പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ഇത്‌ അനന്തപുരി > കൃതി

പതിനേഴ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എൻ.കെ. ശശിധരൻ

ഇത്‌ അനന്തപുരി

മങ്ങിയ വെളിച്ചത്തിൽ നിഴലുകൾ പിടഞ്ഞു. കോവളത്തെ ഇരുനിലകെട്ടിടത്തിനുള്ളിലിരുന്ന പെരുമാൾ പൈശാചികമായി ചിരിച്ചു. തമ്പി അസ്വസ്‌ഥനായി ചുറ്റും നോക്കി. പിന്നെ ശബ്‌ദം താഴ്‌ത്തിപ്പറഞ്ഞു.

‘ഒരുപാടു നേരം ഞാനിവിടെ ഇരുന്നുകൂടാ പെരുമാളെ. ആരെങ്കിലുമറിഞ്ഞാ ആ നിമിഷം മന്ത്രസഭ തെറിക്കും. ഒരിക്കൽകൂടി പറയട്ടെ ആ ഫോട്ടോ മാത്രമല്ല നെഗറ്റീവും നമുക്കുവേണം. രാജ്‌മോഹന്റെ പക്കൽ ഇപ്പോഴുള്ളത്‌ തീപ്പൊരിയല്ല തീക്കട്ടതന്നെയാണ്‌. അവനാ ഫോട്ടോ ഏതെങ്കിലുമൊരു പത്രത്തിനു കൊടുത്താൽ.....’

പെരുമാൾ കസേരയിൽ നിന്നും എഴുന്നേറ്റു. തമ്പി ആധിയോടെ പെരുമാളെ നോക്കി. മെല്ലെച്ചിരിച്ചുകൊണ്ടു പെരുമാൾ പറഞ്ഞുഃ ‘അപ്പോൾ നമുക്ക്‌ ആദ്യം വേണ്ടത്‌ ശത്രുഘ്‌നനെയല്ല, രാജ്‌മോഹനെ. സമാധാനമായിട്ടു പൊയ്‌ക്കോ തമ്പി. ആ നെഗറ്റീവ്‌ മാത്രമല്ല രാജ്‌മോഹനും പുലരുമ്പോൾ ഭൂമിയിലുണ്ടായവില്ല.’ തമ്പിമെല്ലെ നിശ്വസിച്ചു.

പൊരുമാൾ തുടർന്നുഃ കരയാൻ മാത്രമായി ഒരു പെണ്ണു ഭൂമിയിൽ ജീവിച്ചിരിക്കുന്നതിനും അർത്ഥമില്ല. അർച്ചനയും രാജ്‌മോഹന്‌ കൂട്ടു പൊയ്‌ക്കോട്ടെ.

ജനാർദ്ദനൻ തമ്പി ആശ്വാസത്തോടെ എഴുന്നേറ്റു രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ രാജ്‌മോഹന്റെ വീടിനു മുന്നിൽ ഒരു മിനിവാൻ ബ്രേക്കിട്ടുനിന്നു. തീക്കണ്ണുകൾ കെട്ടു. വാനിന്റെ ഡോർതുറന്നു കറുത്ത മുഖാവരണമിട്ട നാലു രൂപങ്ങൾ പുറത്തുവന്നു. അവരുടെ കൈയിൽ ഹോക്കി സ്‌റ്റിക്കുകളുണ്ടായിരുന്നു. ഗേറ്റിന്റെ കൊളുത്തു നീക്കി മുഖാവരണമിട്ട രൂപങ്ങൾ വീടിനുളളിലേക്ക്‌ കടന്നു. കോളിംഗ്‌ബെല്ലിൽ വിരലമർന്നു. അകത്തു ബെൽ മുഴങ്ങി. പാതിമയക്കത്തിലായിരുന്ന അർച്ചന പിടഞ്ഞുണർന്നു. വീണ്ടും ബെൽ ശബ്‌ദിച്ചു. പുറത്തു രാജ്‌മോഹനാണെന്നാണ്‌ അർച്ചന കരുതിയത്‌. മുടി വാരിയെടുത്തു ചുറ്റി അലസമായി അവൾ വാതിലിനു നേരെ നടന്നു. നടക്കുന്നതിനിടയിൽ അവൾ ഉറക്കെ വിളിച്ചു ചോദിച്ചു. രാത്രി വരില്ലെന്നല്ലേ പറഞ്ഞിരുന്നത്‌? എന്നിട്ടെന്തേ പെട്ടെന്ന്‌ ഇങ്ങിനെയൊരു ബോധോദയം? ഞാനിവിടെ തനിച്ചാണെന്നു കരുതിയിട്ടാണോ? അത്രയ്‌ക്കും കൊച്ചാക്കണ്ട.... ഞാനേ വെറുമൊരു പെണ്ണല്ല. പോലീസ്‌ കമ്മീഷണറുടെ ഭാര്യയാ.‘

അർച്ചന ബോൾട്ടു നീക്കി വാതിൽ തുറന്നു.

