പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > അന്ധഗായകൻ > കൃതി

മുപ്പത്തിനാല്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വ്ലാദിമർ കൊറലങ്കോവ്‌

വിവഃ വേണു വി.ദേശം

ആ സ്‌റ്റാവ്‌റുചെങ്കോ സന്ദർശനവേളയിലെ ശേഷിച്ച ദിവസങ്ങളിലെ ചില അവസരങ്ങളിൽ പൈത്തോറിന്റെ മാനസികനില അനുകൂലമാവുകയും, അയാൾ സ്വന്തം നിലയിൽ തന്നെ വളരെ പ്രസന്നവാനായി കാണപ്പെടുകയുമുണ്ടായി. മുതിർന്ന സ്‌റ്റാവ്‌റുചെങ്കോ ശേഖരിച്ചിരുന്ന സംഗീത ഉപകരണങ്ങളിൽ അവന്‌ അതിയായ കൗതുകമുണ്ടായിരുന്നു. അവയിൽ പലതും അവന്‌ പുതുമയാർന്നതായിരുന്നു. അതെല്ലാം ഉപയോഗിച്ചു നോക്കാൻ അവൻ ആഗ്രഹിച്ചു. അവ ഓരോന്നും അതിന്റെതായ തനതായ ശബ്‌ദമാധുരിയാൽ, പ്രത്യേക വൈകാരികഭാവം ദ്യോതിപ്പിക്കുന്നതിന്‌ അനുയോജ്യമായിരുന്നു. പക്ഷേ എന്തോ അവനെ വിഷാദകുലനാക്കുന്നുണ്ടായിരുന്നു. ആഹ്ലാദവായ്പിന്റെതായ ഈ നിമിഷങ്ങളാകട്ടെ, തീവ്രതരമായി വരുന്ന ംലാനതയുടേതായ പശ്ചാത്തലത്തിനെതിരെയുളള ഹൃസ്വമായൊരു മിന്നൽ മാത്രമായി കാണപ്പെട്ടു.

സംഘത്തിലെ ആരുംതന്നെ മണിഗോപുരത്തിനെക്കുറിച്ച്‌ സൂചിപ്പിച്ചിരുന്നില്ല. ഏതോ പരസ്പരസമ്മതം പോലെയെന്നപോലെ ആ വിനോദയാത്ര തന്നെ വിസ്‌മൃതമായി പോയതായി തോന്നിച്ചു. പക്ഷെ അത്‌ പൈത്തോറിനെ അഗാധമായി ബാധിച്ചിരുന്നു. അത്‌ വളരെ സ്പഷ്‌ടമായിരുന്നു. ഏകാന്ത അവസരത്തിൽ-അഥവാ കൂട്ടുകെട്ടിലാണെങ്കിലും, നിശ്ശബ്‌ദവേളകളിൽ, മനസ്സിനെ ബാധിക്കാനായി സംസാരങ്ങളൊന്നുമില്ലാത്തപ്പോൾ, തന്റെ മുഖത്തിനൊരു വിഷദഭാവം പകരുന്ന ഏകാന്ത ചിന്തകളിലേക്ക്‌ അവൻ മുഴുകിയിരുന്നു. സത്യംതന്നെ-അത്‌ താൻ മുമ്പും അണിഞ്ഞിരുന്ന ഒരു മുഖഭാവം തന്നെ ആയിരുന്നു-അന്ധനായ മണിനാദക്കാരന്റേതിനോട്‌ സാദൃശ്യം വഹിക്കുന്നത്‌.

