പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ഇത്‌ അനന്തപുരി > കൃതി

എട്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എൻ.കെ. ശശിധരൻ

ഇത്‌ അനന്തപുരി

നിലവിളക്കുകളിൽ നിറതിരികളെരിഞ്ഞു. തൂക്കുവിളക്കുകൾ നറുനിലാവുപോലെ പുഞ്ചിരിച്ചു. കൈവിളക്കുകൾ തെളിഞ്ഞു. ഇരുട്ട്‌ തെന്നിയകന്നു. സർപ്പക്കാവിലെ കൽവിളക്കിൽ എണ്ണപകർന്നുകൊണ്ടു ശത്രുഘ്‌നൻ പറഞ്ഞു.

‘വർഷങ്ങൾക്കു മുമ്പ്‌ ഈ നാലുകെട്ട്‌ എന്നും ഇങ്ങനെയായിരുന്നു. വിളക്കുകളെല്ലാം ഇതുപോലെ തെളിഞ്ഞു നിൽക്കും. മരങ്ങളെ തൊട്ടിലാട്ടാനെത്തുന്ന കുസൃതിക്കാറ്റ്‌ വിളക്കുകൾ ഊതിയണയ്‌ക്കാനാവാതെ പിന്നോട്ടു തെന്നിമാറും...

അനന്തൻ കൈവിളക്കിൽ നിന്നും ഒരു തിരിയെടുത്തു കൽവിളക്കു കത്തിച്ചു.

ആരോടെന്നില്ലാതെ ശത്രുഘ്‌നൻ പറഞ്ഞു.

’ഈ വിളക്കുകൾക്കിടയിൽ അപ്പോൾ മറ്റൊരു നെയ്‌വിളക്കുണ്ടാവും. ബാലത്തമ്പുരാട്ടി. ആർക്കും ഊതിയണയ്‌ക്കാനാവില്ലെന്നു ഞാൻ കരുതിയിരുന്ന ഭദ്രദീപം. ക്രൂരമായ വിധി ആ ഭദ്രദീപം ഊതിയണയ്‌ക്കുകയായിരുന്നില്ല. തല്ലിക്കെടുത്തുകയായിരുന്നു. ശത്രുഘ്‌നൻ മെല്ലെ മുന്നോട്ടു നടന്നു. പിന്നാലെ അനന്തനും. തുളസിത്തറയുടെ മുന്നിലെത്തി ശത്രുഘ്‌നൻ നിന്നു. അനന്തന്റെ കൈയിൽ നിന്നും കൈവിളക്കു വാങ്ങി അയാൾ തുളസിത്തറയിലെ വിളക്കുകത്തിച്ചു. തുള്ളിക്കളിക്കുന്ന ജ്വാലയിലേക്കു നോക്കി ശത്രുഘ്‌നൻ പറഞ്ഞു.

ഇവിടെ കണ്ണടച്ചു തൊഴുതു നിന്നുകൊണ്ടു ബാല ഉള്ളുരുകി പ്രാർത്ഥിക്കും. വിളിച്ചാൽ വിളിപ്പുറത്തുള്ള ഈശ്വരന്മാരോട്‌. കണ്ണു തുറക്കാത്ത കരിങ്കൽ പ്രതിമകളോട്‌ പൂജാമുറിയിലുള്ള സാളഗ്രാമങ്ങളോട്‌.

പക്ഷേ ഈശ്വരന്മാരാരും അവളുടെ പ്രാർത്ഥന കേട്ടില്ല. എത്ര ഉറക്കെ വിളിച്ചിട്ടും അവരാരും ശ്രീകോവിലിനുള്ളിൽ നിന്നും പുറത്തുവന്നില്ല.‘

ശത്രുഘ്‌നൻ പടികൾകയറി. അരമതിലിൽ നിന്നു കിണ്ടിയെടുത്ത്‌ അയാൾ അതിലെ വെള്ളം കാലിലേയ്‌ക്കൊഴിച്ചു. പിന്നെ രണ്ടുതുള്ളി മുഖത്തിറ്റിച്ചു.

’ആരുവന്നാലും കാലും മുഖവും കഴുകണം. ശരീരം മാത്രമല്ല മനസ്സും ശുദ്ധമാക്കണം. അതെ അനന്താ അക്ഷരാർത്ഥത്തിൽ ഇതൊരമ്പലമായിരുന്നു. ഇവിടെയുണ്ടായിരുന്ന ഈശ്വരനു ഗോദവർമ്മത്തമ്പുരാന്റെ മുഖമായിരുന്നു.

