദ്ധതികളെക്കുറിച്ച്‌ വ്യക്തമായി ചോദിച്ചറിഞ്ഞശേഷം അതിക്രൂരമായ ഒരാക്രമണം തന്നെയായിരുന്നു പിന്നീടുളള രാത്രികളിൽ ഞങ്ങൾക്കുമേൽ പട്ടാളമേധാവി അഴിച്ചുവിട്ടത്‌. അയാൾ മദ്യപിച്ച്‌ ഉന്മത്തനായിരുന്നു. കഴിഞ്ഞ കുറേ നാളുകളിലെ ഉറക്കം കെടുത്തിയതിന്‌ അയാൾ വാശി തീർക്കുകയായിരുന്നു. അനവധി നാളുകളിലെ വിചാരണകൾക്കുശേഷം ബഹുമാനപ്പെട്ട കോടതി ഞങ്ങളെ തൂക്കിക്കൊല്ലാൻ വിധിച്ചു. ഞങ്ങളെ തൂക്കിക്കൊല്ലുന്നത്‌ ലോകത്ത്‌ മുഴുവൻ ഒരേസമയം കാണിക്കുവാനുളള സൗകര്യവും മറ്റുരാജ്യങ്ങൾക്ക്‌ ചെയ്യുന്ന ഒരു സൗജന്യംപോലെ രാജ്യം ചെയ്‌തുകൊടുത്തു.

അങ്ങനെ ഒരു ശനിയാഴ്‌ച വെളുപ്പിന്‌ ഞങ്ങളുണർത്തപ്പെട്ടു. സൂര്യൻ ഉദിച്ചു തുടങ്ങിയിട്ടില്ലായിരുന്നു. ദൂരെ താഴ്‌വരകളിൽ ഒരു ചുഴലിക്കാറ്റു രൂപപ്പെടുന്നപോലെ തോന്നിയിരുന്നെങ്കിലും പിന്നീടതപ്രത്യക്ഷമായി. മഴയ്‌ക്കുളള ലക്ഷണം കണ്ടു. കാട്ടുകോഴികളുടെ ശാപശബ്‌ദങ്ങൾപോലെ ആകാശത്ത്‌ ഇടിമുഴങ്ങിയിരുന്നു.

ചാറ്റൽമഴയത്താണ്‌ കൊലമരത്തിനു മുന്നിലേയ്‌ക്ക്‌ ഞങ്ങളെ കൊണ്ടുപോയത്‌. പ്രകൃതി കരഞ്ഞിരുന്നുവെന്ന്‌ പിന്നീട്‌ ഏതെങ്കിലും സാഹിത്യകാരനെഴുതാൻ സൗകര്യമായെന്ന്‌ ഉളളിലൂറുന്ന ചിരിയോടെ ഞാനോർത്തു.

പ്രത്യേകമൊരുക്കിയ അഞ്ചുതൂക്കു കയറിട്ട കൊലമരങ്ങൾക്കു മുന്നിൽ ഞങ്ങളെ അഞ്ചുപേരേയും നിരത്തി നിർത്തി. അവസാനത്തെ ആഗ്രഹം പറയാൻ ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടത്‌. അഷ്‌ടമൂർത്തിയെ വെറുതെ വിടണം എന്നതായിരുന്നു. തുടർന്ന്‌ മുഖം കറുത്തതുണികൊണ്ട്‌ മൂടി. കഴുത്തിൽ കയറിട്ട്‌ മുറുക്കി. ഞങ്ങൾ ദീർഘമായൊന്ന്‌ നിശ്വസിച്ച്‌ മരണദേവനെ ധ്യാനിച്ചു നിന്നു. ദൂരെ കാട്ടുകോഴികളുടെ പൊട്ടിച്ചിരിയും ചിറകടികളും താഴ്‌വരയിലെ ചുഴലിക്കാറ്റിന്റെ ഹുങ്കാരശബ്‌ദവും ഞങ്ങൾ കേട്ടു. പെട്ടെന്ന്‌ പട്ടാളമേധാവിയുടെ അലർച്ച കേട്ടു.

“അഷ്‌ടമൂർത്തി താഴ്‌വരയിലേയ്‌ക്ക്‌ രക്ഷപ്പെടുന്നൂ... ഫോളോ ഹിം...”

ബൂട്ട്‌സിട്ട കാലുകളുടെ ശബ്‌ദം കുതിരപ്പറ്റത്തെയോർമ്മിപ്പിച്ചുകൊണ്ട്‌ അകന്നകന്നു പോയി. ഞങ്ങളുടെ അഞ്ചുപേരുടേയും ഒരേച്ഛായയിലുളള പുഞ്ചിരി പകർത്താൻ പത്രക്കാരുടെ ക്യാമറകൾക്കു കഴിഞ്ഞില്ല. കാരണം ഞങ്ങളുടെ ഒരേ മുഖച്ഛായകൾ മറച്ചുകൊണ്ട്‌ ഓരോ കറുത്ത ആവരണങ്ങളുണ്ടായിരുന്നല്ലോ!

ശ്രീമൂലനഗരം പൊന്നൻ

വിലാസംഃ

ശ്രീമൂലനഗരം പൊന്നൻ

ശ്രീമൂലനഗരം പി.ഒ.

പിൻ - 683 580.

(പ്രശസ്ത നാടകക്യത്തും സംവിധായകനുമായ ശ്രീമൂലനഗരം വിജയന്റെ മകനാണ്‌.)


Phone: 9847724618




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.