പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ആരും കേണലിന് എഴുതുന്നില്ല > കൃതി

അധ്യായം 6

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഗബ്രിയേൽ ഗാർസ്യ മാർക്വിസ്‌ ,പരമേശ്വരൻ

അയാള്‍ നോക്കുമ്പോള്‍ ഭാര്യ കിടയ്ക്കയില്‍ എഴുന്നേറ്റിരിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവളുടെ രോഗാതുരമായ ശരീരത്തില്‍ നിന്നും പച്ചമരുന്നുകളുടെ മണം വമിക്കുന്നുണ്ടായിരുന്നു. അവള്‍ ഓരോരോ വാക്കുകളായി അളന്നുമുറിച്ച കൃത്യതയോടെ പറഞ്ഞു: 'ആ കോഴിയെ ഇപ്പോള്‍ത്തന്നെ ഒഴിവാക്കുക!'

കേണല്‍ ഈ നിമിഷം മുന്‍കൂട്ടി കണ്ടതാണ്. സ്വന്തം മകന്‍ വെടിയേറ്റു വീണ സായാഹ്നം മുതല്‍ അയാള്‍ ഇതു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എങ്കിലും അയാള്‍ അതിനെ കൂടെ നിര്‍ത്താന്‍ തന്നെ തീരുമാനിച്ചു. ആലോചിക്കാന്‍ ഇനിയും സമയമുണ്ട്.

'ഇപ്പോള്‍ ഇതിനെ വിറ്റിട്ട് ഒരു കാര്യവുമില്ല,' അയാള്‍ പറഞ്ഞു. 'രണ്ടു മാസത്തിനുള്ളില്‍ പോര് ഉണ്ടാവും അപ്പോള്‍ നല്ല വിലയ്ക്ക് വില്‍ക്കാന്‍ കഴിയും.'

'ഇത് പണത്തിന്റെ പ്രശ്‌നമല്ല,' സ്ത്രീ പറഞ്ഞു. 'പയ്യന്മാര്‍ വരുമ്പോള്‍ അവരോട് അതിനെ കൊണ്ടുപോയി അവരുടെ ഇഷ്ടം പോലെ ചെയ്യാന്‍ പറയുക.'

'ഇത് അഗസ്റ്റിനു വേണ്ടിയാണ്,' കേണല്‍ മുന്‍കൂട്ടി തയ്യാറാക്കിയ വാദം മുന്നോട്ടു വെച്ചു. 'കോഴി ജയിച്ചു എന്ന വിവരം പറയാന്‍ വന്നപ്പോഴത്തെ അവന്റെ ഭാവം ഓര്‍മ്മിക്ക്.'

സ്ത്രീ വാസ്തവത്തില്‍ മകനെപ്പറ്റി ആലോചിച്ചിരുന്നു. 'ആ നശിച്ച കോഴികള്‍ അവന്റെ അധ:പതനമായിരുന്നു.' അവള്‍ ഒച്ചവെച്ചു. 'ജനുവരി മൂന്നാം തീയതി അവന്‍ വീട്ടിലിരിന്നിരുന്നുവെങ്കില്‍ ആ ദുര്‍മുഹൂര്‍ത്തം വരില്ലാ യിരുന്നു.' ശോഷിച്ച ചൂണ്ടുവിരല്‍ വാതിലിനു നേരെ ചൂണ്ടി അവള്‍ ആക്രോശിച്ചു. 'കോഴിയെ കക്ഷത്തില്‍ വെച്ചുകൊണ്ടുള്ള അവന്റെ പോക്ക് കണ്മുന്നില്‍ കാണുന്നതുപോലെ തോന്നുന്നു. കോഴിപ്പോര് നടക്കുന്നിടത്ത് പോയി ആപത്തില്‍ ചെന്നുചാടരുതെന്ന് ഞാനവന് മുന്നറിയിപ്പു നല്‍കിയതാണ്. അപ്പോള്‍ അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, ' മിണ്ടാതിരിക്കൂ, ഇന്ന് വൈകുന്നേരം നമ്മള്‍ പണം വാരും.''