വാതിൽ തള്ളിത്തുറന്നു ശത്രുഘ്‌നൻ അകത്തുകടന്നു. പിന്നാലെ അനന്തനും. ഓട്ടുമണികളുടെ കിലുക്കം നിലച്ചപ്പോൾ ശത്രുഘ്‌നൻ മെല്ലെ തിരിഞ്ഞു.

‘ഇത്‌ കാളിംഗ്‌ ബെൽ. ആരോ വന്നിട്ടുണ്ടെന്ന്‌ ഇവിടെയുള്ളവർ അറിയുന്നതങ്ങനെയാണ്‌. പിന്നെ ആട്ടുകട്ടിലിൽ നിന്നു തമ്പുരാൻ എഴുന്നേൽക്കും. മെതിയടികൾ ശബ്‌ദിക്കും. അതിഥിയെ തമ്പുരാൻ കൈയ്‌ക്കു പിടിച്ച്‌ അകത്തേയ്‌ക്കാനയിക്കും.

’ഒരിക്കൽ ഓട്ടുമണി കിലുക്കി അങ്ങനെ കടന്നുവന്നത്‌ അതിഥിയായിരുന്നില്ല. മരണമായിരുന്നു.‘

ശത്രുഘ്‌നൻ മുന്നോട്ടു നടന്നു.

ഓരോരോ വാതിലുകൾ തള്ളിത്തുറന്നുകൊണ്ട്‌. ഒരക്ഷരംപോലും ശബ്‌ദിക്കാതെ അനന്തൻ ശത്രുഘ്‌നനെ പിൻതുടർന്നു. അടഞ്ഞു കിടന്നിരുന്ന ഒരു മുറിയുടെ മുന്നിലെത്തി ശത്രുഘനൻ നിന്നു. ശബ്‌ദംതാഴ്‌ത്തി അയാൾ പറഞ്ഞു.

’തുറക്ക്‌“.

അനന്തൻ കൈയിലിരുന്ന താക്കോലുകൾ ഓരോന്നായി താഴിലിട്ടു തിരിച്ചു. മുറി തുറന്നില്ല.

ശത്രുഘ്‌നൻ പറഞ്ഞു.

‘അക്കൂട്ടത്തിൽ ചെമ്പുനിറത്തിലുള്ള ഒരു താക്കോലുണ്ടാവും. മുകളിലെ വളയത്തിനു പാമ്പിന്റെ ആകൃതിയുണ്ട്‌.

അനന്തൻ അത്ഭുതത്തോടെ ശത്രുഘ്‌നനെ നോക്കി.

ശത്രുഘ്‌നൻ തുടർന്നു.

ഈ നാലുകെട്ടിലെ ചെറിയൊരു സ്‌പന്ദനംപോലും മനസ്സുകൊണ്ട്‌ എനിക്കു തൊട്ടറിയാനാവും. ഓരോ നിശ്വാസവും വേർതിരിച്ചറിയാനാവും.

തമ്പുരാന്റെ വിയർപ്പിന്റെ ഗന്ധംപോലും ഇപ്പോൾ ഞാനറിയുന്നുണ്ട്‌ അനന്താ.

അനന്തൻ താക്കോൽ കണ്ടെടുത്തു. അതിന്റെ വളയത്തിനു പാമ്പിന്റെ ആകൃതിയുണ്ടായിരുന്നു. അനന്തൻ താക്കോൽ താഴിലിട്ടുതിരിച്ചു. താഴു തുറന്നു. വാതിൽപ്പാളികളിൽ അയാൾ ആഞ്ഞു തള്ളി. കറകറാ ശബ്‌ദത്തോടെ വാതിൽ മലർക്കെ തുറന്നു. അകത്തേയ്‌ക്കു നോക്കിയ അനന്തൻ അടക്കിയ നിലവിളിയോടെ പിന്നോട്ടാഞ്ഞു കൈവിളക്കു വഴുതിവീണു, തെറിച്ചുപോയ തിരി തറയിൽ കിടന്നുപടർന്നു കത്തി.

അനന്തൻ ആ മുറിക്കുള്ളിൽ കണ്ടതു തിളങ്ങുന്ന രണ്ടു കണ്ണുകൾ.

ശത്രുഘ്‌നൻ പ്രത്യേകിച്ചൊന്നും സംഭവിക്കാത്തത്തുപോലെ തിരിഞ്ഞു അനന്തനെ നോക്കി.

’എന്താ എന്തുപറ്റി?‘

’അവിടെ.... അവിടെ....‘

അനന്തൻ വിറച്ചു.

