പുഴ.കോം > സായഹ്നകൈരളി > കഥ > കൃതി

സ്മൃതി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീദേവി കെ.ലാൽ

ഇനിയീ കിടപ്പിൽ നിന്നെണീക്കുമെന്നു തോന്നുന്നില്ല. അല്ലെങ്കിലും എണീറ്റിട്ട്‌ ഇനിയെങ്ങോട്ട്‌ നടക്കാൻ!

ജീവിതത്തിന്റെ അങ്ങേത്തലയ്‌ക്കൽ നിന്നും നടന്ന്‌ ഇങ്ങേതലയ്‌ക്കലെത്തി പാതയവസാനിക്കുന്നു. ചെയ്തതൊക്കെ സംതൃപ്തം. ചെയ്യേണ്ടതൊന്നിനി ബാക്കിയും വച്ചിട്ടില്ല.

ഒരുപാട്‌ സ്നേഹവുമായി ഇപ്പോഴും കട്ടിലിനു ചാരെ അവരുണ്ട്‌. കടപ്പാടുകൾ വല്ലതും ബാക്കിയാകുന്നുണ്ടോ?

തൊലി ചുളുങ്ങിയ കൈകളെപ്പോഴും താങ്ങായി. ആശ്വാസമായി തൊട്ടുഴിയുമ്പോൾ ചേർത്തുവെച്ച മോഹമൊന്ന്‌ ബാക്കിയുണ്ടായിരുന്നെന്ന്‌ ഈ വൈകിയവേളയിൽ എങ്ങനെ പറയാനാണ്‌.

ഒരുപാട്‌ നൊമ്പരത്തോടെ ഇതുവരെ മനസ്സിലൊളിപ്പിച്ചത്‌ അവർ വേദനിക്കരുതെന്നു കരുതി മാത്രം.

ഒരുപാട്‌ വാത്സല്യത്തോടെ പകരാൻ കൊതിച്ച്‌ ബാക്കിവച്ച ചൂട്‌ ഇപ്പോഴുമുണ്ട്‌ നെഞ്ചിൽ; മൂളാൻ കൊതിച്ചുവച്ച താരാട്ടുണ്ട്‌ ചുണ്ടിൽ. ഒരു കുളിർതെന്നലായി വന്നെത്താൻ കൊതിച്ച്‌ കിളികൊഞ്ചലിനായ്‌ ഇടയ്‌ക്കൊക്കെ കാതോർക്കാറുണ്ട്‌.

എങ്കിലും അവർക്കൊരമ്മയാകാൻ കഴിയില്ലെന്ന്‌ തീർത്തും ബോധ്യമായ ദിവസം പറഞ്ഞതിങ്ങനെ ‘നീയുണ്ടല്ലോ എനിക്കെന്നും പിന്നെയെന്തിന്‌?’

വീണ്ടുമതേക്കുറിച്ചുള്ള സംസാരങ്ങൾ തന്നെ കുറവായിരുന്നു. പിന്നെയിതുവരെ പരസ്പരം താങ്ങായി, തണലായി, നല്ല ജീവിതപങ്കാളികളായി... ഇപ്പോൾ തനിച്ചാക്കി അനിവാര്യമായ ഈ യാത്രയ്‌ക്കൊരുങ്ങുമ്പോൾ അവർക്കു കൂട്ടിന്നായി തന്റെ പ്രതിഛായയൊന്നു ബാക്കിയുണ്ടല്ലോയെന്നു വിചാരിക്കാനിനി....

അവരുടെ ചിന്തകളും ഇപ്പോൾ ഇങ്ങനെയൊക്കതന്നെയാകില്ലേ. കണ്ണീരുവറ്റി കുഴിഞ്ഞ കണ്ണുകളിലേയ്‌ക്ക്‌ നോക്കാതിരിക്കുവാൻ കഴിഞ്ഞില്ല.

പകർന്നു നൽകാൻ ആശകൾ മാത്രം ബാക്കിയായ അമ്മിഞ്ഞയുടെ മാധുര്യവും, വാത്സല്യത്തിന്റെ ചൂടും താരാട്ടിനീണങ്ങളും ഒക്കെയും ആ നെഞ്ചിലുണ്ടാവില്ലേ.

ഇനിയിപ്പോൾ പറഞ്ഞിട്ട്‌! പ്രാണൻ വിട്ടൊഴിയാൻ മാത്രം ചൂടവശേഷിപ്പിക്കുന്ന നെഞ്ചിൻകൂടിനുമുകളിലൂടെ തലോടുന്ന തൊലിചുളിഞ്ഞ ഇളം ചൂടുള്ള കൈകൾ തന്റെ നെഞ്ചിലേയ്‌ക്ക്‌ ചേർത്തമർത്തുമ്പോൾ അവരുതിർത്ത നിശ്വാസം എന്തിനാവാം?

അവസാന യാത്രാമൊഴിയാകുമോ?

ഇപ്പോൾ ചിന്തകളിൽ തെളിയുന്നതൊരുദൃശ്യം മാത്രം. പട്ടടയ്‌ക്കുമുകളിൽ ഒരുക്കി കിടത്തിയിരിക്കുന്ന തന്റെ പ്രാണനില്ലാത്ത ദേഹം. കർമ്മി നീട്ടിയ തീക്കൊള്ളിയേറ്റു വാങ്ങാൻ ആളില്ലാതെ അത്‌ തനിക്കുമുകളിൽ നിശ്ചലമായി നിൽക്കുന്നു. ഇപ്പോളതിന്റെ ചൂടും പുകയുമേറ്റ്‌ ശ്വാസം മുട്ടുന്നു.

കണ്ണുകൾ താനെ അടയുകയാണ്‌.

ശ്രീദേവി കെ.ലാൽ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.