പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

അഗസ്‌ത്യകൂടം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ. എൽ. പോൾ

കഥ

വീണ്ടുമൊരു അഗസ്‌ത്യകൂടം യാത്ര. രാമയ്യന്റെ നിർബന്ധത്തിന്‌ വഴങ്ങുകയായിരുന്നു. ആദ്യയാത്രയിൽ ഒപ്പമുണ്ടായിരുന്നവരെല്ലാം ഇപ്പോഴുമുണ്ട്‌. ആദ്യയാത്രയുടെ ത്രിൽ കുറഞ്ഞിട്ടുണ്ടെങ്കിലും ഗിരീഷും അനിലും ആവേശത്തിമിർപ്പിലാണ്‌. അജിത്തിനിതൊരു സാഹസിക യാത്രയായി കാണാൻ കഴിയുന്നില്ല. ഒരു തീർത്ഥയാത്രയ്‌ക്കനുപേഷണീയമായ വ്രതനിഷ്‌ഠകളോടെയാണ്‌ അജിത്ത്‌ യാത്രയ്‌ക്കെത്തിയിരിക്കുന്നത്‌. എല്ലാവർക്കും മലനിരകളോട്‌ എന്തെന്നില്ലാത്തൊരഭിനിവേശമുണ്ട്‌ അനിൽ പറയാറുളളതുപോലെ, എല്ലാവരിലും ശൈവ ‘എലിമെന്റ്‌’ വളരെ ശക്തമാണ്‌. അതുകൊണ്ടാകാം കൈലാസ സദൃശമായ അഗസ്‌ത്യകൂടം ഇവർ ലക്ഷ്യമിടുന്നത്‌. വൈകുണ്‌ഡം ഇവർക്കൊരു വെല്ലുവിളിയാകാത്തതിന്‌ കാരണം ഇവരിലുളള വൈഷ്‌ണവ എലിമെന്റിന്റെ കുറവ്‌ തന്നെയായിരിക്കണം.

അജിത്ത്‌ കവിതാ ശകലങ്ങളുമായി യാത്രയെ ബന്ധിപ്പിക്കാനുളള ശ്രമത്തിലാണ്‌.

....നോവിന്റെ ശൂലമുനമുകളിൽ കരേറാം നാരായ ബിന്ദുവിലഗസ്‌ത്യനെകാണാം.... ഈ കവിത പരമ സത്യത്തിന്റെ നാരായം കൊണ്ടെഴുതിയതാണ്‌. അനുഭവിച്ചറിയേണ്ടുന്നതു തന്നെയാണീ യാത്ര.

കൊടുംകാടാണ്‌. കാട്ടുമൃഗങ്ങൾ ഏതു നിമിഷവും ചാടിവീഴാവുന്നതാണ്‌. കാലാവസ്ഥയിലുളള വ്യതിയാനങ്ങൾ പൊടുന്നനെയുണ്ടാകാവുന്നതാണ്‌. നെടുനെടാ നടന്നും ചെങ്കുത്തായ മലനിരകളിൽ അളളിപ്പിടിച്ച്‌ കയറിയും ഇഴഞ്ഞിഴഞ്ഞ്‌ ഇറങ്ങിയും അതിരുമലയെത്തുമ്പോൾ രാത്രിയാകും. പുലർച്ചയിൽ അതിശീഘ്രം നടന്ന്‌ പൊങ്കാലപ്പാറയിലെത്തണം. പിന്നീട്‌ അങ്ങോട്ട്‌ ദുഷ്‌കരമായ യാത്രയാണ്‌. കയ്യോ കാലോ അൽപമൊന്നു തെറ്റിയാൽ അത്യഗാധമായ കൊക്കയിൽ വീണ്‌ ചിതറിത്തെറിക്കാം.

