പുഴ.കോം > സായഹ്നകൈരളി > കഥ > കൃതി

വാൽമീകം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഉഷാദേവി മാരായിൽ

മുത്തി വലിയ ധൃതിയിലാണ്‌. സന്ധ്യയാവുന്നതേയുള്ളു. അടിച്ചു തുടച്ച്‌ നിലത്ത്‌ നിലവിളക്ക്‌ കത്തിച്ചുവെച്ചു.

ആദ്യം നമ്മുടെ വിളക്കു കാണണം. മഹാലക്ഷ്‌മി വിളയാടാനുള്ളതാണ്‌.

അമ്മുക്കുട്ട്യേ. എവിടെപ്പോയ്‌? സന്ധ്യയായത്‌ അറിഞ്ഞില്ലെന്നുണ്ടോ? കുട്ടികളേം കൂട്ടി മേക്കഴുകി വന്നോളൂ. നാമം ചൊല്ലാൻ വൈകണ്ട. മുത്തി തിരക്കു കൂട്ടി.

എല്ലാ കുട്ടികളും സന്ധ്യാനാമം ജപിക്കണമെന്ന്‌ മുത്തിക്ക്‌ നിർബന്ധമാണ്‌.

ആയിരം പൂർണചന്ദ്രന്മാരെ ദർശിച്ച മുത്തിക്ക്‌ അൽപം കേൾവിക്കുറവുണ്ട്‌. സന്ധ്യനാമം ഉറക്കെ ചൊല്ലിയില്ലെങ്കിൽ എന്തേ നാമം ചൊല്ലാത്തത്‌ എന്നായിരിക്കും ചോദ്യം

രാമ! രാമ! രാമ! പാഹിമാം

രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം

ഭക്തി മുക്തിദായകാ പുരന്തരാദി സേവിതം

ഭക്തവത്സലാ, മുകുന്ദ പത്മനാഭ പാഹിമാം.

എല്ലാവരും നാമം ചൊല്ലിക്കഴിഞ്ഞപ്പോൾ മുത്തി പറഞ്ഞു. ങ്ങാ, ഇനി മക്കള്‌ പോയി പഠിച്ചോളൂ. കർക്കിടക മാസമാണ്‌ രാമായണ മാസം. മുടങ്ങാതെ ഭജിച്ചാൽ ഭഗവാൻ എല്ലാ നന്മകളും തരും. ഈ കുട്ടികൾക്കു അത്‌ മനസിലാവില്ല. അവരെ പറഞ്ഞിട്ടു കാര്യമെന്ത്‌? ഒരുപാട്‌ പഠിക്കാനുമില്ലേ? മുത്തി സ്വയം പറഞ്ഞു. തുടർന്ന്‌ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ വാൽമീകിസ്‌തുതി ചൊല്ലാൻ തുടങ്ങി.

കുജന്തം രാമരാമേതി

മധുരം മധുരാക്ഷരം

ആരുഹ്യകവിതാശാഖാം

വന്ദേ വാൽമീകി കോകിലം

ശ്ലോകത്തിന്റെ മാധുര്യം പഠിക്കാൻ തുടങ്ങിയ കുട്ടികളുടെ ശ്രദ്ധയാകർഷിച്ചു.

അമൃത സംശയവുമായി മുത്തിക്കരികിലെത്തി പിന്നാലെ മറ്റുള്ളവരും.

കോകിലം കുയിലാണെന്നറിയാം. ഈ വാൽമീകി കോകിലം എന്താ മുത്തശ്ശി.

താൻ പറയുന്നത്‌ കേൾക്കാൻ കുട്ടികൾക്കിഷ്‌ടമാണ്‌. തനിക്ക്‌പറയാനും മുത്തശ്ശി സന്തോഷത്തോടെ വിവരിച്ചു. നമ്മുടെ പറമ്പിലേക്ക്‌ പറന്നു വരുന്ന കുയിലല്ല. രാമായണം എഴുതിയ വാൽമീകിയാകുന്ന കുയിലാണത്‌. ഭഗവാൻ ശ്രീരാമന്റേയും സീതാദേവിയുടേയും ഹനുമാന്റെയുമൊക്കെ കഥ പാടിക്കേൾപ്പിച്ചു തന്ന കുയിൽ. ഈ കുയിലാണ്‌ ആദികവിയായ വാൽമീകി. ഇനിയെന്താ മക്കൾക്കറിയേണ്ടത്‌.?

ഒരുപാടറിയാനുണ്ട്‌ മുത്തശ്ശി. ഒരുപാട്‌ പഠിക്കാനുമുണ്ട്‌ എങ്കിൽ ഇനി നാളെയാകാം. മക്കൾ പഠിച്ചോളൂ.

മുത്തശ്ശി എഴുന്നേറ്റു. ഇനി അൽപം വിശ്രമിക്കണം.

ഉഷാദേവി മാരായിൽ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.