പുഴ.കോം > സായഹ്നകൈരളി > കഥ > കൃതി

ചാണകവണ്ടുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഐ.ആർ.കൃഷ്‌ണൻ, മേത്തല

പശ്ചിമാസ്‌ത്രേലിയ, തീരദേശമൊഴിച്ച്‌ വിസ്‌തൃതമായ ഉൾഭാഗത്ത്‌ പുല്ലുമാത്രം വളരുന്നു. ഒരു കാലത്ത്‌ ചെമ്മരിയാട്‌ വളർത്തലും രോമവ്യവസായവും അവിടെ അഭിവൃദ്ധി പ്രാപിച്ചു വന്നു. അപ്പോഴാണ്‌ പാലും പാലുൽപ്പന്നങ്ങളും ഇറച്ചിയും കയറ്റി അയച്ച്‌ കൂടുതൽ ലാഭമുണ്ടാക്കാനുള്ള വഴി വ്യവസായികൾ കണ്ടെത്തിയത്‌. സർക്കാർ നയവും അവർക്കനുകൂലമായിരുന്നു. എരുമകളും പശുക്കളും ഇറക്കുമതി ചെയ്യപ്പെട്ടു. കാലം ചെല്ലുന്തോറും അവ പെറ്റുപെരുകി.

രണ്ടു മക്കളും ഭാര്യയും അപ്പനും അമ്മയുമടങ്ങുന്ന കൊച്ചു കുടുംബമായിരുന്നു പീറ്ററിന്റേത്‌. വീടിനു ചുറ്റുമുള്ള വിസ്‌തൃതമായ പുൽമേട്‌ അവരുടേതായിരുന്നു. നിറയെ പുല്ലുള്ള സ്ഥലം. നല്ല പ്രയത്നശാലിയും ബുദ്ധിമാനുമായിരുന്ന പീറ്ററും എരുമകളെ വളർത്താൻ തുടങ്ങി. അയാളുടെ മേട്ടിൽ എന്നും അമ്പത്‌ എരുമകളെങ്കിലുമുണ്ടാകും. കാലിവളർത്തലിൽ നിന്നുള്ള വരുമാനം പീറ്റർകുടുംബത്തെ സമ്പന്നമാക്കി. ജീവിതം സുഖമയം. അവരുടെ സന്തോഷത്തിനതിരില്ലായിരുന്നു.

‘ഹാ! സുഖങ്ങൾ വെറും ജാലം...’ അത്‌ മനസിലാക്കാൻ അധികനേരം വേണ്ടിവന്നില്ല. ഇർപ്പം കുറഞ്ഞ കാലാവസ്ഥയിൽ എരുമച്ചാണകം പുൽമേടുകളിൽ വീണ്‌ കട്ടപിടിച്ചുകൊണ്ടിരുന്നു. ഇത്രയധികം ചാണകം വാരി സൂക്ഷിക്കാൻ ഒരിടത്തും സൗകര്യമില്ലായിരുന്നു. അതിന്റെ ആവശ്യവും തോന്നിയില്ല. എല്ലാവർക്കും ചാണകമുണ്ട്‌. അതുകൊണ്ട്‌ വിൽക്കാനും കഴിഞ്ഞില്ല, വളപ്രയോഗത്തിനാകട്ടെ നാട്ടിൽ മറ്റു കൃഷികളുമില്ല. മഴയില്ലാത്ത ആ പ്രദേശത്ത്‌ ഏതാനും കൊല്ലംകൊണ്ട്‌ ഉണങ്ങിയ ചാണകക്കുട്ടകൾ നിറഞ്ഞ്‌ പുല്ലിനു വളരാൻ സ്ഥലമില്ലാതായി. എരുമകൾക്ക്‌ തീറ്റകൊടുക്കാനില്ലാതെ ഒന്നൊന്നായി വിറ്റൊഴിയേണ്ടിവന്നു.

ഇപ്പോൾ പീറ്റർ കുടുംബത്തിൽ രണ്ട്‌ എരുമകൾ മാത്രം. തൊടിയിൽ അങ്ങിങ്ങു മാത്രം കാണുന്ന പച്ചത്തുരുത്തുകൾ. അവയ്‌ക്കു തിന്നാൻപോലും മതിയാവില്ല. കൂട്ടിവച്ച സമ്പത്ത്‌ നിത്യചെലവിനെടുത്ത്‌ തീർന്നുകൊണ്ടിരുന്നു. മക്കളെ പട്ടിണിക്കിടേണ്ടിവരുമോ? പീറ്ററിന്റെയും ഭാര്യയുടെയും നീറുന്ന മനസ്‌ ഓരോന്നോർത്ത്‌ പിടഞ്ഞു. അവർ പള്ളിയിൽ പോയി പ്രാർത്ഥിച്ചു. മാതാവിന്‌ മെഴുകുതിരി കത്തിച്ചു. പുണ്യവാളന്മാർക്ക്‌ നേർച്ചകൾ നടത്തി. എന്നിട്ടും ഒരു മോചനമാർഗവും തെളിഞ്ഞുവന്നില്ല. വീടിനകത്ത്‌ അപ്പനും അമ്മയും മനസുരുകി പ്രാർത്ഥിച്ചുഃ ‘പാവങ്ങളിൽ കനിവുള്ളവനായ പിതാവേ തുണയ്‌ക്കേണമേ...’