അഗസ്‌ത്യന്റെ സന്നിധിയിലെത്തുമ്പോൾ അറിയും, അത്‌ കൈലാസമാണെന്ന്‌. ജീവിതത്തിലൊരിക്കലെങ്കിലും അവിടെയെത്തിയില്ലെങ്കിൽ അതൊരു തീരാനഷ്‌ടമാണെന്ന്‌. ഒരു കാര്യം ഉറപ്പാണ്‌. തിന്മകൾ തിടം വച്ച ശരീരവും മനസ്സും ശുദ്ധീകരിക്കപ്പെടണമെങ്കിൽ അഗസ്‌ത്യകൂടം യാത്ര കൂടിയേതീരൂ.

ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലാണ്‌ അഗസ്‌ത്യവന പ്രദേശത്തേക്ക്‌ യാത്രാനുമതി ലഭിക്കുന്നത്‌. സംഘം ചേരുന്ന യാത്രികർക്കെ വനം വകുപ്പ്‌ അനുമതി നൽകുകയുളളൂ. കാടിന്റെ സ്‌പന്ദനങ്ങൾ തൊട്ടറിയുവാൻ കഴിയുന്ന ഒരു ഗൈഡ്‌ ഓരോ സംഘങ്ങൾക്കും നേതൃത്വം വഹിക്കുന്നതായിരിക്കും. അങ്ങനെ അന്നത്തെ യാത്രയിൽ ലഭിച്ച അംഗീകൃത ഗൈഡാണ്‌ രാമയ്യൻ. അന്നത്തെ യാത്രയിൽ രാമയ്യനുമായി വല്ലാത്തൊരാത്മബന്ധം സ്ഥാപിക്കുകയുണ്ടായി. അതുകൊണ്ടാണല്ലോ, നിനച്ചിരിക്കാതെ രാമയ്യനുമായി വീണ്ടുമൊരു യാത്ര വേണ്ടി വരുന്നത്‌. വർഷങ്ങളായി സീസണിൽ അഗസ്‌ത്യകൂടത്തിലെ പ്രധാന വഴികാട്ടിയായി പ്രത്യക്ഷപ്പെടാറുളള ആ പഴയ കരുത്തനല്ല ഇത്‌. അന്ന്‌ മലകയറ്റം അയാൾക്കൊരു ഉപജീവനമാർഗ്ഗം. ഇന്നത്‌ വെറുമൊരു പ്രായശ്ചിത്തം. ആ കാലുകൾ കണ്ടില്ലേ. തളർച്ചയുണ്ട്‌. കാലുകളിലൊരെണ്ണം അത്രകണ്ട്‌ ശക്തിയായി ഭൂമിയിലമരുന്നില്ല. എന്നിട്ടും മലനിരകളെ ലക്ഷ്യമാക്കി കുതിയ്‌ക്കുകയാണ്‌.

എന്റെ സാറൻമാരേ... ഉത്സാഹിച്ച്‌ നടക്ക്‌... അതിരുമലയെത്താറായി.... ഇത്രത്തോളമെത്തിയോ... യാത്രാക്ഷീണം തോന്നുന്നതേയില്ല... ഇപ്പോൾ രാമയ്യന്റെ ആ വരവിനെക്കുറിച്ചോർത്ത്‌ പോവുകയാണ്‌.

ഡിസംബറിലെ മഞ്ഞുമൂടിയ ഒരു പ്രഭാതത്തിൽ കട്ടൻക്കാപ്പിയൂതി കുടിച്ച്‌ പൊടുന്നനെ മുറ്റത്ത്‌ വന്നു വീഴാവുന്ന ന്യൂസ്‌ പേപ്പറിനെ ലക്ഷ്യമാക്കി, ഗേറ്റിലേക്ക്‌ കൺപായിക്കവേ, മുഷിഞ്ഞ കാവി മുണ്ടും കറുത്ത മുറിക്കൈയ്യൻ ഷർട്ടുമിട്ടൊരാൾ രൂപം ചിരിച്ചുകൊണ്ടോതുന്നു... മനസ്സിലായില്ലേ... ഞാൻ... രാമയ്യൻ... അഗസ്‌ത്യകൂടത്തിലെ വഴികാട്ടി.

