പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ആകാശം നഷ്‌ടപ്പെട്ടവൾ > കൃതി

മൂന്ന്‌​‍്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വെണ്ണല മോഹൻ

നോവൽ

സീതയുടെ മനസ്സിൽ ഒരു കിളി പിടയുംപോലെ. രാത്രി ഉറങ്ങിയതെപ്പോഴാണെന്നറിയില്ല. ഉണർന്നത്‌ അതിരാവിലെയായിരുന്നു.

സീത ഉണരുമ്പോൾ രാമകൃഷ്‌ണൻ ഉണർന്നിട്ടേയുണ്ടായിരുന്നില്ല. മുറി നിറയെ മദ്യത്തിന്റെ ഗന്ധം നിറഞ്ഞുനിന്നിരുന്നു. ആദ്യകാലങ്ങളിൽ ഈ ഗന്ധം ഛർദ്ദിൽ വരുത്തിയിരുന്നു. ഇപ്പോൾ ഒരു മനംമടുപ്പു മാത്രം. ജീവിതവും ഇങ്ങനെതന്നെയാവാം.

രാമകൃഷ്‌ണനെ ഉണർത്തണോ വേണ്ടയോ- ഒരുനിമിഷം അവൾ ശങ്കിച്ചു. അടുത്തനിമിഷം അതു വേണ്ടെന്നു വച്ചു. ഓഫീസിൽ പത്തുമണിക്ക്‌ എത്തിയാൽപ്പോരെ. വെറുതെ എന്തിനു നേരത്തെ വിളിച്ചുണർത്തണം. സീത മുറിവിട്ടിറങ്ങി.

ഇനി അടുക്കള ജോലികൾ. ആധുനിക സൗകര്യമുളള സ്ഥിതിക്ക്‌ എളുപ്പം കഴിഞ്ഞേക്കും. അതിനുശേഷം... അപ്പോഴും മനസ്സിൽ കിളിയുടെ പിടച്ചിൽ തീർന്നിരുന്നില്ല. ഉണ്ണിയേട്ടനെക്കുറിച്ചു പറഞ്ഞത്‌ ഇപ്പോഴും ബാക്കിനിൽക്കുന്നു. രാമേട്ടൻ മുഴുവനായി പറഞ്ഞില്ല. അധിക ആകാംക്ഷ കാണിക്കാൻ മനസ്സിനൊരു ഭയം.

വീട്ടുജോലികൾ ഒരുവിധം ഒതുങ്ങാറായപ്പോഴേക്കും രാമകൃഷ്‌ണൻ ഒരു കോട്ടുവായുടെ അകമ്പടിയോടെ കടന്നുവന്നു. പതിവില്ലാത്തവിധം അയാൾ അവളെ നോക്കി ഒരു പ്രത്യേക ചിരിചിരിച്ചു. ആ നിമിഷം സീതയുടെ മനസ്സൊന്നു ആന്തി. എന്തൊക്കെയോ അറിഞ്ഞും പറഞ്ഞും ശേഷമുളള ചിരിയാണോ. മുഖം വല്ലാതായത്‌ അറിയാതിരിക്കാനായി സീത എന്തോ ആവശ്യത്തിനെന്നപോലെ മുഖം തിരിച്ചു.

“ങാ... ഇന്നലെ ഞാനല്പം ഫിറ്റിലായിപ്പോയി.”

രാമകൃഷ്‌ണൻ ബ്രഷും പേസ്‌റ്റുമെടുക്കുന്നതിനിടയിൽ പറഞ്ഞു.

ഫിറ്റിലാകാത്ത ദിവസം ഏതാണ്‌? എല്ലാ ദിവസവും ഇതേ കാഴ്‌ചതന്നെയല്ലേ. ആദ്യമൊക്കെ ഇങ്ങനെ കാണുമ്പോൾ ഭയന്നിരുന്നു, ദുഃഖിച്ചിരുന്നു. വിഷമിച്ചിരുന്നു. ഇപ്പോൾ ഒരുതരം നിർവികാരത, എന്തു വേണമെങ്കിലും ആകട്ടെയെന്ന തോന്നൽ. ഒരന്യനോടു തോന്നുന്ന അകൽച്ച. സീതയുടെ ഒരു മൂളൽപോലും തിരിച്ചു കേൾക്കാതായപ്പോൾ രാമകൃഷ്‌ണൻ വീണ്ടും പറഞ്ഞു.