ശത്രുഘ്‌നൻ ചിരിച്ചു.

’പേടിക്കണ്ട. അതു ഗോദവർമ്മത്തമ്പുരാന്റെ കണ്ണുകളാണ്‌. ഇപ്പോഴും എല്ലാം കാണുന്ന കണ്ണുകൾ.‘

തറയിൽ പടർന്നു കത്തിയിരുന്ന തിരി എടുത്തു കൈവിളക്കിലിട്ട്‌ ശത്രുഘ്‌നൻ മുറിക്കുള്ളിലേക്കു കടന്നു. അനന്തൻ അപ്പോഴും പുറത്തു പകച്ചു നിന്നതേയുള്ളൂ. ശത്രുഘ്‌നൻ വിളക്കു മുകളിലേക്കുയർത്തി. ചുവരിൽ വലിയൊരു എണ്ണച്ചായച്ചിത്രം തൂങ്ങുന്നുണ്ടായിരുന്നു.

ശത്രുഘ്‌നൻ പറഞ്ഞു.

’അനന്താ. ഇതാണു ഗോദവർമ്മത്തമ്പുരാൻ. ഒരിക്കൽ ഈ നാലുകെട്ടിനുള്ളിലുണ്ടായിരുന്ന, വിളിച്ചാൽ വിളിപ്പുറത്തുള്ള ഈശ്വരൻ. ആർക്കും എന്തും കൈയയച്ചു നൽകുന്ന പരമകാരുണികൻ. പ്രകാശം പരത്തിക്കൊണ്ട്‌ ഈ നാലുകെട്ടിൽ തെളിഞ്ഞു കത്തിയിരുന്ന സ്വർണ്ണവിളക്ക്‌. കാലത്തിനപ്പുറത്തുള്ള അജ്ഞാതനായ ഏതോ ചിത്രകാരൻ അദ്ദേഹത്തിന്റെ കണ്ണുകൾക്ക്‌ ഇരുട്ടിലും തെളിഞ്ഞു നിൽക്കാനുള്ള ചൈതന്യം കൊടുത്തു.

തൊഴുകൈകളോടെ അകത്തേയ്‌ക്കു വന്നോളൂ അനന്താ. നാലുകെട്ടിനുള്ളിലെ ശ്രീകോവിലാണിത്‌‘.

അനന്തൻ മടിച്ചുമടിച്ച്‌ അകത്തുകടന്നു. ശത്രുഘ്‌നൻ എണ്ണഛായച്ചിത്രത്തിനു താഴെയുണ്ടായിരുന്ന മൺചെരാതിൽ എണ്ണയൊഴിച്ചു തിരിയിട്ടു കത്തിച്ചു. മുറിയിൽ നിഴലുകൾ പിടച്ചു.

ശത്രുഘ്‌നൻ മെല്ലെപ്പറഞ്ഞു.

’ഈ ദിവസത്തിന്‌ ഒരു പ്രത്യേകതയുണ്ട്‌. വർഷങ്ങൾക്കു മുമ്പ്‌ ഇതേ ദിവസമാണ്‌ ആ ആട്ടുകട്ടിലിൽ ഗോദവർമ്മതമ്പുരാൻ വിഷം കഴിച്ചു മരിച്ചുകിടന്നത്‌.

അനന്തൻ ചെറുതായി വിറച്ചു. ശത്രുഘ്‌നൻ അതുശ്രദ്ധിച്ചില്ല. അയാൾ കൈവിളക്കുമായി പുറത്തുകടന്നു. പിന്നാലെ അനന്തനും.

ശത്രുഘ്‌നൻ തുടർന്നു.

‘ഇനി ആ വാതിലടയ്‌ക്കണ്ട. തുറന്നുതന്നെ കിടക്കട്ടെ. ഈ രാത്രി എന്നെ തേടിവരുന്ന അതിഥിയെ തമ്പുരാനും കാണട്ടെ.

അനന്തൻ പേടിയോടെ ശത്രുഘ്‌നനെ നോക്കി. ശത്രുഘ്‌നൻ മുന്നോട്ടു നടന്നു. നടുമുറ്റം കടന്നു ശബ്‌ദമുണ്ടാക്കാതെ; പിന്നാലെ അനന്തനും. വിശാലമായ തളത്തിലെത്തി ശത്രുഘ്‌നൻ നിന്നു.

ആരോടെന്നില്ലാതെ അയാൾ പറഞ്ഞു.

