പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > അന്ധഗായകൻ > കൃതി

അഞ്ച്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വ്ലാദിമർ കൊറലങ്കോവ്‌

ഭാഷാന്തരം ഃ വേണു വി.ദേശം

വളരെ വേഗം അവൻ അമ്മയെ തിരിച്ചറിയാൻ പഠിച്ചു. അവളുടെ നടത്തത്തിന്റെ രീതി, വസ്‌ത്രങ്ങളുടെ കിരുകിരുപ്പ്‌, അങ്ങനെയങ്ങനെ അവന്‌ മാത്രം തിരിച്ചറിയാൻ കഴിയുന്ന ഒരായിരം അടയാളങ്ങൾ. ആ മുറിയിൽ എത്രപേരെങ്കിലും ഉണ്ടായിക്കൊളളട്ടെ-അവർ എവിടെയൊക്കെ നടക്കട്ടെ, അവൻ നേരെ അമ്മയുടെ അടുത്തെത്തിക്കൊളളും. പൊടുന്നനെയാണെങ്കിലും ആരെങ്കിലും അവനെ കൈകളിൽ കോരിയെടുത്താൻ അമ്മയാണെങ്കിൽ അതിവേഗം അതവൻ തിരിച്ചറിയുകതന്നെ ചെയ്യും. മറ്റുളളവർ എടുത്താൽ അവൻ ആ കുഞ്ഞുവിരലുകൾ കൊണ്ട്‌ അവരുടെ മുഖങ്ങളിൽ തപ്പിക്കൊണ്ട്‌, ആ വീട്ടിലെ അംഗങ്ങളാരെങ്കിലുമാണ്‌ അവരെങ്കിൽ തിരിച്ചറിയും. അവന്റെ നേഴ്‌സ്‌, മാക്സിം അമ്മാവൻ, അവന്റെ അച്‌ഛൻ എന്നിവരൊക്കെയാണ്‌ ആ വീട്ടിലെ അംഗങ്ങൾ. അപരിചിതരായവരാരെങ്കിലുമാണ്‌ അവനെ എടുക്കുന്നതെന്നിരിക്കട്ടെ-അവൻ ആ ചെറുകൈവിരലുകൾ അവരുടെ മുഖത്തോടിക്കുന്നതിനിടെ അവയുടെ വേഗം കുറഞ്ഞുവരും. സാവധാനം അവൻ ആ അപരിചിത മുഖാകൃതിയുടെ അതിരുകൾ കണ്ടെത്തും. അവന്റെ മുഖത്ത്‌ വരുത്തിക്കൂട്ടിയ ഒരു ശ്രദ്ധാഭാവം പിറക്കും. ആ കുഞ്ഞുവിരൽത്തുമ്പുകളാണ്‌ അവന്റെ കണ്ണുകളെന്ന്‌ തോന്നിപ്പോകും.

പ്രകൃത്യാതന്നെ അവൻ പ്രസരിപ്പും ജീവസ്സും ഉളള കുഞ്ഞായിരുന്നു. പക്ഷേ നാളുകൾ കഴിയുംതോറും അന്ധത അതിന്റെ മുദ്രകൾ വലുതാക്കി പ്രദർശിപ്പിച്ചു വന്നു. അവന്റെ ചലനങ്ങളും പ്രതികരണങ്ങളും മന്ദീഭവിച്ചു. ഏതെങ്കിലും മൂലകളിൽ ഒളിച്ചിരിക്കുകയെന്നതായി അവന്റെ സ്വഭാവം. അവിടെ അങ്ങനെ മണിക്കൂറുകളോളം അവനിരിക്കും. അവൻ എന്തോ ശ്രവിച്ചുകൊണ്ടിരിക്കുകയാണെന്നേ, ആ ഇരിപ്പു കണ്ടാൽ തോന്നുകയുളളു. മുറി ശാന്തമായാൽ-ആളനക്കമോ മറ്റു സ്വരങ്ങളോ നിലക്കുമ്പോൾ അവൻ ചിന്താമൂകനാകും. അത്ഭുതമെന്നോ അമ്പരപ്പെന്നോ വിശേഷിപ്പിക്കാവുന്ന ഒരു ഭാവമാറ്റം ആ മുഖത്തുളവാകും. ശിശുസഹജമല്ലാത്ത ഒരു ഗൗരവം ആ മുഖത്ത്‌ മുറ്റിത്തഴക്കും.