പിയാനോക്കരികെ, ഒതുക്കമുളള നിമിഷങ്ങളിൽ, ഗോപുരത്തിലെ മണിനാദങ്ങൾ മിക്കപ്പോഴും അവന്റെ സംഗീതധാരയിലേക്ക്‌ ലയിച്ചുചേർന്നിരുന്നു. അതോടൊപ്പം അവയുടെ അഗാധമായ ചെമ്പ്‌ ഹൃദയങ്ങളുടെ ദീർഘനിശ്വാസങ്ങളും. പിയാനോ വായിക്കുമ്പോൾ, മറ്റാർക്കും സംസാരിക്കാൻ തോന്നാത്ത ഹൃദയഭാവത്തോടെയുളള ചിത്രങ്ങൾ അവയുടെ സ്‌മൃതികളിലൂടെ അവനിലേക്ക്‌ ഒഴുകിവന്നിരുന്നു. പിരിയൻ ഗോവണിയുടെ വിഷാദമൂകത, മണിനാദക്കാരന്റെ കൃശാഗാത്രം, ക്ഷയരോഗ ബാധയെ ദ്യേതിപ്പിക്കുന്ന ആ കവിളിണകളുടെ അരുണാഭ, പിന്നെ മണിപീഠത്തിലേക്കു കയറുന്ന ആ രണ്ട്‌ അന്ധയുവാക്കളും-ഭാവത്തിലും രൂപത്തിലും കൺപുരികങ്ങളുടെ ഓരോ ചലനത്തിലും, എല്ലാ സ്വരങ്ങളിലും ഏകതാനത പുലർത്തുന്ന അവരുടെ സാദൃശ്യങ്ങളും. ഈ വർഷങ്ങളിലുടനീളം പൈത്തോറിന്റെ സുഹൃത്തുക്കൾക്ക്‌ അവന്റെ സവിശേഷമായ വ്യക്തിത്വം ഇപ്പോൾ പൊതുവായൊരു അന്ധകാരമുദ്ര, തുല്യ അളവിൽ അതിന്റെ നിഗൂഡ ശക്തികളോടെ എല്ലാ തുറകളിലും കിടക്കുന്നതായി തോന്നിച്ചു.

“നോക്കൂ.. അന്നേ..” ഏതാനും ദിവസങ്ങൾക്കുശേഷം, അവർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മാക്സിം തന്റെ സഹോദരങ്ങളോട്‌ പറഞ്ഞു. “നമ്മുടെ ബാലനു സംഭവിച്ച ഈ വ്യതിയാനമുണ്ടല്ലോ-അത്‌ നമ്മൾ സന്യാസ ആശ്രമത്തിലേക്കുളള യാത്രക്ക്‌ ശേഷം ഉണ്ടായതാണ്‌. അവിടെ അസംഭവ്യമായ വല്ലതും സംഭവിച്ചോ?”

“ഓ! അതൊക്കെ ഞങ്ങൾ കണ്ടുമുട്ടിയ ആ അന്ധൻ കാരണമായിരുന്നു.” ദീർഘനിശ്വാസപൂർവ്വം അന്ന മിഖലോവ്‌ന പ്രതിവചിച്ചു.

അവൾ ഇതിനകം ആട്ടിൻതുകലിന്റെ കോട്ടുകളും, പണവും, ഫാദർ പാം പിലിക്കുളെളാരു കത്തും ആശ്രമത്തിലേക്ക്‌ കൊടുത്തയച്ചിരുന്നു. ആ കത്തിൽ അവൾ, തന്റെ കഴിവിന്റെ പരമാവധി ആ രണ്ട്‌ അന്ധമണിക്കാരുടെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ വേണ്ടത്‌ ചെയ്യണമെന്ന്‌ യാചിച്ചിരുന്നു. അവർ ആദ്യം റോമനെ മറന്നുകളഞ്ഞിരുന്നു. ഈവ്‌ലിനയാണ്‌ രണ്ടുപേരുണ്ടെന്ന്‌ അവളെ ഓർമ്മിപ്പിച്ചത്‌.

