പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ആകാശം നഷ്‌ടപ്പെട്ടവൾ > കൃതി

പതിനാറ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വെണ്ണല മോഹൻ

നോവൽ

സീത തരിച്ചിരുന്നുപോയി. എന്തിനാണ്‌ പോലീസ്‌ കമ്മീഷണർ വിളിക്കുന്നത്‌? ഒരുവട്ടം അവൾ ആലോചിച്ചു. അതിനുത്തരം കണ്ടുപിടിക്കേണ്ടിവന്നില്ല. അതിനുമുമ്പേ കമ്മീഷണർ ചോദിച്ചു.

“രാമകൃഷ്‌ണൻ ഇല്ലേ അവിടെ?”

“ഇല്ല.”

“നിങ്ങൾ ആരാണ്‌?”

“രാമകൃഷ്‌ണന്റെ ഭാര്യ.”

അങ്ങേത്തലയ്‌ക്കൽ ആ ഉത്തരം ഒരു പരിഭ്രമം സൃഷ്‌ടിക്കുന്നുണ്ടെന്നു സീതയ്‌ക്കു തോന്നി. ഉടനെതന്നെ ആജ്ഞവന്നു.

“ഞാൻ എത്തുംവരെ നിങ്ങൾ അവിടെനിന്നും പോകരുത്‌.”

സീത സമ്മതിച്ചു. അടുത്ത നിമിഷം സീത സ്വയം ചോദിച്ചു. വിളിച്ചത്‌ കമ്മീഷണർ ഓഫീസിൽ നിന്നാണെന്നും കമ്മീഷണറാണെന്നും എന്താണ്‌ ഉറപ്പ്‌? ഇതു ബോംബെ നഗരമല്ലേ. വെറും നഗരമല്ല. മഹാനഗരം! ഈ നഗരത്തിൽ എന്തെന്തു വക്രതകളാണ്‌ ഉണ്ടാകുന്നത്‌. ഇതും ഒരുതരം കബളിപ്പിക്കലാണെങ്കിലോ? ഒരു സഹായത്തിനു വിളിക്കാൻപോലും ആരുമില്ല. ആരേയും പരിചയമില്ല. എല്ലാവരും അവരവരുടെ ലോകത്തുമാത്രം വിഹരിക്കുന്നവരാണ്‌. ഒന്നലറിക്കരഞ്ഞാൽ അതുകേൾക്കാൻപോലും ആർക്കും ആവില്ല. അല്പനിമിഷങ്ങൾക്കുളളിൽ ഫോൺ ചെയ്‌ത ആൾ എത്തുമെന്നറിയിച്ചിട്ടുണ്ട്‌. ആ വരുന്നത്‌ കമ്മീഷണർതന്നെ ആയിരിക്കുമോ? അവൾ സംശയിച്ചു.

ഒരു സെക്കന്റ്‌! അവളുടെ മനസിൽ ബുദ്ധി തെളിഞ്ഞു. ഡയറക്‌ടറി എടുത്ത്‌ പോലീസ്‌ കമ്മീഷണർ ഓഫീസിന്റെ നമ്പർ തേടിയെടുത്തു. അതിനുശേഷം ഡയൽ ചെയ്‌തു. കൃത്യം കമ്മീഷണർ ഓഫീസിൽ കിട്ടി. അവൾ വെപ്രാളത്തോടെ ഇംഗ്ലീഷിൽ ചോദിച്ചു. “ഞാൻ സീത. മിസ്‌റ്റർ രാമകൃഷ്‌ണന്റെ ഭാര്യ. അല്പം മുമ്പ്‌ കമ്മീഷണർ ടെലിഫോൺ ചെയ്‌തിരുന്നുവല്ലോ. പുറപ്പെട്ടുവോ?”

“ങും... ഉടനെ പുറപ്പെടും.” മറുപടി വന്നു.

സീതയ്‌ക്ക്‌ അല്പം ആശ്വാസം തോന്നി. കമ്മീഷണർ ഓഫീസിൽനിന്നു തന്നെയാണ്‌ വിളിച്ചിരിക്കുന്നത്‌. അത്‌ ഉറപ്പിക്കാം. അത്രയും ആശ്വാസം.