മാക്‌സിം അമ്മാവൻ പറഞ്ഞത്‌ ശരിയായിരുന്നു. അവന്റെ പ്രതികരണശേഷി അപാരമായിരുന്നു. അത്‌ അവനെ സഹായിക്കുവാനും തുടങ്ങി. കേൾവി, സ്പർശനശക്തി എന്നിവയായിരുന്നു അവന്റെ സഹായികൾ. പൂർണ്ണതയോടും തെളിച്ചത്തോടും കൂടി അവൻ ഓരോന്ന്‌ തിരിച്ചറിയുവാൻ തുടങ്ങി. അവന്റെ സ്പർശനശക്തി അമ്പരപ്പിക്കുന്നതായിരുന്നു. അവ പ്രത്യക്ഷമായ അവസരങ്ങളുളവായി. സ്പർശനം കൊണ്ട്‌ അവൻ നിറങ്ങൾ പോലും തിരിച്ചറിയുമായിരുന്നു. നല്ല നിറങ്ങളുളള വസ്‌തുക്കൾ കൊടുത്താൽ അവന്റെ മുഖം പ്രകാശമാനമാകുമായിരുന്നു. അത്തരം ചിലത്‌ കൈകാര്യം ചെയ്യുമ്പോൾ അവൻ വല്ലാത്തൊരുതരം ശ്രദ്ധയോടെ അവയിൽ നോക്കുന്നത്‌ കാണാമായിരുന്നു. എന്തൊക്കെയായാലും കാലം അവനിൽ കൊണ്ടുവന്ന ഏറ്റവും ആഴത്തിലുളള വികാസം അവന്റെ കേൾവിശക്തിയെ സംബന്ധിച്ചതായിരുന്നു.

ഓരോ മുറിയ്‌ക്കും പ്രത്യേകമായുളള സ്വരങ്ങളാൽ അവൻ ഓരോ മുറിയേയും തിരിച്ചറിഞ്ഞു. ആ വീട്ടിലെ ഓരോരോ അംഗത്തിന്റെയും നടത്ത, അമ്മാവന്റെ ചക്രക്കസേരയുടെ കരച്ചിൽ, അമ്മയുടെ പരുക്കൻ തയ്യൽയന്ത്രത്തിന്റെ കരകരശബ്‌ദം, ഘടികാരത്തിന്റെ വിരസതയുളവാക്കുന്ന ടിക്ക്‌-ടിക്ക്‌ മന്ത്രണം. ചിലപ്പോൾ തറയിലൂടെ ഇഴഞ്ഞുനടക്കുമ്പോൾ മറ്റാരും കേൾക്കാത്ത ചില ശബ്‌ദങ്ങൾ അവന്റെ ശ്രദ്ധയിൽ വന്നുവീഴും. അവൻ ആ ഭാഗത്തേക്കു തിരിഞ്ഞുനോക്കും. ചുവരിലൂടെ പറന്നു കയറുന്ന ഒരു പ്രാണിക്കു പിന്നാലെ ആ വിരലുകൾ നീളും. ആ പ്രാണി പറന്നകലുമ്പോൾ അവന്റെ മുഖഭാവം അമ്പരന്നതാകും. അത്‌ ഏത്‌ ദിശയിലേക്ക്‌ പോയി എന്നറിയാതെ അവൻ കുഴങ്ങും. എന്നാൽ കുറച്ചുക്കൂടി വലുതായപ്പോൾ അത്തരം പ്രത്യക്ഷമാകലുകൾ അവനെ കുഴക്കിക്കണ്ടില്ല. ആ ശലഭം പറക്കുന്ന വഴിയേ, അവൻ ശിരസ്സു തിരിക്കും. ശലഭച്ചിറകുകളുടെ സ്വരം കേട്ട്‌ ദിശ നിർണ്ണയിക്കുവാനവൻ പഠിച്ചു കഴിഞ്ഞിരുന്നു. അവന്‌ ചുറ്റുമുളള ലോകം-സ്വരം, വർണ്ണം, ചലനങ്ങൾ എന്നിവകളാലൊക്കെ സദാ ജീവത്തായിരുന്നു. പ്രധാനമായും സ്വരമാണവനെ ബാധിക്കുക. സ്വരങ്ങൾ അവന്‌ ചോദനകളേകി. ഓരോ സ്വരവും അവന്റെ കവിൾ തുടുപ്പിക്കുകയും കഴുത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുകയും ചെയ്‌തു. അവന്റെ പുരികക്കൊടികൾ അപ്പോഴൊക്കെ ഓരോ മട്ടിൽ ശരിക്കും ചലിക്കുമായിരുന്നു. പക്ഷേ ആ നല്ല കണ്ണുകൾ മാത്രം നിശ്ചലങ്ങളായി തുടർന്നു. ഇത്‌ അവന്റെ മുഖഭാവത്തിന്‌ ശിശുസഹജമല്ലാത്ത ഒരു നിഷ്‌ഠൂരത നൽകി. ആർക്കും അവനോട്‌ സഹാനുഭൂതി തോന്നുകയും ചെയ്യും.

Previous Next

വ്ലാദിമർ കൊറലങ്കോവ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.