പുഴ.കോം > സായഹ്നകൈരളി > കഥ > കൃതി

ദൈവദൂതൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.വി.ബാബു

ഒരു സ്വകാര്യ കമ്പനി എം.ഡി തന്റെ പുതിയ അറിയിപ്പ്‌ പുറത്തുവിട്ടു! അമേരിക്കയിൽ പഠിപ്പ്‌ പൂർത്തിയാക്കിയശേഷം ഒരാഴ്‌ചക്കുളളിൽ മടങ്ങിയെത്തുന്ന എം.ഡിയുടെ ഏകമകൻ മോറീസ്‌ ആയിരിക്കും ഇനിമുതൽ കമ്പനിയുടെ എം.ഡി! ഇതറിഞ്ഞുകഴിഞ്ഞതും കമ്പനിയിൽ പെട്ടെന്നൊരു മാറ്റം അരങ്ങേറി. മുഴുവൻ പേരും കൃത്യസമയത്ത്‌ എത്തുവാനും മടികൂടാതെ ജോലിയെടുക്കാനും തുടങ്ങി. ചുറുചുറുക്കാർന്ന ആ അന്തരീക്ഷത്തിലും സീനിയർ മാനേജർമാരായ ചെറിയാൻ അസ്വസ്ഥനായി കാണപ്പെട്ടു. തന്റെ മുറിക്കുളളിൽ കടന്ന്‌ തളർച്ചയോടെ ഇരിപ്പിടത്തിൽ അമർന്നു.

അയാളുടെ ഏകമകൾ സോനക്ക്‌ പല ആലോചനകളും വന്ന്‌, അവസാനം ഒരു നല്ല പയ്യനുമായി ഉറപ്പിച്ചു. സന്തോഷത്തോടെ, സമാധാനമായി വിവാഹ ഏർപ്പാടുകൾ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ്‌, വലിയൊരു പ്രഹരം ഏറ്റത്‌! അമ്പതിനായിരം തരാമെന്ന്‌ സമ്മതിച്ചിരുന്ന, ഏറെ വിശ്വസിച്ച അയാളുടെ ഉറ്റസുഹൃത്ത്‌ ഒരു അപകടത്തിൽ ‘കോമ’യിൽ അകപ്പെട്ടു. പെട്ടെന്ന്‌ എല്ലാ വഴികളും അടഞ്ഞതുപോലെ തോന്നി. പണത്തിന്‌ ഇനി എന്തുചെയ്യും എന്ന ചിന്ത അയാളെ വല്ലാതെ അലട്ടി. കഴിഞ്ഞ ഇരുപത്തിയേഴു വർഷം ഒരു ചെറിയ തെറ്റും ചെയ്യാതെ, കൈക്കൂലി വാങ്ങാതെ തളളിനീക്കി. ഇപ്പോൾ വന്നെത്തിയിരിക്കുകയാണ്‌ ഒരു വലിയ പരീക്ഷണം. ഒപ്പം ജോലിചെയ്യുന്ന മിക്കവരും തക്കംപോലെ വേണ്ടത്ര ചോദിച്ചുവാങ്ങി സമ്പാദിച്ചു. എന്നാൽ അതൊന്നും ശാശ്വതമല്ല എന്നാണ്‌ ചെറിയാന്റെ വിശ്വാസം. ഇന്നലെ കൂടി പുതിയതായി ഒരുത്തൻ വന്നു. എല്ലാവരോടും ഹൃദ്യമായി സംസാരിച്ചു. ഒടുവിൽ അയാൾക്കടുത്ത്‌ എത്തി വലിയ പ്രധാനപ്പെട്ട കോൺട്രാക്‌ട്‌ എം. ഡിയോട്‌ സംസാരിച്ച്‌ തനിക്ക്‌ ലഭ്യമാക്കാൻ കെഞ്ചി. കമ്പനിയിൽ അയാളുടെ സ്വാധീനവും, തൽസമയത്തെ പണപ്രശ്‌നവും അറിവുളളതുപോലെയും, ഇതു തനിക്ക്‌ ചെയ്‌തുതന്നാൽ, മകളുടെ വിവാഹ ചെലവുകൾ മുഴുവനും താൻ വഹിക്കുന്നതാണെന്നും വെളിപ്പെടുത്തി. ഇതിൽ രൂപാ അമ്പതിനായിരം ഉണ്ട്‌. ഇത്‌ അഡ്വാൻസായി വെച്ചുകൊളളാനും പറഞ്ഞ്‌ സൂട്ട്‌ കെയ്‌സ്‌ തുറന്നുകാണിച്ചു.

