പുഴ.കോം > സായഹ്നകൈരളി > കഥ > കൃതി

കുട്ടന്റെ കെട്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.കെ.ജയരാജ്‌, ഞാറക്കൽ

കഥ

കുട്ടൻ ഉത്സാഹത്തോടെയാണ്‌ പുറപ്പെട്ടത്‌. കറുത്ത അമൂർത്ത ചിത്രങ്ങളുളള ഉമ്മറത്തെ തൂണിൽ ചാരി നിൽക്കുകയാണ്‌ കുട്ടന്റെ അമ്മ. എല്ലാനിലയിലും വേദനാജനകമായിരുന്നു കുട്ടന്റെ ആ യാത്ര. ആകെ ഒന്നേ ഉളളൂ. അത്‌ പൊട്ടനായും പോയി. വയസ്‌ പത്തിരുപത്തഞ്ച്‌ ആയി. അഞ്ചാറു വയസുളള കുട്ടിയുടെ രീതിയാണിപ്പോഴും. പക്ഷെ ദൈവസഹായം കൊണ്ട്‌ പറഞ്ഞതൊക്കെ ചെയ്യും, ആരോഗ്യമുണ്ട്‌. അത്രയെങ്കിലുമായത്‌ ഭാഗ്യം. സ്ഥിതിയൊക്കെ മോശം അവർ മനസിൽ പറഞ്ഞു. പോകേണ്ടവരൊക്കെ നേരത്തെ പോയി. എന്തൊരു ആണൊരുത്തനായിരുന്നു കുട്ടന്റെ അച്‌ഛൻ! വെളളിത്തിരയിൽ മിന്നിമറഞ്ഞ ചിത്രം പോലെയായിപ്പോയി. പെട്ടെന്നു തീർന്നു. പിന്നെ കൂരിരുട്ടു തന്നെ.

ജാനു വാസ്‌തവത്തിൽ കുട്ടന്റെ പെണ്ണാണ്‌. എങ്കിലും അവർക്ക്‌ അങ്ങനെയൊരു വിചാരമില്ല. ഉണ്ടാകുമെന്ന്‌ കരുതുകയും വേണ്ട. അവരുടെ സ്ഥിതിയൊക്കെ മെച്ചമായിപ്പോയി. ഗോപിച്ചെക്കൻ ദുബായിയിൽ പോയതോടുകൂടി ആകെ മാറി. വലിയ വീടായി, എസ്‌റ്റേറ്റായി. ഇപ്പോൾ ജാനുവിന്‌ കല്യാണവും ആയി. എന്നാലും അവർ മര്യാദ മറന്നില്ല. വന്നു, കല്യാണം വിളിച്ചു. കുട്ടൻ ഇറങ്ങിയപ്പോൾ കൂടെ പോകേണ്ടതായിരുന്നു. പക്ഷെ ഒന്നുടുത്ത്‌ പുറത്തിറങ്ങാൻ നല്ലൊരു സാരി ഉണ്ടായിട്ടു വേണ്ടേ? തലവേദനയും പനിയുമാണെന്ന്‌ പറയാൻ പറഞ്ഞിട്ടുണ്ട്‌. അവൻ അവിടെ ചെന്ന്‌ എന്തു പറയുമോ ആവോ? ഉടുക്കാൻ ഉണ്ടായാൽ മാത്രം പോരല്ലോ? അവിടെ ചെന്നാൽ കൊടുക്കാനും വേണ്ടേ. വെറും കയ്യോടെ എങ്ങനെ ചെല്ലും. എല്ലാ സമ്പാദ്യവും ചേർത്ത്‌ പത്തുമുന്നൂറു രൂപയാണ്‌ ഉണ്ടായത്‌. മത്തായിചേട്ടന്റെ കടയിൽ നിന്നും കുട്ടന്‌ മുണ്ടും ഷർട്ടും വാങ്ങിയപ്പോൾ തന്നെ ഇരുന്നൂറും തീർന്നു. ബാക്കിയുളള നൂറുരൂപ ഒരു കവറിലാക്കി കുട്ടന്റെ പുതിയ ഷർട്ടിന്റെ കീശയിലിട്ടു കൊടുത്തു. പിന്നെ പ്രസന്റേഷൻ എന്തെങ്കിലും കൊടുത്തയക്കണമായിരുന്നു. പാച്ചുമാപ്പിള പറ്റുകാശിന്‌ പറ്റിക്കൂടുന്ന സമയം പിന്നെയല്ലേ പ്രസന്റേഷൻ. നാളെ കല്യാണമാണ്‌. ഇത്തരത്തിലെങ്കിലും കാര്യങ്ങൾ നടന്നതിൽ ആ അമ്മ സമാധാനപ്പെട്ടു. ഇങ്ങനെയൊന്നും കഷ്‌ടപ്പെടേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. കുട്ടന്റെ അച്‌ഛൻ രണ്ടാളുടെ പണിയെടുക്കുമായിരുന്നു. കൽപണിക്കാരുടെ ഇടയിൽ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു മരിക്കുവോളം. പിന്നെ, കുട്ടൻ. ഗോപിച്ചെക്കനെപ്പോലെ ഒരാണല്ലേ കുട്ടനും! ഗോപിചെക്കന്‌ ഒരു വെട്ടുകല്ല്‌ എടുത്തു പൊക്കാനുളള ശേഷിപോലുമില്ല. അപ്പോഴേക്കും കിതച്ചു തുടങ്ങും. പക്ഷെ പ്ലസ്‌ടു പാസായി. കമ്പ്യൂട്ടർ പഠിച്ചു. ദുബായിൽ പോയി. ചിലരുടെ യോഗം. ചിലർക്കതില്ല.

