പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > അന്ധഗായകൻ > കൃതി

മുപ്പത്തിയാറ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വ്ലാദിമർ കൊറലങ്കോവ്‌

വിവഃ വേണു വി.ദേശം

പൈത്തോറിന്റെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കയായിരുന്നു. അവന്റെ അഗാധമെങ്കിലും, പ്രശാന്തമായ വിഷാദഭാവം സ്നായു സംബന്ധിയായ അസ്ഥിരഭാവത്തിന്‌ വഴിമാറിക്കൊണ്ടിരുന്നു. അതേസമയം അവന്റെ സംവേദകക്ഷമതാബോധം ദൃശ്യമാം വിധേന വർദ്ധിച്ചുവരികയുമായിരുന്നു. സൂക്ഷ്‌മമായ ആ ശ്രവണശക്തി അപ്പോഴും അതിസൂക്ഷ്‌മമായി തന്നെ നിലനിന്നു. ആ സ്ഥലമാകെ പ്രകാശത്തിന്റെ ഉത്തേജത്തിന്‌ അനുകൂലമായി പ്രതികരിച്ചു- സായാഹ്‌നവേളകളിൽ പോലും. രാതി ഇരുണ്ടതോ, ചന്ദ്രപ്രകാശമുളളതോ എന്ന്‌ അവനറിയാമായിരുന്നു. മിക്കപ്പോഴും, കുടുംബാംഗങ്ങളൊക്കെ ഉറങ്ങിക്കഴിഞ്ഞാലും, അവൻ വീടിന്റെ ചുറ്റും മണിക്കൂറുകളോളം നടക്കുമായിരുന്നു. ചന്ദ്രന്റെ സ്വപ്‌നസദൃശമായ അത്യുൽഭൂത പ്രകാശ നിഗൂഢ സ്വാധീനതക്ക്‌ സ്വയം കീഴ്‌പ്പെട്ട്‌ പറയാനാവാത്ത ആകുലാവസ്ഥയിൽ മുഴുകി. ഇത്തരം അവസരങ്ങളിലെല്ലായ്‌പ്പോഴും, ആ വിളർത്ത മുഖം ആകാശത്തിലൂടെ കടന്നുപോകുന്ന പ്രകാശോജ്ജ്വലമായ ഭൂഗോളത്തെ പിന്തുടരാനായി തിരിച്ചുവരുമായിരുന്നു; ആ ശീതളകിരണങ്ങൾ അവന്റെ ദൃഷ്‌ടികളിൽ പ്രതിഫലിച്ചിരുന്നു.

പക്ഷെ, ചന്ദ്രൻ അസ്തമിക്കാൻ തുടങ്ങി, ഭൂമിയെ സമീപിക്കുന്തോറും ക്രമാനുസൃതമായി വലുതായിക്കൊണ്ടിരുന്നു; ഒടുവിൽ ഘനീഭൂതമായ കടുംചുവപ്പ്‌ മഞ്ഞിന്റെ മൂടുപടമണിഞ്ഞ്‌ അത്‌ സാവധാനം മഞ്ഞ്‌ നിറഞ്ഞ ചക്രവാളത്തിലേക്ക്‌ താഴ്‌ന്നു പോകുന്നതോടെ അത്യധികം ശാന്തമായൊരു നോട്ടം അവന്റെ മുഖഭാവത്തിൽ പ്രത്യക്ഷീഭവിക്കുകയും, അതോടെ വീടിനകത്തേക്ക്‌ തിരിഞ്ഞ്‌ അകത്തേക്ക്‌ കയറിപ്പോവുകയും ചെയ്യുമായിരുന്നു.