“അതെ.. അതെ... തീർച്ചയായും... ” അവൾ ഈവ്‌ലിനക്കു മറുപടി നൽകിയെങ്കിലും അവളുടെ മനസ്സിൽ യിഗോറിന്റെ രൂപം മാത്രമെ ഉണ്ടായിരുന്നുളളൂ. വിചിത്രമായൊരു അന്ധവിശ്വാസ നിബന്ധമായ വികാരത്തോടൊപ്പം കലർന്നിരുന്ന വേദന നിറഞ്ഞ അനുകമ്പയോടെ അവനിലേക്കായിരുന്നു അവളുടെ ഹൃദയഭാവം നിറഞ്ഞുനിന്നത്‌. അവന്‌ ഈ സമ്മാനങ്ങൾ നൽകുന്നതിലൂടെ ഏതോ അജ്ഞാതമെങ്കിലും, അപകടകരമായൊരു ശക്തി ഇതിനകം അതിന്റെ പരുപരുത്ത കരിനിഴൽ തന്റെ മകന്റെ ജീവിതത്തിലേക്ക്‌ മുന്നേറ്റം നടത്തുന്നുവെന്ന കാര്യത്തെക്കുറിച്ച്‌ അവൾക്കറിയാമായിരുന്നു.

“ഏത്‌ അന്ധബാലൻ?” വളരെ ആശ്ചര്യപ്പെട്ട മാക്‌സിം ആവശ്യപ്പെട്ടു.

“എന്ത്‌? ആ മണിഗോപുരത്തിലെ...” മാക്‌സിമിന്റെ ഊന്നുവടി ഒരു ശബ്‌ദത്തോടെ നിലംപതിച്ചു.

“എന്റെ കാലുകളെ താങ്ങു! നീ മറന്നുപോയി, അന്ന, എനിക്കിനി ആ മണിഗോപുരമൊന്നും കയറാനൊക്കില്ലെന്ന കാര്യം... ഒരു സ്‌ത്രീയിൽ നിന്നും തെല്ലൊരു ബുദ്ധിശക്തിയെങ്കിലും ലഭിച്ചിരുന്നെങ്കിൽ! ഈവ്‌ലീന-നിനക്കെന്നോട്‌ പറയാൻ കഴിയില്ലെന്നുവരികിൽ-ആ മണിഗോപുരത്തിൽ നടന്നതെന്താണെന്നൊന്നു പറയൂ.”

“ഞങ്ങളെ കൊണ്ടുപോയ മണി അടിക്കാരൻ അന്ധനായിരുന്നു..” ഈവ്‌ലിന തുടങ്ങി. അവളുടെ ശബ്‌ദം വളരെ ലോലമായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവൾ നന്നെ വിളർത്തിരുന്നു. “ശരി.. പിന്നെ...”

അവൾ തപ്പിത്തടഞ്ഞ്‌ അവസാനിപ്പിച്ചു. അതോടെ അന്നമിഖലേവ്‌ന കൈകളാൽ മുഖം പൊതിഞ്ഞ്‌ തന്റെ കവിളുകളെ നനയിച്ച അശ്രുകണങ്ങളെ മറയ്‌ക്കാൻ ശ്രമിച്ചിരുന്നു.

“ശരിതന്നെ... അയാൾക്ക്‌ നമ്മുടെ പൈത്തോറിനോട്‌ സദൃശതയുണ്ടായിരുന്നു.” ഈവ്‌ലീന തുടർന്നു.

“ആരും ഒരുവാക്ക്‌ എന്നോട്‌ പറഞ്ഞില്ലല്ലോ! പക്ഷേ വേറെ ഒന്നുമില്ലേ? ഇതൊക്കെ കാരണം, അന്ന...” മാക്‌സിമിന്റെ ശബ്‌ദം തന്റെ സഹോദരിയുടെ നേർക്ക്‌ തിരിഞ്ഞപ്പോൾ മൃദുലതരമായി. “അതിൽ അത്ര വലിയ ദുരന്തമൊന്നുമില്ല.”

