പുഴ.കോം > സായഹ്നകൈരളി > കഥ > കൃതി

ഡോൺ ശാന്തമായി ഒഴുകുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മിഖായേൽ ഷെളോക്കോവ്‌

വിവഃ ജോയ്‌ നായരമ്പലം

യോഷൻസ്‌കായ എന്ന കൊച്ചുഗ്രാമം. റഷ്യയുടെ തെക്കു പടിഞ്ഞാറു ഭാഗത്തുകൂടി ആയിരത്തി ഇരുന്നൂറു മൈൽ നീളത്തിൽ ഒഴുകുന്ന ഡോൺനദിയുടെ താഴ്‌വാരത്താണ്‌ ഈ ഗ്രാമ സൗഭഗത. ആ പ്രദേശത്തെ ജനമാണ്‌ കൊസാക്കുകൾ. കഷ്‌ടപ്പാടുകളുടെയും നൊമ്പരങ്ങളുടെയും ആകെത്തുകയാണ്‌ അവരുടെ ജീവിതം.

കൊസാക്കുകളുടെ സ്വയം ഭരണാവകാശം സർക്കാർ അനുവദിച്ചുകൊടുത്തിരിക്കുന്നു.

കൊസാക്കുവർഗ്ഗത്തിൽപെട്ട സൈനികോദ്യോഗസ്ഥൻമാരുടെ കീഴിൽ കൊസാക്കുകൾ റഷ്യൻ സൈന്യത്തിൽ സേവനം നടത്തിയിരുന്നവരാണ്‌. സൈന്യസേവനം അവസാനിച്ചാൽ അവർ ഡോൺ നദീതീരത്തേക്ക്‌ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുപോരും. കൃഷിയാണ്‌ ഉപജീവനമാർഗ്ഗം.

ഡോൺ നദീതീരത്തുളള കൊസാക്കു വർഗ്ഗത്തിലെ മെലോക്കോഫിന്റെ രണ്ടാമത്തെ മകനാണ്‌ ഗ്രിഗറി. പീറ്റർ മൂത്തമകൻ. ഒരു തുണ്ട്‌ ഭൂമി മാത്രം സ്വന്തമായുളള വ്യക്തിയാണ്‌ മെലോക്കോഫ്‌. അയാൾക്ക്‌ കൃഷി ഒരു വാശിയേറിയ ജീവിതാവസ്ഥയാണ്‌. അയാൾ തന്റെ ഭൂമി ഉഴുതു മറിക്കും, വിതയ്‌ക്കും, പാടുപെടും, കൊയ്‌തെടുക്കും. ജീവിതം അല്ലലും അലട്ടുമായി മുന്നോട്ടു പോകുന്നു.

കൊസാക്കുകാർ പ്രതിവിപ്ലവകക്ഷികളോടു ചേർന്നു. അത്‌ റഷ്യൻ ഗവൺമെന്റിന്‌ ഇഷ്‌ടപ്പെട്ടില്ല. ഗവൺമെന്റ്‌ അവർക്ക്‌ നേരത്തെ അനുവദിച്ച ആനുകൂല്യങ്ങളും അവകാശങ്ങളും വെട്ടിക്കുറച്ചു. കൊസാക്കുകളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി.

ഗ്രിഗറി ധീരനായ യോദ്ധാവാണ്‌. അയാൾ ജർമ്മനിക്കെതിരെ യുദ്ധം ചെയ്യാൻ തുടങ്ങി. ബോൾഷെവിക്കുകൾക്കെതിരെയും യുദ്ധം ചെയ്‌തു. അയാൾ റഷ്യയെ സ്‌നേഹിക്കുന്നു എങ്കിലും സർ ചക്രവർത്തിമാരെ വെറുക്കുന്നു. സോഷ്യലിസ്‌റ്റ്‌ സ്‌റ്റേറ്റു വേഗം സംജാതമാകാൻ ഗ്രിഗറി കൊതിക്കുന്നു. ആ ആഗ്രഹത്തോടൊപ്പം അയാൾക്ക്‌ മറ്റൊരാഗ്രഹമുണ്ട്‌. പുതിയ സർക്കാർ കൊസാക്കുകളെ ആക്രമിക്കരുത്‌. അവരുടെ ജീവിതം ദുഃഖമയമാക്കരുത്‌.

മെലോക്കോഫിന്റെ താൽപര്യമായിരുന്നു മകൻ ഗ്രിഗറി വിവാഹം കഴിക്കണമെന്നത്‌. പട്ടാള സേവനവുമായി മാത്രം നടന്നാൽ ജീവിതം ഉണ്ടാവില്ലല്ലോ. നിർബന്ധം മൂത്തുവന്നപ്പോൾ ഗ്രിഗറി നടാലിയ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. മെല്ലെ ആ പെൺകുട്ടിയോട്‌ അയാൾക്ക്‌ താൽപര്യം കുറഞ്ഞു. അയാളുടെ ആശ മറ്റൊരു വഴിക്കുതിരിഞ്ഞു. കൂട്ടുകാരനായ സ്‌റ്റെപ്പാന്റെ ഭാര്യ ആക്‌സിനിയയെ അയാൾ വെപ്പാട്ടിയാക്കി.

