പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > അന്ധഗായകൻ > കൃതി

മുപ്പത്തിരണ്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വ്ലാദിമർ കൊറലങ്കോവ്‌

വിവഃ വേണു വി.ദേശം

പ്രദേശികചരിത്രത്തിലും, കാലഘട്ടത്തിലും, തന്റേതായ പങ്ക്‌ വഹിച്ചതായി പരക്കെ അറിയപ്പെട്ട ഒരു സന്യാസിമഠം സ്‌റ്റാവ്‌റുചെങ്കോവിൽനിന്നും ഏതാണ്ട്‌ പത്ത്‌ വെഴ്‌സ്‌റ്റുകൾ അകലെയായി സ്ഥിതി ചെയ്‌തിരുന്നു. വീണ്ടും വീണ്ടും, അന്തർസംഘങ്ങൾ നീന്തിനടക്കുന്ന ഓലപ്പുഴുക്കളെപ്പോലെ, അതിന്റെ മതിലുകളെ ആക്രമിക്കയും, പ്രതിരോധക്കാരുടെ നേർക്ക്‌ ആയിരക്കണക്കിന്‌ അസ്‌ത്രങ്ങൾ അയക്കുകയോ ചെയ്‌തിരുന്നു; അഥവാ, പോളിഷ്‌ പടയാളികൾ ഭയങ്കരമായ കൊടുങ്കാറ്റുകളെ അങ്ങോട്ട്‌ തളളിവിട്ടു. പോളണ്ടുകാരുടെ കാലത്ത്‌, തങ്ങളുടെ ദുർഗ്ഗം വീണ്ടെടുക്കാനായി കൊസ്‌റ്റക്കുകൾ യുദ്ധക്കളത്തിലേക്ക്‌ പാഞ്ഞു.

ഇപ്പോഴാകട്ടെ ആ പുരാതന ഗോപുരം തകർച്ചയിലായിരുന്നു. നെടുനീളത്തിലുളള കീറിമുറിഞ്ഞ മരവേലികൾ അവിടവിടെയായി ഉറപ്പിച്ചിരുന്നതായിരുന്നു ഇപ്പോൾ നശിച്ചുകൊണ്ടിരുന്ന മതിലുകളുടെ സ്ഥാനം വഹിച്ചത്‌. ആശ്രമത്തിന്‌ നാട്ടുകാരായ കൃഷിവലന്മാരുടെ കന്നുകാലികളിൽനിന്നും, പച്ചക്കറിത്തോട്ടങ്ങളുടെ കേവല സംരക്ഷണമൊഴികെ ഏറെ അപകടകാരികളായ മറ്റ്‌ ശത്രുബാധയിൽ നിന്നൊന്നും കൂടുതൽ പരിരക്ഷ ഇതുമൂലം ലഭിച്ചിരുന്നില്ല. ആർത്തു വളർന്നു നിന്നിരുന്ന ചോളച്ചെടികളുമായി വിശാലമായ കിടങ്ങുകൾ നിലകൊണ്ടിരുന്നു.

തെളിഞ്ഞ, സൗമ്യമായൊരു ശരത്‌കാല ദിവസം സ്‌റ്റാവ്‌റുചെങ്കോ കുടുംബം തങ്ങളുടെ അതിഥികളോടൊപ്പം ഈ ആശ്രമം സന്ദർശിക്കാൻ യാത്ര തിരിച്ചു. മാക്‌സിമും, സഹോദരിയും, ഈവ്‌ലിനയും കുതിരവണ്ടിയിലായിരുന്നു യാത്ര. പഴയ മാതൃകയിലുളള വീതിയുളള പ്രസ്തുത വാഹനം കാറ്റിൽ ഉലയുന്ന വഞ്ചിപോലെ അതിന്റെ ഉയർന്ന സ്‌പ്രിങ്ങുകളിൽ ചാഞ്ചാടിക്കൊണ്ടിരുന്നു. യുവജനങ്ങൾ കുതിരപ്പുറത്തായിരുന്നു യാത്ര.

പൈത്തോർ മറ്റുളളവരോടൊപ്പം ആത്മവിശ്വാസത്തോടെ കുതിരസവാരി നടത്തി; തന്റെ മുന്നിലുള റോഡിലൂടെ പോകുന്ന കുതിരവണ്ടിയുടെ ചക്രധ്വനികളും, കൂട്ടുകാരുടെ കുതിരകളുടെ കുളമ്പടി സ്വരങ്ങളിം മാർഗ്ഗനിർദ്ദേശകമായി സ്വീകരിച്ചുകൊണ്ടായിരുന്നു അവന്റെ സവാരി. റോഡും കുതിരയും പൈത്തോറിന്‌ തികച്ചും അപരിചിതങ്ങളാകയാൽ, അസ്വാസ്ഥ്യത്തോടെ ആദ്യമൊക്കെ, ആകാംക്ഷയോടെ അന്നാ മിഖയേവ്‌ന തന്റെ മകനെ വീക്ഷിച്ചിരുന്നു. മാക്‌സിമും അവനെ ജാഗ്രതയോടെ നോക്കിയിരുന്നു.