പതിവുപോലെ അവനെ ചെറിയാൻ വിരട്ടവേ, നാളെ വീണ്ടും വരാമെന്നു പറഞ്ഞ്‌ തിരികെ പോയി. അയാൾ പിശാചിനും കടലിനും ഇടയിൽപ്പെട്ടതുപോലെയായി. തന്റെ ബുദ്ധിമുട്ടുകൾ തീർക്കുവാൻ എത്തിയിരിക്കുന്ന ദൈവദൂതനാണ്‌ അവനെന്ന്‌ ഉളളിലിരുന്ന്‌ ആരോ മന്ത്രിച്ചു. അവനെ മനസ്സിൽ നിന്നും അകറ്റാൻ ശ്രമിച്ചു. കഴിഞ്ഞില്ല. വീണ്ടും വീണ്ടും അവന്റെ വാക്കുകൾ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. പിറ്റേന്ന്‌ കൃത്യം പതിനൊന്ന്‌ മണിക്ക്‌ അവൻ വന്നു. കയ്യിൽ സൂട്ട്‌കെയ്‌സ്‌. അതിനകം ചെറിയാൻ ഒരു തീരുമാനത്തിൽ എത്തിയിരുന്നു. അവൻ മുറിയിൽ കടന്നതും സംസാരിക്കാൻ അവസരം നൽകാതെ മൊഴിഞ്ഞു. ‘നോക്ക്‌, ഇത്രയും നാൾ കൈക്കൂലി വാങ്ങാതെ കാലം കഴിച്ചു. പുലി വിശന്നു പൊരിഞ്ഞാലും പുല്ല്‌ തിന്നില്ല. എന്താണെന്നുവെച്ചാൽ, ദൈവം അതിനെ അങ്ങിനെയാ സൃഷ്‌ടിച്ചിരിക്കുന്നത്‌. ഇക്കാലമത്രയും എന്നെ നേർവഴിക്ക്‌ ജീവിക്കാൻ വിട്ട്‌ കാത്തദൈവം എന്റെ മകളുടെ കല്ല്യാണവും എങ്ങനെയെങ്കിലും നടത്തിത്തരാതിരിക്കില്ല. നിങ്ങൾ ദയവ്‌ ചെയ്‌തു പോകൂ...’

‘ജീവിക്കാനറിയാത്ത വിഡ്‌ഢി’ എന്നു പരിഹസിച്ച്‌ പിന്തിരിയുമെന്ന്‌ കരുതിയെങ്കിലും, പെട്ടെന്ന്‌ അവൻ അയാളുടെ കൈകൾ ആവേശത്തോടെ കവർന്നെടുത്തു. ‘സാർ ഈ കമ്പനിയിൽ നിങ്ങൾ ഒരു ’ജെം‘ ആണ്‌. ഈ കലിയുഗത്തിൽ നിങ്ങളെപ്പോലുളളവരെ കണ്ടെത്തുക മഹാഭാഗ്യമാ. യൂ ആർ റിയലി ഗ്രേറ്റ്‌ സാർ!. നിങ്ങളുടെ മകളുടെ മാര്യേജ്‌ വളരെ ഭംഗിയായി നടക്കും. ഇവിടെ കൈക്കൂലി വാങ്ങിക്കൊണ്ടിരുന്ന മുഴുവൻ പേരുടെ മേലും കർശന നടപടി എടുക്കാൻ പോവുകയാ....

ചെറിയാൻ കുഴങ്ങി. ’നിങ്ങൾ... ആരാണ്‌...?‘ ’ഞാനാണ്‌ ഈ കമ്പനിയുടെ പുതിയ എം.ഡി. എന്റെ പേര്‌ മോറീസ്‌. ഒരാഴ്‌ച മുമ്പേ വന്നു ചേർന്നു.‘ അവന്റെ മുഖത്ത്‌ ഒരു കളളച്ചിരി വിടർന്നു.

എം.വി.ബാബു




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.