പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > അടുക്കള കഥ പറയുമ്പോൾ > കൃതി

നിലാവേ മായുമോ.....???

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അനിത ഹരിഷ്‌. കെ

“പ്രണയമെന്തെന്ന്‌ തിരിച്ചറിഞ്ഞുവെങ്കിൽ അത്‌ നീ കാരണമാണ്‌” - ഹെർമ്മൻ ഹെസ്സെ.“

പ്രണയത്തെ ആഘോഷിക്കാൻ മാത്രമായി ഒരു ദിനം കൂടി.

ആഘോഷങ്ങൾ എന്നും സ്വകാര്യതയെ പൊളിച്ചെറിയുന്ന അനുഭവങ്ങളായിരുന്നു. പ്രണയവും ആഘോഷമാക്കേണ്ടതാണെന്ന്‌ ആദ്യം നമ്മോടോതിയതാരെന്നറിയില്ല. പക്ഷെ ആഘോഷങ്ങളുടെ കൂട്ടത്തിലേക്ക്‌ പറിച്ചു നടപ്പെട്ടതോടെ പ്രണയത്തിനു സ്വകാര്യതയുടെ സുഖം നഷ്‌ടപ്പെട്ടുവെന്നു പലരും അടുക്കളയോട്‌ പറയാറുണ്ട്‌. ശരിയാണ്‌. വാലന്റെൻസ്‌ ദിനത്തിലൂടെ നമ്മൾ പ്രണയത്തെ ആഘോഷിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. പ്രണയിക്കുകയല്ല. അല്ലെങ്കിലും മുൻനിശ്‌ചയപ്രകാരം ഒരു ദിനത്തിലേക്ക്‌ പ്രണയിക്കാൻ പാകപ്പെടും വിധം സ്വിച്ചിട്ടു പ്രവർത്തിക്കുന്ന യന്ത്രമൊന്നും അല്ലല്ലോ നമ്മുടെ ആരുടെയും മനസ്സ്‌.

അടുക്കളക്ക്‌ പറയാനുള്ളത്‌ ആഘോഷിക്കാനായി പ്രണയിക്കുന്നവരോടല്ല. പ്രണയത്തിലൂടെ സ്വന്തം ലോകം തീർക്കുന്നവരോടാണ്‌.” പ്രണയിക്കാനായി എന്തിനു ഒരു ഫെബ്രുവരി -14. ഓരോ പ്രഭാതവും, സായാഹ്‌നവും, രാവും പകലും, വർഷവും, വസന്തവും എല്ലാം നിങ്ങളുടെ പ്രണയത്തിന്റെ തീഷ്‌ണത ഏറ്റുവാങ്ങാനുള്ളതല്ലേ? ഈ ഒരു ദിനത്തിന്റെ പൊള്ളയായ തിളക്കത്തിൽ ഈയാം പാറ്റകൾ ആവാതിരിക്കട്ടെ ഓരോ പ്രണയവും......“

ലോകം പ്രണയത്തെക്കുറിച്ചോർക്കുന്ന ഈ സമയത്ത്‌ അടുക്കളക്ക്‌ സ്‌മരിക്കാനുള്ളത്‌ പ്രണയത്തിന്റെ സുഗന്ധം നിറഞ്ഞ തെന്നൽ പോലെ നമ്മെ കടന്നു പോയ ഒരു സഹോദരനെക്കുറിച്ചാണ്‌. തന്നിലെ സുഗന്ധം ഇവിടെ വിതറി മാഞ്ഞു പോയ ഒരു ഇളം തെന്നലിനെക്കുറിച്ച്‌.

അമ്മ വന്നു പറഞ്ഞപ്പോഴാണ്‌ അറിഞ്ഞത്‌.

