പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ആരും കേണലിന് എഴുതുന്നില്ല > കൃതി

അധ്യായം 7

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഗബ്രിയേൽ ഗാർസ്യ മാർക്വിസ്‌ ,പരമേശ്വരൻ

ഒരു നനഞ്ഞ ട്രൗസറിന്റെ ഭാഗം ഹാളില്‍, രണ്ടു കൊളുത്തുകളില്‍ കെട്ടിയിരുന്ന അയയില്‍ തൂക്കിയിട്ടിരുന്നു. അവന്‍ മെലിഞ്ഞ് കരുത്തുറ്റ ശരീരവും വന്യമായ കണ്ണുകളുമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു . അവനും കേണലിനെ ഇരിക്കാന്‍ ക്ഷണിച്ചു. കേണലിന് ആശ്വാസം തോന്നി. അയാള്‍ സ്റ്റൂള്‍ വാതിലിന്റെ കട്ടിലപ്പടിയില്‍ ചാരി അതിന്മേല്‍ ഇരുന്ന് വില്‍പ്പനക്കാര്യം പറയാന്‍ അല്‍വാരോ തനിച്ചാവാനായി കാത്തിരുന്നു. പെട്ടെന്ന് താന്‍ ഭാവരഹിതമായ കുറെ മുഖങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു എന്ന് അയാള്‍ക്ക് മനസ്സിലായി.

'ഞാന്‍ തടസ്സപ്പെടുത്തുകയാണോ?'

അല്ലെന്ന് അവര്‍ പറഞ്ഞു. അവരിലൊരാള്‍ അയാളുടെ അടുത്തേയ്ക്ക് ചാഞ്ഞു.

കേള്‍ക്കാന്‍ പ്രയാസമായ അടക്കിയ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു:

'അഗസ്റ്റിന്‍ എഴുതിയിരുന്നു.'

കേണല്‍ വിജനമായ തെരുവ് വീക്ഷിച്ചു.

'എന്താണവന്‍ പറഞ്ഞത്?'

'എല്ലായ്‌പോഴും പറയാറുള്ളത് തന്നെ.'

അവര്‍ അയാള്‍ക്ക് രഹസ്യ ലഘുലേഖ നല്‍കി. കേണല്‍ അത് കാലുറയുടെ കീശയിലിട്ട് നിശ്ശബ്ദമായി പൊതിയില്‍ മെല്ലെ കൊട്ടിക്കൊണ്ടിരുന്നു, ആരോ അത് ശ്രദ്ധിച്ചു എന്ന് മനസ്സിലാവുന്നതു വരെ. അയാള്‍ പെട്ടെന്ന് നിര്‍ത്തി.

'കേണല്‍, കയ്യിലെന്താണ്?'

കേണല്‍, ഹെര്‍നന്റെ പച്ച കണ്ണുകളുടെ തുളഞ്ഞുകയറുന്ന നോട്ടം അവഗണിച്ചു.

'ഒന്നുമില്ല' അയാള്‍ നുണ പറഞ്ഞു. 'ഞാന്‍ ക്‌ളോക്ക് ജര്‍മന്‍കാരന്റെ അടുത്ത് നന്നാക്കാന്‍ കൊണ്ടുപോവുകയാണ്.'

'മണ്ടത്തരം കാട്ടാതിരിക്കൂ, കേണല്‍' പൊതി എടുക്കാന്‍ ശ്രമിച്ചുകൊണ്ട് ഹെര്‍നന്‍ പറഞ്ഞു.

'ഞാനൊന്നു നോക്കട്ടെ.'

കേണല്‍ പിന്നോക്കം വലിഞ്ഞു. അയാള്‍ ഒന്നും മിണ്ടിയില്ല, പക്ഷെ, അയാളുടെ കണ്ണുകള്‍ ചുവന്നു. മറ്റുള്ളവര്‍ നിര്‍ബ്ബന്ധിച്ചു.

'അവന്‍ നോക്കട്ടെ, കേണല്‍. അവന് യന്ത്രങ്ങളെപ്പറ്റിയെല്ലാം അറിയാം.'

'അവനെ ബുദ്ധിമുട്ടിക്കണ്ട എന്നു വച്ചിട്ടാണ്.'