’എന്താ മോ.........

പൂർത്തിയാക്കുന്നതിനു മുൻപേ മുഖാവരണമിട്ട രൂപങ്ങൾ അവളെ തള്ളിമാറ്റി അകത്തു കടന്നു. അർച്ചന വിറച്ചുപോയി. അവൾ പേടിയോടെ പിന്നോട്ടടിവച്ചു. ഒരാൾ പരിഹാസച്ചിരിയോടെ ചോദിച്ചു. ‘എന്താടീ ഈ രാത്രി രാജ്‌മോഹൻതന്നെ വേണമെന്നുണ്ടോ നിനക്ക്‌? തൽക്കാലം ഞങ്ങളായാലും പോരെ?’

അർച്ചന ഫോണിനു നേരെ നോക്കി. അവളുടെ തൊട്ടുമുന്നിൽ നിന്നയാൾ ചിരിച്ചു.

‘പേടിക്കണ്ട. ഞങ്ങൾ നിന്റെ മോഹനെ ഇവിടെ വിളിച്ചു വരുത്തിക്കോളാം. ഭാര്യയുടെ ശവം കാണാൻ ഏതു ഭർത്താവാ പെണ്ണേ എല്ലാം ഇട്ടെറിഞ്ഞ്‌ ഓടി വരാത്തത്‌?’

അർച്ചന ഒറ്റക്കുതിക്കു ഫോണിനടുത്തെത്തി. അവൾ റിസീവറെടുക്കാൻ കൈനീട്ടിയതേയുള്ളൂ. ഹോക്കിസ്‌റ്റിക്ക്‌ വായുവിൽ പുളഞ്ഞു. അടക്കിയ നിലവിളിയോടെ അർച്ചന കൈ പിൻവലിച്ചു.

‘ആദ്യം ഞങ്ങൾക്കു നിന്നെയാ വേണ്ടത്‌. അതുകഴിഞ്ഞുമതി പോലീസ്‌ കമ്മീഷണറെ.’

അർച്ചന ദീനതയോടെ മുന്നിൽ നിന്നിരുന്നവരെ മാറിമാറിനോക്കി.

‘എന്നെ.....എന്നെ......... ഉപദ്രവിക്കല്ലെ ഞാൻ... ഞാൻ നിങ്ങൾക്കാരു ദ്രോഹവും ചെയ്‌തിട്ടില്ലല്ലോ.

ഒരാൾ പല്ലുഞ്ഞെരിച്ചു.

’ദ്രോഹം ചെയ്‌തതു നീയല്ല. നിന്റെ മറ്റവൻ. നാടുനന്നാക്കാൻ അവതാരമെടുത്തുവന്ന കമ്മീഷണർ. കളിച്ചു കളിച്ച്‌ അവനിപ്പം കളിക്കുന്നതു കരിമഠം പെരുമാളോട്‌. അനന്തപുരിയിൽ ഇത്രേം നാളുമുണ്ടായിരുന്നതൊന്നും മാറ്റിയെഴുതാൻ ഒരു പോലീസ്‌ പട്ടിയെയും പെരുമാൾ അനുദിച്ചിട്ടില്ല പിന്നെയാണോ കുരയ്‌ക്കാൻ മാത്രമറിയാവുന്ന രാജ്‌മോഹൻ.

അർച്ചനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. നിസ്സഹായായി അവൾ വാവിട്ടു കരഞ്ഞു.

അക്രമികളിലൊരാൾ ചിരിച്ചു. ‘പീസിയെന്നാൽ പോലീസ്‌ കോൺസ്‌റ്റബിളെന്നല്ല പോലീസ്‌ ക്രിമിനൽ എന്ന അർത്ഥം. ആ ബാലപാഠം പോലുമറിയാത്തവൻ ഇത്രേം വലിയ സിറ്റി എങ്ങനെ നിയന്ത്രിക്കും പെണ്ണേ?’

അർച്ചന മുഖംപൊത്തിക്കൊണ്ടു ബെഡ്‌റൂമിലേക്കോടി. അക്രമികൾ ഉറക്കെച്ചിരിച്ചു. രക്ഷപ്പെടാനാവില്ല. രണ്ടുപേരുടെയും പേര്‌ ഒരുമണിക്കൂർ മുൻപു പെരുമാൾ ലിസ്‌റ്റിൽനിന്നും വെട്ടിനീക്കിക്കഴിഞ്ഞു. പരസ്‌പരം കെട്ടിപ്പിടിച്ചു ചത്തുകിടക്കുന്ന രണ്ടുശവങ്ങളാ പെരുമാൾ അതിരാവിലെ പേപ്പറിൽ കാണേണ്ടത്‌.‘

അക്രമികളിലൊരാൾ മെല്ലെ തിരിഞ്ഞു. വിളിക്ക്‌ ആ നായിന്റെ മോനെ എത്രയും പെട്ടെന്ന്‌ ഇവിടെയെത്തിക്ക്‌. അവന്റെ മുമ്പിലിട്ടു തന്നെ....’

