പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ആകാശം നഷ്‌ടപ്പെട്ടവൾ > കൃതി

പത്ത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വെണ്ണല മോഹൻ

നോവൽ

ബാംബെയ്‌ക്കു പോകുംമുൻപുളള രണ്ടുദിവസങ്ങളും സീത പുറത്തേക്കിറങ്ങിയില്ല. അമ്പലത്തിലേക്കു പോയതേയില്ല. പക്ഷേ, സീതയേയും പ്രതീക്ഷിച്ച്‌ ഉണ്ണി ആ ദിവസങ്ങളിലൊക്കെ നിന്നു. അവളെ കാണാതായപ്പോൾ അവന്‌ ആധിയായി. ഇനി വല്ല പ്രശ്‌നങ്ങളും ഉണ്ടായോ.. ആരോടന്വേഷിക്കാനാണ്‌. തീ പിടിച്ച മനസ്സുമായി ഉണ്ണി കഴിഞ്ഞു.

അമ്മ ഓടിനടന്ന്‌ കുറച്ച്‌ പലഹാരങ്ങളും അച്ചാറുകളും റെഡിയാക്കി സീതയ്‌ക്കു കൊണ്ടുപോകാൻ പായ്‌ക്കു ചെയ്‌തു. എന്തുവന്നാലും പ്രശ്‌നമില്ലെന്നു മനസ്സിൽ കരുതി ഉണ്ണി വരുമ്പോഴായിരുന്നു ബോംബെയ്‌ക്ക്‌ പോകാൻ തയ്യാറായി അച്‌ഛനും മകളും ഇറങ്ങുന്നത്‌.

യാദൃശ്ചികമായി കണ്ടതുപോലെ ഉണ്ണി ഒതുങ്ങിനിന്നു. സീതയുടെ അച്‌ഛന്റെ മുഖം ചെമന്നു.

“ഞാൻ തിരിച്ചുപോവ്വാ ഉണ്ണിയേട്ടാ..”

പോകുമ്പോളെങ്കിലും ഒന്നുകൂടി കാണണം എന്ന്‌ മനസ്സിലോർത്തതു നടന്നല്ലോ.. സീതയ്‌ക്ക്‌ തൃപ്‌തിതോന്നി.

“ഇത്ര പെട്ടെന്ന്‌..?”

ഉണ്ണി ചോദിച്ചുതീരും മുൻപ്‌ അച്‌ഛൻ എടുത്തടിച്ചതുപോലെ പറഞ്ഞു.

“നീ ഒരുത്തൻ കാരണം...”

“അച്‌ഛാ.. ” സീത വിളികൊണ്ട്‌ വിലക്കാൻ ശ്രമിച്ചു.

അച്‌ഛൻ പിന്നെ ഒന്നും പറഞ്ഞില്ല. എന്നാൽ കാര്യം അറിയാതെ വല്ലാത്ത ഒരവസ്ഥയിൽ നിന്നുപോയി ഉണ്ണിക്കൃഷ്‌ണൻ.

സീതയ്‌ക്ക്‌ വല്ലാത്ത വിഷമം തോന്നി. ഉണ്ണിയെ ഒന്നാശ്വസിപ്പിക്കാനായി അവൾ നിന്നു. അവൾ നിന്നത്‌ അച്‌ഛന്‌ അത്ര പിടിച്ചില്ല.

“നീ എന്തിനാ അവിടെ ഉറയ്‌ക്കണത്‌.. നടക്കണുണ്ടോ..” അച്‌ഛൻ കയർത്തു.

“സീത പൊയ്‌ക്കോളൂ..”

നടക്കുംവഴി സീത ഇടയ്‌ക്കിടെ തിരിഞ്ഞു നോക്കി. ഉണ്ണി അതേ നില്‌പു നിൽക്കുകയാണ്‌. ഓരോ തവണ തിരിഞ്ഞു നോക്കുമ്പോഴും അവളുടെ മനസ്സ്‌ അരുതേ എന്നു മന്ത്രിക്കും. എന്നിട്ടും കഴിയാതെ തിരിഞ്ഞുനോക്കും.

വഴിതിരിയും വരെ അവൾ അങ്ങനെ തന്നെ ചെയ്‌തു.

അച്‌ഛൻ മുമ്പേ നടന്ന്‌ പല്ലിറുമ്മുന്നത്‌ അവൾക്ക്‌ അറിയാമായിരുന്നു. എങ്കിലും അവൾക്ക്‌ അച്‌ഛനെ ധിക്കരിക്കാതിരിക്കാൻ ആയില്ല. എന്തൊക്കെയോ നഷ്‌ടപ്പെടും പോലുളള വേദന. വരരുതായിരുന്നു. ഈ ജന്‌മത്തിൽ നിന്നും പൂർവ്വജന്മത്തിലേക്ക്‌ ഒരു കൂപ്പുകുത്ത്‌ വേണ്ടായിരുന്നു.

പോകുംവഴി അച്‌ഛൻ എന്തോ അത്യാവശ്യങ്ങൾ മാത്രം സംസാരിച്ചു. വേറെ ഒന്നും പറഞ്ഞില്ല.