രാമയ്യനോ! വന്നാട്ടെ... ഇതെന്തൊരു കോലമാണ്‌... എന്തുപറ്റി രാമയ്യാ... നടത്തത്തിൽതന്നെ എന്തോ ചില പന്തികേടിന്റെ സൂചനകളുണ്ടല്ലോ. വീട്‌ കണ്ട്‌ പിടിക്കാൻ ഒത്തിരി ബുദ്ധിമുട്ടിയോ രാമയ്യാ...

സാറിന്റെ വിലാസമുണ്ടായിരുന്നതുകൊണ്ട്‌ അധികം വലയേണ്ടിവന്നില്ല.

എന്താണ്‌ രാമയ്യാ...വിശേഷങ്ങൾ

രാമയ്യൻ ഉടുമുണ്ടുയർത്തി, കാൽമുട്ടിന്‌ താഴെ പ്ലാസ്‌റ്ററിട്ടിരിക്കുന്നത്‌ കാണിച്ചു. എന്നിട്ടു പറഞ്ഞു. മെഡിക്കൽ കോളേജിലായിരുന്നു. ഇന്നലെ ഡിസ്‌ചാർജ്‌ ചെയ്‌തു. മരം മുറിച്ചപ്പോൾ ചെറിയൊരു കഷണം വന്നു വീണതാ. ആദ്യമതത്ര കാര്യമാക്കിയില്ല. ഒടിവുണ്ടായിരുന്നു.

“ഹോസ്‌പിറ്റലിൽ കൂടെ ആരുണ്ടായിരുന്നു”?

ആരുണ്ടാവാൻ. ഉണ്ടാവേണ്ടവരൊക്കെ പോയില്ലേ.

രാമയ്യൻ പറയുന്നത്‌.....

സാറ്‌ പട്ടിണി മരണം എന്നു കേട്ടിട്ടുണ്ടോ......

അടുത്ത കാലത്ത്‌ ബോണക്കാട്ട്‌........

അതുതന്നെ. മരിച്ചതിലൊരാൾ എന്റെ അമ്മയായിരുന്നു. ബോണക്കാട്ട്‌ തേയില കമ്പനി പൂട്ടിപ്പോയി സാറേ... കമ്പനി വലിയ നഷ്‌ടത്തിലായിരുന്നു. കമ്പനിയെ ആശ്രയിച്ചു കഴിഞ്ഞവരെല്ലാം വഴിയാധാരാമായി. എന്റെ കുടുംബവും അങ്ങനെയാണ്‌ തളർന്നുപോയത്‌. ഞാൻ അല്ലറചില്ലറ കൂലിപ്പണിയുമായി കുറെ ദൂരെയായിരുന്നു. തിരിച്ചുവന്നപ്പോൾ കണ്ടത്‌ അമ്മയുടെ ശവശരീരമാണ്‌. ഒറ്റയാന്റെ ചവിട്ടുകൊണ്ടാണ്‌ അപ്പൻ ചത്തത്‌. വിഷം തീണ്ടിയാണ്‌ എന്റെ പെമ്പറന്നോര്‌ കാഞ്ഞത്‌. ഒരു പുളള ഉണ്ടായിരുന്നത്‌ മഞ്ഞപ്പിത്തം വന്നു മരിച്ചു. ആകെയുണ്ടായിരുന്നത്‌ എന്റെ അമ്മയാ. അതും പോയി. പത്രത്തിൽ വലിയ പത്രാസോടെയാണ്‌ വാർത്തവന്നത്‌. സാധാരണ മരണമല്ലല്ലോ, പട്ടിണി മരണമല്ലേ....

സാറേ... ഈ കുറിപ്പടിയിലുളള മരുന്ന്‌ വാങ്ങണം. ഇന്നുതന്നെ എനിക്ക്‌ ബോണക്കാട്ട്‌ ചെല്ലണം. രൂപ വല്ലതും തരണം... സഹായിച്ചേ പറ്റൂ.... പിന്നെ എനിക്കൊരു ആഗ്രഹമുണ്ട്‌. ഒരു തവണകൂടി സാറിന്റെയും കൂട്ടുകാരുടെയും കൂടെ അഗസ്‌ത്യകൂടത്തിൽ പോകണം. പഴയതുപോലെ നടക്കാൻ കാലിന്‌ ശേഷിയില്ലെങ്കിലും എനിക്കവിടെ പോയേ പറ്റൂ....

