പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > അന്ധഗായകൻ > കൃതി

മൂന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വ്ലാദിമർ കൊറലങ്കോവ്‌

ഭാഷാന്തരം ഃ വേണു വി.ദേശം

ആ കാഴ്‌ചയില്ലാതെ പിറന്ന കുട്ടി ജനിച്ച കുടുംബത്തിൽ അധികം അംഗങ്ങളുണ്ടായിരുന്നില്ല. അച്‌ഛനും അമ്മയും. മാക്സിം എന്ന ഒരമ്മാവൻ. അയാളെ വീട്ടിലുളളവർ മാത്രമല്ല പുറത്തുളളവരും ‘മാക്സിം അമ്മാവൻ’ എന്നേ വിളിക്കാറുളളൂ. നാട്ടിൻപുറത്തുകാരനായ ഒരു ഭൂപ്രഭുവായിരുന്നു പിതാവ്‌. തെക്കുപടിഞ്ഞാറൻ പ്രദേശത്തുളള അനവധി ഭൂപ്രഭുക്കൻമാരെപ്പോലെ ഒരു മനുഷ്യൻ. അദ്ദേഹത്തിന്റെ സ്വഭാവം നന്നായിരുന്നു. ദയാലുവെന്നുപോലും വിളിക്കാം. തൊഴിലാളികളോടുളള അദ്ദേഹത്തിന്റെ പെരുമാറ്റം ഭേദപ്പെട്ടതായിരുന്നു. മില്ലുകളോട്‌ വല്ലാത്ത ഒരഭിനിവേശമാണദ്ദേഹത്തിന്‌. മില്ലുകൾ പണിയുകയോ, പൊളിച്ചു പണിയുകയോ ചെയ്യാത്ത വേളകൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ചുരുക്കമായിരിക്കും. മിക്കവാറും ഇത്തരം കാര്യങ്ങളിൽ ആമഗ്നനായിരുന്നതിനാൽ അദ്ദേഹത്തിന്റെ സ്വരം വീട്ടിൽ കേൾക്കാറെയില്ല. കേൾക്കുന്നുവെങ്കിൽ അത്‌ രാവിലെയോ ഉച്ചയ്‌ക്കോ രാത്രിയിലോ ഉളള ഭക്ഷണവേളകളിൽ മാത്രമായിരുന്നു. അല്ലെങ്കിൽ വീട്ടുകാർ യോഗം ചേരുന്ന ചില വിശേഷാവസരങ്ങളിൽ മാത്രം. വളരെക്കുറച്ചു മാത്രമേ അപ്പോഴും സംസാരിക്കൂ. പുറമേക്ക്‌ വളരെ ലളിതവും സമാധാനപരവും, പക്ഷേ അതങ്ങനെയായിരുന്നില്ല. തന്റെ മകന്റെ സ്വഭാവരൂപീകരണത്തെ കരുതി അദ്ദേഹം വീട്ടിൽ അങ്ങനെ പെരുമാറുകയായിരുന്നു. എന്നാൽ മാക്സിം അമ്മാവൻ -അതൊരു പ്രത്യേക വിഷയം തന്നെയാണ്‌. കുറച്ചുമുൻപ്‌ വിശദീകരിച്ച സംഭവങ്ങൾ ആവിർഭവിക്കുന്നതിന്‌ ഏകദേശം പത്തുവർഷങ്ങൾക്കുമുൻപ്‌ ഈ പ്രദേശങ്ങളിൽ മാത്രമല്ല, അയാളുടെ എസ്‌റ്റേറ്റിൽപോലും ഭീകരനായാണ്‌ അറിയപ്പെട്ടിരുന്നത്‌. ആ തറവാട്ടിൽ എങ്ങനെ ഇത്തരത്തിലൊരുവൻ വന്നുപിറന്നുവെന്നുപോലും നാട്ടുകാർ അത്ഭുതപ്പെട്ടിട്ടുണ്ട്‌. ആ തറവാട്‌ എല്ലാരീതിയിലും ബഹുമാനിക്കപ്പെട്ടിരുന്നു. എങ്ങനെയാണീ മനുഷ്യനോടിടപ്പെടേണ്ടത്‌ എന്നാർക്കുമറിയുമായിരുന്നില്ല. എന്താണയാളെ സന്തുഷ്‌ടനാക്കുകയെന്നും ആർക്കുമറിയില്ല. അയാൾ ഒട്ടേറെ ദ്വന്ദ്വയുദ്ധങ്ങൾ ക്ഷണിച്ചുവരുത്തി. വലത്തേക്കാൽ അങ്ങനെ നഷ്‌ടപ്പെട്ടു. ഇപ്പോൾ കക്ഷത്തിൽ ഒരൂന്നു വടിയുമായാണ്‌ പുറത്ത്‌ നടക്കുക. ആ ഊന്നുവടി ഉപയോഗിക്കുവാൻ അൽപ്പം സഹായിക്കാൻ കഴിയുമെന്നതിനപ്പുറം ഇടത്തേ കൈകൊണ്ട്‌ കാര്യമായ പ്രയോജനമൊന്നുമില്ല. ഒരിക്കൽ അയാളുടെ വാളിനുണ്ടായിരുന്ന മൂർച്ച ഇപ്പോൾ നാവിനുണ്ട്‌. പൊതുവെ ഗൗരവക്കാരനായ അയാൾ ശാന്തത നടിച്ചു. വളരെ അപൂർവ്വമായേ ഇപ്പോൾ സമൂഹമധ്യത്തിലിറങ്ങാറുളളു. മിക്കവാറും സ്വന്തം ലൈബ്രറിയിൽ വായനയിൽ പൂണ്ടിരിക്കും. മറ്റാരും കേട്ടിട്ടില്ലാത്ത പുസ്‌തകങ്ങൾ. എന്തായാലും ദൈവനിഷേധപരങ്ങളായ ഗ്രന്ഥങ്ങളാവാമവ എന്നൂഹിക്കപ്പെടുന്നു. അയാൾ കുറച്ചെന്തോ എഴുതുന്നുമുണ്ട്‌ അവയൊന്നും അച്ചടിക്കപ്പെട്ടിട്ടില്ല. ആരും അതത്ര ഗൗരവത്തിലെടുത്തിട്ടുമില്ല.

