പുഴ.കോം > സായഹ്നകൈരളി > കഥ > കൃതി

ഉഷ്ണമേഘങ്ങള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ലോഹി കുടിലിങ്ങല്‍

ഇന്ദുവിന്റേയും ശര‍ത്തിന്റെയും വിവാഹം ഒരോണനാളിലായിരുന്നു. വിരഹത്തിന്റെ നൊമ്പരം തൊട്ടുണര്‍ത്തി ഓണദിനങ്ങള്‍ കടന്നു പോകുമ്പോള്‍ ഓര്‍ക്കാനും ഓമനിക്കാനും ഒട്ടേറെ ഉണ്ടവര്‍ക്ക് .

വിദേശത്തൊരു ജോലി.

അതും വിവാഹ ശേഷം ലഭ്യമായപ്പോള്‍ ഇന്ദുവിന്റെ ഭാഗ്യമായി എല്ലാവരും കരുതി.

അഞ്ചുവര്‍ഷം കഴിഞ്ഞ് ഒരമ്മയാകാന്‍ കഴിയാത്തതിലുള്ള ദു:ഖം ഏകാന്ത കിടപ്പുമുറിയിലെ വിജനതയിലൊതുങ്ങി വര്‍ഷങ്ങളുടെ അന്ത്യത്തില്‍ രണ്ടുമാസത്തിലൊതുങ്ങുന്ന അവരുടെ സംഗമം കൊഴിയുന്ന മാമ്പൂക്കളെ ഓര്‍മ്മിപ്പിച്ചു.

ഇക്കുറി ലീവിനെത്തിയ ശരത് ഇന്ദുവിനേയും കൂട്ടി തന്റെ ഗള്‍ഫ് സുഹൃത്തിന്റെ വീട്ടിലേക്കു തിരിച്ചു.

മൂന്നാറിലേക്കുള്ള യാത്ര ബസ്സിലിരിക്കുന്നവര്‍ കാനനഭംഗി ആസ്വദിച്ചു.

മൂടല്‍ മഞ്ഞില്‍ മുങ്ങി നില്‍ക്കുന്ന കാനനാന്തരങ്ങള്‍, തുള്ളിയൊഴുകുന്ന അരുവികള്‍ മലമടക്കുകളിലുടെ കടന്നു പോകുന്ന റോഡുകള്‍.

അടിമാലിയിലെത്തിയപ്പോള്‍‍ കുതിച്ചൊഴുകുന്ന വെള്ളപ്പാച്ചിലില്‍ അവര്‍ ഏറെ നേരം നോക്കി നിന്നു. ഹായ് എന്തൊരു ഭംഗി അവള്‍ പറഞ്ഞു.

വെയിലുണ്ടെങ്കിലും അന്തരീക്ഷത്തിന് നേരിയ തണുപ്പനുഭവപ്പെട്ടു.ഭക്ഷണശഷം തുടര്‍ന്നുള്ള യാത്രയില്‍ ഇന്ദു മൗനിയായി കാണപ്പെട്ടു

'' നീയെന്താണിങ്ങനെ ആലോചിക്കുന്നത് ? '' ശരത് ചോദിച്ചു

'' നമുക്കൊരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ എന്തെല്ലാം കുസൃതി ചോദ്യങ്ങള്‍ നമ്മോട് ചോദിക്കുമായിരുന്നു''

'' നീ സമാധാനിക്കു , ഇന്ദു...''

അയാള്‍ അവളുടെ ചുമലില്‍ മെല്ലെ തലോടി.

തുടര്‍ന്ന് പറഞ്ഞു.

'' ഈശ്വരന്‍ നമുക്ക് നിശ്ചയിച്ച സമയമായി കാണില്ല സാവധാനത്തിലെല്ലാം നേരെയാകും നമ്മള്‍ക്കിരുവര്‍ക്കും പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ലെന്നല്ലേ ഡോക്ടറുടെ അഭിപ്രായം‘’ അയാളവളെ ഓര്‍മ്മപ്പെടുത്തി .

'' ഇന്ദൂ ഞാനൊരു കാര്യം തീരുമാനിച്ചു കഴിഞ്ഞു ലീവ് കഴിഞ്ഞ് ചെന്നിട്ട് ചെറിയ ഫ്ലാറ്റ് വാടകക്കെടുക്കണം കുറച്ചുകാലം നമുക്കവിടെ ഒരുമിച്ചു കഴിയാം. കാലാവസ്ഥയിലെ മാറ്റം ഒരു പക്ഷെ ഗുണപ്രദമായാലോ?‘’ ഇന്ദുവിന്റെ അധരങ്ങള്‍ വിടര്‍ന്നു.