ഞാൻ പലരുടെയും ഗൈഡായി പോയിട്ടുണ്ടെങ്കിലും സാറും കൂട്ടുകാരുമായിട്ടുളളതുപോലെ ആരുമായും അടുപ്പമില്ല. ഇനിയത്തെ യാത്ര ഒരു പ്രായശ്ചിത്തമാണ്‌. അഗസ്‌ത്യാരോട്‌ ഞാനൊരു നെറികേട്‌ കാണിച്ചു. അതിനു കിട്ടിയ ശിക്ഷയാണ്‌ അമ്മയുടെ മരണം. ഈ കാലിലെ മുറിവ്‌. ഇതുകൊണ്ടും തീരുമെന്നു തോന്നുന്നില്ല...

രാമയ്യൻ എന്തു നെറികേടാ കാണിച്ചത്‌?

ഒത്തിരി ഒത്തിരി ഔഷധച്ചെടികളും മരങ്ങളുമൊക്കെയുളള സ്ഥലമാണല്ലോ അഗസ്‌ത്യകൂടം. അതൊക്കെ അവിടെ മാത്രം വളരുന്നതും പറിച്ചെടുക്കാൻ പാടില്ലാത്തതുമാണ്‌. കാടിന്റെ നിയമങ്ങളറിയുന്നവനായിട്ടും ഞാനത്‌ തെറ്റിച്ചു.

വിതുരയിലുളെളാരു വൈദ്യരുടെ കെണിയിൽ ഞാൻ വീണുപോയി. ‘ആരോഗ്യപ്പച്ച’ പോലെ ഒരുപാട്‌ ഔഷധച്ചെടികൾ വൈദ്യരുടെ നക്കാപ്പിച്ചയ്‌ക്കുവേണ്ടി പറിച്ച്‌ വിറ്റു. കാടിനെ വിറ്റകാശുമായി നാട്ടിലെത്തിയപ്പോൾ അമ്മ....

ഇപ്പോ... വൈദ്യൻമാരുടെ ഏജന്റൻമാർ രഹസ്യമായി, ഞാൻ കാണിച്ചുകൊടുത്ത മരുന്നു ചെടികൾ കടത്തിക്കൊണ്ടുപോവുകയാണ്‌.... ഞാൻ കാരണമാണല്ലോ ഇതൊക്കെയെന്നോർക്കുമ്പോൾ വല്ലാത്ത കുറ്റബോധം.. കാലിലെ മുറിവുണങ്ങിയിട്ടില്ല... വേദന കുറഞ്ഞിട്ടില്ല, എങ്ങനെയും അഗസ്‌ത്യകൂടത്തിലെത്തിയേ പറ്റൂ...

സാറെ... സാറെന്താ കിനാവുകാണുന്നോ.. നമ്മള്‌ പൊങ്കാലപ്പാറയിലെത്തി... ഇനി കുറച്ച്‌ വിശ്രമിക്കാം... ഞാനിത്തിരി കിടന്നോട്ടെ.. കാലിന്‌ ഭയങ്കര വേദന... നീരുമുണ്ട്‌.. ഏറ്റവും കടുപ്പമുളള യാത്രയാണ്‌ ഇനിയുളളത്‌.. എന്നാലും അഗസ്‌ത്യാരുടെ മുമ്പിലെത്തിയില്ലെങ്കിൽ പിന്നെ അഗസ്‌ത്യകൂടം യാത്രയുടെ അർത്ഥമെന്താണ്‌.

രാമയ്യനില്ലാതെ എങ്ങനെയാണ്‌ മുകളിലോട്ട്‌ കയറുക.... താഴോട്ടിറങ്ങുക.

ചെറു ചെറു സംഘങ്ങൾ മുകളിലോട്ട്‌ അളളിപ്പിടിച്ച്‌ കയറുന്നുണ്ട്‌. താഴോട്ട്‌ ഇഴഞ്ഞിഴഞ്ഞ്‌ ഇറങ്ങുന്നുണ്ട്‌. അവർക്കൊപ്പം കൂടിയാലോ... ഗിരീഷും അനിലും അങ്ങനെയൊരഭിപ്രായ സമന്വയത്തിലെത്തുകയാണ്‌.

