പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ഇത്‌ അനന്തപുരി > കൃതി

പതിനാറ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എൻ.കെ. ശശിധരൻ

ഇത്‌ അനന്തപുരി

റിസീവർ ക്രാഡിലിലിട്ടു തിരിയുമ്പോൾ രാജ്‌മോഹൻ തൊട്ടു മുന്നിൽ ഇന്ദ്രപാലിന്റെ വിളറിയ മുഖം കണ്ടു ഗർജ്ജിക്കുന്നതുപോലെ രാജ്‌മോഹൻ പറഞ്ഞു.

‘അവനാ വിളിച്ചത്‌. ശത്രുഘ്‌നൻ. എത്ര കനത്ത പ്രൊട്ടക്ഷനുണ്ടെങ്കിലും കുറുപ്പിനെ അവസാനിപ്പിക്കുമെന്ന്‌ അവൻ പറഞ്ഞു ഇന്ദ്രാ. ആ വെല്ലുവിളി അവഗണിച്ചുകൂടാ. മരണം എന്റെ കൈയകലത്തിലുണ്ടെന്ന്‌ ആ ബാസ്‌റ്റഡ്‌ താക്കീതും തന്നു. ഈ ബംഗ്ലാവു മുഴുവൻ കീഴ്‌മേൽ മറിച്ചിട്ടായാലും വേണ്ടില്ല മരണം എവിടെയാണു പതിയിരിക്കുന്നതെന്നു നമുക്കു കണ്ടെത്തിയേ തീരൂ.’ ആത്‌മവിശ്വാസത്തോടെ ഇന്ദ്രപാൽ പറഞ്ഞു.

‘യെസ്‌ സാർ.’

‘കുറുപ്പ്‌ എവിടെയുണ്ട്‌.?

’ബെഡ്‌റൂമിൽ‘.

രാജ്‌മോഹൻ ബെഡ്‌റൂമിലേക്കു നടന്നു. കുറുപ്പ്‌ ദൈന്യതയോടെ രാജ്‌മോഹനെ നോക്കി. നിർവികാരനായി രാജ്‌മോഹൻ പറഞ്ഞു.

’പണ്ടെങ്ങോ ചെയ്‌ത ഒരു പാപകർമ്മത്തിന്റെ ഫലമാണ്‌ ഇപ്പോൾ ക്രൂരമായി നിങ്ങളെ വേട്ടയായിക്കൊണ്ടിരിക്കുന്നത്‌.‘

ഞാൻ ഞാനൊന്നും.....’ കുറുപ്പിന്റെ ശബ്‌ദം പതറി. രാജ്‌മോഹൻ അയാളെ തറച്ചു നോക്കി.

‘ഇനിയും ഒളിച്ചുകളിക്കണ്ട. നിങ്ങളുടെ പിന്നാലെയുള്ളത്‌ ശത്രുഘ്‌നനാണെന്നു ഞാനറിഞ്ഞുകഴിഞ്ഞു. അയാളെന്തിനാ നിഴൽ പോലെ നിങ്ങളെയൊക്കെ വിടാതെ പിന്തുടരുന്നത്‌ എന്ന കാര്യം മാത്രമേ എനിക്കറിയാനുള്ളു. അതറിയുമ്പോൾ ഞെട്ടിത്തെറിക്കുന്നതു ഞാൻ മാത്രമാവില്ല. ഈ അനന്തപുരിയാകെ. കോടതിയിൽ വച്ച്‌ ഒരിക്കൽ എന്നോടു പറഞ്ഞു. കറുത്ത കുപ്പായത്തിനു കാക്കിയെ തളയ്‌ക്കാനുള്ള കരുത്തുണ്ടെന്ന്‌. മറന്നിട്ടില്ലല്ലോ. ആ കാക്കിയാണ്‌ ഇപ്പോൾ നിങ്ങളുടെ ജീവൻ രക്ഷിക്കാൻ പെടാപ്പാടു പെടുന്നത്‌’.

