പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ഇത്‌ അനന്തപുരി > കൃതി

മൂന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എൻ.കെ. ശശിധരൻ

ഇത്‌ അനന്തപുരി

തണുത്ത കാറ്റ്‌ ചീറിയടിച്ചു. കടൽ ഇരമ്പി. ഇരുട്ടു തെന്നിനീങ്ങാൻ തുടങ്ങിയിരുന്നു. കോവളത്തുള്ള ഒരു നിലക്കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ കൈകൾ ചേർത്തു ഞെരിച്ച്‌ കരിമഠം പെരുമാൾ നിന്നു.

കരിമഠം പെരുമാൾ

അനന്തപുരിയിലെ കോളനികളെല്ലാം നിയന്ത്രിക്കുന്നതു പെരുമാളാണ്‌. അവിടെ അയാൾ തിരുവായ്‌ക്കെതിർവായില്ലാതെ ഭരണം നടത്തുന്നു. വിട്ടുവീഴ്‌ചയില്ലാത്ത കാട്ടുനീതിയിലൂടെ.

കഴുത്തറ്റം നീട്ടിവളർത്തിയ മുടി മുട്ടറ്റം ഇറങ്ങിക്കിടക്കുന്ന ജൂബ്ബ. തിളങ്ങുന്ന സ്വർണ്ണക്കരയുള്ള മുണ്ട്‌. കൈയിലൊരു റാഡോ വാച്ച്‌. കഴുത്തിൽ തടിച്ച ചങ്ങലപോലെയുള്ള സ്വർണ്ണമാല. ഇടതുകാതിൽ ചെമന്ന കല്ലുവച്ച കടുക്കൻ. പ്രായം അൻപത്തിരണ്ട്‌. ബാറുകൾ സംരക്ഷിക്കാൻ സെക്യൂരിറ്റി എന്ന പേരിൽ ഗുണ്ടകളെ നിയമിച്ചുകൊണ്ടായിരുന്നു പെരുമാളുടെ തുടക്കം. കരിമഠം കോളനി മാത്രമല്ല ബണ്ടും; ബാർട്ടൻ ഹിലും; ബംഗ്ലാദേശും; അയാൾ കാൽക്കീഴിലൊതുക്കി. പെരുമാൾ അജയ്യനായി. നഗരത്തിലെ കിരീടം വയ്‌ക്കാത്ത രാജവായി. രാഷ്‌ട്രീയക്കാരുടെ കണ്ണിലുണ്ണിയായി.

ആര്യനാട്ടുനിന്നും കളത്തൂർനിന്നും പന്നിമലയിൽ നിന്നും വാറ്റിയെടുക്കുന്ന ചാരായം ആദ്യമെത്തേണ്ടതു പെരുമാളുടെ ഗോഡൗണിൽ. അത്‌ അലംഘനീയമായ നിയമം. കല്ലേപ്പിളർക്കുന്ന കൽപന. ഇന്നോളം അതു തെറ്റാൻ പെരുമാൾ അനുവദിച്ചട്ടില്ല.

പക്ഷേ ഇപ്പോൾ അതു തെറ്റിയിരിക്കുന്നു. ജീവിതത്തിലാദ്യമായി ഒരു പോലീസ്‌ പട്ടി നേർക്കു നേരേ നിന്നു കുരയ്‌ക്കുന്നു. സിറ്റിയിലെ പുതിയ പോലീസ്‌ കമ്മീഷണർ രാജ്‌മോഹൻ.

ഒന്നും രണ്ടുമല്ല; ചോരപുരണ്ട നീണ്ട ഇരുപതുവർഷം. ഇക്കാലമത്രയും ഈ സിറ്റിയുടെ നിശ്വാസം പോലും നിയന്ത്രിച്ചവനാണ്‌ പെരുമാൾ.

ഇക്കാലത്തിനിടയ്‌ക്കു കാക്കിയിട്ട ഒരുത്തനും പെരുമാൾ എന്ന പേരു തികച്ചുച്ചരിച്ചിട്ടില്ല. ഭരണം മാറിമാറി വന്നിട്ടിം പെരുമാൾ അജയൻ.

