പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > അന്ധഗായകൻ > കൃതി

പതിനെട്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വ്ലാദിമർ കൊറലങ്കോവ്‌

വിവഃ വേണു വി. ദേശം

മാക്സിം അമ്മാവന്റെ പദ്ധതിയനുസരിച്ച്‌ ആ കുട്ടിയെ എല്ലാറ്റിലേക്കും കഴിയുന്നതും തുറന്നുവിട്ടു. അവൻ സ്വയം മാറ്റിപ്പണിയട്ടെ. അതിന്റെ ഫലങ്ങൾ അപാരമായിരുന്നു. വീട്ടിനകത്ത്‌ അവൻ നിസ്സഹായതയുടെ ഒരു ചിഹ്നവും പ്രകടിപ്പിച്ചില്ല. അവൻ ആത്മവിശ്വാസത്തോടെ ചലിച്ചു. അവൻ സ്വന്തം മുറി ശുചിയാക്കി വെച്ചു. തന്റെ കളിപ്പാട്ടങ്ങളും വസ്‌ത്രങ്ങളും അടുക്കി വെയ്‌ക്കുകയും ചെയ്‌തു. അമ്മാവൻ കഴിയുന്നിടത്തോളം കായികാഭ്യാസ പരിശീലനവും അവനു നൽകി. നിത്യേന അവൻ നിയതമായ ചില അഭ്യാസങ്ങളിലേർപ്പെട്ടു. അവന്‌ അഞ്ചു വയസ്സായപ്പോൾ മാക്‌സിം അവന്‌ ഒരു കുട്ടിക്കുതിരയെ സമ്മാനിച്ചു. അത്‌ ഉപ്രദ്രവകാരിയല്ലാത്ത ഒരിളം കുതിരയായിരുന്നു. തന്റെ കണ്ണറിയാത്ത മകന്‌ ഒരു കുതിരപ്പുറത്ത്‌ സവാരി ചെയ്യാൻ കഴിയും എന്ന്‌ അമ്മയ്‌ക്ക്‌ ഒരിക്കലും വിഭാവന ചെയ്യാൻ കഴിയുമായിരുന്നില്ല. സഹോദരന്റെ കൃത്യം വെറും ഭ്രാന്തായിപ്പോയെന്ന്‌ അവർ മാക്‌സിമിനോട്‌ പറഞ്ഞു. പക്ഷേ മാക്‌സിം അമ്മാവനാകട്ടെ തന്റെ സകല കഴിവുകളുമുപയോഗിച്ച്‌ ആ കുട്ടിയിൽ പ്രേരണ ചെലുത്തുകയും രണ്ടോ മൂന്നോ മാസങ്ങൾക്കകം ആ കുട്ടി സ്വതന്ത്രമായി കുതിര സവാരിയിലേർപ്പെടുകയുമുണ്ടായി. ഇയോക്കിമിന്റെ സഹായം വഴിയുടെ കുത്തനെയുളള വളവുകളിൽ മാത്രമേ അവന്‌ ആവശ്യമായി വന്നുളളൂ.

അങ്ങനെ അവന്റെ അന്ധത അവന്റെ കായികമായ വികാസത്തിന്‌ വിലങ്ങുതടിയായി തീരാനനുവദിക്കപ്പെട്ടില്ല. അവന്റെ പ്രായത്തിൽ ഒരു കുട്ടിക്കുണ്ടാകാവുന്നതിന്റെ പരമാവധി ഉയരം അവന്‌ സിദ്ധിച്ചിരുന്നു. നല്ല ശരീരം, അൽപ്പം വിളർപ്പുണ്ട്‌. ആകാര സവിശേഷതകൾ മൃദുലതയും ഒരു വക നിർവ്വികാരതയുമായിരുന്നു. അവന്റെ ഇരുണ്ട മുടി വിളർച്ചയെ ഊന്നിക്കാട്ടി. ഒറ്റനോട്ടത്തിൽതന്നെ അവന്റെ അചഞ്ചലങ്ങളായ വലിയ കറുത്ത കണ്ണുകൾ കാഴ്‌ചക്കാരന്‌ ഒരു സവിശേഷ ഭാവം പ്രദാനം ചെയ്യുമായിരുന്നു. അയാൾ അത്ഭുതപ്പെടുകയും ചെയ്യും. അവന്റെ നെറ്റിയിൽ ഒരു ചെറിയ ചുളിവിന്റെ രേഖ കുറുകെ കിടന്നു. ശരിസ്സ്‌ അൽപ്പം മുന്നോട്ട്‌ ചായ്‌ക്കുക അവന്റെ ശീലവുമായിരുന്നു. മനോഹരമായ അവന്റെ മുഖഭാവം ഇടയ്‌ക്കിടെ വിഷാദമഗ്നതയുടെ മേഘങ്ങളാലാവൃതമാകും- അത്രയും മാത്രമായിരുന്നു അവന്റെ അന്ധതയുടെ പുറമേക്കുളള ലക്ഷണങ്ങൾ. പരിചിതങ്ങളായ ഇടങ്ങളിൽ അവന്റെ നീക്കം സ്വതന്ത്രവും ആത്മവിശ്വാസത്തോടുകൂടിയതുമായിരുന്നു. എന്നാൽ അവന്റെ സ്വാഭാവികജീവിതം പോലും നിയന്ത്രണങ്ങൾക്ക്‌ വിധേയമായിരുന്നുവെന്ന്‌ വളരെ പെട്ടെന്ന്‌ തിരിച്ചറിയപ്പെടും. എന്നാലും ചില മുഹൂർത്തങ്ങളിൽ അവൻ വികാരപാരവശ്യത്തിന്റെ മൂർച്ഛകളാൽ ഏതോ തീവ്രതകൾ വെളിപ്പെടുത്തിക്കൊണ്ടുമിരുന്നു.