കുറുപ്പു മിണ്ടിയില്ല

‘കരിമഠം പെരുമാളുടെകൂടെ നടന്നു സോഷ്യലിസ്‌റ്റ്‌ പാർട്ടിക്കു ചോരകൊണ്ടു വഴിത്താര തീർത്ത നിങ്ങളുടെ കഴിവ്‌ അപാരം. കഥകളെല്ലാം സമാഹരിച്ചു പുസ്‌തകമാക്കിയാൽ ഏതെങ്കിലും സർവ്വകലാശാല അതേറ്റെടുത്തോളും. നിങ്ങളെപ്പോലെയുള്ള മാതൃകാപൗരന്മാരെ വാർത്തെടുക്കാൻ അവരത്‌ പാഠപുസ്‌തകമാക്കും.

കുറുപ്പു മുഖം കുനിച്ചു.

’ശേഷിക്കുന്നത്‌ കുറേ മണിക്കൂറുകൾ മാത്രമല്ലേ? ഒരുപാടോർക്കാനില്ലേ നിങ്ങൾക്ക്‌? ഐ മീൻ തീപിടിച്ച ഒരു ഫ്‌ളാഷ്‌ ബാക്ക്‌?‘

’ഓർക്കണം കുറുപ്പേ, കഴിഞ്ഞതെല്ലാം ഒന്നും വിട്ടുപോകാതെ ഓർക്കണം....... എല്ലാം ഓർത്തുകഴിയുമ്പോൾ നിങ്ങൾക്കു മനസ്സിലാവാതിരിക്കില്ല. ഈ അനന്തപുരിയിൽ ഇത്രയും കാലം നിങ്ങൾ ഒരധികപ്പറ്റായിരുന്നു എന്ന്‌. ഇത്രയും വൃത്തികെട്ട ഒരു ജന്മം വേണ്ടിയിരുന്നില്ലെന്ന്‌....

രാജ്‌മോഹൻ കൊടുങ്കാറ്റുപോലെ ബെഡ്‌റൂമിൽ നിന്നു പുറത്തുകടന്നു. പേടിയോടെ കുറുപ്പ്‌ കണ്ണുകളടച്ചു.

ഓർമ്മകൾക്കുളളിലെവിടെയോ ഒരു മുഖം തെളിയുന്നു. കനത്ത മഞ്ഞുപാളികൾക്കിടയിലൂടെ എന്ന പോലെ. ഉള്ളിന്റെയുള്ളിൽ ഒരു ആട്ടുകട്ടിലുയർന്നു. ഓടുമേഞ്ഞ പടിപ്പുര.... വിളക്കു തെളിഞ്ഞുനിൽക്കുന്ന തുളസിത്തറ. കൈയൊന്നു മുട്ടിയാൽ ഓട്ടു മണികൾ കൂട്ടത്തോടെ ചിലയ്‌ക്കുന്ന ഉമ്മറവാതിൽ..... അവിടെയുള്ള ആട്ടുകട്ടിലിൽ........

* * *

ഗോദവർമ്മ പടിപ്പുരയുടെ നേരേ നോക്കി. പടിപ്പുരയ്‌ക്കു പുറത്ത്‌ ഒരംബാസഡർ കാർ നിൽക്കുന്നുണ്ടായിരുന്നു. ഡോർ തുറന്ന്‌ ആദ്യം പുറത്തിറങ്ങിയ ജനാർദ്ദനൻ തമ്പി. പിന്നാലെ ഭാർഗവരാമനും നാരായണക്കുറുപ്പും. ഏറ്റവും പുറകിലായി ബേബിച്ചായൻ.

ഗോദവർമ്മ ഹൃദ്യമായി ചിരിച്ചു.

എല്ലാവരും ഉമ്മറത്തു കയറിയിട്ടും ബേബിച്ചായൻ പുറത്തുതന്നെ നിന്നതേയുള്ളു.

ഗോദവർമ്മ പറഞ്ഞു.

‘തന്നോടു ഞാൻ നൂറുവട്ടം പറഞ്ഞിട്ടുണ്ട്‌ ജാതീം മതോമൊന്നും എനിക്കു പ്രശ്‌നമല്ലാന്ന്‌. കാലം മാറീല്ലേടോ? അതിനൊപ്പിച്ചു ഞാനും മാറീന്നു കൂട്ടിക്കോളു.’

ബേബിച്ചായനെ കൈയ്‌ക്കു പിടിച്ച്‌ ഗോദവർമ്മ അകത്തേക്കു കൊണ്ടുവന്നു.