‘ലേശം ഫിറ്റിലായെന്നുവച്ചു നന്നാവുകതന്നാ ചെയ്‌തത്‌. കുറച്ച്‌ ലാഭോണ്ടായില്ലേ. പുതിയ ബന്ധങ്ങള്‌ ഉയർച്ചയ്‌ക്ക്‌ ഗുണങ്ങളാ... ’

അവൾ അപ്പോഴും അതിനൊരു മറുപടിയും പറഞ്ഞില്ല. ആ സമയം അവൾ സ്വയം ചോദിക്കുകയായിരുന്നു. ഉയർച്ച എന്നു പറയുന്നതിന്‌ ഇവരൊക്കെക്കാണുന്ന അർത്ഥമെന്താണ്‌? കൂടുതൽ പണമോ, അധികാരമോ, ആർഭാടപൂർവമായ ജീവിതമോ? മനസ്സിന്റെ ദാരിദ്ര്യത്തെക്കുറിച്ചും സമ്പൂർണ്ണതകളെക്കുറിച്ചും ഇവർക്കൊന്നും ഒരു ധാരണയുമില്ലേ.

ഒരു നിമിഷം കൂടി സീതയുടെ മറുപടിക്കെന്നപോലെ അയാൾ നിന്നു. അങ്ങിനൊന്നുണ്ടാകാതായപ്പോൾ അടുത്തനിമിഷം അയാൾ വാഷ്‌ബെയ്‌സിനടുത്തേക്കു നടന്നു. പിന്നെ ബാത്ത്‌റൂമിലേക്കും.

രാമകൃഷ്‌ണൻ കുളിയും കഴിഞ്ഞെത്തിയപ്പോഴേക്കും മേശപ്പുറത്ത്‌ ബ്രേക്ക്‌ഫാസ്‌റ്റ്‌ റെഡി. ഭക്ഷണം കഴിക്കാതെ കസേരയിലിരുന്നുകൊണ്ട്‌ അയാൾ പറഞ്ഞു.

“നീ ഒരു റെഡിമെയ്‌ഡ്‌ ഭാര്യയാണെടീ...”

“എന്നുവെച്ചാൽ...”

“ജസ്‌റ്റ്‌ ലൈക്ക്‌ മെഷ്യൻ വൈഫ്‌...”

വീണ്ടും സീത അയാളുടെ മുഖത്തേക്ക്‌ ഒരു വിശദീകരണത്തിനായി നോക്കി.

“കൃത്യമായി എനിക്കു ഭക്ഷണം തരുന്ന, വസ്‌ത്രങ്ങൾ കഴുകിത്തരുന്ന, കാത്തിരിക്കുന്ന ഭാര്യ...”

“പിന്നെ?”

“ജീവിതം നിനക്ക്‌ ആഘോഷിക്കാനറിയില്ല. വേണ്ട ആസ്വദിക്കാനെങ്കിലും... അതില്ല.”

“എന്നുവച്ചാൽ..”

“നിനക്ക്‌ എന്റെകൂടെ പാർട്ടിക്കുവരാൻ, ഡാൻസു ചെയ്യാൻ, ക്ലബ്ബിൽ പോകാൻ വേണ്ട സ്ലീവ്‌ലസ്സും ധരിച്ച്‌ എന്റെ ഫ്രണ്ട്‌സിനെക്കാണാൻ പോകാൻ... വല്ലതും തോന്നിയിട്ടുണ്ടോ..”

ഉദ്ദേശം വ്യക്തം. അവൾക്ക്‌ ആ വാക്കുകൾ അറപ്പാണുണ്ടാക്കിയത്‌.

“നിനക്ക്‌ മോഡേൺ ലൈഫിനെക്കുറിച്ച്‌ ഒന്നും അറിയില്ല.”