ഇനി എന്തിനാണാവോ കമ്മീഷണറുടെ വരവ്‌. അതും ഈ സമയത്ത്‌? അതാണ്‌ പിടികിട്ടാത്ത കാര്യം. അടുത്ത നിമിഷം അവൾ രാമകൃഷ്‌ണനെക്കുറിച്ചോർത്തു. എന്തൊരു മനുഷ്യൻ. നഗരഹൃദയത്തിലെ ഫ്ലാറ്റിൽ തന്നെ ഒറ്റയ്‌ക്കാക്കി ദിവസങ്ങൾ കഴിഞ്ഞേ വരൂ എന്നു പറഞ്ഞിറങ്ങിപ്പോയ രാമേട്ടൻ... തന്റെ സുരക്ഷിതത്വം ഒരു പ്രശ്‌നവുമല്ലാത്ത മനുഷ്യൻ. അല്ലെങ്കിലും രാമേട്ടനെന്നും രാമേട്ടന്റെ കാര്യവും സുരക്ഷിതത്വവുമായിരുന്നല്ലോ പ്രശ്‌നം.

ഇനി? കമ്മീഷണർ എന്തിനാണാവോ എത്തുന്നത്‌? എന്താണ്‌ ഉത്തരം പറയേണ്ടത്‌? സീതയക്ക്‌ ഒരുപിടിപോലും ഇല്ലാതായി. അവൾക്കങ്ങനെ ആലോചിച്ചു നിൽക്കാനായില്ല. അപ്പോഴേക്കും വാതിലിൽ മുട്ടുകേട്ടു.

സീത വാതിൽ തുറന്നു. കമ്മീഷണർ, ഒരു വനിതാപോലീസ്‌ ഉദ്യോഗസ്ഥ, മറ്റു രണ്ടു പോലീസുകാർ. വനിതാ പോലീസുദ്യോഗസ്ഥ മലയാളിയായിരുന്നു. കമ്മീഷണർ അവരെ നോക്കി എന്തോ ഹിന്ദിയിൽ പറഞ്ഞു. അവർ ചിരിച്ചു. സീത പരിഭ്രമിച്ചു നില്‌ക്കുകയായിരുന്നു. വനിതാപോലീസ്‌ സ്വയം പരിചയപ്പെടുത്തി.

“മാഡം.... ഞാനും മലയാളിയാണ്‌. പേര്‌ തങ്കം. ഫോർട്ടുകൊച്ചിയിൽ വീട്‌.”

സീത അപ്പോഴും ചിരിക്കാൻപോലും മറന്നുനിന്നു. സീതയുടെ പരിഭ്രമം അവർക്ക്‌ ശരിക്കും മനസ്സിലായി. വീണ്ടും തങ്കം പുഞ്ചിരിച്ചു.

“പരിഭ്രമിക്കേണ്ടതില്ല. ഞങ്ങൾ ചില കാര്യങ്ങൾ ചോദിച്ചറിയാൻ വന്നതാണ്‌. ചോദ്യങ്ങൾക്ക്‌ ശരിയായ, സത്യസന്ധമായ മറുപടി മാത്രം തന്നാൽ മതി.”

അപ്പോഴേക്കും സീത പരിഭ്രമത്തിൽനിന്നും ലേശം വിമുക്തയായിക്കഴിഞ്ഞിരുന്നു. വന്നവർ വാതിൽക്കൽത്തന്നെ അവളേയും നോക്കി നിൽക്കുകയാണ്‌.

“കടന്നുവരൂ... ഇരിക്കൂ..”

“താങ്ക്‌സ്‌.”

അവർ അവളുടെ ക്ഷണം സ്വീകരിച്ചു. അകത്തേയ്‌ക്കു കയറി. പോലീസുകാരൻ വാതിൽ അകത്തുനിന്നും അടച്ചു.

