പുഴ.കോം > സായഹ്നകൈരളി > കഥ > കൃതി

അനന്തരാമചരിതം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഗോപകുമാര്‍

‘എന്റെ മോനേ , നിന്റെ മുത്തശ്ശിയും ഞാനുമായിട്ടുള്ള വിവാഹവും ഒരു പ്രണയവിവാഹമായിരുന്നു. നിനക്കറിയാമോ ആദ്യമൊക്കെ ഞങ്ങള്‍ കണ്ട് കണ്ട് നില്‍ക്കും. പരസ്പരമൊന്നു ചിരിക്കാന്‍ രണ്ടാഴ്ച യെടുത്തു. ഒന്നു സംസാരിക്കാനോ പിന്നെയും രണ്ടാഴ്ചയെടുത്തു. നീണ്ട മൂന്നു കൊല്ലം പ്രേമിച്ചു നടന്നു. എന്നിട്ടാ ഒന്ന് വിവാഹം ചെയ്യാന്‍ കഴിഞ്ഞത് - ന്റെ കുട്ടി! നീ ഇതെല്ലാം ഒരാഴ്ചകൊണ്ട് നേടിയല്ലോ!’

മുത്തച്ഛന്റെ വാക്കുകള്‍ കേട്ട് കൊച്ചുമകന്‍ അനന്തരാമന്‍ പൂരപ്പറമ്പിലെ വെടിക്കെട്ട് പോലെ പൊട്ടിച്ചിരിച്ചു. എന്നിട്ടവന്‍ മുത്തച്ഛനോടു പറഞ്ഞു.

‘’ മുത്തച്ഛാ കാലം മാറി , ഒരു പാട് മാറി’'

അനന്തരാമന്‍ ഗൗരിയെ പരിചയപ്പെട്ടത് ഇന്റെര്‍നെറ്റിലൂടെയാണ്. കൃത്യം ഇന്നേക്ക് ഒരാഴ്ചമുമ്പ്. ഇന്ന് അവര്‍ വിവാഹിതരായി.

'' എന്റെ കുട്ടികളെ നിങ്ങള്‍ക്കറിയാമോ ഞങ്ങള്‍ വിവാഹിതരായ കാലം. നടക്കുന്നത് ഇരിക്കുന്നത് കിടക്കുന്നത് എല്ലാമൊരുമിച്ച്. വേര്‍പിരിഞ്ഞ ഒരു സമയവുമില്ല. ശിശിരവും വസന്തവും ഗ്രീഷ്മവും വര്‍ഷവും ശരത്തും ഹേമന്തവും മനോഹരമായി അനുഭവപ്പെട്ട കാലം. അന്ന് വര്‍ഷക്കാലത്ത് തോരാതെ മഴ പെയ്തുകൊണ്ടിരിക്കുന്ന ഒരു ദിവസം ഒരു കുടക്കീഴില്‍ പരസ്പരം ചേര്‍ത്തു പിടിച്ച് പാടവരമ്പിലൂടെ നടന്നുപോയതോര്‍ക്കുമ്പോള്‍ എന്റെ കുട്ടികളേ ഇന്നും മനസിനുള്ളില്‍ ഒരു തിരയിളക്കം. നിങ്ങള്‍ക്കൊന്നു മറിയില്ല നിങ്ങളെന്താ ഈ കാണിക്കുന്നത് നാലു ദിവസം ഒരുമിച്ചു താമസിച്ചില്ല. അനന്തരാമാ, നീ അമേരിക്കക്കു പോകുന്നു. നിന്റെ പെണ്ണ് സിംഗപ്പൂര്‍ക്കു പോകുന്നു. എന്താ കുട്ടികളെ ഇങ്ങനെ എനിക്ക് മനസിലാകുന്നില്ല''

അനന്തരാമന്‍ മുത്തച്ഛന്റെ കഴുത്തിലൂടെ കയ്യിട്ട് കെട്ടിപ്പിടിച്ച് അരികിലിരുന്നു. അവന്റെ പെണ്ണ് മുത്തച്ഛന്റെ മടിയില്‍ തല വച്ച് തറയില്‍ മുട്ടുകുത്തിയിരിക്കുന്നു. അനന്തരാമന്‍‍ മുത്തച്ഛനോടു പറഞ്ഞു.