സർജറി കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന കുഞ്ഞി മണിക്കൂറുകളായി ടെലിവിഷന്‌ മുന്നിൽ ഇരിക്കുകയാണത്രെ! ആരോഗ്യമുള്ള സമയത്ത്‌ പോലും ഒരു സിനിമ കാണുന്നിടത്ത്‌ നിന്നും പല തവണ എഴുന്നേറ്റു നടക്കുന്ന അവക്കിതെന്തുപറ്റി? കോലയിൽ ചെന്നപ്പോഴാണ്‌ അത്‌ കണ്ടത്‌. ചാനലുകൾ മാറി മാറി അവൾ കണ്ടുകൊണ്ടിരിക്കുന്നത്‌ ഒരു ചിത്രം മാത്രമാണ്‌. മലയാളിയുടെ പ്രിയ പാട്ടെഴുത്തുകാരൻ ഗിരീഷ്‌ പുത്തഞ്ചേരിയുടെ അന്ത്യയാത്ര!!!

പാതി നിറഞ്ഞ കണ്ണുകളും കാണാം, തൂങ്ങിയ കവിളുകളും അടുപ്പമുള്ള ഏറെ പേർക്കൊപ്പം അദ്ദേഹത്തെ അകലെ നിന്ന്‌ മാത്രം കണ്ട അവളുടെ മനസ്സും തേങ്ങുകയാണ്‌. ഞങ്ങളിൽ പാട്ടുകളോട്‌ ഏറ്റവും പ്രിയം എന്നും അവൾക്കായിരുന്നു. വെറുതെയിരിക്കുമ്പോൾ അവൾ മൂളാറുള്ള ഈണങ്ങളും കേട്ട്‌ ഏറെ കൗതുകത്തോടെ ഞങ്ങൾ നിന്നിട്ടുണ്ട്‌. അങ്ങനെ പാതി മൂളലും, പാതി വാക്കുകളും ആയി അവളുടെ അധരങ്ങളിൽ നിന്നുതിർന്നിരുന്ന ഈണങ്ങളിൽ പലതിനും ജീവൻ നല്‌കിയ ആളാണ്‌ ചേതനയില്ലാതെ ചില്ലുകൂട്ടിൽ ഇനിയൊരു പാട്ട്‌ മൂളാനാവാതെ തണുത്തുറഞ്ഞു കിടക്കുന്നത്‌.

ചാനലുകളിൽ അനുസ്‌മരണങ്ങൾ തുടരുകയാണ്‌. എന്നും മൂളാറുള്ള ചില വരികൾ അവൾ പാടാൻ ശ്രമിച്ചു. പക്ഷെ അവൾക്കറിയാമായിരുന്നു., വിങ്ങുന്ന മനസ്സിന്റെ നാദധാര ഇടറിക്കൊണ്ട്‌ മാത്രമേ വായുവിലെക്കൂളിയിടൂ എന്ന്‌. ഒടുവിൽ അവൾ കൃഷ്‌ണമോളേ വിളിച്ചു കുറെ വരികൾ പാടിച്ചു. കൈക്കുടന്ന നിറയെ മധുരം തരുന്ന വസന്തത്തിന്റെ ഗൃഹാതുരത, എന്തെ മനസ്സിലൊരു നാണം എന്ന്‌ പാടുമ്പോഴത്തെ കുസൃതി കലർന്ന ലജ്ജ, കാർമുകിൽ വർണ്ണന്റെ ഭക്തിയാൽ അടയുന്ന മിഴികൾ...... പക്ഷെ ഇന്ന്‌ എല്ലാ ഈണങ്ങൾക്കും ഒരേ ഭാവം മാത്രം. വീണുടഞ്ഞ ആ സൂര്യകിരീടത്തിന്റെ ശോകം! ! !