നാളെ പുലരുന്നത്‌ സിറ്റി പോലീസ്‌ കമ്മീഷണരുടെ പുതിയ പ്രഭാതം. അതു സംഭവബഹുലമാവട്ടെ.

അങ്ങനെ ആ പോലീസ്‌ പട്ടി പെരുമാളെ അറിയട്ടെ. പെരുമാൾ ക്രൂരമായി ചിരിച്ചു. അപ്പോൾ ഫോർട്ട്‌ സ്‌റ്റേഷനിലെ ലോക്കപ്പ്‌ റൂമിനുള്ളിലുരുന്നു പ്രഭുവും ചിരിക്കുകയായിരുന്നു. അഴികൾക്കപ്പുറം കൂട്ടംകൂടി നിൽക്കുന്ന കാവൽനായ്‌ക്കൾ. പെരുമാളുടെ ആളുകൾ ഒരുമണിക്കൂർ തികച്ചും ലോക്കപ്പിൽ കിടന്നിട്ടില്ലെന്നു പുതിയ കമ്മീഷണർ ഉടനെയറിയും. പുറത്തെത്തുമ്പോൾ തനിക്ക്‌ ആദ്യം വേണ്ടത്‌ കാക്കിയുടുപ്പിട്ട ഒരു ചെകുത്താനെ. സബ്ബ്‌ ഇൻസ്‌പെക്‌ടർ ജോസ്‌ മാത്യുവിനെ. പ്രഭുവിനെ തൊട്ടശുദ്ധമാക്കിയ അവന്റെ രണ്ടു കൈയും വെട്ടിയെടുക്കണം. കാക്കി ചോരയിൽ കുതർത്തെടുക്കണം. പ്രഭുവിന്റെ ചുണ്ടിലെ തിളങ്ങുന്ന ചിരി കണ്ടപ്പോൾ ജോസ്‌ മാത്യുവിനു സഹിച്ചില്ല. അഴികളിൽ മുഖം ചേർത്തുവച്ച്‌ അയാൾ ഗർജ്ജിച്ചു. ‘ചിരിക്കല്ലേടാ നായിന്റെ മോനെ, ഞാനകത്തുവന്നാൽ ഇടിച്ചു നിന്റെ - പ്രഭ പൊട്ടിച്ചിരിച്ചു.

’ഇത്രേം നേരം ഇടിച്ചിട്ടും ഒന്നും കൊഴിഞ്ഞുപോയില്ലല്ലോ ഇൻസ്‌പെക്‌ടർ സാറെ..... എന്തേ മതിയാക്കിയത്‌? ക്ഷീണിച്ചുപോയോ? അതോ കൈ ഉളുക്കിയോ? തല്ലിച്ചതച്ചാലും നഖത്തിനടീല്‌ മൊട്ടുസൂചി കേറ്റിയാലും ഐസുകട്ടയിലിട്ടുരുട്ടിയാലും എനിക്കൊരു ചുക്കും സംഭവിക്കില്ല. പ്രഭു വാ തുറക്കില്ല‘.

ജോസ്‌ മാത്യു ജ്വലിച്ചു.

’അഹങ്കരിക്കല്ലേ, കൈത്തരിപ്പു തീർന്നിട്ടില്ല. മതിയാക്കിയത്‌ നിന്നോടുള്ള പ്രേമം കൊണ്ടല്ല. മോഹൻ സാർ പറഞ്ഞിട്ട്‌. അല്ലെങ്കിൽ നിന്റെ ശവം ചോരയിൽ കുതിർത്ത്‌ വെന്റിലേറ്ററിൽ കെട്ടിത്തൂക്കിയേനെ. അവിടെ കിടന്ന്‌ നീ ആടിക്കളിച്ചേനെ. കഴിഞ്ഞിട്ടില്ല. ഇപ്പോഴും നീ കൂടെയുണ്ടല്ലോ.‘

