പുഴ.കോം > സായഹ്നകൈരളി > കഥ > കൃതി

അഡ്‌മിഷൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അനി ചെറായി

എസ്‌.എസ്‌.എൽ.സി യുടെ റിസൽട്ട്‌ അറിഞ്ഞ്‌, സന്തോഷവാനായി വന്ന മകൻ അച്ഛനോട്‌ പറഞ്ഞുഃ ‘അച്ഛാ.... ഞാൻ ജയിച്ചു. മാർക്ക്‌ കുറവാണ്‌. ഇനി പന്ത്‌ അച്ഛന്റെ കോർട്ടിലാണ്‌.’

മകന്റെ വരവും പ്രതീക്ഷിച്ച്‌, ആകാംക്ഷയോടെ കാത്തിരുന്ന അയാൾ, ഫലിതരൂപേണ പറഞ്ഞ വാക്കുകൾ കേട്ട്‌ സന്തോഷം കൊണ്ട്‌ മതിമറന്നു. സന്തോഷത്തോടൊപ്പം തന്നെ, വാക്കുകളുടെ അർത്ഥം ഗ്രഹിച്ചപ്പോൾ, മനസ്സിൽ നീറ്റൽ കൂടി അനുഭവപ്പെടുന്നത്‌ അയാൾ അറിഞ്ഞു.

ഉയർന്ന ഗ്രേഡ്‌ വാങ്ങി, പാസ്സായ, കൂടെ പഠിച്ച കുട്ടികൾ ഹയർസെക്കണ്ടറിയിലേക്കു പോകുമ്പോൾ മകന്റെ ഭാവി തന്റെ കൈകളിലാണല്ലോ എന്നോർത്ത്‌ വേവലാതി പൂണ്ടു.

അന്നു രാത്രി വളരെ വൈകിയും അയാൾക്ക്‌ ഉറങ്ങാൻ കഴിഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും, അസ്വസ്‌ഥതയോടെ കിടക്കുമ്പോൾ, പുറത്ത്‌ മിഥുനമാസത്തിലെ തകർത്തു പെയ്യുന്ന മഴയുടെ ആരവങ്ങളും, ഇടയ്‌ക്കിടെ ജനൽപാളികൾക്കിടയിലൂടെ അതിക്രമിച്ച്‌ അകത്തുകടക്കുന്ന മിന്നൽപിണറുകളും, മകന്റെ തീവ്രമായ വാക്കുകൾക്കു മുമ്പിൽ നിഷ്‌പ്രഭമായി. അസ്വസ്‌ഥമായ മനസ്സ്‌, ഓർമ്മകളുടെ ശവപ്പറമ്പിൽ ഗതികിട്ടാത്ത ആത്മാക്കളെ പോലെ അലഞ്ഞു നടക്കുന്നു.... അന്ധകാരത്തിന്റെ നിഗൂഢയാമങ്ങളിൽ എപ്പോഴോ, കൺപോളകൾ കനം തൂങ്ങി താനേ അടഞ്ഞു.

ഒരു സുഹൃത്തിനെപോലെ, എന്തിനും ഏതിനും തന്റെ അടുക്കൽ ഓടി എത്തുകയും, വള്ളിപുള്ളിവിടാതെ കാര്യങ്ങൾ പറഞ്ഞുകേൾപ്പിക്കുകയും, തന്റെ അഭിപ്രായങ്ങൾക്ക്‌ വില കല്‌പിക്കുകയും ചെയ്യുന്ന, മകനെ കുറിച്ച്‌ അയാൾക്ക്‌ നല്ല മതിപ്പായിരുന്നു.

പക്ഷെ..... സ്‌ഥിരമായി ഒരു വരുമാനം ഇല്ലാത്തതുകൊണ്ട്‌, കുടുംബം പുലർത്തുവാനും മക്കളുടെ വിദ്യാഭ്യാസത്തിനും വേണ്ടി നന്നേ കഷ്‌ടപ്പെടുന്ന താൻ, എങ്ങനെ മകന്റെ അഡ്‌മിഷൻ ശരിയാക്കും എന്നോർത്ത്‌ നിസ്സഹായനായി.

കൂട്ടുകാർക്കൊപ്പം ഏകജാലകം വഴി, അപേക്ഷിച്ച്‌ ഓരോ അലോട്ട്‌മെന്റും കാത്തിരുന്നു നിരാശനായ, മകന്റെ മുഖത്തു നോക്കുവാൻ പോലും ധൈര്യം ഉണ്ടായില്ല.

ഒടുവിൽ ബന്ധുക്കളോടും, കൂട്ടുകാരോടും ഒക്കെയായി, സ്വരൂപിച്ച പണം കൊടുത്ത്‌, തൊട്ടടുത്ത സ്‌കൂളിൽ, മാനേജ്‌മെന്റ്‌, സീറ്റിൽ, ‘പ്ലസ്‌ വണ്ണിന്‌ അഡ്‌മിഷൻ തരപ്പെടുത്തി, മകനുമായി സ്‌കൂളിന്റെ പടികൾ ഇറങ്ങുമ്പോൾ, മകന്റെ മുഖത്ത്‌- ഒരു വ്യാഴവട്ടക്കാലത്തെ പൂർണ്ണ നിലാവ്‌ ഒന്നിച്ച്‌ ദൃശ്യമായത്‌ അയാൾ കണ്ടു.

ചാരിതാർത്ഥ്യത്തോടെ മകനോടൊത്തു വീട്ടിലേക്ക്‌ നടക്കുമ്പോൾ, രണ്ടുകൊല്ലം കഴിയുമ്പോൾ, പന്ത്‌ വീണ്ടും തന്റെ കോർട്ടിലേക്ക്‌ വരുമോ എന്ന ആശങ്ക അയാളുടെ മനസ്സിനെ കിഴ്‌പ്പെടുത്തിയിരുന്നു.

അനി ചെറായി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.