‘ഇനി പറയൂ’ എന്താ വിശേഷിച്ച്‌? ജനാർദ്ദനൻ തമ്പി ചൂരൽ കസേരയിലിരുന്നുകൊണ്ട്‌ പറഞ്ഞു.

‘തമ്പുരാൻ ഇങ്ങനെ അടങ്ങിയൊതുങ്ങി ഇരുന്നാൽ പറ്റില്ല. അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനികളാ പാർട്ടീടെ ശക്തീം ചൈതന്യോം. തമ്പുരാനാണെങ്കിൽ പൊതുജനങ്ങളുടെ ഇടേല്‌ ക്ലീൻ ഇമേജുമുണ്ട്‌.’

തമ്പിയെ ഈർഷ്യയോടെ നോക്കി തമ്പുരാൻ പറഞ്ഞു.

‘ഭൂമിക്കു താഴെയുള്ള എന്തിനെക്കുറിച്ചും സംസാരിക്കാൻ എനിക്കിഷ്‌ടാ. പക്ഷേ സോഷ്യലിസ്‌റ്റ്‌ പാർട്ടിയെക്കുറിച്ചു മാത്രം പറയരുത്‌.’

തമ്പിയുടെ മുഖം വിവർണ്ണമായി.

‘അങ്ങിനെ പറയരുത്‌. വരുന്ന എലക്‌ഷനില്‌ സോഷ്യലിസ്‌റ്റ്‌ പാർട്ടിക്കെതിരേ സ്വതന്ത്ര സ്‌ഥാനാർത്ഥിയായി തമ്പുരാനെ നിർത്താൻ പൗരസമിതി ആലോചിക്കണുണ്ട്‌.’

ബേബിച്ചായൻ തുടർന്നു പറഞ്ഞു. ‘സോഷ്യലിസ്‌റ്റ്‌ പാർട്ടീല്‌ സജീവമായി ഉണ്ടായിരുന്ന ഓരാള്‌ പെട്ടെന്നു സ്വതന്ത്ര സ്‌ഥാനാർത്ഥിയായാൽ ജനങ്ങള്‌ ആശയക്കുഴപ്പത്തിലാവും. അതുകൊണ്ടു തമ്പുരാൻ തമ്പിക്കെതിരേ മത്സരിക്കരുത്‌.

തമ്പുരാൻ പൊട്ടിച്ചിരിച്ചുപോയി.

’പൗരസമിതിക്കാര്‌ അങ്ങനെ ആലോചിക്കണുണ്ടോ തമ്പീ? നന്നായി. ജയിച്ചു വന്നാല്‌ ജനങ്ങൾക്കുവേണ്ടി നല്ലതെന്തെങ്കിലും ചെയ്യാൻ കഴിയൂലോ.‘

തമ്പി തൊഴുകൈകളോടെ പറഞ്ഞു.

’അരുതു തമ്പുരാനെ. അവിവേകം കാട്ടരുത്‌. എന്നെ തോൽപിക്കാൻ കൂട്ടു നിൽക്കരുത്‌. പാർട്ടിയുടെ ഇമേജിനേക്കാൾ വലുതാ എനിക്ക്‌ എന്റെ ഇമേജ്‌.‘

നാരായണക്കുറുപ്പു പറഞ്ഞു.

’തമ്പി ചെയ്‌തിട്ടുള്ള അനീതികള്‌ അക്കമിട്ടു നിരത്തിക്കൊണ്ടാ പൗരസമിതിക്കാരു രംഗത്തിറങ്ങുന്നത്‌.

തമ്പുരാനും അവരോടൊപ്പം ചേർന്നാൽ തമ്പിക്ക്‌ ആത്‌മഹത്യ ചെയ്യേണ്ടിവരും.‘

തമ്പുരാൻ കുറുപ്പിനെ നോക്കി.

’അധികാരം കിട്ടുന്നതിനു മുൻപ്‌ നിങ്ങളൊക്കെ വളരെ നല്ലവരായിരുന്നു. അധികാരം കിട്ടിയപ്പോൾ നിങ്ങൾ അഴിമതിയുടെ പര്യായമായി. ഈ എലക്‌ഷനിൽ സോഷ്യലിസ്‌റ്റ്‌ പാർട്ടിക്ക്‌ ഒരിടത്തും കെട്ടിവച്ച കാശുപോലും കിട്ടുന്നില്ലെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതു ഞാനായിരിക്കും കുറുപ്പേ.....‘

തമ്പി എഴുന്നേറ്റു.