“ശരിയാണ്‌... ഇങ്ങനെയൊക്കെയായാലേ ജീവിതം ആഘോഷിക്കാനും ആസ്വദിക്കാനും ഭാര്യയാകാനും കഴിയൂ എന്നെനിക്കറിയില്ലായിരുന്നു.”

“എന്താ ഇത്ര സംശയം! നീ ഇപ്പോൾ ചെയ്‌തുതരുന്നതൊക്കെ ഏതു സ്‌ത്രീയ്‌ക്കും ചെയ്‌തുതരാവുന്നതാണ്‌.”

സീത കോപത്താൽ ഒന്നുചിരിച്ചു.

“തെറ്റിപ്പോയി രാമേട്ടാ...രാമേട്ടൻ നേരത്തെ പറഞ്ഞത്‌ ഏതു തെരുവുസ്‌ത്രീയ്‌ക്കും കഴിയും. ഒരു ഭാര്യയ്‌ക്കു മാത്രമേ അതിനു മനസ്സില്ലാതാകൂ...അല്ലെങ്കിൽ എന്തും ഏതൊരാൾക്കും ചെയ്‌തുതരാൻ കഴിഞ്ഞേക്കും. പക്ഷേ, അതിനുപിന്നിലെ മനസ്സ്‌..”

ബാക്കി പറയുംമുമ്പ്‌ രാമകൃഷ്‌ണൻ ചാടിയെഴുന്നേറ്റു.

“മനസ്സ്‌...മനസ്സ്‌...എന്തു മനസ്സ്‌...ഫാസ്‌റ്റു ലൈഫിൽ ആമയും മുയലും കളിയാണ്‌..”

രാമകൃഷ്‌ണൻ വെട്ടിത്തിരിഞ്ഞ്‌ അകത്തേക്കുപോയി. ഡ്രസുമാറാനുളള ഒരുക്കത്തിലാണെന്നു സീതയ്‌ക്കു മനസ്സിലായി. അവൾ മുറിയിലേക്ക്‌ ഓടിച്ചെന്നു.

“രാമേട്ടാ..”

അയാൾ വിളി കേൾക്കാതെ ഡ്രസെടുക്കാൻ തുടങ്ങി.

“ഞാൻ ഒരു ഗ്രാമപ്പെണ്ണല്ലേ... എന്തെങ്കിലും പറഞ്ഞൂന്നുവച്ച്‌ ഇത്രയ്‌ക്കു ശുണ്‌ഠിയായാലോ... ഭക്ഷണം കഴിക്കാതെ എങ്ങോട്ടാ..”

“എനിക്കു വേണ്ട... നീ കഴിച്ചോ..”

രാമകൃഷ്‌ണന്റെ സ്വരം കനത്തിരുന്നു.

“അതു പറ്റില്ല.”

അവൾ അയാളുടെ കൈക്കു കയറിപ്പിടിച്ചുവലിച്ചു. “വരുന്നേയ്‌...”

കൈ തട്ടിമാറ്റി അയാൾ കനപ്പിച്ചു പറഞ്ഞു.

“എനിക്കു പഴയ മലയാളം സിനിമയിലെ സീൻസിനോട്‌ താത്‌പര്യമില്ലെന്നറിയില്ലേ. പിന്നെന്തിനീ പ്രഹസനം...”

ആത്മാർത്ഥതപോലും അറിയാനാകുന്നില്ലല്ലോ ഈശ്വരാ...

“മതി ഈ അഭിനയമൊന്നും എന്റടുത്തു ചെലവാകില്ല.”

ബാക്കികൂടി അയാൾ പറഞ്ഞുകേട്ടപ്പോൾ മറ്റൊന്നിനും ആകാതവൾ തിരിച്ചുപോന്നു. ഡൈനിംഗ്‌ ടേബിളിനരുകിലെ കസാലയിൽ അവളിരുന്നു. അടുത്തുവന്ന്‌ ഒരാശ്വസിപ്പിക്കൽ, ഒരു തലോടൽ... അവൾ വെറുതെ പ്രതീക്ഷിച്ചു.

അപ്പോഴേക്കും അയാൾ തയ്യാറായിക്കഴിഞ്ഞിരുന്നു.