നേരെചൊവ്വെ ആയിരുന്നെങ്കിൽ ജാനുവിനെ കുട്ടൻ കെട്ടേണ്ടതായിരുന്നു. അവന്‌ പഠിപ്പും പത്രാസുമൊന്നുമില്ലെങ്കിലും പൊട്ടനല്ലായിരുന്നെങ്കിൽ അതു നടക്കുമായിരുന്നു. തലമറന്ന്‌ എണ്ണ തേക്കുന്ന പ്രകൃതക്കാരിയല്ല നാത്തൂൻ. കുട്ടനെ ഇപ്പോഴും വലിയ കാര്യമാണ്‌. ഗോപിചെക്കൻ അവധിയിൽ വന്നപ്പോഴൊക്കെ കാണാതെ പോയിട്ടുമില്ല. എന്തിനൊരാളെ വെറുതെ പറയുന്നു! യോഗമില്ല. തലയിലെഴുത്ത്‌ മായ്‌ച്ചാൽ മായുമോ?

കുട്ടൻ നടന്നുനടന്ന്‌ കണ്ണിൽ നിന്നും മറയുന്നതുവരെ അമ്മ ആ നിൽപ്പുനിന്നു. ജാനുവിന്റെ വീട്ടിൽ പോകാൻ കുട്ടന്‌ വലിയ ഉത്സാഹമാണ്‌. അവിടെയൊന്നെത്തിക്കിട്ടാൻ അവന്റെ കാലുകൾ വെമ്പുകയായിരുന്നു. കല്യാണവീടാണെന്നുളള ബോധം കുട്ടനെ കൂടുതൽ ഉത്സാഹപ്പെടുത്തി. പാചകക്കാര്‌ വടക്കരാണ്‌. നാഗസ്വരം നല്ല രസണ്ടാവും. ആളുകൾ കൂടുന്നിടത്തു ചെല്ലാൻ കുട്ടന്‌ എന്നും ഉത്സാഹമാണ്‌. പൂരമായാലും, ഉത്സവമായാലും, മറ്റെന്ത്‌ ആഘോഷമായാലും കുട്ടൻ എത്താതിരിക്കില്ല. ആനകളെ വലിയ പേടിയാണ്‌. ആനയെ കണ്ടാൽ ദൂരെ ഒരു സ്ഥലത്ത്‌ മാറിനിൽക്കുകയേ ഉളളൂ. ആളുകളുടെ കൂട്ടത്തിൽ അങ്ങനെ നടക്കുക. അതിലും വലിയ ആനന്ദം വേറൊന്നും കുട്ടനില്ല. കൽപണിക്കാരുടെ കൂട്ടത്തിൽ പണിക്കുപോകും. ആലോചിച്ച്‌ ഒന്നും ചെയ്യാൻ കഴിയില്ലെന്നേയുളളൂ. പറഞ്ഞ പണി എല്ലുമുറിയെ ചെയ്യും. മേസ്‌തിരിമാർ അവന്റെ കൂലി കുറക്കാറില്ല. കാശിന്റെ കണക്കു കൂട്ടാൻ അവനറിയില്ല. ഒന്നിന്റെയും കണക്കുകൂട്ടാൻ അവനറിയില്ല. കിട്ടിയ കാശ്‌ അമ്മയെ ഏൽപ്പിക്കും. കാശ്‌ കാശാണെന്നും കളയരുതെന്നും മാത്രമറിയാം. രണ്ടാളുടെ ഭക്ഷണവും വേണം. ജാനുവിനേക്കാൾ മൂന്നുനാലുവയസേ അവന്‌ കൂടുതലായുളളു. രണ്ടു വീടുകളും തമ്മിൽ അഞ്ചെട്ടു നാഴിക അകലവുമുണ്ട്‌. കുട്ടന്റെ അച്‌ഛൻ മരിക്കുന്നതുവരെ ജാനുവിന്റെ വീട്ടിൽ സഹായം എത്തിക്കുമായിരുന്നു. അമ്മ പൊതിഞ്ഞു കെട്ടി കൊടുക്കും. കുട്ടൻ കൊണ്ടുപോകും. അന്നൊക്കെ ഗോപിചെക്കൻ സ്‌കൂളിൽ പഠിക്കുകയായിരുന്നു. ജാനു ഒരു പീക്കിരി പെണ്ണും. പൊതിയുമായി കുട്ടൻ ചെല്ലുന്നതു കണ്ടാൽ ആദ്യം ഓടിവരുന്നത്‌ ജാനുവായിരുന്നു. പൊതിയിൽ രണ്ടുമൂന്നു തരം സാധനങ്ങൾ ഉണ്ടാവാറുണ്ട്‌. ഉടനെ തിന്നാനുളളതെന്തെങ്കിലും ഉണ്ടാവും. പിന്നെ അരിയോ പലവ്യഞ്ഞ്‌ജനമോ വേറെയും. ഉടനെ തിന്നാനുളളതിലാണ്‌ ജാനുവിന്റെ നോട്ടം. ഒന്നും ഉണ്ടാക്കാത്ത ദിവസങ്ങളിൽ അൽബൂരിയുടെ കടയിൽ നിന്നും മൂന്നുനാലു പഴംപൊരിയെങ്കിലും വാങ്ങി അമ്മ കൊടുത്തയച്ചിരിക്കും. അന്നൊക്കെ കുട്ടന്റെ ജീവിതം മിക്കവാറും ജാനുവിന്റെ വീട്ടിൽ തന്നെയായിരുന്നു. സ്‌കൂളിൽ ചേർത്തിട്ട്‌ ആറേഴുദിവസമേ പോയുളളൂ. മാഷ്‌ അടിച്ചു. പിന്നെ പോകാതെയായി. ആരു നിർബന്ധിച്ചുമില്ല. കുട്ടന്‌ പത്തുവയസുളളപ്പോൾ-അച്‌ഛൻ മരിച്ചു. അന്നു തുടങ്ങിയതാണ്‌ പണിക്കുപോകൽ. അമ്മയെ വലിയ കാര്യമാണ്‌. അതു കഴിഞ്ഞാൽ പിന്നെ ജാനുവിനെ. അവനെ തോണ്ടിയും പിച്ചിയുമാണ്‌ അവൾ വളർന്നത്‌. അവൻ അങ്ങോട്ടും തോണ്ടുകയും പിച്ചുകയും ചെയ്യും. അവൾ കുളിക്കുന്ന കുളക്കടവിലും, അവൾ ആടുമേക്കുന്ന പറങ്കിമാവിൻ തോപ്പിലുമെല്ലാം അവൻ കൂടെ ചെല്ലാറുണ്ട്‌. മറ്റുളളവർ കാര്യങ്ങൾ കാണുന്നതുപോലെയല്ല അവൻ കാര്യങ്ങൾ കണ്ടത്‌. കുളിക്കാൻ ഇറങ്ങുമ്പോൾ ജാനു പറയും. ‘ഇങ്ങോട്ടു നോക്കരുത്‌.’ തമാശ പറയുകയാണന്നേ അവൻ കരുതാറുളളു. നോക്കാനല്ലെങ്കിൽ പിന്നെന്തിന്‌ വിളിച്ചോണ്ടു പോന്നു? ആരും കാണാതെ ചിലപ്പോൾ അവൾ അവന്റെ കവിളിൽ ഉമ്മവക്കാറുണ്ട്‌. അത്‌ അവന്‌ ഇഷ്‌ടവുമാണ്‌. തിരിച്ചും അവനും അങ്ങനെയൊക്കെ ചെയ്യാറുണ്ട്‌. ആരെങ്കിലും കണ്ടാലും കുഴപ്പമില്ലല്ലോ എന്നേ തോന്നിയിട്ടുളളൂ.

