പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ആരും കേണലിന് എഴുതുന്നില്ല > കൃതി

ആരും കേണലിന് എഴുതുന്നില്ല: 10

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഗബ്രിയേൽ ഗാർസ്യ മാർക്വിസ്‌

നാല്‍പ്പതുവര്‍ഷക്കാലം ഒപ്പം പങ്കുവെച്ച ജീവിതവും ദാരിദ്ര്യവും ദുരിതങ്ങളും ഒന്നും തനിക്ക് സ്വന്തം ഭാര്യയെ മനസ്സിലാക്കാന്‍ പോരാതെ വന്നു എന്ന് അയാള്‍ക്ക് സ്വയം സമ്മതിക്കേണ്ടിവന്നു. അവളുടെ സ്നേഹത്തിനും എന്തോ വാര്‍ദ്ധക്യമേറ്റിട്ടുണ്ടെന്ന് അയാള്‍ക്കു തോന്നി.

'അവര്‍ക്ക് ആ ചിത്രവും വേണ്ട" അവള്‍ പറഞ്ഞു. 'മിക്കവാറും എല്ലാവര്‍ക്കും അതേ ചിത്രം തന്നെ സ്വന്തമായുണ്ട്. ഞാന്‍ ആ തുര്‍ക്കികളുടെ അടുത്തേക്കു പോലും പോയി.' കേണലിന്‌ വല്ലാത്ത തിക്തത അനുഭവപ്പെട്ടു.

'അപ്പോള്‍ നാം ഇപ്പോള്‍ പട്ടിണി കിടക്കുകയാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി.'

'ഞാനാകെ തളര്‍ന്നു." സ്ത്രീ പറഞ്ഞു. 'പുരുഷന്മാര്‍ക്ക് വീട്ടിലെ പ്രശ്നങ്ങള്‍ മനസ്സിലാവില്ല.

ഞാന്‍ പല തവണ കല്ലുകളിട്ട് വെള്ളം തിളപ്പിച്ചിട്ടുണ്ട്, ദിവസങ്ങളോളം നമ്മുടെ അടുപ്പ് പുകയാറില്ലെന്ന് അയല്‍ക്കാര്‍ അറിയാതിരിക്കാന്‍ വേണ്ടി.'

കേണലിന്‌ അപമാനിക്കപ്പെട്ടപോലെ തോന്നി.

‘അത് ശരിക്കും ഒരു അപമാനം തന്നെയാണ്‌' അയാള്‍ പറഞ്ഞു.

സ്ത്രീ കൊതുകുവലയില്‍ നിന്ന് പുറത്തു കടന്ന് തൂക്കുകിടയ്ക്കയുടെ അടുത്തേക്കു ചെന്നു. ‘ഞാന്‍ ഈ വീട്ടില്‍ ജാഡയും നാട്യങ്ങളും ഉപേക്ഷിക്കാന്‍ ഒരുങ്ങിയിരിക്കയാണ്‌' അവള്‍ പറഞ്ഞു. അവളുടെ ശബ്ദം രോഷം കൊണ്ട് ഇരുണ്ടിരുന്നു. ‘എനിക്ക് ഈ അന്തസ്സും നിസ്സംഗതയും മടുത്തു.'

കേണല്‍ ഒരു പേശി പോലും അനക്കിയില്ല.

എല്ലാ തെരഞ്ഞെടുപ്പിനും ശേഷം അവര്‍ വാഗ്ദാനം ചെയ്യുന്ന കൊച്ചു വര്‍ണ്ണക്കിളികളെ കാത്ത് ഇരുപതു വര്‍ഷം . എന്നിട്ട് നമുക്ക് കിട്ടിയത് പുത്രന്റെ മരണം ,' അവള്‍ തുടര്‍ന്നു.

‘പുത്രന്റെ മരണമല്ലാതെ മറ്റൊന്നുമില്ല.'

ഇത്തരം കുറ്റപ്പെടുത്തലുകള്‍ കേണലിന്‌ തഴക്കമായിരുന്നു.

‘നമ്മള്‍ നമ്മളുടെ കര്‍ത്തവ്യം നിര്‍വ്വഹിച്ചു.'

'സെനറ്റില്‍ നിന്നും ഇരുപതു വര്‍ഷത്തോളം മാസം ആയിരം പെസൊ വീതം ഉണ്ടാക്കി അവര്‍ അവരുടെയും .” സ്ത്രീ പ്രതിവചിച്ചു. ‘സ്വന്തം പണം സൂക്ഷിക്കാന്‍ മതിയാവാത്ത രണ്ടു നില വീടുള്ള എന്റെ സുഹൃത്ത് സബാസുണ്ടിവിടെ. കഴുത്തില്‍ ഒരു പാമ്പിനെ ചുറ്റി മരുന്നു വിറ്റുകൊണ്ട് ഈ പട്ടണത്തില്‍ വന്ന ആള്‍ .'