’തമ്പുരാൻ കാര്യമായിട്ടു പറയ്‌യാണോ?

തമ്പുരാൻ ചിരിച്ചു.

തമ്പി തുടർന്നു.

‘ഇത്തവണയും എനിക്കു ജയിച്ചേ തീരൂ തമ്പുരാനേ. എന്തു വില കൊടുത്തും വോട്ടുകൾ വാങ്ങിയേ തീരൂ. ഇടയിൽ ആരും വന്നാലും, അതു തമ്പുരാനായാൽപോലും എനിക്കു പ്രശ്‌നമല്ല. സ്വാതന്ത്ര്യസമരസേനാനി എന്ന ലേബലുണ്ടെങ്കിൽപ്പോലും തമ്പുരാനോടു ഞാൻ ക്ഷമിക്കില്ല.’

തമ്പുരാൻ നേരിയ ചിരിയോടെ പറഞ്ഞു.

‘പഴയ സായിപ്പിന്റെ അഹങ്കാരത്തിന്റെ ശബ്‌ദമാ തമ്പീ ഇപ്പോൾ നിന്റെ നാവീന്ന്‌ ഊർന്നുവീഴുന്നത്‌. കഷ്‌ടപ്പെട്ടു നേടിയെടുത്ത സ്വാതന്ത്ര്യം കുരങ്ങന്റെ കൈയിലെ പൂമാലയാക്കിയവരാ നിങ്ങളെപ്പോലുള്ള കപടരാഷ്‌ട്രീയക്കാർ. ആർക്കും മാപ്പു തരില്ല.....

ഈ സംസാരം നമുക്കിവിടെവച്ചു നിർത്താം. കുടിക്കാൻ തണുത്ത സംഭാരമെടുക്കട്ടെ?’

തമ്പി ചവട്ടിക്കുലുക്കി പുറത്തുകടന്നു. പിന്നാലെ ബേബിച്ചായൻ, പിന്നെ കുറുപ്പ്‌.

ജനാർദ്ദനൻ തമ്പി കാറിന്റെ ഡോർ വലിച്ചു തുറന്നു. അപ്പോൾ എതിരേ രാമകൃഷ്‌ണകൈമൾ വരുന്നുണ്ടായിരുന്നു. കാറിനടുത്തു വന്ന്‌ അടക്കിയ ശബ്‌ദത്തിൽ കൈമൾ ചോദിച്ചു.

‘എന്തായി?’

തമ്പി പല്ലുകൾ ഞെരിച്ചു.

‘കെഴവൻ ചതിക്കും കൈമളേ. ഒടുക്കത്തെ ആദർശം പറഞ്ഞു നമ്മുടെ പാർട്ടി കുളം തോണ്ടും.

വിടില്ല ഞാൻ.........

പൗരസമിതിക്കാരുടെ നാവാ ഇപ്പോൾ ആ നായിന്റെ മോൻ.......’

ബേബിച്ചായൻ കൈമളേ നോക്കി.

‘ഈ വീടും പറമ്പും എത്ര ഏക്കറുണ്ട്‌?’

‘ആറ്‌...’

കൂടെ നിൽക്കണം. ചെലപ്പോൾ കുഞ്ഞുക്കുട്ടനും ഗോദവർമ്മയും ഈ ഭൂമിയിലുണ്ടായെന്നു തന്നെ വരില്ല. പകരം നിങ്ങൾക്കു കിട്ടുന്നത്‌ ഈ വീടും പറമ്പും.......‘

കൈമളുടെ കണ്ണുകൾ വിടർന്നു.

’സമയമാവുമ്പോൾ വിവരമറിക്കാം. തമ്പുരാന്റെ ഓരോ നീക്കവും ശ്രദ്ധിക്കണം. അപ്പഴപ്പോൾ അറിയിക്കണം.

കൈമൾ തലയാട്ടി.