’നമ്മളിപ്പോൾ ചവിട്ടിനിൽക്കുന്നതു ബാലത്തമ്പുരാട്ടിയുടെ ചോരയിലാണ്‌.‘

അനന്തൻ ഞെട്ടലോടെ ഒരടി പിന്നോട്ടുവച്ചു. ശത്രുഘ്‌നൻ വെട്ടിത്തിരിഞ്ഞു.

രക്ഷപ്പെടാനാവില്ല അനന്താ.’

ഈ മുറിയിൽ എവിടെത്തിരിഞ്ഞാലും ചോര മണക്കും. ബാലത്തമ്പുരാട്ടിയുടെ ചോര. ഗീത ഓപ്പോളുടെ ചോര. നീ ഇപ്പോഴും ചവിട്ടിനിൽക്കുന്നത്‌ അവരുടെ ചോരയിൽ തന്നെ.‘

അനന്തൻ ഓരോ അടിയായി പിന്നോട്ടു വച്ചു.

’പേടി തോന്നുന്നുണ്ടോ അനന്താ നിനക്ക്‌? ഓർക്കുമ്പോൾപോലും കൈയും മെയ്യും വിറയ്‌ക്കണുണ്ടോ? അന്ന്‌ ഈ നാലുകെട്ടിൽ എല്ലാം നേരിൽ കണ്ടുനിന്ന ഒരാളുണ്ടായിരുന്നു. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരത്തിൽ നോക്കി വിങ്ങിവിങ്ങിക്കരഞ്ഞ പച്ചപ്പാവമായ ഒരു തമ്പുരാൻ. ബാലത്തമ്പുരാട്ടിയുടെ ഉണ്യേട്ടൻ.

അവളെ അങ്ങിനെയാക്കിയവർ അപ്പോഴും അയാളുടെ മുന്നിൽ നിറഞ്ഞുനിന്ന്‌ ആർത്തു ചിരിക്കുകയായിരുന്നു.

ശത്രുഘ്‌നൻ കൈകൾ കൂട്ടിഞ്ഞെരിച്ചു. അയാളുടെ കണ്ണുകളിലേക്ക്‌ എരിയുന്ന നിലവിളക്കുകളുടെ തിളക്കംവന്നു. അനന്തന്റെ മുഖത്തുനിന്നും കണ്ണുകളെടുക്കാതെ അടക്കിയ ശബ്‌ദത്തിൽ അയാൾ തുടർന്നു.

‘പിറ്റേന്ന്‌ ആ ഉണ്ണിത്തമ്പുരാനും മരിച്ചു. മരിച്ചതല്ല.... കൊന്നതാണ്‌. ചവിട്ടിമെതിച്ച്‌. ചോരയിൽ കുതിർത്ത്‌.’

ശത്രുഘ്‌നൻ നടുമുറ്റത്തേയ്‌ക്കു നടന്നു. പിന്നാലെ പേടിയോടെ അനന്തനും. ശത്രുഘ്‌നൻ തിണ്ണയിലിരുന്നു തൂണിലേക്കു മെല്ലെ ചാരി. തെല്ലകലെയായി അനന്തനും ഇരുന്നു.

ശത്രുഘ്‌നൻ ശാന്തനായി പറഞ്ഞു.

‘ഇനി ഞാനൊരു കഥ പറയാം. ബാലത്തമ്പുരാട്ടിയുടെ കഥ.’

ഇപ്പോഴും എനിക്കു കേൾക്കാനാവുന്നുണ്ട്‌. ആ വളകളുടെ കിലുക്കം സ്വർണ്ണക്കൊലുസുകളുടെ സംഗീതം.‘

* * *

നിറഞ്ഞ ഇരുട്ടിൽ ജനലഴികളിൽ മുഖം ചേർത്തുവച്ചു ശബ്‌ദം താഴ്‌ത്തി ഉണ്ണികൃഷ്‌ണൻ വിളിച്ചു.

’ബാലേ.‘

അകത്തു ഭാഗീരഥിത്തമ്പുരാട്ടിയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ബാലയുടെ കാതുകളിലേക്ക്‌ ഉണ്ണിക്കൃഷ്‌ണന്റെ ശബ്‌ദം നനുത്ത ഭാവഗീതമായി കടന്നു ചെന്നു. ബാല ഉണർന്നു. ചെവിയ്‌ക്കരികെ വീണ്ടും ആ ശബ്‌ദം.

’ബാലേ.‘

ബാല അമ്മയുടെ കൈ ശരീരത്തിൽ നിന്നും മെല്ലെ അടർത്തി മാറ്റി. ഒരു നിമിഷം. അനങ്ങാതെ കിടന്നിട്ട്‌ അവൾ പതുക്കെ എഴുന്നേറ്റു. പുറത്തുനിന്നു വീണ്ടും ഉണ്ണികൃഷ്‌ണന്റെ അടക്കിയ ശബ്‌ദം കേട്ടു.