ഇമയെടുക്കാതെ അവള്‍ ശരത്തിനെ നോക്കി. തുടര്‍ന്നവള്‍ മെല്ലെ അയാളുടെ ചുമലിലേക്ക് ചാഞ്ഞു.

ബസിനു പതിവിലേറെ സ്പീഡ് ഉച്ചസമയമഅയമായതിനാല്‍ വാഹനങ്ങളുടെ തിരക്കില്ല.

ഗിരി നിരകള്‍ക്കുമുകളീല്‍ പഞ്ഞിക്കെട്ടുകള്‍ പോലെ മേഘക്കൂട്ടങ്ങള്‍. റോഡുകള്‍ക്കിരുവശവുമുള്ള തേയില തോട്ടങ്ങളില്‍ തേയില നുള്ളുന്ന സ്ത്രീകളെ ഇന്ദു പ്രത്യേകം ശ്രദ്ധിച്ചു .

പടിഞ്ഞാറെ ചെരുവിലേക്കു നീങ്ങിയ പകലോന്റെ സ്വര്‍ണ്‍ന പ്രഭ പൂര്‍വദിക്കിലേക്ക് പാഞ്ഞു.

അതിഥികളുടെ ആഗമനം പ്രതീക്ഷിച്ചിരുന്ന വീട്ടുകാര്‍ അവരെ ഹാര്‍ദ്ദവമായി സ്വീകരിച്ചു.

'' വരൂ അകത്തേക്കു വരൂ''

അവര്‍ സിറ്റിംഗ് ഹാളിലെ സോഫാ സെറ്റിയിലിരുന്നു. പരസ്പരം വിശെഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഡിന്നര്‍ കഴിക്കുന്നതിനിടയില്‍ ശരത് പറഞ്ഞു.

''ഹൈറെഞ്ചിലെ വിഭവങ്ങള്‍ക്ക് പ്രത്യേകതകളുണ്ടെന്ന് കേട്ടിട്ടുണ്ട് .അതിപ്പോള്‍‍ ബോദ്ധ്യമായി''

‘’തീര്‍ച്ചയായും‘’ സുഹൃത്തിന്റെ ഭാര്യ മോളി പറഞ്ഞു .

പിറ്റെ ദിവസം മഞ്ഞില്‍ കുതിര്‍ന്ന പ്രഭാതം. അരുണകിരണങ്ങള്‍ മഞ്ഞിന്‍ കൂട്ടിലൂടെ തൂകിയെത്തുന്നു. മാമരക്കൂട്ടങ്ങള്‍ക്കും തോട്ടങ്ങളിലും പുലര്‍കാലമഞ്ഞിന്റെ തലപ്പാവുകള്‍.

മൂന്നാര്‍ ബസ്സാന്‍ഡിലെത്തിയ അവര്‍ നാലുപാടും വീക്ഷിച്ചു.

മൂന്നാര്‍... മാട്ടുപ്പെട്ടിവഴി... കൊടൈക്കനാല്‍

ഡോര്‍ചെക്കര്‍മാര്‍ വിളിച്ചു പറയുന്നത് അവര്‍ ശ്രദ്ധിച്ചു.

'' ഇന്ദു വരൂ ദാ നില്‍ക്കുന്നു നമ്മുടെ ബസ്സ്. നമുക്കതില്‍ പോകാം''

അവരിരുവരും ബസിനടുത്തേക്കു നടന്നു.

അങ്ങനെ രണ്ടു മാസം കടന്നു പോയതറിഞ്ഞില്ല.

ലീവ് കഴിഞ്ഞ് തിരിച്ചെത്തിയ ശരത് ഫാമിലി റൂം സെറ്റുചെയ്യാനുള്ള ശ്രമത്തിലായിരുന്നു. ആ ശ്രമത്തില്‍ സുഹൃത്തുക്കള്‍ നല്‍കിയ സഹായ ഹസ്തം ശരത് സസന്തോഷം സ്വ്വീകരിച്ചു. അല്ലാതെ തന്റെ ചുരുങ്ങിയ ശമ്പളം.

അതൊരു വിഷയമായിരുന്നു.

പക്ഷെ ആശാമുകുളങ്ങള്‍ക്ക് മിഴിവേകാന്‍ ...ഇന്ദുവിന്റെ പ്രസന്നവദനം അതിക്കൊരു പിന്‍ ഗാമി അങ്ങനെയെല്ലാമെല്ലാം പ്രത്യേകിച്ച് ഇന്ദുവിന്റെ സാമീപ്യം.

