പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > അന്ധഗായകൻ > കൃതി

നാൽപ്പത്തിയൊന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വ്ലാദിമർ കൊറലങ്കോവ്‌

വിവഃ വേണു വി.ദേശം

ആ ശരത്‌കാലത്തുതന്നെ ഈവ്‌ലീന തന്റെ മാതാപിതാക്കളോട്‌ ജന്മിഗേഹത്തിലെ അന്ധയുവാവിനെ താൻ വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നും, തന്റെ തീരുമാനം ലംഘനമില്ലാത്തതാണെന്നും അറിയിച്ചു. അവളുടെ അമ്മ കരയാനാരംഭിച്ചു. പക്ഷെ, പിതാവാകട്ടെ പ്രതിമക്കുമുന്നിൽ മുട്ടുകുത്തിനിന്ന്‌ പ്രാർത്ഥിച്ചു. അതിനുശേഷം തന്റെ മനസ്സിന്റെ വിളി അനുസരിച്ച്‌ ദൈവഹിതം അതുതന്നെയെന്ന്‌ പ്രഖ്യാപിച്ചു.

***********

അവർ വിവാഹിതരായി. പൈത്തോറിന്റെ ജീവിതം നവവും പ്രശാന്തവുമായൊരു സന്തുഷ്‌ടിയാൽ നിറഞ്ഞു. എന്നിരുന്നാലും, ഈ സന്തുഷ്‌ടിക്കുപിന്നിൽ എവിടെയൊ വേട്ടയാടു​‍ുന്ന അനിർവ്വചനീയമായൊരു ആകാംക്ഷ ഒളിഞ്ഞു നോക്കിയിരുന്നു. അതിൽനിന്നും അയാൾ ഒരിക്കലും സ്വതന്ത്രനായിരുന്നില്ല. തന്റെ ഏറ്റവും പ്രസന്നമായ മാനസികാവസ്ഥയിൽ പോലും സംശയകലുഷിതമായൊരു വിഷാദത്തിന്റെ നേരിയ ലാഞ്ചന ആ മന്ദഹാസത്തിൽ കലർന്നിരുന്നു. തന്റെ സന്തുഷ്‌ടി നീതികരിക്കത്തക്കതാണോ എന്ന്‌ അവന്‌ തന്നെ വിശ്വസിക്കാനായില്ല അഥവാ അവ യഥാർത്ഥത്തിൽ നിലനിൽക്കുന്നതാണോ എന്നും. താൻ ഒരുപക്ഷെ ഒരു പിതാവാകാൻ പോവുന്നോ എന്ന പൊടുന്നനെ ഒരു പരിഭ്രാന്തിഭാവം ആ മുഖത്ത്‌ പ്രത്യക്ഷപ്പെടുത്തി.

എന്നിരുന്നാലും ഇപ്പോഴത്തെ തന്റെ ജീവിതം മുമ്പുളള ഫലരഹിതമായ അന്വേഷണങ്ങൾക്കൊന്നും യാതൊരു സമയവും നൽകിയില്ല. ജനിക്കാനിരിക്കുന്ന കുട്ടിയെക്കുറിച്ചും, ഭാര്യയെക്കുറിച്ചുമുളള ആകാംക്ഷയും ഗൗരവപരമായ പഠനത്തിനുമായി അവന്റെ ദിവസങ്ങൾ മുഴുവനും നിറഞ്ഞിരുന്നു. എന്നാൽ ഇതിനിടെ ചില നിമിഷങ്ങളിൽ, അന്ധയാചകിയുടെ വിലാപഗാനങ്ങളെക്കുറിച്ചുളള സ്‌മരണകൾ മനസ്സിൽ ഉയർന്നുവന്നിരുന്നു. അത്തരം സമയങ്ങളിൽ അയാൾ ഗ്രാമത്തിലേക്ക്‌ പോകുമായിരുന്നു; അവിടെ ഫയദോർ കാൻസീബക്കും, വസൂരിക്കുത്തുളള മുഖമുളള അനന്തരവനുമായി ഒരു പുതിയ വീട്‌ പണിയിൽ മുഴുകി. കാൻസീബ തന്റെ കോബ്‌സയും കൂടെ കൊണ്ടുപോകുമായിരുന്നു; അഥവാ ചിലപ്പോൾ അവർ ചുമ്മാ സംസാരിക്കുമായിരുന്നു എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച്‌. ക്രമേണ പൈത്തോറിന്റെ ചിന്തകൾ പ്രശാന്തമായി. പദ്ധതികൾ പ്രചോദനമരുളാനുളള ശക്തി ആർജ്ജിച്ചു.