’ബാലേ‘.

ശബ്‌ദമുണ്ടാക്കാതെ ബാല ജനലിനടുത്തേയ്‌ക്കു ചെന്നു.

പുറത്തെ ഇരുട്ടിൽ മറ്റൊരിരുട്ടുപോലെ ഉണ്ണിയേട്ടൻ.

പുറത്തേയ്‌ക്കു വാ പെണ്ണേ. കുറച്ചാനേരം നമുക്കാ പുഴക്കരേലിരിക്കാം.

’ഈ രാത്രീലോ? വേണ്ട ഉണ്ണിയേട്ടാ. അതു തെറ്റാ. ഞാൻ വരില്ല. എനിക്കു പേടിയാവുന്നു.‘

ഉണ്ണിക്കൃഷ്‌ണൻ മരയഴികളിൽ ചുണ്ടു ചേർത്തു വച്ചു.

’നിനക്കെന്നോടു സ്‌നേഹമുണ്ടെങ്കിൽ ഈ നിമിഷം പുറത്തുവരണം. കിടന്നിട്ട്‌ ഉറക്കം വരണില്ല ബാലേ. കണ്ണടയ്‌ക്കുമ്പോൾ നീയാ മുന്നില്‌......‘

ബാല പേടിയോടെ പറഞ്ഞു.

’ഈ രാത്രില്‌ പുറത്തുറങ്ങിവരാൻ നിർബന്ധിക്കരുത്‌ ഉണ്യേട്ടാ.‘

കല്യാണം കഴിവുന്നതുവരെ നമ്മള്‌ അരുതാത്തതൊന്നും ചെയ്‌തുകൂടാ.’

നോക്കൂ ബാലേ, നിന്റെ ഉണ്യേട്ടനാ വിളിക്കണത്‌. നിനക്കെന്നെ വിശ്വാസമില്ലേ? എപ്പോഴായാലും നീ എനിക്കുള്ളതാ.‘

’പതുക്കെ.... അമ്മ ഉണരും.

ചെലപ്പോൾ അച്ഛൻ ഉണർന്നു കിടക്കണുണ്ടാവും. കറന്റു പോയിട്ട്‌ ഇതേവരെ വന്നിട്ടില്ല.

വേണ്ട ഉണ്യേട്ടൻ എന്നെ നിർബന്ധിക്കണ്ട. രാത്രി പുറത്തിറങ്ങാൻ എനിക്കു വല്ലാത്ത പേടിയാ.‘

ഉണ്ണികൃഷ്‌ണൻ ശബ്‌ദം താഴ്‌ത്തിപ്പറഞ്ഞു.

’നോക്കൂ ബാലെ നിന്റെ മടീല്‌ തലവച്ച്‌ ആ പുഴക്കരേല്‌ ആകാശം നോക്കിക്കിടക്കാൻ ഒരു മോഹം. അതോണ്ടാ. വരില്ലെന്നു പറയരുത്‌. നിന്റെ ഉണ്ണിയേട്ടനാ വിളിക്കുന്നത്‌.

ബാല മിണ്ടിയില്ല.

ഉണ്ണിക്കൃഷ്‌ണൻ വീണ്ടും പറഞ്ഞു.

‘ഇനി നമ്മള്‌ ആരേം പേടിക്കണ്ട. അച്ഛനും അമ്മയും സമ്മതിച്ചു കഴിഞ്ഞു. ഓപ്പോളുടെ കല്യാണം കഴിയുന്നതുവരെ കാത്തിരുന്നാൽ മതി. പിന്നെ നീ എന്റെയാവും. കെട്ടാൻപോണ പെണ്ണിനെ രാത്രി വിളിച്ചിറക്കി പുറത്തുകൊണ്ടുവന്നൂന്നു വച്ച്‌ ആകാശമൊന്നുമിടിഞ്ഞു വീഴില്ല.....

ബാല പിറുപിറുത്തു.

’ഈ ഉണ്യേട്ടനു ഭ്രാന്താ.

‘പകല്‌ പറയാനുള്ളതൊക്കെ പറഞ്ഞിട്ടുപോയതല്ലേ?’

‘മുഴുവൻ പറഞ്ഞില്ല. കുറച്ചുകൂടിയുണ്ടു പറയാൻ. അതു കാതിൽ പറയാനുള്ളതാ.....’