നാട്ടിൻപുറത്തെ ആ വീട്ടിൽ ആ കുഞ്ഞു പിറന്ന സമയമായപ്പോഴേക്കും മാക്സിം അമ്മാവന്റെ ശിരസ്സിൽ നര പ്രത്യക്ഷപ്പെട്ടു തുടങ്ങി. മുടി പറ്റെ വെട്ടിനിർത്തുമായിരുന്നു അയാൾ. നിരന്തരം പൊയ്‌ക്കാലുകൾ ഉപയോഗിച്ചുപയോഗിച്ച്‌ അയാളുടെ ശരീരം ചതുരവടിവാർന്നിരുന്നു. അയാളെക്കുറിച്ച്‌ അറിയാമായിരുന്നവരൊക്കെ അയാളെ ഭയപ്പെട്ടു. ഊന്നുകോലിൽ ഊന്നി ശബ്‌ദമുണ്ടാക്കിക്കൊണ്ടുളള ആ വരവും പുലയില പൈപ്പിൽ നിന്നുയരുന്ന തിങ്ങിയ മേഘപടലങ്ങളും അവരെ ഭയപ്പെടുത്താതിരുന്നില്ല. അയാൾ സദാ പുകവലിച്ചു. അതയാളെ ഒരിക്കലും തളർത്തിയിട്ടില്ല. പക്ഷേ ആ വികലാംഗന്റെ ശരീരത്തിനുളളിൽ പിടച്ചിരുന്ന ഹൃദയത്തിന്റെ ദയാമയമായ ഊഷ്‌മളത വളരെക്കുറച്ച്‌ ആത്മസുഹൃത്തുക്കൾക്കേ അറിയാമായിരുന്നുളളു. അയാളുടെ പ്രജ്ഞയിൽ ഓടിക്കൊണ്ടിരുന്ന വിഷയങ്ങളെപ്പറ്റി, അയാളുടെ മാനസികമായ കഴിവുകളെപ്പറ്റി അവർക്കു മാത്രമേ അറിയാമായിരുന്നുളളൂ.