വെളിച്ചത്തോടുളള അവന്റെ സംവേദനക്ഷമത നന്നെ കുറഞ്ഞു; തന്നെ ശല്യപ്പെടുത്തുന്ന ശക്തികൾ ഇപ്പോൾ നിദ്ര പ്രാപിച്ചു. അവയെ ബോധേന്ദ്രിയത്തിന്റെ അധ്വാനം കൊണ്ട്‌ വൈവിധ്യാത്മക ചേതനകളിലേക്ക്‌ ലയിപ്പിച്ച്‌ ഗ്രാഹ്യമായ എന്തോ ഒന്നാക്കുവാനുളള ശ്രമം അയാൾ പിന്നെ തുടർന്നില്ല. ഈ ഫലരഹിതമായ ഉദ്യമങ്ങൾക്കായുളള ശ്രമം അയാൾ പിന്നെ തുടർന്നില്ല. ഈ ഫലരഹിതമായ ഉദ്യമങ്ങൾക്കായുളള സ്ഥലത്ത്‌ ഇപ്പോൾ വർണ്ണോജ്ജ്വല സ്‌മരണകളും, പ്രതീക്ഷകളും കൊണ്ട്‌ നിറഞ്ഞു. എന്നിരുന്നാലും ആർക്കറിയാം? ഒരുപക്ഷെ ഈ സമാധാനം തന്നെ തന്റെ ആത്മാവിലേക്ക്‌ കടന്നുവന്നതിന്‌, തന്റെ ആന്തരികസത്തയുടെ അബോധപൂർവ്വമായ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താനും, തന്റെ സ്നായുകേന്ദ്രങ്ങളിൽ ലയിക്കാനായി എത്തിച്ചേർന്ന വ്യത്യസ്ത പ്രതിഛായകളെയും സഹായിച്ചിരുന്നു. കാരണം നിദ്രാവസ്ഥയിൽ നമ്മുടെ മനസ്സ്‌ പലപ്പോഴും, ബോധപൂർവ്വമായ പ്രയത്നങ്ങളാൽ നേടിയെടുക്കാനാവാത്ത ആശയങ്ങളെയും സംജ്ഞകളെയും രൂപപ്പെടുത്തുന്നില്ലേ?

ആ മുറി വളരെ നിശ്ചലമായിരുന്നു. പൈത്തോർ ജനിച്ച അതേ മുറി. ആ നിശ്ശബ്‌ദതയെ ഭജ്ഞിച്ചത്‌ ഒരു ശിശുവിന്റെ രോദനമായിരുന്നു. ആ കുഞ്ഞിന്‌ ഏതാനും ദിവസത്തെ പ്രായമേ ഉണ്ടായിരുന്നുളളു. ഈവ്‌ലീന ക്ഷണത്തിൽ സുഖം പ്രാപിച്ചു വരികയായിരുന്നു. എന്നാൽ ഈ ദിവസങ്ങളിലൊക്കെ പൈത്തോർ, ആസന്നമായൊരു ദൗർഭാഗ്യത്തെക്കുറിച്ച്‌ മുൻകൂട്ടി കാണുന്നുണ്ടായിരുന്നു.

ഡോക്‌ടർ വന്നു. അദ്ദേഹം കുഞ്ഞിനെ എടുത്ത്‌ ജനാലയ്‌ക്ക്‌ അരികിലായി കിടത്തി. കർട്ടൺ അകത്തിയിട്ട്‌ അദ്ദേഹം കുറച്ചു സൂര്യപ്രകാശത്തെ മുറിയിലേക്ക്‌ കടത്തി. പിന്നെ അദ്ദേഹം കുഞ്ഞിനു നേരെ കുനിഞ്ഞു. പൈത്തോർ വിഷാദാകുലനായി തലകുനിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ നിർവ്വികാരത പാലിച്ചു. ഡോക്‌ടറുടെ നടപടിക്രമങ്ങൾ അവനിൽ പ്രത്യേകിച്ചൊരു അർത്ഥവും ഉളവാക്കിയില്ല. ഫലമെന്തായിരിക്കുമെന്ന്‌ അവന്‌ മുൻകൂട്ടി അറിയാവുന്നതുപോലെയായിരുന്നു.