ബാല മടിച്ചു മടിച്ചു പുറത്തിറങ്ങി. ജനലിനടുത്തു ചെന്ന ബാലയെ ഉണ്ണികൃഷ്‌ണൻ ഉറുമ്പടക്കം ചേർത്തണച്ചു. ബാല കുതറി.

‘വേണ്ടാട്ടോ. അരുതാത്തതൊന്നും കാട്ടണ്ട...... കല്യാണം കഴിയാണ്ട്‌.....’

ഉണ്ണികൃഷ്‌ണൻ ചിരിച്ചു.

‘ഇതൊക്കെ വേണ്ടാത്തതല്ല പെണ്ണേ. വേണ്ടതു തന്നെയാ.

നോക്ക്‌ നീ എന്റെ പെണ്ണാണെന്ന്‌ ഇവിടെ നിന്ന്‌ ഉറക്കെ വിളിച്ചുകൂവിക്കോട്ടേ ഞാൻ?.

ബാല ഉണ്ണികൃഷ്‌ണന്റെ പിടിയിൽ നിന്നും ഒഴിഞ്ഞുമാറി.

’ഇതു ഭ്രാന്തു തന്ന്യാ മുഴുത്ത ഭ്രാന്ത്‌. തലയില്‌ തളം വയ്‌ക്കാറായീന്ന്‌ അമ്മാവനോട്‌ പറയണുണ്ട്‌ ഞാൻ‘.

’നീ ഇങ്ങനെ തൊട്ടടുത്തു നിൽക്കുമ്പോൾ എനിക്കു ഭ്രാന്തു തന്ന്യാ.‘

’ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഇപ്പോ ഞാനാ.‘

’അറിയാമോ നിനക്ക്‌?‘

ബാലയെ ചേർത്തു പിടിച്ച്‌ ഉണ്ണികൃഷ്‌ണൻ പുഴക്കരയിലേക്കു നടന്നു.

ബാല പഞ്ചാര മണലിലിരുന്നു.

ഉണ്ണികൃഷ്‌ണൻ അവളുടെ മടിയിൽ തലചായ്‌ച്ചു. ബാലയുടെ വിരലുകൾ ഉണ്ണികൃഷ്‌ണന്റെ മുടിയിഴകളിലൂടെ ഒഴുകിനടന്നു. മാനത്തെ നക്ഷത്രങ്ങളെ നോക്കി ഉണ്ണിക്കൃഷ്‌ണൻ പറഞ്ഞു.

’കല്യാണം കഴിഞ്ഞാലും രാത്രി നമുക്കീ പുഴക്കരയിലെത്തണം. എന്നിട്ട്‌ നിന്റെ മടീല്‌ തലവച്ച്‌ പുലരുന്നതുവരെ എനിക്ക്‌ ഇങ്ങനെ കിടക്കണം. നമ്മളെ നോക്കി ചിരിക്കുന്ന നക്ഷത്രങ്ങളോടു കിന്നാരം പറഞ്ഞുകൊണ്ട്‌.‘

ബാല കുലുങ്ങിച്ചിരിച്ചൂ.

’വെറുതെയല്ല അമ്മാവൻ ഉണ്ണ്യട്ടേനെ നിഷേധീന്നു വിളിക്കണത്‌. കുറുമ്പു മാത്രമേ കൈയിലുള്ളു.‘ ഉണ്ണിക്കൃഷ്‌ണൻ ബാലയുടെ കൈകടന്നെടുത്തു നെഞ്ചിൽ ചേർത്തുവച്ചു.

’സത്യം പറ പെണ്ണേ, ഈ കുറുമ്പ്‌ നിനക്കും ഇഷ്‌ടമല്ലേ? പുലരുന്നതുവരെ ഇവിടെയിരിക്കാൻ നീയും ആഗ്രഹിക്കണില്ലേ?‘

ബാല ഉണ്ണിക്കൃഷ്‌ണന്റെ കൈ ചുണ്ടിൽ ചേർത്തു വച്ചു.

’എന്നാലും എനിക്കു പേടിയാ ഉണ്യേട്ടാ. എല്ലാവരും സമ്മതിച്ചിട്ടും ആരോ എതിർക്കുന്നുണ്ടെന്നൊരു തോന്നൽ. നമ്മളെ പിരിക്കാൻ ആരോ കരുതണുണ്ടെന്നൊരു ചിന്ത. അങ്ങനെയെന്തങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ല ഉണ്യേട്ടാ.‘

ബാല തേങ്ങാൻ തുടങ്ങിയിരുന്നു.

