പുഴ.കോം > സായഹ്നകൈരളി > കഥ > കൃതി

കള്ളന് കഞ്ഞിവെച്ചവന്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഷിബു പുഷ്‌കരന്‍

രാത്രി

ഇരുട്ടില്‍ പൂച്ചയെപ്പോലെ അവന്‍ നടന്നു. അതെ നമ്മുടെ കഥാനായകന്‍ സാക്ഷാല്‍ കള്ളന്‍. പാതി തുറന്നു കിടന്ന വീടിന്റെ അടുക്കള വാതിലിലൂടെ പമ്മി, പമ്മി അകത്തു കടന്നു.

ആരോ അകത്തെവിടെയോ ഉള്ളതിന്റെ ലക്ഷണം കള്ളനു തോന്നി.

ഇവിടെ നിന്നും കാര്യമായെന്തെങ്കിലും കിട്ടും- അവന്റെ മനസു പറഞ്ഞു.

കുളിമുറിയുടെ ഭാഗത്തെത്തിയപ്പോള്‍ അകത്താരോ കുളിക്കുന്നതിന്റെ ശബ്ദം കേട്ടു. ഏതെങ്കിലും സ്ത്രീ ഒറ്റയ്ക്കു താമസിക്കുന്ന വീടായിരിക്കുമോ? അവര്‍ സുന്ദരിയാണെങ്കില്‍ കുളിസീന്‍ ഒന്നു കണ്ടാലോ...?

ചെറുപ്പത്തില്‍ പുഴക്കടവിലെ പൊന്തക്കാട്ടിനുള്ളില്‍ ഒളിഞ്ഞിരുന്ന് ഒരുപാട് കുളിസീനുകള്‍ കണ്ട കള്ളനാണ്.

ഉള്ളിലെ ചപലവികാരം ഉണര്‍ന്നപ്പോള്‍ അയാള്‍ കുളിമുറിയുടെ വാതിലിന്റെ വിടവിലൂടെ ഒളിഞ്ഞു നോക്കി. കണ്ട കാഴ്ച അയാളെ നിരാശനാക്കി.

കഷ്ടം കറുകറുത്തൊരു തടിയന്‍ പൂര്‍ണ നഗ്നനായി, ഒരു നൂല്‍ ബന്ധം പോലുമില്ലാതെ നിന്നു കുളിക്കുന്നു. കരടിക്കു സമാനമായ ദേഹം. ദേഹത്തു രോമങ്ങള്‍ മാത്രം.

കുളിക്കുമ്പോള്‍ ഒരു തോര്‍ത്തെങ്കിലും ഉടുത്തുകൂടെ ശവത്തിന്- കള്ളന്‍ ഉള്ളില്‍ പറഞ്ഞു.

കള്ളന്‍ വീണ്ടും അടുക്കള ലക്ഷ്യമാക്കി നടന്നു. നല്ല വിശപ്പുണ്ട്. സാധാരണ കക്കാന്‍ കയറുമ്പോഴുള്ള പതിവാണ് അടുക്കളയില്‍ കയറി ഉള്ളത് കഴിക്കുക. അതു മുടക്കേണ്ട.

ആ കരടിയുടെ വിസ്തരിച്ചുള്ള കുളി ഇപ്പോഴൊന്നും കഴിയില്ല.

അടുക്കളയില്‍ മേശപ്പുറത്ത് നല്ല ആവി പറക്കുന്ന കഞ്ഞിയിരിക്കുന്നു. ചൂടു പപ്പടവും മാങ്ങ അച്ചാറും കൂട്ടിനായി തൊട്ടടുത്തുള്ള പാത്രങ്ങളില്‍ ഇരിക്കുന്നു.

താനെന്തേ നേരത്തേ അടുക്കളയില്‍ കയറിയില്ല. കള്ളന്‍ മേശപ്പുറത്തിരുന്ന തവിയെടുത്ത് ആര്‍ത്തിയോടെ കഞ്ഞി കോരിക്കുടിക്കുവാന്‍ തുടങ്ങി. നല്ല രുചിയുള്ള കഞ്ഞി. ആ കരടി വെച്ച കഞ്ഞിയായിരിക്കുമോ.?

