പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ആരും കേണലിന് എഴുതുന്നില്ല > കൃതി

അധ്യായം 5

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഗബ്രിയേൽ ഗാർസ്യ മാർക്വിസ്‌ ,പരമേശ്വരൻ

അയാള്‍ വരയുള്ള കടലാസ്സിന്റെ ഒരു പാഡും പേനയും മഷിക്കുപ്പിയും ഒപ്പുകടലാസും സ്വീകരണമുറിയിലെ ചെറിയ മേശപ്പുറത്ത് വെച്ചു. വേണ്ടിവന്നാല്‍, ഭാര്യയോട് എന്തെങ്കിലും സംശയം ചോദിക്കാനായി കിടപ്പുമുറിയുടെ വാതില്‍ തുറന്നു വെച്ചു.

അവള്‍ കൊന്ത ജപിക്കുകയായിരുന്നു.

'ഇന്ന് എത്രയാ തീയതി?' 'ഒകേ്ടാബര്‍ 27'

അയാള്‍ സ്‌കൂളില്‍ പഠിപ്പിച്ചപോലെ, ശ്വാസം സുഗമമാക്കാന്‍ നട്ടെല്ല് നിവര്‍ന്നിരുന്ന് പേന പിടിച്ച കൈ ഒപ്പുകടലാസില്‍ വെച്ച് ശ്രദ്ധാപൂര്‍വം വൃത്തിയോടെ എഴുതി. അടച്ച സ്വീകരണമുറിയില്‍ ചൂട് അസഹ്യമായി. എഴുത്തില്‍ ഒരു തുള്ളി വിയര്‍പ്പ് വീണു. കേണല്‍ അത് ഒപ്പുകടലാസുകൊണ്ട് എടുത്തുമാറ്റി. എന്നിട്ട് കലങ്ങിപ്പോയ അക്ഷരങ്ങള്‍ മായ്ക്കാന്‍ ശ്രമിച്ചു. ക്ഷമ നശിക്കാതെ അയാള്‍ ഒരു നക്ഷത്രചിഹ്നം വരച്ച് മാര്‍ജിനില്‍ 'ആര്‍ജ്ജിത അവകാശങ്ങള്‍' എന്നെഴുതി. എന്നിട്ട് മുഴുവന്‍ ഖണ്ഡികയും വായിച്ചു.

'എന്നാണ് എന്നെ പട്ടികയില്‍ ചേര്‍ത്തത്?'

സ്ത്രീ ജപം തടസ്സപ്പെടുത്താതെ പറഞ്ഞു.

'ആഗസ്റ്റ് 12, 1949'

അടുത്ത നിമിഷം മഴപെയ്യാന്‍ തുടങ്ങി. കേണല്‍ ഒരു പേജ് മനോറിലെ പബ്ളിക് സ്‌കൂളില്‍ നിന്നും പഠിച്ച അല്‍പ്പം ബാലിശമായ കുത്തിവരകള്‍ കൊണ്ട് നിറച്ചു. എന്നിട്ട് രണ്ടാമത്തെ പേജില്‍ മദ്ധ്യം വരെ എഴുതി ഒപ്പിട്ടു.

എഴുത്ത് അയാള്‍ ഭാര്യയ്ക്ക് വായിച്ചുകൊടുത്തു. ഓരോ വാചകങ്ങളും അവള്‍ തലകുലുക്കി സമ്മതിച്ചു. വായിച്ചുതീര്‍ന്നപ്പോള്‍ കേണല്‍ കവര്‍ ഒട്ടിച്ച് വിളക്കു കെടുത്തി.

'ആരോടെങ്കിലും ടൈപ്പ് ചെയ്തുതരാന്‍ പറയാമായിരുന്നു.'

'വേണ്ട. ഔദാര്യം ചോദിച്ചു നടന്ന് എനിക്ക് മടുത്തു.'

അര മണിക്കൂറോളം അയാള്‍ ഓല മേഞ്ഞ മേല്‍ക്കൂരയില്‍ മഴയുടെ ആരവം കേട്ടു കിടന്നു.

പട്ടണയം പ്രളയത്തില്‍ മുങ്ങി. കര്‍ഫ്യു മുഴങ്ങിയപ്പോഴേയ്ക്കും വീടില്‍ എവിടെയോ ചോര്‍ച്ച തുടങ്ങി. 'ഇതു പണ്ടേ ചെയ്യേണ്ടതായിരുന്നു. സ്ത്രീ പറഞ്ഞു. 'കാര്യങ്ങള്‍ സ്വയം ചെയ്യുകയാണ് എപ്പോഴും നല്ലത്.'

ഇപ്പോഴും വൈകിയിട്ടൊന്നുമില്ല. ചോര്‍ച്ച ശ്രദ്ധിച്ചുകൊണ്ട് കേണല്‍ പറഞ്ഞു. 'വീടിന്റെ ഗഡു അടയ്ക്കാറാവുമ്പോഴേയ്ക്കും ഇതെല്ലാം ശരിയാവുമായിരിക്കും.'