അക്രമികളിലൊരാൾ ബെഡ്‌റൂമിനു നേരെ നടന്നു. മറ്റൊരാൾ വാതിലിൽ ചാരിനിന്ന്‌ ഒരു സിഗററ്റെടുത്തു ചുണ്ടിൽവച്ചു. ഒരാൾ റിസീവർ കൈയിലെടുത്തു. ബെഡ്‌ റൂമിൽ നിന്ന്‌ അർച്ചനയുടെ ദിഗന്തം പിളർക്കുന്ന നിലവിളികേട്ടു.

വാതിൽ ചാരിനിന്നിരുന്നയാൾ മെല്ലെ തിരിഞ്ഞു ബോൾട്ടിടാൻ കൈ ഉയർത്തി. ആ നിമിഷമാണ്‌ അതു സംഭവിച്ചത്‌. ഓർക്കാപ്പുറത്തു മിന്നൽപിണർ പുളഞ്ഞതുപോലെ. ആരോപുറത്തുനിന്നും ശക്തിയായി ചവിട്ടിയതുപോലെ. വാതിൽ മലർക്കെത്തുറന്നു. വാതിലിൽ ചാരിനിന്നയാൾ മുന്നോട്ടു മൂക്കുകുത്തി. അയാൾ ഭീതിയോടെ പിടഞ്ഞെഴുന്നേറ്റു. തൊട്ടുമുന്നിൽ ഒരു സിഗററ്റിന്റെ അഗ്രം തിളങ്ങി വാതിൽക്കൽ ഒരഗ്നികുണ്ഡം ആളി. ശത്രുഘ്‌നൻ! ചുണ്ടിലെ സിഗററ്റ്‌ പല്ലുകൾക്കിടയിലിട്ടു ഞെരിച്ചുകൊണ്ടു ശത്രുഘ്‌നൻ അകത്തുകടന്നു. ബെഡ്‌റൂമിൽ നിന്നു ഹോക്കിസ്‌റ്റിക്കുമായി കനത്ത ചുവടുകളോടെ ഒരാൾ പുറത്തുവന്നു. അയാൾ ക്രൂരമായ സ്വരത്തിൽ ചോദിച്ചു.

‘നീ ആരാ? എന്തിനാ ഇപ്പോഴിങ്ങോട്ടുവന്നത്‌? ശവത്തിന്റെ എണ്ണം കൂട്ടാനോ?’

ശത്രുഘ്‌നൻ വായിലെ സിഗററ്റ്‌ പുറത്തേക്കു തുപ്പി.

ആക്രമികൾ മുന്നോട്ടടുത്തു.

‘ചോദിച്ചതു കേട്ടില്ലെ പറയെടൊ. നീ ആരാ?’

‘ഇതിനിടെ അർച്ചന ബെഡ്‌റൂമിൽ നിന്നു പുറത്തുവന്നിരുന്നു. സാരികൊണ്ടു മുഖമമർത്തിത്തുടച്ച്‌ അവൾ ആശ്വാസത്തോടെ ശത്രുഘ്‌നനെ നോക്കി.

മൃദുവായ ശബ്‌ദത്തിൽ ശത്രുഘ്‌നൻ പറഞ്ഞു.

വാതിലടച്ച്‌ അകത്തിരുന്നോളൂ. മിസ്സിസ്‌ അർച്ചനാ മോഹൻ. പുറത്ത്‌ എന്തു ശബ്‌ദം കേട്ടാലും ശ്രദ്ധിക്കണ്ട. ഞങ്ങൾക്കിവിടെ കുറച്ചുനേരം ഹോക്കി കളിക്കണം. ഒരു തരത്തിലും ഡിസ്‌റ്റർബ്‌ ചെയ്യരുത്‌.’

അർച്ചന അകത്തു കടന്നു വാതിലടച്ചു താഴിട്ടു.

അക്രമികളിൽ ഒരാൾ ശത്രുഘ്‌നന്റെ തൊട്ടു മുന്നിലെത്തി.

‘ഞങ്ങൾ പെരുമാളുടെ ആളുകളാണ്‌. ഹോക്കി കളിക്കാൻ തന്നെയാ വന്നത്‌. നീയുമായിട്ടല്ല. ആദ്യം ആ പെണ്ണുമായിട്ട്‌. ഇടയ്‌ക്കുവച്ചു രാജ്‌മോഹനും കളിയിൽ ചേരും. അപ്പോൾ ബോളിനുപകരം ഞങ്ങളുപയോഗിക്കുന്നത്‌ അവളെ.’

