പുഴ.കോം > സായഹ്നകൈരളി > കഥ > കൃതി

കടൽക്കാഴ്‌ചയിൽ ഒരു പ്രേമവിചാരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അജിതൻ ചിറ്റാട്ടുകര

ഈയിടെയായി വസുന്ധര കൂടുതൽ കൂടുതൽ ചിന്തിക്കുന്നു. പ്രേമത്തിനു പിന്നിൽ ഒളിച്ചിരിക്കുന്ന സൈക്കോളജി വെറിപിടിച്ച കാമവും ചപലമായ സൗന്ദര്യാരാധനയുമാണെന്ന്‌ അങ്ങനെയാണ്‌ അവൾ കണ്ടെത്തിയത്‌.

എന്നാൽ ഈ നിഗമനത്തോട്‌ പൊരുത്തപ്പെടാൻ അവളുടെ കാമുകനായ ഗോകുലിനു കഴിഞ്ഞില്ല. അവൻ കവയിത്രിയായ റോസ്‌മേരിയുടെ വാക്കുകൾ കടമെടുത്തുകൊണ്ടു പറഞ്ഞു. ‘ഏകാഗ്രതയോടെ സ്നേഹിക്കുകയെന്നത്‌ ഒരു തപസനുഷ്‌ഠിക്കുമ്പോലെയാണ്‌. ഒരു ഭക്തൻ, ഈശ്വരനെ സ്നേഹിക്കുന്നതുപോലെയാണത്‌. നിസ്വാർത്ഥമായ സ്നേഹങ്ങളിൽ മുഴുകുമ്പോൾ നമ്മിലെ ഈശ്വരാംശം തന്നെ ഉണർത്തെണീക്കുന്നു’.

‘കേൾക്കാൻ സുഖമുണ്ട്‌. പക്ഷേ, അത്‌ ശരിയാണെന്ന്‌ ഞാൻ വിശ്വസിക്കില്ല’.

നീ വിശ്വസിച്ചാലുമില്ലെങ്കിലും സത്യമതാണ്‌. പ്രസിദ്ധ ഫ്രഞ്ചു സാഹിത്യകാരനായ വിക്ടർ യൂഗോ പറഞ്ഞു. അനുരാഗമെന്നത്‌ ദേവതകൾ നക്ഷത്രങ്ങളോടു ചെയ്യുന്ന അഭിവാദനമാണ്‌... തുടർന്ന്‌ അദ്ദേഹം അതിന്‌ അടിവരയിടുന്നു - നിങ്ങൾ ഒരു കല്ലാണെങ്കിൽ, വജ്രമാവുക, ചെടിയാണെങ്കിൽ തൊട്ടാവാടിയാവുക, മനുഷ്യനാണെങ്കിൽ അനുരാഗവാനാകുക...‘

’ഒരു എഴുത്തുകാരന്‌ അങ്ങനെയൊക്കെ പറയാം. എന്നാൽ ഈ അത്യാധുനിക സമൂഹത്തിൽ പ്രണയം ഒരിക്കലും ആത്മാർത്ഥമാകുന്നില്ല‘.

’വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖി വായിച്ചിരുന്നെങ്കിൽ നീ ഇങ്ങനെ പറയുമായിരുന്നില്ല‘.

’എഴുത്തുകാരുടെ കഥാപാത്രങ്ങളിലേക്ക്‌ നമ്മളെന്തിനു പോകണം? ജീവിതക്കാഴ്‌ചകൾ പച്ചയായി മുന്നിൽ നിൽക്കുമ്പോൾ‘.

’അവിടെയും നിനക്കു തെറ്റി, പച്ചയായ ഒരു ജീവിതക്കാഴ്‌ച തന്നെയാണ്‌ ബഷീർ അക്ഷരങ്ങളിലേക്കാവാഹിച്ചത്‌‘.

’പക്ഷേ, നമ്മൾ വായിക്കുന്ന പത്രവാർത്തകൾ, പ്രണയവിവാഹങ്ങളുടെ പരാജയങ്ങൾ, തലോടിയ കൈകൾ തന്നെ പിന്നീട്‌ തലയറക്കുന്നത്‌.. ഇതൊക്കെ വിരൽചൂണ്ടുന്നത്‌ എന്റെ കാഴ്‌ചപ്പാട്‌ ശരിയാണെന്നാണ്‌‘.

’ഒരു പരിധിവരെയേ അത്‌ ശരിയാകുന്നുള്ളൂ. ബാക്കിയൊക്കെ നിന്റെ തോന്നലാണ്‌‘.

ഞൊറി വസ്ര്തങ്ങൾ മുകളിലേക്കുയർത്തിപ്പിടിച്ച്‌ ഓടിക്കയറിവരുന്ന തിരകൾക്കു നേരെ ഒരു വെള്ളാരങ്കല്ലെടുത്ത്‌ എറിഞ്ഞു കൊണ്ട്‌ ഗോകുൽ പറഞ്ഞു നിർത്തി.