'എന്തു ബുദ്ധിമുട്ട്? ഒരു ബുദ്ധിമുട്ടുമില്ല.' ഹെര്‍നന്‍ വാദിച്ചു. അവന്‍ ക്‌ളോക്ക് പിടിച്ചുവാങ്ങി. 'ജര്‍മന്‍കാരന്‍ നിങ്ങളുടെ കയ്യില്‍ നിന്നും പത്തു പെസൊ വാങ്ങും, ക്‌ളോക്ക് ഇതുപോലെത്തന്നെയിരിക്കുകയും ചെയ്യും.'

ഹെര്‍നന്‍ ക്‌ളോക്കും കൊണ്ട് തയ്യല്‍കടയിലേക്കു പോയി. അല്‍വാരോ തുന്നിക്കൊണ്ടിരിക്കുകയായിരുന്നു. പിന്നില്‍, ഒരു ആണിയില്‍ തൂക്കിയ ഗിറ്റാറിന്റെ താഴെ, ഒരു പെണ്‍കുട്ടി ബട്ടണ്‍ തുന്നുകയായിരുന്നു. ഗിറ്റാറിന്മേല്‍ ഒരു അറിയിപ്പ് ഒട്ടിച്ചു വെച്ചിരുന്നു. 'രാഷ്ട്രീയം പറയുന്നത് നിരോധിച്ചിരിക്കുന്നു'.

പുറത്ത് കേണലിന് തന്റെ ശരീരം ഭാരമേറിയതുപോലെ തോന്നി. അയാള്‍ കാല്‍ സ്റ്റൂളിന്റെ പടിയില്‍ വെച്ചു.

'മുടിഞ്ഞ സാധനം'

കേണല്‍ ഞെട്ടിപ്പോയി. 'ശപിക്കേണ്ട ആവശ്യമില്ല.' അയാള്‍ പറഞ്ഞു.

അല്‍ഫോണ്‍സോ കേണലിന്റെ ഷൂ പരിശോധിക്കാന്‍ കണ്ണട മൂക്കില്‍ ശരിയാക്കി വെച്ചു. 'നിങ്ങളുടെ ഷൂസാണ് അതിനു കാരണം.' അവന്‍ പറഞ്ഞു. 'മുടിഞ്ഞ പുത്തന്‍ ഷൂവാണല്ലോ നിങ്ങളുടെ കാലിന്മേല്‍'

'അത് ശപിക്കാതെ പറയാമല്ലോ' എന്നു പറഞ്ഞ് കേണല്‍ കട്ടിത്തോലുകൊണ്ടുള്ള ഷൂസിന്റെ അടിവശം ഉയര്‍ത്തിക്കാട്ടി.'ഈ വിചിത്രവസ്തു നാല്‍പ്പതു കൊല്ലം പഴക്കമുള്ളതാണ്. എന്നാല്‍, ആദ്യമായാണ് ഒരാള്‍ അതിനെ ശപിക്കുന്നതു കേള്‍ക്കുന്നത്.'

'എല്ലാം ശരിയായി,' ക്‌ളോക്ക് അടിക്കാന്‍ തുടങ്ങുന്നതിനൊപ്പം ഹെര്‍നന്‍ അകത്തുനിന്നും വിളിച്ചുപറഞ്ഞു.

അടുത്ത വീട്ടില്‍ താമസിക്കുന്ന സ്ത്രീ മറയില്‍ ഇടിച്ചുകൊണ്ട് ഉച്ചത്തില്‍ പറഞ്ഞു., 'ആ ഗിറ്റാര്‍ വിടുക. അഗസ്റ്റിന്റെ ചരമവര്‍ഷം കഴിഞ്ഞിട്ടില്ല.'

'അത് ക്‌ളോക്കാണ്' ആരോ വിളിച്ചു കൂവി.

ഹെര്‍നന്‍ പൊതിയുമായി പുറത്തു വന്നു.

'അതിനൊരു കുഴപ്പവുമുണ്ടായിരുന്നില്ല. ഞാന്‍ വേണമെങ്കില്‍ വീട്ടില്‍ വന്ന് കൃത്യമായി തൂക്കിത്തരാം.'

കേണല്‍ അതു നിരസിച്ചു.

'ഞാന്‍ എന്താണ് തരേണ്ടത്?'

'അതിനെപ്പറ്റി വിഷമിക്കേണ്ട, കേണല്‍' ഹെര്‍നന്‍ കൂട്ടത്തില്‍ തന്റെ സ്ഥാനത്തിരുന്നുകൊണ്ട് മറുപടി പറഞ്ഞു, 'ജനുവരിയില്‍ കോഴി അതിന് പ്രതിഫലം നല്‍കിക്കൊള്ളും.'