‘’ മുത്തച്ഛാ മുത്തച്ഛന്‍ ജീവിച്ച ഗ്രാമം, കൂട്ടുകുടുംബം, കാര്‍ഷിക ജീവിതം വല്ലതും ഇന്നുണ്ടോ? ഒക്കെ പോയില്ലേ കാലം മാറി മുത്തച്ഛാ’

''എന്നാലും എന്റെ കുട്ടികളേ ദേശാടനക്കിളികള്‍ ഒരുമിച്ചാണു പറക്കുക. അത് അന്നം മാത്രമല്ല തേടുന്നത്''

''മുത്തച്ഛന്‍ പറയുന്നതൊക്കെ മനസിലാകുന്നുണ്ട്. മുത്തച്ഛനറിയാമോ ഇന്ന് ആകാശത്തിന്റെ ഏതു ചരിവിലൂടെ പറന്നാലും പരസ്പരം കാണാന്‍ കഴിയും. സംസാരിക്കാനും കഴിയും. പിന്നെ സംഭവിക്കാനുള്ളത് സംഭവിക്കുകയും ചെയ്യും കാലം മാറി മുത്തച്ഛാ’'

അനന്തരാമന്‍ കുസൃതിച്ചിരി ചിരിച്ച് മുത്തച്ഛന്റെ കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടച്ചു മാറ്റി.

അവള്‍ എഴുന്നേറ്റ് മുത്തച്ഛന്റെ അനുഗ്രഹവും വാങ്ങി യാത്ര പറഞ്ഞ് വിമാ‍നത്താവളത്തിലേക്ക് കാറോടിച്ചു പോയി.

ആദ്യമൊക്കെ മുത്തച്ഛന് വിദേശത്തുനിന്ന് അനന്തരാമന്റേയും ഗൗരിയുടേയും ധാരാളം വിളികളുണ്ടായി. അതില്‍ പലതും അവര്‍ പരസ്പരം കാണാന്‍ പോകുന്നതിനും കണ്ടതിനു ശേഷവുമുള്ള വിളികളായിരുന്നു. പിന്നെപിന്നെ അത് കുറഞ്ഞു വന്നു. അത് തീരെ ഇല്ലാതായ ഘട്ടത്തില്‍ അനന്തരാമന്റെ അച്ഛനോടും അമ്മയോടും വിവരങ്ങള്‍ തിരക്കി. സുഖമായിരിക്കുന്നുവെന്ന മറിപടിയാണ് അവരില്‍ നിന്ന് കേട്ടത്. പിന്നെ അവരിലും ഒരു നിശബ്ദത കടന്നു വന്നു. ഒന്നുമറിയാന്‍ വയ്യാത്തൊരു അവസ്ഥ.

ഇപ്പോള്‍ അനന്തരാമന്‍ മുത്തച്ഛന്റെ മുന്നില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്നു. മുത്തച്ഛനോ വിതുമ്പിക്കരയുകയാണ്.

'' എന്നാലും എന്റെ കുട്ടി നിങ്ങള്‍ ഇത്ര പെട്ടന്ന് വേര്‍പിരിഞ്ഞല്ലോ. എനിക്ക് ഇതൊന്നുമങ്ങഓട്ട് മനസിലാകുന്നില്ല’'

‘' മുത്തച്ഛാ ഈ കാലത്ത് ഡൈവോഴ്സ് സാധാരണമല്ലെ. അതത്ര വല്യ വിഷയമാണൊ കാലം മാറി മുത്തച്ഛാ''

മുത്തച്ഛന്‍ അതു കേട്ട് വളരെ പരിഭ്രമിച്ച് വൃദ്ധയായ ഭാര്യയെ നോക്കി. കാണാതെ വന്നപ്പോള്‍.

‘’ സരസ്വതീ‍.... സരസ്വതീ....''

അതുകേട്ട് അകത്തെ മുറിയില്‍ നിന്ന് അവര്‍ വടികുത്തിയിറങ്ങി വന്നു. മുത്തച്ഛന്‍ അവരുടെ കൈകളെ മുറുക്കിപ്പിടിച്ചു. അവര്‍ രണ്ടു പേരും വിറക്കുന്നുണ്ടായിരുന്നു.

‘' എന്റെ സരസ്വതീ , കാലം വല്ലാണ്ട് മാറിയിരിക്കുന്നു. !’'

ഗോപകുമാര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.