അവള്‍ തളര്‍ന്ന് പിന്നിലേക്കു ചാഞ്ഞു. കേണല്‍ അവളെ മെല്ലെ തലയിണയുടെ ഭാഗത്തേക്ക് തള്ളി. അയാളുടെ കണ്ണുകള്‍ അതുപോലെതന്നെയുള്ള മറ്റു കണ്ണുകളില്‍ പതിഞ്ഞു.

'അനങ്ങാതെ കിടക്കാന്‍ നോക്ക്.' അവളുടെ ശ്വാസത്തിന്റെ ചൂളം വിളി സ്വന്തം ശ്വാസകോശങ്ങളില്‍ അനുഭവിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.

സ്ത്രീ ഒരു താത്ക്കാലിക ആലസ്യത്തിലേക്ക് വഴുതിവീണു. അവള്‍ കണ്ണുകളടച്ചു. വീണ്ടും കണ്ണു തുറന്നപ്പോള്‍ ശ്വാസോച്ഛ്വാസം മയപ്പെട്ടിരുന്നു.

'നാം പെട്ടിരിക്കുന്ന ദുരവസ്ഥ മൂലമാണിത്,' അവള്‍ പറഞ്ഞു. 'ഒരു കോഴിക്ക് കൊടുക്കാന്‍ വേണ്ടി സ്വന്തം വായില്‍ നിന്ന് ഭക്ഷണം തിരിച്ചെടുക്കുന്നത് പാപമാണ്.'

കേണല്‍ വിരിപ്പുകൊണ്ട് വിയര്‍പ്പു തുടച്ചു. 'മൂന്നു മാസംകൊണ്ട് ആരും മരിക്കാറില്ല.' 'അത്രയും കാലം നാം എന്തു ഭക്ഷിക്കും?' അവള്‍ ചോദിച്ചു.

'എനിക്കറിയില്ല,' കേണല്‍ പറഞ്ഞു. 'എന്നാല്‍ പട്ടിണി കൊണ്ടാണ് നാം മരിക്കുന്നതെങ്കില്‍ ഇതിനു മുമ്പു തന്നെ മരിക്കുമായിരുന്നു.'

ഒഴിഞ്ഞ ടിന്നിന്നരികെ കോഴി ഉത്സാഹത്തിലായിരുന്നു. കേണലിനെ കണ്ടപ്പോള്‍ അവന്‍ ഏതാണ്ട് മനുഷ്യനെപ്പോലെത്തന്നെ കാറുന്ന ശബ്ദത്തില്‍ ആത്മഗതം മൊഴിയുകയും തല നിവര്‍ത്തിപ്പിടിക്കുകയും ചെയ്തു.

കേണല്‍ പങ്കു ചേരുന്നപോലെ ഒരു ചിരി സമ്മാനിച്ചു. 'ജീവിതം കഠിനമാണ്, ചങ്ങാതീ' കേണല്‍ തെരുവിലേക്കിറങ്ങി. ഒന്നിനെപ്പറ്റിയും ചിന്തിക്കാതെ, തന്റെ പ്രശ്‌നത്തിന് ഒരു പരിഹാരവുമില്ലെന്ന് സ്വയം ബോദ്ധ്യപ്പെടുത്താന്‍ പോലും ശ്രമിക്കാതെ ഉച്ചവിശ്രമവേളയില്‍ പട്ടണത്തില്‍ അലഞ്ഞുനടന്നു. എന്നോ മറന്നുപോയ തെരുവുകളിലൂടെ അയാള്‍ നടന്നു, ഒടുവില്‍ താന്‍ തളര്‍ന്നിരിക്കുന്നു എന്ന് ബോദ്ധ്യമാവുന്നതു വരെ. അപ്പോള്‍ അയാള്‍ വീട്ടിലേക്കു മടങ്ങി. അയാള്‍ വരുന്നതു കേട്ട് സ്ത്രീ കിടപ്പുമുറിയിലേക്കു വിളിച്ചു.