‘പക്ഷെ, അയാള്‍ പ്രമേഹം കൊണ്ട് മരിച്ചുകൊണ്ടിരിക്കുകയാണ്‌.' കേണല്‍ പറഞ്ഞു.

‘നിങ്ങള്‍ പട്ടിണികൊണ്ടും ,’ സ്ത്രീ പറഞ്ഞു. അന്തസ്സ് തിന്നാന്‍ പറ്റില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം .'

ഇടിമിന്നല്‍ അവളെ തടസ്സപ്പെടുത്തി. അത് തെരുവില്‍ പൊട്ടിത്തെറിക്കുകയും മുറിയില്‍ പ്രവേശിച്ച് ചരല്‍ പോലെ കട്ടിലിന്റെ അടിയിലേക്ക് ഉരുണ്ടുകയറുകയും ചെയ്തു. സ്ത്രീ കൊന്തയെടുക്കാന്‍ കൊതുകുവലയ്ക്കു നേരെ ചാടി.

കേണല്‍ പുഞ്ചിരിച്ചു.

'വായ അടയ്ക്കാതിരിക്കുന്നതിന്‌ നിനക്ക് സംഭവിക്കുന്നതാണ്‌ അത്," അയാള്‍ പറഞ്ഞു.

'ഞാന്‍ എപ്പോഴും പറയാറുള്ളതാണ്‌ ദൈവം എന്റെ ഭാഗത്തണെന്ന്.'

എന്നാല്‍, വാസ്തവത്തില്‍ അയാള്‍ വിഷാദഗ്രസ്തനായിരുന്നു. ഒരു നിമിഷത്തിനുശേഷം അയാള്‍ വിളക്കണച്ച് മിന്നല്പിണരുകള്‍ കീറിമുറിച്ച ഇരുട്ടില്‍ ചിന്തയിലമര്‍ന്നു. അയാള്‍ മാക്കോണ്ടോയെപ്പറ്റി ഓര്‍ത്തു. നീര്‍ലാന്‍ഡിയയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടുന്നതിനായി കേണല്‍ പത്തു വര്‍ഷം കാത്തു. മയക്കത്തിന്റെ ആലസ്യത്തില്‍ അയാള്‍ സ്ത്രീകളും പുരുഷന്മാരും മൃഗങ്ങളും ബോഗിയുടെ പുറത്തു പോലും തിങ്ങി നിറഞ്ഞ പൊടിപിടിച്ച ഒരു മഞ്ഞ വണ്ടി വന്നുനില്ക്കുന്നത് കണ്ടു. അത് വാഴപ്പഴജ്വരമായിരുന്നു. ഈരുപത്തിനാലു മണിക്കൂര്‍ കൊണ്ട് അവര്‍ പട്ടണമാകെ മാറ്റിമറിച്ചു.

‘ഞാന്‍ സ്ഥലം വിടുകയാണ്‌’ കേണല്‍ അന്ന് പറഞ്ഞു. ‘പഴത്തിന്റെ മണം എന്റെ ശരീരാന്തര്‍ഭാഗങ്ങള്‍ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്‌'. 1906 ജൂണ്‍ 27 ബുധനാഴ്ച അയാള്‍ മടക്കവണ്ടിയില്‍ മക്കാണ്ടോ വിട്ടു. നീര്‍ലാന്‍ഡിയയിലെ കീഴടങ്ങലിനു ശേഷം തനിക്ക് ഒരു നിമിഷനേരത്തെ സമാധാനമുണ്ടായില്ലെന്ന് മനസ്സിലാക്കാന്‍ അയാള്‍ക്ക് ഏതാണ്ട് അമ്പതു കൊല്ലം വേണ്ടിവന്നു. അയാള്‍ കണ്ണു തുറന്നു.

‘എന്നാല്‍ ഇനി അതിനെപ്പറ്റി ആലോചിക്കേണ്ട ആവശ്യമില്ല,' അയാള്‍ പറഞ്ഞു.

‘എന്ത്?”

‘കോഴിയുടെ പ്രശ്നം ,' കേണല്‍ പറഞ്ഞു. ‘നാളെ ഞാന്‍ അതിനെ എന്റെ സുഹൃത്ത് സബാസിന്‌ തൊള്ളായിരം പെസോയ്ക്ക് വില്‍ക്കാന്‍ പോവുകയാണ്‌'

വരിയുടയ്ക്കപ്പെട്ട മൃഗങ്ങളുടെ മോങ്ങലും സബാസിന്റെ ആക്രോശവും ഇടകലര്‍ന്ന് ഓഫീസ് ജനലിലൂടെ വന്നു.

..............

വിവര്‍ത്തനം: പരമേശ്വരന്‍

Previous Next

ഗബ്രിയേൽ ഗാർസ്യ മാർക്വിസ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.