ഛേ.... ഇത്‌ ശരിയല്ല..... രാമയ്യനെ ഇവിടെ ഉപേക്ഷിച്ച്‌ പോകുന്നത്‌ ശരിയല്ല.... ഇവിടെവരെ നമ്മളെ വഴികാട്ടിയവനാ..... വയ്യാണ്ടായെന്ന്‌ പറയുമ്പം ഉപേക്ഷിച്ചാൽ.... അജിത്തിന്റെ ധർമ്മബോധം.

സാറൻമാരേ.... ഇപ്പോഴെനിക്ക്‌ നല്ല സുഖം തോന്നുന്നു. മയക്കത്തിൽ ഞാനൊരു കിനാവ്‌ കണ്ടു. കിനാവിൽ അഗസ്‌ത്യാരുടെ അരുളപ്പാടുണ്ടായിരുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും എല്ലാ വേദനകളും മാറാൻ ഒരു ഔഷധസസ്യം കാട്ടിത്തന്നു.... സാറന്മാര്‌ കുറച്ച്‌ സമയം വിശ്രമിക്കൂ.... ഞാൻ ആ മരുന്നുംകൊണ്ട്‌ ഉടൻ വരാം. വയ്യാത്ത കാലുംകൊണ്ട്‌ രാമയ്യൻ നടക്കുകയായിരുന്നോ... ഓടുകയായിരുന്നോ...

മുളംകാടുകൾ ഞെരിഞ്ഞമരുന്നു....

ആനച്ചൂരടിക്കുന്നു.... അടുത്തെവിടെയോ ആനയുണ്ട്‌.... ആനക്കൂട്ടമാണോ അതോ ഒറ്റയാനോ..... ഭയം വന്നു വിഴുങ്ങാൻ തുടങ്ങുമ്പോൾ... മഴ... വെയിൽ... പെട്ടെന്ന്‌ വളരെപെട്ടെന്ന്‌ പരിസരമാകെ മൂടി, യാത്രികരെ പരസ്‌പരം കാണാനാവാത്തവിധം മറച്ച്‌, കോടമഞ്ഞിന്റെ മേലാപ്പുകൾ.... അങ്ങനെ കടന്നുപോയത്‌ മണിക്കൂറുകളെങ്കിലും അനുഭവപ്പെട്ടത്‌ മിനിറ്റുകളെന്നപോലെയാണ്‌... തെളിഞ്ഞ ആകാശത്തിനരികെ അഗസ്‌ത്യന്റെ മുമ്പിൽ എത്തുകയും അപൂർവ്വമായ ആനന്ദവുമായി മലയിറങ്ങുകയും ചെയ്‌തപ്പോൾ രാമയ്യനെക്കുറിച്ചോർത്തതേയില്ല.

അല്ലാ... നമ്മൾ ഒരു കാര്യം മറന്നു... രാമയ്യൻ... ഗിരീഷ്‌ ഓർമ്മിപ്പിച്ചു...

സകല വേദനയ്‌ക്കുമുളള ഔഷധ സസ്യത്തിന്റെ ഇല പറിച്ചെടുക്കാൻ പോയ രാമയ്യനല്ലേ... അനിൽ ഒരു വേദാന്തിയെപ്പോലെ, കുസൃതിനിറഞ്ഞൊരു ചിരിയിൽ അമർന്നു...