കുതിരവണ്ടിയുടെ സമീപത്തേക്ക്‌ കുതിരപ്പുറത്ത്‌ ചെന്നുകൊണ്ട്‌ വിദ്യാർത്ഥി ആശ്ചര്യസൂചകമായി പറഞ്ഞു. “നിങ്ങൾ കേൾക്കണം. എനിക്കൊരു ആശയം തോന്നുന്നു. ഇവിടെ ഒരു ശ്മശാനമുളളത്‌ നിങ്ങൾ കാണേണ്ടതാണ്‌. ആശ്രമത്തിലെ പഴയ ചില കടലാസുകളിൽ, അധികം മുമ്പല്ലാതെ ഇതെക്കുറിച്ചൊരു കഥയുണ്ടായിരുന്നത്‌, വളരെ രസകരമായിരുന്നു. നിങ്ങൾക്കിഷ്‌ടമുണ്ടെങ്കിൽ, നമുക്ക്‌ ഇപ്പോൾതന്നെ അങ്ങോട്ടു പോകാം. അത്‌ നാം പോകുന്നവഴിയിൽ തന്നെ ആണ്‌. ഗ്രാമത്തിന്റെ അറ്റത്തായി...”

“എന്താണിപ്പോൾ നിങ്ങൾ ശ്‌മശാനത്തെപ്പറ്റി ചിന്തിക്കാനിടയാക്കിയത്‌? അതിനും മാത്രം ദുഃഖാകുലരായ ഒരു സംഘമാണോ ഞങ്ങൾ?” ഈവ്‌ലീന ചിരിച്ചുകൊണ്ടായിരുന്നു ഇങ്ങിനെ ചോദിച്ചത്‌.

“അതിനുത്തരം ഞാൻ പിന്നാലെ പറയാം...” അയാൾ പറഞ്ഞു.

വളവ്‌ കഴിഞ്ഞ്‌ ഇടുങ്ങിയ ഒരിടവഴിയിലേക്കു തിരിഞ്ഞ കുതിരവണ്ടിയുടെ ചക്രങ്ങൾ ആഴത്തിൽ കട്ടപിടിച്ചു കിടന്നിരുന്ന പൂഴിമണ്ണിൽ പുതഞ്ഞുപോയി. ചെറുപ്പക്കാർ പാഞ്ഞ്‌ റോഡരികിലായി ചുളളിക്കമ്പിന്റെ വേലിക്കരികിൽ ചെന്ന്‌ കുതിരപ്പുറത്തുനിന്നും താഴെ ഇറങ്ങി.

ഇവിടെ കുതിരകളെ കെട്ടിനിറുത്തിയശേഷം, സ്‌റ്റാവ്‌റുചെങ്കോ യുവാക്കൾ സ്‌ത്രീകളെ കുതിരവണ്ടിയിൽ നിന്നും ഇറങ്ങാൻ സഹായിക്കുന്നതിനായി ചെന്നു. പയത്തോറാകട്ടെ കുതിരപ്പുറത്തുനിന്നും ഇറങ്ങി. ജീനിയുടെ ചരടിൽ ചാരി ശിരസ്സ്‌ കുനിച്ച്‌-അപരിചിതമായ പരിസരവുമായി ഇണങ്ങുന്നതിനാൽ സശ്രദ്ധം കാതോർത്തുകൊണ്ടു നിന്നു.

അവനെ സംബന്ധിച്ചിടത്തോളം, ഇത്‌, തന്റെ ചുറ്റിനുമുളള പകൽ സമയത്തെ ശബ്‌ദങ്ങളാൽ മാത്രം സജീവമായിരുന്ന ശരത്‌കാലത്തെ ഏറ്റവും ഇരുണ്ട രാത്രിയായിരുന്നു. അവന്റെ സമീപത്തുനിന്നിരുന്ന കുതിരകളുടെ കടിഞ്ഞാണുകളിൽ, വേലിയിലേക്ക്‌ എത്തിനിന്നിരുന്ന പച്ചക്കറിതോട്ടത്തിന്റെ അതിർത്തി തിരിച്ചിരുന്ന ഉയരമേറിയ പാഴ്‌ച്ചെടികൾ എത്തിപ്പിടിച്ചിരുന്നത്‌ അവരെ ഇക്കിളികൂട്ടി. ഇളം മന്ദമാരുതനിൽ, കുശലത നിറഞ്ഞ ഒരു അലസഗാനം ഒഴുകിയെത്തി. അത്‌ ഒരുപക്ഷെ സമീപസ്ഥമായിരുന്ന ഏതോ പൂന്തോട്ടങ്ങളിൽ നിന്നായിരിക്കാം. അടുത്തുളള ഏതോ പൂന്തോട്ടത്തിൽനിന്നും ഇലകളുടെ മർമ്മരധ്വനി ഉയർന്നു കേട്ടു. ഒരു കൊറ്റി അതിന്റെ കൊക്ക്‌ ഉരുമ്മി. വലിയ ഒരു ചിറകടിയൊച്ച; ഒരു പൂവങ്കോഴിയുടെ കരച്ചിൽ... പെട്ടെന്നെതോ അത്യാവശ്യ കാര്യം ഓർമ്മിച്ചതുപോലെ... ഇതെല്ലാം ഗ്രാമത്തിന്റെ ദൈനംദിന പ്രവർത്തി ശബ്‌ദങ്ങളായിരുന്നു. തീർച്ചയായുംദ ഗ്രാമം വളരെ അടുത്തായിരുന്നു. അതിനരികിലുളള ഒരു തോട്ടത്തിനു മുന്നിലാണർ നിന്നിരുന്നത്‌.