പ്രിയ പാട്ടുകാരാ..... അവളുടെ ഉള്ളിലെ തേങ്ങലെനിക്ക്‌ മനസ്സിലാക്കാം. പക്ഷെ അത്‌ കേട്ടിരുന്ന ഓരോ നിമിഷവും എന്റെ മനസ്സിൽ നിറയുന്ന ശൂന്യതക്ക്‌ എന്താണർത്ഥം? മനസിന്റെ മണിച്ചിമിഴിൽ താലോലിച്ചിരുന്ന വരികളിൽ ചിലത്‌ നിന്റെതായിരുന്നു. പ്രണയവും, വാത്സല്യവും, വിഷാദവും, ആർദ്രതയും എല്ലാം മനസ്സിലേക്ക്‌ തുളച്ചിറക്കിയ വരികൾ. പക്ഷെ ആ വരികൾക്കപ്പുറത്തേക്ക്‌ നിന്റെ പേര്‌ ഒരിക്കലും മനസ്സിൽ തെളിയാറില്ല. പക്ഷെ ആ വരികളെ ഇവിടെ വിട്ടു നീ മാത്രം യാത്രയാവുമ്പോൾ ഞങ്ങൾ അറിയുന്നു. കേവലം ആ വരികൾ മാത്രമല്ല, അതിലൂടെ കാല്‌പനികതയുടെ തരളിതമായ ആ മനസ്സും നീ നിങ്ങൾ അറിയാതെ ഞങ്ങളിൽ കൂടിയിരുത്തിയിരുന്നുവെന്ന്‌.

പ്രണയത്തെ, കിനാവുകളെ, സന്ധ്യകളെ, പ്രഭാതത്തെ, മഞ്ഞിൻ കണങ്ങളെ, നിലാവിനെ, മുകിലിനെ, രാവിനെ എല്ലാം തരളിതമാക്കാൻ നിന്റെ തൂലിക ഇനി ചലിക്കില്ല എന്നോർക്കുമ്പോൾ ഉണരുന്ന ശൂന്യത നിറക്കാൻ ഇനിയും ഭാവനകൾ ഇവിടെ ഉണ്ടായേക്കാം.... എങ്കിലും നിന്റെ പ്രിയ സുഹൃത്ത്‌ പറഞ്ഞപോലെ ശരീരത്തിന്റെ ചില യാഥാർത്ഥ്യങ്ങളെ അവഗണിച്ചു ജീവിതയാത്രയെ ആഘോഷിച്ച; ആളിക്കത്തും മുമ്പേ അണഞ്ഞുപോയ ചില ഓർമ്മകൾക്കൊപ്പം കൂട്ടായി ഇനി നിന്റെ പേരും..... ചങ്ങമ്പുഴ, വയലാർ, ലോഹിതദാസ്‌.......

മനസ്സിന്റെ ജാലകത്തിനപ്പുറത്തു താളത്തിലൊരു പദനിസ്വനമായി ഉണരാൻ ഇനി നിന്റെ വാക്കുകൾ ചുവടുവക്കില്ല എന്നോർക്കുമ്പോൾ കുഞ്ഞിയോടൊപ്പം, നിന്നിലൂടെ ഉതിർന്നു വീഴാനിരുന്ന അനേകം വരികളിലെ വാക്കുകൾക്കൊപ്പം എനിക്കും കരയാതെ വയ്യ....... ഈണങ്ങൾക്ക്‌ നീലഭസ്‌മക്കുറി ചാർത്തിയ നിന്റെ വരികൾ ഇവിടെ മുഴങ്ങുവോളം നിന്നെ ഓർക്കാതെയും വയ്യ..........

മലയാളം പ്രണയം പറയാനായി ആംഗ്യങ്ങൾ പോരാതെ വരുമ്പോൾ, വാക്കുകൾ തിരയുമ്പോൾ ആ വരികൾ ഞങ്ങളോടോതും നിന്റെ നാമം. അതെ, പ്രിയ പാട്ടുകാരാ........ പ്രണയം നിലനില്‌ക്കുവോളം നിനക്കും നീ കോറിയിട്ട അക്ഷരനക്ഷത്രങ്ങൾക്കും മരണമില്ല...............

Previous Next

അനിത ഹരിഷ്‌. കെ


E-Mail: anithaharishk@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.