പതിവതല്ല; വിശേഷങ്ങൾ പലതും പറയാറുളളതാണ്‌. ഇപ്പോൾ അച്‌ഛന്റെ മനസ്സ്‌ തിരകളിളകും കടൽപോലെയായിരിക്കും.

രാമേട്ടനെ കണ്ടാൽ... ഒരാഴ്‌ച വീട്ടിൽ നിർത്താൻ പോയ ആളെ തിരിച്ചുകൊണ്ടുവരുന്നതു കണ്ടാൽ... എന്തു മറുപടി പറയും... എങ്ങനെ അഭിമുഖീകരിക്കും.

ഇതൊക്കെയാകാം അച്‌ഛന്റെ മനസ്സിൽ. വീട്ടിൽ നിന്നും കടുംപിടുത്തം പിടിച്ചു പോന്നെങ്കിലും എങ്ങനെയാണ്‌ രാമേട്ടന്റെ മുന്നിൽ തിരിച്ചുവരവ്‌ അവതരിപ്പിക്കേണ്ടത്‌ എന്നറിയാതെ സീതയും വിഷമിച്ചു.

ഡ്രീംവില്ലയിൽ ചെല്ലുമ്പോൾ ഭാഗ്യത്തിനു ഫ്ലാറ്റിൽ രാമകൃഷ്‌ണനുണ്ടായിരുന്നു. സീതയെയും അച്‌ഛനേയും കൂടി കണ്ടപ്പോൾ രാമകൃഷ്‌ണനിൽ അത്ഭുതം കൂറി.

“ങും... എന്തുപറ്റി?”

അച്‌ഛൻ ഒരു ഉത്തരവും പറയാതെ കൊണ്ടുവന്ന സാധനങ്ങൾ എടുത്തുവയ്‌ക്കുകയും സീതയെ നോക്കുകയും ചെയ്‌തു.

“ഞാൻ നിർബന്ധിച്ചു പോന്നതാ.. രാമേട്ടനെ കാണാതിരിക്കാനാവണില്ല.” ഒച്ച കുറച്ചാണ്‌ സീത പറഞ്ഞത്‌. രാമകൃഷ്‌ണന്റെ മുഖം മാറി.

“അല്ലാട്ടോ അച്‌ഛാ..” അടുത്ത നിമിഷം അയാൾ പഴയ ഭാവത്തിലായി. രാമകൃഷ്‌ണൻ അച്‌ഛനോടു പറയാൻ തുടങ്ങി.

അച്‌ഛൻ തലയുയർത്തി നോക്കി.

“ഞങ്ങളുടെ മനഃപൊരുത്തം നോക്കിയെ... ഞാൻ ഒന്ന്‌ സീത എത്തിയിരുന്നെങ്കിൽ എന്ന്‌ ആലോചിച്ചതേ ഉളളൂ അപ്പോഴേക്കും എത്തി.”

രാമകൃഷ്‌ണൻ ചിരിച്ചു. അച്‌ഛനതു കേട്ടപ്പോൾ തൃപ്‌തിയായി.

ഇത്‌ കൊലച്ചിരിയാണ്‌. അവൾ മനസ്സിലോർത്തു. എന്തൊരഭിനയം... ആ അഭിനയം അവളിൽ വെറുപ്പാണ്‌ തീർത്തത്‌. മടക്കയാത്രയ്‌ക്കുളള ടിക്കറ്റു റിസർവ്വ്‌ ചെയ്‌തിരുന്ന അച്‌ഛൻ പിറ്റേന്നു വെളുപ്പിനുതന്നെ പോയി.

രാമകൃഷ്‌ണൻ സീതയോടു ചോദിച്ചു. “എന്ത്യേ നിന്റെ പൂർവ്വ കാമുകൻ അവിടെയില്ലേ..”

സീത ഒന്നു പറഞ്ഞില്ല.

“ഞാൻ നിന്നെ കൊണ്ടുവരില്ലാന്നു കരുതിയാണോ നീ ഉടനെ പോന്നത്‌..”

സീത അതിനും മറുപടി പറഞ്ഞില്ല.

“ന്തായാലും നീ നേരത്തേ പോന്നത്‌ കഷ്‌ടായി.”

“എന്താണ്‌?” സീത ചോദിച്ചു.

“ഞാൻ ചില പ്രോഗ്രാമുകൾ ഫിക്‌സു ചെയ്‌തിരുന്നതാണ്‌. അതെല്ലാം ഇനി ക്യാൻസൽ ചെയ്യിക്കണം.”

“എന്തു പ്രോഗ്രാം?” സീത ചോദിച്ചു.

“പറയണോ?” അയാൾ ഒരു പ്രത്യേക ചിരിയോടെ ചോദിച്ചു.

“പറയൂ..” രാമകൃഷ്‌ണൻ പറഞ്ഞു തുടങ്ങിയപ്പോഴേ സീത വല്ലാതായി.

Previous Next

വെണ്ണല മോഹൻ

വെണ്ണല മോഹൻ, ‘സൗപർണ്ണിക’, 2&118 എ, എരൂർ നോർത്ത്‌ പി.ഒ., തൃപ്പൂണിത്തുറ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.