ഏറ്റവും അകലെയുളള ശബ്‌ദങ്ങളിൽ വച്ചേറ്റവും സ്‌ഫുടമായത്‌, അളന്നുതൂക്കിയ ആശ്രമത്തിലെ മണിനാദമായിരുന്നു. വളരെ നേർത്തതുംദ ഉച്ചത്തിലുളളതും. ആ മണിനാദത്താലോ അഥവാ ഒരുപക്ഷെ മന്ദമാരുതന്റെ തലോടനിനാലോ, അഥവാ ഒരുപക്ഷെ തനിക്ക്‌ പേരുപറയാനാവാത്ത ഏതോ മറ്റ്‌ സൂചനയാലോ, താൻ ആശ്രമത്തിനപ്പുറത്തെവിടെയോ ആയി ഭൂമിയിലൊരു കുത്തനെയുളള അകൽച്ചയോ വിടവോ ഉണ്ടായിരിക്കാമെന്ന്‌ പൈത്തോറിന്‌ തോന്നിച്ചു. ഒരുപക്ഷെ ഒരു നീരരുവിയുടെ ചെങ്കുത്തായ തീരമായിരിക്കാമത്‌. അതിനപ്പുറത്തായി, നെടുനീളത്തിൽ കിടന്ന തരിശുഭൂമി പ്രശാന്തജീവിതത്തെക്കുറിച്ചുളള ഗീതികളുടെ സ്വരങ്ങൾ പുറപ്പെടുവിക്കുന്ന... മങ്ങി, ശകലങ്ങളായി ഈ ശബ്‌ദങ്ങളും അവന്റെ കാതിലെത്തിയിരുന്നു. അത്‌ അസാധാരണമായൊരു ദുരബോധം അവനിലുളവാക്കുകയും, സായാഹ്‌നത്തിന്റെ അവ്യക്ത പ്രഭയിൽ വിറച്ചതായി തോന്നിച്ച വിദൂര ബാഹ്യരേഖകൾ ദൃശ്യമായിരുന്ന ഞങ്ങൾക്കാകട്ടെ അത്‌ ഗോപ്യമായും, വിറക്കുന്നതായും തോന്നിച്ചു.

തൊപ്പിയുടെ അരികിലൂടെ തളളിനിന്നിരുന്ന അവന്റെ തലമുടിയിലു​‍ും മന്ദമാരുതൻ ചില പണികളൊപ്പിച്ചു. അവ്യക്തമായ സ്‌മരണകൾ അവന്റെ മനസ്സിലുദിച്ചു. തന്റെ വിദൂര ബാല്യകാലത്തെ സംഭവങ്ങൾ, വിസ്‌മൃതിയിൽ നിന്നും വീണ്ടെടുക്കപ്പെട്ട്‌ കാറ്റിന്റെയും, സ്പർശത്തിന്റെയും ശബ്‌ദത്തിന്റെയും രൂപം കൊണ്ടതോടെ വീണ്ടും സജീവമായി. അവന്റെ ചുറ്റിനും ആടിക്കളിച്ചിരുന്ന മന്ദമാരുതൻ തോട്ടത്തിലെ കൗശലകരമായ പാട്ടുമായും, വിദൂരതയിലെ മണിനാദമായും ഇടകലർന്ന്‌ ഈ പ്രദേശങ്ങളിലെ ഭൂതകാലത്തിന്റെ ഏതോ പഴയദുഃഖകഥയോ, അഥവാ തികച്ചും, ഇരുണ്ടതും അനിർവ്വചനീയവുമായ തന്റെ ഭാവികാലത്തെക്കുറിച്ചോ പറയുന്നതായി തോന്നിച്ചു.

ഇപ്പോൾ ആ കുതിരവണ്ടി വന്നുനിന്നതോടെ, ആ മുഴുവൻ സംഘവും തോട്ടത്തിന്റെ കടമ്പ കടന്നു. അവി​‍െ ഒരു മൂലയിൽ പാഴ്‌ച്ചെടികളും പച്ചപ്പുല്ലും വളർന്നുനിന്നിടത്ത്‌ ചുറ്റിനുമുളള ഭൂമിയുടെ നിരപ്പിൽ വീതിയേറിയ ഒരു ശിലാഫലകം കിടന്നിരുന്നു. മഞ്ഞജ്വാല കണക്കെയുളള പൂവിൻതലപ്പുകളെ പൊതിഞ്ഞുനിന്ന പച്ച തിസ്സിലിന്റെ വീതിയേറിയ ഇലകളുളള ബർസോക്കും, ഉയർന്ന്‌ നേർത്ത തണ്ടുളള ഇളം കോക്കിളും, നീളം നിറഞ്ഞ പുല്ലിൽ ഇളകിയാടുകയും മന്ദമാരുതനിൽ മൃദുമർമ്മരസ്വനങ്ങളുളവാക്കുകയും ചെയ്‌തു. അവയുടെ മന്ത്രണശബ്‌ദം, ഉപേക്ഷിക്കപ്പെട്ട ശ്‌മാശാനത്തിനുമപ്പുറത്തായി പൈത്തോറിന്‌ കേൾക്കാമായിരുന്നു.

