പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ആരും കേണലിന് എഴുതുന്നില്ല > കൃതി

ആരും കേണലിന് എഴുതുന്നില്ല: 12

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഗബ്രിയേൽ ഗാർസ്യ മാർക്വിസ്‌

അവള്‍ ഊര്‍ജ്ജസ്വലമായ ഒരു ഭാവം കൈക്കൊണ്ടു. ആ പ്രഭാതത്തില്‍ അവള്‍ വീടെല്ലാം അടുക്കിയൊതുക്കി.

ഭര്‍ത്താവിന്റെ പഴയ ഷൂസുകളും നനയാത്ത മേലുടുപ്പും അണിഞ്ഞ് ചെവികളുടെ ഭാഗത്ത് രണ്ടു കെട്ടുകളുള്ള ഒരു തുണിക്കഷണം തലക്കു ചുറ്റും കെട്ടി വിചിത്രമായ വേഷത്തിലായിരുന്നു അവള്‍ . 'നിങ്ങള്‍ക്ക് അല്പ്പം പോലും കച്ചവടബോധം ഇല്ല,' അവള്‍ പറഞ്ഞു. നിങ്ങള്‍ എന്തെങ്കിലും വില്ക്കാന്‍ പോവുമ്പോള്‍ വാങ്ങാന്‍ പോകുന്ന ആളുടെ മുഖഭാവമായിരിക്കണം .'

കേണലിന്‌ അവളുടെ ഈ കോലം രസകരമായി തോന്നി.

'നീ ഇതുപോലെത്തന്നെ നടന്നോ,' ചിരിച്ചുകൊണ്ട് അയാള്‍ ഇടയില്‍ക്കയറി പറഞ്ഞു. നിന്നെ കണ്ടാല്‍ 'ക്വേക്കര്‍ ഓട്സി"ന്റെ ആളെപ്പോലെത്തന്നെയുണ്ട്.' അവള്‍ തലയിലെ തുണിക്കഷണം അഴിച്ചുമാറ്റി.

'ഞാന്‍ ഗൌരവമായിട്ടു തന്നെയാണ്‌ സംസാരിക്കുന്നത്," അവള്‍ പറഞ്ഞു. 'ഞാന്‍ ഇപ്പോള്‍ തന്നെ കോഴിയെ നമ്മുടെ സുഹൃത്തിന്റെ അടുത്തേക്ക് കൊണ്ടുപോവുകയാണ്‌. അര മണിക്കൂറിനകം തൊള്ളായിരം പെസോയുമായി തിരിച്ചെത്തുമെന്ന് ഞാന്‍ നിങ്ങള്‍ക്കിഷ്ടമുള്ളതിന്‌ പന്തയം വെക്കാന്‍ തയ്യാറാണ്‌."

'നിന്റെ തലയില്‍ വട്ടപ്പൂജ്യങ്ങളാണുള്ളത്,' കേണല്‍ പറഞ്ഞു. 'ഇപ്പോള്‍ തന്നെ നീ കോഴിയെ വെച്ച് പന്തയം വെക്കാന്‍ തുടങ്ങിയിരിക്കുന്നു.'

അവളെ പിന്തിരിപ്പിക്കാന്‍ അയാള്‍ക്ക് നന്നേ പണിപ്പെടേണ്ടിവന്നു.

തന്റെ ഭാവിപരിപാടികള്‍ക്ക് നേരിട്ട പെട്ടെന്നുള്ള ഇച്ഛാഭംഗം അവളില്‍ വിദ്വേഷവും നാണക്കേടും കൂടിക്കലര്‍ന്ന, ആശയക്കുഴപ്പത്തിന്റേതായ ഒരു വികാരമുണര്‍ത്തി.

അവള്‍ ചെറുതായി ഒന്നു മയങ്ങി. എഴുന്നേല്‍ക്കുമ്പോള്‍ കേണല്‍ നടുമിറ്റത്തിരിക്കുകയായിരുന്നു.

'നിങ്ങളിപ്പോള്‍ എന്താണ്‌ ചെയ്യുന്നത്?" അവള്‍ ചോദിച്ചു.

'ഞാന്‍ ചിന്തിക്കുകയായിരുന്നു," കേണല്‍ പറഞ്ഞു.

'അപ്പോള്‍ പ്രശ്നം തീര്‍ന്നല്ലോ. അമ്പതു കൊല്ലങ്ങള്‍ക്കു ശേഷം നമുക്കാ പണം കിട്ടുമെന്നുറപ്പിക്കാം ."

എന്നാല്‍ , വാസ്തവത്തില്‍ , അന്നു വൈകുന്നേരം തന്നെ കോഴിയെ വില്‍ക്കാമെന്ന് കേണല്‍ തീരുമാനിച്ചിരുന്നു. അയാള്‍ പങ്കയ്ക്കു മുന്നില്‍ എല്ലാ ദിവസവും പതിവുള്ള കുത്തിവെയ്പ്പിന്‌ തയ്യാറെടുക്കുന്ന സബാസിനെപ്പറ്റി ചിന്തിച്ചു. മറുപടി അയാള്‍ തയ്യാറാക്കി വെച്ചിരുന്നു.

'കോഴിയേയും എടുത്തോളൂ,"പുറത്തേക്കു പോകുമ്പോള്‍ ഭാര്യ അയാളെ ഉപദേശിച്ചു. അവനെ ജീവനോടെ കാണുന്നത് അയാളില്‍ അത്ഭുതം പ്രവര്‍ത്തിക്കും .'

കേണല്‍ എതിര്‍ത്തു. അവള്‍ ഉല്‍ക്കടമായ ഉല്‍ക്കണ്ഠയോടെ ഉമ്മറവാതില്‍ വരെ അയാളെ അനുഗമിച്ചു.

'ഓഫീസില്‍ ഒരു സൈന്യം തന്നെ ഉണ്ടെങ്കിലും സാരമില്ല,' അവള്‍ പറഞ്ഞു. 'അയാളുടെ കൈ കടന്നു പിടിക്കുക, തൊള്ളായിരം പെസൊ തരുന്നതുവരെ അനങ്ങാനനുവദിക്കരുത്.'

'നമ്മളയാളെ തടഞ്ഞു വെച്ച് പണം തട്ടാന്‍ ശ്രമിക്കുകയാണെന്നവര്‍ കരുതും .'

അവള്‍ ശ്രദ്ധിച്ചില്ല.

'നിങ്ങളാണ്‌ കോഴിയുടെ ഉടമസ്ഥന്‍ എന്ന് ഓര്‍മ്മിക്കുക,' അവള്‍ വിടാതെ തുടര്‍ന്നു. നിങ്ങള്‍ അയാള്‍ക്കാണ്‌ ഔദാര്യം ചെയ്യുന്നത് എന്നോര്‍മ്മിക്കുക."

'ശരി.'

..................................

വിവര്‍ത്തനം : പരമേശ്വരൻ

Previous Next

ഗബ്രിയേൽ ഗാർസ്യ മാർക്വിസ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.