'രണ്ടു കൊല്ലത്തിനുള്ളില്‍.' സ്ത്രീ പറഞ്ഞു.

സ്വീകരണമുറിയിലെ ചോര്‍ച്ച കണ്ടുപിടിക്കാന്‍ അയാള്‍ വിളക്കു കൊളുത്തി. കോഴിയുടെ പാട്ട അതിനടിയില്‍ വെച്ച്, ഒഴിഞ്ഞ ലോഹപ്പാട്ടയില്‍ വെള്ളം വീഴുന്ന ശബ്ദത്തിന്റെ അകമ്പടിയോടെ അയാള്‍ കിടപ്പുമുറിയിലേക്കു വന്നു.

'പണത്തിന്റെ പലിശ ലാഭിക്കാന്‍ ഒരു പക്ഷെ, അവര്‍ ജനുവരിക്കു മുമ്പേ കണക്കു തീര്‍ത്തേക്കാനുള്ള സാദ്ധ്യതയുണ്ട്.' അയാള്‍ പറഞ്ഞു.

'അപ്പോഴേയ്ക്കും അഗസ്റ്റിന്റെ ആണ്ട് അവസാനിക്കും. അപ്പോള്‍ നമുക്ക് സിനിമക്കു പോകാം.' അവള്‍ അടക്കിച്ചിരിച്ചു. 'എനിക്ക് കാര്‍ട്ടൂണുകള്‍ പോലും തീരെ ഓര്‍മ്മയില്ല,' അവള്‍ പറഞ്ഞു.

കേണല്‍ കൊതുകുവലയിലൂടെ അവളെ നോക്കാന്‍ ശ്രമിച്ചു.

'എന്നാണ് നീ അവസാനമായി സിനിമയ്ക്കു പോയത്?'

'1931ല്‍' അവള്‍ പറഞ്ഞു. 'മരിച്ച മനുഷ്യന്റെ മരണപത്രം’ ആയിരുന്നു കളിച്ചിരുന്നത്.'

'അതില്‍ സംഘട്ടനമുണ്ടോ?'

'ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല. ഭൂതം പെണ്‍കുട്ടിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴേക്കും പേമാരി തുടങ്ങി.'

മഴയുടെ സംഗീതം അവരെ ഉറക്കി. കേണലിന് വയറ്റില്‍ അല്‍പ്പം അസ്വസ്ഥത തോന്നി. പക്ഷെ, അയാള്‍ക്ക് ഭയം തോന്നിയില്ല. താന്‍ ഒരു ഒകേ്ടാബര്‍ കൂടി അതിജീവിക്കാന്‍ പോവുകയാണ്. അയാള്‍ സ്വയം കമ്പിളിപ്പുതപ്പുകൊണ്ട് പൊതിഞ്ഞു. ഒരു നിമിഷം അയാള്‍ ഭാര്യയുടെ ചരലുപോലെയുള്ള ശ്വാസോച്ഛ്വാസം കേട്ടു-വിദൂരതയില്‍, മറ്റൊരു സ്വപ്നത്തിലേക്ക് ഒഴുകിനീങ്ങിക്കൊണ്ട്. അപ്പോള്‍ അയാള്‍ സംസാരിക്കാന്‍ തുടങ്ങി, പൂര്‍ണ്ണ ബോധത്തോടുകൂടിത്തന്നെ.

സ്ത്രീ ഉണര്‍ന്നു.

'നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത്?'

'ആരോടുമല്ല.' കേണല്‍ പറഞ്ഞു. 'ഞാനാലോചിക്കുകയായിരുന്നു. മക്കോണ്ടോ സമ്മേളനത്തില്‍ ഞങ്ങള്‍ കേണല്‍ ഒറേലിയാനോ ബുഎന്‍ഡിയയോട് കീഴടങ്ങരുതെന്ന് പറഞ്ഞത് തികച്ചും ശരിയായിരുന്നു. അതാണ് എല്ലാം നശിപ്പിക്കാന്‍ തുടങ്ങിയത്.'

ആ ആഴ്ച്ച മുഴുവനും മഴ പെയ്തു. നവമ്പര്‍ 2ന്, കേണലിന്റെ ഇഷ്ടത്തിന് വിരുദ്ധമായി, സ്ത്രീ അഗസ്റ്റിന്റെ ശവകുടീരത്തിലേക്ക് പുഷ്പങ്ങളുമായി പോയി. തിരിച്ചെത്തിയപ്പോള്‍ അവള്‍ക്ക് ആസ്ത്മയുടെ മറ്റൊരാക്രമണമുണ്ടായി. അതൊരു ദുഷ്‌കരമായ ആഴ്ച്ചയായിരുന്നു. അതിജീവിക്കുമെന്ന വിശ്വാസമില്ലാതിരുന്ന ഒകേ്ടാബറിലെ നാലാഴ്ച്ചകളേക്കാള്‍ ദുര്‍ഘടം പിടിച്ച ആഴ്ച്ച. രോഗബാധിതയായ സ്ത്രീയെ കാണാന്‍ ഡോക്ടര്‍ വന്നു.

