പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അഗ്നിച്ചിറകുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വൃന്ദ ഉണ്ണി

നിരൂപണം

അഗ്നിച്ചിറകുകൾ (രണ്ടാം പതിപ്പ്‌)

എ.പി.ജെ. അബ്‌ദുൾ കലാം

ഡി.സി. ബുക്‌സ്‌, കോട്ടയം. വില 80.00

മിസൈൽ സാങ്കേതികവിദ്യയിൽ ഇന്ത്യയെ ലോകത്തിന്റെ ഉച്ചിയിൽ പ്രതിഷ്‌ഠിച്ച മഹാശാസ്‌ത്രജ്‌ഞ്ഞനെന്ന നിലയിൽ എ.പി.ജെ. അബ്‌ദുൾ കലാം നൂറു കോടി ജനങ്ങളുടെ സ്വകാര്യമായൊരു അഭിമാനമാണിന്ന്‌. ശൂന്യാകാശം, പ്രതിരോധം, ആണവോർജം എന്നീ ശാസ്‌ത്ര സങ്കീർണതകളിൽ ധിഷണയും ജീവിതവും സമർപ്പിച്ച അദ്ദേഹം ഒരു രാഷ്‌ട്രത്തിന്റെ ശുഭപ്രതീക്ഷകൾക്കുതന്നെയാണ്‌ ചിറകു പിടിപ്പിച്ചത്‌. ഒരു പ്രതിരോധ രഹസ്യംപോലെ നിഗൂഢവും ഒരു ധ്യാനനിമിഷംപോലെ വിശുദ്ധവുമായ ഈ ജീവിതത്തിന്റെ അനിതരസാധാരണമായ ഉൾക്കാഴ്‌ചകൾ പ്രകാശിപ്പിക്കുകയാണ്‌ ഈ ആത്മകഥ.

രാമേശവരത്തെ ഒരു സാദാ വഞ്ചിയുടമയുടെ മകൻ, കൊച്ചു കൊച്ചു ജോലികൾ ചെയ്‌തു പഠിച്ച്‌, വ്യോമസേനാ പൈലറ്റാനാകുളള മോഹം തകർന്ന്‌, ഒടുക്കം റോക്കറ്റ്‌ സാങ്കേതിക വിദ്യയിൽ അഗ്രഗണ്യനായിമാറിയ കഥ ആധുനിക ഭാരതത്തിന്റെ ഉയിർത്തെഴുന്നേല്‌പിന്റെ ഇതിഹാസമാണ്‌. ചിലപ്പോൾ വിക്ഷേപണത്തറയിലെ കൗണ്ട്‌ ഡൗൺ പോലെ ഉദ്വേഗം നിറഞ്ഞതും മറ്റു ചിലപ്പോൾ രാമേശ്വരം ക്ഷേത്രത്തിനു ചുറ്റും അദൃശ്യമായൊരു സുഗന്ധംപോലെ തങ്ങിനിന്ന വിശുദ്ധി നിറഞ്ഞതുമാണ്‌ ഈ ജീവിതം. സതീഷ്‌ ധവാൻ, ബ്രഹ്‌മപ്രകാശ്‌, വിക്രംസാരാഭായ്‌ എന്നീ ഭാരതീയ ശാസ്‌ത്രത്തിലെ അധികായന്മാരാൽ പ്രചോദിപ്പിക്കപ്പെട്ടവൻ എന്ന്‌ വിനയംകൊളളുന്ന അബ്‌ദുൾ കലാമിൽ നാം ഋഷിതുല്യമായൊരു ജ്‌ഞ്ഞാനപ്രകാശം കാണുന്നു. ശാസ്‌ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ലോകത്ത്‌ സനാതനസത്യങ്ങൾ ആരാഞ്ഞ്‌ ഈ മനുഷ്യന്റെ ജീവിതകഥ വായനയുടെ ലോകത്ത്‌ പുതിയൊരുന്മേഷംതന്നെ സൃഷ്‌ടിച്ചു. അഗ്നിച്ചിറകുകളുടെ മലയാള പരിഭാഷ ശ്രദ്ധേയമാകുന്നതങ്ങനെയാണ്‌.

വൃന്ദ ഉണ്ണി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.