എന്നാൽ വസുന്ധര തന്റെ നിലപാടിൽ കൂടുതൽ കൂടുതൽ ഉറക്കുകയായിരുന്നു.

’നോ നെവർ... തോന്നലുകളിൽ നിന്ന്‌ ഉരുത്തിരിഞ്ഞു വരുന്ന സചേതനമായ സത്യങ്ങളെ തോന്നലുകളുടെ ചവറ്റുകുട്ടയിലേക്കു പുറന്തള്ളുന്നത്‌ ഫാസിസ്‌റ്റ്‌ പ്രവണതയാണ്‌. ഞാനൊന്നു ചോദിക്കട്ടെ, മുഖത്താകെ വസൂരിക്കലയുള്ള കറുത്തുവിരൂപയായ ഒരു പെൺകുട്ടിയായിരുന്നു ഞാനെങ്കിൽ നീയെന്നെ സ്നേഹിക്കുമായിരുന്നോ?‘

’തീർച്ചയായും കാരണം നിന്നെ സ്നേഹിക്കണമെന്നത്‌ എന്റെ നിയോഗമാണ്‌.‘

’നുണ! ഉത്തരം മുട്ടുമ്പോൾ ഇത്തരം മിത്തുകൾ നിറച്ച കല്ലുവെച്ച നുണകൾ മെനഞ്ഞെടുക്കാൻ പുരുഷന്മാർ സമർഥരാണ്‌‘.

’ഞാൻ നുണ പറഞ്ഞു എന്നെനിക്കു തോന്നുന്നില്ല‘.

’എന്നാൽ എനിക്കു തോന്നി, എന്തായാലും നിനക്കായി ഞാൻ ഒരു കവിത പറയാം.‘

’നിനക്ക്‌

എന്നും ഞാൻ തേൻ തന്നു

ഇന്നെനിക്ക്‌

നിന്റെ വക

ഒരു തുള്ളി തേൻ തരിക

ഈ അസ്തമയത്തോടെ

ഞാൻ മരിക്കുകയാണ്‌

നിന്റെ സ്നേഹം

എത്ര മഹത്തരമായിരുന്നു

എന്ന ഓർമ്മയിൽ

എനിക്കു മരിക്കാമല്ലോ...

പൂവ്‌ കണ്ണീരോടെ പറഞ്ഞു

നിനക്ക്‌

ഒരുതുള്ളി തേൻ തരാം

എന്നാൽ

അതൊരിക്കലും

നിന്റെ സ്നേഹത്തെ മഹത്തരമാക്കുന്നില്ല

നീ എനിക്ക്‌

അവസാനത്തെ തുള്ളി തേനും നൽകി

എന്ന ഓർമ്മയാണ്‌

നിന്റെ സ്നേഹത്തെ

അനശ്വരമാക്കുക...

വണ്ട്‌ പറഞ്ഞു

പിന്നെ

തൊണ്ട പൊരിഞ്ഞ്‌

മരണത്തോടടുത്തപ്പോഴും

പൂവ്‌

തേനിനുവേണ്ടി ചുണ്ടു നീട്ടിയില്ല

പൂവ്‌

ഞെട്ടറ്റു വീണപ്പോൾ

വണ്ട്‌

തെല്ലാശ്വാസത്തോടെ

തൊട്ടടുത്ത പൂവിനുനേരെ പറന്നു‘.

വസുന്ധര പിന്നെ ’എങ്ങനെയുണ്ട്‌ എന്ന അർത്ഥത്തിൽ പരിഹാസദ്യോതകമായി ഗോകുലിനെ നോക്കി.

ഗോകുലിന്റെ ചുണ്ടുകളിൽ ഒരു ചിരി പരന്നു. അവൻ പറഞ്ഞു ‘ഇതിനു പകരം ഞാനൊരു ചൈനീസ്‌ പഴങ്കവിതയിലെ ചില വരികൾ പാടാം...’

‘നിന്നെ കാണാതിരിക്കുമ്പോൾ

നെഞ്ചിനുള്ളിൽ നിന്ന്‌ ഹൃദയം

പുറത്തേക്കു കുതിക്കുന്നു

രോമകൂപങ്ങളോരോന്നും

നിന്നെ വേണം നിന്നെവേണം

എന്ന്‌ മുറവിളി കൂട്ടുന്നു’

‘കവിത കൊള്ളാം, പക്ഷേ, ഞാൻ വിശ്വസിക്കുന്നില്ല’. വസുന്ധര പിന്നെയും മുഖം വെട്ടിച്ചു.