'ഇതുപോലെയുള്ള വലിവ് കൊണ്ട് എനിക്ക് ഈ നഗരം മുഴുവന്‍ മറവു ചെയ്യാന്‍ കഴിയും' എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് അദ്ദേഹം പുറത്തേക്കു വന്നു.

എങ്കിലും അദ്ദേഹം കേണലിനെ തനിയെ വിളിച്ചു സംസാരിച്ച് പ്രത്യേക ഭക്ഷണക്രമം കുറിച്ചുകൊടുത്തു.

കേണലിന്റെ സ്ഥിതിയും അല്പം പിന്നോട്ടടിച്ചിരുന്നു. അയാള്‍ മണിക്കൂറുകളോളം വിയര്‍ത്ത് കുളിച്ച് കക്കൂസില്‍ ചെലവഴിച്ചു. താന്‍ ജീര്‍ണ്ണിക്കുകയാണെന്നും കുടലിലെ പൂപ്പലുകള്‍ പൊട്ടിപ്പിളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അയാള്‍ക്കു തോന്നി. 'ഇത് ശീതകാലമാണ്,' അയാള്‍ ക്ഷമാപൂര്‍വ്വം തന്നോടുതന്നെ പറഞ്ഞു. 'മഴ ശമിച്ചാല്‍ എല്ലാം വ്യത്യസ്തമാവും.' അയാള്‍ അത് ശരിക്കും വിശ്വസിച്ചു. എഴുത്ത് വരുമ്പോള്‍ താന്‍ ജീവിച്ചിരിക്കുമെന്നു തന്നെ അയാള്‍ വിശ്വസിച്ചു.

ഇത്തവണ വീടിന്റെ ധനസ്ഥിതി അയാള്‍ തന്നെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. അടുത്തുള്ള കടകളില്‍ അയാള്‍ക്ക് പല തവണ പല്ലിറുമ്മിക്കൊണ്ട് കടം ചോദിക്കേണ്ടി വന്നു. 'അടുത്താഴ്ച്ച വരെ മാത്രമേ വേണ്ടൂ' അതു സത്യമാണെന്നുറപ്പില്ലാതെ അയാള്‍ പറഞ്ഞു. 'കഴിഞ്ഞ വെള്ളിയാഴ്ച്ച വരേണ്ട പണമായിരുന്നു അത്.'

ആസ്ത്മയുടെ ആക്രമണം അവസാനിച്ചപ്പോള്‍ സ്ത്രീ ഭീതിയോടെ അയാളെ പരിശോധിച്ചു.

'നിങ്ങള്‍ വെറും എല്ലും തോലുമായിരിക്കുന്നു,' അവള്‍ പറഞ്ഞു.

'ഞാന്‍ എന്റെ കാര്യം നോക്കുന്നുണ്ട്, അതിനാല്‍ എനിക്ക് എന്നെത്തന്നെ വില്‍ക്കാനാവും,' കേണല്‍ പറഞ്ഞു. 'എന്നെ ഒരു ക്‌ളാരിനെറ്റ് ഫാക്ടറിയില്‍ ജോലിക്കെടുത്തിട്ടുണ്ട്.'

എന്നാല്‍ യഥാര്‍ത്ഥത്തില്‍ എഴുത്തിനു വേണ്ടിയുള്ള കാത്തിരുപ്പ് അയാളെ ഒട്ടും പരിപോഷിപ്പിച്ചില്ല. ഉറക്കമില്ലായ്മ കൊണ്ട് ശരീരം തളരുകയും അസ്ഥികള്‍ വേദനിക്കുകയും ചെയ്തുകൊണ്ട് അയാള്‍ക്ക് ഒരേ സമയം തന്റേയും കോഴിയുടെയും കാര്യം നോക്കാനാവുമായിരുന്നില്ല. നവമ്പറിന്റെ രണ്ടാം പകുതിയില്‍, ധാന്യമില്ലാതെ, രണ്ടു ദിവസത്തിനുള്ളില്‍ കോഴി ചാവുമെന്ന് അയാള്‍ക്ക് തോന്നി.

ജൂലായില്‍ ഒരു പിടി അമരക്കായ ചിമ്മിനിയില്‍ സൂക്ഷിച്ചിരുന്ന കാര്യം അപ്പോഴാണ് അയാള്‍ ഓര്‍ത്തത്. അയാള്‍ അതിന്റെ തൊണ്ടു കളഞ്ഞ് ഉണങ്ങിയ മണികള്‍ കോഴിക്ക് ഇട്ടുകൊടുത്തു.

'ഇവിടെ വരൂ,' അവള്‍ പറഞ്ഞു.

'ഒരു മിനുട്ട്.' കോഴിയുടെ പ്രതികരണം ശ്രദ്ധിച്ചുകൊണ്ട് കേണല്‍ പറഞ്ഞു, 'പിച്ചക്കാര്‍ക്ക് ഇഷ്ടം നോക്കാന്‍ പറ്റില്ല.'

Previous Next

ഗബ്രിയേൽ ഗാർസ്യ മാർക്വിസ്‌

പരമേശ്വരൻ


E-Mail: paramkv@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.