പെടുന്നനെയാണു കോവിലകത്തിനു മുന്നിൽ ഒരു വാഹനം ഇരമ്പിവന്നു നിന്നത്‌. ബാല പിടഞ്ഞെണീറ്റു.

’അയ്യോ, അച്ഛനെ കാണാൻ ആരോ വന്നിരിക്കണു. അച്ഛനുണരുമ്പോൾ എന്നെ കണ്ടില്ലെങ്കിൽ, ഞാൻ പോട്ടെ ഉണ്യേട്ടാ.....‘

ഉണ്ണിക്കൃഷ്‌ണൻ തലയാട്ടി.

ബാല കോവിലകത്തിനു നേരെ ഓടി. കോവിലകത്തു വിളക്കുകൾ തെളിഞ്ഞു. ഒരു നിമിഷം കൂടി ഉണ്ണിക്കൃഷ്‌ണൻ അങ്ങനെതന്നെ നിന്നു. വാതിലിന്റെ സാക്ഷ വീഴുന്ന ശബ്‌ദം കേട്ടപ്പോൾ അയാൾ ആശ്വാസത്തോടെ തിരിഞ്ഞു. മുന്നോട്ട്‌ ഒരടിവച്ചതേയുള്ളു. കോവിലകത്തുനിന്നും കുഞ്ഞുകുട്ടൻ തമ്പുരാന്റെ ഹൃദയം പിളരുന്ന നിലവിളി കേട്ടു. ഉണ്ണിക്കൃഷ്‌ണൻ പേടികൊണ്ടു മരവിച്ചു നിന്നുപോയി പിന്നെയും ദിഗന്തം പിളരുന്ന നിലവിളിവന്നു. ഭാഗീരഥിത്തമ്പുരാട്ടിയുടെ .... ബാലയുടെ......

ഉണ്ണിക്കൃഷ്‌ണൻ ഭ്രാന്തുപിടിച്ചതുപോലെ കോവിലകത്തിനു നേരെ കുതിച്ചു. മുൻവശത്തെ വാതിൽ തുറന്നുകിടന്നിരുന്നു. അയാൾ കൊടുങ്കാറ്റുപോലെ മുന്നോട്ടുപാഞ്ഞു.

പിടയ്‌ക്കുന്ന നിലവിളക്കിന്റെ തിരിനാളത്തിനു പിന്നിൽ അയാൾ ചോര മരവിപ്പിക്കുന്ന ഒരു കാഴ്‌ചകണ്ടു.

തറയിൽ കമിഴ്‌ന്നുകിടക്കുന്ന കുഞ്ഞുക്കുട്ടൻ തമ്പുരാൻ. തൊട്ടരികെ ചോരയിൽ കുളിച്ച്‌ ഭാഗീരഥത്തമ്പുരാട്ടി.

’ബാലേ.‘ ഉണ്ണിക്കൃഷ്‌ണൻ അലറി വിളിച്ചു.

തൊട്ടടുത്തുള്ള ഏതോ മുറിയിൽ നിന്നും ബാലയുടെ നിലവിളികേട്ടു.

’ഉണ്യേട്ടാ....‘ ഉണ്ണിക്കൃഷ്‌ണൻ നിലവിളികേട്ട മുറിയുടെ നേരേ കുതിച്ചു പാഞ്ഞുചെന്നു.

അവിടെ ബാല.

അവളെ കീഴടക്കാൻ ശ്രമിച്ചുകൊണ്ടു തൊട്ടടുത്തു ജനാർദ്ദനൻ തമ്പി. അതു നോക്കി ക്രൂരമായ ചിരിയോടെ വാതിൽക്കൽ കരിമഠം പെരുമാൾ. അയാളുടെ കൈയിൽ ചോരപുരണ്ട വടിവാൾ.

ഉണ്ണിക്കൃഷ്‌ണനെ നോക്കി തമ്പി ഗർജ്ജിച്ചു.

’കൊല്ല്‌..... കൊല്ല്‌..... പെരുമാളെ ....... അല്ലെങ്കിലിവൻ‘ പെരുമാൾ വടിവാളുമായി മുന്നോട്ടടുത്തു. ഒരു നിമിഷം.

മുറിയിൽ എരിഞ്ഞുനിന്നിരുന്ന വിളക്കിനു നേരെ ഉണ്ണിക്കൃഷ്‌ണന്റെ കാലുയർന്നു. വിളക്കു മറിഞ്ഞുവീണു തിരിയണഞ്ഞു. മുന്നിൽ വഴി മറച്ചു നിന്നിരുന്ന രൂപത്തെ തൊഴിച്ചകറ്റിക്കൊണ്ട്‌ ഉണ്ണിക്കൃഷ്‌ണൻ ബാലയുടെ കൈയിൽ കടന്നുപിടിച്ചു.