ആ സുദീർഘങ്ങളായ നിശീഥിനിയിൽ ഏതേത്‌ ചിന്തകളാണ്‌ അവന്റെ മനസ്സിനെ ഭരിച്ചതെന്ന്‌ പറയാൻ പ്രയാസം. ജ്ഞാനത്തിന്റെയും ധാരണയുടെയും സമസ്ത ആഹ്ലാദങ്ങളും, പീഡനങ്ങളും സഹിച്ച ഏതൊരുവനും- ചിലർക്ക്‌ ഏറിയും, ചിലർക്ക്‌ കുറഞ്ഞും-ആത്മീയ പ്രതിസന്ധിയുടേതായ ഒരു പ്രത്യേക കാലഘട്ടം അനുഭവപ്പെടാറുണ്ട്‌. ജീവിതത്തിന്റെ പ്രവർത്തിപഥങ്ങളുടെ മുറ്റത്ത്‌ നിന്ന്‌ പ്രകൃതിയിലെ സ്വന്തം സ്ഥാനം മനസ്സിലാക്കാനുളള ഉദ്യമത്തോടെ സ്വന്തം പ്രാധാന്യവും, ബാഹ്യലോകവുമായുളള തന്റെ ബന്ധത്തെക്കുറിച്ചും ആളുകൾ ചുറ്റിനും കണ്ണോടിക്കുന്നു. ഇതൊരു വൈഷമ്യമേറിയ സമയമാകുന്നു-വന്യമായ ചഞ്ചലിപ്പൊന്നും കൂടാതെ ഇത്‌ നിർവ്വഹിക്കാനുളള ചലന ഊർജ്ജശക്തി ആർജ്ജിക്കുന്നവൻ ഭാഗ്യവാൻ... പൈത്തോറിനും, ഈ അധികവൈഷമ്യം നേരിടേണ്ടിയിരുന്നു-അതായത്‌ “ഞാനെന്തിനു ജീവിക്കുന്നു?” എന്ന സാർവ്വത്രികമായ ചോദ്യത്തിന്‌ അവൻ തന്നെ സ്വന്തം മറുപടിയേകുന്നു. “അന്ധനായ ഞാൻ എന്തിന്‌ ജീവിക്കുന്നു?” വീണ്ടും, ഇത്തരം സൗമ്യമായ പ്രതിഫലനപ്രക്രിയയിലേക്ക്‌ തളളിനീക്കപ്പെടുന്ന മറ്റൊരു ഘടകം കൂടിയുണ്ട്‌. സംതൃപ്‌തി അടയാത്തതായ ശാരീരിക സമ്മർദ്ദമൊഴികെയുളെളാരു ആവശ്യകത... ഇതിനെല്ലാം അവന്റെ സ്വഭാവത്തിൽ ഒരു സ്വാധീനം ചെലുത്തിയിരുന്നു.

ക്രിസ്‌തുമസ്‌ കഴിഞ്ഞ ഉടനെ യാസ്‌കുൽസ്തീസ്‌ കുടുംബം മടങ്ങിയെത്തി. ഈവ്‌ലീന തൽക്ഷണം ജന്മിഗൃഹത്തിലെത്തി, അവൾ ഡ്രായിംഗ്‌റൂമിലേക്ക്‌ ചാടിക്കയറി, മാക്‌സിമിന്റെയും അന്ന മിഖയ്‌ലോവ്‌നയുടെയും, പൈത്തോറിന്റെയും ചുറ്റിനും അവൾ ഉത്തേജക ആഹ്ലാദത്തോടെ കൈകൾ വരിഞ്ഞു. മഞ്ഞിൻകണങ്ങൾ അവളുടെ തലമുടിയിൽ തിളങ്ങിയിരുന്നു; അവളോടൊപ്പം മുറിയിലേക്ക്‌ പൊടിമഞ്ഞിന്റെ പുതുമയും അടിച്ചുകേറി. ആദ്യം പൈത്തോറിന്റെ ഭാവം പെട്ടെന്നുളള സന്തോഷത്താൽ പ്രസന്നമായി; പക്ഷേ കഠിന വിഷാദഭാവത്താൽ അത്‌ വീണ്ടും ഇരുണ്ടുപോയി.

“ഞാൻ കരുതുന്നത്‌ നിന്നെ ഞാൻ സ്‌നേഹിക്കുന്നെന്നാണ്‌ നീ വിചാരിക്കുന്നതെന്താണ്‌...‘ അന്ന്‌ ഈവ്‌ലീനയും താനും ഒറ്റയ്‌ക്കായപ്പോൾ പരുക്കൻ സ്വരത്തിൽ അവൾ പറഞ്ഞു.

”അക്കാര്യം എനിക്ക്‌ തീർച്ചയുണ്ട്‌.’ അവൾ പറഞ്ഞു.

“ശരി. പക്ഷെ എനിക്ക്‌ ഒട്ടും തന്നെ തീർച്ചയില്ല.” അയാൾ വിരസഭാവത്തിൽ പ്രഖ്യാപിച്ചു. “അല്ല. അങ്ങിനെയല്ല. ഈ ഭൂമിയിലെ മറ്റെന്തിനെക്കാളുമേറെ നിന്നെ സ്‌നേഹിച്ചെന്ന്‌ ഞാൻ കരുതി. പക്ഷെ ഇപ്പോൾ മാത്രമെ അതങ്ങിനെ ആണോ എന്ന കാര്യത്തിൽ എനിക്ക്‌ തീർച്ചയില്ലാതുളളൂ. സമയം വൈകുന്നതിനുമുമ്പെ... എന്നെ തഴഞ്ഞിട്ട്‌ ജീവിതത്തിനപ്പുറത്തേക്ക്‌ നിന്നെ ക്ഷണിക്കുന്ന വിളികളെ ചെവിക്കൊളളുക.”

“എന്തിന്‌ എന്നെ ഇങ്ങനെ പീഡിപ്പിക്കണം.”

മൃദുവായൊരു അധിക്ഷേപഭാവം അവളുടെ മനസ്സിൽ തട്ടി.