അയൽക്കാരും, വെപ്പുകാരും എത്തിയിരുന്നു. പന്തലിടുന്ന, അലങ്കരിക്കുന്ന തിരക്കായിരുന്നു. കുട്ടനെ കണ്ടപ്പോൾ എല്ലാവർക്കും സന്തോഷമായി. അകത്തു നിറയെ പെണ്ണുങ്ങളായിരുന്നു. തന്റെ പുതിയ ഷർട്ടിന്റെ പോക്കറ്റിൽനിന്നും കവറെടുത്ത്‌ ജാനുവിന്റെ അമ്മയെ ഏൽപിച്ചിട്ട്‌ കുട്ടൻ പറഞ്ഞുഃ ‘അമ്മ തലവേദനയും പനിയുമാണെന്ന്‌ പറഞ്ഞു.’ അപ്പോഴേക്കും പുറത്തുനിന്നും ആരോ വിളിച്ചു. ‘കുട്ടാ, ഇവിടെവാ!’ പിന്നെ കുട്ടന്‌ ധൃതിപിടിച്ച പണിയായി. ഇല തുടക്കൽ, തോരണം കെട്ടൽ അങ്ങനെ അങ്ങനെ. പറഞ്ഞ പണിയെല്ലാം ഉത്സാഹത്തോടെ ചെയ്‌തു. സമൃദ്ധമായി അത്താഴം ഉണ്ടു. രാത്രി വളരെ വൈകുന്നതുവരെ പണിയുണ്ടായിരുന്നു. ഉറക്കം വന്നപ്പോൾ പന്തലിൽ എവിടെയോ ചുരുണ്ടുകിടന്നുറങ്ങി. അവനെ നേരം വെളുത്തിട്ടും ആരും വിളിച്ചില്ല. ഉണർന്നപ്പോൾ കുളക്കടവിൽ പോയി കുളിച്ചു. അഴുക്കായ ഷർട്ടു തന്നെ ഇട്ടു. നേരെ അകത്തു കടന്നപ്പോൾ സ്‌ത്രീകൾ മണവാട്ടിയെ ഒരുക്കുകയായിരുന്നു. ജാനുവിനെ കണ്ടിട്ട്‌ പെട്ടെന്ന്‌ അവന്‌ മനസ്സിലായില്ല. ജാനുവിനെ ആരെങ്കിലും കല്യാണം കഴിക്കുന്നതിൽ അവന്‌ യാതൊരു വിരോധവുമില്ലായിരുന്നു. പിറന്നാളുപോലൊരു ആഘോഷം എന്നല്ലാതെ ഒന്നും അവന്‌ അറിഞ്ഞുകൂടായിരുന്നു. ജാനുവിന്റെ ചന്തം കണ്ടിട്ട്‌ മൂക്കത്ത്‌ വിരൽവച്ച്‌ കുട്ടൻ പറഞ്ഞത്‌ ഇത്രമാത്രമാണ്‌. ‘എന്റെ കരിമുത്തിലെ ഭഗവതീ!....’