ഉണ്ണിത്തമ്പുരാനെയാ കൂടുതൽ സൂക്ഷിക്കേണ്ടത്‌. കുഞ്ഞുകുട്ടൻ തമ്പുരാന്റെ മകൾ ബാലയുമായി അടുപ്പത്തിലാ അയാള്‌. പോരാത്തതിന്‌ കുറച്ചു വിപ്ലവോം മനസ്സിലുണ്ട്‌. പാർട്ടിക്കെതിരേ ചെറുപ്പക്കാരെ മുഴുവൻ സംഘടിപ്പിക്കുന്നത്‌ ഉണ്ണിത്തമ്പുരാനാ.‘

ജനാർദ്ദനൻ തമ്പി നീട്ടി മൂളിക്കൊണ്ട്‌ കാറിൽ കയറി. കൂടെ കുറുപ്പും ബേബിച്ചായനും. കാർ മുന്നോട്ടു നീങ്ങി. മുന്നിലേക്കാഞ്ഞുകൊണ്ട്‌ കുറുപ്പും പറഞ്ഞു.

’തമ്പി രാഘവൻനായരെ കൊല്ലുന്നതു കണ്ടു നിന്ന ഒരേ ഒരു സാക്ഷിയേയുളളു. കുഞ്ഞുക്കുട്ടൻ തമ്പുരാൻ. അയാൾ ചതിച്ചാൽ.‘

തമ്പി അടക്കിയ ശബ്‌ദത്തിൽ പറഞ്ഞു.

’ചതിക്കില്ല. ചതിക്കാൻ അയാൾ ബാക്കിയുണ്ടാവില്ല.‘

ബേബിച്ചായൻ മെല്ലെ ചോദിച്ചു.

’അത്രയും വേണോ തമ്പി?‘

തമ്പി ക്രൂരമായി ചിരിച്ചു.

’വേണമെടോ. രാഷ്‌ട്രീയത്തിൽ സെന്റിമെന്റ്‌സിനു സ്‌ഥാനമില്ല. ഒപ്പം നിന്നവർ അകന്നുകഴിഞ്ഞാൽ തല്ലിച്ചതയ്‌ക്കുകയല്ല നാവു മുറിക്കുകയാണു വേണ്ടത്‌. തനിക്കറിയാമല്ലോ ഈ രാഘവൻനായർ തന്നെ ആരായിരുന്നു. പാർട്ടീടെ ആചാര്യനായിരുന്നില്ലേ? നാഴികയ്‌ക്കു നാൽപതുവട്ടം വെടിയേറ്റു തീർന്നുപോയ ഒരു കാർന്നോരുടെ പേരും പറഞ്ഞ്‌ ഒടുക്കത്തെ ഇമേജുണ്ടാക്കിയെടുത്തില്ലേ ആ നായിന്റെ മോൻ? അയാള്‌ ഒരുപാടു കാലം ജീവിച്ചിരുന്നാൽ ഈ തമ്പി വഴിയാധാരമായിപ്പോവും. അതുകൊണ്ടുതന്നെയാ കൊന്നത്‌. അപ്പോൾ ആ കുഞ്ഞുക്കുട്ടൻ തല്ലിയലച്ച്‌ അങ്ങോട്ടു വരുമെന്ന്‌ ആരോർത്തു.?‘

ഒരു തെളിവും ബാക്കി വയ്‌ക്കണ്ട. ശർക്കരക്കുടത്തിൽ കൈയിട്ടാൽ നക്കാനറിയാത്തവനെയൊന്നും സോഷ്യലിസ്‌റ്റ്‌ പാർട്ടിക്കു വേണ്ട. അവരൊക്കെ ചില്ലിട്ടഫോട്ടയ്‌ക്കുള്ളിൽ അനശ്വരനായി ഇരുന്നോട്ടെ.

* * *

ഈസി ചെയറിൽ ചാഞ്ഞുകിടന്നിരുന്ന കുറുപ്പ്‌ അറിയാതെ ഒന്നു പുളഞ്ഞു. വിരലുകൾക്കിടയിലിരുന്നു സിഗററ്റ്‌ കത്തിത്തീർന്നിരുന്നു. അയാൾ കൈ കുടഞ്ഞു. ചാരം മൊസേക്ക്‌ ഫ്‌ളോറിൽ വീണു. വിവശനായി കുറുപ്പ്‌ എഴുന്നേറ്റു.