ശത്രുഘ്‌നന്റെ ചുണ്ടിലെ കത്തുന്ന ചിരി അപ്പോഴും കെട്ടില്ല.

അതിനുമുൻപ്‌ നമുക്കൊരു കൈ നോക്കിക്കൂടേ? കളിയിൽ ഞാൻ എക്‌സ്‌പെർട്ടാണ്‌‘

അക്രമികളിലൊരാൾ ഗർജ്ജിച്ചുഃ നോക്കി നിൽക്കാതെ അവന്റെ തലതല്ലിപ്പൊളിക്കെടാ...’

ശത്രുഘ്‌നന്റെ തലയ്‌ക്കുനേരെ ഹോക്കിസ്‌റ്റിക്കുയർന്നു. വായുവിൽ വച്ചുതന്നെ ശത്രുഘ്‌നൻ അതു പിടിച്ചെടുത്തു. ഹോക്കിസ്‌റ്റിക്കോങ്ങിയ ആൾ നടുക്കത്തോടെ പിന്നോട്ടുതെന്നിമാറി. സ്‌റ്റിക്കുമായി മുന്നോട്ടു നടന്നുകൊണ്ടു ശത്രുഘ്‌നൻ പറഞ്ഞു. ‘ഒരു പെണ്ണു തനിച്ചുള്ള വീട്ടിൽ അതിക്രമിച്ചു കയറുന്നത്‌ ആദ്യത്തെ തെറ്റ്‌. അവളെ കീഴടക്കാൻ ശ്രമിക്കുന്നത്‌ രണ്ടാമത്തെ തെറ്റ്‌. പെരുമാളുടെ ആളുകളാണെന്ന്‌ എന്നോടു പറഞ്ഞത്‌ അവസാനത്തെ തെറ്റ്‌. തെറ്റു ചെയ്യുന്നവരോടു ഞാൻ ഇന്നേവരെ ക്ഷമിച്ചിട്ടില്ല. അവർക്കു മാപ്പുകൊടുത്തിട്ടുമില്ല.’

അക്രമികളിലൊരാൾ ഗർജ്ജിച്ചുകൊണ്ടു മുന്നോട്ടടുത്തു.

‘മാപ്പുതരാൻ നീയാരാണടാ പട്ടീ? സാക്ഷാൽ ദൈവം തമ്പുരാനോ?’

ശത്രുഘ്‌നൻ അയാളുടെ കണ്ണുകളിലേക്കു തറച്ചുനോക്കി ഇടിവെട്ടുന്നതുപോലെ പറഞ്ഞു. ‘നിന്റെ കരിമഠം പെരുമാളോടു ചോദിക്ക്‌ ഞാനാരാണെന്ന്‌. അയാൾ നിനക്കു പറഞ്ഞുതരാതിരിക്കില്ല. അതിനുമുൻപു നീ അറിയേണ്ട ഒന്നുണ്ട്‌. ഞാൻ തീയാണ്‌. മുന്നിലുള്ളതെല്ലാം കത്തിച്ചു ചാമ്പലാക്കാൻ കരുത്തുള്ള കാട്ടുതീ.’

ഹോക്കിസ്‌റ്റിക്ക്‌ ഓർക്കാപ്പുറത്തു പുളഞ്ഞു അക്രമികൾ വല്ലാത്ത ഒരു നിലവിളിയോടെ പിന്നോട്ടു തെന്നിയകന്നു. ശത്രുഘ്‌നൻ വീണ്ടും ഹോക്കിസ്‌റ്റിക്കുകൊണ്ട്‌ മുന്നിൽ നിന്നിരുന്നയാളെ ആഞ്ഞടിച്ചു. അയാളുടെ നെഞ്ചിൻകൂടു തകർന്നു. അക്രമികൾ ക്രൂരമായി അട്ടഹസിച്ചുകൊണ്ടു മുന്നോട്ടടുത്തു. ഹോക്കിസ്‌റ്റിക്ക്‌ പലവട്ടം ഉയർന്നുതാണു. നിലവിളികൾ മുറിഞ്ഞു. ചോര അവരുടെ ശരീരത്തിൽ ചാലുകളിട്ടൊഴുകി. അവസാനത്തെയാളും നിലവിളിയോടെ തറയിൽ പിടഞ്ഞു വീണപ്പോൾ ശത്രുഘ്‌നൻ സ്‌റ്റിക്കു വലിച്ചെറിഞ്ഞു അക്രമികളെ ചവിട്ടിമെതിച്ച അയാൾ ബെഡ്‌റൂമിനു മുന്നിലെത്തി.

‘കളികഴിഞ്ഞു മിസ്സിസ്‌ രാജ്‌മോഹൻ. ഇനി ഭയപ്പെടാതെ വാതിൽ തുറക്കാം.’