ജാനുവിന്റെ അമ്മ അവന്റെ കയ്യും പിടിച്ചുകൊണ്ടുപോയി കാപ്പിയും പലഹാരവും കൊടുത്തു. വിവാഹ ചടങ്ങിനുളള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഉടുത്തിരുന്ന മുണ്ടിൽ കൈതുടച്ച്‌ കുട്ടൻ പുറത്തേക്ക്‌ ഓടി. കാരണം നാഗസ്വരക്കാർ എത്തിയിരുന്നു. തകിൽ ശബ്‌ദിച്ചുതുടങ്ങി. നാഗസ്വരത്തിൽ ലയിച്ച്‌, തകിൽ വായനയിൽ ലയിച്ച്‌ കുട്ടൻ അങ്ങനെ നിന്നു. നേരം ഉച്ചയായിട്ടും പക്ഷെ വരന്റെ പാർട്ടിക്കാർ വന്നില്ല. അതൊന്നും കുട്ടൻ അറിയുന്നില്ലായിരുന്നു. ഗോപിചെക്കൻ രണ്ടുപേരെയും കൂട്ടി പോയിരുന്നു, അന്വേഷിക്കാൻ. കാരണവന്മാർ വെറ്റിലമുറുക്കി വളരെ കാര്യമായിട്ട്‌ ആലോചിച്ചുകൊണ്ടിരുന്നു. ഗോപിചെക്കനും കൂട്ടരും നട്ടുച്ചയായപ്പോൾ വിയർത്തൊലിച്ച്‌ കയറിവന്നു. പന്തലിലെത്തിയ അവരെ ബന്ധുക്കളും നാട്ടുകാരും പൊതിഞ്ഞു. ഗോപിചെക്കൻ തന്റെ രോഷവും സങ്കടവും ഉളളിലൊതുക്കിക്കൊണ്ടു പറഞ്ഞു. ‘അവർ വരില്ല’. ‘എന്ത്‌?’ എല്ലാവരുടെയും മുഖത്ത്‌ അത്‌ ഒരു വലിയ ചോദ്യചിഹ്‌നമായിരുന്നു. ഗോപിചെക്കൻ വീണ്ടും പറഞ്ഞു. ‘ഞങ്ങടെ അച്‌ഛന്റെ ജാതി മോശാത്രെ!’ തരിച്ചു നിൽക്കുന്ന ആൾക്കൂട്ടത്തിലേക്ക്‌ കുട്ടനും നുഴഞ്ഞുകയറി ചെന്നു നിന്നു. ഈ മുടക്ക്‌ വലിയൊരു ചതിയായിപോയി എന്ന അഭിപ്രായം ജനങ്ങളുടെ ഇടയിൽ നിന്നുയർന്നു. കാശ്‌ കൂടുതൽ കിട്ടാനായിരിക്കും എന്ന വ്യാഖ്യാനവും അക്കൂട്ടത്തിൽ ഉണ്ടായി. ‘കുട്ടാ’, ഗോപിചെക്കൻ കാരണവൻമാരുടെ മുഖത്തു നോക്കിയിട്ടു പറഞ്ഞു. ‘ഞാൻ ജാനൂനെ കുട്ടനു കൊടുക്കാൻ പോണു, എന്താ?’