“ഇത്‌ നമ്മൾ ഈയിടെയാണ്‌ കണ്ടുപിടിച്ചത്‌.” സ്‌റ്റാവ്‌റുചെങ്കോ യുവാവ്‌ പറഞ്ഞുഃ “എന്നിരുന്നാലും, ഈ കല്ലിനടിയിൽ കിടക്കുന്നതാരാണെന്ന്‌ നിങ്ങൾക്കറിയാമോ? അതാണ്‌ തന്റെ കാലഘട്ടത്തിൽ പ്രശസ്തതായിരുന്ന വൃദ്ധൻ ഇഗ്‌നാറ്റ്‌ കേറി.”

“ഓ! പഴയ പോരാളി, നിങ്ങൾ ഇവിടെയാണ്‌ കിടക്കുന്നതല്ലേ?” മാക്‌സിം സാവധാനം പറഞ്ഞു.

“അത്‌ കുറെക്കാലം മുമ്പെയായിരുന്നു. അന്ന്‌ പോളണ്ട്‌ പട്ടാളത്തിന്റെ അധീനതയിലായിരുന്നു ഈ ആശ്രമം. ചില ടാടാർ സംഘത്തോട്‌ ചേർന്ന്‌ കൊസ്സാക്കുകാർ അത്‌ കൈവശമാക്കി. ഈ ടാടാറുകൾ എപ്പോഴും അപകടകാരികളായൊരു ശത്രുവർഗ്ഗമായിരുന്നുവെന്നറിയാമോ? തങ്ങളുടെ പൊയ്‌പോയ സ്ഥലം വീണ്ടെടുക്കാൻ ദുർഗ്ഗപാലകർ ഒരു വഴി കണ്ടുപിടിച്ചിരിക്കാം. ഒരു രാത്രി പോളണ്ടുകാർ ഒരു മുന്നേറ്റം ആസൂത്രണം ചെയ്‌തപ്പോൾ കൊസാക്കുകൾക്കെതിരെ ടാടാറകൾ അവരോടൊപ്പം ചേർന്നു. അന്ധകാരത്തിൽ പൊരിഞ്ഞ പോരാട്ടം നടന്നു. എന്റെ വിശ്വാസം ഈ ടാടാറുകളെ അടിച്ചോടിച്ചുവെന്നത്രെ; ആശ്രമം തിരിച്ചുപിടിച്ചു. പക്ഷെ പോരാട്ടത്തിൽ കൊസാക്കുകൾക്ക്‌ നേതാവിനെ നഷ്‌ടപ്പെട്ടു.” ആ യുവാവ്‌ നിമിഷനേരം നിറുത്തി.

“ഈ കഥയിൽ മറ്റൊരു പേര്‌ കൂടിയുണ്ട്‌.” അയാൾ സാവധാനം തുടർന്നു. “ഞങ്ങൾക്ക്‌ രണ്ടാമത്തെ ഗാനം കണ്ടുപിടിക്കാനായില്ലെങ്കിലും, കേരിയുടെ ഒപ്പം അന്ധനായൊരു യുവഗായകസഞ്ചാരിയും കൂടി മറവ്‌ ചെയ്യപ്പെട്ടതായി ആശ്രമരേഖകളിൽ പറയുന്നുണ്ട്‌. പല പോരാട്ടങ്ങളിലും കേരിയോടൊപ്പം അയാൾ ഉണ്ടായിരുന്നു.”

“അന്ധനോ? അന്ന മിഖലോവ്‌ന വിറപൂണ്ട സ്വരത്തിൽ വിലപിച്ചു. ”പോരാട്ടങ്ങളിൽ കേരിയോടൊത്തോ?“

അന്ധകാരത്തിൽ ഭീതിദമായ ഈ യുദ്ധക്കളത്തിൽ തന്റെ സ്വന്തം അന്ധപുത്രനെ കാണുന്നതായുളള ഒരു ദർശനം അവർക്കുണ്ടായി.