അർച്ചന വാതിൽ തുറന്നു പുറത്തുവന്നു.

ശത്രുഘ്‌നൻ ചിരിച്ചു ‘കൊന്നിട്ടില്ല, എന്നാലും ഇവരുടെ അവയവങ്ങളൊന്നും കൃത്യമായ പ്രൊപ്പോർഷനിലുണ്ടാവില്ല.’

‘നിങ്ങൾ...... നിങ്ങൾ..... ആരാണ്‌? എങ്ങിനെയാണ്‌ ദൈവത്തെപ്പോലെ ഇവിടെയെത്തിയത്‌?’

ശത്രുഘ്‌നൻ. വീണ്ടും ചിരിച്ചു.

‘ചോദ്യത്തിൽ തന്നെ ഉത്തരവുമുണ്ടല്ലോ മാഡം. ദൈവത്തെപ്പോലെ എത്തേണ്ടിടത്തെത്താൻ ഞാൻ ഒരിക്കലും വൈകിയിട്ടില്ല.’

‘അദ്ദേഹത്തോട്‌..... ആരാണെന്നാ പറയേണ്ടത്‌?’

‘സുഹൃത്ത്‌. അഭ്യുദുയകാംക്ഷി. അല്ലെങ്കിൽ വേണ്ടപേരു പറഞ്ഞാൽ രാജ്‌മോഹൻ എളുപ്പത്തിൽ ട്രെയ്‌സ്‌ ചെയ്‌തോളും. ശത്രുഘ്‌നൻ.... അങ്ങിനെ പറഞ്ഞോളൂ മാഡം.

അർച്ചന തൊഴുകൈകളോടെ പറഞ്ഞു. നിങ്ങളെനിക്കു ദൈവം തന്നെയാണ്‌.’

ശത്രുഘ്‌നൻ നേർത്ത ചിരിയോടെ പറഞ്ഞു അതു നിങ്ങൾക്ക്‌. പക്ഷേ കമ്മീഷണർക്ക്‌ അങ്ങിനെയാവാനിടയില്ല. സാരമില്ല. ഈ രാത്രി ആരെയും പേടിക്കണ്ട. വാതിലടച്ചു കിടന്നോളൂ.‘

ശത്രുഘ്‌നൻ മെല്ലെ കുനിഞ്ഞ്‌ അക്രമികളിലൊരാളെ പൊക്കിയെടുത്ത്‌ തോളിലിട്ടു. പിന്നെ കാലടികൾ തറയിൽ അമർത്തിവച്ച്‌ പുറത്തേക്കു നടന്നു. അർച്ചന അത്ഭുതത്തോടെ ശത്രുഘ്‌നനെയും തറയിൽ കിടന്നുപിടയ്‌ക്കുന്ന അക്രമികളെയും മാറിമാറിനോക്കി. പിന്നെ അവൾ ബെഡ്‌റൂമിലേക്കു കടന്നു. വാതിലടച്ചു. കാൽമണിക്കൂറിനുള്ളിൽ ശത്രുഘ്‌നൻ അക്രമികളെ മുഴുവൻ മുറിയിൽ നിന്നും പുറത്തെത്തിച്ചു. പിന്നെ അയാൾ ടെലിഫോണിനടുത്തെത്തി റിസീവറെടുത്തു​‍്‌ കുറുപ്പിന്റെ നമ്പർ ഡയൽ ചെയ്‌തു. അങ്ങേത്തലയ്‌ക്കൽ അസിസ്‌റ്റന്റ്‌ കമ്മീഷണർ ഇന്ദ്രപാലാണു ഫോണെടുത്തത്‌. ശത്രുഘ്‌നൻ മുഴങ്ങുന്ന ശബ്‌ദത്തിൽ പറഞ്ഞു. ’എനിക്ക്‌ അത്യാവശ്യമായി കമ്മീഷണറെ ലൈനിൽവേണം.‘

’ആരാ സംസാരിക്കുന്നത്‌?

‘ഇങ്ങോട്ടു ചോദ്യങ്ങൾ വേണ്ട. ഫോൺ രാജ്‌മോഹനുകൊടുക്ക്‌.’

ഇന്ദ്രപാൽ പൊട്ടിത്തെറിച്ചു.

‘ആദ്യം നിങ്ങളാരാണെന്നു പറയൂ മിസ്‌റ്റർ. എന്നിട്ടു മോഹൻസാറിനെ വിളിക്കുന്ന കാര്യം തീരുമാനിക്കാം.’

ശത്രുഘ്‌നൻ ചിരിച്ചു. ‘തൊപ്പിയും കുപ്പായവുമൊക്കെ ഊരിവയ്‌ക്കാൻ തിടുക്കമായല്ലേ? മര്യാദയ്‌ക്കു ഫോൺ രാജ്‌മോഹനു കൊടുക്കെടാ.’