പ്രഭു പൊട്ടിച്ചിരിച്ചു. ’വായ്‌ത്താരി വേണ്ട. പറഞ്ഞതെല്ലാം ചെയ്‌തുകാണിക്ക്‌. എന്റെ ശരീരം വെന്റിലേറ്ററിൽ കെട്ടിത്തൂക്കി ആട്ടിക്കാണിക്ക്‌.‘

ജോസ്‌ മാത്യു രോഷത്തോടെ അഴികളിൽ അള്ളിപ്പിടിച്ചു. ആ നിമിഷം പുറത്ത്‌ ഏതോ വാഹനം ബ്രേക്കിട്ടു നിന്നു.

ജോസ്‌ മാത്യു ചെറുതായൊന്നു നടുങ്ങി. വാഹനത്തിന്റെ ഡോർ തുറന്നടഞ്ഞു. കാലടികൾ ഭൂമിയിലമർന്നു. ഫ്‌ളോറിൽ ഷൂസുകൾ ഞെരിഞ്ഞു.

ജോസ്‌ മാത്യു മുന്നോട്ടാഞ്ഞതേയുള്ളൂ. വഴി മറച്ച്‌ ഒരു ഗണ്ണിന്റെ കുഴൽ വന്നു. അയാൾ പേടിയോടെ പിടഞ്ഞു. ഗണ്ണിന്റെ പിന്നിൽ മുഖാവരണം ധരിച്ച നാലു രൂപങ്ങൾ അയാൾ കണ്ടു. ഒരാൾ ഗർജ്ജിച്ചു.

’അനങ്ങരുത്‌......‘

ജോസ്‌ മാത്യു അനങ്ങിയില്ല. അക്രമികൾ ലോക്കപ്പ്‌ റൂമിനു നേരേ കുതിക്കുന്നത്‌ അയാൾ കണ്ടു. താഴ്‌തകർന്നു. ജോസ്‌ മാത്യു പേടിയോടെ നിലവിളിച്ചു.

“നോ ’

അക്രമികളിലൊരാൾ ക്രൂരമായ ചിരിയോടെ തിരിഞ്ഞു. പ്രഭുവിനെ ഞങ്ങൾ കൊണ്ടുപോകുന്നു. നടന്നതെല്ലാം കമ്മീഷണൽ സാറിനോടു വിസ്‌തരിച്ചു പറയാൻ മറക്കണ്ട.

ഒന്നനങ്ങാൻ പോലുമാവാതെ സ്‌റ്റേഷനിലുള്ള പോലീസുകാരെല്ലാം സ്‌തബ്‌ദരായി നിന്നുപോയി. റിവോൾവർ പുറത്തെടുത്താലും തനക്കൊരിക്കലും അക്രമികളെ തടയാനാവില്ലെന്നു ജോസ്‌ മാത്യുവിനു മനസ്സിലായി. അയാൾ വിവശനായി ചുവരിലേക്കു ചാരി. അക്രമികൾ പ്രഭുവിനെയുംകൊണ്ടു പുറത്തേക്കു നടക്കുന്നത്‌ ജോസ്‌ മാത്യു നിസ്സനായി നോക്കി നിന്നു.

നേരം പുലർന്നു. കൈമളുടെ ബംഗ്ലാവിൽ ഫോൺ ശബ്‌ദിച്ചു. വിറയ്‌ക്കുന്ന കൈയോടെയാണു കൈമൾ റിസീവറെടുത്തത്‌.

‘ഗുഡ്‌മോണിംഗ്‌ മിസ്‌റ്റർ കൈമൾ. ഞാൻ ശത്രുഘ്‌നൻ. മറന്നിട്ടില്ലല്ലോ’.

കൈമൾ അടിമുടി വിറച്ചുപോയി.

ശത്രുഘ്‌നൻ തുടർന്നു.

‘പത്തുമണിക്കു ഞാനങ്ങോട്ടു വരുന്നു. പറഞ്ഞ മുഴുവൻ തുകയുമായി. എന്താ?’.