“അവൻ തീർച്ചയായും അന്ധനായിരിക്കും.” അയാൾ വീണ്ടും വീണ്ടും പറഞ്ഞു. “അവൻ ജനിക്കേണ്ടായിരുന്നു.‘

ആ യുവഡോക്‌ടർ ഒന്നും പ്രതിവചിച്ചില്ല. എന്നാൽ ശാന്തമായി തന്റെ പരീക്ഷണങ്ങളിൽ വ്യാപൃതനായി. പിന്നെ, ഒടുവിൽ, തന്റെ ഓപ്‌അൽമോസ്‌കോപ്പ്‌ താഴെവച്ചിട്ട്‌ ശാന്തസ്വരത്തിൽ മുറിയിൽ രഹസ്യഭാവത്തോടെ പറഞ്ഞു.

”കൃഷ്‌ണമണികൾ സങ്കോചിക്കുന്നുണ്ട്‌. തീർച്ചയായും കുഞ്ഞിന്‌ കണ്ണ്‌ കാണുന്നുണ്ടായിരിക്കും.“

പൈത്തോർ ഒരു ഞടുങ്ങി. അയാൾ പൊടുന്നനെ എഴുന്നേറ്റു നിന്നു. സ്പഷ്‌ടമായും അയാൾ ഡോക്‌ടറുടെ പ്രഖ്യാപനം കേട്ടിരുന്നു. പക്ഷെ അയാളുടെ മുഖഭാവത്തെ സവിശേഷതമൂലം കാര്യം താൻ മനസ്സിലാക്കിയെന്ന ഒരു സൂചനയും ലഭ്യമായില്ല. അയാൾ നിശ്ചലനായിനിന്നു. ബലത്തിനായി വിറക്കുന്ന ഒരു വിരൽ ജനാലത്തട്ടിൽ വിശ്രമിച്ചിരുന്നു. മുകളിലേക്കു തിരിഞ്ഞ മുഖം നന്നെ വിളർത്തും പ്രകൃതം ഉറച്ചതുമായിരുന്നു.

ആ നിമിഷംവരെ അയാൾ ഏതോ അസാധാരണ വിമ്മിഷ്‌ടത്തിന്റെ ശക്തിക്കധീനനായിരുന്ന സ്വന്തം സത്വത്തെക്കുറിച്ച്‌ തികച്ചും ബോധവാനെങ്കിലും പ്രതീക്ഷമൂലം അയാളുടെ ഓരോ സ്നായുക്കളും തന്തുക്കളും സജീവവും വിറപൂണ്ടുമിരുന്നു.

തന്നെ വലയം ചെയ്‌ത അന്ധകാരത്തെപ്പറ്റി അയാൾ ബോധവാനായിരുന്നു. അത്‌ തിരിച്ചറിഞ്ഞ്‌, തന്റെ ചുറ്റിനുമുളള അതിന്റെ സാന്നിധ്യം സംവേദനക്ഷമതയോടെ ഉൾകൊണ്ട്‌ അതിന്റെ അതിർത്തിയില്ലാത്ത വളയത്തെക്കുറിച്ചും അയാൾ ബോധവാനായിരുന്നു.

ഒരുപക്ഷേ മാക്‌സിം സൂചിപ്പിച്ചിരുന്ന കറുത്ത മസ്തിഷ്‌കത്തിന്റെ അഗാധതകളിൽ രൂപമില്ലാത്ത സംവേദകക്ഷമതകളായിരിക്കുമോ അവിടെയുണ്ടായിരുന്നതൊക്കെ? ഈ അഗാധതകളിൽ വെളിച്ചവും ശബ്‌ദവും ഉളവാക്കുന്ന ആഹ്ലാദഭാവമോ, വിഷാദഭാവമോ, ആനന്ദഭാവമോ, അതോ മാനസിക ശാരീരിക വ്യഥയോ?

താൻ പിന്നീട്‌ ഓർമ്മിച്ചത്‌-നിമിഷനേരം തന്റെ ആത്മാവിൽ കേൾപ്പിച്ചത്‌ നിസാരമായ സംഗീതമായിരുന്നോ-പ്രകമ്പനം കൊളളുന്ന സ്വരച്ചേർച്ച കലർന്ന ജീവിതം ഇതുവരെ തനിക്കേകിയ എല്ലാ പ്രതിഛായകളെയും ഒന്നിച്ച്‌ ഇടകലർത്തിയതോ, തന്റെ സർവ്വ പ്രകൃതിപരമായ വികാരങ്ങളോ ആർദ്രസ്‌നേഹമോ ആയിരുന്നുവോ? ആർക്ക്‌ പറയാനൊക്കും?

