പുഴ.കോം > സായഹ്നകൈരളി > കഥ > കൃതി

സുനാമി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഐ.ആർ.കൃഷ്‌ണൻ, മേത്തല

ഒട്ടകപക്ഷിയും ഭാര്യയും പ്രാർഥനയിൽ മുഴുകിയിരുന്നു. ആശ്വാസം കിട്ടുമെന്നു തന്നെ വിശ്വസിച്ച്‌ അവ ദിവസവും സിദ്ധൻ പറഞ്ഞതു പ്രകാരം പ്രാർത്ഥിച്ചുപോന്നു. പക്ഷെ, പെൺപക്ഷിക്കു കണ്ണുനീർ പിടിച്ചുനിർത്താനായില്ല. അവൾ ഏന്തിയേന്തി കരഞ്ഞു.

‘നീ ഇങ്ങനെയായാലോ പ്രിയേ’, ആൺപക്ഷി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

‘പ്രാർഥനയാർക്കും ഫലിക്കാൻ വേണം പ്രാർഥനയിൽ വിശ്വാസം’ എന്നാണ്‌ മഹർഷിമാർ പറയുന്നത്‌. കരുണയുള്ളവനാണ്‌ ദൈവം, നമ്മുടെ പ്രാർഥന കേൾക്കാതിരിക്കില്ല‘.

ആൺപക്ഷി പെൺപക്ഷിയുടെ കണ്ണുനീർ തുടച്ചു. വളരെ നേരത്തെ ശ്രമം വേണ്ടിവന്നു പെൺപക്ഷിയുടെ കരച്ചിൽ നിർത്താൻ.

തനിക്കും പനിപിടിച്ച്‌ ക്ഷീണിച്ച പ്രിയനും വേണ്ടി ഭക്ഷണം തേടി അവൾ പുറപ്പെട്ടു. വീട്ടിൽ ഒറ്റക്കായപ്പോൾ ആൺപക്ഷി ചിന്തയിൽ മുഴുകി.

പണ്ടുപണ്ട്‌ ഏതോ ഒരു കാലത്ത്‌ ഒട്ടകപക്ഷികൾ യൂറോപ്പിലും ഏഷ്യയിലും ഉണ്ടായിരുന്നെന്ന്‌ കേട്ടിട്ടുണ്ട്‌. ഭൂമികുലുക്കവും കാലാവസ്ഥ മാറ്റവുമെല്ലാം തങ്ങളുടെ വർഗത്തെ അവിടെ ഇല്ലാതാക്കി. ഇപ്പോൾ ആഫ്രിക്കയിൽ മാത്രമേ ഒട്ടകപക്ഷികളെ കാണാറുള്ളത്രേ! അതും ഇനി എത്രകാലം?

ഓർത്തോർത്തിരുന്ന്‌ അവൻ മയങ്ങിപ്പോയി. പെൺപക്ഷി വന്നു വിളിച്ചപ്പോഴാണ്‌ ഉണർന്നത്‌.

’അല്ലാ, നേരം പോയതറിഞ്ഞില്ല, സൂര്യൻ അസ്തമിക്കാറായല്ലോ.‘

’അതിനെന്താണ്‌? ഇന്നത്തേക്കും നാളത്തേക്കും ആവശ്യമായത്ര ഭക്ഷണം ഞാൻ കൊണ്ടുവന്നിട്ടുണ്ട്‌. നമുക്ക്‌ കഴിച്ചുതുടങ്ങാം.‘

ഭക്ഷണം കഴിക്കുന്നതിനിടയ്‌ക്ക്‌ പെൺപക്ഷി പറഞ്ഞു. ’ഇന്നു ഞാൻ കടപ്പുറം വരെ പോയിരുന്നു‘.

അവൾ പറഞ്ഞതുകേട്ട്‌ ആൺപക്ഷി ഞെട്ടി. ’വേണ്ടായിരുന്നു എത്രപ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്‌ ഞാൻ‘.

പെൺപക്ഷി മൗനമായിരുന്നതേയുള്ളൂ. അല്പനേരത്തിനു ശേഷം ഒരു നെടുവീർപ്പോടെ അവൾ മനസുതുറന്നു.

’ഭക്ഷണത്തിന്‌ മറ്റൊന്നും കിട്ടാഞ്ഞിട്ടാണ്‌ പോയത്‌. ഇഷ്ടംപോലെ തീറ്റ കിട്ടുന്ന സ്ഥലം അവിടെയുണ്ടെന്ന്‌ നമുക്കറിയാവുന്നതാണല്ലോ. എങ്കിലും ഇപ്പോൾ ഉള്ളിൽ തീയെരിയുഫോലെ...‘

അവളോട്‌ യോജിച്ചുകൊണ്ട്‌ അവനും പറഞ്ഞുതുടങ്ങി,

’എനിക്കും തോന്നാറുണ്ട്‌. ചിറകുമുളച്ചും കാലുറച്ചും കഴിഞ്ഞിരുന്നല്ലോ നമ്മുടെ പൊന്നോമനകൾക്ക്‌‘.

’അതെ, ഇപ്പോഴുണ്ടായിരുന്നെങ്കിൽ നമ്മുടെ പകുതിയോളമെങ്കിലുമായേനെ.‘ അവൾ കൂട്ടിച്ചേർത്തു.