”അതേ. അവൻ അന്ധനായിരുന്നു. തീർച്ചയായും സപ്പൊറോഴി രാജ്യത്തിലൊട്ടാകെ പാടി നടക്കുകയായിരുന്നു. ഏതായാലും, അങ്ങിനെയാണ്‌ ഈ കഥ പ്രചരിച്ചിരുന്ന സ്ലാവോനിക്‌ പളളിയിലും, ആ സവിശേഷത കലർന്ന പോളീഷ്‌, ഉക്രേനിയൻ മേഖലകളിലൊക്കെയുളള രേഖകളിലും കാണുന്നത്‌. നിങ്ങൾക്കിഷ്‌ടമെങ്കിൽ, ഞാനത്‌ ഉദ്ധരിക്കാം. ഇത്രയും ഭാഗം എനിക്ക്‌ മനഃപാഠമാണ്‌. “അദ്ദേഹത്തോടൊപ്പം ഒരിക്കലും വിട്ടുമാറാതെ, യൂർക്കോ എന്ന പ്രശസ്ത കൊസാക്ക്‌ ഗായകനുമുണ്ടായിരുന്നു; അദ്ദേഹം അവനെ അതിയായി സ്‌നേഹിച്ചിരുന്നു. യൂർക്കോയും അങ്ങിനെതന്നെയായിരുന്നു. കേരി മരിച്ചുകിടന്നപ്പോൾ, പ്രാകൃത കവർച്ചാസംഘം ആ ഗായകനെയും വെട്ടിമുറിച്ചു കളഞ്ഞു. കാരണം, അവരുടെ പ്രാകൃത വിശ്വാസപ്രമാണത്തിൽ, അവർക്ക്‌ അംഗഹീനരോടോ, മഹത്തായ ഗാനം ഉതിർക്കുന്നവരോടോ ഒരു ആദരവുമില്ലായിരുന്നു. അതുപോലെ, പുൽമേട്ടിലെ കുറുക്കൻമാരുടെ ഹൃദയം അലിയത്തക്കവിധം തന്ത്രികൾ മീട്ടുന്നവരോടോ- രാത്രിയിലെ ആ ആക്രമണത്തിൽ പോലും, അവർ അത്‌ ഒഴിവാക്കിയില്ല. അങ്ങിനെ ഗായകനെയും, പോരാളിയെയും അരികിലായി അവർ ചേർത്ത്‌ കിടത്തി. അവരുടെ മാന്യമായ അന്തരംഗം അനന്തമായി വാഴ്‌ത്തപ്പെടട്ടെ! ആമേൻ!!”

“ഈ കല്ല്‌ വളരെ വീതിയേറിയതാണല്ലോ?” അവരിൽ ഒരാൾ അഭിപ്രായപ്പെട്ടു. “ഒരുപക്ഷെ അതിന്‌ ചുവടെ അവർ ഒന്നിച്ചു കിടക്കുകയായിരിക്കും.”

“അത്‌ അങ്ങിനെ ആകും. പക്ഷെ ആ ശിരോലിഖിതങ്ങളൊക്കെ മാഞ്ഞുപോയിരുന്നു. ഇതാ, ഇവിടെ മുകളിൽ ചിലത്‌ കാണാം. ശേഷിച്ചവയൊക്കെ പോയി. പൂപ്പൽ ഒഴികെ മറ്റൊന്നുമില്ല.”

“ആ, ഒരുമിനിട്ട്‌ നിൽക്കൂ.” ശ്വാസം പിടിച്ച്‌ കൗതുകപൂർവ്വം ഈ കഥ കേട്ടുകൊണ്ടിരുന്ന പൈത്തോർ വിളിച്ചു പറഞ്ഞു.

ശിലാഫലകത്തിനരികെ കുനിഞ്ഞുനിന്ന അയാൾ, തന്റെ നേർത്ത വിരലുകൾ കൊണ്ട്‌ അതിനെ പൊതിഞ്ഞ പൂപ്പലുകൾ ഇളക്കി. പൂപ്പലിലൂടെ അയാൾ ശിലയുടെ ഉറച്ച പ്രതലം സ്പർശിച്ചറിഞ്ഞു. ഉപരിതലത്തിലുളള കൊത്തിവച്ച മങ്ങിയ അക്ഷരങ്ങളും... മുഖം ഉയർത്തി പുരികങ്ങൾ നീട്ടി അയാൾ അവിടെ ഇരുന്നു. എന്നിട്ട്‌ ഇങ്ങിനെ ഉറക്കെ വായിച്ചുഃ

“കേരിയെന്നറിയപ്പെട്ട ഇഗ്‌നാറ്റി-നമ്മുടെ കർത്താവിന്റെ തിരുമനസ്സുകൊണ്ട്‌... ഒരു ടാടാർ അസ്‌ത്രത്തിനാൽ എയ്‌ത്‌ വീഴ്‌ത്തപ്പെട്ടിരിക്കുന്ന...”

“അതെ... അത്രയും ഞങ്ങളും മനസ്സിലാക്കി.” വിദ്യാർത്ഥി പറഞ്ഞു.

അസ്വസ്ഥതയോടെ ഞെളിപിരികൊണ്ട പൈത്തോറിന്റെ വിരലുകൾ ശിലാഫലകത്തിൽ കൂടുതൽ കൂടുതലായി ഇഴഞ്ഞു നടന്നു.

“കേരി മരിച്ചപ്പോൾ..”