എന്നാലും വല്ലാത്തൊരു ദുരൂഹതപോലെ.... രാമയ്യൻ എങ്ങോട്ടാണ്‌ പോയത്‌.... അജിത്തിന്റെ മനസ്സിലെ മഥിക്കുന്ന ചിന്തകൾക്ക്‌ വിരാമമിടാനെന്ന വണ്ണം അനിൽ പറഞ്ഞു. നമ്മൾ ഒരു രാമയ്യനുവേണ്ടി ഇത്രയും തലപുണ്ണാക്കണോ. അയാൾക്ക്‌ ഈ കാടുംമേടുമൊക്കെ നല്ല പരിചയമല്ലേ... ദാ... ഇതാണ്‌ ബോണക്കാട്ട്‌.. ആ കാണുന്നതാണ്‌ തേയിലകമ്പനി, ഇവിടെയെവിടെയോ ആണ്‌ രാമയ്യൻ ജനിച്ചുവളർന്നത്‌.. ഇവിടെയാണ്‌ പട്ടിണി മരണം.

ബോണക്കാട്ട്‌ നിന്ന്‌ തമ്പാനൂരേക്കുളള ബസ്സിൽ കയറി ഇരിപ്പിടം ഉറപ്പിക്കുമ്പോൾ പുറത്തേയ്‌ക്ക്‌ നോക്കി. ആരെങ്കിലും കൈവീശുന്നുണ്ടോ.. ആദ്യയാത്ര കഴിഞ്ഞ്‌ തിരിക്കുമ്പോൾ കൈവീശി യാത്രയയ്‌ക്കാൻ രാമയ്യനുണ്ടായിരുന്നു.

ബസ്സ്‌ വിതുരയിലെത്തിയപ്പോൾ, രാമയ്യനെ കെണിയിൽപ്പെടുത്തിയ വൈദ്യരെക്കുറിച്ചോർത്തുപോയി. അയാളെ ഒന്ന്‌ നേരിൽ കണ്ടിരുന്നെങ്കിലെന്നും ആശിച്ചുപോയി.

ബസ്സ്‌ തമ്പാനൂരിലെത്തിയപ്പോഴും രാമയ്യനെക്കുറിച്ചായിരുന്നു സംസാരം മുഴുവൻ. അപ്പോൾ ഓർക്കുകയായിരുന്നു. ഇവരെന്തിന്‌ ഇപ്പോഴും ഇതുതന്നെ സംസാരിക്കുന്നു.

ഇത്തവണ ഇവരാരും അഗസ്‌ത്യനെ ശരിക്കും കണ്ടില്ലേ... മുൻപ്‌ കണ്ട അഗസ്‌ത്യനെയാണോ? ഇപ്പോൾ ഇവർ കണ്ടത്‌. സത്യത്തിൽ ഇപ്പോൾ കണ്ട അഗസ്‌ത്യന്‌ രാമയ്യന്റെ മുഖമല്ലായിരുന്നോ....?

കെ. എൽ. പോൾ

1965-ൽ കൊല്ലം ജില്ലയിലെ കിളികൊല്ലൂർ കണ്ടച്ചിറയിൽ ‘പുത്തൻപുരയ്‌ക്കൽ’ വീട്ടിൽ ജനിച്ചു. ഇക്കണോമിക്സിൽ ബിരുദവും ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടി. 1986-ൽ സ്‌റ്റേറ്റ്‌ ഗവ. സർവ്വീസിൽ ചേർന്നു. ഇപ്പോൾ തിരുവനന്തപുരത്ത്‌ പോലീസ്‌ ഹെഡ്‌ക്വാർട്ടേഴ്സിൽ യു.ഡി.ക്ലാർക്കായി ജോലി നോക്കുന്നു. ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. ആകാശവാണി കോഴിക്കോട്‌ നിലയത്തിൽ നിന്ന്‌ കഥകളും ലളിത ഗാനങ്ങളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്‌. 35-ഓളം കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പ്രഥമ കഥാസമാഹാരം ഉടൻതന്നെ പുറത്തിറങ്ങും. എഴുത്തിനു പുറമേ സംഗീതത്തിലും അഭിനയത്തിലും അതീവ തല്പരൻ.

ഭാര്യ ഃ ഷെറീന മകൾഃ നിയത

‘റെൻഷൻ’ 38, തോപ്പിൽ നഗർ, കുമാരപുരം, മെഡിയ്‌ക്കൽ കോളേജ്‌ പി.ഒ. തിരുവനന്തപുരം

695011
Phone: 0471 441267
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.