’വിധിയാണ്‌ അല്ലാതെന്തു പറയാൻ?‘

ആ രംഗം മുന്നിൽ കാണുന്നതുപോലെ ആൺപക്ഷിക്കു തോന്നി.

’കടൽ പിന്നോട്ടുപോകുന്നത്‌ കണ്ടതല്ലേ നമ്മൾ. ചെളിയിൽ പിടക്കുന്ന മീനുകളെകണ്ട്‌ നമ്മുടെ അനുവാദത്തോടെയാണ്‌ മക്കളിറങ്ങിയത്‌. അൽപനേരം കൊണ്ട്‌ എത്ര മീനാണ്‌ അവർക്കു കിട്ടിയത്‌‘.

’ശരിയാണ്‌‘ പെൺപക്ഷിയുടെ ഓർമയിൽ രംഗം തെളിഞ്ഞു വന്നു.

’കടൽ എത്രദൂരത്തോളം പോയി എന്നറിയാനാണ്‌ ഞാൻ നോക്കിയത്‌. അപ്പോൾ ദൂരെ ആകാശം എത്തിപ്പിടിക്കുംപോലെ തിരമാലകൾ ഉയരുകയായിരുന്നു.‘.

’മക്കളെ തിര വരുന്നു... ഓടിവായോ... എന്ന്‌ ഉറക്കെ വിളിച്ചതും കുട്ടികൾ കരയിലെത്തിയതും ഇപ്പോഴും ഓർമയിലുണ്ട്‌.‘

’പിന്നീട്‌ എല്ലാവരും കൂടിയാണ്‌ ഓടിയത്‌. മനുഷ്യരും പക്ഷികളുമെല്ലാം. പ്രാണരക്ഷയ്‌ക്കുവേണ്ടിയുള്ള പലായനം! ആൺപക്ഷിയാണതു പറഞ്ഞത്‌.

‘ഓടിയോടി എല്ലാവരും കുന്നിൽ കയറി. എവിടെ നോക്കിയാലും വെള്ളമായിരുന്നു. മനുഷ്യരും മൃഗങ്ങളും പക്ഷികളും തിരമാലകളിൽ മുങ്ങിയും പൊങ്ങിയും...’ ആൺപക്ഷിക്ക്‌ വാക്കുകൾ മുഴുവനാക്കാനായില്ല.

‘നമ്മുടെ മക്കളെ തിരഞ്ഞ്‌ എത്ര ഓടിയതാണെന്റെ ഈശ്വരാ; ഇനി ആർക്കുവേണ്ടിയാണീ ജീവിതം? ഓർത്താലൊരന്തവുമില്ല. നമ്മെപ്പോലെ തന്നെ എല്ലാം നഷ്ടപ്പെട്ടവരെത്രയാണ്‌. അവരെപ്പോലെ നമ്മളും ജീവിച്ചേ പറ്റൂ....’ ആൺപക്ഷി സ്വയം ആശ്വസിച്ചു.

സമയം സന്ധ്യകഴിഞ്ഞിരുന്നു. ഭക്ഷണമ കഴിച്ച്‌ മുഴുവനാക്കാതെ അവർ എഴുന്നേറ്റു. ദിവസങ്ങൾ വിരസമായി കടന്നുപൊയ്‌ക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ആൺപക്ഷി തന്റെ ഭാര്യയെ സൂക്ഷിച്ചു നോക്കി ചോദിച്ചു.

‘അല്ലാ നിന്റെ ചുണ്ട്‌ ചുവന്നിരിക്കുന്നല്ലോ, എന്താ കാര്യം’

അവൾ നാണിച്ചു നിന്നതേയുള്ളൂ. നാളുകൾക്കുശേഷം അവൾ പറഞ്ഞു.

‘ഞാൻ ഒരു കുഴിയിൽ കുറെ മുട്ടകൾ സൂക്ഷിച്ചിട്ടുണ്ട്‌. രാത്രിയിൽ നിങ്ങൾ അടയിരിക്കണം. പകൽ ഞാനിരുന്നോളാം’. ആൺപക്ഷിക്കു സന്തോഷമായി.

അടയിരുപ്പും ഭക്ഷണം തേടലും അവനെ ക്ഷീണിപ്പിച്ചു. അവളും ക്ഷീണിച്ചു. എങ്കിലും ഇരുവർക്കും സന്തോഷമായിരുന്നു. ഏതാണ്ട്‌ മുപ്പത്തഞ്ച്‌-നാല്പത്‌ ദിവസങ്ങൾ കടന്നുപോയി. ഒരുദിവസം കുഴിയിൽ പക്ഷിക്കുഞ്ഞുങ്ങളുടെ കരച്ചിൽ...

ഒട്ടകപക്ഷികൾക്ക്‌ നഷ്ടപ്പെട്ട ഉല്ലാസം തിരിച്ചുവരികയായിരുന്നു. ഏതാനും ദിവസം കഴിഞ്ഞ്‌ അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബം ഇരതേടാനിറങ്ങി. മനസിലെ കനലിന്‌ മറവിയുടെ ചാരം കൊണ്ട്‌ അവർ അങ്ങനെ മൂടുപടമിട്ടു.

ഐ.ആർ.കൃഷ്‌ണൻ, മേത്തല




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.