പുഴ.കോം > സായഹ്നകൈരളി > കഥ > കൃതി

ആരാധന

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ.(മേജർ) നളിനി ജനാർദ്ദനൻ

നീലക്കണ്ണുകളും ചുരുണ്ടമുടിയുമുള്ള വെളുത്തു സുന്ദരനായ യുവാവ്‌ - സുശാന്ത്‌ പാണ്ഡേ എന്നു പേരുള്ള വടക്കേയിന്ത്യക്കാരനായ ആ ചെറുപ്പക്കാരനെ യാദൃച്ഛികമായാണ്‌ ഞാൻ കണ്ടുമുട്ടിയത്‌. ആ സായം സന്ധ്യ ഓർമ്മകളിൽ വർണപ്പൊട്ടുകൾ വാരിവിതറി.

മെഡിക്കൽ കോളേജിലെ ലേഡീസ്‌ ഹോസ്‌റ്റലിന്റെ ഹോസ്‌റ്റൽഡേ ആയിരുന്നു അന്ന്‌. കലാപരിപാടികൾ തുടങ്ങി. കോളേജിലെ അറിയപ്പെടുന്ന ഒരു ഗായികയായിരുന്നു ഞാൻ. ഭരതനാട്യത്തിനുശേഷം ഗാനം ആലപിക്കാനായി എന്റെ പേര്‌ അനൗൺസ്‌ ചെയ്‌തു.

‘മിഴിയോരം നിലാവലയോ......’ എന്ന ഗാനം പാടുമ്പോൾ സ്വയം മറന്ന്‌ അതിൽ ലയിക്കുകയായിരുന്നു. പ്രിയച്ചേച്ചിയും വിഷ്‌ണുവും ശ്രോതാക്കളുടെ ഇടയിൽ ഉണ്ടായിരുന്നു. ചേച്ചിയുടെ കൂടെയിരുന്നതുകൊണ്ട്‌ മറ്റാരും കാണാതെ, വാചാലമായ കണ്ണുകളോടെ, ആകർഷകമായ പുഞ്ചിരിയോടെ എന്നോട്‌ കുശലാന്വേഷണം നടത്തിയ വിഷ്‌ണു - മനസിൽ നിർവൃതിപുഷ്‌പങ്ങൾ പൂത്തുലഞ്ഞു. ഗാനത്തിന്റെ കല്ലോലിനിയിൽ സംഗീത തരംഗങ്ങളിൽ ഞാൻ ഒഴുകിനീങ്ങി...... നീലാകാശത്തിൽ സ്വർണമേഘങ്ങളോടൊപ്പം ഒരു പക്ഷിയായി ഞാൻ പറന്നുയർന്നു........... ഗാനം തീരുന്നതുവരെ നിശബ്‌ദമായി കേട്ടുകൊണ്ടിരുന്ന സദസ്യർ - കയ്യടിയുയർന്നപ്പോൾ അഭിമാനംകൊണ്ട്‌ മനസു കോരിത്തരിച്ചു.

സ്‌റ്റേജിൽ നിന്നിറങ്ങിവരുമ്പോൾ സുന്ദരനായ ഒരു ചെറുപ്പക്കാരൻ എന്റെ അടുത്തേക്കോടിവന്നു.

‘രാധികേ നീ വളരെ നന്നായി പാടി. എന്റെ അഭിനന്ദനങ്ങൾ!’ അവൻ ഹിന്ദിയും ഇംഗ്ലീഷും ഇടകലർത്തി സംസാരിച്ചു. ‘ഞാൻ സുശാന്ത്‌ പാണ്‌ഡേ- എഞ്ചിനീയറിംഗ്‌ കോളേജിൽ പഠിക്കുന്നു’ സൗഹൃദപൂർവം പുഞ്ചിരിക്കുന്ന ആ ചെറുപ്പക്കാരനോട്‌ ഞാനും ഒരു മന്ദസ്‌മിതം സമ്മാനിച്ചുകൊണ്ട്‌ നന്ദി പറഞ്ഞു.

‘രാധികേ, ഇതാണെന്റെ അഡ്രസ്‌ - നീയെനിക്ക്‌ കത്തെഴുതുമോ? ഞാൻ നിന്റെ കത്ത്‌ കാത്തിരിക്കും.’

വിറയാർന്ന കരങ്ങളോടെ ഒരു ചുളിഞ്ഞ കടലാസുകഷ്‌ണം എന്റെ കയ്യിൽവെച്ചുകൊണ്ട്‌, ഒരിക്കൽകൂടി എന്റെ കണ്ണുകളിൽ നോക്കിയശേഷം ധൃതിയോടെ അവൻ നടന്നുപോയി. അവന്റെ നീലക്കണ്ണുകളിലെ ആഴങ്ങളിൽ ആരാധനയോ സ്‌നേഹമോ എന്തായിരുന്നു നിഴലിച്ചിരുന്നത്‌, ഓർമ്മയില്ല.