‘എന്തായാലും വസുന്ധര ഒന്നോർക്കണം - നിന്നെ സ്നേഹിക്കുമ്പോൾ ഞാൻ ഇത്രക്കൊന്നും കാടുകയറി ചിന്തിച്ചിട്ടില്ല’. ഗോകുലിന്റെ സ്വരത്തിൽ നീരസം കലർന്നു.

പിന്നെ ഒന്നോരണ്ടോ നിമിഷം അവർക്കിടയിൽ മൗനം തണുത്തുറഞ്ഞു. അതിനെ ഭഞ്ജിച്ചത്‌ ഗോകുലാണ്‌.

അവൻ പൊടുന്നനെ പ്രണയത്തെക്കുറിച്ചു വാചാലനായി.

‘അരയന്നങ്ങളുടെ സ്വഭാവത്തെക്കുറിച്ച്‌ നീ കേട്ടിട്ടുണ്ടോ? ഇണയരയന്നങ്ങളിൽ ഒരെണ്ണം ചത്തുപോയാൽ അവശേഷിക്കുന്ന അരയന്നം ആജീവനാന്തം ബ്രഹ്‌മചര്യം അനുഷ്‌ഠിക്കുമെന്നാണ്‌ പറയുന്നത്‌. പ്രണയത്തിന്റെ മഹത്വം അരയന്നങ്ങൾപോലും നമ്മെ ബോധ്യപ്പെടുത്തുന്നു. രാമായണത്തിൽ, വേടന്റെ അമ്പേറ്റു പിടയുന്ന അരയന്നത്തിന്റെ ചിത്രം നേർത്ത വേദനയായി ഇന്നും നമ്മെ സ്പർശിക്കുന്നില്ലേ...അതുപോലെ കൃഷ്ണനും രാധയും...’

കൃഷ്ണനു തലവേദന വന്നപ്പോൾ പരിഹാരം കാണാൻ ഭാര്യമാർക്കായില്ല. ഒടുവിൽ നാരദൻ ഇടപെടുകയും രാധയെ തേടിച്ചെല്ലുകയും ചെയ്യുന്നു. കാര്യമറിഞ്ഞപ്പോൾ രാധയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... ആ കണ്ണീരിൽ കുതിർന്ന മണ്ണാണ്‌ കൃഷ്ണന്റെ തലവേദന മാറ്റിയത്‌. പിന്നെയുമുണ്ട്‌ കഥകൾ.. മരിച്ചുപോയ തന്റെ പ്രണയിനിയെ തിരികെ കൊണ്ടുവരാൻ മരണനദിക്കരെ പുല്ലാങ്കുഴലൂതി കാത്തിരുന്ന ഗ്രീക്ക്‌ ദുരന്തനായകൻ ഓർഫ്യൂസ്‌...പ്രണയത്തിനായി സ്വന്തം ചെവിയറുത്തു നൽകിയ ചിത്രകാരനായ വാൻഗോഗ്‌.... മുംതാസിന്റെ ഓർമ്മക്കായി താജ്‌മഹൽ നിർമ്മിച്ച ഷാജഹാൻ ചക്രവർത്തി....

പക്ഷേ എന്തു പറഞ്ഞിട്ടും എത്രയൊക്കെ പറഞ്ഞിട്ടും വസുന്ധരയുടെ കാതുകളിൽ അതൊന്നും കയറിയില്ല.

അവൾ ചുണ്ടിലൂറിയ പരിഹാസച്ചിരിയോടെ പറഞ്ഞു ‘ ഗോകുൽ, തോറ്റുപോകുമ്പോൾ രക്ഷപ്പെടാനായി പുരാണേതിഹാസങ്ങളെയും ചരിത്രത്തേയും കൂട്ടുപിടിക്കുന്നതെന്തിന്‌?’

അവളുടെ ചിരിയും സ്വരവും വരട്ടുചൊറിപോലെ അവനെയാകെ വ്യാപിച്ചു. അവന്റെ ഞരമ്പുകളിലേക്ക്‌ പരുക്കൻ ഞണ്ടുകൾ ഇരച്ചുകയറി...

‘തോറ്റത്‌ ഞാനല്ല, നീയാണ്‌, നീ തോൽക്കാൻ പോകുന്നു’. ഒരു നിമിഷം. അവന്റെ സ്വരത്തിലെ തണുപ്പു വസുന്ധരയെ അമ്പരപ്പിച്ചു.

‘എന്താണ്‌ ഗോകുൽ?’

‘ഞാൻ നിന്നെ കൊല്ലാൻ പോകുന്നു’.

വസുന്ധരയുടെ കണ്ണുകളിൽ എരിഞ്ഞടങ്ങുന്ന സൂര്യനിൽ ദൃഷ്ടിയൂന്നി അവൻ പറഞ്ഞു.

‘എന്ത്‌?’

‘അതെ പ്രണയത്തിന്റെ സത്യം നിന്നെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു....’