‘ഇന്നലെ രാത്രി രമാ ചൗധരി മരണപ്പെട്ടിരിക്കുന്നു.“

”ഏതു രമാ ചൗധരി?“

”രാമകൃഷ്‌ണന്റെ ഭാര്യയായിരുന്ന രമാചൗധരി.“

”രാമേട്ടന്റെ ഭാര്യയോ.. അതു ഞാനാണല്ലോ.“

അതു കേട്ടപ്പോൾ തങ്കം ചിരിച്ചു. നല്ല മുഴക്കമുളള ചിരി. മറാത്തിയിൽ അവർ പോലീസ്‌ കമ്മീഷണറോട്‌ എന്തോ പറഞ്ഞു. കമ്മീഷണറുടെ ഗൗരവമാർന്ന മുഖത്ത്‌ ഒരു ഗൗരവച്ചിരി വിരിയുകയും ചെയ്‌തു.

”നിങ്ങൾ പറയുന്നു നിങ്ങളാരാണ്‌ രാമകൃഷ്‌ണന്റെ ഭാര്യയെന്ന്‌. പക്ഷെ രമാചൗധരിയാണ്‌ ഭാര്യയെന്ന്‌ അറിയാവുന്ന ഒട്ടേറെപ്പേർ ഇവിടുണ്ട്‌.“

ഭാഷയിലുണ്ടായ വ്യതിയാനം സീത ശ്രദ്ധിക്കുകയായിരുന്നു.

”അതിനെക്കുറിച്ച്‌ എനിക്കറിയില്ല. ഞാൻ രാമേട്ടന്റെ ഭാര്യയാണ്‌. നിയമപ്രകാരം വിവാഹിതരായവരാണ്‌...“

”ശരി... രാമകൃഷ്‌ണൻ എവിടെ?“

”ടൂറിലാണ്‌.“

”എന്നു പോയി?“

”രണ്ടുദിവസമായി പോയിട്ട്‌.“

”പക്ഷെ, കഴിഞ്ഞ രാത്രി ഇവിടെ ഉണ്ടായിരുന്നു എന്നതിന്‌ ഞങ്ങളുടെ അടുത്ത്‌ തെളിവുണ്ടല്ലോ.“

സീത ഒന്നും മിണ്ടിയില്ല. തങ്കം നാടകീയമായി എഴുന്നേറ്റ്‌ മുറിയിൽനിന്നും ഒരു സിഗരറ്റുകുറ്റി കുനിഞ്ഞെടുത്തു.

”ഈ സിഗററ്റ്‌ വലിച്ചതാരാണ്‌. നിങ്ങൾ വലിക്ക്വോ?“

”ഇല്ല.“

”മറ്റാരെങ്കിലും ഇവിടുണ്ടോ?“

”ഇല്ല.“

”മുറി ദിവസങ്ങളോളം വൃത്തിയാക്കാതിരിക്വോ.“

”ഇല്ല.“

”വെരിഗുഡ്‌. നന്നായിരിക്കുന്നു.“

തങ്കം സിഗരറ്റുകുറ്റിയിലേക്കു തന്നെ നോക്കിക്കൊണ്ട്‌ ഒരു നിമിഷം നിന്നു.

”നിങ്ങൾക്ക്‌ രമാചൗധരിയെ അറിയ്വോ?“

എന്തുപറയണം എന്നറിയാതെ സീത വിഷമിച്ചിരുന്നു. തങ്കം അവളുടെ ഉത്തരം ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നുന്നു. സീത ഉത്തരം പറയുംമുമ്പേ തന്നെ തങ്കം വീണ്ടും ചോദിച്ചു.

”അപ്പോൾ അന്നത്തെ പാർട്ടിയിൽ രമ ഉണ്ടായിരുന്നില്ലെ.“

”ഇല്ല.“

”എന്ത്‌? അപ്പൊ ആരൊക്കെയാണ്‌ പാർട്ടിയിൽ പങ്കുചേർന്നത്‌.“

”പാർട്ടി ഒന്നും ഉണ്ടായിരുന്നില്ല.“

”ആദ്യം ചോദിച്ചപ്പോൾ പാർട്ടി ഉണ്ടായിരുന്നില്ലെന്നല്ലല്ലോ രമ ഉണ്ടായിരുന്നില്ലെന്നാണല്ലോ പറഞ്ഞത്‌. അതെന്താണ്‌ അങ്ങിനെ?“

സീത മിണ്ടിയില്ല.