‘സുശാന്ത്‌ പാണ്ഡേ’ എന്ന യുവാവ്‌ ഇന്നെവിടെയായിരിക്കും? അന്ന്‌ അവനെ നിരാശപ്പെടുത്താതിരിക്കാനായി കത്തയക്കാമെന്നു വെറുതെ പറഞ്ഞിരുന്നുവെങ്കിലും ഞാനെന്റെ വാക്കു പാലിച്ചില്ല. മനസു നിറയെ വിഷ്‌ണു മാത്രമായിരുന്നല്ലോ. അതിനിടയിൽ ഒരു സുശാന്തിനുവേണ്ടി മനസിൽ ഇടമുണ്ടായിരുന്നില്ല. അവൻ ആകാംക്ഷയോടെ എന്റെ കത്തിനുവേണ്ടി കാത്തിരിക്കാം. പിന്നീട്‌ രാധികയും മറ്റു പെൺകുട്ടികളെപ്പോലെ വിശ്വാസവഞ്ചനചെയ്‌തുവല്ലോ എന്നോർത്ത്‌ സങ്കടപ്പെട്ടിരിക്കും. പാവം ചെറുപ്പക്കാരൻ!

സുശാന്ത്‌, നീയെവിടെയായാലും എനിക്കു മാപ്പുതരൂ! നിനക്കറിയോ വിഷ്‌ണുവിനുള്ളതാണീ രാധികയുടെ മനസ്‌! നിന്നെ ഞാനൊരു സുഹൃത്തായി സ്വീകരിച്ചാലും നമ്മുടെ ബന്ധത്തിന്‌ പുതിയ നിർവചനങ്ങൾ നൽകാൻ സമൂഹം താൽപര്യം കാണിച്ചേക്കാം. ഭാരതീയസംസ്‌കാരപ്രകാരം ഒരു സ്‌ത്രീക്ക്‌ പുരുഷനെ സുഹൃത്തായി കാണാൻ പ്രയാസമാണ്‌. കേരളത്തിലെ ഒരു യാഥാസ്‌ഥിക കുടുംബത്തിൽ ജനിച്ച ഞാൻ നീയുമായി സുഹൃദ്‌ബന്ധം നിലനിൽത്തുന്നതെങ്ങനെ? അതുകൊണ്ട്‌ സുശാന്ത്‌, നീയെന്നോടു ദയവായി ക്ഷമിക്കുക, നിനക്ക്‌ എന്നോടുതോന്നിയത്‌ ഇഷ്‌ടമോ അതിനോടു പ്രതികരിക്കാൻ ഞാൻ അശക്തയായിരുന്നു. എനിക്കു നീ മാപ്പു തരിക!

ജീവിതം ഒരു മായാജാലക്കാരനെപ്പോലെയാണ്‌. തന്റെ മാന്ത്രികവടി വീശി നിറമുള്ള സ്വപ്‌നങ്ങൾ കാണിക്കുന്ന മാന്ത്രികൻ - ബാലിശമായ മനസുമായി ഞാൻ ആ വർണബിന്ദുക്കൾ വാരിയെടുക്കുമ്പോൾ, കൈക്കുമ്പിൾ നിറഞ്ഞത്‌ വെറും മണൽത്തരികൾ മാത്രമാണെന്നു കണ്ട്‌ തേങ്ങുമ്പോൾ, കൃത്രിമത്വം പുരണ്ട പുഞ്ചിരിയോടെ വീണ്ടും മാന്ത്രികവടികൊണ്ട്‌ അത്‌ഭുതങ്ങൾ കാണിക്കുന്ന മായാവിദ്യകൾ - അതേ, ജീവിതമെന്ന മായാജാലക്കാരൻ - വിടർന്ന കണ്ണുകളോടെ ഒരു കുട്ടിയെപ്പോലെ അത്‌ഭുതത്തോടെ നോക്കി നിൽക്കുന്ന ഞാൻ - കടലാസുപുഷ്‌പങ്ങൾ കണ്ട്‌ വീണ്ടും നിരാശപ്പെടുന്ന ഞാൻ - ഈ ഇന്ദ്രജാലപ്രകടനം തുടർന്നുകൊണ്ടേയിരിക്കും - ഞാൻ എപ്പോഴും വിഡ്‌ഢിയാക്കപ്പെട്ടുകൊണ്ടേയിരിക്കും!

ഡോ.(മേജർ) നളിനി ജനാർദ്ദനൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.