“ആഹാ! ഇത്‌ എനിക്ക്‌ കേൾക്കാവുന്നതിലേറെയാണ്‌.” കഷ്‌ടിച്ചു കേൾക്കാൻ പാകത്തിനായിരുന്നു അന്ന മിഖലോവ്‌നയുടെ തിരിച്ചടി.

“എന്താണ്‌ നിങ്ങൾക്ക്‌ സഹിക്കാവുന്നതിലുമേറെ? ഏതോ അന്ധബാലൻ നിന്റെ മകനുമായി സാദൃശ്യതയുണ്ടെന്നോ?”

ഇതുകേട്ട ഈവ്‌ലീന, മാക്‌സിമിനെ നോക്കി. അവളുടെ മുഖഭാവം കണ്ട്‌ അയാൾ നിശ്ശബ്‌ദനായി. അന്ന മിഖലോവ്‌നയാകട്ടെ വേഗത്തിൽ മുറിയിൽ നിന്നിറങ്ങി. എന്നാൽ പതിവുപോലെ ഈവ്‌ലിന തന്റെ തുന്നൽപണികൾ തിരക്കുപിടിച്ച്‌ തുടർന്നു. നിമിഷനേരം ആ മുറിയിലെ തികഞ്ഞ നിശ്ചലതയായിരുന്നു.

“അപ്പോൾ കഥ ഇനിയും തുടരാനുണ്ടോ? മാക്‌സിം ഒടുവിൽ ആരാഞ്ഞു.

”ഉണ്ട്‌. പൈത്തോർ ബാക്കി ഉളളവരോടൊപ്പം മണിഗോപുരത്തിൽനിന്നും പോയില്ല. അവൻ അന്ന അമ്മായിയോട്‌ മറ്റുളളവരോടൊപ്പം പോകാൻ ആവശ്യപ്പെട്ടു. പക്ഷെ അവൻ അവരെ പിന്തുടർന്നില്ല. അന്ധനായ മണിയടിക്കാരനോടൊപ്പം അയാൾ പീഠത്തിൽതന്നെ നിന്നു. ശരി... ഞാനും നിന്നു..“

”ഒളിഞ്ഞു ശ്രദ്ധിക്കാനോ?“

ഈ ചോദ്യം തികച്ചും യാന്ത്രികമായിരുന്നു. മാക്‌സിമിന്റെ സുദീർഘ നാളത്തെ മുഖലക്ഷണ ശാസ്‌ത്രപ്രകാരം.

”എനിക്ക്‌- എനിക്ക്‌ പോകാൻ കഴിഞ്ഞില്ല.“ ഈവ്‌ലീന സാവകാശത്തിൽ പറഞ്ഞു. ”അവർ പരസ്‌പരം.... പോലെ സംസാരിച്ചു.“

”ദൗർഭാഗ്യത്തിൽപെട്ട സഖാക്കളെപ്പോലെ.“

”അതെ. അന്ധൻ അന്ധനോടെന്നപോലെ. പിന്നെ യിഗോർ ആരാഞ്ഞു അവൻ തന്റെ അമ്മ ഉറങ്ങുന്നത്‌ കണ്ടോ എന്ന്‌... പൈത്തോർ പറഞ്ഞു, ഇല്ലാ കണ്ടില്ല എന്ന്‌. യിഗോർ പറഞ്ഞു അവനും തന്റെ അമ്മയെ കണ്ടില്ലെന്ന്‌.... പക്ഷെ അവിടെ അന്ധനായ മറ്റൊരു മണിയടിക്കാരനുണ്ടായിരുന്നു. റോമൻ.... അവൻ തന്റെ അമ്മയെ കണ്ടിരുന്നു. അവരിപ്പോൾ ഒരു വൃദ്ധയാണ്‌. പക്ഷെ അവന്റെ ദൃഷ്‌ടിയിൽ നന്നെ ചെറുപ്പമാണ്‌.“

”പിന്നെ എന്താണ്‌ കൂടുതലായി?“

നിമിഷനേരം മടിച്ചിട്ട്‌ ഈവ്‌ലിന ദൃഷ്‌ടികളുയർത്തി മാക്‌സിമിന്റെ കണ്ണുകളെ നോക്കി. അവയുടെ അഗാധനീലിമയിൽ യാതനയുടെയും ആന്തരികക്ലേശത്തിന്റെയും കരിനിഴൽ കലർന്നിരുന്നു.