ആരുവെച്ചതായാലും കള്ളനു കഞ്ഞിവെച്ചവന്‍ ആരായിരുന്നാലും നല്ല കഞ്ഞി, കള്ളന്‍ ആസ്വദിച്ചു കുടിച്ചു.

നിര്‍ത്ത്! ആ കഞ്ഞി കുടിക്കരുത് - ആരുടെയോ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ട് കള്ളന്റെ കൈയിലെ തവി താഴെ വീണു.

നീ ആരാണ്? - കുളി കഴിഞ്ഞു വന്ന കരടി ചോദിച്ചു.

കള്ളന്‍!- കള്ളച്ചിരിയോടെ കള്ളന്‍ പറഞ്ഞു.

ഇവിടെ എന്തിനു വന്നു?

കള്ളന്‍ വരുന്നതെന്തിനാണ്- കള്ളന്‍ കള്ളച്ചിരി നിര്‍ത്താതെ ചോദിച്ചു.

അതിനുത്തരമുണ്ടായില്ലെങ്കിലും തെല്ലൊരു ഭയത്തോടെ അയാള്‍ ചോദിച്ചു- ഈ കഞ്ഞിയെന്തിനാ കുടിച്ചത്? ഞാന്‍ മേശപ്പുറത്ത് വച്ചിരിക്കുന്ന കുറിപ്പ് നീ കണ്ടില്ലേ? ഭാര്യയും മക്കളും നഷ്ടപ്പെട്ട് ഒറ്റയ്ക്കു താമസിക്കുന്നവനാണ് ഞാന്‍. ഉപേക്ഷിച്ചു പോയ ഭാര്യയും കുട്ടികളും ഇനി തിരിച്ചു വരില്ല. അവരോട് പ്രതികാരം ചെയ്യാന്‍ വിഷം കലര്‍ത്തിയ കഞ്ഞി ഉണ്ടാക്കിവച്ചതാണ് ഞാന്‍. അതു കുടിക്കുന്നതിനു മുന്‍പ് ഒന്നു കുളിക്കണമെന്നു തോന്നി. മരിക്കുമ്പോഴും ഇത്തിരി വൃത്തി വേണമല്ലോ..

കള്ളന്‍ കരയാന്‍ തുടങ്ങി. - എനിക്കു വലിയ വിദ്യാഭ്യാസമില്ല. നാടാകെ സാക്ഷരതയായെങ്കിലും എനിക്കു വായിക്കാനും എഴുതാനും അറിയില്ല. വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്നുള്ള വാക്യത്തിന്റെ പ്രാധാന്യം ഇന്നാണ് എനിക്കു മനസിലാകുന്നത്. എന്നെ ആശുപത്രിയില്‍ എത്തിക്കൂ... എന്നെ രക്ഷിക്കൂ... ജീവിക്കാന്‍ വേണ്ടി കള്ളന്റെ വേഷം കെട്ടിയവനാണ് ഞാന്‍. എന്നിലും വലിയ കള്ളന്മാര്‍ നാട്ടില്‍ വലിയ മാന്യമാരായി ജീവിക്കുന്നുണ്ട്.

താങ്കളെ ആശുപത്രിയില്‍ എത്തിക്കാം- കരടി കള്ളനെ സമാധാനിപ്പിച്ചു.

ഒരു വാഹനം വിളിക്കാനായി അയാള്‍ വീടിനു പുറത്തേയ്ക്കു ഓടി. ഓടുന്ന ധൃതിയില്‍ ദൂരെനിന്നു ചീറിപ്പാഞ്ഞു വരുന്ന വാഹനം അയാള്‍ കണ്ടില്ല. അയാളെ ഇടിച്ചു തെറിപ്പിച്ച് ഇരുട്ടിനെ കീറിമുറിച്ച് വാഹനം പാഞ്ഞു പോയി. മരണവേദനയില്‍ പിടയുമ്പോഴും അയാള്‍ തന്റെ വരവും പ്രതീക്ഷിച്ച് മരണത്തിലേക്ക് നടന്നു കയറുന്ന കള്ളന്‍ രക്ഷപ്പെടണമേയെന്നു ദൈവത്തോട് മനമുരുകി പ്രാര്‍ഥിക്കുകയായിരുന്നു.

ഷിബു പുഷ്‌കരന്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.