ഇന്ദ്രപാൽ ഗർജ്ജിച്ചു ‘നായിന്റെ മോനെ. അദ്ദേഹത്തിനോടു പറയാനുള്ളത്‌ നിനക്കെന്നോടു പറയാം.’

‘സ്വന്തം പേര്‌ ഇങ്ങനെ ഉറക്കെ വിളിച്ചു പറയരുത്‌. ഇപ്പോൾ നിങ്ങൾ രാജ്‌മോഹനെ വിളിച്ചില്ലെങ്കിൽ കുറുപ്പിന്റെ മരണത്തിനു മാത്രമല്ല അർച്ചന രാജ്‌മോഹന്റെ മരണത്തിനും ഉത്തരം പറയേണ്ടി വരും.’

ഇന്ദ്രപാൽ ചെറുതായൊന്നു നടുങ്ങി. അയാൾ മൗത്ത്‌പീസ്‌ അമർത്തിപ്പിടിച്ച്‌ പുറത്തേക്കുനോക്കി ഉറക്കെ വിളിച്ചു.

‘മോഹൻ സാർ ഫോൺ.’

രാജ്‌മോഹൻ ഗെയ്‌റ്റ്‌ തുറന്ന്‌ അകത്തേക്കു കുതിച്ചു വന്നു.

റിസീവർ രാജ്‌മോഹന്റെ നേരേ നീട്ടിക്കൊണ്ട്‌ ഇന്ദ്രപാൽ പറഞ്ഞു. അനോണിമസ്‌കാൾ. സാറിന്റെ ഭാര്യയെപ്പറ്റി എന്തോ പറയാനുണ്ടെന്നു പറയുന്നു.‘

രാജ്‌മോഹൻ ഭീതിയോടെ റിസീവർ വാങ്ങി.

ശത്രുഘ്‌നൻ ചിരിച്ചു. ’ഭാര്യയുടെ ജീവനേക്കാൾ പ്രാധാന്യം കൊടുക്കുന്നത്‌ ഒരു ക്രിമിനലിന്റെ ജീവന്‌. അല്ലെ മിസ്‌റ്റർ കമ്മീഷണർ?‘

രാജ്‌മോഹൻ പല്ലുകൾ ഞെരിച്ചുകൊണ്ടു പറഞ്ഞു. ’ശത്രുഘ്‌നൻ.‘

’ശബ്‌ദം ട്രെയ്‌സ്‌ ചെയ്‌തെടുക്കാനുള്ള നിങ്ങളുടെ കഴിവിൽ എനിക്ക്‌ അസൂയതോന്നുണ്ട്‌ മിസ്‌റ്റർ കമ്മീഷണർ

‘അർച്ചനയ്‌ക്കെന്തുപറ്റി.

നേരിൽ കാണേണ്ടതു ഫോണിൽ പറഞ്ഞാൽ പറ്റില്ല.

യൂ....യൂ..... ബാസ്‌റ്റഡ്‌.... എന്റെ അർച്ചനയ്‌ക്കെന്തെങ്കിലും പറ്റിയാൽ-’

ശത്രുഘ്‌നൻ വീണ്ടും ചിരിച്ചു. ‘ടെമ്പർ നഷ്‌ടപ്പെട്ടിട്ടോ അപ്‌സെറ്റായിട്ടോ കാര്യമില്ല. മിസ്സിസ്‌ അർച്ചനാ രാജ്‌മോഹനെ അവസാനമായി ഒരു നോക്കു കാണണ്ടേ നിങ്ങൾക്കു? കം ഫാസ്‌റ്റ്‌.....’

റിസീവർ ക്രാഡിലിലിട്ടു രാജ്‌മോഹൻ വിവശനായി തിരിഞ്ഞു. ഇന്ദ്രപാലിനോടായി അയാൾ പറഞ്ഞു. ‘വീട്ടിലെന്തോ സംഭവിച്ചിട്ടുണ്ട്‌. ഞാൻ അങ്ങോട്ടു പോവുകയാണ്‌. പറഞ്ഞതൊന്നും മറക്കണ്ട. കുറുപ്പ്‌ ഇനിയും ഇവിടെ ബാക്കിവേണം..... കണ്ണുംകാതും തുറന്നു കാത്തിരിക്കണം.