ഈ നിഗൂഢതയെയും, അതിന്റെ അന്തർദ്ധാനത്തെയും കുറിച്ചുമാത്രം താൻ ഓർമ്മിച്ചു-ആ അന്തിമനിമിഷം, ശബ്‌ദവും, രൂപങ്ങളും ഒന്നിച്ച്‌ ഇടകലർന്ന്‌, ഏറ്റുമുട്ടി പ്രകമ്പനംകൊണ്ട്‌ വിറച്ച്‌, വലിഞ്ഞു മുറുകിയ ചരട്‌ നിശ്ശബ്‌ദതയിലേക്ക്‌ വിറച്ചുനിൽക്കുന്നതുപോലെ മങ്ങുന്നു. ആദ്യം ഉറക്കെ ഉച്ചസ്ഥായിയിലും, പിന്നെ മൃദുവും, അതീവ മൃദുലവും കഷ്‌ടിച്ചുകേൾക്കാവുന്നതുമത്രെ; അനന്തമായൊരു ചരിവിൽ താഴേക്ക്‌ അങ്ങകലേക്ക്‌ തികഞ്ഞ നിശ്ശബ്‌ദതയിലേക്ക്‌ ചരിഞ്ഞുവീഴുന്നതുപോലെയായിരുന്നു അത്‌.

പിന്നെ അത്‌ പോയിക്കഴിഞ്ഞു. നിശ്ചലത മാത്രം ബാക്കി. ഇരുട്ടും നിശ്ശബ്‌ദതയും.

അപ്പോഴും അവിടെ അവ്യക്തമായ ദർശനങ്ങൾ അന്ധകാരത്തിൽ രൂപം കൊളളാൻ ശ്രമിച്ചിരുന്നു. പക്ഷെ അവയ്‌ക്കൊന്നും ആകൃതിയോ, ശബ്‌ദമോ, നിറമോ ഉണ്ടായിരുന്നില്ല. ആകെയുളളത്‌ അങ്ങകലെ എവിടെയോ അങ്ങ്‌ താഴെ, ഇരുട്ടിലൂടെ വെട്ടിമുറിക്കുന്ന സ്വരലയം മാത്രമായിരുന്നു. പിന്നെ അതും, താഴെ അനന്തമായ ശൂന്യതയിലേക്ക്‌ വഴുതിയിറങ്ങി.

പിന്നെ ആ മുറിയിലെ ജീവചേതനയായിരുന്നു അയാളുടെ കാതുകളിലേക്ക്‌ പരിചിത ശബ്‌ദരൂപങ്ങളിൽ എത്തിയത്‌. അയാൾ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നതായി കാണപ്പെട്ടു. പക്ഷെ അപ്പോഴും അയാൾ പ്രസന്നനും ആഹ്ലാദവാനുമായി അമ്മയുടെയും മാക്‌സിമിന്റെയും കൈ അമർത്തിക്കൊണ്ട്‌ നിന്നു.

”നിനക്കെന്തുപറ്റി?“ അമ്മ ആകാംക്ഷകുലയായി ആരാഞ്ഞു.

”ഒന്നുമില്ല. എനിക്കു തോന്നുന്നത്‌ നിങ്ങളെയൊക്കെ ഞാൻ കണ്ടെന്നാണ്‌. എല്ലാവരെയും. ഞാൻ സ്വപ്‌നം കാണുകയല്ലല്ലോ? അല്ലേ?“

”ഇപ്പോഴോ?“ അമ്മ കിതച്ചുകൊണ്ട്‌ ആരാഞ്ഞു.

”എന്താണ്‌ ഇപ്പോൾ? നീ ഓർക്കുന്നോ? നീ ഓർമ്മിക്കുന്നുണ്ടോ?“

പൈത്തോർ ആഴത്തിൽ നെടുവീർപ്പിട്ടു.

”ഇല്ല...“ അയാൾ തെല്ല്‌ പരിശ്രമത്തോടെ പറഞ്ഞു.

”ഇല്ല. പക്ഷെ അത്‌ സാരമില്ല. എന്തെന്നാൽ... എന്തെന്നാൽ... അതൊക്കെ ഇപ്പോൾ ഞാൻ അവന്‌ നൽകി. എന്റെ പുത്രന്‌... പിന്നെ... പിന്നെ.. എല്ലാവർക്കും...“

കാലുകൾ വേച്ച്‌ വേച്ച്‌ അവൻ അബോധാവസ്ഥയിൽ വീണു. അയാളുടെ മുഖം വിളറിവെളുത്തു. പക്ഷെ മഹത്തായൊരു ആവശ്യം നിറവേറ്റപ്പെട്ട സന്തുഷ്‌ടിയാൽ അത്‌ അപ്പോഴും പ്രസന്നമായിരുന്നു.

Previous Next

വ്ലാദിമർ കൊറലങ്കോവ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.