“പ്രാകൃതക്കൂട്ടങ്ങൾ..” പൈത്തോർ സ്ഥിരീകരിച്ചു. “അത്രയുമേ എനിക്ക്‌ പറയാനുളളു... അല്ല. അല്പം ക്ഷമിക്കൂ. ഇതുകൂടി-ടാടാർ കൊളളക്കാരൻ, അരിഞ്ഞുവീഴ്‌ത്തി.. കുറച്ചുകൂടിയുണ്ട്‌... പക്ഷെ വേണ്ട.. അത്‌ ദുർഗ്രാഹ്യമാണ്‌. അത്രയേയുളളൂ. ഒന്നര നൂറ്റാണ്ടുകൊണ്ട്‌ ശ്മമശാനത്തിലെ കല്ലിനടിയിൽ കിടന്ന ആ യുവഗായക സഞ്ചാരിയുടെ ഓർമ്മകളൊക്കെ എന്നേ ഒലിച്ചുപോയിരുന്നു.”

നിമിഷനേരം അഗാധ നിശ്ശബ്‌ദത തോട്ടത്തിൽ കളിയാടി. മന്ദമാരുതനിൽ പച്ചിലച്ചാർത്തുകൾ മാത്രം മർമ്മരധ്വനി പുറപ്പെടുവിച്ചു. പിന്നെ നെടുനീളത്തിലുയർന്ന ആദരസൂചകമായ ദീർഘനിശ്വാസത്താൽ, ആ നിശബ്‌ദത ഭജ്ജിക്കപ്പെട്ടു. അത്‌ തോട്ടമുടമയായ ഓസ്സിച്‌ ആയിരുന്നു. അതുവഴി അയാൾ ഒരുകാലത്തെ അട്ടാമന്റെ ഭ്രൗമികവസതിയുടെ അധിപനായി​‍ി. മനുഷ്യദൃഷ്‌ടിയിൽനിന്നും വർഷങ്ങളും, മഴയും, കൊടുങ്കാറ്റും മൂലം മറഞ്ഞിരുന്ന ശ്മശാനത്തിലെ ശിലാലിഖിതങ്ങൾ സ്പർശനരൂപേണ വായിക്കാൻ കുനിഞ്ഞുനിന്ന കാഴ്‌ചശക്തിയില്ലാത്ത കണ്ണുകളുളള ആ യുവാവിനുനേരെ, ഈ മാന്യരെ സ്വാഗതം ചെയ്യാനെത്തിയ അയാൾ വിസ്‌മയസ്തബ്ധനായും, മൂകനായും നിന്നുപോയി. അഗാധമായ വല്ലായ്‌മയോടെ, അയാളുടെ ദൃഷ്‌ടികൾ പൈത്തോറിൽ ഉറപ്പിച്ചിട്ട്‌ അയാൾ പറഞ്ഞു. “കണ്ണുളളവർ കാണുന്നതൊക്കെ അന്ധന്‌ അറിയാൻ ഇടവരുത്തിയത്‌ ദൈവകാരുണ്യം തന്നെ!”

“ഇപ്പോൾ മനസ്സിലായോ, പന്ന ഈവ്‌ലീന എന്തുകൊണ്ട്‌ ഞാൻ പൊടുന്നനെ യൂർക്കയെ ഓർമ്മിച്ചതെന്തെന്ന്‌?” ആശ്രമത്തിലെക്ക്‌ പൊടിപിടിച്ച പാതയിലൂടെ കുതിരവണ്ടി സാവധാനം ഓടിച്ചപ്പോൾ വിദ്യാർത്ഥി ആരാഞ്ഞു.

“ഞാനും എന്റെ സഹോദരനും അത്ഭുതപ്പെടുകയായിരുന്നു. കേരിയും, അയാളുടെ സഞ്ചാരിസംഘവുമൊത്ത്‌ എങ്ങിനെ ഒരു അന്ധഗായകന്‌ കുതിരസവാരി ചെയ്യാനാവുമെന്ന്‌. തീർച്ചയായും കേരി, അന്നാളിലെ പ്രധാന ഭരണാധിപനൊന്നുമായിരുന്നില്ല. അയാൾ ഒരുപക്ഷെ, ഒരു ട്രൂപ്പ്‌ തലവൻ ആയിരിക്കാം! പക്ഷെ കാൽനട പട്ടാളക്കാരെയല്ല, കുതിരപ്പുറത്തെ കൊസാക്കുകളെയാണ്‌ അയാൾ എപ്പോഴും നയിച്ചതെന്ന കാര്യം ഞങ്ങൾക്കറിയാമായിരുന്നു. ഈ നാടോടിഗായകർ മിക്കവരും വൃദ്ധരായിരുന്നു. ഗ്രാമങ്ങൾതോറും പാട്ടുംപാടി നടക്കും. നിങ്ങളുടെ പൈത്തോർ, കുതിരപ്പുറത്തു സഞ്ചരിച്ചതുകണ്ടപ്പോഴായിരുന്നു ആ കുതിരപ്പുറത്തെ അന്ധബാലനെക്കുറിച്ച്‌ ഞാൻ പൊടുന്നനെ മനസ്സിൽ സങ്കല്പിച്ചത്‌. തോക്കിനുപകരം തന്റെ സംഗീതോപകരണം തൂക്കിയിട്ടുകൊണ്ട്‌ നടന്നിരുന്നത്‌...”