”രമാചൗധരിയെ അറിയാതെ രമാചൗധരി പാർട്ടിയിൽ ഉണ്ടായിരുന്നില്ലെന്നു നിങ്ങൾക്കെങ്ങിനെ അറിയാം.“

”ഞാൻ ഒരു പാർട്ടിയും ഉണ്ടായിരുന്നില്ലെന്നല്ലേ പറഞ്ഞത്‌.“

”അങ്ങിനെതന്നാണോ പറഞ്ഞത്‌.“

തങ്കം ഉച്ചത്തിൽ ചിരിച്ചു. ആ ചിരിയിൽ താൻ ഇല്ലാതായിപ്പോകും പോലെ സീതയ്‌ക്കു തോന്നി. സീത പിന്നിലേക്കു നോക്കി. പോലീസുകാർ മൈക്രോ ടേപ്പ്‌ റിക്കാർഡറിലെ സ്വിച്ച്‌ അമർത്തുന്നതു കണ്ടു.

ഓഹോ... അപ്പോൾ ഇതുവരെയും താൻ പറഞ്ഞതും അവർ ചോദിച്ചതുമെല്ലാം റിക്കാർഡു ചെയ്‌തെടുക്കുകയായിരുന്നു.

പിന്നെയും തങ്കം എന്തൊക്കെയോ ചോദിക്കുകയും സീത ഉത്തരം പറയുകയും ചെയ്‌തു. ചില ഉത്തരങ്ങൾ അവർ ശ്രദ്ധിക്കാത്തതുപോലെ ഭാവിച്ചു. ചില ചോദ്യങ്ങൾ ആവർത്തിക്കുകയും ചെയ്‌തു.

തങ്കം മറാത്തിയിൽ കമ്മീഷണറോട്‌ എന്തോ പറയുകയും കമ്മീഷണർ മറാത്തിയിൽതന്നെ മറുപടി പറയുകയും ചെയ്‌തു.

”ശരി... നിങ്ങളോട്‌ സത്യസന്ധമായി ഒന്നും മറച്ചുവയ്‌ക്കാതെ മറുപടി പറയണം എന്നും പറഞ്ഞാണു ചോദിച്ചു തുടങ്ങിയത്‌. എന്നാൽ, നിങ്ങളാകട്ടെ എല്ലാം മറച്ചുവച്ചുകൊണ്ട്‌ ഉത്തരം പറയുകയും ചെയ്‌തു.“

ഒരുനിമിഷം നിർത്തിയശേഷം ഇടിവെട്ടുംപോലെ തങ്കം പറഞ്ഞു.

”നിങ്ങൾക്കു രമാചൗധരിയെ അറിയാം. ഇവിടെ ഒരു പാർട്ടി നടന്നിരുന്നു. രമയുടെ മരണത്തിൽ രാമകൃഷ്‌ണനു പങ്കുണ്ട്‌. എല്ലാം ഒളിക്കാൻ ശ്രമിക്കുന്ന നിങ്ങളും കുറ്റക്കാരിയാണ്‌.“

എന്തോ പറയാൻ സീത തുനിഞ്ഞു. പക്ഷെ, അവളുടെ തൊണ്ട വരണ്ടിരുന്നു. ഒന്നും പറയാനാവൾക്കായില്ല. തങ്കവും കമ്മീഷണറും എഴുന്നേറ്റു.

”ഇനി ഞങ്ങൾ വിളിക്കുമ്പോൾ സ്‌റ്റേഷനിലേക്കു വരേണ്ടിവരും. ഞങ്ങൾ അറിയാതെ ഇവിടംവിട്ടു പോകരുത്‌. ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കുക.“

ഓരോരുത്തരായി വാതിൽ തുറന്നു പുറത്തിറങ്ങി. എല്ലാവരും ഫ്ലാറ്റുവിട്ടപ്പോൾ സീത വാതിൽ അടച്ചു ലോക്കു ചെയ്‌തു. സെറ്റിയിലേക്ക്‌ അവൾ വീണു. പുറത്ത്‌, അപ്പോൾ പ്രഭാതം ശരിക്കും വിടരുന്നതേ ഉണ്ടായിരുന്നുളളു.