കൂട്ടിനും സാന്ത്വനത്തിനും

എല്ലാമായി ഇന്ദു

അറിയാതെ മൂളിപ്പോയ പാട്ടിനു അനുരാഗത്തിന്റെ ഈണം.

ഒഴിവുദിവസമായതിനാല്‍ പതിവിലേറെ വൈകിയാണ് ശരത് ഉണര്‍ന്നത് .ചയ കഴിച്ച് വായനയില്‍ മുഴുകിയിരിക്കുമ്പോഴാണ് മൊബൈല്‍ ശബ്ദിച്ചത് ഇന്ദുവാണ്.

അവരുടെ പതിവു സല്ലാപങ്ങളില്‍ ഇന്ദുവിന്റെ സ്വരത്തിനു സന്തോഷമേറെ.

അവള്‍ സ്വരം താഴ്ത്തി പറഞ്ഞു.

‘’ഏട്ടാ ഈശ്വരന്‍ നമ്മുടെ പ്രാര്‍ത്ഥന കേട്ടു ,ഏട്ടനൊരച്ഛനാകാന്‍ പോകുന്നു‘’

ആഹ്ലാദം മുറ്റിനിന്ന അവരുടെ സല്ലാപം പത്തു മിനിറ്റോളം നീണ്ടു നിന്നു.

‘’ഈയവസ്ഥയില്‍ ഇന്ദൂ നീ നാട്ടില്‍ തന്നെ നില്‍ക്കുന്നതാണ് ഉത്തമം‘’

‘’അതെ‘’ രണ്ടാമതൊന്നു ആലോചിക്കാതെ ശരത് ആ തീരുമാനത്തിലുറച്ചു.

കൊടും ചൂടിലുരുകുകയാണ് ഗള്‍ഫ് നഗരം. വീശിയടിക്കുന്ന കാറ്റിനു തീയുടെ ചൂട്. ചുട്ടു പൊള്ളുന്ന രാജവീഥികള്‍. ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിച്ചു.

പുതുതായുയരുന്ന അംബരചുംബികളില്‍ തൊഴിലെടുക്കുന്നവര്‍ ആ ചൂടിലും പണി തുടര്‍ന്നു. അദ്ധ്വാനം വില്‍ക്കാന്‍ കരാറൊപ്പിട്ടവര്‍.

പുതുതായി കൂട്ടുന്ന സിമിന്റ് മിശ്രിതത്തിനു വിയര്‍പ്പിന്റെ ഗന്ധം. ഇസങ്ങള്‍ ഉത്തരോത്തരം ഗര്‍ജിക്കുന്ന നാട്ടില്‍ നിന്നെത്തി അഷ്ടി കഴിയാനെത്തിയവര്‍. സിഗ്നല്‍ താണ്ടി കാര്‍മുന്നോട്ട് നീങ്ങുന്നതിനിടയില്‍ ശരത്തിന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. സന്ദേശമുള്‍ക്കൊണ്ട് ശരത് സ്തബ്ധനായി.

ഇന്ദൂ.. . അയാളുടെ ശബ്ദം ശൂന്യതയിലേക്കു കുതിച്ചു

കാര്‍ സൈഡിലേക്കു നീക്കി അയാള്‍ സ്റ്റിയറിംഗില്‍ മുഖമമര്‍ത്തി കരഞ്ഞു. ഓമ്മപ്പിണറുകള്‍ ശരവേഗത്തില്‍ പാഞ്ഞു.

ഇന്ദുവിന്റെ വദനകൗമുദി മനതാരില്‍ തെളിഞ്ഞു.

ഒപ്പം ...ബസ്...കാല്പ്പാദങ്ങള്‍ നഷ്ടപ്പെട്ട ഇന്ദു ..ഹോസ്പിറ്റല്‍...കേട്ട വാക്കുകള്‍ അയാളുടെ ചുറ്റും വിറങ്ങലിച്ചു നിന്നു.

വീര്‍പ്പുമുട്ടിയ ആകാശപ്പരപ്പ് ..ഉഷ്ണമേഘങ്ങള്‍ മധ്യാഹ്ന സൂര്യനെ മറച്ചു. ശരത്ത് മുഖമുയര്‍ത്തി ശൂന്യതയിലേക്കു നോക്കി . എയര്‍ പോര്‍ട്ടില്‍ നിന്നും പറന്നുയരുന്ന വിമാനത്തില്‍ ദൃഷ്ടിയൂന്നി......

ലോഹി കുടിലിങ്ങല്‍
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.