’ആ രാത്രിയാണു കുഞ്ഞിക്കുട്ടൻ തമ്പുരാനും ഭാര്യ ഭാഗീരഥിത്തമ്പുരാട്ടിയും പുഴയിൽ ചാടി രക്ഷപ്പെട്ടത്‌. പെങ്ങളും ഭർത്താവും കൊല്ലപ്പെട്ടുവെന്നറിഞ്ഞ ഗോദവർമ്മ തമ്പിയേയും തന്നെയും ബേബിച്ചായനെയുമെല്ലാം പോലീസിലേൽപ്പിക്കുമെന്നു പറഞ്ഞതു പിറ്റേന്നു രാത്രി..... പിന്നെയും രാത്രി വന്നു. നാലുകെട്ടിൽ ചോര ഒഴുകിപ്പടർന്ന രാത്രി. ബാലത്തമ്പുരാട്ടിയും ഗീതത്തമ്പുരാട്ടിയും തന്റെയും കൈമളുടെയുമൊക്കെ പിടിയിലമർന്ന്‌ അലറിക്കരഞ്ഞ രാത്രി. ഉണ്ണിത്തമ്പുരാൻ ശവമായി മാറിയ രാത്രി.

കുറുപ്പ്‌ വിവശനായി ചുവരിൽ അള്ളിപ്പിടിച്ചു.

എല്ലാമോർക്കാൻ ഇങ്ങനെയൊരു ദിവസം വരുമെന്ന്‌ അന്നു ചിന്തിക്കാൻ മറന്നുപോയി. ചോര കണ്ടപ്പോൾ ഉന്മാദമായിരുന്നു. നിലവിളി കേട്ടപ്പോൾ കൗതുകമായിരുന്നു. പൂവുപോലെയുള്ള മെയ്‌ കയ്യിൽ കിട്ടിയപ്പോൾ ഭ്രാന്തായിരുന്നു. വേണ്ടായിരുന്നു. ഒന്നും വേണ്ടായിരുന്നു. അരുതാത്തതിനൊന്നും കൂട്ടു നിൽക്കരുതായിരുന്നു.

കൈകൾകൊണ്ടു മുഖം പൊത്തി കുറുപ്പു വിങ്ങിപ്പൊട്ടി.

തലയ്‌ക്കു മുകളിൽ ഡമോക്ലീസിന്റെ വാൾ പോലെ മരണം തൂങ്ങിയാടുന്നു. ക്ലോക്കിന്റെ ചലനമായി മരണത്തിന്റെ സ്‌പന്ദനം കാതുകളിൽ തല്ലിയലയ്‌ക്കുന്നു.

മരണം ഇപ്പോൾ എവിടെയാണു തന്നെ കൂട്ടിക്കൊണ്ടു പോകാൻ കാത്തുനിൽക്കുന്നത്‌? ബംഗ്ലാവിനു പുറത്തോ? സ്വീകരണമുറിയിലോ? അതോ ഈ ബെഡ്‌ റൂമിലോ?

പ്രത്യേകിച്ചൊന്നും സംഭവിക്കാതെ പകൽ എരിഞ്ഞടങ്ങി. കറുത്ത കമ്പിളിപ്പുതപ്പുമായി രാത്രി വന്നു. രാജ്‌മോഹന്റെ പ്രത്യേക നിർദ്ദേശപ്രകാരം എട്ടു പേരടങ്ങുന്ന ചെറിയ ഒരു സംഘം പോലീസുകാർകൂടി ബംഗ്ലാവിലെത്തിയിരുന്നു. ബംഗ്ലാവിനുള്ളിൽനിന്നും സാധനങ്ങളെല്ലാം പുറത്തു കടത്താൻ ഹരീന്ദ്രനേയും ജോസ്‌ മാത്യുവിനേയും അവർ സഹായിച്ചു. പരിശീലനം നേടിയ രണ്ടു പോലീസ്‌ നായകൾകൂടി രംഗത്തെത്തി. അവ മണം പിടിച്ച ബംഗ്ലാവിനുള്ളിൽ സ്‌ഫോടകവസ്‌തുക്കളൊന്നുമില്ലെന്നു കണ്ടെത്തി. ബംഗ്ലാവു ശൂന്യമായിട്ടും രാജ്‌മോഹൻ ഒരിക്കൽകൂടി എല്ലാം പരിശോധിച്ച്‌ ഉറപ്പുവരുത്തി. ഗേറ്റിനു മുന്നിൽ നാലു പോലീസുകാർ നിതാന്തജാഗ്രതയോടെ കാവൽ നിന്നു. ബംഗ്ലാവിനു പുറത്തു ഗേറ്റിനുള്ളിലായി പോലീസ്‌ നായകളോടൊപ്പം രണ്ടു പോലീസുകാരുണ്ടായിരുന്നു. ബംഗ്ലാവിന്റെ പിന്നിലായി നിശ്വാസംപോലും നിയന്ത്രിച്ചുകൊണ്ട്‌ ജോസ്‌ മാത്യു ബംഗ്ലാവിനുള്ളിലെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇന്ദ്രപാൽ.