ആ കണ്ണറിയാത്ത കുട്ടിയുടെ ജീവിതത്തിൽ നല്ല പ്രതീതികൾ ഇപ്പോൾ തീർച്ചയായും പ്രധാനങ്ങളായി തീർന്നു. അതിനനുസരണമായി രൂപപ്പെട്ടു അവന്റെ ചിന്തകൾ. അവന്റെ മാനസിക പ്രക്രിയകളുടെ കേന്ദ്രം തദനുസരണമായി പ്രവർത്തിച്ചു. അവന്റെ ഹൃദയത്തെ കീഴ്‌പ്പെടുത്തുന്ന രാഗമധുരിമയുളള ഗാനങ്ങൾ അവന്‌ ഓർമ്മിക്കുവാൻ കഴിയും. ആ ഗാനങ്ങളുടെ അർത്ഥം വിഷാദമധുരവുമായി കലർന്ന്‌ വർണ്ണങ്ങൾ ചിതറിക്കുന്നുവെന്ന്‌ അവൻ ഉൾക്കൊണ്ടു. ആ ഗാനങ്ങളുടെ രസനീയതയും സ്വപ്നാത്മകതയും അവനെ, അവയെ ഓർമ്മിച്ചുവെക്കാൻ പ്രേരിപ്പിച്ചു. മുൻപെപ്പോഴുമെന്നതിനേക്കാൾ ഇപ്പോൾ അവൻ തനിക്കു ചുറ്റിമുളള പ്രകൃതിസ്വരങ്ങളെ നിരീക്ഷിക്കുവാനാരംഭിച്ചു. അവന്‌ പ്രിയതരങ്ങളായിരുന്ന മഞ്ജുഗീതങ്ങളിലേക്ക്‌ സ്വന്തം ഇന്ദ്രിയപ്രതീതികളെ ഉരുക്കിച്ചേർത്തുകൊണ്ട്‌ അവന്‌ ചില നേരങ്ങളിൽ സ്വയം ഗാനാലാപനത്തിന്‌ കഴിവുണ്ടായി. അവൻ കുഞ്ഞായിരുന്നപ്പോൾ മുതൽ കേട്ടുപോന്ന ഗീതകങ്ങൾ അവന്റെ ആത്മാവിൽ അലിഞ്ഞു കിടന്നിരുന്നു. അത്തരം ഗീതകങ്ങൾ അവൻ ഗാനാത്മകതയോടും മുന്നൊരുക്കം കൂടാതെയും മനോധർമ്മം കലർത്തിയും പാടി. അപ്പോൾ ആ ഗാനങ്ങളിൽ അവന്റെ സംഭാവനയെന്ത്‌ എന്ന്‌ തിരിച്ചറിയാൻ കഴിയാത്തവണ്ണം ആ മനോധർമ്മ സംഗതികൾ ലയിച്ചു ചേർന്നതായി കാണപ്പെട്ടു. കുട്ടിയായിരുന്നപ്പോൾ മുതല കേട്ടുപോന്ന ഗ്രാമീണഗാനങ്ങളിൽ നിന്നും അവനിൽ സംസ്‌കരിക്കപ്പെട്ടു കിടന്ന രാഗഛായകളാവാം അവ. അമ്മ അവനെ പിയാനോ പഠിപ്പിക്കുണ്ടായിരുന്നു. അവൻ അതിവേഗം സംഗീതപാഠങ്ങൾ മനസ്സിലാക്കി പരിശീലിച്ചു. എങ്കിലും ഇയോക്കിമിന്റെ പുല്ലാങ്കുഴലിനോടുളള അവന്റെ മമത ശമിച്ചിട്ടില്ലായിരുന്നു. പിയാനോ വലുതും സമഗ്രവും പൂർണ്ണവുമായ സംഗീതോപകരണമാണല്ലോ. പിയാനോ വീട്ടിൽ മാത്രമേ ഉപയോഗിക്കാനാവൂ. പുല്ലാങ്കുഴലുമായി എവിടെയും പോകാം. പുൽമേടിന്റെ ഇളം ശ്വാസവുമായി പുല്ലാങ്കുഴൽ വിളി പൂർണ്ണമായുമിഴുകിപ്പടരുന്നു. അത്‌ അവന്റെ മനസ്സിൽ അവ്യക്തവും നവവുമായ അനുഭൂതികളെ നിറച്ചുകൊണ്ടുമിരുന്നു. വിദൂരദേശങ്ങളിൽ നിന്നുളള കാറ്റ്‌-അഥവാ അവൻ തന്നെ രചിച്ച സംഗീതം-അവയെയൊക്കെ പുല്ലാങ്കുഴൽത്തിരകൾ ആത്മാവിലേക്കാനയിച്ചു.

