പുഴ.കോം > സായഹ്നകൈരളി > കഥ > കൃതി

സ്നേഹ ചികിത്സ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഉഷാദേവി മാരായിൽ

നീലിമയും നിര്‍മ്മലയും അയല്‍ക്കാരാണ്. സമപ്രായക്കാര്‍. ഒരുമിച്ചാണ് പള്ളിക്കൂടത്തില്‍ പോകുന്നതും വരുന്നതും. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സമര്‍ത്ഥര്‍. അവര്‍ ഉറ്റ ചങ്ങാതിമാരായതില്‍ ആര്‍ക്കും അദ്ഭുതമുണ്ടായിരുന്നില്ല.

മദ്ധ്യവേനലവധി കഴിഞ്ഞപ്പോള്‍ രണ്ടുപേരുടേയും യാത്ര സൈക്കിളിലായി. “ശ്രദ്ധിച്ചു പോകണം ധാരാളം വണ്ടികള്‍ ഉള്ള റോഡാണ്”. രണ്ട് അമ്മമാരും കുട്ടികളെ ഓര്‍മ്മിപ്പിക്കും.

ആഴ്ചയിലെ അവസാന ദിവസം നിര്‍മ്മലയുടെ അമ്മവീട്ടില്‍ കല്യാണത്തിനു പോകേണ്ടി വന്നു അവള്‍ക്ക്. ഒരു ദിവസം സ്കൂള്‍ മുടക്കുന്നതില്‍ താല്പര്യമുണ്ടായിട്ടല്ല, നീലിമയെ പിരിഞ്ഞിരിക്കാനും അവള്‍ ഇഷ്ടപ്പെട്ടില്ല. എങ്കിലും പുതിയ അമ്മായിയെ പരിചയപ്പെടാനുള്ള മോഹം കലശലായതുകൊണ്ട് അവള്‍ക്ക് പോകാതിരിക്കാനുമായില്ല.

ഒറ്റയ്ക്കുള്ള യാത്രാനുഭവം പ്രത്യേകിച്ചും സൈക്കിളില്‍ നീലിമയ്ക്ക് ഇതിനു മുന്‍പുണ്ടായിരുന്നില്ല. അല്പം വെപ്രാളത്തോടെ നീങ്ങുന്നതിനിടയ്ക്ക് റോഡില്‍ ഓയില്‍ വീണു കിടക്കുന്നത് അവളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ടയര്‍ തെന്നി അടുത്ത ഓടയിലാണവള്‍ ചെന്നു വീണത്. ഓടിക്കൂടിയവര്‍ അവളെ പൊക്കിയെടുത്തു. വീട്ടിലേക്കെത്തിക്കാന്‍ അവര്‍ തയ്യാറായെങ്കിലും അവള്‍ വിസ്സമ്മതിച്ചു.

“എനിക്കൊന്നും പറ്റിയിട്ടില്ല. സ്കൂളിലേയ്ക്കു തന്നെ പൊയ്ക്കോളാം.” കുട്ടി നിര്‍ബന്ധം പിടിച്ചപ്പോള്‍ അവളെ സ്കൂളിലെത്തിച്ച് നാട്ടുകാര്‍ മടങ്ങി.

വീണതിലല്ല മറ്റുള്ളവര്‍ കണ്ടതിലാണ്‍ അവള്‍ക്ക് അഭിമാനക്ഷതമുണ്ടായത്. “സാരമില്ല കാര്യമായിട്ടൊന്നും പറ്റിയിട്ടില്ല” കുട്ടിയെ നടത്തിച്ചും ശരീരത്തിലെല്ലായിടവും നോക്കിയും കഴിഞ്ഞപ്പോള്‍ ക്ലാസ്സ് ടീച്ചര്‍ പറഞ്ഞു.“മോളു പേടിക്കണ്ടാട്ടോ”.അവര്‍ കുട്ടിയെ സമാശ്വസിപ്പിച്ചു.