നിമിഷനേരം ആ യുവാവ്‌ നിർത്തി. എന്നിട്ട്‌ ഏതാണ്ട്‌ അസൂയാഭാവത്തോടെ തുടർന്നു.

“അയാൾ യുദ്ധത്തിൽ പോരാടിയിട്ടുണ്ട്‌. ഏതായാലും, എല്ലാ അപകടങ്ങളിലും അയാൾ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. അതെ. നമ്മുടെ ഈ ഉക്രേനിൽ, ഒരിക്കൽ എന്തൊരു സംഭവങ്ങളായിരുന്നു?”

“എന്തൊരു ഭയങ്കര കാലഘട്ടം!” ഒരു ദീർഘനിശ്വാസമുതിർത്തിട്ട്‌ അന്നമിഖലോവ്‌ന പറഞ്ഞു.

“അതേപോലൊന്ന്‌, ഒരിക്കലുമിപ്പോൾ സംഭവിക്കുന്നതേയില്ല.” പൈത്തോർ രൂക്ഷമായി പറഞ്ഞു.

അയാളപ്പോൾ കുതിരയെ ഓടിച്ച്‌, സ്‌റ്റാവ്‌റുചെങ്കോയുടെ വണ്ടിക്കരികിൽ വന്നുനില്‌ക്കുകയായിരുന്നു. നിമിഷനേരം വിടർന്ന പുരികങ്ങളോടെ, മറ്റ്‌ കുതിരകളുടെ ശബ്‌ദം കേൾക്കാനായി അയാൾ ചെവി വട്ടം പിടിച്ചു. പതിവിലേറെ വിളർത്തിരുന്ന ആ മുഖത്ത്‌ അഗാധമായൊരു വികാരാനുഭൂതി ഒളിച്ചിരുന്നു.

“അതൊക്കെ.. ഈ നാളുകളിൽ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്ന.... ” അയാൾ ആവർത്തിച്ചു.

“അപ്രത്യക്ഷമാകേണ്ടതൊക്കെ അപ്രത്യക്ഷമായി.” തണുപ്പൻ സ്വരത്തിൽ മാക്‌സിം പറഞ്ഞു. “അന്നാളിലെ ആളുകൾ തങ്ങളുടെതായ ജീവിതം നയിച്ചു. നിങ്ങളുടെ കാലഘട്ടത്തിന്‌ അനുയോജ്യമായ ജീവിതരീതി നിങ്ങൾതന്നെ കണ്ടുപിടിക്കണം.”

“നിങ്ങൾക്ക്‌ അങ്ങിനെയൊക്കെ എളുപ്പത്തിൽ പറയാം.” ആ വിദ്യാർത്ഥി പറഞ്ഞു. “ജീവിതത്തിൽനിന്ന്‌ അല്പമൊരു ഒളിച്ചോട്ടം നിങ്ങൾക്കുണ്ട്‌.”

“അതെ എന്നിൽനിന്നും ജീവിതത്തിൽ ചിലതൊക്കെ ഒളിച്ചോടിയിരിക്കുന്നു.”

തന്റെ ഊന്നുവടികളിലേക്ക്‌ കണ്ണുകൾ പായിച്ചുകൊണ്ട്‌ ആ പഴയ ഗാരിബാൾഡി സ്വഭാവക്കാരൻ പരുഷമന്ദഹാസത്തോടെ പ്രതിവചിച്ചു.

അവിടെ ഒരു നിശ്ശബ്‌ദത പരന്നു.

“പഴയ കൊസാക്‌ കാലഘട്ടത്തിലെ സ്വപ്‌നങ്ങളും ചെറുപ്പകാലത്ത്‌ എനിക്കുണ്ടായിരുന്നു.” മാക്‌സിം തുടർന്നു. “വന്യമായ കവിതയും, സ്വാതന്ത്ര്യവുമൊക്കെ... ഞാൻ യഥാർത്ഥത്തിൽ സാദിക്‌പാഷയുമായി ചേരാൻ വേണ്ടി തുർക്കിയിലേക്ക്‌ ഓടിപ്പോയതാണ്‌.”

“ശരി. എന്നിട്ട്‌ എന്ത്‌ സംഭവിച്ചു.” യുവജനങ്ങൾ ജിജ്ഞാസയോടെ ആരാഞ്ഞു.