”ആ മറ്റവനുണ്ടല്ലോ-റോമൻ-അവൻ വളരെ ദയാലുവാണ്‌. അവൻ ശാന്തമായ ജീവിതം നയിക്കുന്നു. അവന്റെ മുഖത്ത്‌ വിഷാദമാണെങ്കിലും, അതിൽ കുത്സിതത്വമില്ല. അവൻ ജന്മനാ അന്ധനായിരുന്നു. പക്ഷെ യിഗോറാകട്ടെ... “ അവൾ നിറുത്തിയിട്ട്‌ എന്തോ ഒഴിവാക്കുന്ന സ്വരത്തിൽ തുടർന്നു പറഞ്ഞു. ”അവൻ ഭയങ്കരമായ യാതന അനുഭവിക്കുന്നു..“

”പറയൂ കുട്ടീ, എന്താണ്‌ നീ ഉദ്ദേശിക്കുന്നതെന്ന്‌.“ മാക്‌സിം അക്ഷമയോടെ ഇടയ്‌ക്കു തടസ്സപ്പെടുത്തി. ”അപ്പോൾ ഈ യിഗോർ ആന്തരിക യാതന അനുഭവിക്കുന്നു.... അല്ലേ?“

”അതെ. പടികൾ കയറിവന്ന ചില കുട്ടികളെ ശപിച്ച്‌ അവൻ ദൃഷ്‌ടി ചുരുട്ടി പ്രഹരിച്ചു. എന്നാൽ റോമനെയാകട്ടെ കുട്ടികൾക്ക്‌ വലിയ കാര്യമായിരുന്നു.“

”ദുഃഖിതനും, പൈത്തോറിന്റെതുപോലെയുളളവനും...“ മാക്‌സിം ചിന്താപൂർവ്വം പറഞ്ഞു. ”എനിക്കറിയാം... എനിക്കറിയാം...“

വീണ്ടും ഈവ്‌ലീന മടിച്ചു. എന്നിട്ട്‌ ഒടുവിൽ തുടർന്നു. ഏതോ ആന്തരിക പോരാട്ടത്തിന്റെ ഫലമായെന്നോണം മങ്ങിയ സ്വരത്തിൽ.

”പ്രകൃതത്തിൽ അവർ തമ്മിൽ ഒരു സാദൃശ്യവുമില്ല. അത്‌ ഭാവപരമായ സദൃശതയാണ്‌. അവർ കണ്ടുമുട്ടുന്നതുവരെ അങ്ങിനെയാണെനിക്ക്‌ തോന്നിച്ചത്‌.. പൈത്തോറിന്‌, കൂടുതൽ റോമനായി സദൃശതയുണ്ട്‌. പക്ഷെ ഇപ്പോഴാകട്ടെ അത്‌ കൂടുതൽ കൂടുതലായി റോമന്റെ ഛായയാണ്‌. പിന്നെ നോക്കൂ... ഞാൻ ഭയപ്പെടുന്നത്‌... അതായത്‌ ഞാൻ ആലോചിക്കുന്നത്‌....“

”എന്താണ്‌ നീ ഭയപ്പെടുന്നത്‌, എന്റെ പ്രിയപ്പെട്ട കുട്ടീ. എന്റെ ബുദ്ധിശാലിയായ കുട്ടീ.. ഇവിടെ എന്റെ സമീപത്തേക്കു വരൂ..“

വളരെ അസാധാരണമായ ആർദ്രതയോടെ മാക്‌സിം സംസാരിച്ചതിനാൽ, ഈവ്‌ലീനയുടെ ദൃഷ്‌ടികളിൽ അശ്രുക്കൾ നിറഞ്ഞു. അവളുടെ സിൽക്‌ തലമുടി മാടിയൊതുക്കാൻ അയാൾ കൈയുയർത്തി.