എങ്കിലും ഈ കാലഘട്ടത്തിൽ അയാളുടെ മാനസികപ്രവർത്തനങ്ങൾ എങ്ങനെയായിരുന്നുവെന്ന്‌ അത്രയ്‌ക്കടുത്ത സുഹൃത്തുക്കൾക്കുപോലും അറിയാമായിരുന്നില്ല. അനവസാനങ്ങളായ മണിക്കൂറുകളോളം അയാൾ കുത്തിയിരുന്ന്‌ പുകവലിച്ചു തളളുന്നതായി അവർക്കറിയാം. എന്താണിത്രയേറെ അയാൾക്ക്‌ ചിന്തിക്കുവാനുളളത്‌?

വികലാംഗർക്ക്‌ ജീവിക്കാൻ അർഹതയില്ലെന്നാണോ? ജീവിതം ആകപ്പാടെ ഒരു സംഘർഷം മാത്രമാണെന്നാണോ? അയാൾ എല്ലാവർക്കും ഒരു ഭാരമാകുന്നുവെന്നാകുമോ? ജീവിതം തറയിലേക്ക്‌ തളളിവീഴ്‌ത്തിയ ഒരു പടത്തലവനാണയാൾ. സിംഹാസനത്തിൽ നിന്നും വലിച്ചെറിയപ്പെട്ടവൻ. ഇവിടെ ഇങ്ങനെ പുഴുവിനെപ്പോലെ പൊടിയിൽ കഴിഞ്ഞു കൂടുകയെന്നതെത്ര നാണക്കേടാണ്‌! എത്രമാത്രം ഭീരുതയാണ്‌. ഇനിയും ഈ പൊയ്‌ക്കാലുകളിലൂന്നി ജീവിക്കേണ്ടതുണ്ടോ?

ഇങ്ങനെയൊക്കെ തിരിച്ചും മറിച്ചും ചിന്തിച്ചുകൊണ്ട്‌ മാക്സിം അമ്മാവൻ ഉഴലവേ ആ വീട്ടിൽ പുതിയൊരു ആൺതരി വന്നു പിറന്നു. അവനീ ലോകത്ത്‌ പ്രത്യക്ഷപ്പെട്ടതുതന്നെ അംഗവിഹീനനായാണ്‌. തുടക്കത്തിൽ മാക്സിം ആ ശിശുവെ ശ്രദ്ധിച്ചതേയില്ല. പക്ഷേ ആ കുഞ്ഞിന്റേയും തന്റേയും വിധിക്ക്‌ സാമ്യമുണ്ടെന്ന കാര്യം തത്വശാസ്‌ത്രപരമായി അയാൾ ചിന്തിച്ചു തുടങ്ങി.

“അതെ” അയാൾ ഗഹനമായി ആലോചിച്ചു. ഒരിക്കൽ അയാൾ ആ കുഞ്ഞിനെ കണ്ടു. “ഇതാ-ഒരു വികലാംഗൻ കൂടി- ഈ കുട്ടി. അവനും ഞാനും കൂടി ചേർന്നാൽ... എങ്കിൽ ഒരു ശരിയായ മനുഷ്യനെ സൃഷ്‌ടിച്ചെടുക്കുവാൻ കഴിയും.”

അന്നുമുതൽ മാക്സിം ആ കുഞ്ഞിനെ പരിഗണിക്കുവാനും ഇടക്കിടെ ചെന്നു നോക്കുവാനും തുടങ്ങി.

Previous Next

വ്ലാദിമർ കൊറലങ്കോവ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.