എന്ത്‌? രാമേട്ടൻ കൊലപാതകിയാണോ. അതോ, രമാ ചൗധരി ആത്മഹത്യ ചെയ്‌തതാണെങ്കിൽ അതിനു പിന്നിലും രാമേട്ടന്റെ സ്വാധീനമുണ്ടോ. സീതയ്‌ക്ക്‌ ആകെ വല്ലായ്‌ക തോന്നി. അതിലേറെ നടന്നതൊക്കെ വിശ്വസിക്കാൻ അവളുടെ മനസ്‌ നന്നേ പാടുപെട്ടു.

ഏതാണ്ട്‌ ഒരു സിനിമപോലെ. അങ്ങനെയായിരിക്കട്ടെ എന്നവൾ ആശ്വസിക്കുകയും ചെയ്‌തു. അല്പനിമിഷങ്ങൾക്കുളളിൽ അന്നത്തെ പത്രം വന്നുവീണു. സീത പത്രമെടുത്ത്‌ നിവർത്തി. സ്‌റ്റെയിറ്റ്‌ ന്യൂസിൽ രമാചൗധരിയുടെ മരണം റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ആർത്തിയോടെ അതു വായിച്ചു സീത.

ആത്മഹത്യയെന്നോ, കൊലപാതകമെന്നോ പറഞ്ഞിട്ടില്ല. ദുരൂഹമരണം എന്നാണ്‌ പറഞ്ഞിട്ടുളളത്‌. ഇതിനുപിന്നിൽ എന്തോ അനധികൃത ബിസിനസുകൾ ചെയ്യുന്നവരും ഉണ്ടെന്നു കരുതുന്നുവത്രേ.

അപ്പോൾ രാമേട്ടൻ അനധികൃത ബിസിനസുകാരനാണോ?

അടുത്ത വരിയിലായിരുന്നു രമയെ പരിചയപ്പെടുത്തിയിരുന്നത്‌. രാമകൃഷ്‌ണന്റെ ഭാര്യയെന്ന്‌!

സീതയ്‌ക്ക്‌ തലചുറ്റുംപോലെ തോന്നി. അവൾ സെറ്റിയിൽതന്നെ കിടന്നു. ആലംബമില്ലാത്ത നഗരപ്രവാഹത്തിലെ ഒരു ബിന്ദുവായി താൻ ലയിച്ചുതീരുംപോലെ അവൾക്കു തോന്നി. എന്തുചെയ്യണം എന്നറിയാത്ത അവസ്ഥ.

ഇനിയും സ്‌റ്റേഷനിലേക്കു വിളിക്കപ്പെട്ടാൽ.... ചോദ്യം ചെയ്യൽ ഇതുപോലെ ആയിരിക്കണമെന്നില്ല. അപ്പോൾ... സീത മനസ്സു മുഴുവൻ ശൂന്യമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

രണ്ടു ദിവസം തീ തിന്നു ജീവിച്ച സീതയുടെ മുന്നിലേക്കു മൂന്നാംനാൾ തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ ഒരാൾ പ്രത്യക്ഷപ്പെട്ടു.

രാമകൃഷ്‌ണൻ!

”നീ ഭയന്നുപോയല്ലേ?“

രാമകൃഷ്‌ണൻ ചോദിച്ചു.

സീത, രാമകൃഷ്‌ണനെ ഒരന്യനെപ്പോലെ നോക്കി.

Previous Next

വെണ്ണല മോഹൻ

വെണ്ണല മോഹൻ, ‘സൗപർണ്ണിക’, 2&118 എ, എരൂർ നോർത്ത്‌ പി.ഒ., തൃപ്പൂണിത്തുറ.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.