എന്തെങ്കിലുമൊന്നു പറയാനാവാതെ കൈമൾ ശബ്‌ദം നഷ്‌ടപ്പെട്ടു പതറി നിന്നു. അയാളുടെ ശരീരത്തിലെ ഓരോ അണുവും വിറച്ചു.

ശത്രുഘ്‌നൻ ചിരിച്ചു.

‘ഇന്നലെ രാത്രി ഉറങ്ങിയില്ല. അല്ലേ?’

കൈമൾ മിണ്ടിയില്ല.

‘പക്ഷേ ഞാനുറങ്ങി. വർഷങ്ങൾക്കുശേഷം സുഖമായി - ശാന്തമായി. തനിച്ചല്ല. കൂട്ടിനു നാലുകെട്ടിലെ പ്രേതാത്മക്കളുമുണ്ടായിരുന്നു.

കൈമൾ ആലിലപോലെ വിറച്ചു. ശത്രുഘ്‌നൻ തുടർന്നു.

’ഹലോ ... നിങ്ങൾ അവിടെത്തന്നെയില്ലേ മിസ്‌റ്റർ കൈമൾ? ഒരു ശബ്‌ദവും കേൾക്കുന്നില്ലല്ലോ?‘

കൈമളുടെ ശബ്‌ദം വിറച്ചു.

’ഞാൻ ...... ഞാൻ .......‘

ശത്രുഘ്‌നൻ വീണ്ടും ചിരിച്ചു. ’എന്തെങ്കിലുമൊന്നു പറയാനുള്ള മൂഡിലല്ല നിങ്ങൾ എന്നു തോന്നുന്നു. അതോ നേരിലോ എല്ലാം പറയൂ എന്നുണ്ടോ? എന്നാൽ കാത്തിരുന്നോളൂ. കൃത്യം പത്തു മണിക്ക്‌.

ഫോൺ കട്ടായി. ഭ്രാന്തുപിടിച്ചതുപോലെ കൈമളുടെ വിലുകൾ ഡയൽ തിരിച്ചു. ഓരോരുതരേയായി അയാൾ വിളിച്ചു. ബേബിച്ചായൻ, നാരായണക്കുറുപ്പ്‌, അച്യുതൻകുട്ടി, എല്ലാവരോടും അയാൾ ഒന്നേ. പറഞ്ഞുള്ളൂ. അവൻ വരുന്നു. ശത്രുഘ്‌നൻ. പത്തുമണിക്ക്‌....

ആദ്യമെത്തിയത്‌ ബേബിച്ചായന്റെ ബെൻസ്‌. തൊട്ടുപിന്നാലെ നാരായണക്കുറുപ്പിന്റെ കോണ്ടസ ഏറ്റവുമൊടുവിലാണ്‌ അംബാസഡറിൽ അച്യുതൻകുട്ടിയെത്തിയത്‌. കൃത്യം പത്തുമണിക്കുതന്നെ ഗേറ്റിനു മുൻപിൽ ടാറ്റാ സിയെറാ കാർ ബ്രേക്കിട്ടു നിന്നു. കൈമൾ വിറയ്‌ക്കുന്ന വിരൽ മുന്നോട്ടുനീട്ടി പതറിയ ശബ്‌ദത്തിൽ പറഞ്ഞു.

‘അവൻ’

മൂന്നു ജോഡി കണ്ണുകൾ ഒരുപോലെ ഗേറ്റിനു നേരെ പറന്നു. ഡോർ തുറന്ന്‌ ശത്രുഘ്‌നൻ ഇറങ്ങിക്കഴിഞ്ഞിരുന്നു.

കണ്ണുകൾ പൂർണ്ണമായും മറയ്‌ക്കുന്ന സൺഗ്‌ളാസ്‌. അനുസരണയില്ലാത്ത നെറ്റിയിലേക്ക്‌ ഒഴുകിക്കിടക്കുന്ന മുടി. ബുൾഗാൻ താടി. ശരീരത്തിൽ ഒട്ടിക്കിടക്കുന്ന ടീഷർട്ട്‌ പാന്റസ്‌. മുപ്പത്തിയഞ്ഞ്‌ചു വയസ്സിലേറെ പ്രായം വരില്ല.