“പീഡിപ്പിക്കയോ? നിന്നെയോ?” വീണ്ടും ആ സ്വാർത്ഥപരമായ വിഷാദഭാവം അയാളുടെ മുഖത്തേക്ക്‌ ഇരച്ചുകയറി. “അതെ. ഞാനുമതെ...നിന്നെ പീഡിപ്പിക്കുന്നു. ഇനി എന്റെ ശേഷിച്ച ജീവിതകാലമൊക്കെ ഞാൻ ഈ പീഡനം തുടരും. നിന്നെ പീഡിപ്പിക്കാതിരിക്കാൻ എനിക്ക്‌ സാധ്യമേയല്ല. മുമ്പ്‌ എനിക്കറിഞ്ഞുകൂടായിരുന്നു. പക്ഷെ ഇപ്പോൾ എനിക്കറിയാം. അത്‌ എന്റെ കുറ്റമല്ല. ജനിക്കുംമുമ്പെ എന്റെ കാഴ്‌ചശക്തി കവർന്ന്‌ എടുത്ത ആ കരം-ഈ അസുഖശീലം ആ കരം തന്നെയാണ്‌ എന്നിൽ ഉളവാക്കിയത്‌. നമ്മളൊക്കെത്തന്നെ അങ്ങിനെ ആണ്‌. ജന്മനാ, നമ്മളൊക്കെ അന്ധരാണ്‌. എന്നെ തഴയുകയായിരിക്കും നിനക്ക്‌ ഏറ്റവും നല്ലത്‌. അതെ, എല്ലാവരും എന്നിൽ നിന്നും അകലട്ടെ-എന്തെന്നാൽ നിങ്ങളുടെ സ്‌നേഹത്തിനുപകരമായി എനിക്ക്‌ യാതനകൾ മാത്രമേ നൽകാനുളളൂ. എനിക്ക്‌ കാഴ്‌ചശക്തി ആവശ്യമാണ്‌. നിങ്ങൾക്ക്‌ മനസ്സിലാവുന്നില്ലേ? എനിക്ക്‌ കാഴ്‌ചശക്തി വേണം. പ്രസ്തുത ആവശ്യത്തെ എനിക്ക്‌ ത്യജിക്കാൻ വയ്യ... അമ്മയേയും അച്‌ഛനെയും, നിന്നെയും, മാക്‌സിമിനെയും എനിക്ക്‌ കാണാൻ കഴിഞ്ഞാൽ-ഒരിക്കലെങ്കിലും കണ്ടാൽ, എനിക്ക്‌ തൃപ്‌തിയായി... ഞാനത്‌ ഓർമ്മിക്കും... ഇനിവരും വർഷങ്ങളിലേക്ക്‌ അന്ധകാരത്തിലൂടെ ആ ഓർമ്മ എന്നെ നയിക്കും...”

പേർത്തും പേർത്തും അസാധാരണമായ നിർബന്ധബുദ്ധിയോടെ ഈ ആശയത്തിൽ തന്നെ അവൻ ഉറച്ചുനിന്നു. ഏകനായിരിക്കുമ്പോൾ, അവൻ ഒരു വസ്‌തുവും, ചിലപ്പോൾ മറ്റൊരു വസ്‌തുവും തെരഞ്ഞെടുക്കും. അനന്തമായ സൂക്ഷ്‌മതയോടെ അത്‌ പരിശോധിക്കും. പിന്നെ അത്‌ മാറ്റിവച്ചിട്ട്‌, അതിൽ താൻ കണ്ട ഗുണമേന്മകളെക്കുറിച്ച്‌ ചിന്തിക്കും... വ്യത്യസ്‌തമായ തിളങ്ങുന്ന നിറങ്ങളുടെ സ്പർശനമാധ്യമത്തിലൂടെയുളള വ്യതിയാനം അവൻ അവ്യക്തമായി ഉൾക്കൊണ്ട്‌, ധ്യാനനിമഗ്‌നനായി. പക്ഷെ അവയെല്ലാം കേവലം താരതമ്യേനയുളള വ്യതിയാനങ്ങളായിരുന്നു. സുദൃഢമായ പ്രാധാന്യബോധം ഇല്ലാത്തത്‌- അതായത്‌ ഈ വക കാര്യങ്ങളൊക്കെ തന്റെ ബോധകേന്ദ്രങ്ങളിൽ എത്തിച്ചേരുമെന്ന വസ്‌തുത... ഇക്കാര്യം കൊണ്ടു മാത്രമെ സൂര്യപ്രകാശമുളള പകലും, ഇരുണ്ട രാത്രിയും അവന്‌ വ്യത്യസ്തങ്ങളായി തോന്നിയത്‌. അതായത്‌ നിഗൂഡവും, കണ്ടുപിടിക്കാനാവാത്തതുമായ വഴികളിലൂടെ തന്റെ മസ്തിഷ്‌കത്തിലെത്തുന്ന ഉജ്ജ്വലമായ ഈ പകൽവെളിച്ചം, അവന്റെ വേദനാഭരിതമായ തെരച്ചിലുകളെ ഒന്നുകൂടി ദ്വിഗുണീഭവിപ്പിച്ചതേയുളളൂ.

Previous Next

വ്ലാദിമർ കൊറലങ്കോവ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.