'എന്താ?' അയാളെ നോക്കാതെ അവള്‍ പറഞ്ഞു: 'നമുക്ക് ക്‌ളോക്ക് വില്‍ക്കാം'

കേണല്‍ അതിനെപ്പറ്റി ആലോചിച്ചിരുന്നു.

'അല്‍വാരോ നാല്‍പ്പതു പെസോ കയ്യോടെ തരുമെന്നെനിക്കുറപ്പാണ,്' സ്ത്രീ പറഞ്ഞു. 'എത്ര വേഗമാണ് അയാള്‍ തയ്യല്‍ യന്ത്രം വാങ്ങിയത്' അഗസ്റ്റിന്റെ കൂടെ പണിയെടുത്തിരുന്ന തയ്യല്‍ക്കാരനെപ്പറ്റിയായിരുന്നു അവള്‍ സൂചിപ്പിച്ചത്.

'നാളെ രാവിലെ അയാളോട് സംസാരിച്ചു നോക്കാം.' കേണല്‍ സമ്മതിച്ചു. ''നാളെ സംസാരിക്കാം' എന്നൊന്നും വേണ്ട.' അവള്‍ ശാഠ്യം പിടിച്ചു. 'ഈ നിമിഷം ക്‌ളോക്ക് അയാളുടെ അടുത്ത് കൊണ്ടുപോകൂ എന്നിട്ട് അത് കൗണ്ടറില്‍ വെച്ച് പറയൂ അല്‍വാരോ, ഈ ക്‌ളോക്ക് നിങ്ങള്‍ വാങ്ങുവാനായി ഞാന്‍ കൊണ്ടുവന്നതാണ്.' അയാള്‍ക്ക് ഉടന്‍ തന്നെ കാര്യം മനസ്സിലാവും.'

കേണലിന് ലജ്ജ തോന്നി. 'അത് വിശുദ്ധ ശവകുടീരവുമായി കറങ്ങിനടക്കുന്നതുപോലെയാണ്.' അയാള്‍ പറഞ്ഞു. 'ഇങ്ങനെയൊരു കാഴ്ച്ചവ്‌സ്തുവുമായി അവരെന്നെ കണ്ടാല്‍ റാഫേല്‍ എസ്‌കലോണ അയാളുടെ പാട്ടുകളിലൊന്നില്‍ എന്നെയും ഉള്‍പ്പെടുത്തും.'

എന്നാല്‍ ഇത്തവണയും ഭാര്യ അയാളെ കാര്യം ബോദ്ധ്യപ്പെടുത്തി. അവള്‍ തന്നെ ക്‌ളോക്കെടുത്ത് പത്രം കൊണ്ട് പൊതിഞ്ഞ് അയാളുടെ കയ്യില്‍ കൊടുത്തു. 'നാല്‍പ്പത് പെസോ ഇല്ലാതെ ഇങ്ങോട്ട് വരണ്ട.' അവള്‍ പറഞ്ഞു.

കേണല്‍ പൊതി കക്ഷത്തില്‍ വെച്ച് തയ്യല്‍ക്കടയിലേക്കു നടന്നു.

വാതില്‍ക്കല്‍ അഗസ്റ്റിന്റെ കൂട്ടുകാര്‍ ഇരിക്കുന്നത് അയാള്‍ കണ്ടു.

ഒരാള്‍ അയാള്‍ക്ക് ഇരിക്കാന്‍ ഇടം കൊടുത്തു. 'നന്ദി', അയാള്‍ പറഞ്ഞു.

'എനിക്കിരിക്കാന്‍ നേരമില്ല.' അല്‍വാരോ പുറത്തേക്കു വന്നു.

Previous Next

ഗബ്രിയേൽ ഗാർസ്യ മാർക്വിസ്‌

പരമേശ്വരൻ


E-Mail: paramkv@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.