പൊടുന്നനെ ഗോകുലിന്റെ കൈകൾ മണ്ണുമാന്തി വാഹനത്തിന്റെ കൈകൾപോലെ തന്റെ കഴുത്തിനു നേരെ നീളുന്നത്‌ വസുന്ധര ഞെട്ടലോടെ കണ്ടു...

ഗർജിച്ചു തളർന്ന തിരകൾ നേർത്ത മൂളലോടെ കുഴഞ്ഞുവീണുകൊണ്ടിരുന്നു. സൂര്യൻ കടലിൽ ചത്തുമലച്ചു.

ഇരുട്ട്‌ അഴിച്ചുവിട്ട പെരുച്ചാഴികളെപ്പോലെ ചുറ്റും പരന്നു. വസുന്ധരയുടെ ചലനമറ്റ കണ്ണുകളിൽ ഗോകുൽ കണ്ണീരോടെ ചുംബിക്കുകയായിരുന്നു.

രാത്രി

ആകാശത്ത്‌ അങ്ങിങ്ങ്‌ ഒറ്റപ്പെട്ട നക്ഷത്രങ്ങൾ. ഗോകുൽ വസുന്ധരയെ പുണർന്നു....

മഴ പെയ്തു...

മഞ്ഞു പെയ്തു....

എന്നിട്ടും പക്ഷെ, പകൽ മടങ്ങിവന്നില്ല. അത്‌ നീണ്ട രാത്രിയായിരുന്നു. ദേവതകളുടെ ദിനരാത്രങ്ങൾപോലെ ദൈർഘ്യമുള്ള ഒരു രാത്രി. ഇതിനിടയിൽ, വസുന്ധരയുടെ വെളുത്തു സുന്ദരമായ ശരീരം ചീഞ്ഞഴുകുകയും പുഴുവെയ്‌ക്കുകയും ചെയ്തു. കടൽക്കാറ്റിന്‌ ചീഞ്ഞമണമായിരുന്നു. ഗോകുലിനു പക്ഷേ, അത്‌ പ്രണയസൗരഭ്യമായിരുന്നു. ആയിരമായിരം കുടമുല്ലകൾ പൂത്തതുപോലെ...

ഒടുവിൽ വസുന്ധര ഒരു അസ്ഥിപഞ്ജരം മാത്രമായി. അവൻ ആ അസ്ഥിരൂപത്തെ പ്രണയിച്ചു ഗാഢമായി കെട്ടിപ്പുണർന്നു. ക്രമേണ ഗോകുലിന്റെ ശരീരം ഉരുകുകയും അവന്റെ രക്തവും മാംസവും ജീവനും അവളുടെ അസ്ഥികളിലേക്ക്‌ മെഴുകുതിരിപോലെ ഒഴുകിവീഴുകയും ചെയ്തു...

അങ്ങനെ അവൾക്ക്‌ സ്വന്തം ജീവനും ശരീരവും തിരിച്ചു കിട്ടുകയും അവൾ ഉറക്കത്തിലെന്നപോലെ ഉണരുകയും ചെയ്തു.

പകരം ഗോകുൽ ഒരു അസ്ഥിപഞ്ജരമായി അവൾക്കു മുന്നിൽ നിവർന്നു കിടന്നു. എങ്കിലും അവന്റെ പ്രണയം മരിച്ചിരുന്നില്ല. ആ പ്രണയം അവളുടെ കാതുകളിൽ പറഞ്ഞു ‘വസുന്ധരേ, നിന്നെ ഏതവസ്ഥയിലും പ്രണയിക്കാൻ കഴിയുമെന്ന്‌ ഞാൻ തെളിയിച്ചു കഴിഞ്ഞു’

വസുന്ധര പക്ഷെ പേടിച്ചു പോയി. അവൾ പ്രാണഭയത്തോടെ മുന്നോട്ടു കുതിച്ചു. കാർപാഹത്യൻ മലനിരകളുടെ ഓർമ്മയിൽ അവളുടെ ഇന്ദ്രിയങ്ങൾ മരവിച്ചുപോയിരുന്നു.

‘വസുന്ധരേ....’ ഗോകുൽ വിളിച്ചു. പിന്നെയും പിന്നെയും....

വസുന്ധര തന്റെ ഹൃദയത്തിന്റെ അതിരുകളും കടന്ന്‌ അനന്തതയിൽ വിലയിച്ചപ്പോൾ അവന്റെ സ്പന്ദനങ്ങൾ ഒന്നൊന്നായി ചിറകറ്റുവീണു.

‘വ....സു....ന്ധ.....രേ....;

അജിതൻ ചിറ്റാട്ടുകര

വാലപ്പറമ്പിൽ, ചിറ്റാട്ടുകര പി.ഒ., തൃശൂർ - 680 511.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.