ബേബിച്ചായൻ ശത്രുഘ്‌നനെ ഓർമ്മകളിൽ അങ്ങോളമിങ്ങോളം പരതി. ഇല്ല. കണ്ടിട്ടില്ല. ഈ മുഖം ഓർമ്മയിലെങ്ങുമില്ല.....

ഡോർ തുറന്ന്‌ അനന്തരം ഇറങ്ങിക്കഴിഞ്ഞിരുന്നു. അയാളുടെ കൈയ്യിൽ ഒരു സൂട്ട്‌കെയ്‌സുണ്ടായിരുന്നു. ശത്രുഘ്‌നനും അനന്തനും കൈമളുടെ മുന്നിലേക്കു വന്നു. അനന്തൻ സൂട്ട്‌ കെയ്‌സ്‌ ടീപ്പോയിൽ വച്ചു.

ശാന്തമായ സ്വരത്തിൽ ശത്രുഘ്‌നൻ പറഞ്ഞു. ‘പറഞ്ഞ തുക മുഴുവനുമുണ്ട്‌. എണ്ണിനോക്കിക്കോളു.’

കൈമൾ ഭീതിയോടെ പറഞ്ഞു. ‘വേണ്ട ...... എണ്ണണമെന്നില്ല. എനിക്കു വിശ്വാസമാണ്‌.

ശത്രുഘ്‌നൻ ചിരിച്ചു. ’പാടില്ല മിസ്‌റ്റർ കൈമൾ. ആരെയും അതിരുകടന്നു വിശ്വസിക്കാൻ പാടില്ല. ഇപ്പോൾ നിങ്ങളുടെ കൂടെയുള്ളവരെപ്പോലും. ആരറിഞ്ഞു ഒരിക്കൽ ഇവരും നിങ്ങളെ തള്ളിപ്പറയില്ലെന്ന്‌?

ബേബിച്ചായാൻ മുന്നോട്ടു വന്നു. ‘ശത്രുഘ്‌നല്ലേ?’

‘അതേ’

ബേബിച്ചായനെ തടഞ്ഞുകൊണ്ട്‌ ശത്രുഘ്‌നൻ പറഞ്ഞു. ‘പരിചയപ്പെടുത്തേണ്ട. എനിക്കറിയാം. നിങ്ങൾ ഔസേപ്പ്‌ എന്നു പേരുള്ള ബേബിച്ചായൻ. അബ്‌കാരി കോൺട്രാക്‌ടർ. വ്യാജലേബലൊട്ടിച്ചു വിഷമദ്യം വിൽക്കുന്ന മദ്യരാജാവ്‌... കഴിഞ്ഞുപോയ നാട്ടിലെ മൂന്നു മദ്യ ദുരന്തങ്ങൾക്കും പിന്നിൽ നിങ്ങളുണ്ട്‌. എന്നാലും ഈ നിമിഷവും നിങ്ങൾ സർക്കാരിന്റെ കണ്ണിലുണ്ണിയാണ്‌. ഭയപ്പെടേണ്ട ബേബിച്ചായാ നിങ്ങളെ തൊട്ടുകളിക്കാൻ ഒരു സർക്കാരും ധൈര്യപ്പെടില്ല. ഇലക്‌ഷൻ ഫണ്ടിലേക്കു കഴിഞ്ഞ വർഷം നിങ്ങൾ സംഭാവന നൽകിയത്‌ അമ്പതുലക്ഷമല്ലേ?...... അത്‌ അമ്പതു ലക്ഷം പേരെ വിഷം കൊടുത്തു കൊല്ലാനുള്ള ലൈസൻസ്‌.’