കേണല്‍ താന്‍ കാത്തിരുന്ന അവസരം മുന്നില്‍ കണ്ടു.

'നമുക്കൊരു കച്ചവടമുറപ്പിക്കാം' അയാള്‍ പറഞ്ഞു.

'എന്ത്?'

'ഞാന്‍ നിങ്ങള്‍ക്കെന്റെ പൂവനെ തരാം' അയാള്‍ ചുറ്റുമുള്ള മുഖങ്ങളിലൂടെ കണ്ണോടിച്ചു. 'നിങ്ങള്‍ക്കെല്ലാവര്‍ക്കുമായി ഞാനെന്റെ പൂവനെ തരാം.'

ഹെര്‍നന്‍ അയാളെ അന്തം വിട്ടു നോക്കി.

'എനിക്കിപ്പോള്‍ ഇതിനൊന്നുമുള്ള പ്രായമല്ല' കേണല്‍ തുടര്‍ന്നു. അവരെ ബോദ്ധ്യപ്പെടുത്തുന്ന തരത്തില്‍ അയാള്‍ ശബ്ദത്തിന് ഗൗരവം നല്‍കി. 'എനിക്കു പറ്റാവുന്നതിലധികം ഭാരമുള്ള കാര്യമാണിത്. ദിവസങ്ങളായി അതു ചത്തുകൊണ്ടിരിക്കുകയാണെന്ന് എനിക്കു തോന്നാന്‍ തുടങ്ങിയിരിക്കുന്നു.'

'അതിനെപ്പറ്റി പരിഭ്രമിക്കേണ്ട, കേണല്‍,' അല്‍ഫോണ്‍സൊ പറഞ്ഞു. 'കോഴി പൂട പൊഴിക്കുന്നു എന്നതാണ് പ്രശ്‌നം. അതിന് തൂവലില്‍ പനിയുണ്ട്.'

'അടുത്ത മാസമാവുമ്പോഴേയ്ക്കും ഭേദമായിക്കൊള്ളും' ഹെര്‍നന്‍ പറഞ്ഞു.

'എന്തുതന്നെയായാലും എനിയ്ക്കവനെ വേണ്ട.' കേണല്‍ പറഞ്ഞു.

ഹെര്‍നന്റെ കണ്ണുകള്‍ കേണലിന്റെ കണ്ണുകളിലേക്ക് ചുഴിഞ്ഞു നോക്കി.

'കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കൂ, കേണല്‍', അവന്‍ നിര്‍ബ്ബന്ധിച്ചു, 'അഗസ്റ്റിന്റെ കോഴിയെ കളത്തിലിറക്കുന്നത് നിങ്ങളായിരിക്കണമെന്നതാണ് മുഖ്യമായ കാര്യം' കേണല്‍ ആലോചിച്ചു. 'ഞാന്‍ മനസ്സിലാക്കുന്നു,' അയാള്‍ പറഞ്ഞു, 'അതുകൊണ്ടാണ് ഞാനവനെ ഇതുവരെ നിര്‍ത്തിയത്.' അയാള്‍ പല്ലിറുമ്മി. വീണ്ടും തുടരാമെന്നു തന്നെ കരുതി. 'ഇനിയും രണ്ടുമാസം കൂടിയുണ്ടല്ലോ എന്നതാണ് പ്രശ്‌നം.'

കാര്യം പിടികിട്ടിയത് ഹെര്‍നനായിരുന്നു.

'അതുകൊണ്ടു മാത്രമാണെങ്കില്‍ ഒരു പ്രശ്‌നവുമില്ല,' അയാള്‍ തന്റെ പദ്ധതി മുന്നോട്ടുവെച്ചു. മറ്റെയാള്‍ അതംഗീകരിച്ചു. സന്ധ്യക്ക് കേണല്‍ കക്ഷത്തിലിരിക്കുന്ന പൊതിയുമായി കേണല്‍ വീട്ടിലേക്ക് പ്രവേശിച്ചപ്പോള്‍ അയാളുടെ ഭാര്യ കയര്‍ത്തു.

'ഒന്നുമില്ലേ?'

'ഒന്നുമില്ല' കേണല്‍ പറഞ്ഞു. 'ഇനി അതു പ്രശ്‌നമല്ല. കോഴിയെ തീറ്റുന്ന കാര്യം ആ ചെറുപ്പക്കാര്‍ ഏറ്റെടുത്തു.'

Previous Next

ഗബ്രിയേൽ ഗാർസ്യ മാർക്വിസ്‌

പരമേശ്വരൻ


E-Mail: paramkv@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.