“നിങ്ങളുടെ ആ സ്വതന്ത്ര കൊസാക്കുകളെ തുർക്കി ഏകാധിപത്യഭരണത്തിൽ ഞാൻ കണ്ടപ്പോൾ, എന്റെ സ്വപ്‌നങ്ങളൊക്കെ വേഗത്തിൽ പമ്പകടന്നു. വെറും കപടമുഖം... ചരിത്രപരമായ വഞ്ചന. ആ പഴയ കെണികളെയൊക്കെ ചവറ്റുകൂനയിലേക്ക്‌ ചരിത്രം അടിച്ചു മാറ്റിക്കളഞ്ഞെന്ന്‌ ഞാൻ അന്നേരം മനസ്സിലാക്കി. ഉപരിതലത്തിൽ എത്രമാത്രം സുന്ദരമായി കാണപ്പെട്ടാലും, പ്രാധാന്യമർഹിക്കുന്നത്‌ ലക്ഷ്യമാണ്‌. അത്‌ ഞാൻ ഇറ്റലിയിൽ പോയപ്പോഴായിരുന്നു. അവിടെ ഞാൻ ജീവൻ പോലും നൽകാൻ തയ്യാറാകുമായിരുന്ന ഒരു ലക്ഷ്യത്തിനുവേണ്ടി അവിടുത്തെ ജനങ്ങൾ പോരാടുകയായിരുന്നു. അവരുടെ ഭാഷ എനിക്ക്‌ അറിഞ്ഞുകൂടായിരുന്നെങ്കിൽ പോലും.”

മാക്‌സിം ഇപ്പോൾ ഗൗരവഭാവം പൂണ്ടിരുന്നു.

തന്റെ വാക്കുകൾക്ക്‌ കൂടുതൽ ഊന്നൽ കൊടുത്ത ആത്മാർത്ഥയോടെയായിരുന്നു അയാൾ സംസാരിച്ചത്‌. വൃദ്ധൻ സ്‌റ്റാവ്‌റുചെങ്കോയും അയാളുടെ രണ്ട്‌ ആൺമക്കളുമായുളള തുറന്ന ചർച്ചകളിലൊന്നും അയാൾ പങ്കെടുത്തിരുന്നില്ല. ഇടയ്‌ക്ക്‌ അവർക്ക്‌ അനുകൂലമായി ഒരു ഇളകിച്ചിരിച്ചെന്നുമാത്രം. അല്ലെങ്കിൽ, ആ യുവാക്കൾ തന്റെ ഭാഗത്താണെന്നു തോന്നുമ്പോൾ സുസ്‌മേരവദനനായി ഒന്ന്‌ മന്ദഹസിക്കുകയായിരുന്നു.

പക്ഷെ ഇന്നാകട്ടെ അവർ ആ പൂപ്പൽപിടിച്ച കല്ലിനുമുന്നിൽ നില്‌ക്കുമ്പോൾ മുന്നിൽ വർണ്ണോജ്ജ്വലതയോടെ കണ്ട ആ പഴയ കഥ അയാളുടെ ഹൃദയത്തെ മദിച്ചു.

ഇപ്രാവശ്യം യുവാക്കൾ തർക്കത്തിനൊന്നും മുതിർന്നില്ല. ഒരുപക്ഷെ ഏതാനും മിനിറ്റുകൾ മുമ്പെ ഒസ്‌താപിന്റെ തോട്ടത്തിൽ വച്ചുണ്ടായ അനുഭവത്തെ തുടർന്നുണ്ടായ വികാരപകർച്ച മൂലമായിരിക്കാമത്‌.

“ഇനി ഇപ്പോൾ നമുക്ക്‌ എന്താണ്‌ അവശേഷിച്ചിരിക്കുന്നത്‌?” മാക്‌സിമിന്റെ വാക്കുകളെ തുടർന്നുണ്ടടായ നിശ്ശബ്‌ദതയെ ഭജ്ഞിച്ചുകൊണ്ട്‌ വിദ്യാർത്ഥി ആരാഞ്ഞു.

“പോരാട്ടം. അതുതന്നെ. അനന്തമായ ആ പോരാട്ടം.” മാക്‌സിം പ്രതിവചിച്ചു.

“ഏത്‌ യുദ്ധക്കളത്തിൽ? ഏത്‌ വിധങ്ങളിൽ?”

“അത്‌ നിങ്ങളാണ്‌ അന്വേഷിക്കേണ്ടത്‌?”

ഇപ്പോൾ തന്റെ അർദ്ധപരിഹാസധ്വനി കൈവെടിഞ്ഞിരുന്ന മാക്‌സിം, കാര്യങ്ങൾ കൂടുതൽ ഗൗരവപൂർവ്വം ചർച്ച ചെയ്യുന്നതായി കാണപ്പെട്ടു. പക്ഷെ, ഇപ്പോഴാകട്ടെ, ഗൗരവമായ ചർച്ചക്കുളള അവസരമല്ലായിരുന്നു. കുതിരവണ്ടി ആശ്രമകവാടത്തെ സമീപിച്ചിരുന്നു. പൈത്തോറിന്റെ കുതിരയെ പരിശോധിക്കാൻ വിദ്യാർത്ഥി ഒരു കരം നീട്ടി. ഒരു തുറന്ന പുസ്‌തകം പോലെ, ആ അന്ധയുവാവിന്റെ മുഖത്ത്‌, തന്നെ ബാധിച്ചിരുന്ന അഗാധവികാരഭാവം എടുത്ത്‌ കാണിച്ചിരുന്നു.

Previous Next

വ്ലാദിമർ കൊറലങ്കോവ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.