വെറുതെ വീട്ടിലിരുന്നിട്ടെന്തു കാര്യം? എല്ലാ ദിവസവും പകൽസമയം പീറ്റർ വീടിനു പുറത്തു കഴിച്ചുകൂട്ടി. ‘വല്ല പണിയും കിട്ടിയിരുന്നെങ്കിൽ....അയാൾ എന്തു ജോലി ചെയ്യാനും തയ്യാറായിരുന്നു.

അങ്ങിനെയിരിക്കെ ഒരു ദിവസം അയാൾ വീട്ടിലെത്തിയത്‌ ഒരു ’കൂട‘യുമായിട്ടാണ്‌. ’എന്താണിതിൽ‘? മറുപടിക്കു കാത്തു നിൽക്കാതെ ഭാര്യ അതു തുറന്നപ്പോൾ....’അയ്യേ....ഇത്‌ ചാണകമുരുട്ടി വണ്ടുകളാണല്ലോ...ഏതഴുക്കും ഉരുട്ടി ഉണ്ടയാക്കി കൊണ്ടുപോകുന്ന ഇവയെ ഞങ്ങൾക്കെല്ലാം അറപ്പാണ്‌. അശ്രീകരം! ഇനി ഇതിന്റെ ഉപദ്രവം കൂടി സഹിക്കണമല്ലോ കർത്താവേ....‘ ചെറുപ്രായത്തിൽ ഇംഗ്ലണ്ടിലായിരുന്ന പീറ്ററിന്റെ ഭാര്യക്കു ഛർദ്ദിക്കാൻ തോന്നി. അപ്പനുമമ്മയും മരുമകളുടെ അഭിപ്രായത്തോട്‌ യോജിച്ചു. പക്ഷെ, മകനെ എതിർത്തൊന്നും പറഞ്ഞില്ല. അവൻ ബുദ്ധിമാനാണ്‌. അവർക്ക്‌ അവനെ വിശ്വാസമായിരുന്നു. ഭാര്യയുടെ മുഖത്ത്‌ തെളിഞ്ഞുവന്ന അപ്രിയം മനസിലാക്കിയ പീറ്റർ പറഞ്ഞു. ’ഇല്ല പ്രിയേ ഈ വണ്ടുകളെ ഏതോ രാജ്യത്തു നിന്ന്‌ സർക്കാർ വാങ്ങി വിതരണം ചെയ്യുന്നതാണ്‌. ഇതുകൊണ്ട്‌ നമ്മൾ രക്ഷപ്പെടും. എങ്ങനെയെന്നു ഞാൻ പറയുന്നില്ല. അനുഭവിച്ചറിയാം‘

അയാൾ വണ്ടുകൂടയുമായി പുറത്തേക്കിറങ്ങി, ചാണകക്കെട്ടുകൾ കൂടുതലുള്ള ഭാഗങ്ങളിൽ കുറെ എണ്ണത്തെ വീതം ഇറക്കിവിട്ടു. എട്ടുപത്തു ദിവസംകൊണ്ട്‌ ഏതാണ്ട്‌ പകുതിയോളം ചാണകക്കട്ടികളും ഇല്ലാതായിക്കഴിഞ്ഞിരുന്നു. അവയെല്ലാം വണ്ടുകൾ ഉരുളകളാക്കുകയും തിന്നുകയും ചെയ്‌തു. വണ്ടുകളുടെ വിസർജ്യങ്ങൾ മണ്ണിൽ ലയിച്ചു. അധികം താമസിയാതെ മേടുകൾ നിറയെ പുല്ലുകൾ കിളിർത്തു....വളർന്നു. പീറ്റർ വീണ്ടും കൂടുതൽ എരുമകളെ വളർത്താൻ തുടങ്ങി. മുൻപുണ്ടായിരുന്നതിനേക്കാൾ സമ്പത്തു വർദ്ധിച്ചുവന്നു. ഒപ്പം സന്തോഷവും.

ഒരുദിവസം പീറ്റർ ഭാര്യയോട്‌ ചോദിച്ചു. നമ്മളെ രക്ഷിച്ചതാരാണെന്നറിയാമോ നിനക്ക്‌?

’ചാണകവണ്ടുകൾ‘ അവളുടെ ചിരിയിൽ നാണം കലർന്നിരുന്നു.

ഐ.ആർ.കൃഷ്‌ണൻ, മേത്തല




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.