“ദേ...ഞാനിറങ്ങുന്നു. ലെയിറ്റായാൽ ഭക്ഷണവും വച്ച്‌ ഉറങ്ങാതെ കാത്തിരിക്കണ്ട കേട്ടോ..അത്‌ എനിക്കിഷ്‌ടമല്ല.”

സീത മൗനത്തിലഭയം തേടി. രാമകൃഷ്‌ണൻ പോയിക്കഴിഞ്ഞുവെന്നുറപ്പായപ്പോൾ അവൾ വാതിലടച്ചു. ഇന്നലെ രാത്രിയും ഭക്ഷണം കഴിച്ചില്ല. ഇന്നു രാവിലെയും ഭക്ഷണം കഴിച്ചില്ല. മദ്യപിച്ചു റോഡിൽ ഉറങ്ങാതെ ഇവിടെ വന്നുറങ്ങി എന്നുമാത്രമോ!

അതോ ചൗധരിയുടെയും രേണുവിന്റെയും കഥയ്‌ക്ക്‌ ഒരു കേൾവിക്കാരിയെ കിട്ടാൻ ഇവിടെ വന്നതോ? എന്നാലും ഭക്ഷണം കഴിക്കാതെ പോയതിൽ വല്ലാത്ത വിഷമം തോന്നി സീതയ്‌ക്ക്‌. തന്റെ സങ്കടം രാമകൃഷ്‌ണൻ മനസ്സിലാക്കുന്നില്ലല്ലോ എന്നോർത്തപ്പോൾ അതിലൊരു വ്യസനവും തോന്നി. വീട്ടിലേക്കു കത്തയയ്‌ക്കാൻ വൈകിയിരിക്കുന്നു. അവർക്കു കിട്ടേണ്ട ഒരേയൊരു വാക്കേ തന്നിൽനിന്നൊളളൂ. തനിക്കു സുഖമാണ്‌. ഏതായാലും ആ വാക്ക്‌ വൈകാതെ എഴുതിയറിയിക്കണം. ആ വാക്കു വായിച്ച്‌ സമാധാനവും അഭിമാനവും കൊളളട്ടെ അവർ. പുതുതായി വാങ്ങിയ ഫ്രിഡ്‌ജിന്റെയും വാഷിംഗ്‌ മെഷീന്റെയും വിലകൂടി എഴുതാം. അതുകൂടി വായിച്ചാൽ അവർക്കു മനസ്സിലാകും താൻ പരമസുഖത്തിലാണ്‌, സന്തോഷത്തിലാണ്‌ എന്നൊക്കെ.

അടുത്ത നിമിഷം വീണ്ടും മനസ്സ്‌ ഉണ്ണിയേട്ടനിലേക്കു തിരിഞ്ഞു. ഒന്നും ചോദിക്കാനായില്ലല്ലോ. മനസ്സിൽ ഒരാശയം രൂപമെടുത്തിരുന്നതാണ്‌. തലേന്നത്തെ ബാക്കിവിശേഷംപോലെ ഉണ്ണിയേട്ടനെക്കുറിച്ചു ചോദിക്കുക. അതിനു കഴിഞ്ഞില്ല.

ആ മൂഡിലേക്കെത്തുംമുമ്പ്‌ എല്ലാ മൂഡും കളഞ്ഞിറങ്ങിപ്പോയില്ലേ. എന്തുചെയ്യണമെന്നറിയാതെ മനസ്സിനെ ചുറ്റിത്തിരിയാൻ വിട്ടു കുറെനേരം കൂടി സീത അതേ ഇരിപ്പു തുടർന്നു. എപ്പോഴൊക്കെയോ സമയമണി മുഴങ്ങിയിരുന്നു. അതൊന്നും സീത ശ്രദ്ധിച്ചതേയില്ല. അവൾക്കും ഭക്ഷണം കഴിക്കാൻ തോന്നിയില്ല.

Previous Next

വെണ്ണല മോഹൻ

വെണ്ണല മോഹൻ, ‘സൗപർണ്ണിക’, 2&118 എ, എരൂർ നോർത്ത്‌ പി.ഒ., തൃപ്പൂണിത്തുറ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.