പീറ്ററും ഗ്രിഗറിയും ആഭ്യന്തരയുദ്ധകാലഘട്ടത്തിൽ റഷ്യൻ സൈന്യത്തിൽ ചേർന്നു. ആയിടയ്‌ക്ക്‌ ഗ്രിഗറി യുദ്ധം ചെയ്‌തത്‌ ജർമൻകാരോടും പോളണ്ടുകാരോടുമാണ്‌. മനുഷ്യരെ വാളുകൊണ്ട്‌ കൊല്ലണമെന്നാണ്‌ ഗ്രിഗറിക്കു കിട്ടിയ മിലിട്ടറി നിർദേശം. തന്റെ ജോലി അയാൾ വേണ്ട രീതിയിൽ നിർവ്വഹിച്ചു.

ആയിടക്ക്‌ കെറൻസ്‌ക്കിയുടെ നേതൃത്വത്തിലുണ്ടായ വിപ്ലവം അതിരൂക്ഷമായിരുന്നു. തലസ്ഥാനനഗരിയിലൂടെ മുഴങ്ങിക്കേട്ട വിപ്ലവാഭിവാദ്യങ്ങൾ സാറിസ്‌റ്റ്‌ സർക്കാരിന്റെ അടിത്തറ തകർക്കുന്നതായിരുന്നു. ആ ഗവൺമെന്റ്‌ തകിടം മറിയുകയും ചെയ്‌തു.

ഗ്രിഗറിക്ക്‌ യുദ്ധത്തിൽ അപകടം പിണഞ്ഞു. അയാൾക്ക്‌ ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടിവന്നു. റഷ്യയും തൊഴിലാളി വർഗ്ഗവും ആയിരുന്നു അയാളുടെ മനസ്സുമുഴുവൻ. മരണം അയാൾക്ക്‌ പേടിയേ അല്ല.

കാലം മാറുകയായിരുന്നു.

ഇപ്പോൾ കൊസാക്കുകൾ സോവിയറ്റ്‌ റഷ്യക്ക്‌ എതിരെ യുദ്ധം ചെയ്യാൻ തുടങ്ങി. ചികിത്സ കഴിഞ്ഞ്‌ പുതിയ ഊർജ്ജവുമായി ആശുപത്രിവിട്ട ഗ്രിഗറി വീണ്ടും യുദ്ധരംഗത്തെത്തി. യുദ്ധവും വീര്യവും ക്രൂരതയും മാത്രമായി ആ മനുഷ്യന്റെ ഒരേയൊരു ലക്ഷ്യം. ദയവ്‌ എന്നത്‌ അയാളിൽ നിന്ന്‌ എന്നെന്നേക്കുമായി അകറ്റപ്പെട്ടു.

ചെമ്പട കൊസാക്കുകളെ എതിർത്തു തുടങ്ങി. ഗ്രിഗറി കൊസാക്കുകളെ നാട്ടിലേക്കു നയിച്ചു. തന്റെ ആഗ്രഹങ്ങൾ വൃഥാവിലായെന്ന്‌ ആ യോദ്ധാവിനു തോന്നി. ഗ്രിഗറിയോട്‌ പകപോക്കാൻ കൊതിച്ചിരുന്ന ചെമ്പട ഗ്രിഗറിയുടെ വെപ്പാട്ടിയെ വെടിവച്ചുകൊന്നു. പിതാവ്‌ മരിച്ചു.

ആക്‌സിനിയയെ വളരെ വേദനയോടെ ഗ്രിഗറി മണ്ണുമാന്തി സംസ്‌കരിച്ചു. തന്റെ തെറ്റുകളുടെ ഫലം തെളിഞ്ഞു വരുന്നതായി അയാൾക്കു തോന്നി. ഗർഭഛിദ്രം നടത്തി നടാലിയേയും കൊന്നു.

അയാൾ തന്റെ ഗ്രാമത്തിലേക്കു തിരിച്ചു. ഗ്രാമം ദുഃഖദുരിതത്തിൽ ആണ്ടുകിടക്കുന്നു. മറ്റൊരു ദുഃഖപ്രതീകം പോലെ താടിയും മുടിയും വളർത്തി അതാ തന്റെ മകൻ നിൽക്കുന്നു. മകന്റെ ആ നോട്ടവും ഭാവവും കണ്ട്‌ അയാൾക്ക്‌ കുറ്റബോധവും ഭയവും തോന്നി.

അപ്പോഴും ഒന്നും സംഭവിച്ചിട്ടില്ലാത്തമട്ടിൽ ഡോൺ ശാന്തമായി ഒഴുകുകയായിരുന്നു.

മിഖായേൽ ഷെളോക്കോവ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.