”എന്താണ്‌ നീ ആലോചിക്കുന്നത്‌, എന്റെ കുട്ടീ? നിന്റെ ചിന്തകൾ എന്നെ അറിയിക്കൂ... നിനക്ക്‌ ചിന്തിക്കാൻ കഴിയുമെന്ന്‌... എനിക്ക്‌ കാണാൻ സാധിക്കും..“

”ഞാൻ കരുതുന്നത്‌.. എന്റെ വിചാരം, അന്ധരായി പിറന്നവരൊക്കെ ദുഷിച്ച സ്വഭാവക്കാരാണെന്ന്‌ അയാൾ കരുതുന്നുവെന്നാണ്‌... അവനും അങ്ങനെ ആകുമെന്നും, അതിൽനിന്നും രക്ഷ പ്രാപിക്കാനൊരു വഴിയുമില്ലെന്നത്രെ അയാളെ പ്രേരിപ്പിച്ച്‌ മനസ്സിലാക്കിയിരിക്കുന്നത്‌.“

”അങ്ങിനെ ഞാൻ കാണുന്ന....“ മാക്‌സിമിന്റെ മസൃണകരം തന്റെ മുട്ടിലേക്കമർന്നു. ”പ്രിയപ്പെട്ടവളെ, എന്റെ പൈപ്പ്‌ എടുത്ത്‌ തരുമോ? ആ ജാലകത്തട്ടിൽ അത്‌ ഇരിപ്പുണ്ട്‌.“

പെട്ടെന്ന്‌ നീലിച്ച പുലയിലപ്പുക അയാൾക്ക്‌ ചുറ്റിനും രൂപം കൊളളാൻ തുടങ്ങി. അതിന്റെ ഉളളിൽനിന്നും സ്വയം മുറുമുറുക്കുന്ന അയാളുടെ സ്വരം കേൾക്കുമാറായി.

അങ്ങിനെ... അങ്ങിനെ... അല്ല അതത്ര നല്ലതൊന്നുമല്ല. അവന്‌ പിശക്‌ പറ്റി; അവന്റെ സഹോദരി പറഞ്ഞതാണ്‌ ശരി. തങ്ങളുടെ ജീവിതത്തിലൊരിക്കലും അനുഭവിക്കാത്ത കാര്യങ്ങളുടെ അഭാവത്തിൽ ആളുകൾ യാതന അനുഭവിക്കയും, അതിനായി ദാഹിക്കയും ചെയ്യുന്നു. ഇപ്പോഴാകട്ടെ ആ നൈസർഗ്ഗിക പ്രേരണ ബോധപൂർവ്വമായ വെളിപാടിലൂടെ വീണ്ടും ഉറപ്പിച്ചിരിക്കുന്നു. രണ്ടും ഒരേ ദിശയിൽ പ്രവർത്തിക്കും. എന്തൊരു നിർഭാഗ്യകരമായ നിഴലാട്ടം! എങ്ങിനെ വന്നാലും, പഴഞ്ചൊല്ല്‌ പ്രകാരം സത്യം എപ്പോഴും പുറത്താണ്‌. ഒരു വഴിക്കല്ലെങ്കിൽ, മറ്റൊരു വഴിക്ക്‌.

പുകവലയങ്ങൾ കാരണം അയാളെ ഇപ്പോൾ കാണാൻ പ്രയാസമായിരുന്നു. പുതിയ ചിന്തകളും പുതിയ തീരുമാനങ്ങളും ആ ചതുരൻ തലയിൽ ഉദിച്ചുവരികയായിരുന്നു.

Previous Next

വ്ലാദിമർ കൊറലങ്കോവ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.