പുഴ.കോം > കാവ്യ കൈരളി > ഉപന്യാസം > കൃതി

അഹിംസയുടെ പ്രവാചകൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ടി.പി.സെയ്‌ഫുദ്ദീൻ, ചന്തിരൂർ

ലേഖനം

ഒക്‌ടോബർ 2. വീണ്ടുമൊരു ഗാന്ധി സ്‌മൃതി. ഗാന്ധിമാർഗ്ഗം ഇന്ന്‌ കാലത്തിന്റെ ഇരുളടഞ്ഞ നിലവറയിൽ ദയാവധം കാത്തുകിടക്കുന്ന ചെമ്പേടുകളിലൊ​‍ാന്നാണ്‌. സങ്കുചിത ദേശീയതയുടെ ലഹരി സിരകളിലോടുന്ന പരിവാർ സംഘം നിറം പിടിപ്പിച്ച ചരിത്രങ്ങൾക്കും പ്രത്യയശാസ്‌ത്രശാഠ്യം പക്ഷം പിടിച്ച വായനക്കുമിടയിൽ ഗാന്ധി ചരിതത്തിന്റെ കാലിക പ്രസക്തി നഷ്‌ടമായിട്ടുണ്ടാവാം. എങ്കിലും ചിന്തയ്‌ക്ക്‌ ഫംഗസ്‌ ബാധിച്ചവനും നാവിന്‌ ചെന്നിനായകം തേയ്‌ക്കപ്പെട്ടവരുമല്ലാത്ത സത്യാന്വേഷികൾ മുൻപാകെ പ്രാർത്ഥനാപൂർവ്വം ഒരു ദക്ഷിണ.

ആത്മത്യാഗത്തിന്റെ ബലിക്കല്ലിൽ അർപ്പണം ചെയ്‌ത ഫക്കീറിന്റെ ജീനജീവിതം വർത്തമാനകാല രാഷ്‌ട്രീയ, സാമൂഹ്യ സമസ്യകൾക്ക്‌ ഒരു പൂരണമാണ്‌. മനുഷ്യൻ ഒരു പ്രത്യയശാസ്‌ത്രത്തിനുവേണ്ടിയല്ലെന്നും എല്ലാ പ്രത്യയശാസ്‌ത്രങ്ങളും മനുഷ്യനുവേണ്ടിയുളളതാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്തിയ സാമൂഹ്യ പരിഷ്‌കർത്താവാണ്‌ ഗാന്ധി. സമുദായത്തിലെ അനാചാരങ്ങൾക്കെതിരെയുളള ഒരു കലാപമായിട്ടാണ്‌ ആ ബാരിസ്‌റ്ററുടെ യാത്ര ആരംഭിക്കുന്നത്‌. പുരുഷായുസ്സ്‌ മുഴുവൻ നാടിന്‌ തീറെഴുതുമ്പോഴും ആഴിയേക്കാൾ അഗാധമായ സ്‌നേഹവായ്‌പ്പോടെ പുത്രനായും കണവനായും കാരണവരായും കുടുംബബന്ധങ്ങളുടെ ഊഷ്‌മളത നിലനിർത്തി മാതൃകകാട്ടി. ജന്മംകൊണ്ട്‌ വൈശ്യനായിട്ടും കർമ്മംകൊണ്ട്‌ ബ്രാഹ്‌മണനായി, അഹിംസയുടെ പ്രയോക്താവായി, സനാതന ധർമ്മത്തിന്റെ സൂക്ഷിപ്പുകാരനായി, ചാതുർവർണ്ണ്യത്തിന്റെ കരിങ്കൽകോട്ട ഭേദിച്ച വിപ്ലവകാരിയായി വിചാരിച്ച്‌ ഒരു ജനതയുടെ സ്വപ്‌നങ്ങൾക്ക്‌ ഊടും പാവും നെയ്‌ത കർമ്മയോഗി പിന്നിട്ട വഴികളിലെ കാല്‌പ്പാടുകൾ സത്യത്തിന്റെ ഏറുമാടം അന്വേഷിക്കുന്നവർക്ക്‌ വഴികാട്ടിയാണ്‌. സതീർത്ഥ്യനോടൊത്ത്‌ മാംസം ഭുജിച്ചതും അച്‌ഛൻ മരണാസന്നനായി കിടന്നപ്പോൾ ഇണയോടൊത്ത്‌ ശയിച്ചതും തുടങ്ങി നിത്യജീവിതത്തിലെ സൂക്ഷ്‌മമായ അരുതായ്‌മകൾ പോലും ചികഞ്ഞെടുത്ത്‌ വിലപിക്കുന്ന പച്ച മനുഷ്യനെ ഏത്‌ കാലത്തിലാണ്‌ മറക്കാൻ കഴിയുക? പഠിക്കുക എന്നതിന്‌ പോരാടുക എന്നുകൂടി അർത്ഥമുണ്ടെന്ന്‌ കറുത്തവനെ തെർയ്യപ്പെടുത്തിയ ഗാന്ധി സത്യാഗ്രഹം അധികാരത്തിന്റെ ചേല അഴിഞ്ഞുപോയവർക്ക്‌ നാണം മറക്കാനുളള കൗപീനമല്ലെന്നും അത്‌ യന്ത്രതോക്കുകളേക്കാൾ മൂർച്ചയുളള വജ്രായുധമാണെന്നും പഠിപ്പിച്ചു. ചർക്ക സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണെന്നും ഒരു യന്ത്രവും മനുഷ്യന്റെ കൈകാലുകൾക്ക്‌ പകരമാവില്ലെന്നും വിളിച്ചു പറഞ്ഞ തൊഴിലാളി പ്രേമി ഉഴുതുമറിച്ച ചതുപ്പുനിലത്താണ്‌ ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും വളർന്ന്‌ പുഷ്‌പിച്ചത്‌. നിസ്സഹരണം, നിയമലംഘനം പോലുളള തീപാറുന്ന സമരമുറകളിലൂടെ വൈസ്രോയിമാരുടെ ഉറക്കം കെടുത്തിയ അദ്ദേഹം ദണ്‌ഡികടപ്പുറത്ത്‌ നിന്ന്‌ വാരിയെടുത്ത ഒരുപിടി ഉപ്പിന്‌ സാമ്രാജ്യത്വത്തെ നാടുനീക്കാനുളള ആജ്ഞാശക്തി ഉണ്ടായിരുന്നു. ഹരിജനോദ്ധാരണം കർമ്മമുദ്രയാക്കിയ സാത്വികൻ ഹരിജൻ, യംഗ്‌ ഇന്ത്യ തുടങ്ങിയ പത്രങ്ങളിലൂടെ നടത്തിയ അക്ഷരസ്‌ഫോടനം അഷ്‌ടദിക്കുകളെ വിറപ്പിക്കുകയും അടിമത്വനുകം പേറുന്ന ശിപായിമാരുടെ കണ്ണ്‌ തുറപ്പിക്കുകയും ചെയ്‌തു.

സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചുകൊണ്ട്‌ ചുവപ്പ്‌കോട്ടയിൽ മലയാളിയുടെയും, തമിഴന്റെയും, തെലുങ്കന്റെയും, കാശ്‌മീരിയുടെയും, ഹിന്ദുവിന്റെയും, മുസ്ലീമിന്റെയും, ക്രിസ്‌ത്യാനിയുടെയും, പാഴ്‌സിയുടെയും അഹങ്കാരമായ കൊടിക്കൂറ വിണ്ണിലുയരവേ നവഖാലിയിലെ കലാപഭൂമിയിലേക്ക്‌ തിരിഞ്ഞുനടന്നുകൊണ്ട്‌ ഇന്ദ്രപ്രസ്ഥത്തിലെ ചില്ലുഗോപുരത്തിലേയ്‌ക്ക്‌ അശനിപാതം പോലെ അധികാരകസേര വലിച്ചെറിഞ്ഞ മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയത്തിലെ സവ്യസാചിയായിരുന്നു ഗാന്ധിജി. രാഷ്‌ട്രീയത്തിൽ മക്കത്തായത്തിന്റെ പല്ലുകൊഴിഞ്ഞ പാരമ്പര്യം നിലനിർത്താൻ പുത്രകാമേഷ്‌ടി നടത്തുന്ന “ലീഡർ”മാർക്ക്‌ ഈ മനുഷ്യന്റെ തിരുശേഷിപ്പ്‌ സ്വന്തം കർമ്മപഥം മാത്രമാണെന്ന്‌ അറിയുമോ? ആരോപണങ്ങളുടെ തീനാളങ്ങളേറ്റ്‌ വാടിത്തളർന്ന മനസ്സുമായി കനൽപ്പഥങ്ങളിലൂടെ ധർമ്മത്തിന്റെ കുഴൽവിളി നടത്തി നീങ്ങിയ ഒറ്റയാന്റെ കാരുണ്യമൂറുന്ന നെഞ്ചിലേക്ക്‌ വെടിയുണ്ട പായിച്ച ഗോദ്‌സെ എന്ന കാര്യപുടനെ ആചാരവെടി മുഴക്കി സ്വീകരിച്ചവർ സ്വദേശിമന്ത്രം ഉരുവിട്ട്‌ തക്കം പാർത്ത്‌ കഴിയുന്നുണ്ട്‌. അരണി കടഞ്ഞ്‌ അഗ്‌നിയുണ്ടാക്കി സ്വയം എരിഞ്ഞടങ്ങിയാലും തീരാത്ത പാപം പേറിയ ഇവർക്കെതിരെ സൂര്യചന്ദ്രന്മാർ ഉളള കാലത്തോളം ജാഗ്രത പാലിച്ചേ പറ്റൂ. നേരിനും നെറിക്കും താങ്ങുവില നിശ്ചയിക്കേണ്ട ഈ കാലത്ത്‌ തലച്ചോറിന്‌ അൽഷിമേഴ്‌സ്‌ ബാധിക്കാത്തവർക്കും സ്‌നേഹത്തിന്റെ നീരുറവ വറ്റാത്തവർക്കും കൂട്ടിന്‌ ഈ ധർമ്മപുത്രരുടെ സ്‌പന്ദിക്കുന്ന ഓർമ്മകളുണ്ട്‌.

“വിജുഗീഷു മൃത്യാവിന്നാവുമോ-

ജീവിതത്തിൻ കൊടിപ്പടം താഴ്‌ത്തുവാൻ.”

ടി.പി.സെയ്‌ഫുദ്ദീൻ, ചന്തിരൂർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.