ബേബിച്ചായൻ പേടിയോടെ ശത്രുഘ്‌നനെ നോക്കി. ശത്രുഘ്‌നൻ കുറുപ്പിന്റെ നേരേ തിരിഞ്ഞു ‘ നാരായണക്കുറുപ്പ്‌. നാട്ടിലെ കുപ്രസിദ്ധനായ ക്രിമിനൽ ലോയർ. വി.വി.ഐ.പി.കളായ കുറ്റവാളികൾക്ക്‌ നിങ്ങൾ അക്ഷരാർത്ഥത്തിൽ ദൈവംതന്നെയാണ്‌. നിങ്ങൾക്ക്‌ അപരാധീയെ നിരപരാധിയാക്കാനറിയാം. നിരപരാധിയെ അപരാധിയാക്കാനും. നിങ്ങളുടെ വിരലുകൾക്കിടയിലൂടെ ചോർന്നുപോയിട്ടുള്ളത്‌ ഇന്ത്യൻ പീനൽ കോഡിന്റെ വിശ്വാസ്യത. ഇപ്പോൾ തിരക്കിലല്ലേ? സോഷ്യലിസ്‌റ്റ്‌ പാർട്ടിയിലെ വമ്പന്മാരെയെല്ലാം ജാമ്യമെടുക്കുന്നത്‌ നിങ്ങളല്ലേ കുറുപ്പേ?

കുറുപ്പ്‌ പോക്കറ്റിൽ നിന്നും ടവ്വലെടുത്ത്‌ മുഖത്തെ വിയർപ്പു തുടച്ചു. ശത്രുഘ്‌നൻ അച്യുതൻകുട്ടിയെ നോക്കി, ’ഡി.വൈ.എസ്‌.പി. അച്യുതൻകുട്ടി പറഞ്ഞാൽ തീരാത്ത ഒരുപാട്‌ അപദാനങ്ങളുണ്ടല്ലോ നിങ്ങൾക്ക്‌. പേടിക്കേണ്ട നിങ്ങൾ എസ്‌.ഐ. ആയിരുന്നപ്പോൾ ലോക്കപ്പ്‌ റൂമിലെ വെന്റിലേറ്ററിൽ കെട്ടിത്തൂക്കിയ ശവങ്ങളൊന്നും ഇനി ജീവൻവച്ചു തിരിച്ചുവരില്ല. അഥവാ വന്നാലും മുഖ്യമന്ത്രി ജനാർദ്ദൻ തമ്പി ഈ കുപ്പായമൂരി വാങ്ങില്ല. അദ്ദേഹത്തിന്റെ മനഃസാക്ഷി നിങ്ങളിപ്പോഴും പോക്കറ്റിൽ കൊണ്ടുനടക്കുകയല്ലേ അച്യുതൻകുട്ടീ” ? ഞാൻ നിങ്ങളെ ഇവിടെ പ്രതീക്ഷിച്ചിരുന്നില്ല. എന്താ അച്യുതൻകുട്ടി മുഖ്യന്റെ യാത്ര മുടങ്ങിയോ?‘

ബേബിച്ചായൻ ശത്രുഘ്‌നനെ തറച്ചുനോക്കി.

’സത്യത്തിൽ നിങ്ങളാരാണു മിസ്‌റ്റർ? ആ നാലുകെട്ട്‌ എന്തിനാ നിങ്ങൾക്ക്‌? ഞങ്ങളെപ്പറ്റി ആരാ നിങ്ങൾക്ക്‌ ഇത്രയൊക്കെപ്പറഞ്ഞുതന്നത്‌! ആ വലംപിരിശംഖും പുലിനഖമാലയും.....‘

ശത്രുഘ്‌നൻ പൊട്ടിച്ചിരിച്ചു.

ഈ ലോകത്തിന്റെ ഏതറ്റത്തിരുന്നാലും ഞാൻ അറിയേണ്ടതൊക്കെ അറിയേണ്ടതൊക്കെ അറിയും ബേബിച്ചായാ കാണാമറയത്തിരുന്നുകൊണ്ട്‌ എല്ലാം കാണും. കൂടുതലറിയാൻ സമയമായിട്ടില്ല.

ശത്രുഘ്‌നൻ ടീപ്പോയിലിരുന്ന സൂട്ട്‌കെയ്‌സ്‌ തുറന്നു.