ആ കുട്ടിയുടെ മാനസിക വികാസത്തിന്റെ കേന്ദ്രം സംഗീതത്തോടുളള അഭിനിവേശമായിത്തീർന്നു. രസനീയതയും വൈവിദ്ധ്യവും അതവന്റെ ജീവിതത്തിലേക്ക്‌ കൊണ്ടുവന്നു. മാക്‌സിം അമ്മാവൻ ഇതൊരു ഉപായമായി കണ്ട്‌ രാജ്യചരിത്രത്തിന്റെ സംഗീതാവിഷ്‌കാരം അവനെ അഭ്യസിപ്പിക്കുവാനുറച്ചു. ഒരൊറ്റ ഗാനം കൊണ്ടുതന്നെ കുട്ടിയുടെ പഠിക്കാനുളള ആസക്തി വർദ്ധിച്ചു. പൊയ്‌പ്പോയ രാഷ്‌ട്രനായകന്മാരെക്കുറിച്ചും അവരുടെ വീരഗാഥകളെക്കുറിച്ചും അതിലൂടെ സ്വരാജ്യ മഹിമകളും അവൻ ഉൾക്കൊണ്ടു തുടങ്ങി. ഇത്‌ പിന്നീട്‌ അവനിൽ സാഹിത്യ താത്‌പര്യവും ഉദ്ദീപിപ്പിച്ചു. കുട്ടിക്ക്‌ എട്ടു വയസ്സായപ്പോൾ മാക്‌സിം ക്രമബന്ധമായ ഒരഭ്യസനരീതി ആരംഭിച്ചു. അന്ധനായ കുട്ടിയെ പഠിപ്പിക്കുന്നതിന്‌ അദ്ദേഹം സവിശേഷമായ ഒരു പദ്ധതി ആവിഷ്‌കരിച്ചു. ആ പാഠങ്ങളിൽനിന്നും കുട്ടിക്ക്‌ വലിയ സന്തോഷമുളവായി. അവ അവന്റെ ജീവിതത്തിൽ പുതിയ അടിസ്ഥാനതത്വങ്ങൾ കൊണ്ടുവന്നു. അങ്ങനെ ധനാത്മകതയും സുവ്യക്തതയും കൂടുതൽ അമൂർത്തമായ സംഗീതസംവേദനത്തിന്‌ ഒരു സമനില നൽകുന്നതിന്‌ സഹായകവുമായി.