‘ഒരു ദോഷോല്യാ മോനേ, അതാണ്‌ വേണ്ടത്‌!’ ആ തെണ്ടികൾ പഠിക്കട്ടെ. വാർത്ത പരന്നു. സ്‌ത്രീകൾ എത്തിനോക്കി തുടങ്ങി. ഒരുക്കങ്ങൾ ഞൊടിയിടയിൽ കഴിഞ്ഞു. നാഗസ്വരം ശബ്‌ദിച്ചു. കുട്ടൻ ജാനുവിന്റെ കഴുത്തിൽ മിന്നുകെട്ടി. അവന്‌ ഒന്നും മനസിലായില്ല. അഴുക്കു പുരണ്ട ഷർട്ടുപോലും മാറ്റിയിട്ടില്ലായിരുന്നു. സദ്യ കഴിഞ്ഞ്‌ പെണ്ണുങ്ങൾ കുട്ടൻ എന്ന പുതുമണവാളനെ കളിയാക്കാൻ വട്ടമിട്ടു. കുട്ടൻ ജാനുവിന്റെ അമ്മയോടു പറഞ്ഞു. പായസത്തിന്‌ നല്ല മധുരമുണ്ടായിരുന്നു. അതുകേട്ട്‌ പെണ്ണുങ്ങൾ ആർത്തു ചിരിച്ചു. ആ ചിരി ജാനൂന്‌ അത്ര പിടിച്ചില്ല. അവൾ ഉറക്കെ പറഞ്ഞു. ‘അത്ര രസിക്കണ്ട ആരും. ഞങ്ങൾ കുട്ടേട്ടന്റെ അമ്മയെ കാണാൻ പോണു.’

അവർ നാലുപേർ - ഗോപിചെക്കനും അമ്മയും കുട്ടനും ജാനുവും-പ്രതീക്ഷിക്കാതെ മുറ്റത്തെത്തി കണ്ടപ്പോൾ ആ അമ്മ അന്ധാളിച്ചു. ഒന്നും ഒരുക്കിയിരുന്നില്ല. പക്ഷെ കല്യാണചെക്കൻ എവിടെ? അപ്പോൾ കാറിന്റെ പിന്നിൽ നിന്നും പ്രസന്റേഷൻ കൂടകൾ ഇറക്കിവെക്കുന്നതിനിടയിൽ ഗോപിചെക്കനാണ്‌ അത്‌ അറിയിച്ചത്‌. ‘ജാനുവിനെ കുട്ടനു കൊടുത്തു’. അപ്പോഴെ കുട്ടന്‌ ഏതാണ്ടൊരു ധാരണ കിട്ടിയുളളൂ. അവൻ ഉത്സാഹത്തിമിർപ്പോടെ ആരാഞ്ഞു. ‘അപ്പോ ഇനി ജാനു പോവില്യ?’ തരിച്ചുനിൽക്കുകയായിരുന്ന അമ്മ പറഞ്ഞു. ‘പോവ്‌ല്യാ’, മുറ്റത്തു നിന്നിരുന്ന പ്ലാവിൻകൊമ്പിലെ ഇലകളും അത്‌ ശരിയാണ്‌ എന്ന അർത്ഥത്തിൽ അപ്പോൾ തലയാട്ടുന്നുണ്ടായിരുന്നു.

പി.കെ.ജയരാജ്‌, ഞാറക്കൽ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.