റോഡിലൂടെയുള്ള വാഹനങ്ങൾ ശ്രദ്ധിക്കാൻ ഹരീന്ദ്രൻ.

എല്ലാത്തിനും നേതൃത്വം കൊടുത്തുകൊണ്ട്‌ കാറിനുള്ളിൽ രാജ്‌മോഹൻ. അയാൾ മെല്ലെ നിശ്വസിച്ചു.

ഒന്നും സംഭവിക്കില്ലെന്ന്‌ ഉറച്ചു വിശ്വസിക്കുമ്പോഴും ശത്രുഘ്‌നന്റെ വാക്കുകൾ വിടാതെ പിൻതുടരുന്നു. ദൈവം കൈയൊഴിഞ്ഞവനെ ആർക്കും രക്ഷിക്കാനാവില്ല. മരണം ഇപ്പോഴുള്ളതു കൺമുന്നിലല്ല കൈയകലത്തിൽ.

ശത്രുഘ്‌നൻ എങ്ങിനെയാവാം കുറുപ്പിനെ കൊല്ലാൻ തീരുമാനിച്ചിട്ടുള്ളത്‌?.

രാജ്‌മോഹൻ വാച്ചിൽ നോക്കി മണി പതിനൊന്നിനോടടുക്കുന്നു. പുലരാൻ ഇനിയുള്ളത്‌ ഏഴു മണിക്കൂർ. നിർണ്ണായകമായ ഏഴു മണിക്കൂർ.........

Previous Next

എൻ.കെ. ശശിധരൻ

1955 നവംബർ 25-ന്‌ കൊടുങ്ങല്ലൂരിൽ ജനിച്ചു. എൻ.കെ.സരോജിനിയമ്മയും ടി.ജി. നാരായണപ്പണിക്കരുമാണ്‌ മാതാപിതാക്കൾ. മലയാലസാഹിത്യം ഐച്ഛികമായെടുത്ത്‌ മാസ്‌റ്റർ ബിരുദം നേടി. പതിന്നാലു വർഷക്കാലം സിനിമാരംഗത്ത്‌ സഹസംവിധായകനായി പ്രവർത്തിച്ചു. ആദ്യചിത്രംഃ രാജപരമ്പര, ചുവന്ന അങ്കി, അഗ്‌നിശലഭങ്ങൾ, എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥയും സംഭാഷണവും ‘ചക്രവർത്തി’ എന്ന ചിത്രത്തിന്‌ സംഭാഷണവുമെഴുതി. ആകാശവാണി തൃശൂർ-കോഴിക്കോട്‌ നിലയങ്ങൾ നാടകങ്ങൾ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. ഇപ്പോൾ ആനുകാലികങ്ങളിൽ നോവലുകൾ എഴുതുന്നു. ചാവേർപ്പട, കർഫ്യൂ, കാശ്‌മീർ, മറൈൻ കിങ്ങ്‌, മർമ്മരങ്ങൾ, മരണമുദ്ര, ആദ്യത്തെ കൺമണി തുടങ്ങിയവയാണ്‌ കൃതികൾ. ഇതിൽ കർഫ്യൂ ചലച്ചിത്രമായി.

വിലാസംഃ വാരണക്കുടത്ത്‌, ഇടനാട്‌ ചൊവ്വര - 683 571.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.