അങ്ങനെ തിരക്കിട്ട ദിനങ്ങൾ കടന്നുപോയി. പുതിയ പ്രതീതികൾക്കു കുറവുണ്ടായിരുന്നില്ല. മറ്റേതൊരു കുട്ടിയുടേതുമെന്നപോലെ അവന്റെയും ജീവിതം ഒരു കുറവുമില്ലാതെ നീങ്ങി. സ്വന്തം അന്ധതയെപ്പറ്റി അവൻ മറന്നുപോയി എന്നുപോലും തോന്നി. എങ്കിലും അവന്റെ പ്രകൃതത്തിൽ ബാലസഹജമല്ലാത്ത ഒരു വിഷാദഭാവം മുറ്റിവന്നു. പലപ്പോഴും അത്‌ പുറമേക്ക്‌ പ്രകടമാവുകയും ചെയ്‌തു. അവന്‌ കളിക്കൂട്ടുകാരില്ലായിരുന്നുവെന്നതിന്റെ കുറവ്‌ മാക്‌സിം അമ്മാവൻ പരിഹരിച്ചു. അദ്ദേഹത്തിന്‌ കഴിയുന്നതൊക്കെ അവനുവേണ്ടി ചെയ്‌തിരുന്നുവല്ലോ.

ആ ഗ്രാമത്തിലെ കുട്ടികൾ പ്രഭുമന്ദിരത്തിലേക്ക്‌ ക്ഷണിക്കപ്പെട്ടിരുന്നു, അവനോടൊപ്പം കളിക്കാൻ. എന്നാൽ അവർ നാണം കുണുങ്ങികളും നിയന്ത്രണങ്ങൾക്കു വിധേയരുമായിരുന്നു. അപരിചിതമായ ആ ചുറ്റുപാടുകളും പെട്രോയുടെ അന്ധതയും-അവരെ അസ്വസ്ഥരാക്കി. അവർ കൂട്ടം ചേരുകയും നാണത്തോടെ പരസ്പരം ചെവികളിൽ മന്ത്രിക്കുകയും ചെയ്‌തു. ധൈര്യം കിട്ടിയപ്പോഴൊക്കെ അവർ ഉദ്വേഗഭരിതമായ കണ്ണുകളോടെ പെട്രോയെ നോക്കുകയും ചെയ്‌തു. വീട്ടിനുപുറത്ത്‌ പൂന്തോട്ടത്തിലോ പാടങ്ങളിലോ അവർക്ക്‌ കൂടുതൽ ആയാസമനുഭവപ്പെട്ടു. അവിടെ കളിക്കുവാനാണവർക്കിഷ്‌ടം, എന്തായാലും അത്തരം കളികളിൽ നിന്നും പെട്രോ ഒഴിവാക്കപ്പെട്ടു. ആകാംക്ഷകൾ നിറഞ്ഞ ആഗ്രഹത്തോടെ കുട്ടികളുടെ വിനോദത്തിന്റെ ആ കോലാഹലം ശ്രദ്ധിച്ചിരിക്കുവാൻ മാത്രമല്ലേ അവനു കഴിയുകയുളളൂ.

ചിലപ്പോഴൊക്കെ ഇയോക്കിം അവരെ സംഘടിപ്പിച്ച്‌ അവനു ചുറ്റുമിരുത്തി നാടൻകഥകൾ പറഞ്ഞു. എല്ലാത്തരം തമാശയുളള ഗ്രാമീണകഥകളും അയാൾക്കറിയാമായിരുന്നു. കുട്ടിക്കാലം തൊട്ടേ ദുശ്ശീലം കൊണ്ട്‌ താറുമാറായിപ്പോയ ഗ്രാമീണ യുവാക്കളെക്കുറിച്ചുളള വർത്തമാനവും ഉക്രേനിയൻ യക്ഷിക്കഥകളും പറഞ്ഞ്‌ ചിരിയും കളിയുമായി സമയം വേഗം പോകുമായിരുന്നു. പെട്രോ സദാ ശ്രദ്ധാലുവായി കേട്ടുകൊണ്ടിരുന്നു. അവന്റെ താൽപ്പര്യം വ്യക്തവുമായിരുന്നു. പക്ഷേ അവൻ വല്ലപ്പോഴുമേ പുഞ്ചിരിച്ചുളളൂ. ഹാസ്യം അധിക പങ്കും അവനിലേക്കെത്തിയിരുന്നില്ല. അവൻ അധികം വിസ്‌മയിച്ചുമില്ല. ഇയോക്കിമിന്റെ കണ്ണുകളിലെ തെളിച്ചമോ, മുഖത്തെ ചുളിവുകളിലുളള ചിരിയോ, നീണ്ടു തൂങ്ങിക്കിടന്ന മീശ അയാൾ ഇളക്കുന്നതോ അവന്‌ കാണാൻ കഴിയുമായിരുന്നുമില്ലല്ലോ.

Previous Next

വ്ലാദിമർ കൊറലങ്കോവ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.