ചവിട്ടേറ്റു പിന്നിലേക്കു മറിഞ്ഞുപോയ ജനാർദ്ദനൻ തമ്പി വേദനയോടെ നിലവിളിച്ചു.

’പെരുമാളെ..... വിടരുതവരെ.‘ പെരുമാൾ തീപ്പെട്ടി ഉരച്ചു. വൈകിപ്പോയിരുന്നു. ഉണ്ണക്കൃഷ്‌ണൻ ഇതിനകം ബാലയേയും കൊണ്ട്‌ പുറത്തുകടന്നിരുന്നു. അവളെ വലിച്ചിഴച്ചകൊണ്ടു അയാൾ പുഴയുടെ തീരത്തേയ്‌ക്കോടി. തൊട്ടു പിന്നിൽ തമ്പിയുടെ ഗർജ്‌ജനം കേട്ടു.

’രക്ഷപ്പെടാൻ വിടരുത്‌. രണ്ടിനേം ബാക്കിവയ്‌ക്കണ്ട. അവൻ എല്ലാം കണ്ടിട്ടുണ്ട്‌.‘

പിന്നിൽ കനത്ത കാലടി ശബ്‌ദം കേട്ടു. ഉണ്ണിക്കൃഷ്‌ണൻ ബാലയുമായി പുഴക്കരയിലെത്തിയിരുന്നു.

തൊട്ടുപിന്നിൽ കനത്ത കാലടി ശബ്‌ദം കേട്ടു. ബാലയേയും ചേർത്തുപിടിച്ച്‌ ഉണ്ണിക്കൃഷ്‌ണൻ പുഴയിലേക്കു ചാടി. സ്‌നേഹിക്കുന്ന രണ്ടു മനസ്സുകളെ ഒന്നിപ്പിക്കാനുള്ള നിയോഗവുമായി അവരെ മാറിലണച്ചുവച്ചു പുഴ ഒഴുകി.

* * *

ശത്രുഘ്‌നന്റെ വാക്കുകൾ മുറിച്ചുകൊണ്ട്‌ ഉമ്മറവാതിലിലെ ഓട്ടുമണികൾ കിലുങ്ങി. ശത്രുഘ്‌നൻ മെല്ലെത്തിരിഞ്ഞു കത്തിച്ചുവച്ച നിലവിളക്കുകൾക്കപ്പുറം ഒരു നിഴൽപിടച്ചു. കനത്ത കാലടിശബ്‌ദം അടുത്തടുത്തു വന്നു. ആ ശബ്‌ദം കേട്ട്‌ നാലുകെട്ട്‌ വിറച്ചു.

Previous Next

എൻ.കെ. ശശിധരൻ

1955 നവംബർ 25-ന്‌ കൊടുങ്ങല്ലൂരിൽ ജനിച്ചു. എൻ.കെ.സരോജിനിയമ്മയും ടി.ജി. നാരായണപ്പണിക്കരുമാണ്‌ മാതാപിതാക്കൾ. മലയാലസാഹിത്യം ഐച്ഛികമായെടുത്ത്‌ മാസ്‌റ്റർ ബിരുദം നേടി. പതിന്നാലു വർഷക്കാലം സിനിമാരംഗത്ത്‌ സഹസംവിധായകനായി പ്രവർത്തിച്ചു. ആദ്യചിത്രംഃ രാജപരമ്പര, ചുവന്ന അങ്കി, അഗ്‌നിശലഭങ്ങൾ, എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥയും സംഭാഷണവും ‘ചക്രവർത്തി’ എന്ന ചിത്രത്തിന്‌ സംഭാഷണവുമെഴുതി. ആകാശവാണി തൃശൂർ-കോഴിക്കോട്‌ നിലയങ്ങൾ നാടകങ്ങൾ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. ഇപ്പോൾ ആനുകാലികങ്ങളിൽ നോവലുകൾ എഴുതുന്നു. ചാവേർപ്പട, കർഫ്യൂ, കാശ്‌മീർ, മറൈൻ കിങ്ങ്‌, മർമ്മരങ്ങൾ, മരണമുദ്ര, ആദ്യത്തെ കൺമണി തുടങ്ങിയവയാണ്‌ കൃതികൾ. ഇതിൽ കർഫ്യൂ ചലച്ചിത്രമായി.

വിലാസംഃ വാരണക്കുടത്ത്‌, ഇടനാട്‌ ചൊവ്വര - 683 571.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.