’എണ്ണിയെടുക്കാൻ പ്രയാസമുണ്ടാവില്ല. എല്ലാം ഗാന്ധിയാണ്‌. പത്തിന്റെ പുതിയ ഗാന്ധിയല്ല. അഞ്ഞൂറിന്റെ ഗാന്ധി. സോഷ്യലിസ്‌റ്റ്‌ പാർട്ടി ഗാന്ധിയുടെ വിലകുറച്ചതു നന്നായി. ഇനി സാധാരണക്കാരനു പോലും വളരെ എളുപ്പത്തിൽ രാഷ്‌ട്രപിതാവിനെ ഓർക്കാം.‘

കൈമൾ അറച്ചറച്ച്‌ ചോദിച്ചു....

നിങ്ങൾ .......... നിങ്ങൾ.. ഗോദവർമ്മതമ്പുരാന്റെ ..... ആരെങ്കിലുമാണോ?’

‘കോവിലകത്ത്‌ ആരും ബാക്കിയില്ലെന്നല്ലേ നിങ്ങൾ എനിക്കു പറഞ്ഞുതന്നത്‌? അപ്പോൾ പിന്നെ ഞാനെങ്ങനെ ഗോദവർമ്മതമ്പുരാന്റെ ആരെങ്കിലുമാവും?’

ആരും ശബ്‌ദിച്ചില്ല. ഒന്നനങ്ങിയതുപോലുമില്ല. ശത്രുഘ്‌നൻ തുടർന്നു. മരിച്ചുപോയവർ തിരിച്ചുവരുന്നു നിങ്ങൾ വിശ്വസിക്കുന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ മിസ്‌റ്റർ കൈമൾ?

കൈമൾ മിണ്ടിയില്ല. അയാൾ ദീനതയോടെ ബേബിച്ചായനെയും അച്യുതൻകുട്ടിയെയും മാറിമാറി നോക്കി. ക്രൂരമായ ശബ്‌ദത്തിൽ ശത്രുഘ്‌നൻ പറഞ്ഞു. ‘എങ്കിൽ വിശ്വസിച്ചോളൂ. ഇത്‌ ഗോദവർമ്മത്തമ്പുരാന്റെ രണ്ടാം ജന്മം.’

നാരായണക്കുറുപ്പും ബേബിച്ചായനും ഒരുപോലെ നടുങ്ങിപ്പോയി. അച്യുതൻകുട്ടി പേടിയോടെ ശത്രുഘ്‌നനെ നോക്കി. കൈമൾ വിവശനായി ചുവരിലേക്കു ചാഞ്ഞു. അപ്പോൾ നിറഞ്ഞ നിശബ്‌ദതയിലേക്കു തീക്കാറ്റുപോലെ ശത്രുഘ്‌നന്റെ വാക്കുകൾ ചീറിവന്നു. ‘ചോര പുരണ്ട ഓർമ്മകളൊക്കെ പങ്കുവയ്‌ക്കാൻ ഒരാൾകൂടി ഉടനെ എത്തുമല്ലോ മിസ്‌റ്റർ കൈമൾ? സോഷ്യലിസ്‌റ്റ്‌ പാർട്ടിയുടെ ജീവാത്മാവും പരമാത്മവുമായ ഭാർഗ്ഗവരാമൻ. വലംപിരിശംഖിനെക്കുറിച്ചും പുലിനഖമാലയെക്കുറിച്ചും ഇനി എനിക്കു ചോദിക്കാനുള്ളത്‌ അയാളോട്‌.

* * *

തിരുവനന്തപുരം എയർപോർട്ട്‌, ഡൽഹിയിൽനിന്നുള്ള ഇന്ത്യൻ എയർലൈസൻസിന്റെ ഫ്‌ളൈറ്റ്‌ ഇരമ്പലോടെ വന്നുനിന്നു. വിസിറ്റേഴ്‌സ്‌ ലോഞ്ചിൽ ഒരു മർമ്മരമുയർന്നു. ആകാംക്ഷയോടെ കാത്തുനിന്നിരുന്ന അസംഖ്യം കണ്ണുകൾ ഫ്‌ളൈറ്റിനെ വട്ടമിട്ടു. അഖിലേന്ത്യാ സോഷിലിസ്‌റ്റ്‌ പാർട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി ഭാർഗ്ഗവരാമൻ ആ ഫ്‌ളൈറ്റിലാണു വരുന്നത്‌.