’ധൈര്യമായി പൊയ്‌ക്കോളൂ സാർ. കുറുപ്പിന്റെ തലമുടിനാരിനു പോലു കേടുപറ്റില്ല.‘

രാജ്‌മോഹൻ മാരുതിയുടെ നേരേ കുതിച്ചു. ഡോർ തുറന്ന്‌ കൊടുങ്കാറ്റുപോലെ ഉള്ളിലെത്തി. കാറിന്റെ ചക്രങ്ങൾ ഉരുണ്ടു. സ്‌പീഡോ മീറ്ററിലെ സൂചി മുന്നോട്ടു കറങ്ങി. മാരുതി വീടിനുനേരെ പറന്നു. ഇരുപതു മിനിറ്റിനുള്ളിൽ രാജ്‌മോഹൻ വീട്ടിലെത്തി. കാറിന്റെ ഡോർ തുറന്ന്‌ അയാൾ ഗേറ്റിനു നേരെ കുതിച്ചു. വിറയ്‌ക്കുന്ന കൈകളോടെ ഗേറ്റു വലിച്ചുതുറന്നു. മുന്നോട്ടാഞ്ഞ രാജ്‌മോഹൻ പിടിച്ചു നിർത്തിയതുപോലെ നിന്നു. മുന്നിൽ ചോരയിൽ കുതിർന്നു പിടയ്‌ക്കുന്ന നാലു ശരീരങ്ങൾ. അയാൾ സിറ്റൗട്ടിലെത്തി. കാളിംഗ്‌ ബെല്ലിൽ വിരലമർത്തി അർച്ചന ഉറങ്ങിയിരുന്നില്ല. അവൾ പിടഞ്ഞെണീറ്റു ഹാളിലേക്കു വന്നു. ബോൾട്ടിൽ കൈവച്ചുകൊണ്ട്‌ അവൾ ചോദിച്ചു.

’ആരാ?‘

’ഞാനാ അർച്ചനേ, മോഹൻ.‘

അർച്ചന വാതിൽ തുറന്നു.

പരിഭ്രമത്തോടെ രാജ്‌മോഹൻ ചോദിച്ചു. ’നിനക്ക്‌ നിനക്കെന്തെങ്കിലും...‘

അർച്ചന നടന്നതെല്ലാം രാജ്‌മോഹനോടു വിസ്‌തരിച്ചു പറഞ്ഞു. ഏറ്റവുമൊടുവിൽ ദൈവം പോലെ മുറിയിൽ പൊട്ടിവീണു തന്നെ രക്ഷിച്ച ആളുടെ പേരും.

ശത്രുഘ്‌നൻ -

രാജ്‌മോഹൻ ഒരു നിമിഷം പതറിപ്പോയി. കണ്ണിലെണ്ണയൊഴിച്ച്‌ താൻ തേടിനടക്കുന്ന ശത്രുവാണു ശത്രുഘ്‌നൻ.....എല്ലാത്തിനും പിന്നിൽ ആ സ്‌കൗണ്ടറലാണെന്നറിഞ്ഞിട്ടും നിസ്സഹായനായി നിൽക്കേണ്ടിവന്നത്‌. തെളിവുകളില്ലാഞ്ഞിട്ട്‌. പക്ഷേ, പക്ഷേ അവനെന്തിനാണ്‌ അർച്ചനയെ രക്ഷിച്ചത്‌? എന്നിട്ടു ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തിയത്‌?

അർച്ചന മെല്ലെ ചോദിച്ചു. ’ആരാ മോഹൻ ഈ ശത്രുഘ്‌നൻ? അയാളെ എങ്ങനെയറിയാം മോഹന്‌?

രാജ്‌മോഹൻ മിണ്ടിയില്ല. അയാൾ അപ്പോഴും ഓർക്കുകയായിരുന്നു. അർച്ചനയെ രക്ഷിച്ചിട്ടും അയാളെന്തിനാണ്‌ തന്നെ ഇങ്ങോട്ടു വിളിച്ചു വരുത്തിയത്‌? നേരിൽ കാണേണ്ടത്‌ ഫോണിലൂടെ പറയാനാവില്ലെന്നു പറഞ്ഞത്‌?

അയാൾ അസ്വസ്‌ഥനായി.

ഒരു നിമിഷം....

രാജ്‌മോഹൻ പിടഞ്ഞുണർന്നു. തന്നെ കുറുപ്പിന്റെ ബംഗ്ലാവിൽ നിന്നും കുറേ നേരത്തേക്ക്‌ അകറ്റിനിർത്താൻ ശത്രുഘ്‌നനൊരുക്കിയ കെണിയായിക്കൂടെ ഇത്‌? പെരുമാളുടെ ആളുകളായി വന്ന്‌ അർച്ചനയെ ഉപദ്രവിച്ചതും.....

രാജ്‌മോഹൻ ഉൾക്കിടിലത്തോടെ വെട്ടിത്തിരിഞ്ഞു. അർച്ചനയുടെ മുഖത്തേക്കു നോക്കാതെ അയാൾ പറഞ്ഞു. വാതിലടച്ചു കിടന്നോളൂ. ഈ രാത്രി ഇനി എന്നെ പ്രതീക്ഷിക്കണ്ട. ആരുവന്നുവിളിച്ചാലും പുറത്താരാണെന്നറിയാതെ വാതിൽ തുറക്കണ്ട.