അപകടം പറ്റിയ വിവരം എങ്ങനെയോ അറിഞ്ഞ് അമ്മ സ്കൂളിലേക്കെത്തി; വേവലാതിയോടെ. കുട്ടിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന് ബോധ്യമുണ്ടായിരുന്നെങ്കിലും അവര്‍ മകളെ ആശുപത്രിയില്‍ കാണിച്ചതിനുശേഷമാണ് വീട്ടിലേക്കു കൊണ്ടുപോയത്.

അന്നു രാത്രി അപ്രതീക്ഷിതമായി നീലിമയ്ക്കു പനിയുണ്ടായി. ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് അവള്‍ ബോധമില്ലാതെ സംസാരിക്കാന്‍ തുടങ്ങി. “എന്തേടി നിര്‍മ്മലേ നീയിത്ര വൈകിയേ? വെള്ളിയാഴ്ചത്തെ നോട്ടൊ പകര്‍ത്തണ്ടേ? എന്റെ കൈയിലില്ലാട്ടോ അന്ന് ക്ലാസ്സിലിരിക്കാന്‍ കഴിഞ്ഞില്ല”. അവള്‍ പറയാനും കരയാനും തുടങ്ങി,

കുട്ടിയെ ആശുപത്രിയിലാക്കേണ്ടി വന്നു. പരിശോധനയും ഇഞ്ചക്ഷനും മരുന്നുമെല്ലാം കൃത്യമായി ചെയ്തെങ്കിലും രോഗം ഭേദമായില്ല.

അച്ഛന് വിഷമം കടിച്ചമര്‍ത്താന്‍ കഴിഞ്ഞെങ്കിലും അമ്മയുടെ ആശങ്ക അണപൊട്ടി. ഡോക്ടര്‍മാരില്‍നിന്ന് ആശാവഹമായ അഭിപ്രായം കൂടി കിട്ടാതായപ്പോള്‍ അവര്‍ക്ക് സങ്കടം അടക്കാനായില്ല.

അമ്മവീട്ടില്‍നിന്നു തിരിച്ചെത്തിയ നിര്‍മ്മല സന്തോഷം പങ്കുവെക്കാന്‍ നീലിമയുടെ വീട്ടിലേക്കോടി. അപ്പോഴാണ് തന്റെ കൂട്ടുകാരിക്കുണ്ടായ അപകടവും തുടര്‍ന്ന് ആശുപത്രിയിലായതും അവള്‍ അറിഞ്ഞത്. വേഗം തന്നെ ആശുപത്രിയിലെത്തിയ നിര്‍മ്മലയെ കണ്ടപ്പോള്‍ നീലിമയുടെ അമ്മ വാവിട്ടു കരഞ്ഞു. അതു ശ്രദ്ധിച്ചെങ്കിലും അവള്‍ കൂട്ടുകാരിയുടെ അടുത്തേയ്ക്കാണ് പോയത്. നീലി....നീലി....എന്നവള്‍ വിളിക്കുകയും കൂട്ടുകാരിയുടെ മുഖത്തും ശരീരത്തിലും തലോടുകയും ചെയ്തുകൊണ്ടിരുന്നു. വിളി തുടര്‍ന്നുകൊണ്ടിരിക്കേ നീലിമയുടെ കണ്ണുകള്‍ സാവധാനം തുറന്നു. ചങ്ങാതിയെ നോക്കി; അവള്‍ അല്പാല്പമായി ബോധാവസ്ഥയിലേക്കെത്തി. നിര്‍മ്മലേ നീ വന്നോ എന്നു ചോദിച്ച അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.

“കൂട്ടുകാരിയുടെ സ്നേഹചികിത്സ ഫലിച്ചു. ഇനി ഭയപ്പെടാനില്ല” പരിശോധനയ്ക്കു വന്ന ഡോക്ടര്‍ മാതാപിതാക്കളെ സമാശ്വസിപ്പിച്ചു.

ഉഷാദേവി മാരായിൽ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.