പാർട്ടിയിലെ ഗ്രൂപ്പുവഴക്കുകൾ തീർ​‍്‌ക്കാനുള്ള നിർണ്ണായകയോഗത്തിൽ പങ്കെടുക്കാനാണു ഭാർഗ്ഗവരാമൻ ഡൽഹിയിലേക്കു പോയിരുന്നത്‌. അതും പ്രധാനമന്തിയുടെ പ്രത്യേക ക്ഷണപ്രകാരം.

യാത്രക്കാർ ഓരോരുത്തരായി പുറത്തിറങ്ങാൻ തുടങ്ങിയിരുന്നു. ഏറ്റവും ഒടുവിലാണു നാടകീയമായി വാതിലിനരികെ ഭാർഗ്ഗവരാമൻ പ്രത്യക്ഷപ്പെട്ടത്‌. തികച്ചും ലളിതമായ വേഷത്തിൽ അലക്കിത്തേച്ച ഖദർമുണ്ടും ജുബ്ബയും. തോളിൽ പച്ചക്കരയുള്ള രണ്ടാം മുണ്ട്‌. വാച്ചില്ല. മുഖത്ത്‌ കറുത്തഫ്രെയിമുള്ള കണ്ണട. ചുണ്ടിൽ സ്വതഃസിദ്ധമായ മങ്ങാത്ത പുഞ്ചി​‍ിരി. വിസിറ്റേഴ്‌സ്‌ ലോഞ്ചിൽ ആവേശം ആർത്തിരമ്പി.

ഭാർഗ്ഗവരാമൻ ജനക്കൂട്ടത്തെ നോക്കി കൈവീശി. പിന്നെ മെല്ലെ ഫ്‌ളൈറ്റിൽ നിന്നും പുറത്തേക്കുവന്നു.

Previous Next

എൻ.കെ. ശശിധരൻ

1955 നവംബർ 25-ന്‌ കൊടുങ്ങല്ലൂരിൽ ജനിച്ചു. എൻ.കെ.സരോജിനിയമ്മയും ടി.ജി. നാരായണപ്പണിക്കരുമാണ്‌ മാതാപിതാക്കൾ. മലയാലസാഹിത്യം ഐച്ഛികമായെടുത്ത്‌ മാസ്‌റ്റർ ബിരുദം നേടി. പതിന്നാലു വർഷക്കാലം സിനിമാരംഗത്ത്‌ സഹസംവിധായകനായി പ്രവർത്തിച്ചു. ആദ്യചിത്രംഃ രാജപരമ്പര, ചുവന്ന അങ്കി, അഗ്‌നിശലഭങ്ങൾ, എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥയും സംഭാഷണവും ‘ചക്രവർത്തി’ എന്ന ചിത്രത്തിന്‌ സംഭാഷണവുമെഴുതി. ആകാശവാണി തൃശൂർ-കോഴിക്കോട്‌ നിലയങ്ങൾ നാടകങ്ങൾ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. ഇപ്പോൾ ആനുകാലികങ്ങളിൽ നോവലുകൾ എഴുതുന്നു. ചാവേർപ്പട, കർഫ്യൂ, കാശ്‌മീർ, മറൈൻ കിങ്ങ്‌, മർമ്മരങ്ങൾ, മരണമുദ്ര, ആദ്യത്തെ കൺമണി തുടങ്ങിയവയാണ്‌ കൃതികൾ. ഇതിൽ കർഫ്യൂ ചലച്ചിത്രമായി.

വിലാസംഃ വാരണക്കുടത്ത്‌, ഇടനാട്‌ ചൊവ്വര - 683 571.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.