അർച്ചന ആശങ്കയോടെ തിരക്കി. ശത്രുഘ്‌നനെ മോഹൻ അറിയില്ലേ?‘

രാജ്‌മോഹൻ പറഞ്ഞു. അറിയും അവൻ നീ വിചാരിക്കുംപോലെ ദൈവമല്ല. ഞാൻ തേടിക്കൊണ്ടിരിക്കുന്ന ക്രിമിനൽ. അച്ചുതൻകുട്ടിയെ കൊന്ന റാസ്‌ക്കൽ. കുറുപ്പിനെ കൊല്ലാൻ പോകുന്ന ഇഡിയറ്റ്‌.

അർച്ചന അത്ഭുതത്തോടെ രാജ്‌മോഹനെ നോക്കി.....

’പക്ഷേ മോഹൻ...‘

രാജ്‌മോഹൻ അർച്ചന പറയുന്നതു കേൾക്കാൻ നിന്നില്ല. അയാൾ കാറിനടുത്തെത്തിക്കഴിഞ്ഞിരുന്നു. ഡ്രൈവിംഗ്‌ സീറ്റിലിരുന്നുകൊണ്ടു രാജ്‌മോഹൻ വിളിച്ചു പറഞ്ഞു. വാതിലടച്ചേക്ക്‌ അർച്ചനേ, പുറത്തുള്ള ബോഡികൾ പോലീസ്‌ ഉടനെ ക്ലിയർ ചെയ്‌തോളും.

അർച്ചന അകത്തേക്കു കടന്നു വാതിലടച്ചു. മാരുതി മുന്നോട്ടു കുതിച്ചു. കുറുപ്പിന്റെ ബംഗ്ലാവിനു മുന്നിലെത്തിയപ്പോൾ തന്നെ രാജ്‌മോഹന്റെ മനസ്സു പിടച്ചു. അരുതാത്തതെന്തോ നടന്നിട്ടുണ്ടെന്ന്‌ അയാൾക്കുറപ്പായി. ഇന്ദ്രപാൽ ഗേറ്റിനു മുന്നിൽ വിളറിയ മുഖത്തോടെ നിൽക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത്‌ ഹരീന്ദ്രനും ജോസ്‌ മാത്യുവും. സിറ്റൗട്ടിൽ മറ്റു പോലീസുകാർ.

രാജ്‌മോഹൻ ഡോർ തുറന്നു തിടുക്കത്തിൽ പുറത്തിറങ്ങി. ഇന്ദ്രപാലിനെയും ഹരീന്ദ്രനെയും മാറിമാറിനോക്കി അയാൾ തിരക്കി.

’എന്താ ഇന്ദ്രാ? എന്തു പറ്റി?‘

ഇന്ദ്രപാലിന്റെ വാക്കുകൾ വിറച്ചു. ’അയാം സോറി സാർ. കുറുപ്പ്‌‘

’കുറുപ്പ്‌?‘

’ഹി ഈസ്‌ നോ മോർ.‘

Previous Next

എൻ.കെ. ശശിധരൻ

1955 നവംബർ 25-ന്‌ കൊടുങ്ങല്ലൂരിൽ ജനിച്ചു. എൻ.കെ.സരോജിനിയമ്മയും ടി.ജി. നാരായണപ്പണിക്കരുമാണ്‌ മാതാപിതാക്കൾ. മലയാലസാഹിത്യം ഐച്ഛികമായെടുത്ത്‌ മാസ്‌റ്റർ ബിരുദം നേടി. പതിന്നാലു വർഷക്കാലം സിനിമാരംഗത്ത്‌ സഹസംവിധായകനായി പ്രവർത്തിച്ചു. ആദ്യചിത്രംഃ രാജപരമ്പര, ചുവന്ന അങ്കി, അഗ്‌നിശലഭങ്ങൾ, എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥയും സംഭാഷണവും ‘ചക്രവർത്തി’ എന്ന ചിത്രത്തിന്‌ സംഭാഷണവുമെഴുതി. ആകാശവാണി തൃശൂർ-കോഴിക്കോട്‌ നിലയങ്ങൾ നാടകങ്ങൾ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. ഇപ്പോൾ ആനുകാലികങ്ങളിൽ നോവലുകൾ എഴുതുന്നു. ചാവേർപ്പട, കർഫ്യൂ, കാശ്‌മീർ, മറൈൻ കിങ്ങ്‌, മർമ്മരങ്ങൾ, മരണമുദ്ര, ആദ്യത്തെ കൺമണി തുടങ്ങിയവയാണ്‌ കൃതികൾ. ഇതിൽ കർഫ്യൂ ചലച്ചിത്രമായി.

വിലാസംഃ വാരണക്കുടത്ത്‌, ഇടനാട്‌ ചൊവ്വര - 683 571.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.